Sunday, March 2, 2014

ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ഉപഹാരം

ഫെബ്രുവരി 22 നാണ് ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി അധികാരത്തിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസ്താവന ഇന്ത്യയിലുള്ള ഇറ്റാലിയന്‍ നാവികരെപ്പറ്റിയായിരുന്നു. അവരുടെ മോചനത്തിന് താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. നാല്‍പ്പത്തെട്ടുമണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യാഗവണ്‍മെന്റ് അദ്ദേഹത്തിന് ഒരു ഉപഹാരം നല്‍കി; "സുവാ" (SUA - Suppression of Unlawful Activities)  നിയമമനുസരിച്ച് ഇറ്റാലിയന്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്ന് ഇന്ത്യയുടെ അറ്റോര്‍ണി ജനറലിന്റെ സുപ്രീംകോടതിയിലെ സത്യവാങ്മൂലത്തിന്റെ രൂപത്തില്‍. ഭീകരതാവിരുദ്ധനിയമമാണ് സുവാ. പ്രധാനമന്ത്രി റെന്‍സിയുടെ പ്രതികരണം ഉടനുണ്ടായി, ""ഇറ്റലിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണിത്".

ഇന്ത്യയുടെ ഈ ഇറ്റാലിയന്‍ പ്രശ്നം- അന്താരാഷ്ട്രനിയമങ്ങളെപ്പറ്റി, നയതന്ത്രത്തെപ്പറ്റി, വിദേശനയത്തെപ്പറ്റി, പരമാധികാരത്തെപ്പറ്റിയെല്ലാം ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഈ വിവക്ഷകളെല്ലാം ഇന്ത്യാഗവണ്‍മെന്റ് പരിശോധിച്ചതായി തെളിവൊന്നുമില്ല.

മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ നാവികരുടെ മേല്‍ "സുവാ" നിയമമനുസരിച്ചുള്ള കുറ്റം ചുമത്തുകയില്ലെന്ന തീരുമാനത്തിലെത്താന്‍ ഇന്ത്യാഗവണ്‍മെന്റിന് കുറ്റകൃത്യം നടന്നുകഴിഞ്ഞ് രണ്ടുകൊല്ലം വേണ്ടിവന്നു. നാവികരെ "സുവാ" നിയമമനുസരിച്ച് പ്രോസിക്യൂട്ടുചെയ്യാന്‍ കഴിയുകയില്ലെന്ന് ഫെബ്രുവരി 26ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കോഴിക്കോട്ട് മാധ്യമങ്ങളോടുപറഞ്ഞു. "സുവാ"നിയമം ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ചാണെന്നും, "ആ സംഭവം" ഭീകരപ്രവര്‍ത്തനമായിരുന്നില്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴാണോ ഇന്ത്യാഗവണ്‍മെന്റിന് ഇത് ബോധ്യമായതെന്ന ചോദ്യം പ്രസക്തമാണ്. 2013ല്‍ കേസ് സുപ്രീംകോടതിയില്‍ വന്നതുമുതല്‍ ഇറ്റാലിയന്‍ നാവികരുടെമേല്‍ ചുമത്താന്‍ ഉദ്ദേശിച്ചിരുന്നത് "സുവാ" നിയമത്തിലെ വ്യവസ്ഥകളാണ്. അതുകൊണ്ടുതന്നെയാണ് അന്വേഷണത്തിന്റെ ചുമതല "നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി" (എന്‍ഐഎ)ക്ക് നല്‍കിയത്. അന്വേഷണത്തിനിടയില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, നാവികര്‍ക്ക് വധശിക്ഷ നല്‍കുകയില്ലെന്ന് ഇറ്റലിക്ക് ഉറപ്പുനല്‍കി. "സുവാ" നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുകയാണെങ്കില്‍ വധശിക്ഷയ്ക്ക് വിധിക്കാം. ശിക്ഷ നിശ്ചയിക്കുന്നത് കോടതിയാണ്, മന്ത്രിയല്ല. വധശിക്ഷ നല്‍കുകയില്ലെന്ന ഉറപ്പ് "സുവാ"നിയമം പ്രയോഗിക്കാന്‍ പോകുന്നില്ലെന്നതിന്റെ സൂചനയായിരുന്നെന്ന് അനുമാനിക്കണം. ആ ഉറപ്പ് ഇറ്റാലിയന്‍ സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഒന്നാംഘട്ടമായിരുന്നോ? എങ്കില്‍ രണ്ടാംഘട്ടമാണ് സുവാ നിയമം ചുമത്തുകയില്ലെന്ന തീരുമാനം. മൂന്നാംഘട്ടത്തില്‍ ഇറ്റലി പ്രതീക്ഷിക്കുന്നത് നാവികരുടെ മോചനമാണ്. ആദ്യം മുതല്‍തന്നെ നാവികരോട് മൃദുസമീപനവും, കേസിന്റെ കാര്യത്തില്‍ മെല്ലെപ്പോക്കുമാണ് ഇന്ത്യാഗവണ്‍മെന്റിന്റെ നയം. പല ഘട്ടങ്ങളിലും ഉറച്ച നിലപാട് സ്വീകരിച്ചത് സുപ്രിംകോടതിയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി- അഥവാ അങ്ങനെ പറഞ്ഞ്- അനുവാദം സമ്പാദിച്ച്, ഇറ്റലിയിലെത്തിയ നാവികരെ തിരികെ അയക്കാന്‍ ഇറ്റലി തയ്യാറല്ലായിരുന്നുവെന്നതാണ് വാസ്തവം. വിദേശത്തുള്ള ഇറ്റാലിയന്‍ പൗരന്മാരെല്ലാം അവിടെ പോയാണോ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്? നാവികര്‍ കപ്പലില്‍ ആയിരുന്നെങ്കില്‍? വോട്ടുചെയ്യാന്‍ രണ്ടാഴ്ച വേണമോ? ഈ ചോദ്യങ്ങള്‍ ആ വാസ്തവം വെളിവാക്കുന്നതാണ്. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമായപ്പോഴാണ് നാവികരെ തിരികെ എത്തിച്ചത്.

"സുവാ"നിയമമാണ് പ്രയോഗിക്കേണ്ടതെന്ന ആദ്യതീരുമാനം എടുത്തതിനെപ്പറ്റി മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. അന്നത്തെ ആഭ്യന്തരസെക്രട്ടറി ആര്‍ കെ സിങ്ങാണ് തീരുമാനമെടുത്തതെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രസ്താവിക്കുകയുണ്ടായി. അതിന് ആര്‍ കെ സിങ് നല്‍കിയ മറുപടി ശ്രദ്ധേയമാണ്. മൂന്ന് മന്ത്രാലയങ്ങള്‍- ആഭ്യന്തരം, വിദേശകാര്യം, നിയമം - ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. "സംസ്ഥാനത്തിനുപുറത്ത് കേസ് നടത്തണമെന്ന് സുപ്രീംകോടതി തീരുമാനിച്ചപ്പോള്‍, അന്വേഷണച്ചുമതല എന്‍ഐഎക്ക് നല്‍കിയത് മൂന്നു മന്ത്രാലയങ്ങളും ചേര്‍ന്നാണ്. നാവികര്‍ ഇറ്റലിക്കാരായതുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നിലപാടെടുക്കുന്നത്. ഇറ്റലിക്കാരായതില്‍ സര്‍ക്കാരിന് വേദനയുണ്ട്. നമ്മുടെ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. ആര്‍ക്കും പ്രത്യേക ആനുകൂല്യം നല്‍കാന്‍ പാടില്ല. പ്രതികള്‍ നാവികരായതിനാല്‍ അവരുടെമേല്‍ ഭീകരവിരുദ്ധകുറ്റം ചുമത്താന്‍ സാധ്യമല്ലെന്ന ഖുര്‍ഷിദിന്റെ വാദം എന്നെ ഞെട്ടിച്ചു. അവര്‍ ഇറ്റലിയിലാണ് നാവികര്‍; ഇവിടെയല്ല. സൈനികരുടെ അവകാശം അവര്‍ക്കില്ല; സര്‍ക്കാര്‍ പറഞ്ഞാലും". (എക്കണോമിക് ടൈംസ്, ഫെബ്രുവരി 26) ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി ഉന്നതതലങ്ങളില്‍ നടക്കുന്ന കളികളെപ്പറ്റിയാണ് സിങ് പറയുന്നത്. ഇറ്റലിയുമായുള്ള ഇന്ത്യയുടെ ബന്ധം സങ്കീര്‍ണമായിരുന്നെന്നും, "സുവാ"നിയമം ബാധകമല്ലെന്ന തീരുമാനം ബന്ധങ്ങളില്‍ പുരോഗതിയുണ്ടാക്കുമെന്നും വിദേശകാര്യസെക്രട്ടറി സുജാതാസിങ് കഴിഞ്ഞദിവസം പ്രസ്താവിച്ചു. ഇറ്റലിയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. ഇറ്റാലിയന്‍ അംബാസഡറെ റോമിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ്. തീരുമാനമെടുക്കുന്നതിന് "അസ്വീകാര്യവും ബോധപൂര്‍വവുമായ കാലതാമസ"മുണ്ടാക്കുന്നെന്നാണ് ഇറ്റലിയുടെ പരാതി. കേസിന്റെ വസ്തുതയും സാഹചര്യവും പരിഗണിക്കുമ്പോള്‍ നാവികര്‍ കുറ്റക്കാരല്ലെന്നാണ് ഇറ്റലിയുടെ വാദം. ഇറ്റലിയുമായുള്ള നയതന്ത്രബന്ധങ്ങളില്‍ മാത്രമല്ല ഉലച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഒരു അന്താരാഷ്ട്രപ്രശ്നമായി ഉയര്‍ത്തുന്നതില്‍ ഇറ്റലി വിജയിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാര്‍ക്കെതിരെയുള്ള ലോകവ്യാപകമായ ശ്രമങ്ങള്‍ക്ക്, ഇന്ത്യയുടെ നടപടി ഭീഷണിയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ (ഇയു) പ്രസ്താവിച്ചു. യൂണിയനിലെ ഏറ്റവും പ്രബല രാജ്യമായ ജര്‍മനിയും ഇന്ത്യയുടെ നടപടികള്‍ ഉഭയകക്ഷിബന്ധങ്ങളെ ബാധിക്കുമെന്നു പറഞ്ഞു. യൂറോപ്യന്‍ യൂണിയനും ഇന്ത്യയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാറിനുള്ള കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. കൂടിയാലോചനകള്‍ തല്‍ക്കാലത്തേക്ക് തുടരേണ്ടെന്നാണ് ഇയു തീരുമാനം. രണ്ട് ഇയു പൗരന്മാര്‍ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന നിയമനടപടികള്‍ ഇന്ത്യ സ്വീകരിക്കുമ്പോള്‍ എങ്ങനെയാണ് കൂടിയാലോചനകളുമായി മുന്നോട്ടുപോകാന്‍ കഴിയുക? അങ്ങനെ തോന്നുന്നില്ല. പുതിയൊരു സര്‍ക്കാര്‍ വരട്ടെ, ഇതാണ് യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക നിലപാട്. സൈനികസഖ്യമായ നാറ്റോ ഇന്ത്യക്ക് ഫെബ്രുവരി 13ന് നല്‍കിയത് ഒരു മുന്നറിയിപ്പാണ്, "എത്രയും വേഗം അനുയോജ്യമായ പരിഹാരം കണ്ടെത്തുക, അതല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും". ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഭീകരവാദവിരുദ്ധ നിയമമനുസരിച്ച് കുറ്റം ചുമത്തുന്നത് കടല്‍ക്കൊള്ളക്കാര്‍ക്കെതിരെയുള്ള അന്താരാഷ്ട്ര പരിശ്രമങ്ങള്‍ക്ക് തുരങ്കംവയ്ക്കും". നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഗ് റാസ്മുസല്‍ പ്രസ്താവിച്ചു. "ഇത് ഉഭയകക്ഷി പ്രശ്നമല്ല, ഇതില്‍ സാര്‍വദേശീയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഒരുമിച്ചുള്ള ശ്രമങ്ങളാണാവശ്യം". ഫെബ്രുവരി 16ന് യൂറോപ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മാര്‍ട്ടിന്‍ ഷുള്‍ട്സ്, അന്താരാഷ്ട്ര നിയമങ്ങള്‍ പൂര്‍ണമായി, ഉടനെതന്നെ അംഗീകരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു.

ഇറ്റലിയുടെ ലക്ഷ്യം നാവികരെ മോചിപ്പിച്ച് ഇറ്റലിയിലേക്കു കൊണ്ടുപോകുകയെന്നതാണ്. ഇത് ഇറ്റാലിയന്‍ ജനതയുടെ ഒരു വലിയ വൈകാരികപ്രശ്നമായി ഉയര്‍ന്നുകഴിഞ്ഞു. നാവികര്‍ കുറ്റവാളികളാണെന്ന് അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. "സുവാ"നിയമം പ്രയോഗിക്കുകയില്ലെന്ന് ഇന്ത്യാഗവണ്‍മെന്റ് വ്യക്തമാക്കിയപ്പോള്‍ ഇറ്റലി സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നത് "രണ്ടുവര്‍ഷങ്ങളായി ഒന്നും നടക്കാത്ത" ഈ കേസ് അവസാനിപ്പിക്കാനാണ്. "സുവാ" ഉപേക്ഷിച്ചു. എന്‍ഐഎ വേണ്ടെന്നുവയ്ക്കേണ്ടിവരും. ഏത് അന്വേഷണ ഏജന്‍സി, ഏത് നിയമം, ഏത് വകുപ്പ് അനുസരിച്ചാണ് കുറ്റം ചുമത്തേണ്ടത് - എന്നൊന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി തോന്നുന്നില്ല. നീതിന്യായവ്യവസ്ഥയില്‍തന്നെ ചില ക്രമീകരണങ്ങളുണ്ടാക്കി, പരമാധികാര കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാതിരിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്?

*
നൈനാന്‍ കോശി ദേശാഭിമാനി

No comments: