Thursday, March 20, 2014

യൂദാസ് ദൈവപുത്രന്‍, ഗോഡ്സേ രാഷ്ട്രപിതാവ്

ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കുന്നില്ലെന്നതാണ് ചരിത്രത്തിന്റെ പാഠം എന്ന പഴയ യുക്തി കോണ്‍ഗ്രസുകാരെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. അടല്‍ ബിഹാരി വാജ്പേയിയെ മിതവാദിയായി അവതരിപ്പിച്ചുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവന പിന്നെന്താണ് തെളിയിക്കുന്നത്? ഭൂരിപക്ഷ വര്‍ഗീയത ദേശീയതയുടെ മുഖംമൂടിക്കുള്ളിലാണ് ഒളിച്ചിരിക്കുക എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിരീക്ഷണത്തോടുപോലും അദ്ദേഹത്തിന് മമതയില്ലാതായിരിക്കുന്നു. നാലു വോട്ടും രണ്ട് സീറ്റും കിട്ടുമെങ്കില്‍ ഗോഡ്സെ രാഷ്ട്രപിതാവും യൂദാസ് ദൈവപുത്രനുമാകും ഇവര്‍ക്കെല്ലാം. ഇരട്ട മുഖവും ഇരട്ട നാക്കും എന്നത് ഫാസിസ്റ്റ് നേതൃരൂപങ്ങളുടെയാകെ പൊതുപ്രകൃതമാണ്. സോഷ്യലിസത്തെയും തൊഴിലാളികളെയുംകുറിച്ച് വാചാലമാകവെ തന്നെയാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയില്‍ മനുഷ്യത്വത്തിന്റെ ആരാച്ചാരായത്. എന്നിട്ടും അയാളെ ചിലര്‍ വിശേഷിപ്പിച്ചത് സസ്യഭുക്ക് എന്നായിരുന്നു. കൂട്ടക്കശാപ്പ് നടത്തിയ ബെനിറ്റോ മുസോളിനിക്കാകട്ടെ വളര്‍ത്തു മൃഗങ്ങളോട് അളവറ്റ സ്നേഹമായിരുന്നത്രെ! ഇതേ നിലവാരത്തിലാണ് സുധീരഗീതങ്ങള്‍.

അഡോള്‍ഫ് ഹിറ്റ്ലറുടെ ഇന്ത്യന്‍ പരിഭാഷയായി പലവട്ടം തെളിയിക്കപ്പെട്ട പേരാണ് അടല്‍ ബിഹാരി വാജ്പേയിയുടേത്. പ്രസംഗം, ആ സമയത്തെ വൈകാരിക ഭാവം. വിശദാംശങ്ങള്‍ക്കുവേണ്ടിയുള്ള ഉപകഥകള്‍. ശത്രുവെന്ന് പ്രഖ്യാപിക്കപ്പെട്ടവര്‍ക്കുനേരെ എയ്യുന്ന മൂര്‍ച്ചയേറിയ വാക്കുകള്‍- സമാനതകള്‍ ഏറെ. അവിവാഹിതരായിരുന്നു ഇരുവരും. "കവിയും മിതവാദി"യുമായ വാജ്പേയി മൂന്നുവട്ടം പ്രധാനമന്ത്രിയായപ്പോഴും ഇത്തരം സൂചനകള്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ ഉയര്‍ന്നു. വാജ്പേയിയെ കവി, സ്നേഹനിധി, പുസ്തകപ്രേമി, ഫലിതപ്രിയന്‍, ഗണിതകാരന്‍ - എന്നിങ്ങനെയെല്ലാമായിരുന്നു ഇവിടെ വാഴ്ത്തിയിരുന്നത്. ഏറ്റവും പ്രാകൃതങ്ങളായ ആശയങ്ങള്‍ക്കും ഫാസിസ്റ്റ് സംഘടനയ്ക്കും അകത്തുനിന്ന് വാജ്പേയിമാത്രം മിതവാദിയാകുന്നതെങ്ങനെ?.

ഇന്ത്യന്‍ മത സൗഹാര്‍ദത്തിന്റെ പ്രതീകങ്ങളില്‍ ഒന്നായ ബാബറി മസ്ജിദ് തകര്‍ത്ത് സംഘപരിവാര്‍ കാവിക്കൊടി ഉയര്‍ത്തിയ 1992 ഡിസംബര്‍ ആറിന്റെ മുറിവുകളോട് വാജ്പേയിയുടെ നിലപാടെന്തായിരുന്നു? രാജ്യത്തിന്റെ മുഖത്തേറ്റ കറുത്തപാട് എന്ന അദ്ദേഹത്തിന്റെ വിശേഷണം കാപട്യം പുരണ്ടതായിരുന്നില്ലേ. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിന് ആഘാതമേല്‍പ്പിച്ച അതിന് ഒരു രാത്രിമാത്രം മുമ്പ് വാജ്പേയി ലഖ്നൗവില്‍ കര്‍സേവകരെ അഭിസംബോധനചെയ്യുകയുണ്ടായി. ഹിന്ദുക്കളുടെ ആരാധനയെക്കുറിച്ച് പറഞ്ഞ അദ്ദേഹത്തിന് ഗൂഢാലോചനയെപ്പറ്റി നല്ല തിട്ടമുണ്ടായിരുന്നു. കപട മതനിരപേക്ഷത എന്ന രൂപീകരണം പലവട്ടം പുറത്തെടുത്ത വാജ്പേയി വര്‍ഗീയതയെ എതിര്‍ക്കുന്നവരെ സംശയത്തിന്റെ പുകമറയ്ക്കുള്ളിലാക്കാനും ശ്രമിച്ചിരുന്നു. ഗുജറാത്ത് വംശഹത്യ ഒഴുക്കിയ ചോരപ്പുഴകണ്ട് ചകിതനായ മനുഷ്യസ്നേഹിയായും വാജ്പേയിയെ ചിലര്‍ വരച്ചുവച്ചു. അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അഹമ്മദബാദിലെ ഷാ ആലം അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചത് നരേന്ദ്രമോഡിയുടെ കൈപിടിച്ചായിരുന്നു. ഈ രംഗം കണ്ട ഇരകളുടെ ബന്ധുക്കള്‍ മോഡിവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധിച്ചതും. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി മാറിയ ജനങ്ങളെക്കുറിച്ച് കാവ്യാത്മകമായി സൂചിപ്പിച്ചായിരുന്നു അന്നത്തെ പ്രധാനമന്ത്രിയുടെ ചെറുഭാഷണം. മറ്റ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഇടങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ തന്റെ മുഖം കുനിയാതിരിക്കുന്നതെങ്ങനെയെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അതിന് ഉത്തരവാദിയായ നരേന്ദ്രമോഡിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനാവില്ലെന്ന് വ്യക്തമാക്കുകയുമുണ്ടായി. നാല് സംസ്ഥാനങ്ങളില്‍നിന്ന് പാര്‍ലമെന്റില്‍ എത്തിയ ജനനേതാവ് എന്ന വിശേഷണവും വാജ്പേയിക്ക് ചാര്‍ത്തി നല്‍കുന്നവരുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ് എന്നിവയാണവ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മൃഗീയത ചാലുകീറിയ വഴികളിലൂടെയായിരുന്നു ആ വിജയരഥമെന്നത് മറക്കാതിരിക്കാം. 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന വാജ്പേയി ചെറിയ കാലാവധികളിലായിരുന്നെങ്കിലും മൂന്നുവട്ടം പ്രധാനമന്ത്രിയുമായി. കോണ്‍ഗ്രസ് തുടക്കമിട്ട തുറന്ന സ്വകാര്യവല്‍ക്കരണനയത്തിന്റെ പ്രചാരകനും പ്രയോക്താവുമായി മാറുകയായിരുന്നു അവസാന ഊഴത്തില്‍. ഈ സംഭാവനയും സുധീരന്റെ ഇപ്പോഴത്തെ പ്രകീര്‍ത്തനത്തിന് പ്രേരണയായിരുന്നിരിക്കണം.

1998 ലെ അണുവായുധ പരീക്ഷണവും കാര്‍ഗില്‍ യുദ്ധ സന്നാഹങ്ങളും തീവ്ര ഹിന്ദുത്വത്തിന്റെ അജന്‍ഡയാണെന്ന് തെളിയിക്കുകയുമുണ്ടായി വാജ്പേയി. പൊക്രാന്‍ അണുവിസ്ഫോടന പരമ്പരകളുടെ മുഴക്കം. ചൈനക്കെതിരായ കൊലവിളി. ഇന്ത്യ - പാക് അതിര്‍ത്തിയിലെ യുദ്ധസന്നാഹങ്ങള്‍- ഇവയ്ക്കെല്ലാം ഒപ്പമായിരുന്നു ഹിരോഷിമയെയും നാഗസാക്കിയെയും കുറിച്ച് കവിതയെഴുതിയ വാജ്പേയി. സ്വാതന്ത്ര്യസമരകാലത്ത് ത്രികോണ യുദ്ധത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ആ ജനമുന്നേറ്റത്തെ വഞ്ചിക്കുകയുംചെയ്ത സംഘടനയായിരുന്നു ആര്‍എസ്എസ്. വാജ്പേയിയുടെ അക്കാലത്തെ പങ്ക് പരസ്യമാണ്. വഞ്ചനയുടെ മുഖമാണ് അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് എഴുതിക്കൊടുത്ത് നേടിയ ആനുകൂല്യങ്ങള്‍ ഏവര്‍ക്കുമറിയാം. അടിയന്തരാവസ്ഥയെ സ്തുതിച്ച സുധീരന് വാജ്പേയിയോട് ബഹുമാനം തോന്നുന്നതില്‍ തെറ്റില്ല.

കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം തെരഞ്ഞെടുപ്പു വേളകളില്‍ അക്രമാസക്തമായി പുറംലോകത്തെത്താറുണ്ട്. രാജീവ് ഗാന്ധി ഒരു തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചതുതന്നെ ബാബറി മസ്ജിദ് ഉള്‍കൊള്ളുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തില്‍ നിന്നായിരുന്നു. കോണ്‍ഗ്രസിന്റെ ലക്ഷ്യം രാമരാജ്യമാണെന്ന് തുറന്നടിച്ച അദ്ദേഹം ഇടതുപക്ഷ സ്ഥാനാര്‍ഥി മിത്രാസെന്‍ യാദവിന്റെ പരാജയം ഉറപ്പാക്കാനും ബിജെപിയെ സഹായിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഗംഗാജല ശുദ്ധീകരണവും രാമപാദുക-ശിലാ പൂജകള്‍ക്ക് നല്‍കിയ പിന്തുണ, ബാബറി മസ്ജിദ് തകര്‍ത്തപ്പോഴുള്ള മൗനം, ഗാന്ധിജിയുടെയും വാജ്പേയിയുടെയും രാമരാജ്യങ്ങള്‍ ഒന്നാണെന്ന നിലപാട്-അലംഭാവങ്ങള്‍ ഇനിയുമേറെ. ഗുജറാത്ത് വംശഹത്യയുടെ പ്രധാന ആയുധമായ നരേന്ദ്രമോഡിയെയും സുധീരന് ഭാവിയില്‍ മിതവാദിയെന്നു വിളിക്കാനാകും. ത്രിശൂലവും കുന്തവും വാളും തോക്കും പെട്രോള്‍ കന്നാസുമെടുത്ത് മോഡി നേരിട്ട് തെരുവിലിറങ്ങിയിരുന്നില്ലല്ലോ.

*
അനില്‍കുമാര്‍ എ വി

No comments: