Sunday, March 16, 2014

തെരഞ്ഞെടുപ്പും വിദേശനയവും

2014ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയുടെ വിദേശനയത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. അടിസ്ഥാനപരമായി ഒരേ വിദേശനയമുള്ള ബിജെപിയും കോണ്‍ഗ്രസും ഈ വിഷയം ഉന്നയിക്കാറില്ല. ബിജെപി പ്രത്യേക താല്‍പ്പര്യങ്ങളുള്ള ചില പ്രശ്നങ്ങള്‍ ഉയര്‍ത്താറുണ്ട്. മൗലികമായി ഈ കക്ഷികളുടെ വിദേശനയം ഒന്നായിരിക്കുന്നത് രണ്ടും സാമ്രാജ്യത്വ ചേരിയില്‍ ആണെന്നതുകൊണ്ടാണ്. ഒരു സ്വതന്ത്രവിദേശനയത്തിനായി നിലകൊള്ളുന്നത് ഇടതുപക്ഷകക്ഷികള്‍ മാത്രമാണ്.

തെരഞ്ഞെടുപ്പില്‍ വിദേശനയം ചര്‍ച്ചയ്ക്കുവരാത്തതിന് വേറൊരുകാരണവുമുണ്ട്. ജനാധിപത്യമണ്ഡലത്തിലേക്കു വിദേശനയ പ്രശ്നങ്ങള്‍ കൊണ്ടുവരുന്നതിന് "എസ്റ്റാബ്ലിഷ്മെന്റി"നു വൈമുഖ്യമുണ്ട്. സാര്‍വദേശീയ നയതന്ത്രത്തിന്റെ സങ്കീര്‍ണതകള്‍ മനസിലാക്കാന്‍ ജനകീയ വികാരങ്ങള്‍ക്കോ, ജനാധിപത്യ ശബ്ദങ്ങള്‍ക്കോ കഴിയുകയില്ലെന്ന, ബോധപൂര്‍വം വളര്‍ത്തിയെടുത്ത പുച്ഛമനോഭാവമാണ് ഇതിനു പിന്നില്‍. സാമ്രാജ്യത്വവിരുദ്ധ നിലപാട് ഇന്ത്യയുടെ വിദേശനയത്തിന്റെ ഘടകമായിരുന്നുവെന്നത് വിസ്മരിക്കപ്പെട്ടിരിക്കുന്നു. 1928ല്‍ കല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തിന്റെ ഒരു പ്രമേയത്തില്‍ "സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ ജനതയുടെ സമരം, സാമ്രാജ്യത്വത്തിനെതിരെയുള്ള പൊതുവായ ലോകസമരത്തിന്റെ ഭാഗമാണ്" എന്നു പറഞ്ഞു.

സ്വാതന്ത്ര്യ സമ്പാദനത്തെതുടര്‍ന്ന് ഇന്ത്യ അനുവര്‍ത്തിച്ചിരുന്ന ചേരിചേരാനയത്തിന്റെ പ്രതിമാനങ്ങളിലൊന്ന് സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു. തൊണ്ണൂറുകളുടെ ആദ്യംവരെ ഇന്ത്യ ചേരിചേരാനയം തുടര്‍ന്നുവെന്നു പറയാം. ഓരോ പ്രശ്നത്തെയും വിലയിരുത്തി രാഷ്ട്രത്തിന്റെയും ലോകസമാധാനത്തിന്റെയും താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി നിലപാടെടുക്കുന്നതാണ് ചേരിചേരാ നയം. ആ നിലയില്‍ എക്കാലത്തും പ്രസക്തമാണിത്. നരസിംഹറാവു തൊണ്ണൂറുകളുടെ ആരംഭത്തില്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ അമേരിക്കന്‍ ചായ്വ് പ്രകടിപ്പിച്ചു തുടങ്ങി. എന്നാല്‍, ഇന്ത്യ ചേരിചേരാനയം പൂര്‍ണമായി ഉപേക്ഷിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 1999ല്‍ അധികാരത്തില്‍ വന്നപ്പോഴാണ്. രണ്ട് സംഭവവികാസങ്ങള്‍ ഉണ്ടായി; ഒന്ന്, ഇന്ത്യയുടെ ആണവസ്ഫോടനം, രണ്ട്, അമേരിക്കയുടെ ഭീകരവാദവിരുദ്ധയുദ്ധം. അമേരിക്കയുടെ ആണവമേധാവിത്വത്തെ എതിര്‍ക്കുന്നുവെന്നു അവകാശപ്പെട്ട് നടത്തിയ ആണവ സ്ഫോടനം അമേരിക്കയുടെ അധ്യക്ഷപദവിയിലുള്ള ആണവക്ലബ്ബിലേക്കുള്ള പ്രവേശനത്തിനായിരുന്നുവെന്ന് വളരെവേഗം വ്യക്തമായി. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു ആണവ ഇടപാടിന്റെ വക്കിലെത്തിയപ്പോഴാണ് 2001 സെപ്തംബര്‍ 11ലെ, ഭീകരാക്രമണവും തുടര്‍ന്ന് അമേരിക്കയുടെ ഭീകരവാദവിരുദ്ധയുദ്ധത്തിന്റെ പ്രഖ്യാപനവും. ഇന്ത്യയുടെ വിദേശനയത്തില്‍ അടിസ്ഥാനപരമായ വ്യതിയാനമാണ് ഇവ രണ്ടും ചേര്‍ന്നുണ്ടാക്കിയത്.

അമേരിക്കയുടെ ഭീകരവാദവിരുദ്ധയുദ്ധത്തിന് നിര്‍ല്ലോഭമായ പിന്തുണ പ്രഖ്യാപിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഒരു ശക്തിയുമായും സൈനികകൂട്ടുകെട്ടുണ്ടാക്കുകയില്ലെന്ന, ദശകങ്ങളായി നിലനിന്ന ഇന്ത്യയുടെ നയത്തിന് ബോധപൂര്‍വമായി വിടചൊല്ലുകയായിരുന്നു ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വിദേശനയത്തില്‍ ഇന്ത്യ മൗലികമായി വ്യതിയാനമുണ്ടാക്കിയെന്നതിന്റെ പരസ്യവും നാടകീയവുമായ ഒരു പ്രഖ്യാപനമായിരുന്നു അമേരിക്കയ്ക്കു നല്‍കിയ പിന്തുണാ വാഗ്ദാനം. ഒരു പുതിയ വിദേശനയം രൂപമെടുത്തുകഴിഞ്ഞിരുന്നു. ഈ നയമാണ് അടിസ്ഥാനപരമായി യുപിഎ സര്‍ക്കാരുകള്‍ പിന്തുടര്‍ന്നത്. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ അമേരിക്കയുമായി ഇന്ത്യാ സര്‍ക്കാര്‍ ഉറ്റബന്ധം പുലര്‍ത്തി. തന്റെ ഭരണകാലത്തെ "ഏറ്റവും നല്ല നിമിഷം" ആണവകരാര്‍ ഉണ്ടാക്കിയതാണെന്ന മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഈ പംക്തികളില്‍ പരാമര്‍ശിച്ചിരുന്നല്ലോ. അമേരിക്കയുടെ ലക്ഷ്യം ആദ്യംമുതല്‍തന്നെ വ്യക്തമാക്കിയിരുന്നു- ഇന്ത്യയുമായുള്ള ഒരു സൈനികസഖ്യം. ആണവകരാറിന്റെ ആധാരം, കരാറുണ്ടാക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് അമേരിക്കയും ഇന്ത്യയുമായുണ്ടാക്കിയ പ്രതിരോധ സഹകരണത്തിനുള്ള ചട്ടക്കൂടുകരാറാണ്. അമേരിക്കയുമായുള്ള സൈനിക കരാറുകളുടെ ഒരു പരമ്പരയുടെ തുടക്കമായിരുന്നു ഇത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരപങ്കാളിത്തത്തിന്റെ നിര്‍ണായകഘടകം സൈനികസഹകരണം തന്നെയാണ്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരികയില്ലെന്ന ധാരണയിലാണ് ന്യൂഡല്‍ഹിയിലെ വിദേശ എംബസികള്‍. ഈ ധാരണ വളര്‍ത്തിയെടുത്തതിന്റെ മുമ്പില്‍ കോണ്‍ഗ്രസ് തന്നെയാണ്. വിദേശതലസ്ഥാനങ്ങളിലെ വിദഗ്ധര്‍ പുതിയ സ്ഥിതിവിശേഷത്തെപ്പറ്റി അപഗ്രഥനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ എന്തായിരിക്കും ഇന്ത്യയുടെ വിദേശനയം?

അതിന്റെ ചട്ടക്കൂട് മാറാനിടയില്ല, അടിസ്ഥാന പ്രമാണങ്ങളും. എന്നാല്‍, ഉണ്ടാകാവുന്ന ചില പ്രധാന വിവക്ഷകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദേശകാര്യങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. സുപ്രധാനമായ പല വിദേശ നയതീരുമാനങ്ങളും എടുക്കുന്നത് വിദേശകാര്യമന്ത്രാലയമല്ല. വിദേശ നയമാനങ്ങള്‍ക്കു പ്രാമുഖ്യമുള്ള ഇന്ത്യ- യുഎസ് ആണവകരാറിനെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങളെല്ലാംതന്നെ പ്രധാനമന്ത്രിയുടേതായിരുന്നു. പാകിസ്ഥാനുമായുള്ള സമാധാന പ്രക്രിയക്ക് മുന്‍കൈയെടുത്തത് പ്രധാനമന്ത്രിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒരു വിദേശനയ കേന്ദ്രീകരണമുണ്ടെന്നു പറയാം. നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ ഈ പ്രവണത കൂടുതല്‍ ശക്തമാകുമെന്നത് തീര്‍ച്ചയാണ്. കാരണമുണ്ട്. ഈ തെരഞ്ഞെടുപ്പ് ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രീതിയിലാക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്.

ബിജെപിയേക്കാള്‍ വലുതാണ് മോഡി. മോഡി പ്രധാനമന്ത്രിയായാല്‍ വിദേശകാര്യത്തില്‍ ഇപ്പോഴുള്ളതില്‍ കൂടുതല്‍ നിര്‍ണായകമാകും പ്രധാനമന്ത്രിയുടെ ഓഫീസ്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്കു മോഡി ഇപ്പോള്‍ സ്വീകാര്യനാണ്; നേരത്തെ അങ്ങനെ ആയിരുന്നില്ല. ആ രാജ്യങ്ങള്‍ മോഡിയെ വിലയിരുത്തുന്നത് കരുത്തനായ ഭാവിപ്രധാനമന്ത്രിയെന്നാണ്. ഇന്ത്യയിലെമാത്രമല്ല വിദേശത്തെയും കോര്‍പറേറ്റുകള്‍ക്കു പ്രിയങ്കരനാണ് മോഡി. മോഡി ഉറപ്പുനല്‍കുന്ന നിക്ഷേപകാലാവസ്ഥ പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കു ആകര്‍ഷണീയമാണ്. അമേരിക്ക, പാകിസ്ഥാന്‍, ഇസ്രയേല്‍, ചൈന എന്നീ രാഷ്ട്രങ്ങളോടുള്ള ബിജെപിയുടെ സമീപനങ്ങളായിരിക്കും ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത്.

ഹിന്ദുത്വയുടെ കൂടപ്പിറപ്പാണ് സൈനികവല്‍ക്കരണം എന്നതാണ് നിര്‍ണായകം. അമേരിക്കയുമായുള്ള തന്ത്രപരപങ്കാളിത്തത്തിന്റെ ചട്ടക്കൂടില്‍ മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ സൈനിക സഖ്യം ശക്തമാക്കും. അമേരിക്കയുടെ സാമ്രാജ്യത്വ സൈനിക സാഹസങ്ങള്‍ക്ക് ഭാവി ബിജെപി സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കും. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നു കാര്‍ഗില്‍ യുദ്ധം. അതിര്‍ത്തിയില്‍ ഏറ്റവും കൂടുതല്‍ കാലം വന്‍തോതില്‍ യുദ്ധസന്നാഹം നടത്തിയതും ആ കാലത്തുതന്നെ. പാകിസ്ഥാനുമായുള്ള സമാധാന പ്രക്രിയയിലൊന്നും മോഡിക്കു താല്‍പ്പര്യമില്ല. മോഡി പ്രധാനമന്ത്രിയായാല്‍ ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ നാടകീയമായി വികസിക്കും.

1999ല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോഴാണ് ഈ ബന്ധങ്ങള്‍ ശക്തമായത്. ഇന്ത്യയുടെ പ്രതിരോധത്തില്‍ ഇപ്പോള്‍ ഇസ്രയേല്‍ ഒരു താക്കോല്‍ പങ്കാളിയാണ്. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളില്‍ ഇന്ത്യക്കു പങ്ക് നിഷേധിക്കപ്പെടുമെന്നതായിരിക്കും ഇസ്രയേലുമായുള്ള സൈനികബന്ധങ്ങള്‍ ശക്തമാക്കിയാല്‍ ഉണ്ടാകുന്ന ഫലം. അമേരിക്കയുടെ പുതിയ ഏഷ്യന്‍ സാമ്രാജ്യത്വ പദ്ധതിയില്‍ ഇന്ത്യക്ക് പ്രമുഖസ്ഥാനം നല്‍കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനോട് യുപിഎ സര്‍ക്കാര്‍ പൂര്‍ണമായി യോജിച്ചിട്ടില്ല. അമേരിക്കന്‍ പദ്ധതിയുടെ പ്രധാനലക്ഷ്യം തന്ത്രപരമായും ആവശ്യമായാല്‍ സൈനികമായും ചൈനയെ ഒതുക്കുകയെന്നതാണ്. ഇത് മോഡിക്കു സ്വീകാര്യമായിരിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രചാരണവേളയില്‍ മോഡി ചൈനയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കി: "അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. എക്കാലത്തും അങ്ങനെയായിരുന്നു. ഒരു ശക്തിയെയും, അത് ഞങ്ങളില്‍നിന്ന് പിടിച്ചെടുക്കാന്‍ അനുവദിക്കുകയില്ല". ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യവും, അവകാശവുമാണ് പരമാധികാരം സംരക്ഷിക്കുന്ന ഒരു സ്വതന്ത്രവിദേശനയം. ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍നിന്ന് ഇത് പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെയാണ് ഇടതുപക്ഷ കക്ഷികളുടെ നിലപാടിന്റെ പ്രസക്തി.

*
നൈനാന്‍ കോശി

No comments: