Monday, March 17, 2014

ചരിത്രമെഴൂതിയും തിരുത്തിയും

ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്നാണ് ബെന്യാമിന്റെ ആടുജീവിതത്തിന്റെ സഞ്ചാരം. ഇംഗ്ലീഷിനും വിവിധ ഇന്ത്യന്‍ ഭാഷകള്‍ക്കും പുറമേ അറബിയിലും പരിഭാഷ പുറത്തുവന്നു കഴിഞ്ഞു. തായ്, നേപ്പാളി തുടങ്ങിയ ഭാഷകളിലേക്കും ഉടന്‍ എത്തും. പുസ്തക പ്രസാധനത്തില്‍ പുതിയ ചരിത്രമെഴുതിയും തിരുത്തിയും ആടുജീവിതം യാത്ര തുടങ്ങിയിട്ടേയുള്ളൂ

ആദ്യമാരും അതത്ര ശ്രദ്ധിച്ചില്ല.പക്ഷേ ചാരംമൂടിയ കനലുകള്‍ക്കുമീതെ കാറ്റ് മെല്ലെയൊന്നു വീശിയതേയുള്ളൂ. ശാഖോപശാഖകളായി പടരുന്ന അഗ്നിയായിത്തീര്‍ന്നു "ആടുജീവിതം". ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് ചൂടുപകര്‍ന്ന്, മനസ്സുകളെ പൊള്ളിച്ച്, നിസ്സഹായതയുടെ നെടുവീര്‍പ്പുകള്‍ക്കുമീതെ മനുഷ്യവിജയത്തിന്റെ മഹാഗാഥയായി അത് മാറിയപ്പോള്‍ പിന്നെയാര്‍ക്കും ആ വാക്കുകള്‍ ശ്രദ്ധിക്കാതിരിക്കാനായില്ല. ആടുജീവിതം അങ്ങനെ ചരിത്രത്തിലേക്ക് യാത്ര തുടങ്ങി.
 
ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്നാണ് ആടുജീവിതത്തിന്റെ സഞ്ചാരം. കൂട്ടായ്മയുടെ കരുത്തുകൊണ്ട് ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്ക് മനുഷ്യന്‍ ബാബേല്‍ഗോപുരം പടുത്തുയര്‍ത്തിയപ്പോള്‍ കോപിഷ്ഠനായ ദൈവം മനുഷ്യര്‍ക്കിടയില്‍ പലതരം ഭാഷകള്‍ സൃഷ്ടിച്ച് അവന്റെ ഐക്യം കലക്കിക്കളഞ്ഞതായി പഴയനിയമം പറയുന്നു. ബാബേല്‍ഗോപുരമെന്ന സ്വപ്നം തകര്‍ന്നുപോയെങ്കിലും ദൈവത്തിന്റെ ഇച്ഛയെ അതിജീവിക്കാന്‍ മനുഷ്യന്‍ ഒരു വഴി കണ്ടെത്തി- പരിഭാഷ. മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം അടിമയാക്കപ്പെട്ട, വര്‍ഷങ്ങളോളം മുഖത്തോടുമുഖം ഒരു മനുഷ്യജീവിയെപ്പോലും കാണാനാകാതെ ഭാഷ നഷ്ടപ്പെട്ട, നജീബ് മുഹമ്മദിന്റെ കഥ ഈ വഴിയിലൂടെ വിവിധ ദേശങ്ങളിലേക്കെത്തുന്നു. ഒപ്പം ബെന്യാമിന്‍ എന്ന എഴുത്തുകാരനും.

ഇംഗ്ലീഷില്‍ "ഗോട്ട് ഡെയ്സ്" എന്ന തലക്കെട്ടോടെ ആടുജീവിതത്തെ ലോകമെങ്ങുമെത്തിച്ചത് മറ്റാരുമല്ല, പ്രശസ്തമായ പെന്‍ഗ്വിന്‍തന്നെ. ജാമിയ മില്ലിയയിലും സൗദിഅറേബ്യയിലെ യൂണിവേഴ്സിറ്റി ഓഫ് ഹെയ്ലിലും ഇപ്പോള്‍ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലും അധ്യാപകനായ ജോസഫ് കോയിപ്പള്ളിയാണ് ഇംഗ്ലീഷിലേക്കുള്ള മൊഴിമാറ്റം നിര്‍വഹിച്ചത്. 2010ല്‍തന്നെ തമിഴില്‍ പുസ്തകം വന്നിരുന്നു. എസ് രാമന്റെ പരിഭാഷ. പ്രസാധകര്‍ ഉയിര്‍മൈ പതിപ്പകം. രണ്ടുവര്‍ഷം കഴിഞ്ഞാണ് കന്നടയില്‍ ഡോ. അശോക്കുമാറിന്റെ പരിഭാഷ ഹേമന്ത സാഹിത്യ പ്രസിദ്ധീകരിച്ചത്. ഏതാനും ദിവസം മുമ്പ് റിയാദ് ബുക്ക്ഫെസ്റ്റിവല്‍ വേദിയില്‍ അറബി പതിപ്പ് പ്രകാശനംചെയ്തു. "അയ്യാമല്‍ മായിസ്" എന്നാണ് അറബി തലക്കെട്ട്, ആടുദിനങ്ങള്‍ എന്നര്‍ഥം. പ്രശസ്ത പ്രസാധകരായ കുവൈത്തിലെ മഖാബത്ത് അഫീഖ്, അറബ് സമൂഹത്തിലെ ഇന്നും വിട്ടുമാറാത്ത അടിമസമ്പ്രദായത്തോടുള്ള അപരിഷ്കൃത അഭിനിവേശം തുറന്നുകാട്ടുന്ന ഒരു നോവല്‍ അറബ് വായനക്കാരിലെത്തിക്കാനുള്ള ധൈര്യംകാട്ടി. സുഹയ്ല്‍ അബ്ദുല്‍ ഹക്കിമിന്റേതാണ് പരിഭാഷ. ഹിന്ദിയില്‍ പുസ്തകം തയ്യാറായിക്കഴിഞ്ഞു. തായ്, നേപ്പാളി തുടങ്ങിയ ഭാഷകളിലേക്കും ഉടന്‍ എത്തും. അങ്ങനെ ആടുജീവിതം അനേകദേശങ്ങളില്‍ മുറിവേല്‍ക്കുന്നവനോട് അനുതപിക്കുന്ന മനുഷ്യഹൃദയങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. പുസ്തക പ്രസാധനത്തില്‍ പുതിയ ചരിത്രമെഴുതിയും തിരുത്തിയും ആടുജീവിതം യാത്ര തുടങ്ങിയിട്ടേയുള്ളൂ.

ചലച്ചിത്രസംവിധായകന്‍ ബ്ലസിയുടെ മനസ്സിലും ആടുജീവിതമുണ്ട്. അത് തിരക്കഥാരൂപത്തിലാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ആദ്യമാരും അതത്ര വിശ്വസിച്ചില്ല. പന്തളം കുളനട ഞെട്ടൂര്‍ മണ്ണില്‍ പുത്തന്‍വീട്ടില്‍ ബെന്നി ഡാനിയേല്‍ എഴുത്തുകാരനായത്രെ! "അവന് അത്തരം സൂക്കേടൊന്നുമുണ്ടായിരുന്നില്ലല്ലോ". അവര്‍ അത്ര അടക്കത്തിലല്ലാതെ പരസ്പരം പറഞ്ഞതിശയിച്ചു. മെയ്മാസത്തിലെ പൊരിവെയിലത്തും കുളനടയിലെ ഒഴിഞ്ഞ പറമ്പുകളിലും സ്കൂള്‍ മൈതാനത്തും ക്രിക്കറ്റ് കളിച്ചു നടന്ന ബെന്നിയോ? മഞ്ഞുപെയ്യുന്ന ഡിസംബര്‍ രാവുകളില്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ കരോള്‍ സംഘത്തിനൊപ്പം സൈഡ്ഡ്രം കൊട്ടിപ്പാടി നടന്ന ബെന്നിയോ? യൗവനത്തിന്റെ തുടക്കത്തില്‍ യാദൃച്ഛികമായി കൈയില്‍വന്ന വിസയുമായി ബഹ്റൈനിലേക്ക് വിമാനം കയറിയ മര്യാദക്കാരനായ ബെന്നിയോ? ബഹ്റൈനില്‍ പോയ ബെന്നി അവിടെച്ചെന്ന് കഥാകൃത്തായതും ബെന്യാമിന്‍ എന്ന നാമം സ്വീകരിച്ചതും അവര്‍ അറിഞ്ഞിരുന്നില്ല. പഴയനിയമത്തിന്റെ താളുകളില്‍ രണ്ടിടത്തുമാത്രം പേരുപറഞ്ഞുപോകുന്ന, ദാവീദ് രാജാവിന്റെയും മകന്‍ ശലോമോന്റെയും വെപ്പാട്ടിപ്പുരയില്‍ ജീവിതം ഹോമിക്കപ്പെട്ട, "അബീശഗിന്‍" എന്ന പെണ്‍കുട്ടിയെ മരുഭൂമിയുടെ പൊടിക്കാറ്റിലിരുന്ന് അവന്‍ ഓര്‍മിച്ചെടുത്തതും തന്റെ പ്രഥമ നോവലിലൂടെ അവളെ പ്രണയത്തിന്റെ അമരസ്മൃതിയാക്കിയതും അവരോടാരും പറഞ്ഞതുമില്ല. പക്ഷേ, രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കുളനടക്കാരറിഞ്ഞു, അവരെയും അവന്‍ കഥയാക്കിക്കഴിഞ്ഞെന്ന്. "അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍!". മലങ്കരസഭയിലെ അക്കപ്പോരിന്റെ കഥയായിരുന്നു അത്. ചെങ്ങന്നൂര്‍ താലൂക്കില്‍ കുളനട പഞ്ചായത്തില്‍ ഞെട്ടൂര്‍ വാര്‍ഡില്‍ മാന്തളിര്‍മുറിയില്‍ പല കുടുംബങ്ങളിലെ പല വല്യപ്പച്ചന്മാരും അമ്മച്ചിമാരും അക്കപ്പോരില്‍ പങ്കാളികളായി. കാതോലിക്കാപക്ഷത്തെയും പാത്രിയാര്‍ക്കീസ് പക്ഷത്തെയും വ്യവഹാരങ്ങളില്‍ അവര്‍ കക്ഷിചേര്‍ന്നു. ചരുവില്‍ കീവര്‍ച്ചനും മനയ്ക്കമണ്ണിലച്ചനും ആഞ്ഞിലിത്താനത്തച്ചനും പുല്ലംപ്ലാവിച്ചനുംപോലുള്ള വൈദികര്‍ മാത്രമല്ല, മാന്തളിര്‍ മത്തായിയും കുഞ്ഞൂഞ്ഞും ഇല്ലക്കേതില്‍ കുട്ടിച്ചായന്‍ മകന്‍ ദാനിയേലും പ്ലാന്തോപ്പില്‍ കുര്യനും എലിവേലില്‍ തമ്പിയുമൊക്കെ കഥാപാത്രങ്ങളായി. ഇവരില്‍ മത്തായിയും കുഞ്ഞുകുഞ്ഞും ബെന്യാമിന്റെ വല്യപ്പച്ചന്മാര്‍തന്നെയായിരുന്നു. ഇത്രയുമായപ്പോള്‍ കുളനടയൊന്നിളകി. ""എടാ ബെന്നീ..."" നോവലില്‍ പരാമര്‍ശിക്കപ്പെട്ടവര്‍ ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആയിരുന്നു. ആദ്യംതന്നെ ബെന്യാമിന്റെ ഒരഭ്യര്‍ഥനയുണ്ട് - നോവലാനന്തരം ആരും അക്കപ്പോരിന് വരരുതേ എന്ന്. കുളനടക്കാര്‍ അത് ചെവിക്കൊണ്ടു. മാന്തളിര്‍ ഇടവക ബെന്നിയോട് പൊരുത്തക്കേട് കാട്ടിയില്ല.

കോളേജ് മാഗസിനില്‍പോലും ഒന്നും കുത്തിക്കുറിക്കാത്ത ബെന്നി എങ്ങനെ ബെന്യാമിനായി? ഗള്‍ഫിലെത്തിയ ബെന്നിക്ക് അവിടെ കൂട്ടുകാരായി അധികമാരെയും ലഭിച്ചില്ല. അതിന് ഏറെക്കാലമെടുത്തു. ജോലികഴിഞ്ഞുള്ള ഇടവേളകളില്‍ അയാള്‍ പുസ്തകങ്ങളിലേക്ക് ചേക്കേറി. റൊമയ്ന്‍ റൊളാങ്, കസന്‍ദ്സാക്കിസ്, കാഫ്ക, ടോള്‍സ്റ്റോയി, വിക്ടര്‍ ഹ്യൂഗോ.... വര്‍ഷം നൂറ്റിയമ്പതുപുസ്തകങ്ങള്‍ വരെ. വായിച്ചുതുടങ്ങിയപ്പോഴാണ് ഇങ്ങനെ ചില കഥകള്‍ എനിക്കുമറിയാമല്ലോ എന്നുതോന്നിയത്. അങ്ങനെ എഴുതി. ആദ്യം ചെറുകഥകള്‍. അവ ചേര്‍ത്ത് ഒരു സമാഹാരം "യൂത്തനേസിയ". അബുദാബി മലയാളിസമാജം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരത്തിന് യൂത്തനേസിയ അര്‍ഹമായതോടെ ആത്മവിശ്വാസമേറി. പിന്നെ ബെന്യാമിന്‍ നോവലിലേക്ക് തിരിഞ്ഞു.

പക്ഷേ, അപ്പോഴും ആരും അറിയുന്നുണ്ടായിരുന്നില്ല. അണിയറയില്‍ ഒരു വാഗ്വിസ്മയം രൂപപ്പെടുന്ന കാര്യം. അക്കപ്പോര്് വാരികയില്‍ ഖണ്ഡശ്ശയായി വന്നുകൊണ്ടിരിക്കുമ്പോള്‍ ബെന്യാമിന്‍ ആടുജീവിതം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

ആടുജീവിതത്തിന്റെ 2008ല്‍ പ്രസിദ്ധീകരിച്ച ആദ്യപതിപ്പ് സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ ചെലവായി. നിരൂപണങ്ങളോ പുസ്തകം പരിചയപ്പെടുത്തലോ ഉണ്ടായില്ല. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഇതൊക്കെ വരുന്നത്. അതോടെ സ്വാഭാവികമായും കൂടുതല്‍ വായനക്കാര്‍ ശ്രദ്ധിച്ചു. കുട്ടികള്‍ക്കുള്ള വായനമത്സരത്തില്‍ ആടുജീവിതം ഉള്‍പ്പെട്ടു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നജീബിന്റെ കഥ വായിക്കാനുള്ള താല്‍പ്പര്യമുണ്ടാകാന്‍ ഇതുകാരണമായി. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള വായനയ്ക്ക് ആടുജീവിതത്തിലെ ഒരു ഭാഗം ഉള്‍പ്പെടുത്തിയത് മറ്റൊരു കാരണമാണ്. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും രക്ഷാകര്‍ത്താക്കള്‍പോലും പുസ്തകത്തെ അറിഞ്ഞു. വായിച്ചവര്‍ മറ്റുള്ളവരോടുപറഞ്ഞു - "വായിക്കൂ ഈ കഥ" എന്ന്. അങ്ങനെ കാതോടുകാതോരം പ്രചരിപ്പിക്കപ്പെട്ടുപോകവെ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. അക്കാദമി അവാര്‍ഡുകിട്ടാന്‍ ഇതിനെന്തര്‍ഹത എന്നറിയാനും കുറെയാളുകള്‍ വായിച്ചു. അങ്ങനെ പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇതിനിടെ വിമര്‍ശങ്ങളുമുണ്ടായി, അതിഭാവുകത്വമല്ലേ എന്ന മട്ടില്‍. സത്യം ഭാവനയേക്കാള്‍ വിചിത്രമാണല്ലോ. ഇപ്പോഴെല്ലാവരും വിശ്വസിക്കുന്നു. നജീബ് മുഹമ്മദിന്റെ അടിമജീവിതം സത്യമാണ്. ആടുജീവിതം ഫിക്ഷനേക്കാള്‍ വലിയ ഫാക്ടാണ്.

പ്രവാസി മലയാളികള്‍ക്കുമുണ്ടായി വിമര്‍ശങ്ങള്‍. ഇത് തങ്ങളുടെ ജീവിതത്തെയെങ്ങാനും ബാധിക്കുമോ, തദ്ദേശഭരണകൂടങ്ങള്‍ പിണങ്ങുമോ എന്നൊക്കെയായിരുന്നു അവരുടെ ആധികള്‍. സൗദിഅറേബ്യയിലെ ദിനപത്രങ്ങളില്‍ ഇന്നും നജീബിനെപ്പോലുള്ളവരുടെ കഥകള്‍ വന്നുകൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ ആദ്യം വന്നിറങ്ങുമ്പോള്‍ വിമാനത്താവളത്തില്‍നിന്നുതന്നെ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ കഥകള്‍. പിന്നീട് മരുഭൂമിയുടെ ഉള്ളില്‍ ആടുമാടുകളെയോ ഒട്ടകങ്ങളെയോ വളര്‍ത്തുന്ന മസറയില്‍ ഏകാന്തജീവിതം. കൂലിയായി ഒരു നേരത്തെ ഭക്ഷണം. തലചായ്ക്കാന്‍ കൂരയില്ല. കിടക്കയില്ല. ദാഹജലംതന്നെ കഷ്ടി. പാസ്പോര്‍ട്ടും മറ്റുരേഖകളും അറബിയുടെ കൈയില്‍. രക്ഷപ്പെടാനാകില്ല.

ഖത്തറില്‍മാത്രം നൂറ്റിനാല്‍പ്പതോളം ഇന്ത്യക്കാരെ ഇങ്ങനെ നഷ്ടപ്പെട്ടതായി ബെന്യാമിന്‍ പറയുന്നു. അവരെ ഖത്തറിലന്വേഷിച്ചാല്‍ കിട്ടില്ല. അതിര്‍ത്തി കടത്തി സൗദിയിലേക്ക് കൊണ്ടുപോയതാണ്. ഇനി കണ്ടെത്തുക അസാധ്യം. അല്ലെങ്കില്‍ നജീബിനെപ്പോലെ അത്ഭുതത്തിന്റെ ആനുകൂല്യം ലഭിക്കണം. ഗള്‍ഫിലെ സാമൂഹ്യപ്രവര്‍ത്തകരാണ് ഒരാശ്വാസം. അവരെല്ലാം ഇടതുപക്ഷ പ്രവര്‍ത്തകരാണെന്ന് ബഹ്റൈന്‍ മലയാളിസമാജം സെക്രട്ടറിയായി സാമൂഹ്യരംഗത്തും സജീവമായിരുന്ന ബെന്യാമിന്‍ പറഞ്ഞു. പല കലാസാംസ്കാരിക സംഘടനകളുടെ പേരിലുള്ളതെല്ലാം ഇടതുപക്ഷക്കാരായ ആളുകളാണ്. അവര്‍ക്കേ മറ്റുള്ളവന്റെ ദുഃഖത്തില്‍ അനുതാപമുള്ളൂ. കഷ്ടപ്പെടാനുള്ള മനസ്സും. ഒരുപാട് പരിമിതിക്കകത്തുനിന്നും അവര്‍ നന്നായി പരിശ്രമിക്കുന്നുണ്ട്".

ബെന്യാമിന്‍ തുടരുകയാണ്. ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചുവന്നിരിക്കുന്നു ഈ എഴുത്തുകാരന്‍. യാത്രകള്‍ ചെയ്യലാണുദ്ദേശ്യം. ചെറുപ്പത്തിലേ നാടും വീടും വിട്ടുപോയതാണ്. കേരളംതന്നെ നന്നായി കണ്ടിട്ടില്ല. ബേക്കല്‍കോട്ട കണ്ടത് രണ്ടാഴ്ച മുമ്പ്. വയനാട് ജില്ലയെപ്പറ്റി വായിച്ചിട്ടേയുള്ളൂ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും യാത്രചെയ്യണം. നാഗാലാന്‍ഡിലും മിസോറമിലും ത്രിപുരയിലും... "മഞ്ഞവെയില്‍ മരണങ്ങള്‍" ആണ് പുതിയ നോവല്‍. യുവാക്കള്‍ഇതിനെ ആവേശത്തോടെ ഏറ്റെടുത്തു. വായനയില്‍നിന്നകന്നുപൊയ്ക്കൊണ്ടിരുന്ന തലമുറയെ അക്ഷരങ്ങളിലേക്കടുപ്പിക്കാന്‍ ബെന്യാമിന് സാധിച്ചു. ആടുജീവിതവും മഞ്ഞവെയില്‍ മരണങ്ങളും പ്രസക്തമാകുന്നതവിടെയാണ്.

അറബ്ലോകത്തെ രാഷ്ട്രീയമാണ് ഇപ്പോള്‍ ബെന്യാമിന്റെ മനസ്സില്‍. പലരും ധരിക്കുംപോലെ മധ്യകിഴക്കന്‍ ദേശങ്ങളിലെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ ജനാധിപത്യത്തിലേക്കുള്ള ലോങ് മാര്‍ച്ചുകളാണോ? പാടിപ്പുകഴ്ത്തുന്ന അറബ് വസന്തത്തിന് മറുപുറമില്ലേ? നിലവിലുള്ള ദുഷിച്ച വ്യവസ്ഥിതിക്കെതിരായ കലാപം കൂടുതല്‍ യാഥാസ്ഥിതികമായ ജനാധിപത്യവിരുദ്ധത കൂടിയ മറ്റൊരു വ്യവസ്ഥയ്ക്കായുള്ളതാണെന്ന വിമര്‍ശം ചര്‍ച്ചചെയ്യുന്ന രാഷ്ട്രീയനോവലിന്റെ പണിപ്പുരയിലാണ് ബെന്യാമിന്‍. മലയാളികളായ കഥാപാത്രങ്ങള്‍ കടന്നുവരുന്നുണ്ടെങ്കിലും അറബ് ജനതയുടെ കഥയാണിത്, പൂര്‍ണമായും. പ്രവാസികളായ എഴുത്തുകാര്‍ എന്തുകൊണ്ട് ദൂരെയിരുന്നുകൊണ്ട് കേരളത്തെ നോക്കി നൊമ്പരപ്പെടുന്നു; നിങ്ങള്‍ ചുറ്റുംകാണുന്ന മരുഭൂമിയിലുമില്ലേ കാഴ്ചകള്‍ - എന്ന ചോദ്യത്തിനുള്ള ബെന്യാമിന്റെ രണ്ടാമത്തെ ഉത്തരമായിരിക്കും പുതിയ നോവല്‍.

*
ബി അബുരാജ്

No comments: