Tuesday, March 25, 2014

ചാരുകസേര അഥവാ സാങ്കല്‍പിക ടൂറിസം

""ചാരുകസേര ടൂറിസം അഥവാ വെര്‍ച്വല്‍ ടൂറിസത്തില്‍ ശാരീരികമായ യാത്ര ഇല്ല. മറിച്ച് ടി വി, പുസ്തകങ്ങള്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയവ വഴി ലോകത്തെ പര്യവേക്ഷണം ചെയ്യുകയാണ്. ഇതിന് ഉചിതമായ വിവര സംവേദന സാങ്കേതിക വിദ്യ വേണം. വിവര സംവേദന സാങ്കേതിക വിദ്യക്ക് വെര്‍ച്വല്‍ ടൂറിസത്തിനുമേല്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും..... അവസാനം സംസ്ഥാനത്തേക്കുള്ള ടൂറിസ്റ്റുകളുടെ ശാരീരികമായ യാത്രയ്ക്ക് ഉത്തേജകമാവുകയും ചെയ്യാം"". (പരിപ്രേക്ഷ്യം 2030 അധ്യായം 11 - പേജ് 346). ഹൊ എന്തൊരു വലിയ കണ്ടുപിടുത്തം! പുതിയൊരു ടൂറിസം ശാഖ കണ്ടുപിടിച്ചിരിക്കുന്നു. ഇന്‍റര്‍നെറ്റ് വഴി വിദേശ രാജ്യങ്ങളെ കണ്ടാസ്വാദിക്കുന്നതും ടൂറിസമാണത്രെ. ഒരുപക്ഷേ ചിലപ്പോള്‍ ആസ്വാദനത്തിനവസാനം അസല്‍ യാത്രയും ഉണ്ടായേക്കാം.

ഇതുപോലെ നീണ്ടനിര പുതിയ ടൂറിസം ഉല്‍പന്നങ്ങളെ പരിപ്രേക്ഷ്യം 2030 കേരളത്തിനു മുന്നില്‍ അണിനിരത്തുന്നുണ്ട്. എല്ലാം മേലുദ്ധരിച്ച ഇനംപോലെ ബാലിശമാണെന്നു പറയാനാവില്ല. ""വയോജന ടൂറിസം, മെഡിക്കല്‍ ടൂറിസം, ആയുര്‍വേദ ടൂറിസം, ദന്തല്‍ ടൂറിസം"" എന്നിവ ഇപ്പോള്‍ തന്നെ കേരളത്തില്‍ പ്രചരിക്കപ്പെടുന്ന ടൂറിസം ഉല്‍പന്നങ്ങളാണ്. പക്ഷേ തുടര്‍ന്നുവരുന്ന മണിമുത്തുകള്‍ ഇതാ : സ്ഥ സൗന്ദര്യവര്‍ധക സര്‍ജറി ടൂറിസം സ്ഥ വിദ്യാഭ്യാസ ടൂറിസം സ്ഥ വിഭിന്നശേഷിയുള്ളവര്‍ക്കായുള്ള ടൂറിസം സ്ഥ വംശാവലി കണ്ടുപിടിക്കാനുള്ള ടൂറിസം സ്ഥ ചാരുകസേര അഥവാ സാങ്കല്‍പിക ടൂറിസം സ്ഥ ഓഡിയോ ഗൈഡഡ് ടൂറിസം സ്ഥ പുസ്തകശാല ടൂറിസം സ്ഥ സര്‍ഗാത്മക ടൂറിസം സ്ഥ അന്തര്‍ദേശീയ സംഗീതോത്സവ ടൂറിസം സ്ഥ ഹോഡി ടൂറിസം ടൂറിസം ഉല്‍പന്നങ്ങളും വളര്‍ച്ചയും ടൂറിസം ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍കരണത്തിനും നവീകരണത്തിനും ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കാനാകും. കേരളത്തിന്റെ അനുഭവം അതാണ്.

1975ല്‍ 12,562 വിദേശ ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിച്ചത്. കോവളമായിരുന്നു കേരളത്തിന്റെ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍. മുഖ്യമായും കോവളത്തിന്റെ പ്രശസ്തിയില്‍ 1990 ആയപ്പോഴേയ്ക്കും വിദേശ സന്ദര്‍ശകരുടെ എണ്ണം 66,139 ആയി. അപ്പോഴേക്കും തേക്കടിയും മൂന്നാറും മുന്നിലേക്കു വന്നു കഴിഞ്ഞിരുന്നു. എന്നാല്‍ ശരിയായ വഴിത്തിരിവ് കായല്‍ ടൂറിസത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. 1997ല്‍ സന്ദര്‍ശകരുടെ എണ്ണം 1.8 ലക്ഷമായിരുന്നത് 2011ല്‍ 7.3 ലക്ഷമായി ഉയര്‍ന്നു. രണ്ടായിരങ്ങളിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ ആയുര്‍വേദ ചികില്‍സാ ടൂറിസവും ഇക്കോ ടൂറിസവും വലിയ സംഭാവനകളാണ് നല്‍കിയത്. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ 2.7 ശതമാനം മാത്രമേ 1975ല്‍ കേരളം സന്ദര്‍ശിച്ചിരുന്നുള്ളൂ. ഇത് 1999ല്‍ 5 ശതമാനമായി. 2011ല്‍ ഇത് 12.8 ശതമാനമാണ്. കേരളത്തിന് വിദേശ ടൂറിസത്തില്‍ 8-ാം സ്ഥാനമുണ്ട്. 2011ല്‍ 4222 കോടി രൂപയുടെ വിദേശ നാണയം കേരള ടൂറിസം സമ്പാദിച്ചു. ടൂറിസത്തില്‍നിന്നുള്ള മൊത്തം റവന്യൂവാകട്ടെ ഏതാണ്ട് 20,000 കോടി രൂപ വരും. പരിപ്രേക്ഷ്യ രേഖ ടൂറിസത്തില്‍നിന്നുള്ള വരുമാനം കൂടുതല്‍ കൃത്യതയോടെ വിലയിരുത്താന്‍ ശ്ലാഘനീയമായ ഒരു പരിശ്രമം നടത്തുകയുണ്ടായി. 2009-12 വര്‍ഷങ്ങളിലെ ശരാശരി കണക്കുകളാണ് അവര്‍ ലഭ്യമാക്കിയിട്ടുള്ളത്. അതുപ്രകാരം ടൂറിസത്തില്‍നിന്നുള്ള പ്രത്യക്ഷ വരുമാനം അതായത് ദേശീയവരുമാനം 11,300 കോടി രൂപയാണ്. പരോക്ഷമായ സാമ്പത്തിക നേട്ടവും കൂടി കണക്കിലെടുത്താല്‍ ഇത് 23,000 കോടി രൂപ വരും. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 3.8 ശതമാനം പ്രത്യക്ഷമായി പ്രദാനം ചെയ്യുമ്പോള്‍ കേരളത്തിന്റെ തോത് 4.68 ശതമാനമാണ്. തൊഴിലിന്റെ കണക്കെടുത്താല്‍ ടൂറിസം 1,40,000 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇത് തൊഴില്‍സേനയുടെ 9.8 ശതമാനം വരും. പരോക്ഷമായ തൊഴിലവസരങ്ങള്‍ കൂടി കണക്കിലെടുത്താല്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 4.7 കോടി വരും. എന്നുവെച്ചാല്‍ കേരളത്തിലെ 23 ശതമാനംപേര്‍ പ്രത്യക്ഷമായോ പരോക്ഷമായോ ടൂറിസവുമായി ബന്ധപ്പെട്ടു തൊഴിലെടുക്കുന്നവരാണെന്നാണ് പരിപ്രേക്ഷ്യ രേഖ പറയുന്നത്.

ഈ കണക്ക് അതിശയോക്തിപരമാണ്. 2012ലെ വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ കണക്കുപ്രകാരം സംസ്ഥാന വരുമാനത്തില്‍ ടൂറിസത്തിന്റെ പങ്ക് 7.7 ശതമാനവും തൊഴില്‍വിഹിതം 6.2 ശതമാനവുമായിരുന്നു. ഇനിയെന്ത്? പുതിയ എന്തു ടൂറിസം ഉല്‍പന്നത്തിലേക്കാണ് കേരളം തിരിയേണ്ടത്? നിത്യഹരിത വനമേഖലകളിലെ ജൈവ വൈവിധ്യവും ചെറിയൊരു പ്രദേശത്തെ ലഭ്യമായ ഭൂപ്രകൃതി വൈവിധ്യത്തിന്റെയും പശ്ചാത്തലത്തില്‍ ഇക്കോ ടൂറിസത്തിന്റെ പ്രാധാന്യം ഏറിവരികയാണ്. ഇതുമായി ബന്ധപ്പെട്ട നടപ്പാതകളും സൈക്കിള്‍ പാതകളും അഡ്വെഞ്ചര്‍ ടൂറിസവുമെല്ലാം പ്രധാനമാണ്. അതുപോലെ തന്നെ നമ്മുടെ പുരയിട കൃഷിയുടെ പ്രത്യേകതകളും പ്ലാേന്‍റഷന്‍ കൃഷിയും കുട്ടനാടന്‍ കായല്‍പാടശേഖരങ്ങളും ഫാം ടൂറിസത്തിന്റെ സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. പുതിയ ടൂറിസ ഉല്‍പന്നങ്ങളില്‍ ഏറ്റവും നൂതനവും ഉത്തരവാദിത്വ ടൂറിസവുമായി ഏറ്റവും ഇണങ്ങിപ്പോകുന്നതും ആഭ്യന്തര വൈജ്ഞാനിക സാമ്പത്തിക മേഖലകളോട് ഉള്‍ച്ചേര്‍ന്നു പോകുന്നതുമായ ടൂറിസ ഉല്‍പന്നം പൈതൃക ടൂറിസമാണ്. കഴിഞ്ഞ സര്‍ക്കാരിെന്‍റ കാലത്തെ ടൂറിസം വികസനത്തിലെ നിര്‍ണായക വഴിത്തിരിവായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇന്നും ശൈശവ ദശയിലുള്ളതും എന്നാല്‍ വിപുലമായ സാധ്യതകള്‍ ഉള്ളതുമായ ഈ ടൂറിസ ഉല്‍പന്നത്തെ പൂര്‍ണമായി തമസ്കരിക്കുന്നു എന്നതാണ് പരിപ്രേക്ഷ്യം 2030 െന്‍റ ഏറ്റവും വലിയ ദൗര്‍ബല്യം.

മുസിരീസ് പൈതൃക പദ്ധതി 2006ലെ ഇടക്കാല ബജറ്റിലാണ് മുസിരീസ് പൈതൃക പദ്ധതി ആദ്യമായി സ്ഥാനം പിടിച്ചത്. പട്ടണത്തിലെ പൗരാണിക ഉത്ഖനന പ്രദേശം, ജൂതസങ്കേതങ്ങള്‍, സെന്‍റ് തോമസ് തീര്‍ഥാടന കേന്ദ്രം, ചേരമാന്‍പറമ്പ്, ആദ്യത്തെ മുസ്ലീം പള്ളി, പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും കോട്ടകള്‍, മധ്യകാല കോവിലകങ്ങള്‍, സ്വാതന്ത്ര്യസമര സേനാനികളുടെയും ആധുനിക സാംസ്കാരിക നായകരുടെയും വീടുകള്‍ എന്നിങ്ങനെ കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി 2500 വര്‍ഷത്തെ ചരിത്ര സ്മരണകളാണ് പടര്‍ന്നു കിടക്കുന്നത്. ഇവയെ കൂട്ടിയിണക്കിക്കൊണ്ടുള്ള പൈതൃക പദ്ധതിയെ ചരിത്രത്തിലൂടെയുള്ള നടത്തം എന്നാണ് ഞാന്‍ വിശേഷിപ്പിച്ചത്. പക്ഷേ 2008 ആയപ്പോഴേ പദ്ധതിയുടെ രൂപ സങ്കല്‍പനം പൂര്‍ത്തിയായുള്ളൂ. മറ്റു ടൂറിസം പദ്ധതികളില്‍നിന്ന് മുസിരീസ് പദ്ധതിയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ താഴെ കൊടുക്കുന്നു.

1) ഇത് അടിസ്ഥാനപരമായി പൈതൃക സംരക്ഷണ പദ്ധതിയാണ്. പൈതൃക സംരക്ഷണത്തികള്‍ ആര്‍ക്കിയോളജി ഗവേഷണത്തിന് ഉത്തേജകമായി. പുരാതന മുസിരീസ് കാലത്തോളം പഴക്കമുള്ള ഒട്ടേറെ അവശേഷിപ്പുകള്‍ ഇവിടെ നിന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഒട്ടേറെ കേന്ദ്രങ്ങളില്‍ സമാന്തരമായി ഉല്‍ഖനനം നടത്തേണ്ടതുണ്ട്.

2) ഇതൊരു അനൗപചാരിക വിദ്യാഭ്യാസ പദ്ധതി കൂടിയാണ്. മ്യൂസിയങ്ങള്‍ ജഡശേഖരങ്ങളായിരിക്കുകയില്ല. സംവാദാത്മകവും വിശകലനാത്മകവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതും പുതുക്കലുകളും കൂട്ടിച്ചേര്‍ക്കലും നടക്കുന്നതുമായ പഠന കേന്ദ്രങ്ങളായിരിക്കും ഇവ. ഒരു ഉന്നത വിദ്യാപീഠവും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കപ്പെടുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കും കേരള ചരിത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും പൈതൃക സര്‍ക്യൂട്ടിലൂടെ ഒരു സന്ദര്‍ശന യാത്രയാകാം. ഇതിനു സഹായകരമായ പഠന സാമഗ്രികളും പദ്ധതിയുടെ ഭാഗമാണ്.

3) കണ്‍സര്‍വേഷന്‍- പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു മാത്രമാണ് പുതുക്കലും മോടിപിടിപ്പിക്കലും നടത്തുക. ഇതിനായി ഓരോ കെട്ടിട ഉടമയും നാട്ടുകാരുമായി ചര്‍ച്ച നടത്തി വിശദമായ ഡോക്യുമെേന്‍റഷന്‍ ചെയ്യുന്നു. പാരിസ്ഥിതിക പരിഗണന പദ്ധതിയുടെ ഓരോ ചുവടിലും ഉറപ്പാക്കിയിരുന്നു.

6) സ്വാഭാവികമായി ഈ പദ്ധതി ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. പക്ഷേ ഹോം സ്റ്റേ സംവിധാനത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു മാസ്റ്റര്‍ പ്ലാനിനെ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍. സ്മാരകങ്ങളിലേക്കുള്ള റൂട്ടുകള്‍ ഇലക്ട്രിക് വാഹനങ്ങളും ബോട്ടുകളും വഴിയായിരിക്കും.

7) ടൂറിസം വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. പക്ഷേ വിദ്യാഭ്യാസ, ആര്‍ക്കിയോളജിക്കല്‍, സാംസ്കാരിക, പൊതുമരാമത്ത്, ജലസേചനം തുടങ്ങി ഒട്ടനവധി വകുപ്പുകളുടെ സംയുക്ത സംരംഭമാണ് പദ്ധതി.

8) തദ്ദേശവാസികള്‍ക്ക് സാമ്പത്തിക നേട്ടം ഉറപ്പാക്കുംവിധം പരമ്പരാഗത ആഴ്ച ചന്തകളേയും പരമ്പരാഗത തൊഴിലുകളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂറിസം വികസനമാണ് ലക്ഷ്യമിട്ടത്.

9) ബഹുജന പങ്കാളിത്തമാണ് മുസിരീസ് പദ്ധതിയുടെ മറ്റൊരു സവിശേഷത. 300ല്‍പരം സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മയാണ് ഇതിനു നേതൃത്വംനല്‍കിയത്. ഇവരില്‍നിന്നായിരുന്നു ഭാവി ടൂര്‍ ഗൈഡുകളെയും മറ്റും വിഭാവന ചെയ്തത്.

10)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നടത്തിപ്പിലും ആസൂത്രണത്തിലും പ്രാധാന്യം നല്‍കി. അവരെ അറിയിക്കാതെയും ബോധ്യപ്പെടുത്താതെയും ഒന്നും ചെയ്യാന്‍ പാടില്ല എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നയം.

11) സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവരുടെ പൊതു ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമായിരിക്കും പദ്ധതിയുടെ ഭരണനിര്‍വഹണവും തുടര്‍ നടത്തിപ്പുകളും നിര്‍വഹിക്കുക.

കേന്ദ്ര സര്‍ക്കാര്‍ 40 കോടിയില്‍പരം രൂപ പദ്ധതിയ്ക്ക് ധനസഹായം അനുവദിച്ചു. സംസ്ഥാന ബജറ്റിലും ഏതാണ്ട് അത്ര തന്നെ തുകയും ഉള്‍ക്കൊള്ളിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തന്നെ അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. വിദേശ അംബാസിഡര്‍മാര്‍ പലരും സന്ദര്‍ശനത്തിനെത്തി. യുനെസ്കോയുടെ ആഭിമുഖ്യത്തില്‍ തല്‍പരരായ രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗം ഡല്‍ഹിയില്‍ നടന്നു. പ്രസിദ്ധമായ സില്‍ക് റൂട്ടിെന്‍റ മാതൃകയില്‍ ഒരു സ്പൈസസ് റൂട്ട് സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം യുനെസ്കൊ മുന്നോട്ടുവച്ചു. അതോടെ കൊടുങ്ങല്ലൂര്‍ മാത്രമല്ല കേരളത്തിലെ പൗരാണിക തുറമുഖങ്ങളുടെയെല്ലാം ഒരു ശൃംഖലയും അതിെന്‍റ തുടര്‍ച്ചയായി അറേബ്യന്‍ - ആഫ്രിക്കന്‍ - യൂറോപ്യന്‍ രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ടൂറിസം സര്‍ക്യൂട്ടിെന്‍റ സാധ്യതയും തെളിഞ്ഞു. കിഴക്കും പടിഞ്ഞാറും രാജ്യങ്ങളില്‍ സാംസ്കാരിക - സാമ്പത്തിക വിനിമയങ്ങളുടെ സംയോജന കേന്ദ്രമായി മുസിരീസ് അംഗീകരിക്കപ്പെടുന്നതോടെ കേരളത്തിലെ ടൂറിസത്തിെന്‍റ മുഖഛായ മാറും. പരിപ്രേക്ഷ്യം 2030 ഈ മുന്‍കൈ കാണാതെ പോയതെന്തുകൊണ്ട് എന്നറിയില്ല. മുസിരീസ് മാതൃകയില്‍ തലശ്ശേരി പൈതൃകസംരക്ഷണ പദ്ധതിയ്ക്ക് തുടക്കംകുറിച്ചു. ആലപ്പുഴയ്ക്ക് ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുവാനുള്ള പഠനത്തിന് തുടക്കംകുറിച്ചു. എന്നാല്‍ യുഡിഎഫ് ഭരണം തികച്ചും നിഷേധാത്മകമായ സമീപനമാണ് കൈക്കൊണ്ടത്. ഈ പദ്ധതികളെല്ലാം പരമ്പരാഗത ചാലുകളിലേക്ക് വഴുതി വീഴുകയാണ്. മുസിരീസ് പ്രോജക്റ്റിെന്‍റ ഭാഗമായി ആരംഭിച്ച കൊച്ചി - മുസിരീസ് ബിനാലെയുടെ അനിശ്ചിതാവസ്ഥയും മറ്റൊരു ചൂണ്ടുപലകയാണ്. ടൂറിസം വികസനത്തില്‍ അന്തര്‍ദേശീയ സംഗീതോത്സവത്തിന്റെ പ്രാധാന്യം എടുത്തു പറയുന്ന രേഖ എന്തുകൊണ്ടാണ് ബിനാലയെ തമസ്കരിച്ചത്?

ഉത്തരവാദിത്വ ടൂറിസം ഉത്തരവാദിത്വ ടൂറിസം സമീപനത്തിന് നല്ലൊരു ഉദാഹരണമാണ് മുസിരീസ് പൈതൃക പദ്ധതി. 2007 മുതല്‍ കേരളത്തില്‍ സജീവ ചര്‍ച്ചയ്ക്കു വിധേയമായ നയമാണിത്. കേരളംപോലെ ജനനിബിഡവും പാരിസ്ഥിതികലോലവും സാംസ്കാരിക തനിമയും പുരോഗമന വീക്ഷണവും ഉള്ളതുമായ സംസ്ഥാനത്ത് ടൂറിസത്തിന്റെ വളര്‍ച്ച ഒട്ടേറെ എതിര്‍പ്പുകള്‍ സൃഷ്ടിക്കും. ഈ വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുത്തതിെന്‍റ ഫലമായിട്ടാണ് ഉത്തരവാദിത്വ ടൂറിസം എന്ന നയസമീപനം ഉരുത്തിരിഞ്ഞത്. കോവളത്തിന്റെ അനുഭവത്തില്‍നിന്ന് നമ്മള്‍ പാഠം പഠിക്കേണ്ടിയിരിക്കുന്നു.

മുഖ്യമായും മൂന്നുഘടകങ്ങള്‍ ഉത്തരവാദിത്വ ടൂറിസത്തിലുണ്ട്. ഒന്ന്, സാമ്പത്തിക ഉത്തരവാദിത്വം : ടൂറിസം വരുമാനത്തിന്റെ മുഖ്യപങ്ക് പ്രദേശവാസികള്‍ക്കു ലഭ്യമാക്കേണ്ടതാണ്. രണ്ട്, സാമൂഹിക ഉത്തരവാദിത്വം : പ്രദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടണം. ഇവയെ ബഹുമാനിക്കുവാനും പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികള്‍ക്കുമേല്‍ ആഘാതം ഏല്‍പിക്കാതെ മുന്നോട്ടുപോകുവാനും ടൂറിസം വ്യവസായത്തിനു ബാധ്യതയുണ്ട്. മൂന്ന്, പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പ്രതികൂല ആഘാതങ്ങള്‍ പരമാവധി ലഘൂകരിക്കണം. ചുരുക്കത്തില്‍ ""ഒരു പ്രദേശത്തെ ആ നാട്ടിലെ ജനങ്ങള്‍ക്കു നന്നായി ജീവിക്കാന്‍ കഴിയുന്ന ഒന്നായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ആ പ്രദേശത്ത് ഏറ്റവും അധികം സഞ്ചാരികള്‍ക്ക്എത്താനും ജീവിക്കാനും ആസ്വദിക്കാനും കഴിയുന്ന ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്വ ടൂറിസത്തിന്റെ കാഴ്ചപ്പാട്.

ടൂറിസം വികസനം തദ്ദേശീയ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പ്രധാന ഉപാധിയായി സ്വീകരിച്ചുകൊണ്ട് പ്രാദേശിക സുസ്ഥിര വികസനത്തിന് ഉപയുക്തമാക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം മുന്നോട്ടുവയ്ക്കുന്നത്"" (ഡോ. ബി വിജയകുമാര്‍, കെ രൂപേഷ്കുമാര്‍). ഉത്തരവാദിത്വ ടൂറിസം നയത്തില്‍ സുപ്രധാന പരീക്ഷണമാണ് കുമരകത്ത് നടന്നത്. 2007ല്‍ അവിടെ പഞ്ചായത്തും ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റും സംയുക്തമായി നടത്തിയ സെമിനാര്‍ കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം നയം രൂപീകരിക്കുന്നതില്‍ സുപ്രധാന കാല്‍വയ്പായിരുന്നു. വിസ്തരഭയത്താല്‍ ലോകശ്രദ്ധ നേടിയ ഈ പരീക്ഷണത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. ഒന്നിലേറെ തവണ ഇന്ത്യാ സര്‍ക്കാരിെന്‍റ അവാര്‍ഡ് ഈ പരീക്ഷണം കുമരകത്തിനു നേടിക്കൊടുത്തു. പക്ഷേ പരിപ്രേക്ഷ്യം 2030 കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം നയം ആനുംഷംഗികമായി പരാമര്‍ശിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

2020 ആകുമ്പോഴേക്കും 58 ലക്ഷം വിദേശികളെയും 3.2 കോടി അന്യ സംസ്ഥാനക്കാരേയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള വികസന തന്ത്രത്തിന്റെ 6 തൂണുകളുടെ വിവരണത്തിലേക്കാണ് രേഖ പോകുന്നത്. ഇവയില്‍ ഉല്‍പന്ന വൈവിധ്യവല്‍കരണ നിര്‍ദേശങ്ങളെകുറിച്ചു പറഞ്ഞു കഴിഞ്ഞു. രണ്ടാമത്തെ തൂണ് വിപണനമാണ്. ഇത് മുഴുവന്‍ വിവര സംവേദന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണ്. മൂന്നാമത്തെ തൂണ് പശ്ചാത്തല സൗകര്യങ്ങള്‍ സംബന്ധിച്ചുള്ളതാണ്. മൂര്‍ത്തമായ ഒരു നിര്‍ദേശവും ഇക്കാര്യത്തിലില്ല. ഇതിനാവശ്യമായ മുതല്‍മുടക്കു സംബന്ധിച്ച് യാതൊരു വിശകലനവും ഇല്ല. നാലാം തൂണ് ഇ - ഇയര്‍ ചേര്‍ക്കല്‍ സംബന്ധിച്ചാണ്. വിപണനം സംബന്ധിച്ചു പറഞ്ഞതിെന്‍റ ഒരാവര്‍ത്തനം മാത്രമാണ് ഇത്. അഞ്ചാം തൂണ് പരിസ്ഥിതി സംരക്ഷണമാണ്. ആറാം തൂണ് സാമൂഹ്യ പ്രശ്നങ്ങളാണ്. ഇവിടെയാണ് ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചുള്ള ഒരു ആനുഷംഗിക പരാമര്‍ശമുള്ളത്. ഇത്തരം പൊതു പ്രസ്താവനകള്‍ നമ്മെ ലക്ഷ്യത്തിലെത്തിക്കുകയില്ല.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

No comments: