Tuesday, March 18, 2014

ആശ്രമ മൃഗങ്ങളുടെ തേറ്റകള്‍ നീളുമ്പോള്‍

സത്യമായും ഞാന്‍ ഭയപ്പെടുന്നു, ധാബോല്‍ക്കര്‍ മരണാനന്തര വിചാരണക്ക് വിധേയനാക്കപ്പെട്ടേക്കും, അതും ഇക്കണക്കിന് പോയാല്‍ ഏറെയൊന്നും കഴിയാതെ! അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് മഹാരാഷ്ട്ര അസംബ്ലിയില്‍ നിയമം കൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയ അദ്ദേഹം നിഷ്ഠുരമായി വധിക്കപ്പെട്ടശേഷം അത്തരമൊരു ബില്ല് അവതരിപ്പിക്കപ്പെട്ടു എന്നത് നേര്. പക്ഷേ അതുംകൂടി ചേര്‍ത്തു നിര്‍ത്തിയാവും ധാബോല്‍ക്കര്‍ വിചാരണ ചെയ്യപ്പെടുക - നാം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍! ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് കോഴിക്കോട്ട് പബ്ലിക് ലൈബ്രറിക്കു സമീപം അമൃതാനന്ദമയി എന്നറിയപ്പെടുന്ന സ്ത്രീയുടെ വലിയൊരു ഫോട്ടോയില്‍ മാലചാര്‍ത്തി ഗതാഗത തടസ്സമുണ്ടാക്കിക്കൊണ്ട് റോഡില്‍ കൂടിനിന്നവരെ കണ്ടപ്പോള്‍ അതൊരു വിലാപയാത്രയുടെ തുടക്കമാണെന്നാണ് ആദ്യം തോന്നിയത്. കുറച്ചുദിവസം യാത്രയിലായതുകൊണ്ടും ചരമക്കോളം നോക്കി ശീലമില്ലാത്തതുകൊണ്ടും അറിയാതെ പോയതാവുമെന്നും തോന്നി. പെട്ടെന്ന് ഓര്‍മയിലെത്തിയത് അമൃതാനന്ദമയി സ്കൂളിലെ അധ്യാപക സമരമാണ്. ശമ്പളരജിസ്റ്ററില്‍ ഒപ്പിട്ടുകൊടുക്കുന്ന സംഖ്യ കിട്ടാത്തതിനെക്കുറിച്ച് നേരിട്ട് അവരോട് പരാതി പറഞ്ഞ ഒരധ്യാപിക പറഞ്ഞ അനുഭവമാണ്. വളരെ ശാന്തചിത്തയായി, അക്ഷോഭ്യയായി അവര്‍ പറഞ്ഞത്രെ, എങ്കില്‍ പിന്നെ സ്കൂളുകള്‍ പൂട്ടി അവിടെ ആശുപത്രികള്‍ സ്ഥാപിക്കാമെന്ന്!

കുറച്ചുകൂടി നടന്നടുത്തെത്തിയപ്പോഴാണ് നിരനിരയായി കസേരയിട്ടിരിക്കുന്ന ആണ്‍പെണ്‍ സിംഹങ്ങളെയും അവരെ ആവേശത്തിലാഴ്ത്തി ഉച്ചസ്ഥായിയില്‍ ആര്‍ത്താര്‍ത്ത് പോര്‍വിളി നടത്തുന്ന ഒരു സിംഹിണിയെയും കണ്ടത്. അപ്പോഴാണ് അതൊരു മാര്‍ക്സിസ്റ്റ് വിരുദ്ധ-യുക്തിവിരുദ്ധ പൊതുയോഗമാണെന്ന് മനസ്സിലായത്! ഭക്തിക്കെന്ത് യുക്തി എന്നു ചോദിച്ച് യുക്തിരാഹിത്യത്തെ ന്യായീകരിച്ച പഴയ ഒരു സുഹൃത്തിനെയും കൂട്ടത്തില്‍ കണ്ടു. അയാളുടെ നേതൃത്വത്തിലാണ്, മുമ്പ് പൂട്ടിക്കിടന്ന കുന്നത്തറ ടെക്സ്റ്റയില്‍സ് തുറപ്പിക്കാനായി ഒരു ഹോമം നടന്നത്! ഇപ്പോള്‍ കക്ഷിക്ക് കാര്യവാഹകായി സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടത്രെ! എന്തുകൊണ്ടാണെന്നറിയില്ല, പെട്ടെന്ന് ഓര്‍മയില്‍ വന്നത് ചങ്ങമ്പുഴയുടെ രണ്ടു വരികളാണ്. ആശ്രമവിശുദ്ധിക്കൊത്ത സങ്കീര്‍ത്തനങ്ങള്‍ക്കുപകരം തെറിവിളി മുഴങ്ങുന്ന അട്ടഹാസങ്ങള്‍ കേട്ടതുകൊണ്ടോ, അതോ ഫെയ്സ് ബുക്ക് വഴി ആരോ അയച്ചുതന്ന പുസ്തകഭാഗങ്ങള്‍ തലേന്ന് വായിച്ചതുകൊണ്ടോ എന്നറിയില്ല. ചങ്ങമ്പുഴയുടെ ആ പഴയ സംശയം എന്റെ ഓര്‍മയില്‍ വന്നുനിറഞ്ഞത്. ""പെണ്ണിനെക്കെട്ടലും സ്വാമിയും നാണവും തമ്മിലെന്താണൊരു ബന്ധമാവോ?"" എന്ന സംശയം.

ആശ്രമത്തില്‍ ചേര്‍ത്ത മകന്‍ ഒരുനാള്‍ രാത്രി അവിടെനിന്നും ഒളിച്ചോടി ഓടിക്കിതച്ചെത്തി അച്ഛനോട് പറയുകയാണ്, താന്‍ ഇനി ആശ്രമത്തിലേക്കില്ല; ഇവിടെത്തന്നെ കഴിയുകയാണ് എന്ന്! എന്നിട്ടൊരു ചോദ്യം അച്ഛനോട്. ആ സ്വാമിക്ക് ഒരു പെണ്ണിനെ കെട്ടിയാല്‍ പോരെ എന്ന്! പെണ്ണിനെ കെട്ടുന്നതിനു പകരം ആശാറാം ബാപ്പു ചെയ്തു എന്ന് പൊലീസ് പറയുന്നത്, തന്റെ മകളാവാന്‍ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആവേശിച്ച ഭൂതത്തെ പിടിച്ചുകെട്ടാം എന്നുംപറഞ്ഞ് സ്വാമിക്കരുതാത്തതൊക്കെ ചെയ്ത് (പീഡിപ്പിച്ചു എന്നപദം സ്വാമിമാരുടെ കാര്യമാവുമ്പോള്‍ പ്രയോഗിച്ചുകൂടല്ലോ) അവളെ കൊന്ന് വലിച്ചെറിയുകയായിരുന്നു എന്നാണ്! നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ പങ്ക് വഹിക്കുമായിരുന്ന കക്ഷി ഇപ്പോള്‍ ജയിലഴികള്‍ എണ്ണുകയാണല്ലോ! വ്യാജമരുന്ന് വില്‍പ്പന നടത്തുന്നു എന്ന് ആരോപിക്കപ്പെട്ട മറ്റൊരു ആശ്രമമൃഗം കേരളത്തില്‍ വന്ന് സര്‍വലോകൈശ്വര്യത്തിനായി ഹോമയാഗാദികളില്‍ പങ്കെടുക്കുന്നതിനു മുമ്പ് ചെയ്തത് സാക്ഷാല്‍ ബിജെപിക്കും മോഡിക്കും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നല്ലോ! ആശ്രമങ്ങളെക്കുറിച്ചും ഭക്തിവ്യവസായത്തെക്കുറിച്ചും എതിരായെന്തെങ്കിലും ഒന്നുരിയാടിപ്പോയാല്‍ വികാരവിജൃംഭിതരാവുന്നവര്‍ ഇങ്ങനെ ഇളകിയാടുന്നതു കണ്ടപ്പോള്‍ സി വി ശ്രീരാമേട്ടന്‍ നേരത്തേ രക്ഷപ്പെട്ടല്ലോ എന്നാണ് തോന്നിയത് -ഈ ആശ്രമസംരക്ഷണപ്പടയുടെ ചാട്ടവാറടിയേല്‍ക്കാതെ! ക്ഷുരസ്യധാര എന്ന ആ ഒരൊറ്റക്കഥയെ മുന്‍നിര്‍ത്തി അല്ലെങ്കില്‍ സൂനിമാ എന്ന ഒറ്റക്കഥാപാത്രത്തിന്റെ പേരില്‍, സി വി ശ്രീരാമന്‍ എന്തെന്തു വിചാരണകള്‍ നേരിടേണ്ടി വന്നിരിക്കും!

"ക്ഷുരസ്യധാര"യില്‍ മനശ്ശാന്തി തേടി ആശ്രമത്തിലെത്തുന്ന ദുര്‍വൃത്തനായ കഥാനായകന്‍. അയാള്‍ക്ക് നേര്‍വഴി കാട്ടിക്കൊടുക്കുന്ന ബ്രഹ്മചാരിയുടെ മുറിയില്‍ രാത്രി കഴിച്ചുകൊള്ളാന്‍ സ്വാമിജി കല്‍പ്പിക്കുന്നു. ലൗകികേതരമായ അല്ലറച്ചില്ലറ ലീഗല്‍ഡൗട്ട്സും മഠാധിപസ്വാമി ഉന്നയിക്കുന്നുണ്ട്. ആശ്രമത്തില്‍ തന്റെ പേരില്‍ ഒരു ബ്ലോക്കുണ്ടാക്കാന്‍ വരുന്ന ചെലവിനുള്ള കാശ് കണ്ടെത്തണം. നാട്ടില്‍ തന്റെ പേരിലുള്ള സ്വത്തുണ്ട്. വന്‍വിലക്ക് അത് വാങ്ങാന്‍ ആളുമുണ്ട്. പക്ഷേ അതിലെ കുടികിടപ്പുകാരനെ ഒഴിപ്പിച്ചു കാട്ടിയാലേ നല്ല വില തരപ്പെടൂ. അതിനുള്ള സൂത്രവിദ്യകളാണ് സ്വാമിജിക്കറിയേണ്ടത്. ബ്രഹ്മചാരിക്കുമുണ്ട് ലീഗല്‍ ഡൗട്ട്. ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെട്ട് ഒളിച്ചോടിപ്പോയ ഭാര്യയെ തിരികെ കിട്ടാന്‍ ഒരാള്‍ കേസ് കൊടുത്താല്‍ അത് നിലനില്‍ക്കുമോ എന്ന്! ഇനി സി വി ശ്രീരാമന്റെ കഥയില്‍നിന്ന് ഒരുദ്ധരണിയാവാം. ""ഇതിനുമുമ്പ് എന്തുകൊണ്ട് ഇവിടെ വരാന്‍ തോന്നിയില്ല? അയാളോര്‍ത്തു. ഉറക്കമല്ല വന്നത്. എന്തിന്റെയോ ആലസ്യം. ആലസ്യത്തില്‍ ഒന്നു മയങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ സുഖകരമായ കുളിര് തോന്നി... അപ്പോഴാണ് ശരീരത്തില്‍ എന്തോ ഒന്നമര്‍ന്നത്. ഒപ്പം അടക്കിപ്പിടിച്ച സംസാരത്തിന്റെ ചൂടും."" ""എന്താ ഇന്നു വന്ന ആ മനുഷ്യനോട് എന്റെ മുഖവും കണ്ണുമൊക്കെ ഇത്ര വര്‍ണിച്ചത്? നാണല്ല്യെ ഇങ്ങനെയൊക്കെ പറയാന്‍. എണീക്കൂന്നേ..."" അയാളെ കുലുക്കിവിളിച്ചു ""

ഏയ് അതല്ല, എന്തിനാ ഇന്നു വന്ന മനുഷ്യനോട് നിയമം ചോദിച്ചത്. ഇവിട്ന്നു ആരെങ്കിലും എന്നെ കൊണ്ടുപോവൂംന്ന് ഭയാണോ? ഞാന്‍ പോയിട്ടുവേണ്ടേ? ഇത്രയൊക്കെ ആയിട്ടും എന്നെ മനസ്സിലായില്യെ?"" ""ഇടതിങ്ങിയ സ്തനങ്ങള്‍ വിരിപ്പിനുമേലെ അമര്‍ന്നപ്പോള്‍ അയാള്‍ക്ക് അറപ്പു തോന്നി. നീളന്‍ വിരലുകള്‍ വിരിപ്പിനകത്തുകൂടി കടന്നുവന്ന് അയാളുടെ കവിളില്‍ തിരുപ്പിടിപ്പിച്ചുകൊണ്ട് മുടിയിലേക്ക് കയറി. ഒരു ക്ഷണം അതവിടെ മരവിച്ചിരുന്നു. പിന്നെ സര്‍പ്പദംശം ഏറ്റതുപോലെ പിടഞ്ഞെണീറ്റോടി"". ചാടിയോടിയത് ആശ്രമത്തിലെ അമ്മ! ഏതാണ്ട് ഇതേ മട്ടില്‍ സ്വന്തം അനുഭവകഥ വിവരിച്ച പുസ്തകം ഫെയ്സ് ബുക്കില്‍ വായിച്ച് ""നന്നായി"" എന്ന് കമന്റ് ചെയ്തവരില്‍ പലരും പൊലീസ് വലയിലാണിപ്പോള്‍. വക്കീലായിരുന്ന സി വി ശ്രീരാമന്‍ ഇന്നാണെങ്കില്‍ ഇക്കഥയെ മുന്‍നിര്‍ത്തി എത്ര കോടതിത്തിണ്ണകളില്‍ കാത്തുകെട്ടി കിടക്കേണ്ടി വന്നേനേ, പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍!

ഇത്തരം ആശ്രമങ്ങള്‍ നടത്തിപ്പോരുന്ന ആശാറാം ബാപ്പുവിനും രാംദേവിനുമൊക്കെ പതിച്ചുകിട്ടുന്ന സര്‍ക്കാര്‍സഹായങ്ങളുടെയും കോര്‍പറേറ്റ് സൗജന്യങ്ങളുടെയും കണക്കുകള്‍ കൂടി കേട്ടാല്‍ "ആശ്രമ-കോര്‍പറേറ്റ്-ഭരണകൂട കോംപ്ലക്സ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവിശുദ്ധ സഖ്യത്തിന്റെ നിജസ്ഥിതി ബോധ്യമാവും. വിശ്വാസവും പണവും രാഷ്ട്രീയവും തമ്മില്‍ ലയിച്ചൊന്നാവുന്നതിന്റെ കഥകള്‍ മീരാനന്ദ നേരത്തേ വെളിപ്പെടുത്തിയതാണ്. ""ആശാറാമിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ആശ്രമങ്ങള്‍, ഗുരുകുലങ്ങള്‍, സ്കൂളുകളടക്കമുള്ള ആ മുഴുവന്‍ സാമ്രാജ്യവും പടുത്തുയര്‍ത്തിയത് സര്‍ക്കാര്‍ ഗ്രാന്റായി അനുവദിച്ച വിശാലഭൂപ്രദേശത്താണ്; (അത് പിന്നീട് കയ്യേറ്റം വഴി അയാള്‍ വീണ്ടും വികസിപ്പിച്ചു) അതല്ലെങ്കില്‍ ധനാഢ്യരായ സിന്ധി - മാര്‍വാഡി സമുദായങ്ങളുടെ സംഭാവനകള്‍ വഴിയാണ്"" മീരാനന്ദ തുടരുന്നു - ""ഇന്ത്യയിലെ വിജയം കണ്ട എല്ലാ ആള്‍ദൈവങ്ങള്‍ക്ക് പിറകിലും ഭരണകൂട ഉപകരണങ്ങളും പൊതുമുതലും നിര്‍ബാധം കൈകാര്യം ചെയ്യാനാവുന്ന ഒരുപറ്റം ശക്തരായ രാഷ്ട്രീയക്കാര്‍ നിലയുറപ്പിച്ചതായി കാണാം. ഒരിക്കല്‍ തുടങ്ങിക്കഴിഞ്ഞാല്‍ വിജയികളായ ഈ ഗുരുക്കള്‍ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കും. അതാകട്ടെ, മറ്റ് കോര്‍പറേറ്റ് താല്‍പ്പര്യങ്ങളെ ആകര്‍ഷിക്കും. വിശേഷിച്ചും വളര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെയും ടൂറിസത്തിന്റെയും കമ്പോളങ്ങളുമായി ബന്ധപ്പെട്ടവരെ."" സമീപകാലം വരെ, ബിജെപി സര്‍ക്കാരുകള്‍ സ്വാമി രാംദേവിന് തന്റെ പതഞ്ജലീയോഗ പീഠത്തിന്റെ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ആശ്രമ-ആശുപത്രി സമുച്ചയത്തിന്റെ ഉപസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ പൊതുസ്ഥലം സൗജന്യമായി നല്‍കിയ കാര്യം മീരാനന്ദ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രാംദേവിന്റെ ആശ്രമത്തിന് സര്‍വകലാശാലാ പദവി നല്‍കി. ഹരിയാനയാകട്ടെ, ബാബയുടെ ഗുരുകുല സംവിധാനത്തിന് അംഗീകാരം നല്‍കി.

വന്‍ ഫീസ് ചുമത്തുന്ന ഈ സ്വാശ്രയ സ്ഥാപനങ്ങള്‍ ധര്‍മസ്ഥാപനങ്ങളായാണ് പരിഗണിക്കപ്പെട്ടത്. സര്‍ക്കാര്‍ സഹായത്തോടെ പ്രചാരത്തിലിറക്കിയ രാംദേവിന്റെ ഔഷധക്കൂട്ടുകള്‍ ഔഷധ ഫലത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യത്തില്‍ സംശയാസ്പദ മാണ്! ഇസ്രത്ത് ജഹാന്റെയും മറ്റു മൂന്നുപേരുടെയും ജീവനൊടുക്കിയ വ്യാജ ഏറ്റുമുട്ടലുകള്‍ സംവിധാനം ചെയ്ത പൊലീസ് ഓഫീസര്‍ ഡിജി വന്‍സാര സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ നരേന്ദ്രമോഡി തന്റെ ദൈവമാണെന്നും ആശാറാം ബാപ്പു തന്റെ ഗുരുവാണെന്നും പ്രഖ്യാപിച്ചത് ഓര്‍മിക്കുക. ഈ ആശാറാം ബാപ്പുമാരെയും രാംദേവുമാരെയും സംരക്ഷിച്ചുനിര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വം ഏത് എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. ടെമ്പിള്‍-കോര്‍പറേറ്റ് - സ്റ്റെയ്റ്റ് കോംപ്ലക്സ് തന്നെയാണ് സംരക്ഷണ വലയം ഒരുക്കുന്നത്! വ്യാജ ഏറ്റുമുട്ടലുകള്‍ സംവിധാനം ചെയ്ത പൊലീസ് ഓഫീസറുടെ ആ ദൈവവും ദൈവത്തിന്റെ കൂട്ടാളികളുമാണ് ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്ക് വിശുദ്ധി കല്‍പ്പിച്ചുകൊടുക്കുന്നത്. അത്തരമൊരു വിശുദ്ധ ആള്‍ദൈവം വഴി കേരളത്തില്‍ പുതിയ അക്കൗണ്ട് തുടങ്ങാനാവുമോ എന്നുനോക്കിയാണ് അമൃതാനന്ദമയീ മഠത്തിലേക്ക് ചോരക്കറകളുമായി നരേന്ദ്രമോഡി കടന്നുവരുന്നത്!

അതേ നരേന്ദ്രമോഡിയെ സ്വീകരിച്ചാനയിച്ച അമൃതാനന്ദമയിയെ ദൈവമായിത്തന്നെ നിലനിര്‍ത്തേണ്ടതുള്ളതുകൊണ്ടാണ് സകലമാന ആര്‍എസ്എസ് - ബിജെപി പരിവാരങ്ങള്‍ ചില്ലിട്ട ഫോട്ടോക്ക് മാലയും ചാര്‍ത്തി തെരുവില്‍ പോര്‍വിളി നടത്തുന്നത്! തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എന്തെല്ലാം വേഷങ്ങള്‍, എങ്ങനെയെല്ലാം കടന്നുവരും! പക്ഷേ ഇപ്പോള്‍ തെരുവിലേക്ക് ആള്‍ദൈവ ഫോട്ടോയുമായി കടന്നുവരുന്നവര്‍ ആശ്രമ-ഭരണകൂട- കോര്‍പറേറ്റ് കോംപ്ലക്സിന്റെ കരാള ദംഷ്ട്രകള്‍ മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞില്ലെങ്കില്‍, വലിയ വിലയാണ് നല്‍കേണ്ടി വരിക!

*
എ കെ രമേശ് ദേശാഭിമാനി വാരിക

No comments: