Monday, March 24, 2014

പൊതുബോധ നിര്‍മിതിക്കായി ഗീബല്‍സുമാര്‍

ചില പ്രത്യേക ക്ഷേത്രങ്ങളിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത്, അവിടെ ഉണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന, അല്‍ഭുതകരമായ ശക്തികളില്‍ വിശ്വാസമര്‍പ്പിച്ചാണ്. എന്നാല്‍ ഈ അല്‍ഭുതശക്തി അനുഭവിച്ചറിഞ്ഞ ആരെങ്കിലുമുണ്ടോ എന്ന അന്വേഷണം, ആരുമില്ല എന്ന ഉത്തരത്തിലേക്കായിരിക്കും നമ്മെ കൊണ്ടെത്തിക്കുന്നത്. എല്ലാപേര്‍ക്കും മറ്റുള്ളവര്‍ പറഞ്ഞത് കേട്ട അറിവു മാത്രമാണുള്ളത്. നിരന്തരമായ പ്രചരണത്തിലൂടെ അത്തരമൊരു വിശ്വാസം, ഒരു പൊതുബോധം സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പൊതുബോധ നിര്‍മിതിയുടെ ഒരു വശമാണിത്. ആധിപത്യം പുലര്‍ത്തുന്ന വര്‍ഗത്തിന്റെ പ്രത്യയശാസ്ത്രപരമായ ആവശ്യമാണ് ഈ പൊതുബോധ നിര്‍മിതിയിലൂടെ നിറവേറ്റപ്പെടുന്നത്. ഇതിനു സമാനമായ ഒന്നാണ് രാഷ്ട്രീയരംഗത്ത് കമ്യൂണിസ്റ്റുകാര്‍ക്കുമേല്‍ ചാര്‍ത്തപ്പെടുന്ന കൊലയാളികള്‍, അക്രമികള്‍ എന്നിത്യാദി വിശേഷണങ്ങള്‍.

19-ാം നൂറ്റാണ്ടില്‍ കമ്യൂണിസം എന്ന ആശയം രൂപപ്പെട്ടതുമുതല്‍, തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത പ്രസ്ഥാനം രൂപംകൊണ്ടതു മുതല്‍ മുതലാളിത്തത്തിന്റെ പ്രചാരകര്‍ അഴിച്ചുവിടുന്നതാണ് ഈ പ്രചരണങ്ങള്‍. കേരളത്തില്‍ സിപിഐ എമ്മിനെതിരെയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും - പൊതുവില്‍ നിക്ഷിപ്ത താല്‍പര്യക്കാരാകെ - കൊലപാതക രാഷ്ട്രീയക്കാര്‍ എന്ന ആരോപണം ഉയര്‍ത്തുന്നത്. 1960കളുടെ ഒടുവിലും 1970കളിലും നക്സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തം പ്രചരിപ്പിക്കുകയും കൊലപാതകങ്ങള്‍ ഒരു രാഷ്ട്രീയ പ്രയോഗമെന്ന നിലയില്‍ നടത്തുകയും ചെയ്തപ്പോള്‍ അതിനെതിരെ നിശിതമായ നിലപാടെടുത്ത പാര്‍ടിയാണ് സിപിഐ എം. എന്നാല്‍ നക്സലൈറ്റ് അക്രമങ്ങളുടെ ഉത്തരവാദിത്വം സിപിഐ എമ്മിനുമേല്‍ ആരോപിച്ച് പാര്‍ടിയെ തകര്‍ക്കാനുള്ള അവസരമായാണ് ഭരണകൂടവും വലതുപക്ഷ മാധ്യമങ്ങളും ആ അവസരത്തെ ഉപയോഗപ്പെടുത്തിയത്. നക്സലൈറ്റ് ആക്രമണങ്ങളെ തുടര്‍ന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആ കാലത്ത് വ്യാപകമായി ഭരണകൂട ഭീകരത അഴിച്ചുവിട്ടതും "മലയാള മനോരമ" പത്രം, ഇ എം എസിന്റെ കൃതിയില്‍ പഴശ്ശിരാജ വയനാട് കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര് നടത്തിയതായി രേഖപ്പെടുത്തിയതാണ് നക്സലൈറ്റുകള്‍ക്ക് പ്രചോദനമായതെന്നതടക്കമുള്ള സിപിഐ എം വിരുദ്ധ പ്രചരണം അഴിച്ചുവിട്ടതും ഓര്‍ക്കുക. എന്തിന്, 1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോഴും 1991ല്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോഴും ആ കൊലപാതകങ്ങളുമായി ഒരു ബന്ധവുമില്ലാത്ത സിപിഐ എമ്മിനെ പരാജയപ്പെടുത്താന്‍ അതിനെ തിരഞ്ഞെടുപ്പ് വിഷയമാക്കിയതും - അതിലും മാധ്യമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു - ഇത്തരുണത്തില്‍ പ്രസക്തമാണ്.

അന്ന് കമ്യൂണിസ്റ്റുകാരെന്നോ സിപിഐ എമ്മെന്നോ ഇടതുപക്ഷമെന്നോ പറയാന്‍ പഴുതില്ലാത്തതുകൊണ്ട്, പ്രതിപക്ഷം എന്ന പൊതുസംജ്ഞയുടെ പ്രയോഗത്തിലൂടെയാണ് തങ്ങളാഗ്രഹിച്ച, തിരഞ്ഞെടുപ്പ് വിജയത്തിനാവശ്യമായ പൊതുബോധ നിര്‍മിതി വലതുപക്ഷം നടത്തിയത്. ഒഞ്ചിയത്തെ ചന്ദ്രശേഖരന്‍ വധത്തെ അത്തരമൊരു പൊതുബോധ നിര്‍മിതിയുടെ ആവര്‍ത്തനത്തിനുള്ള അവസരമാക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍. സിപിഐ എമ്മിന്റെ ഒട്ടേറെ നേതാക്കളും കാഡര്‍മാരും എതിരാളികളാല്‍ ആസൂത്രിതമായി കൊലപ്പെടുത്തപ്പെട്ടിട്ടുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നിരിക്കെ, മറിച്ച് പാര്‍ടി വിട്ടവരെ ആരെയെങ്കിലും ഇതിനുമുന്‍പ് സിപിഐ എം ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതിന്റെ ഉദാഹരണം ചൂണ്ടിക്കാണിക്കാനുണ്ടോ എന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടി ഇല്ല. എന്നിട്ടും അക്രമ രാഷ്ട്രീയം, കൊലപാതക രാഷ്ട്രീയം എന്നിങ്ങനെ പുകമറ സൃഷ്ടിക്കാനാണ് സിപിഐ എം വിരുദ്ധര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന പെരുംനുണകള്‍

"മനോരമ" പത്രം 7-ാം തീയതി 9-ാം പേജില്‍ നല്‍കുന്ന ""ആര് അന്വേഷിച്ചു? ആര്‍ക്കും അറിയില്ല"" എന്ന ജോമി തോമസ് വക സ്റ്റോറിയില്‍ എഴുതുന്നതു നോക്കൂ: ""അന്വേഷണ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതു പിബിയിലും കേന്ദ്ര കമ്മിറ്റിയിലും വരണം. അതിനുശേഷം മാത്രമാണ് പരസ്യപ്പെടുത്തലുണ്ടാവേണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച പിബി ചേര്‍ന്നു. ശനിയും ഞായറും കേന്ദ്ര കമ്മിറ്റിയും ചേര്‍ന്നു. അപ്പോഴൊന്നും അന്വേഷണ ഫലം പരാമര്‍ശിച്ചതേയില്ലെന്നാണ് പാര്‍ടി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്"". ഇതു വായിക്കുന്നയാള്‍ക്ക് സ്വാഭാവികമായും തോന്നുക ഈ ജോമി തോമസെന്ന മനോരമക്കാരന്‍ വിദ്വാനോട് മുന്‍കൂട്ടി അറിയിച്ചുകൊണ്ടായിരിക്കണം സിപിഐ എം പിബി, സിസി യോഗങ്ങളില്‍ ഓരോ വിഷയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യേണ്ടത് എന്നാണ് ടിയാന്‍ കരുതുന്നതെന്നതാണ്. തങ്ങള്‍ അറിഞ്ഞില്ല എന്നതുകൊണ്ട്, അങ്ങനെ ഒരു വിഷയം സിപിഐ എം പിബി, സിസി യോഗങ്ങളില്‍ വന്നില്ലെന്ന് പറയാന്‍ ശുദ്ധ വങ്കന്മാര്‍ക്കു മാത്രമേ കഴിയൂ.

സിപിഐ എം ജനറല്‍ സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ ഒരു കാര്യം റിപ്പോര്‍ട്ടു ചെയ്യുന്നെങ്കില്‍ അത് ചെയ്യാന്‍ പിബി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കണം എന്ന കാര്യത്തില്‍ സിപിഐ എം സംഘടനാ സംവിധാനത്തെക്കുറിച്ചറിയുന്ന ആര്‍ക്കും സംശയമുണ്ടാവാന്‍ ഇടയില്ല. കൊലയാളികളെയും സ്ത്രീപീഡകരെയും സംരക്ഷിക്കുകയും അവരെ വീണ്ടും തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് രീതികളില്‍നിന്നു വ്യത്യസ്തമായി ഏതു കുറ്റകൃത്യമായാലും അത് ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്ന ആരെയും പാര്‍ടിയില്‍ നിന്ന് പുറത്താക്കുന്ന സിപിഐ എം ശൈലി പൊതുസമൂഹത്തില്‍ സ്വീകാര്യത നേടുമെന്നറിയാവുന്നതുകൊണ്ടാണ് "മനോരമ"യും മറ്റ് മുഖ്യധാരക്കാരും ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റക്കാരനെന്ന് പാര്‍ടി കണ്ടെത്തിയ കെ സി രാമചന്ദ്രനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയതിനെപ്പോലും സിപിഐ എം വിരുദ്ധ കഥ മെനയാന്‍ ഉപയോഗിക്കുന്നത്. 8-ാം തീയതി ഒന്നാം പേജില്‍ മുഖ്യ ഐറ്റമായി അവതരിപ്പിക്കുന്ന ""കൊലയില്‍ രാഷ്ട്രീയമെന്ന് വി എസ്"" എന്ന ലീഡ് സ്റ്റോറിയില്‍ പറയുന്നതു നോക്കൂ - ""കേസില്‍ രാഷ്ട്രീയമില്ലെന്നു പറയാനാവില്ലെന്നു നിലപാടെടുത്ത വി എസ് മരിച്ചയാളും കൊല്ലിച്ചവരും വ്യത്യസ്ത രാഷ്ട്രീയമുള്ളവരാണെന്നു ചൂണ്ടിക്കാട്ടിയാണ് പാര്‍ടിയുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നത്"".

മരിച്ചയാളും കൊല്ലിച്ചവരും വ്യത്യസ്ത രാഷ്ട്രീയമുള്ളവരായാല്‍ അത് രാഷ്ട്രീയ കൊലപാതകമാകും എന്നെങ്ങനെയാണ് പറയാനാവുക? കെ സി രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണല്ലോ ഡിജിപി ജേക്കബ് പുന്നൂസ് ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് പറഞ്ഞത്. ഇതേ അഭിപ്രായമുണ്ടായിരുന്ന പ്രത്യേകാന്വേഷണ സംഘം തലവന്‍ വിന്‍സണ്‍ എം പോളിനെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയതും ഡിജിപിയെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതും ഇത്തരുണത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. പഴയ ഒരു സംഭവം ഓര്‍മ വരുന്നു. 1960കളുടെ ഒടുവില്‍ തിരുവനന്തപുരം ജില്ലയിലെ ഒരു സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. ഒന്ന് രണ്ട് വര്‍ഷത്തിനിടയില്‍ ഇദ്ദേഹം ഒരു വസ്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിനുത്തരവാദികളില്‍ മറ്റു രാഷ്ട്രീയ വിശ്വാസികളാണുണ്ടായിരുന്നത്. (സിപിഐ എം അല്ല). ഇതിനെ ഒരു രാഷ്ട്രീയ കൊലപാതകമായി - കൊല്ലപ്പെട്ടയാളും കൊല്ലിച്ചവരും അല്ലെങ്കില്‍ കൊന്നവരും വ്യത്യസ്ത രാഷ്ട്രീയമുണ്ടെന്നതിന്റെ പേരില്‍ കൊലപാതകത്തില്‍ രാഷ്ട്രീയം ആരോപിക്കാമെന്നല്ലാതെ - ചിത്രീകരിക്കാനാവില്ലല്ലോ. സിപിഐ എം നിലപാടിനെതിരാണ് വി എസ് എന്ന് പ്രചരണം നടത്താന്‍ ലക്ഷ്യമിട്ട് സൃഷ്ടിക്കപ്പെട്ട ഒരു വക്രീകരണമാണ് "മനോരമ"ക്കഥ എന്ന് വ്യക്തം. പോരെങ്കില്‍ അതിനൊപ്പം ചേര്‍ത്തിട്ടുള്ള ഒരു ബോക്സ് (ഒരു പെട്ടിക്കഥ) നോക്കൂ: ""പാര്‍ടി കമ്മീഷന്‍ മൊഴിയെടുത്തില്ല. സിപിഎം അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുപോലുമില്ലെന്ന സൂചനയാണിത് നല്‍കുന്നത്"".

എന്നാല്‍, "മാധ്യമം" പത്രം അന്നേ ദിവസം തന്നെ (8-ാം തീയതി) 5-ാം പേജില്‍ എഴുതുന്നതു നോക്കൂ - ""രാമചന്ദ്രന്‍ പിബി കമ്മിഷന് നല്‍കിയ മൊഴി നിര്‍ണായകം"" "മനോരമ" പെരുംനുണകള്‍ പടച്ചുവിടുക തന്നെയാണ്. ഹിറ്റ്ലറുടെ പ്രചരണ മന്ത്രി ഗീബല്‍സ് പോലും "മനോരമ"യ്ക്കുമുന്നില്‍ തലകുമ്പിട്ടുപോകും. "മനോരമ" 8-ാം തീയതി തന്നെ 10-ാം പേജില്‍ വീണ്ടും കുറിച്ചിടുന്നു -""പാര്‍ടിക്കോടതിയുടെ വിധിന്യായം സിപിഎം കണ്ടെത്തല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍"" എന്ന ശീര്‍ഷകത്തിലുള്ള കഥയില്‍ വായിക്കാം: ""ടി പി വധത്തില്‍ സിപിഎമ്മിനുള്ള പങ്ക് അന്വേഷണ സംഘവും കോടതിവിധിയും സ്പഷ്ടമാക്കിയിട്ടും വ്യക്തിവിരോധമാണ് കൊലയില്‍ കലാശിച്ചതെന്നു പറഞ്ഞു കെ സി രാമചന്ദ്രനെന്ന പ്രാദേശിക നേതാവിനെ പുറത്താക്കുന്നതില്‍ ഒതുങ്ങുന്നു പാര്‍ടി നടപടി"". കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി പ്രതിപട്ടികയില്‍ ചേര്‍ക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി നല്‍കിയിരുന്നതായി സംസ്ഥാന ആഭ്യന്തരന്‍ തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞത് വിസ്മരിക്കരുത്. ഇല്ലെങ്കിലും അത് സഭാരേഖയില്‍ ഉണ്ടാവും. മുല്ലപ്പള്ളി പട്ടിക തയ്യാറാക്കിയത് കോട്ടയത്തെ "മനോരമ" മേലാളന്മാരുടെ കൂടി ഇംഗിത പ്രകാരമായിരിക്കാം.

കോണ്‍ഗ്രസ് അനുഭാവികളായ പൊലീസുദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കുകയും മുല്ലപ്പള്ളീടെ പ്രതിപ്പട്ടിക അവരെ ഏല്‍പിക്കുകയും ചെയ്താണല്ലോ "അന്വേഷണം" നടത്തിയത്. പാര്‍ടിയെ പ്രതിയാക്കാന്‍ നടത്തിയ ആ ഗൂഢാലോചനയിലൂടെയാണല്ലോ ജില്ലാ നേതൃത്വത്തിലുള്ള മോഹനന്‍ മാഷെയും ചില ഏരിയാ സെക്രട്ടറിമാരെയും സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാഗേഷിനെയുമെല്ലാം പ്രതിപട്ടികയില്‍ ചേര്‍ത്തത്? എന്നിട്ട് അതൊന്നും കോടതി അംഗീകരിച്ചില്ലെന്നും അവരെയെല്ലാം വെറുതെ വിടുകയായിരുന്നുവെന്നതും "മനോരമ"യിലെ നുണയന്മാര്‍ വിസ്മരിച്ചതാവില്ല. കെ സി രാമചന്ദ്രനുവേണ്ടി വന്‍ തുക മുടക്കി അഭിഭാഷകരെ ഏര്‍പ്പെടുത്തിയതെന്തിനെന്നാണ് "മനോരമ"യുടെ മറ്റൊരു മെഗാ ചോദ്യം? പാര്‍ടിയിലെ വിവിധ തലങ്ങളിലുള്ള നിരവധി കാഡര്‍മാരെ കള്ളക്കേസില്‍ കുടുക്കിയിട്ട്, അവരുടെ കേസ് വാദിക്കാന്‍ സംവിധാനമുണ്ടാക്കിയതിനെ കുറ്റപ്പെടുത്തുന്ന "മനോരമ"ക്കാരെന്‍റ ദുഷ്ടലാക്കാണ് ഇവിടെ വെളിപ്പെടുന്നത്. കേസു വാദിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പെടുത്താതെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടവരെയാകെ ശിക്ഷിക്കാന്‍ നിര്‍ത്തിക്കൊടുക്കണമെന്നായിരിക്കും "മനോരമ"യുടെ ഉള്ളിലിരിപ്പ്. അജന്‍ഡ വെളിപ്പെടുത്തി

"മാധ്യമം" 7-ാം തീയതിയിലെ "മാധ്യമം" പത്രത്തിന്റെ 5-ാം പേജില്‍ കെ എസ് ശ്രീജിത് എഴുതിയ ""ലക്ഷ്യമിട്ടത് വി എസിനെ; അകപ്പെട്ടത് രാഷ്ട്രീയ പത്മവ്യൂഹത്തില്‍"" എന്ന കഥ വലതുപക്ഷ അജന്‍ഡ സ്വയം വെളിപ്പെടുത്തുന്നതാണ്. ""ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അജന്‍ഡ തന്നെ സ്വയം മാറ്റിമറിക്കുന്ന വിഷയമാണ് ഇതുവഴി സിപിഎം നേതൃത്വം രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്"" എന്നത്രെ ജമാ അത്തെ ഇസ്ലാമി പത്രത്തിന്റെ നിരീക്ഷണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും അഴിമതിയും അധികാരം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ വിപത്തും ഇവയ്ക്കു രണ്ടു കൂട്ടര്‍ക്കും പിന്നിലുള്ള മൂലധന താല്‍പര്യങ്ങളും ഒന്നുമല്ല തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കേണ്ടത്, മറിച്ച് സിപിഐ എമ്മിന്റെ ധാര്‍മികതയെക്കുറിച്ചാണെന്നാണ് "മാധ്യമ"ക്കാരെന്‍റ ഇംഗിതം. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും മാധ്യമങ്ങളുടെയും ജനവിരുദ്ധതയാണ് സ്വയം അറിയാതെയെങ്കിലും ഇവിടെ പുറത്താകുന്നത്.

പ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന ഇന്ദ്രന്‍ 9-ാം തീയതിയിലെ "മാതൃഭൂമി"യില്‍ എഡിറ്റ് പേജിലെ "മഹാനായ" ഇന്ദ്രന്‍ വക "വിശേഷാല്‍ പ്രതി"യുടെ സവിശേഷ ശീര്‍ഷകം: ""പാര്‍ടി രഹസ്യാന്വേഷണവും പാര്‍ടിക്കോടതി വിധിയും"". ഇന്ദ്രന്‍സിന്റെ നിഗമനം നോക്കൂ: ""കമ്യൂണിസ്റ്റ് പാര്‍ടികളുടെ ചരിത്രത്തില്‍ എത്ര പേര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നു ചോദിച്ചാല്‍ ഭൂമി ഉണ്ടായ ശേഷം എത്ര പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചിട്ടുണ്ട് എന്നു ചോദിക്കുന്നതുപോലെയാണ്. കൈയും കണക്കും വെച്ചിട്ടില്ല"".

കണ്ണൂര്‍ ജില്ലക്കാരനായ ഈ മഹാന് മൊയാരത്ത് ശങ്കരനേയും അഴീക്കോടന്‍ രാഘവനെയുമെങ്കിലും കേട്ടറിവെങ്കിലുമുണ്ടായിരിക്കുമല്ലോ. ഈ ഉന്നത നേതാക്കളുടെ ചോരക്കറ വീണത് ഖദര്‍ക്കുപ്പായത്തിലാണെന്ന കാര്യം (ചീമേനി രക്തസാക്ഷികള്‍ ഉള്‍പ്പെടെ സാധാരണ പ്രവര്‍ത്തകര്‍ അസംഖ്യം പിന്നെയുമുണ്ട്) പ്രസ് അക്കാദമി അധ്യക്ഷ സ്ഥാനലബ്ധിയില്‍ ഇന്ദ്രന്‍സിന് മറച്ചുവെയ്ക്കാന്‍ ബാധ്യതയുണ്ടെങ്കിലും കേരളത്തിലെ ജനസാമാന്യത്തിന് അതൊന്നും വിസ്മരിക്കാനാവില്ല. ഒരു പഞ്ചായത്ത് അതിര്‍ത്തിയില്‍ ഒതുങ്ങിനിന്ന ഒരാളുടെ കൊലപാതകത്തെ പര്‍വതീകരിച്ച് അവതരിപ്പിച്ച് ആവര്‍ത്തനങ്ങളിലൂടെ അത് ലൈവാക്കി നിര്‍ത്താന്‍ നടത്തുന്ന ശ്രമത്തിനുപിന്നില്‍ വ്യക്തമായ മൂലധന അജന്‍ഡയാണുള്ളത്. ജനവിരുദ്ധ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ അധ്വാനിക്കുന്നവെന്‍റ പക്ഷത്തുനിന്നുയരുന്ന ചെറുത്തുനില്‍പുകളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണതിനു പിന്നില്‍.

*
ഗൗരി ചിന്ത വാരിക

No comments: