Thursday, March 6, 2014

കോണ്‍ഗ്രസിനു ബദല്‍ ബിജെപിയല്ല

കോണ്‍ഗ്രസിന്റെ തകര്‍ച്ചയെന്നാല്‍ ബിജെപിയുടെ ഉയര്‍ച്ചയെന്ന ഒരു രാഷ്ട്രീയ സമവാക്യം ശക്തമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ സ്വീകാര്യമായിരിക്കുന്നു ഈ സമവാക്യം എന്നതാണ് ഏറെ വിചിത്രം. കോണ്‍ഗ്രസിന് ബദലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തങ്ങളാണുള്ളതെന്ന പ്രതീതി ജനിപ്പിക്കാനും അങ്ങനെ ഇല്ലാത്ത പ്രസക്തി തങ്ങള്‍ക്ക് ഉണ്ടെന്നു വരുത്താനും ഈ സമവാക്യം സഹായിക്കുമെന്ന് ബിജെപി കരുതുന്നു. ആ നിലയ്ക്കാണ് ബിജെപിക്ക് ഇത് സ്വീകാര്യമാകുന്നത്. ബിജെപി അധികാരത്തില്‍ വരുമെന്ന ഭയപ്പാട് സൃഷ്ടിച്ച് ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ടാകെ സമാഹരിക്കാന്‍ ഈ സമവാക്യം തങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. ആ നിലയ്ക്കാണ് കോണ്‍ഗ്രസിന് ഇത് സ്വീകാര്യമാകുന്നത്. അങ്ങനെ കോണ്‍ഗ്രസിനും ബിജെപിക്കും പൊതുവില്‍ സ്വീകാര്യമായ മുദ്രാവാക്യമായി ഇത് മാറിയിരിക്കുന്നു.

അതെ, കോണ്‍ഗ്രസ് തകരുകതന്നെയാണ്. എന്നാല്‍, ആ പാര്‍ടി തകരുന്നിടത്തൊക്കെ ബിജെപിയാണ് ഉയരുന്നത് എന്നും ആ വഴിക്ക് ബിജെപി അധികാരമേറാന്‍ പോവുകയാണ് എന്നും പറഞ്ഞാല്‍ അതേക്കാള്‍ വലിയ അസംബന്ധമില്ല. ഏത് അളവുകോല്‍കൊണ്ട് അളന്നാലും ബിജെപിക്ക് അധികാരത്തിന്റെ ഏഴയലത്തുപോലും എത്താനാവില്ല എന്നതാണ് വസ്തുനിഷ്ഠ യാഥാര്‍ഥ്യം. ഒരുകാലത്ത് തങ്ങള്‍ അധികാരത്തില്‍ വരുമെന്ന പ്രതീതി സൃഷ്ടിക്കുന്നതിലെങ്കിലും ബിജെപി വിജയിച്ചിരുന്നു. എന്നാല്‍, ഇന്ന് അതുമില്ല.

2004ലെ പൊതു തെരഞ്ഞെടുപ്പ് വേളയിലാണ് അങ്ങനെയൊരു വിജയപ്രതീക്ഷാ പ്രതീതിയുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നത്- എന്‍ഡിഎ എന്ന നിലയ്ക്കായിരുന്നു അത്. ഇരുപത്തിനാല് ഘടകകക്ഷികള്‍ ഉള്‍പ്പെട്ട മുന്നണിയായിരുന്നു എന്‍ഡിഎ. ആ എന്‍ഡിഎയില്‍ ഇന്ന് ബിജെപിക്കൊപ്പമുള്ളത് രണ്ടേ രണ്ട് ഘടകകക്ഷികള്‍മാത്രം- പഞ്ചാബിലെ ശിരോമണി അകാലിദളും മഹാരാഷ്ട്രയിലെ ശിവസേനയും. ഇനി ഇപ്പോള്‍ രാംവിലാസ് പാസ്വാന്റെ ഒരു ചെറു ഗ്രൂപ്പുകൂടി കൂടുന്നുവെന്ന് വരുമ്പോഴും ഘടകകക്ഷികളുടെ എണ്ണം നാലിന് പുറത്തേക്ക് പോകുന്നില്ല. ഇരുപത്തിനാല് ഘടകകക്ഷികളുണ്ടായ 2004ല്‍ നേടാനാവാത്തത് വെറും നാല് ഘടകകക്ഷികളുള്ള 2014ല്‍ നേടാനാവുമോ?

2004ല്‍ ഒപ്പമുണ്ടായിരുന്ന പ്രധാന പ്രാദേശിക പാര്‍ടികളൊക്കെ ബിജെപിയെ വിട്ടുപോയി. ബിഹാറിലെ ജെഡിയു, തമിഴ്നാട്ടിലെ എഐഎഡിഎംകെ, അസമിലെ എജിപി, ഒഡിഷയിലെ ബിജു ജനതാദള്‍, ആന്ധ്രയിലെ തെലുങ്കുദേശം, പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്... അങ്ങനെ പലതും. കേരളം മുതല്‍ പശ്ചിമബംഗാള്‍വരെ തൊട്ടുതൊട്ടു കിടക്കുന്ന കിഴക്കന്‍ തീര സംസ്ഥാനങ്ങളിലൊരിടത്തും ഒരു സീറ്റും ബിജെപിക്ക് കിട്ടാനില്ല. 20 സീറ്റുള്ള കേരളത്തിലില്ല; ഒരു സീറ്റുള്ള പുതുച്ചേരിയിലില്ല, 39 സീറ്റുള്ള തമിഴ്നാട്ടിലില്ല, 42 സീറ്റുള്ള ആന്ധ്രപ്രദേശിലില്ല, 21 സീറ്റുള്ള ഒഡിഷയിലില്ല, 42 സീറ്റുള്ള പശ്ചിമബംഗാളിലില്ല. 165 സീറ്റ് ഇങ്ങനെ മാറിക്കഴിഞ്ഞു. അവിടെവിടെയും ബിജെപിക്ക് പച്ച തൊടാനാവില്ല. 2004ല്‍ കിഴക്കന്‍തീരത്തെ സംസ്ഥാനങ്ങളിലൊക്കെ ബിജെപിക്ക് സഖ്യകക്ഷികളുണ്ടായിരുന്നു. ബംഗാളില്‍ തൃണമൂല്‍, ഒഡിഷയില്‍ ബിജു ജനതാദള്‍, ആന്ധ്രയില്‍ തെലുങ്കുദേശം, തമിഴ്നാട്ടില്‍ എഐഎഡിഎംകെ. ഇവരുടെ ബലത്തിലാണ് അന്ന് അങ്ങിങ്ങായി ഈ മേഖലയില്‍ കുറെ സീറ്റുകള്‍ ബിജെപി നേടിയത്. ഇന്ന് ഇവിടെവിടെയും സഖ്യകക്ഷിയില്ല, ഒന്നും പ്രതീക്ഷിക്കാനുമില്ല. ഇനി ഹിന്ദി ഹൃദയഭൂമി എടുത്താലോ? ശരദ് യാദവിന്റെ ജെഡിയു വിട്ടുപോയതോടെ ബിഹാറില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. ഉത്തര്‍പ്രദേശിലെ സ്ഥിതിയും കാര്യമായ തോതില്‍ വ്യത്യസ്തമല്ല. ഒറ്റപ്പെടലിന്റെ തീവ്രവേദന അനുഭവിക്കുകയാണ് ഇന്ന് ബിജെപി. അതുകൊണ്ടുതന്നെ എവിടെനിന്നും ആരെയും ഒപ്പം കൂട്ടാന്‍ അവര്‍ നിര്‍ലജ്ജം തയ്യാറാകുന്നു. എന്നിട്ടും കൂട്ടിനു കക്ഷികളെ കിട്ടാനില്ല. ഹരിയാനയില്‍ കുംഭകോണക്കേസില്‍ ജയിലില്‍ കിടക്കുന്ന ഒ പി ചൗത്താലയെ കാണാന്‍ ദൂതനെ വിട്ടിരിക്കുകയാണ് അവര്‍. എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ പാര്‍ടിയെയെങ്കിലും കൂടെ കൂട്ടാന്‍. ഇനി ചൗത്താല കൂടെ കൂടിയാലും നിലയില്‍ മാറ്റമുണ്ടാവില്ല. കാരണം ചൗത്താലയ്ക്ക് കാര്യമായ സ്വാധീനമൊന്നും ഹരിയാനയില്‍ ഇന്നില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഗുജറാത്ത് കഴിഞ്ഞാല്‍ നരേന്ദ്രമോഡിക്ക് പ്രതീക്ഷ. ഈ സംസ്ഥാനങ്ങള്‍ പൊതുവെ ബിജെപിക്ക് ശക്തിയുള്ളിടങ്ങളാണ് താനും. എന്നാല്‍, ഇതില്‍പ്പെട്ട ഡല്‍ഹിയില്‍ ആം ആദ്മി സാന്നിധ്യം വെല്ലുവിളിയായിരിക്കുന്നു. അത് ഇതര സംസ്ഥാനങ്ങളിലേക്ക് പടരുകയുംചെയ്യുന്നു. ഇനി, അഥവാ ഈ നാല് സംസ്ഥാനങ്ങളിലും കുറെ സീറ്റ് പിടിക്കാന്‍ ബിജെപിക്ക് കഴിയുന്നുവെന്ന് വെറുതെ സങ്കല്‍പ്പിക്കുക. 543 അംഗ ലോക്സഭയിലേക്ക് ഈ സംസ്ഥാനങ്ങളെല്ലാം കൂടി ആകെ 72 അംഗങ്ങളെമാത്രമാണ് തെരഞ്ഞെടുത്ത് അയക്കുന്നത്. അതിലെ ഒരു ഓഹരി കിട്ടിയാല്‍ തന്നെ അതുകൊണ്ട് എന്താവാന്‍?

ഇന്ത്യയിലെ പ്രധാനപ്പെട്ട പല പാര്‍ടികള്‍ക്കും വ്യത്യസ്ത കാരണങ്ങളാല്‍ ബിജെപിയുമായി സഹകരിക്കാന്‍ കഴിയാത്ത നിലയുണ്ട്. മോഡിയാണ് പ്രധാനമന്ത്രിസ്ഥാനാര്‍ഥി എന്നതുകൊണ്ടുതന്നെ അതുമായി അടുക്കാത്ത പാര്‍ടികളും നിരവധി. യുപി ഭരിക്കുന്ന മുലായം സിങ്ങിന്റെ എസ്പിക്ക് ഏത് സാഹചര്യത്തിലും ബിജെപിയുമായി ചേരാനാവില്ല. ചേരുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നാല്‍ അതുപോലും അവരുടെ അടിത്തറയിളക്കും. ബിഹാറില്‍ 17 വര്‍ഷം ബിജെപിയുമായി സഖ്യത്തിലിരുന്ന ജെഡിയു ഇന്ന് ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് ബിജെപിയെയാണ്. ഒഡിഷയിലെ ബിജു ജനതാദള്‍ ബിജെപി ബന്ധം വിച്ഛേദിച്ചതുതന്നെ വര്‍ഗീയ കലാപപ്രശ്നത്തിലാണ്. കലാപങ്ങളുടെ കപ്പിത്താനെ പ്രധാനമന്ത്രിയാക്കാന്‍ ബിജു ജനതാദളിനോ അതിനെ നയിക്കുന്ന നവീന്‍ പട്നായിക്കിനോ കഴിയില്ല. എന്നുമാത്രമല്ല, നവീന്‍ പട്നായിക് ഇടതുപക്ഷവുമായി ദൃഢമായ ബന്ധത്തിലാണുതാനും. ഒരുപാട് ന്യൂനപക്ഷ സമ്മര്‍ദ ഗ്രൂപ്പുകളുള്ള പാര്‍ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ഇനിയൊരിക്കല്‍കൂടി ബിജെപിയുമായി സഹകരിക്കാന്‍ മമതാ ബാനര്‍ജിക്ക് കഴിയില്ല. ന്യൂനപക്ഷ സമ്മര്‍ദ ഗ്രൂപ്പുകളെ കണ്ടില്ലെന്നു നടിക്കാവുന്നത്ര ഭദ്രമല്ല ഇന്ന് മമതയുടെ സ്ഥിതി. പശ്ചിമബംഗാള്‍, അസം, ഒഡിഷ എന്നിവയടക്കമുള്ള വടക്കും കിഴക്കുമുള്ള മേഖലയില്‍ 80 ലോക്സഭാ സീറ്റുകളുള്ളതില്‍ ഏഴോ എട്ടോ സീറ്റിനപ്പുറം ബിജെപിക്ക് പ്രതീക്ഷിക്കാനില്ല. ഒറ്റയ്ക്കു മത്സരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്ന നിലയില്‍ അതുപോലും ബിജെപിക്ക് ഉറപ്പില്ലതാനും.

ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ്, ഗോവ എന്നിവിടങ്ങളിലും സഖ്യകക്ഷികളില്ലാതെ വിഷമിക്കുകയാണ് ബിജെപി. ആന്ധ്രയില്‍ കോണ്‍ഗ്രസിനെപ്പോലെതന്നെ തകര്‍ന്നുകിടക്കുകയാണ് ബിജെപിയും. ജഗനുമായി അവിടെ സഖ്യമുണ്ടാക്കാന്‍ തീവ്രശ്രമം നടത്തിനോക്കി. പക്ഷേ, സാധ്യമായിട്ടില്ല. വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിട്ട്് വരൂ എന്നാണ് ജഗന്‍ പറഞ്ഞത്. ബിജെപിക്കാണെങ്കില്‍ അതിന് കഴിയുകയുമില്ല. ഇത്തരമൊരു ഗതികേടിന്റെ പശ്ചാത്തലത്തിലാണ് അഴിമതിക്കുറ്റത്തിന് പുറത്തായ മുന്‍ മുഖ്യമന്ത്രി യദ്യൂരപ്പയെ തിരിച്ചുകൊണ്ടുവന്നു പോലും ഭാഗ്യം പരീക്ഷിക്കാന്‍ കര്‍ണാടകത്തില്‍ ബിജെപി വ്യഗ്രതപ്പെടുന്നത്; കല്യാണ്‍ സിങ്ങിനെ തിരിച്ചുകൊണ്ടുവന്ന് മുഖംരക്ഷിക്കാന്‍ യുപിയില്‍ ശ്രമിക്കുന്നത്. സുഷമാ സ്വരാജ് ഉള്‍പ്പെടുന്ന എല്‍ കെ അദ്വാനി ഗ്രൂപ്പ് ആകട്ടെ, കര്‍ണാടകത്തില്‍ യദ്യൂരപ്പയുടെ പുനപ്രവേശനത്തെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടുമിരിക്കുന്നു. മോഡി- അദ്വാനി അധികാര വടംവലി മോഡി പ്രതീക്ഷിച്ച അര്‍പ്പിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ത്തന്നെ ബിജെപിയുടെ സാധ്യതകളെ എത്രത്തോളം ഇല്ലാതാക്കും എന്നത് കാത്തിരുന്നു കാണാം. ഇതാണ് ബിജെപിയുടെ യഥാര്‍ഥ നില എന്നിരിക്കെ, ആ പാര്‍ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് ആശങ്ക പടര്‍ത്തുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്?

തങ്ങള്‍ തകര്‍ന്നാല്‍ ബിജെപി വരുമെന്ന് ആശങ്ക പടര്‍ത്തി അതിന്റെ മറവില്‍ ന്യൂനപക്ഷ വോട്ട് വാങ്ങി ജയിക്കാമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. അതു മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണിന്ന് അവര്‍ നടത്തുന്നത്. എന്നാല്‍, ഇതില്‍ പാതിയേ സത്യമുള്ളൂ. അത് കോണ്‍ഗ്രസ് തകരുകയാണ് എന്നതാണ്. പക്ഷേ, ആ തകര്‍ച്ച ഒരുവിധത്തിലും ബിജെപിയുടെ ഉയര്‍ച്ചയല്ല. 29 സംസ്ഥാനങ്ങളുള്ളതില്‍ 25ലും പ്രാദേശിക-മതനിരപേക്ഷ-ഇടതുപക്ഷ ശക്തികളുടെ ശ്രദ്ധേയ സാന്നിധ്യമാണ് കാണാന്‍ കഴിയുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിങ്ങനെ നാലഞ്ച് സംസ്ഥാനങ്ങളില്‍മാത്രമാണ് ഒന്നുകില്‍ ബിജെപി അല്ലെങ്കില്‍ കോണ്‍ഗ്രസ് എന്ന നിലയുള്ളത്. ഇതര സംസ്ഥാനങ്ങളിലൊക്കെ ബിജെപിയിതര-കോണ്‍ഗ്രസിതര പാര്‍ടികള്‍ പ്രമുഖ ശക്തിയായി നിലയുറപ്പിച്ചു നില്‍ക്കുന്ന ചിത്രമാണ് തെളിയുന്നത്. 2009 ല്‍ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം അപഗ്രഥിച്ചാല്‍ കോണ്‍ഗ്രസും ബിജെപിയും നേടിയ വോട്ട് ഒരുമിച്ച് ചേര്‍ത്തുവച്ചാല്‍ പോലും 40 ശതമാനമേ വരൂ. 60 ശതമാനം ഈ ഇരു പാര്‍ടികളുടേതുമല്ലാതെ വേറെയുണ്ട്. തമിഴ്നാട്ടില്‍ എഐഎഡിഎംകെ, ആന്ധ്രാപ്രദേശില്‍ ടിഡിപി അടക്കമുള്ള പാര്‍ടികള്‍, ജാര്‍ഖണ്ഡില്‍ ആര്‍ജെഡി-ജെഎംഎം, കര്‍ണാടകത്തില്‍ ജനതാദള്‍, ഒഡിഷയില്‍ ബിജെഡി, അസമില്‍ എജിപി, ബിഹാറില്‍ ജെഡിയു, ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ടി, ബിഎസ്പി, ഹരിയാനയില്‍ ഐഎന്‍എല്‍ഡി, ജമ്മു കശ്മീരില്‍ പിഡിപി-നാഷണല്‍ കോണ്‍ഫറന്‍സ് എന്നിങ്ങനെ പടര്‍ന്നുകിടക്കുന്നു അത്. ആ അറുപതു ശതമാനം ഒരുമിച്ചു ചേരുന്ന തെരഞ്ഞെടുപ്പാണിത്. അത് ഇന്ത്യന്‍ ഭൂപടത്തിന്റെ അറുപത് ശതമാനമാണ്. ഇടതുപക്ഷ ജനാധിപത്യ-മതേതര കക്ഷികളുടെ നേതൃത്വത്തിലുള്ളതും ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റിന് വിലകല്‍പ്പിക്കുന്നതും സമതുലിതമായ സമഗ്രപുരോഗതി രാജ്യത്താകെ ഉറപ്പുവരുത്തുന്നതുമായ ഒരു പുതിയ സംവിധാനത്തിനു തുടക്കം കുറിക്കും അത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നോര്‍ത്ത്-ഈസ്റ്റ് ഫ്രണ്ടിയര്‍ ഫ്രണ്ട് മുതല്‍ ഇന്ന് ബിജെപിക്കൊപ്പമുള്ള ശിരോമണി അകാലിദള്‍വരെ അതുമായി സഹകരിക്കുന്ന ഒരു നിലയാവും തെരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിയുക. അതാകട്ടെ, കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തകര്‍ച്ചയിലൂടെയാകും ഉയര്‍ന്നുവരിക.

എക്കാലത്തും ഡല്‍ഹിയില്‍ രണ്ട് പ്രബല കക്ഷികളിലൊന്ന് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇന്ന് മൂന്നാം കക്ഷിയായി. സീമാന്ധ്രയില്‍ മുതല്‍ യുപിയിലും ബിഹാറിലുംവരെ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുന്നു. അങ്ങനെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഈ പൊതുതെരഞ്ഞെടുപ്പിലൂടെ പൂര്‍ത്തിയാകും. ഇതുതന്നെയാണ് കോണ്‍ഗ്രസിന് എഴുപത്തഞ്ചിനും നൂറിനുമിടയില്‍ സീറ്റേ ലഭിക്കൂ എന്ന ഏറ്റവും പുതിയ അഭിപ്രായ സര്‍വെയില്‍ തെളിയുന്നതും. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുമ്പോള്‍ ബിജെപിയാകട്ടെ, എഴുന്നേറ്റു നില്‍ക്കാന്‍പോലും കരുത്തില്ലാത്ത ദുര്‍ബല പ്രസ്ഥാനമാവുകയാണ്. രണ്ടിനുമിടയിലൂടെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷകക്ഷികളുടെ വിജയത്തിന്റെ സൂര്യനുദിക്കുകയുമാണ്.

*
പ്രഭാവര്‍മ

1 comment:

ആൾരൂപൻ said...

സാമ്പത്തിക വിദഗ്ദന്മാരായ മന്മോഹൻസിങ്ങും ചിദംബരും മറ്റും തീർച്ചയായും സമ്മതിക്കുന്ന കാര്യമാണ് ഇന്ത്യയെ ഒരു പ്രബലശക്തിയായി നവീകരിക്കണമെന്ന്. അങ്ങനെ മാറ്റം വരുത്തുക എന്നു പറഞ്ഞാൽ ഇന്ത്യയെ "മോഡിഫൈ" (MODIfy) ചെയ്യുക എന്നാണർത്ഥം. അപ്പോൾ "മോഡി"യില്ലാതെ എന്തു മോഡിഫിക്കേഷൻ? അതല്ലെങ്കിൽ "മോഡിഫൈ" ചെയ്യുമ്പോൾ അതിൽ മോഡി ഇല്ലാതിരിക്കുമോ? അതുകൊണ്ട് ഇന്ത്യ നില നിൽക്കാനായാലും ഇന്ത്യയെ മോഡിഫൈ ചെയ്യാനായാലും NDA-യുടേയോ BJP-യുടേയോ കൂടെ നിന്നേ പറ്റൂ. അപ്പോൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് അങ്ങനെ ചെയ്യാം. എന്താ? ഒന്നുമില്ലെങ്കിലും ബി.ജെ. പി. യെ "മോഡി"ഫൈ ചെയ്യാൻ അദ്വാനിജിയെ മാറ്റുകയെന്ന കടുത്ത നടപടി വരെ അവർ ചെയ്തില്ലേ? അപ്പോൾ നമ്മുടെ ഒരു "കൈ" സഹായം ഇത്തവണ അവർക്കിരിക്കട്ടെ. എന്താ? ഒരു ഗ്ലാസ് "ചായ" കുടിച്ചു കൊണ്ട് നമുക്ക് അങ്ങനെയൊരു പ്രതിജ്ഞ എടുക്കാം അല്ലേ?