Monday, March 3, 2014

സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരം- 2

ഒന്നാം ഭാഗം

ഉപപദ്ധതിക്കും നോഡല്‍ ഏജന്‍സിക്കും വേണ്ടിയുള്ള നിയമനിര്‍മ്മാണം നടത്തിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു മൂന്നാമത്തെ പ്രസ്ഥാനം. സാമൂഹ്യമായ പ്രശ്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, സാമ്പത്തികമായ പ്രശ്നങ്ങളുടെ കാര്യത്തിലും ദളിതരോട് വിവേചനം കാണിക്കുന്നുണ്ട് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ഗ്രാമങ്ങളുടെ വികസന പദ്ധതികളില്‍, ദളിതരുടെ ബസ്തികളും കോളണികളും പലപ്പോഴും അവഗണിക്കപ്പെട്ടുപോകുന്നു. ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ക്ക് കടകവിരുദ്ധമായി ബജറ്റ് വകയിരുത്തലിന്റെ കാര്യത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും നീതി ലഭിക്കുന്നില്ല. അവരുടെ ജനസംഖ്യയുടെ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ വേണം ബജറ്റ് വകയിരുത്തല്‍. ഇത്തരം പ്രശ്നങ്ങളുടെ കാര്യത്തിലും ദളിത് സംഘടനകളും എന്‍ജിഒകളും ഏറെ വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നിവേദനങ്ങളും മെമ്മോറാണ്ടങ്ങളുംകൊണ്ട് ഗുണമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്ന സംഘടന, 2007 ഫെബ്രുവരിയില്‍ ഒരു ക്യാമ്പൈന്‍ സമരം ആരംഭിച്ചു. 25 സംസ്ഥാനതല-ജില്ലാതല നേതാക്കന്മാര്‍ ആറുദിവസം നീണ്ടുനില്‍ക്കുന്ന സത്യഗ്രഹം സംഘടിപ്പിച്ചു. ഇത്തരം സമ്മര്‍ദങ്ങളുടെഫലമായി നോഡല്‍ ഏജന്‍സിയെ നിയമിക്കുന്നതിനുള്ള കല്‍പനയിറക്കുന്നതിന് അതേ വര്‍ഷം നവംബറില്‍ത്തന്നെ ഗവണ്‍മെന്റ് നിര്‍ബന്ധിതമായിത്തീര്‍ന്നു.

എന്നാല്‍ ആ കല്‍പന ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉപ പദ്ധതി നടപ്പാക്കുമെന്ന് ഉറപ്പാക്കപ്പെടണമെങ്കില്‍ അതിന് നിയമപരമായ ബാധ്യത ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട്, 2011ല്‍ ഏഴുദിവസം നീണ്ടുനിന്ന സത്യഗ്രഹവും സംഘടിപ്പിക്കുകയുണ്ടായി. ഈ ആവശ്യത്തിന്റെ സാംഗത്യം പഠിക്കുന്നതിനുവേണ്ടി ഉപ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഒരു മന്ത്രിതല സബ് കമ്മിറ്റി രൂപീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായി. ആ സബ്കമ്മിറ്റിയുടെ ശുപാര്‍ശകളിന്മേല്‍, യാതൊരു തീരുമാനവുമെടുക്കാതെ ഗവണ്‍മെന്റ് അടയിരിക്കുകയാണെന്ന് കണ്ടപ്പോള്‍, 100 സംഘടനകള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശാല ഐക്യ മുന്നണിയുടെ ആഭിമുഖ്യത്തില്‍ 2012 മാര്‍ച്ച് 27ന് പ്രതിഷേധ പ്രകടന പരിപാടി സംഘടിപ്പിക്കപ്പെട്ടു. ഒടുവില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന ഗവണ്‍മെന്റ്, 2012 ഡിസംബറില്‍ ഒരു നിയമനിര്‍മ്മാണം നടത്തി.

ഇതൊരു നല്ല നീക്കമാണെങ്കിലും, ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നീക്കിവെച്ച തുക അവര്‍ക്കുവേണ്ടിത്തന്നെ ചെലവാക്കപ്പെടും എന്നതിന് യാതൊരു ഉറപ്പുമില്ല. നിയമത്തില്‍ നിരവധി ദൗര്‍ബല്യങ്ങളുണ്ട്. ഈ പഴുതുകള്‍ ഇല്ലാതാക്കുന്നതിനും നിയമം നടപ്പാക്കിക്കുന്നതിനും ശക്തിയായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ഈ സമരങ്ങള്‍ക്കിടയില്‍ വിവിധ ശക്തികളും വിഭാഗങ്ങളും പ്രതികരിച്ചരീതി പരിശോധിച്ചാല്‍ രസകരമായ പല വസ്തുതകളും പുറത്തുവരും. ജാതി വിവേചനത്തിനെതിരായ സമരത്തിനും ഉപ പദ്ധതിക്കുവേണ്ടിയുള്ള ക്യാമ്പൈനും എതിരായി വിവിധ ശക്തികള്‍ വിവിധ നിലപാടുകളാണ് സ്വീകരിച്ചത്.

മനുഷ്യരുടെ ജാതി എന്തുതന്നെയായിരുന്നാലുംശരി, മനുഷ്യരെല്ലാവരും ശരീരശാസ്ത്രപരമായി ഒന്നുതന്നെയാണ് എന്നാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്; എല്ലാവരും തുല്യരാണെന്ന് മനുഷ്യത്വപരമായ മൂല്യങ്ങള്‍ നമ്മെ പഠിപ്പിക്കണം; ജാതിയും തൊഴിലും തമ്മിലുള്ള ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാല്‍ ജാതി വിവേചനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഗ്രാമീണമേഖലകളിലെ സമ്പന്ന സവര്‍ണ ഹിന്ദുക്കളുടെ മേധാവിത്വത്തെ പാവങ്ങള്‍ വെല്ലുവിളിക്കാതിരിക്കാന്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഒരു ആയുധമാണ് ജാതി വിവേചനം. ദളിതര്‍ ജാതി വിവേചനം നിരസിക്കുകയും തങ്ങളുടെ ഇച്ഛാനുസരണം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ സമൂഹത്തിലെ മറ്റ് പാവങ്ങളെയും പിന്നോക്കവിഭാഗങ്ങളെയും തങ്ങള്‍ക്ക് കീഴ്പ്പെടുത്തി നിര്‍ത്താന്‍ സവര്‍ണര്‍ക്ക് കഴിയില്ല. തങ്ങളും ദളിതരും തമ്മിലുള്ള പ്രവൃത്തിപരമായ ബന്ധത്തിനാണ്, ദളിതരല്ലാത്ത പാവങ്ങള്‍, തങ്ങളും ഭൂപ്രഭുക്കളും തമ്മിലുള്ള ജാതിപരമായ ബന്ധത്തിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക; അങ്ങനെവന്നാല്‍ അത് വര്‍ഗപരമായ ഐക്യത്തിലേക്കാണ് നീങ്ങുക; അപ്പോള്‍ വര്‍ഗപരമായ ചൂഷണത്തിനും ഭൂമിയുടെ കേന്ദ്രീകരണത്തിനും എതിരായിട്ടുള്ള സമരത്തില്‍ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് പാവങ്ങള്‍ക്ക് കഴിയും. ഭരണവര്‍ഗങ്ങളുടെ അധികാരത്തിന്റെയും ശക്തിയുടെയും അടിവേരുകളില്‍ത്തന്നെയാണ് അത് കത്തിവെയ്ക്കുക. അതുകൊണ്ടാണ് തങ്ങളുടെ വര്‍ഗപരമായ ചൂഷണത്തെ സംരക്ഷിക്കുന്നതിനുപോലും ജാതിപരമായ വിവേചനം നിലനില്‍ക്കുന്നതാണ് നല്ലതെന്ന് ഭരണവര്‍ഗങ്ങള്‍ കണക്കുകൂട്ടുന്നത്.

 ഇത്തരമൊരു സന്ദര്‍ത്തില്‍, വര്‍ഗസമരത്തിനുപോലും, ജാതി വിവേചനത്തിനെതിരായ ചെറുത്തുനില്‍പില്‍ ദളിതര്‍ തങ്ങളുടെ സ്വതന്ത്രമായ ശക്തി നേടേണ്ടത് അത്യാവശ്യമായിത്തീരുന്നു. ദളിതരും മറ്റ് പാവങ്ങളും തങ്ങള്‍ക്ക് കീഴൊതുങ്ങിനില്‍ക്കണമെന്നാണ് അധീശത്വശക്തികള്‍ (അവരുടെ രാഷ്ട്രീയച്ചായ്വ് എന്തുതന്നെയായിരുന്നാലുംശരി) ആഗ്രഹിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്‍കീഴില്‍, ദളിതരുടെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുന്നതിന്, ദളിതരെ സ്വന്തം നിയന്ത്രണത്തിന്‍കീഴില്‍ ഒതുക്കിനിര്‍ത്തേണ്ടതും മേധാവിത്വവര്‍ഗങ്ങളെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്. അതുകൊണ്ടാണ് ജാതി വിവേചനം തുടര്‍ന്നുകൊണ്ടിരിക്കണമെന്ന് മേധാവിത്വശക്തികളും ഭരണവര്‍ഗങ്ങളും ആഗ്രഹിക്കുന്നത്.    

ഗവണ്‍മെന്റിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദളിതര്‍ സമരംചെയ്യുന്നതില്‍ മേധാവിത്വശക്തികള്‍ക്ക് ഒട്ടും മനഃസാക്ഷിക്കുത്തില്ല. പലയിടങ്ങളിലും, പ്രതിപക്ഷത്തുള്ള ഇത്തരം ഭരണവര്‍ഗ പാര്‍ടികള്‍, ഇത്തരം സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകപോലും ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന കക്ഷികള്‍ ചില വാഗ്ദാനങ്ങള്‍ നടത്തുന്നുണ്ട്; അവയില്‍ ചിലത് നടപ്പാക്കപ്പെടുന്നുപോലുമുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ ദളിതരുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ശക്തമാണെങ്കില്‍ത്തന്നെയും, അത് ഉയര്‍ന്ന ജാതിക്കാരുടെ ചൂഷണത്തിനോ രാഷ്ട്രീയ മേധാവിത്വത്തിനോ നേര്‍ക്കുള്ള ഭീഷണിയായി ഉയരുന്നില്ല. എന്നുതന്നെയല്ല, ഭരണവര്‍ഗങ്ങള്‍ ദളിതരില്‍ ചിലരെ തങ്ങളുടെ ഭാഗത്തുനിര്‍ത്തി അവരെ കങ്കാണികളായോ ഏജന്റുമാരായോ അനുയായികളായോ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഈ ആളുകള്‍, അവര്‍ ദളിതര്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ത്തന്നെ, ഭരണവര്‍ഗ പാര്‍ടികളുടെ സ്വാധീനത്തിന് തങ്ങള്‍ ഭീഷണിയായിത്തീരുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

 ജാതി വിവേചനത്തിനെതിരായ പ്രക്ഷോഭവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ദളിത് ഉപ പദ്ധതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ദളിത് സംഘടനകള്‍ കൂടുതല്‍ സജീവമായ പങ്ക് വഹിക്കുകയുണ്ടായി. ഉപ പദ്ധതിയെക്കുറിച്ച് സമഗ്രമായി പഠിക്കുന്നതിനായി പല ദളിത് ബുദ്ധിജീവികളും ദളിത് ഗ്രൂപ്പുകളും വര്‍ഷങ്ങളോളം കാര്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ദളിതര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്ന കാര്യത്തില്‍ അവര്‍ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുമുണ്ട്. ഭരണകക്ഷികളിലെ ദളിത് പ്രതിനിധികളും സംസ്ഥാന ബ്യൂറോക്രസിയിലെ ദളിത് ഓഫീസര്‍മാരും സ്വന്തം വേദികളില്‍ നിന്നുകൊണ്ടാണെങ്കിലും, സമ്മര്‍ദം ചെലുത്തുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങളില്‍ ദളിത് സംഘടനകള്‍ വലിയതോതില്‍ അണിചേര്‍ന്നിട്ടില്ലെങ്കില്‍ത്തന്നെയും അവയുടെ നേതാക്കള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി.

 ദളിത് ഉപ പദ്ധതി നടപ്പാക്കപ്പെടുന്നത് ഗ്രാമീണ മേധാവിത്വശക്തി ശല്യപ്പെടുത്തുന്നില്ല എന്നതിനാല്‍, ഗവണ്‍മെന്റിലെ ദളിത് പ്രതിനിധികള്‍പോലും അതില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജാതി വിവേചനത്തിനെതിരായ സമരങ്ങളെ, ഭരണവര്‍ഗകക്ഷികളിലെ ദളിത് പ്രതിനിധികള്‍ പൂര്‍ണമായും അവഗണിച്ചതായും കാണാം. അവരില്‍ ചിലര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം വ്യക്തിപരമായി പ്രകടിപ്പിക്കുകയുണ്ടായെങ്കിലും ഇതിന് കടകവിരുദ്ധമായി, ജാതി വിവേചനത്തിനെതിരായ പ്രസ്ഥാനത്തെ ദളിത് സംഘടനകളുടെ പ്രതിനിധികള്‍ പ്രശംസിച്ചുവെങ്കിലും, അതില്‍ പങ്കെടുക്കുന്നതിനോ അതിനെ ശക്തിപ്പെടുത്തുന്നതിനോ അവര്‍ വലിയ താല്‍പര്യമൊന്നും കാണിച്ചതുമില്ല. ഉപ പദ്ധതിക്കുവേണ്ടി നിയമനിര്‍മ്മാണം നടത്താന്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന ഗവണ്‍മെന്റ് തങ്ങളാണ് അതിന് മുന്‍കയ്യെടുത്ത് നിയമം നിര്‍മ്മിച്ചതെന്ന അവകാശവാദം ഉന്നയിക്കുകയാണിപ്പോള്‍-മറ്റെല്ലാ പാര്‍ടികളില്‍നിന്നും എതിര്‍പ്പുണ്ടായിട്ടും. താന്‍ ""ദളിതരുടെ സുഹൃത്താണെന്ന (ദളിത് ബന്ധു) പദവി അവകാശപ്പെടാന്‍പോലും സംസ്ഥാനത്തെ മുഖ്യമന്ത്രി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ""ഇന്ദിരയുടെ സ്വപ്നങ്ങള്‍"" എന്ന പേരിലുള്ള ഒരു ക്യാമ്പൈന്ന് അവര്‍ ഇപ്പോള്‍ തുടക്കം കുറച്ചിരിക്കുകയാണ്.

ഈ നേട്ടം കൈവരിച്ചതിന്റെപേരില്‍ മുഖ്യമന്ത്രിയുടെമേല്‍ പ്രശംസചൊരിയാന്‍ മന്ത്രിമാരും ഭരണകക്ഷി എംഎല്‍എമാരും തമ്മില്‍ത്തമ്മില്‍ മത്സരിക്കുകയാണ്. ജാതി വിവേചനത്തിനെതിരായി പ്രചരണം നടത്തുന്നതിന് സംസ്ഥാനത്ത് നിലവില്‍വന്ന ഗവണ്‍മെന്റുകളൊന്നും താല്‍പര്യം കാണിക്കുകയുണ്ടായിട്ടില്ല. ഈ വിഷയത്തെ സംബന്ധിച്ച് അസംബ്ലിക്കുള്ളില്‍ ഒരു പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുന്നതിനുപോലും അവര്‍ക്ക് മടിയായിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന് ഒരു ചെയര്‍മാനെ നിയമിക്കുന്നതിനുപോലും നാലുവര്‍ഷക്കാലമായി അവര്‍ താല്‍പര്യം കാണിച്ചില്ല. സംവരണത്തിന്റെ മെച്ചം നേടിയ ദളിത് പ്രതിനിധികള്‍, തൊട്ടുകൂടായ്മയ്ക്കെതിരായി പ്രതികരിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടു-ഗ്രാമീണ മേഖലയിലെ മേധാവിത്വശക്തികള്‍ അവര്‍ക്കുമേല്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന കടുത്ത സമ്മര്‍ദ്ദത്തിന്റെ തെളിവാണത്.

തൊട്ടുകൂടായ്മയെക്കുറിച്ചും ജാതി വിവേചനത്തെക്കുറിച്ചും നിയമനിര്‍മ്മാണസഭകളില്‍ പരാമര്‍ശങ്ങളോ ചര്‍ച്ചകളോ നടക്കുന്നില്ല. പക്ഷേ, ദളിതരുടെ ക്ഷേമത്തിനുവേണ്ടി തങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെക്കുറിച്ച് ഭരണവര്‍ഗങ്ങള്‍ ആത്മപ്രശംസയില്‍ മുഴുകിയിരിക്കുകയാണുതാനും. അതവര്‍ സ്ഥിരം പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ഗ്രാമീണ മേധാവിത്വശക്തികളുടെ സ്വാധീനം കൂടുതല്‍ കര്‍ക്കശമായി അനുഭവപ്പെടുന്ന ജില്ലാ പരിഷത്തുകളിലും മണ്ഡല്‍ പരിഷത്തുകളിലും ഇതുപോലും കാണാനില്ല. ഇതില്‍നിന്നെല്ലാം രണ്ടു പ്രധാനപ്പെട്ട നിഗമനങ്ങളില്‍ എത്തിച്ചേരാവുന്നതാണ്; സംവരണം, ഉപപദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ ഒടുവില്‍ ബൂര്‍ഷ്വാ പാര്‍ടികള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകും; വേണ്ടിവന്നാല്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍തന്നെ അവര്‍ തയ്യാറാകും-കാരണം അവരുടെ മേധാവിത്വം, അഥവാ ചൂഷണവ്യവസ്ഥ മാറ്റമില്ലാതെ തുടരും. എന്ന് അവര്‍ക്കറിയാം. അത്തരം പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മേധാവിത്വമേഖലയ്ക്കപ്പുറം കടന്നുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി, അത്തരം പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെ അവര്‍ തങ്ങളുടെ കൂടെ കൂട്ടുന്നതും പതിവാണ്. എന്നാല്‍ തൊട്ടുകൂടായ്മ, ജാതി വിവേചനം തുടങ്ങിയ പ്രശ്നങ്ങളിലാകട്ടെ, ഇത്തരം ഹീനമായ വ്യവസ്ഥ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിന് ഈ പാര്‍ടികള്‍ ദൃഢനിശ്ചയമെടുത്തിരിക്കുകയാണുതാനും. ഈ ഹീനമായ വ്യവസ്ഥ ദൂരീകരിക്കുന്നതിനുള്ള ഏതൊരു ശ്രമത്തേയും അട്ടിമറിക്കുന്നതിന് അവര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുകയും ചെയ്യും. കാരണം ഗ്രാമീണ മേഖലയിലെ ദരിദ്രരുടെമേലുള്ള തങ്ങളുടെ പിടി നിലനിര്‍ത്തുന്നതിന്, ജാതി വിവേചനം നിലനിര്‍ത്തേണ്ടതുണ്ട് എന്ന് അവര്‍ക്കറിയാം.

 ദളിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം, അവയുടെ ചില ദൗര്‍ബല്യങ്ങള്‍ നമ്മുടെ അനുഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. പ്രതീക്ഷിച്ചത്ര ഫലം നേടിയെടുക്കാന്‍ കഴിയാത്തവിധം നമ്മെ തടയുന്ന ദൗര്‍ബല്യങ്ങളാണവ. പ്രധാനപ്പെട്ട ആറ് ദൗര്‍ബല്യങ്ങള്‍ താഴെ കൊടുക്കുന്നു:

1. ദളിതരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദളിത് ജനവിഭാഗങ്ങളെ അണിനിരത്തുന്നതില്‍ സംഭവിച്ച പരാജയം: ജാതിവ്യവസ്ഥയ്ക്കെതിരായും ദളിതരുടെയും മറ്റ് പിന്നോക്കവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഉണ്ടെങ്കിലും, ചില പ്രത്യേക സംഭവങ്ങളോട് പ്രതികരിക്കുന്നതുകൊണ്ടുമാത്രം സംതൃപ്തിയടയുന്നവരാണ് അവരില്‍ മിക്കവരും. ദൈനംദിന ജീവിതത്തില്‍ ദളിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്നതിനും ദളിതരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവര്‍, വിട്ടുവീഴ്ചയില്ലാത്ത ക്യാമ്പൈന്‍ നടത്താനോ പ്രവര്‍ത്തിക്കാനോ തയ്യാറാവുന്നില്ല.

2. വാചകമടി വലിയത്; പക്ഷേ പ്രവൃത്തി കുറച്ചും: ജാതിയെ സംബന്ധിച്ച വിവിധവശങ്ങളെക്കുറിച്ച് അറ്റമില്ലാത്ത ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കും. ഹിന്ദുമതത്തെ നവീകരിക്കാതെ ജാതിവ്യവസ്ഥ അവസാനിപ്പിക്കാന്‍ കഴിയുമോ? വര്‍ഗ വ്യവസ്ഥ ഇല്ലാതാക്കാതെ ജാതിവ്യവസ്ഥ അവസാനിപ്പിക്കാന്‍ കഴിയുമോ? ജാതിവ്യവസ്ഥ അവസാനിപ്പിക്കാതെ ജാതി വിവേചനവും തൊട്ടുകൂടായ്മയും അവസാനിപ്പിക്കാന്‍ കഴിയുമോ? ഇത്തരം പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും വാദിയെ പ്രതിയാക്കുന്നവിധം തരം താഴാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് വ്യക്തത കൈവരുത്തുന്നതിനായി സൈദ്ധാന്തികമായി ചര്‍ച്ചകള്‍ അനിവാര്യമാണ്. എന്നാല്‍ വാദപ്രതിവാദങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്നതുകൊണ്ടുമാത്രം നാം തൃപ്തിയടയരുത്. വാദപ്രതിവാദങ്ങള്‍കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പ്രവൃത്തികൊണ്ട് പരിഹരിക്കാന്‍ കഴിയും. ഒരു സംഘടനയുടെ വില, അതിന്റെ ആദര്‍ശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലാണ് കിടക്കുന്നത്.

3. തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതില്‍ വിശ്വാസമില്ലായ്മ: ജാതിവ്യവസ്ഥയെ തകര്‍ക്കാതെതന്നെ തൊട്ടുകൂടായ്മയും ജാതി വിവേചനവും അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. പ്രശ്നത്തെ ഈ രീതിയില്‍ കാണുന്നത് ശരിയല്ല. നിരന്തരവും ശക്തവുമായ സമരങ്ങളിലൂടെ മാത്രമേ, പൊതുമണ്ഡലങ്ങളില്‍നിന്ന് തൊട്ടുകൂടായ്മയും കടുത്ത രൂപത്തിലുള്ള ജാതി വിവേചനവും ദൂരീകരിക്കാന്‍ കഴിയൂ.

4. അവസാനിക്കാത്ത ശിഥിലീകരണം: വിവിധ ജാതി/സ്വത്വസംഘടനകളുടെ സ്വഭാവം ഐക്യം എന്നതിനേക്കാളേറെ ഭിന്നിപ്പ് ആണെന്നു കാണാം. സാമൂഹ്യനീതി നേടിയെടുക്കുന്നതിനുള്ള കടമ മുന്നോട്ടു കൊണ്ടുപോകുന്നതിന്മുന്നിലുള്ള പ്രധാന തടസ്സം ഇതാണ്. കരംചേദു, സുന്ദരു തുടങ്ങിയ ചില ഭീകര സംഭവങ്ങളെതുടര്‍ന്ന് ഒരുതരത്തിലുള്ള ഐക്യമുണ്ടാക്കാന്‍ കഴിഞ്ഞുവെങ്കില്‍തന്നെ, അവയൊക്കെ നൈമിഷികമായിട്ടുള്ളതാണ്; താല്‍ക്കാലികമായിട്ടുള്ളതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ പ്രാഥമികമാണെ ന്നതിനാല്‍ അവ നിലനില്‍ക്കുന്നു. ഒരു പ്രത്യേക ലക്ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി വിശാലമായ ഐക്യം ഊട്ടിയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല. അത്തരം ഐക്യം നേടിയെടുക്കുന്നതിന് രാസത്വരകത്തെപ്പോലെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ഇന്നത്തെ ദശാസന്ധിയില്‍ അത്യാവശ്യമാണ്.

 5. കാലവിളംബമുണ്ടാക്കുന്ന വിഭാഗീയ പ്രവണതകള്‍: ദളിതരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ദളിതര്‍ക്കേ കഴിയൂ. ദളിതര്‍ക്കുവേണ്ടി ദളിതര്‍മാത്രം പ്രവര്‍ത്തിച്ചാല്‍ മതി തുടങ്ങിയ, ദളിതരെ ഒറ്റപ്പെടുത്തി നിര്‍ത്തുന്ന പ്രവണതകള്‍ മുന്‍കാലങ്ങളില്‍ ശക്തമായിരുന്നു. ഈ വിഭാഗീയ പ്രവണത ഒരതിരുവരെ ദുര്‍ബലമായിത്തീര്‍ന്നിട്ടുണ്ടെങ്കിലും, അത് പരിഗണനാര്‍ഹമായ ഒരു ശക്തിയായിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരം പ്രവണതകളെ മറികടക്കാതെ, ജാതി വിവേചനത്തിനെതിരായ സമരത്തില്‍ ഒന്നിച്ചുവരേണ്ട ശക്തികളെ മുഴുവന്‍ ഒന്നിപ്പിക്കാതെ, ഒറ്റപ്പെട്ട ഒരു സമരം നടത്തുന്നത് വിജയപ്രദമായിത്തീരുകയില്ല. ദളിതരുടെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള സമരത്തില്‍ ദളിതര്‍ക്ക് ഒരു മുഖ്യ പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ജനാധിപത്യ-ദളിതേതര ശക്തികളെയും വിഭാഗങ്ങളേയും അണിനിരത്തുന്നതിനുള്ള ശ്രമങ്ങളെ അവഗണിക്കണമെന്നല്ല ഇതിനര്‍ഥം.

 6. വര്‍ഗപ്രസ്ഥാനങ്ങള്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല: ചൂഷണരഹിതമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍, അതായത് പ്രധാനമായും കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ പ്രസ്ഥാനങ്ങളില്‍ അണിനിരത്തുന്നതിനായി പല സംഘടനകളും രൂപീകരിക്കുന്നുണ്ട്. ഓരോ വിഭാഗത്തിന്റേയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച്, അവര്‍ തൊഴിലാളികളെയും കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും വിദ്യാര്‍ഥികളെയും യുവാക്കളെയും സ്ത്രീകളെയും സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സംഘടനകളെല്ലാംതന്നെ അവയുടെ ലക്ഷ്യങ്ങളിലൊന്നായി, ജാതി വിവേചനത്തിനെതിരായി സമരംചെയ്യുകയും ദളിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ പ്രത്യേക ലക്ഷ്യത്തില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അവര്‍ക്ക് കഴിയുന്നില്ല. ഈ സംഘടനകള്‍ക്ക് നിരവധി പ്രശ്നങ്ങളും താല്‍പര്യങ്ങളും ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട്, ഇത് സാധ്യവുമല്ല. തൊട്ടുകൂടായ്മയും ജാതിവിവേചനവും അവസാനിപ്പിക്കുന്നതില്‍ താല്‍പര്യമുള്ള ഏതൊരു സംഘടനയും വ്യക്തിയും, മേല്‍പറഞ്ഞ ദൗര്‍ബല്യങ്ങള്‍ മറികടക്കുന്നതിനായി ശ്രമിക്കുകയും വിശാലാടിസ്ഥാനത്തിലുള്ള യോജിച്ച പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യണം. ജാതി വിവേചനത്തിനെതിരായി സമരംചെയ്യുന്നതിനുള്ള സംഘടന, കഴിഞ്ഞ പതിനഞ്ചുകൊല്ലത്തെ അതിന്റെ നിലനില്‍പിനിടയില്‍, മേല്‍പറഞ്ഞ ധാരണ പ്രാവര്‍ത്തികമാക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്.
 (അവസാനിച്ചു)
*
ബി വി രാഘവുലു ചിന്ത വാരിക

No comments: