Thursday, March 6, 2014

പൗരസമൂഹത്തെ വിലയ്ക്കെടുക്കുമ്പോള്‍

ആധുനികസമൂഹത്തെയാകെ രണ്ട് തലങ്ങളിലാണ് അന്റോണിയോ ഗ്രാംഷി എന്ന ഇറ്റാലിയന്‍ ചിന്തകന്‍ വിഭജിക്കുന്നത്. ഒന്ന്, പൗരസമൂഹം. അത് പൊതുസമ്മതത്തിന്റെയും പരസ്പരപ്രേരണയുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട്, രാഷ്ട്രീയ സമൂഹം അഥവാ ഭരണകൂടം. അതാവട്ടെ, ആത്യന്തികമായി അധികാരത്തിന്റെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കുന്നത്. കോടതി, പട്ടാളം, പൊലീസ്, നിയമങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഈ ബലപ്രയോഗം സാധിക്കുന്നത്. ഇത്തരം ബലപ്രയോഗങ്ങളൊന്നുമില്ലാതെ പൊതുസമ്മതിയും പ്രേരണയും ഉപയോഗിച്ചാണ് പൗരസമൂഹം നിലനില്‍ക്കുക. ആശയപരമായ സ്വാധീനത്തിന്റെ നേതൃത്വമാണ് പൗരസമൂഹത്തിന്റെ കെട്ടുറപ്പിനാധാരം. ബലപ്രയോഗത്തിലൂടെ ആധിപത്യം സ്ഥാപിക്കാന്‍ രാഷ്ട്രീയ സമൂഹ(ഭരണകൂട)ത്തിന് കഴിയുമെങ്കിലും പൗരസമൂഹത്തില്‍ ആശയപരമായ സ്വാധീനം കൂടിയുണ്ടെങ്കില്‍മാത്രമേ അതിന്റെ നിലനില്‍പ്പ് സുരക്ഷിതമാവൂ. ആധുനികകാലത്ത്, ഈ സ്വാധീനം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാനശക്തിയാണ് മാധ്യമങ്ങള്‍. പൊതുസമ്മതിയിലൂടെയും പ്രേരണാശക്തിയിലൂടെയും പൗരസമൂഹത്തില്‍ മാധ്യമങ്ങള്‍ നടത്തുന്ന ബലപ്രയോഗരഹിതമായ നിയന്ത്രണം വളരെ പ്രകടമായിരിക്കുന്നു.

കേരളത്തില്‍ അടുത്തകാലത്ത് ചര്‍ച്ചാവിഷയമായ, രണ്ട് സ്ത്രീകളുടെ മരണങ്ങളോടുള്ള മാധ്യമസമീപനം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഒരാളുടേത് അസ്വാഭാവികമരണവും മറ്റൊരാളുടേത് കൊലപാതകവും ആയിരുന്നു. അസ്വാഭാവികമരണത്തിനിരയായ സുനന്ദ പുഷ്കര്‍, മരണത്തിനുമുമ്പ് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. മരണാനന്തരം മൂന്നുനാലുദിവസങ്ങള്‍ക്കുള്ളില്‍ അവരെ മാധ്യമങ്ങള്‍ അടക്കംചെയ്തു. അസ്വാഭാവികമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ സുനന്ദയെക്കുറിച്ചുള്ള പുതിയപുതിയ കഥകള്‍ മെനഞ്ഞ് ആ മരണത്തെ ആഘോഷിച്ച മാധ്യമങ്ങള്‍, റിപ്പോര്‍ട്ട് വന്നതോടെ പിന്‍വാങ്ങി. അങ്ങനെ വിസ്മരിക്കേണ്ടവരായിരുന്നില്ല ആ സ്ത്രീ എന്നും അങ്ങനെ അടക്കംചെയ്യേണ്ടതായിരുന്നില്ല അവരുടെ അസ്വാഭാവികമരണമെന്നും അറിയാതെയല്ല മാധ്യമങ്ങള്‍ അതിനു തുനിഞ്ഞത്. രാധ എന്ന സ്ത്രീ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത് അച്ചടിദൃശ്യമാധ്യമങ്ങളില്‍ ഭൂരിഭാഗത്തിനും പ്രധാനവാര്‍ത്തയേ ആയില്ല. കൊലപാതകത്തിനു പിന്നിലെ ചില രാഷ്ട്രീയനേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും അവര്‍ അവഗണിച്ചു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സ്ത്രീകളെ സംബന്ധിക്കുന്ന പൊതുബോധത്തെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്തരം മാധ്യമങ്ങള്‍ സ്വീകരിച്ചത്.

സ്ത്രീകളെ സംബന്ധിക്കുന്ന നമ്മുടെ പൊതുബോധം അങ്ങേയറ്റം പിന്തിരിപ്പനാണ്. ഉദാഹരണത്തിന്, സുനന്ദ പുഷ്കറുടെ മൂന്നാമത്തെ വിവാഹമായിരുന്നു ശശി തരൂരുമായിട്ടുള്ളത് എന്നതിനാണ് ബിസിനസ് രംഗത്തെ അവരുടെ നേട്ടത്തെക്കാള്‍ സമൂഹത്തില്‍ പ്രാധാന്യം ലഭിക്കുന്നത്. അവിടെ സുനന്ദ എന്ന വ്യക്തിയുടെ ബൗദ്ധികവും നേതൃപരവുമായ കഴിവുകള്‍ അപ്രസക്തമാവുകയാണ്. ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയായിരിക്കെ, ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തിന്റെ പരസ്യമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനിടയിലാണല്ലോ അവരുടെ അസ്വാഭാവികമരണം. ആ വസ്തുത പൊതുസമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ തക്കവിധം ശക്തമാണ് സുനന്ദയുടെ പൂര്‍വവിവാഹത്തെയും സ്വകാര്യജീവിതത്തെയും സംബന്ധിക്കുന്ന കഥകളുടെ പ്രചാരണം. അക്കാര്യത്തില്‍ മത്സരബുദ്ധിയാണ് മുഖ്യധാരാമാധ്യമങ്ങള്‍ പ്രകടിപ്പിച്ചത്.

വസ്തുതയില്‍നിന്ന് അകന്നുപോകുന്ന പൗരസമൂഹം സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ അവള്‍ക്കിതുതന്നെ വേണം എന്ന നിഗമനത്തിലെത്തുന്നു. രാധയുടെ കാര്യത്തില്‍, അവരൊരു തൂപ്പുകാരിയാണെന്നും കൊലയാളികളോട് അടുപ്പമുണ്ടായിരുന്നുവെന്നുമുള്ള വാര്‍ത്ത മാത്രംമതി, പൗരസമൂഹത്തിനു മുന്നില്‍, രാധയുടെ സദാചാരം ചര്‍ച്ചയാകുവാനും കൊലചെയ്യപ്പെട്ടതുപോലും പൊറുക്കപ്പെടാനും. തൂപ്പുകാരും വീട്ടുവേലക്കാരും മറ്റുമായി, അടിസ്ഥാനതൊഴിലുകളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ ചാരിത്ര്യത്തെ സംബന്ധിച്ച് എന്നും സംശയവും വേവലാതിയുമാണ് പൊതുസമൂഹത്തിന്. ഇവിടെ രണ്ടുപേരും രണ്ടു വര്‍ഗത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. സ്ത്രീയെക്കുറിച്ചുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാട് ഏതു വര്‍ഗത്തില്‍പ്പെട്ട സ്ത്രീക്കും ഒരുപോലെ ബാധകമാണെന്ന് ഈ രണ്ടു സംഭവങ്ങളോടുമുള്ള സമീപനം തെളിയിക്കുന്നു. ഇക്കാര്യത്തില്‍ നേതൃപരമായ പങ്കാണ് ആ മാധ്യമങ്ങള്‍ വഹിച്ചത്.

സ്ത്രീകളുടെ നേതൃത്വത്തില്‍ സമീപകാലത്ത് നടന്ന ചില സമരങ്ങളിലും മാധ്യമങ്ങളുടെ ബലപ്രയോഗരഹിതമായ മേല്‍ക്കൈ പ്രകടമാണ്. ജസീറ, സന്ധ്യ, രമ എന്നീ പേരുകള്‍ മാധ്യമങ്ങളിലൂടെയാണ് പൊതുസമൂഹം ശ്രദ്ധിച്ചത്. ക്ലിഫ്ഹൗസ് ഉപരോധം കാരണം വഴിയാത്ര തടസ്സപ്പെടുന്നുവെന്ന് ആരോപിച്ച് സന്ധ്യ എന്ന സ്ത്രീ പ്രതികരിച്ചപ്പോള്‍ അവരെ അനുകൂലിക്കാനും അവര്‍ക്ക് പിന്തുണ നല്‍കി പ്രധാന ചര്‍ച്ചകള്‍ നടത്താനും ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തയ്യാറായി. വഴി തടയലുള്‍പ്പെടെയുള്ള സമരങ്ങള്‍ നയിക്കുകയും അവയില്‍ പങ്കെടുക്കുകയും ചെയ്ത രാഷ്ട്രീയസാമൂഹ്യനേതാക്കളുടെ നേതൃത്വത്തില്‍ തുടങ്ങിയ പത്രങ്ങള്‍പോലും ഇക്കാര്യത്തില്‍ ചരിത്രനിഷേധികളായി. വഴിനടക്കാനുള്ള അവകാശം നേടിയതു സമരത്തിലൂടെയായിരുന്നുവെന്ന ചരിത്രം സന്ധ്യക്ക് അറിയില്ലായിരിക്കാം. പക്ഷേ, മാധ്യമങ്ങള്‍ക്ക് അത് അറിയാത്തതല്ല. വല്ലപ്പോഴും തടസ്സപ്പെടുന്ന വഴിയാത്ര, പൊതുവായ അവകാശങ്ങള്‍ക്കു വേണ്ടിയും ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന അഴിമതി തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെയുമാണെന്ന വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനുപകരം, ഇന്നില്‍മാത്രം ജീവിക്കുന്ന മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താനാണ് ആ മാധ്യമങ്ങള്‍ ശ്രമിച്ചത്. അതിലൂടെ, രാഷ്ട്രീയസമൂഹ(ഭരണകൂട)ത്തെ ഉലയാതെ നിലനിര്‍ത്തുകയെന്നതും.

ചിറ്റിലപ്പിള്ളി എന്ന ബിസിനസുകാരന്‍ സന്ധ്യക്ക് പാരിതോഷികവും നല്‍കി. താന്‍ രാഷ്ട്രീയക്കാരനല്ലായെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് സന്ധ്യക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം നല്‍കുന്നതെന്നുമാണ് ചിറ്റിലപ്പിള്ളി പറഞ്ഞത്. വീഗാലാന്‍ഡ് എന്ന വാട്ടര്‍തീം പാര്‍ക്കിലെ തൊഴിലാളികള്‍ മാസങ്ങളായി നടത്തുന്ന അവകാശസമരത്തെ കണ്ടില്ലെന്നു നടിക്കുന്ന വ്യക്തിയാണ് ചിറ്റിലപ്പിള്ളി. അവരുടെ സമരം ചിറ്റിലപ്പിള്ളിയുടെ ഭാഷയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നല്ല. പക്ഷേ, അവരുടെ കുടുംബങ്ങള്‍ മാസങ്ങളായി പട്ടിണിയിലാണ്. അവരോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാത്ത ചിറ്റിലപ്പിള്ളിയുടെ രാഷ്ട്രീയം വ്യക്തമാണല്ലോ. അതും മാധ്യമങ്ങള്‍ക്ക് ചിറ്റിലപ്പിള്ളിക്കനുകൂലമായ ആഘോഷമായി. അതേസമയം ജസീറയുടെ സമരം ചിറ്റിലപ്പിള്ളിക്കെതിരെ വന്നപ്പോള്‍, ജസീറയ്ക്ക് മനോവിഭ്രാന്തിയുണ്ടെന്നുപോലും വരുത്തിത്തീര്‍ക്കാനുള്ള തിടുക്കപ്പെട്ട ശ്രമങ്ങളില്‍ മാധ്യമങ്ങളും നല്ല പങ്കുവഹിച്ചു.
കോടതിവിധിക്കുശേഷം ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട രമ നടത്തിയ നിരാഹാരസമരവും മാധ്യമങ്ങള്‍ ഏറ്റെടുത്തു. മലയാളമനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ക്ക് ദിവസങ്ങളോളം മുഖ്യവാര്‍ത്തയായിരുന്നു അത്. ഒരു രാഷ്ട്രീയപ്പാര്‍ടിക്ക് ഒരു വര്‍ഷത്തിലേറെയായി ഒരേയൊരു അജന്‍ഡമാത്രമേയുള്ളൂവെന്ന യാഥാര്‍ഥ്യംപോലും മാധ്യമങ്ങള്‍ കാണാതെപോയി. ഒരു കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നുമാത്രം നിരന്തരം ആവശ്യപ്പെടുന്നതും അതിനായിമാത്രം സമരംചെയ്യുന്നതും ആ കൊലപാതകത്തെ ആസ്പദമാക്കി രൂപീകരിക്കപ്പെടുന്ന സമിതികളോ സംഘടനകളോ ആണ്. ആര്‍എംപി ഒരു രാഷ്ട്രീയ പാര്‍ടിയാണെങ്കിലും സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങളോട് ആ പാര്‍ടിക്ക് പ്രതികരണങ്ങളേയില്ല. അത്രമാത്രം അപ്രസക്തമായ ഒരു രാഷ്ട്രീയപാര്‍ടി നടത്തുന്ന സമരംപോലും മാധ്യമങ്ങള്‍ക്ക് പ്രധാനമായിരുന്നു. ഇവിടെ സുനന്ദ, രാധ, ജസീറ, സന്ധ്യ, രമ തുടങ്ങിയ പേരുകള്‍ കേവലം പേരുകളല്ല, വിവിധ ആശയങ്ങളുടെയും പ്രത്യയശാസ്ത്രബോധത്തിന്റെയും പ്രതിനിധികളാണവര്‍. അവരോടുള്ള മാധ്യമസമീപനത്തിലെ വിവേചനത്തിനു പക്ഷേ, അധാര്‍മികമെന്ന വിശേഷണംമാത്രമേ ആവശ്യമുള്ളൂ. ഈ അധാര്‍മികത പൗരസമൂഹത്തില്‍ പൊതുസമ്മതി നിലനിര്‍ത്തുന്നതിനും അതിലൂടെ ഭരണകൂടത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. രാഷ്ട്രീയസമൂഹത്തിന് (ഭരണകൂടത്തിന്) അനുകൂലമാക്കുവാനുള്ള ആശയപരമായ മേധാവിത്തം പൗരസമൂഹത്തില്‍ ഭരണകൂടം ചെലുത്തിക്കൊണ്ടിരിക്കും. ഈ മേധാവിത്തം നിലനില്‍ക്കുന്നിടത്തോളം ഭരണകൂടം പൗരസമൂഹത്തില്‍ ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ അനുവദിക്കും. എന്നാല്‍, ആശയപരമായ മേല്‍ക്കൈക്ക് ഉലച്ചില്‍ തട്ടുന്നുണ്ടെന്നു തോന്നിയാല്‍ സഹായകഘടകങ്ങളെ ശക്തിപ്പെടുത്തി സമഗ്രാധിപത്യത്തിലേക്ക് നീങ്ങും. അക്കാര്യത്തില്‍ ബലപ്രയോഗരഹിതമായ നിയന്ത്രണത്തിന് ശക്തമായ ഉപകരണങ്ങളാണ് മാധ്യമങ്ങള്‍. ഉദാഹരണമായി പാര്‍ടി ഓഫീസുകളില്‍ നടക്കുന്ന വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശം, മലയാളമനോരമയുടെ ഒന്നാം പേജിലെ വാര്‍ത്തയായത് ഇങ്ങനെ: സിപിഎം ഓഫീസില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകം പ്രധാനവാര്‍ത്തയേ ആകുന്നില്ല എന്നു കാണുക. മറ്റ് രാഷ്ട്രീയപാര്‍ടികളുടെ ഓഫീസില്‍ നടക്കുന്ന വിവാഹത്തിന് നിയമസാധുതയുണ്ടെന്ന തോന്നലാണല്ലോ ഈ തലക്കെട്ട് നല്‍കുക.

കോടതി വ്യക്തമായി പറഞ്ഞത്, എല്ലാ രാഷ്ട്രീയപാര്‍ടിക്കും ബാധകമായ കാര്യമാണ്. സിപിഐഎം ഓഫീസില്‍ നടന്ന ഒരു വിവാഹത്തെ സംബന്ധിച്ച പരാതി പരിഗണിക്കുന്നതിനിടയിലാണ് ഈ പരാമര്‍ശം നടത്തിയതെന്നു മാത്രം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖപത്രമല്ല മനോരമ എന്നതും ഓര്‍ക്കണം. ഇങ്ങനെ സ്ത്രീവിരുദ്ധതയുടെ പ്രചാരകരും (സുനന്ദ, രാധ എന്നിവരുടെ കാര്യങ്ങളില്‍) സാമ്പത്തിക മാഫിയകളുടെ വക്താക്കളും (ജസീറയുടെ സമരം), രാഷ്ട്രീയകക്ഷികളോട് പക്ഷം പിടിക്കുന്നവരും (കെ കെ രമയുടെ സമരം) ആത്യന്തികമായി മുതലാളിത്ത ആശയങ്ങളുടെ കാവലാളുകളുമായി ആ മാധ്യമങ്ങള്‍ മാറി. പൗരസമൂഹത്തെ വിലയ്ക്കെടുക്കാനുള്ള ശേഷി ഭരണകൂടത്തിന്റെ കൂടി പിന്തുണയോടെ അവ ശക്തമാക്കി. മാധ്യമങ്ങളുടെ സമീപനത്തിലും ഇടപെടലിലുമുള്ള ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

*
ഡോ. പി എസ് ശ്രീകല

No comments: