Wednesday, March 12, 2014

അടര്‍ത്തിയെടുത്തതും അടര്‍ന്നതും

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ഏതു ചോദ്യത്തോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ഷുഭിതനായാണ് പ്രതികരിക്കുന്നത്. കരട് വിജ്ഞാപനം വന്നതോടെ എല്ലാ ആശങ്കയും നീങ്ങി എന്നാണ് ആവര്‍ത്തിച്ചുള്ള മറുപടി. അതിന് നിയമപ്രാബല്യമുണ്ടോ എന്ന ചോദ്യത്തിനുത്തരമില്ല. നവംബര്‍ പതിമൂന്നിന്റെ വിജ്ഞാപനം നിലനില്‍ക്കുന്നില്ലേ, പിന്നെങ്ങനെ ആശങ്ക അകലും എന്ന് ചോദിച്ചാല്‍, "നിങ്ങള്‍ രാഷ്ട്രീയം പറയുകയാണ്" എന്നാണുത്തരം. വരാനിരിക്കുന്ന സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് എങ്ങനെ നിങ്ങള്‍ ഉറപ്പിക്കും എന്ന് ചോദിക്കുക- ഒന്നും മിണ്ടാതെ മുഖംതിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ കാണാനാകും.

മലയോരത്തിന്റെ ഒരാശങ്കയും നീങ്ങിയിട്ടില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉയര്‍ന്ന ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ മാസാവസാനം ഹരിത ട്രിബ്യൂണലില്‍ കേസ് വരുമ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ വര്‍ധിക്കുമോ എന്നേ ഭയപ്പെടേണ്ടതുള്ളൂ. നിയമപ്രാബല്യമില്ലാത്തതും ഒരു പ്രയോജനമില്ലാത്തതുമായ കരട് വിജ്ഞാപനം തട്ടിക്കൂട്ടി, അതിന് തെരഞ്ഞെടുപ്പു കമീഷന്റെ അനുവാദവും വാങ്ങിയപ്പോള്‍ യുഡിഎഫിനുമാത്രമാണ് എന്തെങ്കിലും നേട്ടമുണ്ടായത്- ഉടക്കിനിന്ന കേരള കോണ്‍ഗ്രസിനെ സീറ്റുചര്‍ച്ച നടത്താനായി കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞു. അതിനപ്പുറം ആ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല.

ഒരുഭാഗത്ത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കൊളുത്തിയ തീയാണ് മലയോരജനതയുടെ മനസ്സില്‍ ആളിക്കത്തുന്നത്. മറുവശത്ത് തീരദേശ പരിപാലന നിയമമെന്നപേരില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് കൂരകെട്ടാനുള്ള അവകാശംപോലും നിഷേധിക്കുന്ന അവസ്ഥ. യുപിഎ- യുഡിഎഫ് സര്‍ക്കാരുകളുടെ ഭരണത്തിന്റെ "ഗുണം"കൊണ്ട് പിടിവിട്ടുപോയ വിലക്കയറ്റവും തകര്‍ന്ന കൃഷിയും പൂട്ടിക്കെട്ടുന്ന വ്യവസായങ്ങളുമൊക്കെയായി ജനങ്ങള്‍ ഒരു വിധത്തിലാണ് ജീവിക്കുന്നത്. അതിനിടയിലാണ്, പ്രകൃതിസംരക്ഷണത്തിന്റെ പേരില്‍ ജനിച്ച മണ്ണില്‍നിന്ന് ആട്ടിപ്പായിക്കാന്‍ വരുന്നത്. അതിനെതിരായ ജനങ്ങളുടെ വികാരം തണുപ്പിക്കാന്‍, കുറെ "കരടുകള്‍" മാത്രമേ ഉമ്മന്‍ചാണ്ടിയുടെ പക്കലുള്ളൂ. എന്നിട്ടും നാട്ടിലെ പ്രധാന മാധ്യമങ്ങള്‍ യുഡിഎഫില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ല. അഖിലേന്ത്യാ തലത്തില്‍ തകര്‍ന്ന് കുത്തുപാളയെടുക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം കാണുന്നില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിച്ച് എഴുന്നള്ളിക്കുന്ന രാഹുല്‍ഗാന്ധി പ്രചാരണരംഗത്ത് കാലിടറി അപഹാസ്യനാകുന്നത് ശ്രദ്ധിക്കുന്നില്ല. എല്‍ഡിഎഫ് ഘടകകക്ഷിയായിരുന്ന ആര്‍എസ്പിയുടെ കേരള ഘടകം ഒരു സുപ്രഭാതത്തില്‍ "രോഷംപൂണ്ട്" നുഴഞ്ഞുകയറിയതിന്റെ ബലത്തില്‍ യുഡിഎഫ് ശക്തിപ്പെട്ടെന്നു പറഞ്ഞും പറയാതെ പറഞ്ഞും ആശ്വാസം കണ്ടെത്തുകയാണ് അവര്‍.

ആര്‍എസ്പിയാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തുറുപ്പുചീട്ട് എന്ന് പറയുന്നവര്‍, അതേ ആര്‍എസ്പി സര്‍വപ്രതാപത്തോടെയും വാണകാലത്ത്, അതിനെ "നീണ്ടകരമുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന പാര്‍ടി" എന്ന് ആക്ഷേപിച്ചവര്‍ യുഡിഎഫില്‍ത്തന്നെയാണുള്ളത് എന്ന് മറന്നുപോകുന്നു. അടര്‍ത്തിയെടുത്തതോ അടര്‍ന്നുവീണതോ ആയ ഒന്നിനെ ഉയര്‍ത്തിക്കാട്ടി തങ്ങള്‍ ബലപ്പെട്ടു എന്ന് ഊറ്റംകൊള്ളുന്ന പതിവ് യുഡിഎഫിന് പുതിയതല്ല. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം വി രാഘവന്റെ നേതൃത്വത്തില്‍ സിഎംപി കൂടെയെത്തിയപ്പോള്‍ സിപിഐ എമ്മാകെ കുത്തിയൊലിച്ച് വലതുപക്ഷത്ത് ചേര്‍ന്നു എന്നായിരുന്നു വീമ്പുപറച്ചില്‍. അന്ന് സിഎംപി പൊതുയോഗങ്ങളില്‍ ആളുകൂടുന്നത് ചൂണ്ടി, കണ്ടില്ലേ ശക്തി, കമ്യൂണിസ്റ്റുകാര്‍ ഇനി കൂട്ടത്തോടെ കോണ്‍ഗ്രസിന്റെ കൊടിപിടിക്കും എന്ന് വീരവാദം മുഴക്കിയവരെ തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കണ്ടതേയില്ല. എല്‍ഡിഎഫ് ചരിത്രംസൃഷ്ടിച്ച വിജയമാണ് അന്ന് നേടിയത്. സിപിഐ എമ്മില്‍നിന്ന് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയ അബ്ദുള്ളക്കുട്ടിയായിരുന്നു പിന്നീടൊരിക്കല്‍ കോണ്‍ഗ്രസിന്റെ ആയുധം. പാര്‍ടി മതവിശ്വാസത്തെ ഹനിക്കുന്നതുകൊണ്ടാണ് താന്‍ വിട്ടുപോകുന്നതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു; മയ്യിത്ത് നിസ്കാരത്തിന്റെയും ഉംറയ്ക്ക് പോക്കിന്റെയും കഥകള്‍ തരാതരംപോലെ പ്രയോഗിച്ചു. ആ അബ്ദുള്ളക്കുട്ടി ഇന്ന് എവിടെക്കിടക്കുന്നു എന്ന് നോക്കിയാല്‍ മതി. മതവുമല്ല, വിശ്വാസവുമല്ല, മറ്റു ചിലതാണ് അബ്ദുള്ളക്കുട്ടിയെ തനിക്കുപറ്റുന്ന ക്യാമ്പിലേക്ക് നയിച്ചത് എന്ന് തലസ്ഥാന നഗരത്തിലെ വനിതാ പൊലീസ് സ്റ്റേഷനില്‍ സരിതാനായര്‍ നല്‍കിയ പരാതിയില്‍നിന്ന് മനസ്സിലാക്കാം. അബ്ദുള്ളക്കുട്ടി ഒറ്റയാനല്ല- പലരുടെയും പേര് പുറകെ വരുമെന്നാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ സ്ത്രീ പേര്‍ത്തും പേര്‍ത്തും വിളിച്ചുപറയുന്നത്. സോളാര്‍ തട്ടിപ്പുകേസ് യുഡിഎഫ് സര്‍ക്കാരിനുമുകളില്‍ ഉടന്‍കൊല്ലി വാളായി തൂങ്ങുന്നുണ്ട് എന്നര്‍ഥം.

കോണ്‍ഗ്രസിന്റെ രക്ഷകനായി കെട്ടിയിറക്കിയ കെപിസിസി പ്രസിഡന്റ്, താന്‍ ഇന്നലെവരെ മുഴക്കിയ പ്രസ്താവനകളും പ്രഖ്യാപനങ്ങളും ഉപ്പുകൂട്ടാതെ വിഴുങ്ങി റെക്കോഡ് സൃഷ്ടിക്കുകയാണ്. പത്തനംതിട്ടയിലെ പീലിപ്പോസ് തോമസ് സുധീരന്റെ വാക്കുകള്‍ വിശ്വസിച്ചയാളായിരുന്നു. ആറന്മുള വിമാനത്താവള പ്രശ്നത്തില്‍ സുധീരന്‍ ഉയര്‍ത്തിയ വിയോജിപ്പുകളോട് ഐക്യപ്പെട്ട പീലിപ്പോസിന് ഇന്ന് കോണ്‍ഗ്രസ് വിടേണ്ടിവന്നിരിക്കുന്നു. സുധീരന്‍ ആരുടെകൂടെ നില്‍ക്കും? വിമാനത്താവവളത്തിനു പിന്നിലെ മാഫിയയോടൊപ്പമോ പീലിപ്പോസിനോടൊപ്പമോ? ആറന്മുള പലതില്‍ ഒന്നുമാത്രം. കേരള കോണ്‍ഗ്രസ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വികാരപരമായി ഉന്നയിക്കുന്നത്, അത് മലയോര കര്‍ഷകരെയാകെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ്. ഒരു തട്ടിപ്പ് വിജ്ഞാപനത്തിന്റെ കരട് മലയോരജനതയുടെ കണ്ണിലിട്ട് രക്ഷപ്പെടാന്‍ ആവില്ല എന്ന് അവര്‍ക്കും നല്ല ബോധ്യമുണ്ട്. യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഏതുതീരുമാനമെടുത്താലും സ്വന്തം അണികളെയും ആ പാര്‍ടിയില്‍ വിശ്വാസമര്‍പ്പിച്ചവരെയാകെയും വഞ്ചിച്ച് മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയുകയുമില്ല. ഒരുപക്ഷേ, യുഡിഎഫ് രാഷ്ട്രീയം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് അതുതന്നെയാണ്. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗ് യുഡിഎഫ് പൊതുവായി നേരിടുന്ന എല്ലാ വെല്ലുവിളികള്‍ക്കും പുറമെ സ്വന്തം പാര്‍ടിയിലെ സ്ഥാനാര്‍ഥിമോഹത്തിന്റെയും ദുഃസ്വാധീനങ്ങളുടെയും കുരുക്കില്‍ക്കൂടി പെട്ടിരിക്കുന്നു. ഒന്നാം കക്ഷിയായ കോണ്‍ഗ്രസിലാണെങ്കില്‍, സിറ്റിങ് സീറ്റ് പുത്തന്‍കൂറ്റുകാര്‍ക്ക് അടിയറവച്ചതിന്റെ രോഷം കൊല്ലത്ത്. സിറ്റിങ് എംപിക്ക് മത്സരിക്കാന്‍ കഴിയാത്തിന്റെ ചൊരുക്ക് ഇടുക്കിയില്‍. സ്ഥാനാര്‍ഥിമോഹികളുടെ തള്ളിക്കയറ്റം, പ്രാദേശിക വികാരങ്ങള്‍, ഗ്രൂപ്പ് വീതംവയ്പിന്റെ അസ്വാരസ്യം- ഇങ്ങനെ നിരവധി ആഭ്യന്തരപ്രശ്നങ്ങള്‍.

കോണ്‍ഗ്രസും ലീഗും മാണികേരളയും വീതംവച്ച് സീറ്റുകള്‍ എടുത്തപ്പോള്‍ മറ്റു ഘടകകക്ഷികള്‍ക്ക് സമാശ്വാസ സമ്മാനംപോലുമില്ല (ഒറ്റ വോട്ടുപോലുമില്ലാത്ത പാലക്കാട് വീരന്‍ജനതയ്ക്ക് കൊടുത്തത് മറക്കുന്നില്ല). കൂറുമാറ്റി ചാക്കിലിട്ടു കൊണ്ടുവന്നവര്‍ക്ക് സിറ്റിങ് സീറ്റ് വച്ചുനീട്ടിയ ഉദാരത, എക്കാലവും യുഡിഎഫില്‍നിന്നവരോട് ഇല്ല. അവഗണനയില്‍ സഹികെട്ട്, ജനദ്രോഹ സമീപനം കണ്ടുമടുത്ത് ജെഎസ്എസ് യുഡിഎഫില്‍നിന്ന് പടിയിറങ്ങിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കാണ് പിന്തുണ എന്ന് കെ ആര്‍ ഗൗരിയമ്മ പ്രഖ്യാപിക്കുമ്പോള്‍, അതിന് കേരളത്തില്‍ ചെറുതല്ലാത്ത മൂല്യമുണ്ട്.

ആര്‍എസ്പി എന്തിനുപോയി, എന്താണവരുടെ താല്‍പ്പര്യം, അത് എങ്ങനെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്പിയോട് യോജിച്ചുനില്‍ക്കും എന്നതൊക്കെ സജീവ ചര്‍ച്ചാവിഷയങ്ങളായി തുടരുകയാണ്. ആര്‍എസ്പിയുടെ ചുവടുമാറ്റം ചൂണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അളക്കാന്‍ തുനിയുകയും യുഡിഎഫില്‍ എല്ലാം ഭദ്രമാണെന്ന് നടിക്കുകയും ചെയ്യുന്നവര്‍ക്ക് എളുപ്പം ദഹിക്കുന്നതല്ല, കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം. അത് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാണ്. ഒരു കോണ്‍ഗ്രസുകാരനെയും പാര്‍ലമെന്റിലേക്ക് അയക്കാതിരുന്നാലേ തങ്ങളുടെ ജീവിതോപാധികള്‍ സംരക്ഷിക്കപ്പെടൂ എന്ന് തിരിച്ചറിയാന്‍ മലയോരത്തെയും സമതലത്തിലെയും തീരപ്രദേശത്തെയും മലയാളിയോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എല്ലാം പരിഹരിക്കപ്പെട്ടു എന്ന് രാവിലെ മലയാള മനോരമയില്‍ വായിക്കുന്നവര്‍ക്ക്, യുഡിഎഫിനെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് തീരുമാനിക്കാന്‍ സ്വന്തം ജീവിതാനുഭവംതന്നെ മതിയാകും. അവിടെയാണ് യുഡിഎഫിന്റെ നാട്യങ്ങളും മാധ്യമങ്ങളുടെ "രക്ഷാപ്രവര്‍ത്ത"വും പൊളിയാന്‍ പോകുന്നത്. അടര്‍ത്തിയതും അടര്‍ന്നതുമൊന്നും യുഡിഎഫിനെ രക്ഷിക്കാനുള്ളതല്ല.*
പി എം മനോജ് ദേശാഭിമാനി

No comments: