Tuesday, March 18, 2014

ബദല്‍ നയങ്ങളുമായി രാഷ്ട്രീയ ബദല്‍

ജനങ്ങളുടെ ജീവിത നിലവാരം കുത്തനെ ഇടിയുന്നതിനിടയാക്കിയ വര്‍ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതകളില്‍നിന്ന് എന്തെങ്കിലും ആശ്വാസം ലഭിക്കുന്നതിനായി പരക്കംപായുന്ന നമ്മുടെ ജനങ്ങളുടെ വികാരവിചാരങ്ങള്‍ക്കനുസൃതമായി പ്രതികരിക്കുന്നതിന് 11 പാര്‍ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. 4 ഇടതുപക്ഷ പാര്‍ടികള്‍ക്കുപുറമെ മറ്റ് ഏഴ് പ്രാദേശിക കക്ഷികളുടെ നേതാക്കന്മാരും ഈ യോഗത്തില്‍ പങ്കെടുത്തു. ഇവയില്‍ 5 എണ്ണം ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്നവയാണ്. അതും നമ്മുടെ രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള വലിയ സംസ്ഥാനങ്ങളില്‍. മാത്രമല്ല ഈ പാര്‍ടി കള്‍ ലോക്സഭയിലെ മൊത്തം 542ല്‍ 313 എംപിമാരെ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവയുമാണ്. തിരഞ്ഞെടുപ്പ് സാധ്യതകളുടെ കാര്യം പരിശോധിക്കുമ്പോള്‍ ഇതിന് വലിയ പ്രാധാന്യമാണുള്ളത്.

ഈ യോഗം ചേര്‍ന്നത് വ്യക്തമായ ധാരണയോടുകൂടിയാണ്. ആശ്വാസത്തിനായുള്ള ജനകീയ അഭിലാഷം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ഒരു ബദല്‍ നയപരിപ്രേക്ഷ്യത്തിന് രൂപം നല്‍കേണ്ടതുണ്ടെന്നതാണ് ആ ധാരണ. സാമ്പത്തിക നയത്തെയും അഴിമതിയെയും സംബന്ധിച്ചാണെങ്കില്‍, ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും ജനങ്ങള്‍ കാണുന്നില്ല. അതിനുപുറമെ, ആര്‍എസ്എസിന്റെ രാഷ്ട്രീയ രൂപമായി പ്രവര്‍ത്തിക്കുന്ന ബിജെപിയാകട്ടെ കടുത്ത ഹിന്ദുത്വ അജന്‍ഡ പിന്തുടര്‍ന്നുകൊണ്ട് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുന്നത് തുടരുകയുമാണ്. ഒരു രാഷ്ട്രീയ ബദലിലൂടെ മാത്രമേ രാജ്യത്ത് ബദല്‍ നയ പരിപ്രേക്ഷ്യം ഉയര്‍ന്നുവരികയുള്ളൂ. ആ രാഷ്ട്രീയ ബദലാകട്ടെ കോണ്‍ഗ്രസിതരവും ബിജെപി ഇതരവുമായ ഒരു കൂട്ടുകെട്ടായിരിക്കുകയും ചെയ്യും. മതനിരപേക്ഷ പ്രതിപക്ഷ പാര്‍ടികളുടെ ഒരു കൂട്ടുകെട്ട് ഉയര്‍ന്നുവരാനുള്ള സാധ്യത ഉണ്ടായിരിക്കെ ആര്‍എസ്എസ്/ബിജെപിക്കാരുടെയും അതിന്റെ പ്രധാനമന്ത്രി സ്ഥാനമോഹിയുടെയും നിരാശ വല്ലാതെ വര്‍ധിച്ചിരിക്കുകയാണ്. വിശേഷണങ്ങളുടെ നീണ്ട പട്ടികതന്നെ നിരത്തപ്പെട്ടിരിക്കുകയാണ്. ആരില്‍നിന്നും, വിശിഷ്യാ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി സ്വയം നടിക്കുന്ന ആളില്‍നിന്നും, ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഈ വായ്ത്താരികള്‍. "മൂന്നാംമുന്നണി"യെ "മൂന്നാംകിട" എന്ന് അപലപിക്കുന്ന അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങള്‍, ഒരു "മൂന്നാംകിട" മാനസികാവസ്ഥയുള്ള ആളില്‍നിന്നു മാത്രമേ ഉണ്ടാകൂ എന്ന് ഇതിനകംതന്നെ പല കോണുകളില്‍നിന്നും അഭിപ്രായം ഉയരുന്നതിന് ഇടയാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ ചില വിഭാഗക്കാരും അവരുടെ അഭ്യുദയകാംക്ഷികളായ അന്താരാഷ്ട്ര ധനമൂലധനവും, തങ്ങളുടെ ഇഷ്ടതോഴന്റെ സാധ്യത മങ്ങുന്നതില്‍ വല്ലാതെ അസ്വസ്ഥരാണ്. ഇതിനുകാരണം, ഇപ്പോഴും തുടരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്ന് അവര്‍ കരുതുന്ന പശ്ചാത്തലത്തില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയിലാണ് അവര്‍ ആശയര്‍പ്പിക്കുന്നത് എന്നതാണ്. 1929ലെ മഹാമാന്ദ്യാനന്തരം ജര്‍മനിയില്‍ ഹിറ്റ്ലറൈറ്റ് ഫാസിസത്തിനോട് ആഗോള മൂലധനത്തിനുണ്ടായിരുന്ന പ്രതീക്ഷയോട് ഭയാനകമാംവിധം സമാനതയുള്ളതാണ് ഈ പ്രതീക്ഷയും. ജനങ്ങളെ കടുത്ത സാമ്പത്തിക ചൂഷണം നടത്തിയും ഫാസിസ്റ്റ് സ്വഭാവത്തിലുള്ള അടിച്ചമര്‍ത്തലുകളിലൂടെ എല്ലാ സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളും പൂര്‍ണമായും നിഷേധിച്ചും ലാഭം പരമാവധിയാക്കുന്നതിനുള്ള സാധ്യതയാണ് അത് പ്രദാനംചെയ്യുന്നത്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍ ചില വിഭാഗങ്ങള്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ യാതൊരു തടസ്സവും കൂടാതെ അടിച്ചേല്‍പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്; ജനങ്ങള്‍ക്കുമേല്‍ കടുത്ത സാമ്പത്തികഭാരം വരുത്തിവെയ്ക്കണമെന്നും അവരാഗ്രഹിക്കുന്നു. മതനിരപേക്ഷ കക്ഷികളുടെ ഒരു രാഷ്ട്രീയ ബദല്‍ ഉയര്‍ന്നുവരുന്നതിലൂടെ തങ്ങള്‍ ആഗ്രഹിക്കുന്ന ഇത്തരമൊരു പ്രക്രിയയ്ക്ക് തടസ്സം നേരിടുമെന്ന് കോര്‍പ്പറേറ്റുകള്‍ ഭയക്കുന്നു. ഇത്തരത്തിലുള്ള ഒരു ബദല്‍ തിരഞ്ഞെടുപ്പ് സാധ്യത വിനാശകരമായിരിക്കുമെന്ന അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസിന്റെ പ്രവചനം അതാണ് പ്രതിഫലിപ്പിക്കുന്നത്. (ബിജെപി/ആര്‍എസ്എസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന ആളിന്റെ പേരുമായി റേറ്റിങ് ഏജന്‍സിയുടെ പേരിനുള്ള ഭയാനകമായ സമാനതയും ശ്രദ്ധിക്കുക) മൂഡീസിന്റെ പ്രവചനത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇങ്ങനെ ആഘോഷപൂര്‍വം അവതരിപ്പിക്കുന്നു: ""മൂന്നാംമുന്നണി സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് കാലതാമസം വരുത്തിയേക്കും. മൂഡീസ്"" (2014 ഫെബ്രുവരി 12). ഇന്ത്യയിലെ ഏജന്‍സി വക്താവ് നടത്തിയ പ്രതികരണത്തിന്റെ ശീര്‍ഷകം ഇങ്ങനെ: ""തിരഞ്ഞെടുപ്പനന്തര ഇന്ത്യ: ശിഥിലീകൃതമായ ഒരു കൂട്ടുമുന്നണി വായ്പാ യോഗ്യതയ്ക്ക് വലിയ ഭീഷണിയായിരിക്കും."" ഇതിനപ്പുറം ഇനി എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടോ? കോര്‍പ്പറേറ്റ് മാധ്യമങ്ങളും ഈ കാര്യത്തില്‍ അല്‍പവും പിന്നിലല്ല. രണ്ടുദിവസം മുമ്പ്, ഹരിയാനയില്‍ ഇടതുപക്ഷം സംസ്ഥാനതലത്തില്‍ ഹിസാറില്‍ രാഷ്ട്രീയ ബദലിനായി ഒരു ജനകീയ റാലി നടത്തി. അതേ ദിവസംതന്നെ, എഎപിയും ഹിസാറിനടുത്തുതന്നെയുള്ള റോഹ്തില്‍ മറ്റൊരു റാലിയും നടത്തി. ഇതാകട്ടെ ഇടതുപക്ഷം റാലി നടത്താന്‍ ആഹ്വാനം ചെയ്ത് ഏറെക്കഴിഞ്ഞ് പ്രഖ്യാപിച്ചതുമാണ്. എഎപി റാലിക്ക് കോര്‍പ്പറേറ്റു മാധ്യമങ്ങള്‍ വന്‍ പ്രചരണം നല്‍കി. എന്നാല്‍ അതിനെക്കാള്‍ വലിയ ജനപങ്കാളിത്തം ഉണ്ടായിട്ടും ഇടതുപക്ഷ റാലിയെക്കുറിച്ച് മാധ്യമങ്ങള്‍ പരാമര്‍ശംപോലും നടത്തിയില്ല. ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഇതിനുമുമ്പ്, അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനം തലസ്ഥാനത്ത് നടന്നിരുന്നപ്പോള്‍, കേന്ദ്ര ട്രേഡ്യൂണിയനുകള്‍ രണ്ടുലക്ഷത്തിലേറെ തൊഴിലാളികളെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരായി പാര്‍ലമെന്റിനുമുന്നില്‍ അണിനിരത്തുകയുമുണ്ടായി. അണ്ണാഹസാരെ പ്രസ്ഥാനത്തിന് എല്ലാദിവസവും 24 മണിക്കൂറും മാധ്യമങ്ങളുടെ കവറേജ് ലഭിച്ചപ്പോള്‍ തൊഴിലാളികളുടെ പടുകൂറ്റന്‍ റാലിയെക്കുറിച്ച് കോര്‍പറേറ്റ് മാധ്യമങ്ങള്‍ മിണ്ടിയതേയില്ല. കോര്‍പറേറ്റ് മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, ലാഭം പരമാവധിയാക്കലിനെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കാത്ത "ധാര്‍മിക മൂല്യങ്ങള്‍, ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബദല്‍ ജനങ്ങളുടെ ജീവിത നിലവാരം അഭിവൃദ്ധിപ്പെടുത്തുന്നത് ലക്ഷ്യമാക്കിയുള്ളതും ലാഭം പരമാവധിയാക്കലിനെ അമിതമായി പ്രോത്സാഹിപ്പിക്കാത്തതുമായ ബദലിനെക്കാള്‍ മെച്ചമായിക്കാണും എന്ന കാര്യം വ്യക്തമാണ്.

അണ്ണാഹസാരെയെക്കുറിച്ച് പറയുമ്പോള്‍, അദ്ദേഹം ഇപ്പോള്‍ പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവിനെ മാതൃകയായി ഉയര്‍ത്തിപ്പിടിക്കുന്നത് വിചിത്രമായിരിക്കുന്നു എന്നാണ് പലരും പറയുന്നത്. അണ്ണായെപ്പോലുള്ള ഒരാള്‍, അതും വലിയ ധാര്‍മികബോധവും പൊതുകാര്യങ്ങളില്‍ കളങ്കമില്ലായ്മയുടെ അപ്പോസ്തലനും എന്നറിയപ്പെടുന്നയാള്‍, പശ്ചിമബംഗാള്‍ സംസ്ഥാനത്തെ ഇന്ത്യയുടെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റുന്നതില്‍ ചുരുങ്ങിയ കാലംകൊണ്ട് റിക്കാര്‍ഡ് സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ടിയെ മാതൃകയാക്കി ഉയര്‍ത്തിപ്പിടിക്കുന്നത് കഷ്ടമാണ് എന്നല്ലാതെ എന്താണ് പറയേണ്ടത്. അഴിമതിക്കാരെ മാത്രമല്ല ക്രിമിനലുകളെയും പരസ്യമായി പിന്തുണയ്ക്കുന്നതെന്ന് ഹൈക്കോടതിതന്നെ അപലപിച്ച ഒരു സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവരെയാണ് അണ്ണാഹസാരെ മാതൃകയായി വാഴ്ത്തുന്നത്. അണ്ണാഹസാരെയും തൃണമൂലും തമ്മിലുള്ള ഇടപാടില്‍ ഇടനിലക്കാരനായി നിന്നയാളുടെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് സിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മേയറും ഡെപ്യൂട്ടി മേയറും അണ്ണായ്ക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു.

ആര്‍എസ്എസിന്റെ കടുത്ത ഹിന്ദുത്വ അജന്‍ഡയെ മറികടന്ന് ബദല്‍ നയങ്ങളുടേതായ ഇത്തരമൊരു അജന്‍ഡ ഉയര്‍ന്നു വരുന്നതില്‍ കടുത്ത പരിഭ്രാന്തിയിലായ സംഘപരിവാര്‍ ""പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയുള്ളവരും"" ""മിടുമിടുക്ക""രുമായ ആര്‍എസ്എസിന്റെ 2000 ഉറച്ച കാഡര്‍മാരെ ബിജെപിയില്‍ "പ്രതിഷ്ഠിക്കാ"ന്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്/ബിജെപി വിജയിക്കാന്‍ യാദൃച്ഛികമായെങ്കിലും ഇടയായാല്‍ ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും സംബന്ധിച്ച് സംഭവിക്കാന്‍പോകുന്നത് വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിക്കലും മഹാഭൂരിപക്ഷം ജനങ്ങളുടെയും സാമ്പത്തിക ദുരിതങ്ങള്‍ പെരുകലുമായിരിക്കും.

അടുത്തയിടെ രാജ്യസഭയെ സര്‍ക്കാര്‍ അറിയിച്ചത് 2013ല്‍ ആറ് ലക്ഷം കോടിയോളം രൂപ നികുതിപിരിക്കാതെ വേണ്ടെന്നുവെച്ചതായാണ്; ഇത് പ്രധാനമായും കോര്‍പ്പറേറ്റ് നികുതിയും ആദായ നികുതിയുമാണ്. സമ്പന്നര്‍ക്കായി ഇത്തരം സബ്സിഡികള്‍ നല്‍കുന്നത് വളര്‍ച്ചയ്ക്കായുള്ള "പ്രോത്സാഹനം" എന്ന നിലയിലാണെന്നാണ് സര്‍ക്കാര്‍ നമ്മളോട് പറയുന്നത്. എന്നാല്‍ അതേസമയംതന്നെ, ദരിദ്രര്‍ക്കുള്ള തുച്ഛമായ സബ്സിഡികള്‍ പോലും നമ്മുടെ സമ്പദ്ഘടനയ്ക്ക് താങ്ങാനാവാത്ത ഭാരമാണെന്നാണ് പ്രഖ്യാപിക്കപ്പെടുന്നത്. ഇങ്ങനെ നികുതി ഇളവുകള്‍ എല്ലാം വാരിക്കോരി നല്‍കിയിട്ടും നമ്മുടെ വ്യാവസായിക വളര്‍ച്ചയും ഉല്‍പാദന (ങമിൗളമരേൗൃശിഴ) വളര്‍ച്ചയും സ്തംഭനാവസ്ഥയിലാണ്. സമ്പന്നര്‍ക്ക് ഇങ്ങനെ സബ്സിഡി നല്‍കുന്നിനുപകരം ഈ പണം പൊതുനിക്ഷേപത്തിനായി വിനിയോഗിച്ചിരുന്നെങ്കില്‍ നമുക്ക് കൂടുതല്‍ മികച്ച, എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാ പരിപ്രേക്ഷ്യം സാധ്യമാകുമായിരുന്നു. ബദല്‍ നയത്തിന്റെ ദിശ ഇതിലാണ് നില്‍ക്കുന്നത്.

*
സീതാറാം യെച്ചൂരി

No comments: