Monday, March 10, 2014

കലൈമണിയുടെ രാഷ്ട്രീയ"തീര്‍ഥാടനം"

ചുവപ്പുമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. തലയില്‍ ഒരു ചെറുചാക്ക്. ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്ക് പുറപ്പെടുന്ന ഏതോ സ്വാമിയാണ് ഇതെന്ന് കരുതിയെങ്കില്‍ തെറ്റി. തലയിലെ സഞ്ചിയില്‍ പൂജാദ്രവ്യങ്ങളല്ല. ഏതോ പുണ്യതീര്‍ഥത്തിലേക്കുള്ള യാത്രയല്ല കലൈമണിയുടേതെന്ന് മനസ്സിലാകും മുണ്ടിനേക്കാള്‍ ചുവപ്പുള്ള ചെങ്കൊടി കാണുമ്പോള്‍. നെല്ല് നിറച്ച ചാക്കാണ് തലയില്‍. അറുപത്തേഴുകാരനായ കലൈമണിയുടെ എല്ലാ വര്‍ഷവുമുള്ള രാഷ്ട്രീയതീര്‍ഥാടനം കീഴ്വെണ്‍മണിയിലേക്കാണ്. കൂലിയായി രണ്ടുപിടി നെല്ല് കൂടുതല്‍ ചോദിച്ചതിന് 44 പേരെ ചുട്ടുകൊന്ന കീഴ്വെണ്‍മണിയിലേക്ക്. എല്ലാ വര്‍ഷവും തഞ്ചാവൂരിനടുത്തുള്ള മണക്കിലില്‍നിന്ന് ഒരു ചാക്ക് നെല്ലും തലയിലേറ്റി രണ്ട് ദിവസം നടന്ന് ഡിസംബര്‍ 25ന് കീഴ്വെണ്‍മണിയിലെത്തും. കലൈമണിയെപ്പോലെ ലക്ഷക്കണക്കിന് തമിഴരുടെ ഹൃദയത്തിലെ പ്രതിഷ്ഠയാണ് കീഴ്വെണ്‍മണി. അവിടെ ചുട്ടുകൊല്ലപ്പെട്ട കുട്ടികളടക്കമുള്ള 44 പേര്‍ക്കുള്ള ഹൃദയാര്‍പ്പണമാണ് കലൈമണിയുടെ ചാക്കിലുള്ള നെല്ല്. മരിച്ച 44 പേരുടെ ഓര്‍മയ്ക്ക് 44 ദിവസം വ്രതം നോറ്റ് മനസ്സിനെ ഏകാഗ്രമാക്കിയാണ് ഈ രാഷ്ട്രീയ "തീര്‍ഥാടനം". കൂടുതല്‍ കൂലി ചോദിച്ചതിന് ജീവന്‍ നല്‍കേണ്ടി വന്ന അവരുടെ ഓര്‍മയ്ക്കുമുന്നില്‍ കര്‍ഷകനായ കലൈമണി എല്ലാ വര്‍ഷവും നെല്ല് നിവേദിക്കും. സിപിഐ എം മണക്കില്‍ ബ്രാഞ്ച് സെക്രട്ടറിയായ കലൈമണി വര്‍ഷങ്ങളായി ഈ സഞ്ചാരം തുടങ്ങിയിട്ട്. കലൈമണിയെ അനുയാത്ര ചെയ്യുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നു.

ഒരു ഗ്രാമം ഒരു പിടി ചാരമായ ചരിത്രം

കീഴ്വെണ്‍മണി ഇപ്പോള്‍ തിരുവാരൂര്‍ ജില്ലയില്‍. ഇപ്പോഴത്തെ നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍ ജില്ലകളുള്‍പ്പെട്ട പഴയ തഞ്ചാവൂര്‍ ജില്ലയിലായിരുന്നു മുമ്പ്. ചെറുകിട കര്‍ഷകരും പട്ടികവിഭാഗക്കാരായ കര്‍ഷകത്തൊഴിലാളികളും ഭൂവുടമകളുടെ അടിമകളായിരുന്നു. 16 മണിക്കൂര്‍ പണിയെടുക്കണം. വീഴ്ച വരുത്തിയാല്‍ ചാട്ടവാറടി. ഇല്ലെങ്കില്‍ ചാണകം കലക്കിയ വെള്ളം കുടിപ്പിക്കും. മണ്ണിന്റെ മക്കളെ അവകാശബോധമുള്ളവരാക്കാന്‍ സിപിഐ എം നേതാവ് പി ശ്രീനിവാസറാവു തഞ്ചാവൂര്‍ ജില്ലയിലെങ്ങും സഞ്ചരിച്ചു.

പാര്‍ടിയുടെ ഇടപെടലിന്റെ ഫലമായി മണ്ണാര്‍ഗുടിയില്‍ ഭൂവുടമകളുമായി കരാറുണ്ടാക്കാനായി. തൊഴിലാളികള്‍ക്ക് ചില അവകാശങ്ങള്‍ അനുവദിച്ചുകിട്ടി. എന്നാല്‍, കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍പോലും നല്‍കാന്‍ ജന്മിമാര്‍ കൂട്ടാക്കിയില്ല. അവര്‍ നെല്ലുല്‍പ്പാദകസംഘം ഉണ്ടാക്കി സിപിഐ എമ്മിനെ നേരിട്ടു. "ശിവപ്പ് കൊടിയെ ഇറക്ക്, പച്ചക്കൊടിയെ ഏറ്റ്" (ചുവപ്പ് കൊടി ഇറക്ക്, പച്ചക്കൊടി കെട്ട്്) എന്ന മുദ്രാവാക്യമുയര്‍ത്തി ഇരുഞ്ചൂര്‍ ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തില്‍ കാമരാജ് ഭരണത്തിന്റെ സഹായത്തോടെ പ്രക്ഷോഭം തകര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. പാട്ടം കുറയ്ക്കുക, ജോലിസമയം നിര്‍ണയിക്കുക, കൂലി വര്‍ധിപ്പിക്കുക, ചാട്ടവാറടിയും ചാണകവെള്ളം കുടിപ്പിക്കലും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചത്. ഇത് ഭൂവുടമകള്‍ക്ക് സഹിക്കാനായില്ല. അവര്‍ ഗുണ്ടകളെ ഉപയോഗിച്ച് മുത്തുസ്വാമിയെന്ന കര്‍ഷകത്തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി കൃഷിക്കളത്തില്‍ കെട്ടിയിട്ടു. സംഭവമറിഞ്ഞ് നാനാഭാഗത്തുനിന്നും കര്‍ഷകത്തൊഴിലാളികള്‍ കീഴ്വെണ്‍മണിയിലെത്തി. മുത്തുസ്വാമിയെ മോചിപ്പിച്ചു കൊണ്ടുവന്നു. നേതാക്കളിലൊരാളായ രാമയ്യയുടെ ഓലക്കുടിലില്‍ മുത്തുസ്വാമിയും മറ്റു തൊഴിലാളികളും ഒളിച്ചു താമസിച്ചു. ജന്മിമാരും ഗുണ്ടകളും പൊലീസ് വാഹനത്തില്‍ കീഴ്വെണ്‍മണിയില്‍ എത്തി. ഗ്രാമത്തിലെ കുടിലുകള്‍ക്ക് തീയിട്ടു. തീ പടര്‍ന്നതോടെ പലേടത്തുമായി കഴിഞ്ഞ തൊഴിലാളികള്‍ രാമയ്യയുടെ കുടിലില്‍ എത്തി. അവസാനം ജന്മിമാര്‍ രാമയ്യയുടെ കുടിലിനും തീയിട്ടു. ആളിപ്പടരുന്ന തീ കണ്ട് പുറത്തിറങ്ങിയവരെ മര്‍ദിച്ച് വീണ്ടും അകത്തേക്ക് കയറ്റിവിട്ടു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 44 പേര്‍ വെന്തുമരിച്ചു. പുറത്തിറങ്ങിയ പുരുഷന്മാരില്‍ 22 പേരെ പൊലീസ് വെടിവച്ചു. ഓടിയവര്‍ നെല്‍വയലുകളിലെ ചളിക്കണ്ടത്തില്‍ വീണതിനാല്‍ രക്ഷപ്പെട്ടു. കണ്ണടച്ച് തുറക്കുംമുമ്പേ കീഴ്വെണ്‍മണിയാകെ ഒരുപിടി ചാമ്പലായി.

കീഴ്വെണ്‍മണിയുടെ വര്‍ത്തമാനം

കീഴ്വെണ്‍മണിയിലെ പഴയ സ്മാരകത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്ന് വയസ്സുള്ള ശെല്‍വിയും വാസുകിയും മനസ്സിന്റെ തിരശ്ശീലയില്‍ ചിത്രങ്ങളായി തെളിഞ്ഞു. അഞ്ച് വയസ്സുകാരി വാസുകി, അഞ്ച് വയസ്സുള്ള തങ്കയ്യനും നടരാജനും, ആറ് വയസ്സുകാരി ജയം, പത്ത് വയസ്സുള്ള വേദവല്ലി, ജ്യോതി, 12 വയസ്സുള്ള ആണ്ടാള്‍, ചന്ദ്രാ, ദാമോദരന്‍. ബാല്യം പിന്നിടാതെ ഇവരെല്ലാം ഇന്നും കീഴ്വെണ്‍മണിയുടെ നിനവുകളില്‍ കുഞ്ഞുങ്ങളായിത്തന്നെ ജീവിക്കുന്നു. ശെല്‍വി ജീവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് ഇന്ന് 48 വയസ്സുണ്ടാകുമായിരുന്നു. കീഴ്വെണ്‍മണിയിലെ കൂട്ടക്കൊല നടന്ന പ്രദേശത്ത് അവരുടെ ഓര്‍മയ്ക്കായി പുതിയ സ്മാരകമുയര്‍ന്നു- വെണ്‍മണി നിനൈവകം (വെണ്‍മണി സ്മാരകമന്ദിരം). ഞായറാഴ്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഈ സ്മാരകം നാടിന് സമര്‍പ്പിക്കുകയാണ്. 44 രക്തസാക്ഷികളെ ഓര്‍മിപ്പിച്ചുകൊണ്ട് 44 തൂണുകളുള്ള സ്മാരകം. സിഐടിയു മുന്‍കൈയെടുത്താണ് സ്മാരകം നിര്‍മിച്ചത്്. ഇവിടം പഠന ഗവേഷണകേന്ദ്രമാക്കി മാറ്റിയെടുക്കാണ് പദ്ധതി. കീഴ്വെണ്‍മണിയിലെ ആദ്യ സ്മാരകത്തിന് 1969ല്‍ ജ്യോതിബസുവാണ് തറക്കല്ലിട്ടത്. ഉദ്ഘാടനം ചെയ്തത് ബി ടി രണദിവെയും. കീഴ്വെണ്‍മണിയിലെ പഴയ സ്മാരകസ്തൂപത്തില്‍ രക്തസാക്ഷികളുടെ പേരുകളുണ്ട്. കീഴ്വെണ്‍മണിയുടെ മനസ്സില്‍ അവര്‍ ഇന്നും ജീവിക്കുന്നു. കൂട്ടക്കൊല നടക്കുമ്പോള്‍ രാമലിംഗത്തിന് 22 വയസ്സ്. 1968ലെ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ കണ്ണുകളില്‍ രോഷത്തിന്റെയും ദുഃഖത്തിന്റെയും തീയാളുന്നു. ഇന്നലെ നടന്നതുപോലെ എല്ലാം ഓര്‍ക്കുന്ന രാമലിംഗം പലപ്പോഴും വികാരംകൊണ്ട് വീര്‍പ്പുമുട്ടി. ജന്മിമാരുടെ ഗുണ്ടകള്‍ കൊടുങ്കാറ്റുപോലെ ഗ്രാമത്തിലേക്കുവരുമ്പോള്‍ എല്ലാവരും ഒരു കുടിലില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. കുഞ്ഞുങ്ങളെയും സ്ത്രീകളെയും രക്ഷിക്കാനായിരുന്നു ശ്രമം. എന്നാല്‍, കുടിലിന് തീകൊളുത്തി ജന്മിയുടെ ഗുണ്ടകള്‍ ക്രൂരതയ്ക്ക് പുതിയ ചരിത്രമെഴുതി. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്കോടിയ കുഞ്ഞുങ്ങളടക്കമുള്ളവരെ വെട്ടിനുറുക്കി വീണ്ടും തീയിലേക്കുതന്നെ എറിഞ്ഞു.

കീഴ്വെണ്‍മണി ഇന്ന് ഏറെ മാറി. കര്‍ഷകത്തൊഴിലാളികളുടെ സംഘടിത പോരാട്ടങ്ങള്‍ക്ക് കുറെയൊക്കെ ഫലമുണ്ടായി. ദളിത് ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ദേശീയശ്രദ്ധയിലെത്തി. എന്നാല്‍, തമിഴ്നാട്ടില്‍ ജന്മിത്തത്തിന്റെ അടിവേരറുക്കാന്‍ കഴിയാത്തതിനാല്‍ സാമൂഹ്യഘടനയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാനായില്ല. ഇന്നും കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ എന്നിവരടക്കം സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ സിപിഐ എം ആണ്. സിപിഐ എമ്മിന് ശക്തിയുള്ള സ്ഥലങ്ങളില്‍ അയിത്തമില്ലെന്നും രാമലിംഗം സാക്ഷ്യപ്പെടുത്തുന്നു. മറ്റിടങ്ങളില്‍ ജന്മിത്തത്തിന്റെ കിരാതനീതികള്‍ ഇന്നും സജീവം.

*
വി ജയിന്‍

അധിക വായനയ്ക്ക്

കീഴ്വെണ്‍മണി നിനൈവകം നാടിന് സമര്‍പ്പിച്ചു


കീഴ്വെണ്‍മണി പൊലിയാത്ത രക്തനക്ഷത്രം

Keezhvenmani Massacre

Anniversary of Keezhvenmani carnage observed

Leaders pay homage to Keezhvenmani victims

No comments: