Wednesday, May 28, 2014

അപഹാസ്യമാക്കപ്പെടുന്ന തൊഴിലുറപ്പ് നിയമങ്ങള്‍

തൊഴിലുറപ്പു പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് ഏറെ ആശങ്കകളുണ്ടാക്കുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നത്. സര്‍ക്കാരുകള്‍ ഇറക്കുന്ന ഉത്തരവുകള്‍ പലതും ഇതിനെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുതന്നെയാണ്. തൊഴിലുറപ്പു നിയമം 2005ല്‍ പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയതാണ്. അതിന്റെ ചെലവിലാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ഈ നിയമം ഇല്ലായ്മ ചെയ്യണമെങ്കില്‍ മോഡി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുപോയി പാസാക്കണം. അങ്ങനെ ഒരു സര്‍ക്കാര്‍ ചെയ്താല്‍ ആ സര്‍ക്കാരിന്റെയും അതിനെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ടികളുടെയും വാട്ടര്‍ലൂ ആയിരിക്കും സംഭവിക്കുക. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഒറ്റയടിക്ക് തകര്‍ക്കാതെ നക്കിനക്കി കൊന്നുകൊണ്ടിരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലുറപ്പു തൊഴിലാളികളും തൊഴിലുറപ്പിന്റെ പ്രസക്തി മനസ്സിലാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്, പ്രതിരോധിക്കേണ്ടതുണ്ട്.

28,21,435 കുടുംബമാണ് 2014 മാര്‍ച്ച് 31 വരെ നമ്മുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ദേശീയതലത്തില്‍ 645 ജില്ലയിലായി 2,47,643 പഞ്ചായത്തില്‍ 13 കോടി കുടുംബം രജിസ്റ്റര്‍ചെയ്ത് കഴിഞ്ഞിട്ടുണ്ട്. 26,588.8 കോടി രൂപ 27,8134 ഗ്രാമങ്ങളിലെ ദരിദ്രകുടുംബങ്ങളിലേക്ക് അവരുടെ ജീവിതക്ലേശങ്ങളില്‍നിന്ന് അല്‍പ്പം രക്ഷപ്പെടാന്‍ ഒരു താങ്ങായി ലഭിച്ചിട്ടുണ്ട്. 219.7 കോടി തൊഴില്‍ദിനങ്ങള്‍ കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ചു. 46.3 ലക്ഷം കുടുംബത്തിന് 100 ദിവസം തൊഴില്‍ ലഭിച്ചു. 46 ദിവസമാണ് ദേശീയ ശരാശരി തൊഴില്‍ദിനങ്ങള്‍ പ്രദാനംചെയ്തത്.

കേരളത്തില്‍ 80,851,619 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു. 1455.32 കോടി രൂപ തൊഴിലാളികള്‍ക്ക് വേതനമായി ലഭിച്ചു. 40,6422 കുടുംബത്തിനാണ് 100 ദിവസം തൊഴില്‍ കിട്ടിയത്. ഈ വസ്തുത ചൂണ്ടിക്കാട്ടിയത് തൊഴിലുറപ്പുരംഗത്ത് ആശാവകമായ പുരോഗതിയാണ് എന്ന അര്‍ഥത്തിലല്ല. മറിച്ച് വിലക്കയറ്റമടക്കമുള്ള ജീവിത ദുരിതത്തില്‍നിന്ന് അല്‍പ്പം സമാശ്വാസം ലഭിക്കാന്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കഴിയുന്നൂവെന്ന് ചൂണ്ടിക്കാണിക്കാനാണ്. ഇതില്‍ത്തന്നെ 349.13 കോടിരൂപ വേതനം നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ച ക്രൂരതയും വലുതാണ്. ഇപ്പോഴും കുടിശ്ശിക പൂര്‍ണമായും കിട്ടാതെ തൊഴിലാളികള്‍ വേഴാമ്പലുകളെപ്പോലെ വേതനത്തിനായി കാത്തുനില്‍ക്കുകയാണ്.

നിയമത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ തൊഴിലാളിക്ക് നിശ്ചിതസമയത്ത് കൂലി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ക്ക് 1936(4-1936)ലെ പേമെന്റ് ഓഫ് വേജസ് ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്നതാണ്. പിഴപ്പലിശ നല്‍കാതെ സര്‍ക്കാരുകള്‍തന്നെ നിയമം കാറ്റില്‍പറത്തുകയാണ്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആക്രോശിക്കുന്ന സര്‍ക്കാരാണ് തൊഴിലുറപ്പിന്റെ ആരാച്ചാരായി മാറുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഉത്തരവുകളൊന്നും തൊഴിലുറപ്പു നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല, എന്നുമാത്രമല്ല നിയമത്തെ നഗ്നമായി മറികടക്കുന്നതുമാണ്. നിയമപ്രകാരം സര്‍ക്കാരാണ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് എന്നകാര്യം ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്.

ദേശീയഗ്രാമീണ തൊഴിലുറപ്പു നിയമം 2005 അധ്യായം രണ്ടില്‍ ഒന്നാം ഉപവകുപ്പു പ്രകാരം തൊഴിലാളികള്‍ക്ക് നല്‍കുന്ന അവകാശം ഇപ്രകാരമാണ്. ""കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനംചെയ്യുന്ന ഗ്രാമപ്രദേശങ്ങളില്‍ അവിദഗ്ധതൊഴില്‍ചെയ്യാന്‍ തയ്യാറുള്ള ഓരോകുടുംബത്തിനും സംസ്ഥാന സര്‍ക്കാര്‍ ഒരു സാമ്പത്തികവര്‍ഷംനൂറില്‍ കുറയാത്ത തൊഴില്‍ നല്‍കണം."" നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത് തൊഴില്‍കാര്‍ഡ് ലഭിച്ച കുടുംബങ്ങളില്‍ തൊഴില്‍ ആവശ്യപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുള്ളതാണ്. അതുകൊണ്ടുതന്നെ തൊഴില്‍ സൃഷ്ടിക്കേണ്ട ബാധ്യതയും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. തൊഴിലാളി അവര്‍ക്ക് ആവശ്യമായ തൊഴിലുണ്ടാക്കണമെന്ന് നിയമത്തില്‍ ഒരിടത്തും പറയുന്നില്ല. മറിച്ച് തൊഴിലുറപ്പ് ഗ്രാമസഭ വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍തന്നെയാണ് തൊഴിലിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കേണ്ടത്. ഈ സാഹചര്യത്തിലാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍പോലും ചെയ്യരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി തടിതപ്പുന്നത്. സര്‍ക്കാര്‍ ഏതുതരം ഉത്തരവും ഇറക്കട്ടെ അതവരുടെകാര്യം. തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട തൊഴില്‍ ലഭിച്ചേമതിയാകൂ. അത് ലംഘിക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാരിനും അധികാരമില്ല. ഈ സാഹചര്യത്തില്‍ തൊഴില്‍ ലഭിക്കാന്‍ നിയമത്തില്‍ പറയുന്നതുപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ തൊഴിലിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ച് മുന്നോട്ട് പോകണം.

നിയമത്തെയും മൂന്നാം അധ്യായം 7(1) പ്രകാരം അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ കൊടുക്കാത്ത സാഹചര്യത്തില്‍ തൊഴില്‍ രഹിതവേതനം തൊഴില്‍നല്‍കുന്നതുവരെ കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ തൊഴില്‍രഹിതവേതനം അധ്യായം 2ല്‍ 7(2) പ്രകാരം ആദ്യത്തെ 30 ദിവസത്തേക്ക് മിനിമം കൂലിയിലെ ഏറ്റവും കുറഞ്ഞത് നാലില്‍ ഒന്നും ബാക്കി ദിവസത്തേക്ക് പകുതിയും ആയിരിക്കണമെന്നും അനുശാസിക്കുന്നുണ്ട്. ഈ ബാധ്യത സര്‍ക്കാരിനുള്ളതാണ്. സര്‍ക്കാരിന്റെ ഇത്തരം കള്ളക്കളി അവസാനിപ്പിക്കുന്നതിന് തൊഴിലാളികളുടെ മുന്നില്‍ ഒറ്റ പോംവഴിയേയുള്ളൂ. അത് നിയമത്തില്‍ പറയുന്നതുപോലെ വ്യാപകമായി അപേക്ഷ സമര്‍പ്പിക്കുക എന്നതുതന്നെയാണ്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികളോട് ആവശ്യപ്പെടുന്നതും അതുതന്നെയാണ്.

നിയമത്തെ നോക്കുകുത്തിയാക്കി തൊഴിലുറപ്പു പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി പ്രക്ഷോഭം അവശ്യമായി വന്നിരിക്കുന്നു. തൊഴിലുറപ്പു പദ്ധതി നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളുടെ ജീവിതമാണ്. അതു തകര്‍ക്കാന്‍ ഒരു സര്‍ക്കാരിനെയും അനുവദിക്കില്ല. നഗരപ്രദേശങ്ങളില്‍ തൊഴില്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പന്ത്രണ്ടര കോടി രൂപ നീക്കിവച്ചിട്ടുണ്ട്. അത് ചെലവാക്കാതെ വകമാറ്റാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. നഗരസഭകളിലും കോര്‍പറേഷനുകളിലും അയ്യന്‍കാളി നഗരതൊഴിലുറപ്പു പദ്ധതി ഈ വര്‍ഷം നടപ്പാക്കിയേ മതിയാകൂ. മിനിമം വേതനം ജീവിത വിലസൂചികയെ അടിസ്ഥാനപ്പെടുത്തി വര്‍ധിപ്പിക്കണം.

ജോലിസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ആക്കണം. ജോലിക്കിടെ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായം കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലുമാക്കണം. കഴിഞ്ഞവര്‍ഷം നൂറുദിവസം തൊഴില്‍ ലഭിച്ചവര്‍ക്ക് ഓണത്തിനുമുമ്പ് 1000 രൂപയെങ്കിലും നല്‍കണം. പെന്‍ഷന്‍, ക്ഷേമനിധി എന്നിവ നടപ്പാക്കി സര്‍വോപരി കാര്‍ഷികമേഖലയെയും പരമ്പരാഗത തൊഴില്‍മേഖലയെയും പശുവളര്‍ത്തല്‍ അടക്കമുള്ള മൃഗപരിപാലന ക്ഷീരമേഖലയെയും തൊഴിലുറപ്പിനു കീഴില്‍ കൊണ്ടുവരണം. തൊഴില്‍ നഷ്ടപ്പെടുത്തുന്ന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണം.

*
എം വി ബാലകൃഷ്ണന്‍

1 comment:

മുക്കുവന്‍ said...

കേരളത്തില്‍ 80,851,619 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു. 1455.32 കോടി രൂപ തൊഴിലാളികള്‍ക്ക് വേതനമായി ലഭിച്ചു...

what did product/work did you complete with this money? any accountability for that?