Saturday, May 31, 2014

പച്ചപ്പിനൊരു സല്യൂട്ട്

ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുള്ള പാരിസ്ഥികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി സ്വാഗതാര്‍ഹമാണ്. അവിടത്തെ പച്ചപ്പാകെ എരിച്ചുകളയാനും ജനജീവിതത്തെ വേരോടെ പറിച്ചെറിയാനും അങ്ങനെ ഭൂമിയുടെ ക്രയവിക്രയത്തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിനു കോടികള്‍ കൊയ്യാനുമുള്ള ഭൂമാഫിയാ വ്യവസായ ഗ്രൂപ്പിനും അവരുടെ സംരക്ഷകരായി അവതരിച്ച ഭരണാധികാരികള്‍ക്കും ഏറ്റ ആഘാതമാണിത്.

ചട്ടങ്ങളും വ്യവസ്ഥകളും കാറ്റില്‍പറത്തിക്കൊണ്ടും വഴിവിട്ട് ഉത്തരവുകളിറക്കിക്കൊണ്ടും വ്യവസായ ഗ്രൂപ്പിനു മുമ്പില്‍ പച്ചപ്പരവതാനി വിരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെയുണ്ടായ വിമാനത്താവള നിര്‍മാണനീക്കത്തില്‍ തങ്ങള്‍ക്കല്ല പങ്ക് എന്നു വരുത്തിത്തീര്‍ക്കുന്ന വിധത്തില്‍ നടത്തിയ പ്രസ്താവനയെ എത്ര മിതത്വം പാലിച്ചാലും അപഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ.

എല്ലാ നിയമങ്ങളും കെജിഎസ് ഗ്രൂപ്പിനു മുമ്പില്‍ വളയുന്നതാണ് നാം കണ്ടത്. ഏതോ അജ്ഞാത ശക്തി ബുള്‍ഡോസര്‍പോലെ തടസ്സങ്ങളെ ഇടിച്ചുനിരത്തി മുന്നോട്ടുപോവുന്നതാണ് കണ്ടത്. എംഎല്‍എയും എംപിയും സംസ്ഥാന മുഖ്യമന്ത്രിയും ഒക്കെ ആ അജ്ഞാതശക്തിയുടെ മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നതും കണ്ടു. ഏതാണ് ആ ശക്തി എന്ന അന്വേഷണങ്ങള്‍ കേന്ദ്ര ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന വസതിയുടെ ഇടനാഴികളിലേക്കുവരെ നീണ്ടു. ആരു തടഞ്ഞാലും വിമാനത്താവളം നിര്‍മിക്കുമെന്ന കെജിഎസ് ഗ്രൂപ്പിന്റെ ധാര്‍ഷ്ട്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആ ശക്തിക്കുമുമ്പില്‍ കോടതികള്‍പോലും ശിരസ്സു താഴ്ത്തുമോ എന്നു കേരളം ഭയപ്പെട്ടു. ഏതായാലും ആ ഭയത്തിന് അടിസ്ഥാനമില്ല എന്നു വ്യക്തമാക്കുന്നതായി ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. എല്ലാ വിളക്കുകളും അണയുന്നില്ല അധികാരത്തിന്റെ കൊടുങ്കാറ്റിലും എന്നു കാണുന്നത് ആശ്വാസകരമാണ്.

"ഞാനൊന്നുമറിഞ്ഞില്ലേ" എന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ പ്രതികരണം. വയലും നീര്‍ത്തടവും നികത്തുന്നത് കേന്ദ്രസര്‍ക്കാരില്‍നിന്ന് മറച്ചുവച്ചത് ഈ മുഖ്യമന്ത്രിയാണ്. പദ്ധതി റിപ്പോര്‍ട്ടുപോലും ലഭിക്കുംമുമ്പ് വിമാനത്താവളത്തില്‍ പത്തുശതമാനം ഓഹരി സര്‍ക്കാര്‍ എടുക്കുമെന്ന് നിശ്ചയിച്ചത് ഈ മുഖ്യമന്ത്രിയാണ്. വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്നതും വിമാനത്താവളത്തിന് വേഗത്തില്‍ പാരിസ്ഥിതികാനുമതി ലഭിക്കാന്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് കേന്ദ്രത്തിന് കത്തയച്ചതും ആ കത്തിന്റെ ഉള്ളടക്കം നിയമസഭയില്‍ നിന്നുപോലും മറച്ചുവച്ചതും ഈ മുഖ്യമന്ത്രിയാണ്. നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം, ഭൂപരിധി നിയമം, ജലസേചന സംരക്ഷണ നിയമം, പരിസ്ഥിതി നിയമം തുടങ്ങിയവയൊക്കെ ലംഘിക്കപ്പെട്ടപ്പോഴും അങ്ങനെ അനേകം ഏക്കര്‍ നിലം ആ വേളയില്‍ നികത്തിയപ്പോഴും നടപടി ഒഴിവാക്കിക്കൊടുത്തത് ഈ മുഖ്യമന്ത്രിയാണ്. ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ തുടങ്ങിയത് മുഖ്യമന്ത്രിതന്നെയാണ്.

സിവില്‍ ഏവിയേഷന്‍ നിയമം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയവ ലംഘിച്ചത് കേന്ദ്രം കൈകെട്ടി നോക്കിനിന്നു. അത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ചുമതലയുള്ള മുഖ്യമന്ത്രിയാകട്ടെ മൗനം പാലിച്ചു. മൗനം സമ്മതം! ഏതായാലും ഹരിത ട്രിബ്യൂണലിന്റെ വിധി നിയമലംഘനങ്ങള്‍ അനുവദിച്ചുകൊടുത്ത യുപിഎ-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ളതു കൂടിയാണ്. പണശക്തികൊണ്ടും കേന്ദ്രത്തിലെ രാഷ്ട്രീയ സ്വാധീനംകൊണ്ടും എന്തും നേടാമെന്ന കെജിഎസ് ഗ്രൂപ്പിന്റെ അഹന്തയ്ക്കേറ്റ ആഘാതവുമാണിത്. ഇങ്ങനെയൊക്കെ തടസ്സമുണ്ടാവാതിരിക്കാന്‍ കെജിഎസ് എല്ലാ ശ്രമവും നടത്തിയിരുന്നു. ഹരിത ട്രിബ്യൂണല്‍ നടപടികള്‍ തടയണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകപോലും ചെയ്തു. ആ ഘട്ടത്തില്‍ കമ്പനിയെ അനുകൂലിക്കുന്ന നിലപാട് അഡ്വക്കറ്റ് ജനറല്‍ കൈക്കൊണ്ടപ്പോള്‍ത്തന്നെ സംസ്ഥാന ഭരണാധികാരികളും കെജിഎസ് ഗ്രൂപ്പും ചേര്‍ന്നുള്ള ഒത്തുകളി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. യുഎന്‍ഡിപി ആറന്മുളയെ പൈതൃകഗ്രാമമായി പ്രഖ്യാപിച്ചതാണ്. പമ്പയുടെ തീരം, ഹരിതാഭ, ആറന്മുള വള്ളംകളി, ആറന്മുള കണ്ണാടി, പാര്‍ഥസാരഥി ക്ഷേത്രം എന്നിങ്ങനെ പലതുകൊണ്ടും കേരളീയ സംസ്കാരത്തിന്റെ പ്രതീകമായി ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശമാണത്. ഈ പ്രദേശത്ത് വിമാനത്താവളമുണ്ടാക്കാന്‍ വേണ്ട മിക്കവാറും എല്ലാ അനുമതികളും നല്‍കാന്‍ ഈ സാംസ്കാരിക, പാരിസ്ഥിതിക ഘടകങ്ങളൊന്നും അധികൃതര്‍ക്ക് തടസ്സമായില്ല. ആറാമത് ഒരു വിമാനത്താവളം ആവശ്യമുണ്ടോ, യാത്രക്കാരുടെ ലഭ്യത ഏതു വിധത്തിലാവും തുടങ്ങിയ കാര്യങ്ങളൊന്നും ശാസ്ത്രീയ പഠനങ്ങള്‍ക്കു വിധേയമാക്കുകപോലുമുണ്ടായില്ല. അത്യുന്നത തലങ്ങളിലെ രാഷ്ട്രീയ സ്വാധീനങ്ങളാണ് വിമാനത്താവളത്തിനുള്ള അനുമതി കിട്ടുന്നതിലെ തടസ്സങ്ങളെല്ലാം അപ്പപ്പോള്‍ ഇടപെട്ടു നീക്കിക്കൊണ്ടിരുന്നത്. ജനകീയ സമരങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ തുടങ്ങിയവയൊക്കെ വ്യാപകമായി ഉണ്ടായെങ്കിലും അതൊന്നും തങ്ങളെ അലട്ടുന്നില്ല എന്ന മട്ടിലായിരുന്നു കമ്പനിക്കാര്‍. കിട്ടേണ്ട പല അനുമതികള്‍ കിട്ടിക്കഴിഞ്ഞില്ല എന്നതിലും അവര്‍ക്ക് അസ്വസ്ഥതയുണ്ടായില്ല. പാര്‍ലമെന്ററി സമിതികളുടെ തടസ്സവാദങ്ങള്‍പോലും സ്വാധീനങ്ങള്‍കൊണ്ട് മറികടന്ന് വനം-പരിസ്ഥിതി വകുപ്പുകളില്‍നിന്ന് പച്ചക്കൊടി നേടിയെടുക്കാന്‍ ഇവര്‍ക്ക് പ്രതിബന്ധമായില്ല. രണ്ടു വിമാനത്താവളങ്ങള്‍ക്കിടയില്‍ 150 കിലോമീറ്റര്‍ അകലം വേണമെന്ന വ്യവസ്ഥയും തടസ്സമായില്ല. എതിര്‍പ്പുകളില്‍ കഴമ്പില്ലെന്ന വിശദീകരണത്തോടെ ആറന്മുള വിമാനത്താവള നിര്‍മാണത്തിന് അനുമതി നല്‍കിയ യുപിഎ സര്‍ക്കാര്‍ പണത്തിനുമേല്‍ പരുന്തും പറക്കില്ലെന്ന തത്വത്തിനടിവരയിടുകയായിരുന്നു. ഏതായാലും ഹരിത ട്രിബ്യൂണലിന്റെ പരുന്ത് പണത്തിനുമേലെ പറന്നു എന്നു കാണുന്നത് ആഹ്ലാദകരമാണ്.

സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ കെജിഎസ് കമ്പനി ക്രമക്കേട് കാട്ടിയെന്ന് പൊതുമേഖലാ സ്ഥാപനമായ "കിറ്റ്കോ" കണ്ടെത്തിയതറിഞ്ഞിട്ടും അതിന്മേല്‍ നടപടി നീക്കാതെ മടിച്ചുനിന്നു ഉമ്മന്‍ചാണ്ടിയും കൂട്ടരും. വയലും നീര്‍ത്തടവും നികത്തുന്നതിനെക്കുറിച്ചും പദ്ധതി കിട്ടിയിട്ടുപോലും കേന്ദ്രത്തിന് അത് കൈമാറാതെ പൂഴ്ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഫലത്തില്‍ തിരിമറിക്ക് കൂട്ടുനില്‍ക്കലായി അത്. വിമാനത്താവള പ്രശ്നത്തില്‍ വ്യാപകമായി ചേരിതിരിവുണ്ടായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടി വേദികളില്‍പോലും കെജിഎസിനുവേണ്ടി വാദിക്കുന്ന മുഖ്യമന്ത്രിയെയാണ് നാം കണ്ടത്.

വയലും നീര്‍ത്തടവും നികത്തിയത് സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വനം-പരിസ്ഥിതി വകുപ്പിന് പരിസ്ഥിതി അനുമതിക്കായി കത്തയച്ചതെന്തിന് എന്നത് മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. പദ്ധതിക്ക് മൂര്‍ത്തരൂപംപോലും ആകുന്നതിനുമുമ്പ് പത്തുശതമാനം ഓഹരി എടുക്കാമെന്നു നിശ്ചയിച്ചതിനു പിന്നിലെ "സഹായ മനോഭാവ"വും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിതന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഭാഗം കേന്ദ്രത്തിനുള്ള റിപ്പോര്‍ട്ടില്‍ നിന്നൊഴിവാക്കിയതെന്തിന് എന്നതും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്.

ഹരിത ട്രിബ്യൂണല്‍ ഉയര്‍ത്തിയ മൂന്നുനാലു ചോദ്യങ്ങളുണ്ട്. യോഗ്യതയില്ലാത്ത ഏജന്‍സിയെക്കൊണ്ട് നടത്തിയ പരിസ്ഥിതി പഠനത്തിന് എന്തു വില, ജനങ്ങള്‍ക്കിടയില്‍ തെളിവെടുപ്പു നടക്കുകയുണ്ടായോ, വിദഗ്ധസമിതിയെ വച്ച് പരിശാധിപ്പിച്ചോ എന്നിവയാണവ. ഈ ചോദ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി മറുപടി പറയേണ്ട തരത്തിലുള്ള മുമ്പു സൂചിപ്പിച്ച ചോദ്യങ്ങള്‍കൂടി കേരളീയരുടെ മനസ്സില്‍ ഈ ഘട്ടത്തില്‍ മുഴങ്ങേണ്ടതുണ്ട്.
*
deshabhimani editorial 30-05-2014

No comments: