Sunday, May 4, 2014

ജനാധിപത്യത്തിന്റെ "മോഡി മോഡല്‍"

അക്രമോത്സുക ഹിന്ദുത്വത്തിന്റെയും വന്‍കിട കോര്‍പറേറ്റ് പിന്തുണയുടെയും സംയുക്ത ഉല്‍പ്പന്നമായ നരേന്ദ്രമോഡി, ഇന്ത്യയുടെ ജനാധിപത്യഭരണസംവിധാനത്തെ എങ്ങനെ കാണുന്നു എന്ന് വ്യക്തമാക്കിത്തരുന്നതാണ് ഏഴാംഘട്ടവോട്ടെടുപ്പ് നടന്ന ഏപ്രില്‍ 30ന് ഗുജറാത്ത് ഗാന്ധിനഗറിലെ പോളിങ് ബൂത്തില്‍ അദ്ദേഹം നടത്തിയ പ്രകടനം. സംഘപരിവാര്‍ ശക്തികള്‍ കൊട്ടിഘോഷിക്കുന്ന ഗുജറാത്ത് മാതൃകയുടെ മറ്റൊരുദാഹരണമാണത്. മോഡിയും ആജ്ഞാനുവര്‍ത്തികളും ചേര്‍ന്ന് പിന്‍നിരയിലേക്ക് തള്ളിനീക്കിയ എല്‍ കെ അദ്വാനി ജനവിധി തേടിയ ഗാന്ധിനഗറില്‍ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു ആ പ്രകടനം എന്നതും ശ്രദ്ധേയം. ജനപ്രാതിനിധ്യനിയമത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെക്കുറിച്ചുമുള്ള അജ്ഞതയല്ല മറിച്ച്, ഇതിന്റെയൊന്നും പരിധിയില്‍ നില്‍ക്കാന്‍ തന്നെ കിട്ടില്ല എന്ന "വിജ്ഞാ"മാണ് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി പ്രഖ്യാപിച്ചത്.

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ മോഡി 17 മിനിറ്റോളം നീണ്ട വാര്‍ത്താസമ്മേളനം നടത്തി. ഈ സമയമത്രയും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ മാതൃക ഉയര്‍ത്തിപ്പിടിച്ചു. മഷിപുരട്ടിയ വിരല്‍ ഉയര്‍ത്തി താമരയടക്കം ഉള്‍പ്പെടുത്തി മൊബൈലില്‍ സ്വന്തം ചിത്ര(സെല്‍ഫി)വുമെടുത്തു. അത് ട്വിറ്ററിലിടുകയും ചെയ്തു. ഈ പ്രകടനമെല്ലാം ദൃശ്യമാധ്യമങ്ങള്‍ ഒട്ടുംവിടാതെ പകര്‍ത്തി. 1951ലെ ജനപ്രാതിനിധ്യനിയമത്തിന്റെ 126ഒന്ന്(എ), 126 ഒന്ന്(ബി) വകുപ്പുകള്‍ മോഡി ലംഘിച്ചതായി വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമീഷന്‍ ഭരണഘടനയുടെ 324-ാം അനുഛേദപ്രകാരം തെരഞ്ഞെടുപ്പ് കമീഷനുള്ള അധികാരമുപയോഗിച്ച് മോഡിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് നല്‍കി. പരസ്യപ്രചാരണം പാടില്ലാത്ത ഘട്ടത്തില്‍ പൊതുജനങ്ങളെ അഭിമുഖീകരിച്ചതിനാണ് 126 ഒന്ന് എ പ്രകാരം കേസ്. തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചതിനാണ് 126 ഒന്ന്(ബി) പ്രകാരം കേസ്. രണ്ടുവര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് മോഡിയുടേത്. മോഡിയുടെ നിയമവിരുദ്ധനടപടി സംപ്രേഷണംചെയ്യുകവഴി മറ്റുള്ളവരെ നിയമലംഘനത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് 126(3) വകുപ്പനുസരിച്ച് ചാനലുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും കമീഷന്‍ നിര്‍ദേശിച്ചു.

വോട്ട് ചെയ്ത് ഇറങ്ങുന്ന നേതാക്കളെ മാധ്യമങ്ങള്‍ സമീപിക്കുന്നത് പതിവാണ്. അവര്‍ ഒന്നോരണ്ടോ വാക്കുകളില്‍ അഭിപ്രായപ്രകടനം നടത്തുന്നതും പുതിയകാര്യമല്ല. നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥകളെ അംഗീകരിച്ചാണ് രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഈ സമീപനം സ്വീകരിക്കുന്നത്. എന്നാല്‍, മോഡിക്ക് ഇതൊന്നും ബാധകമല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും മോഡി നഗ്നമായി ലംഘിച്ചു എന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കേസെടുക്കാന്‍ ഉത്തരവ് നല്‍കിയത്. രണ്ട് എഫ്ഐആര്‍ മോഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജീവിതത്തിലെ ആദ്യ എഫ്ഐആറാണിതെന്നുപറഞ്ഞ മോഡി, ജനങ്ങള്‍ക്കുനേരെ ഒരു താമര ഉയര്‍ത്തിക്കാട്ടുകമാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്ന ന്യായീകരണത്തിനും മുതിര്‍ന്നു. മോഡിയുടെ കുറ്റകൃത്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇപ്പോള്‍ നടപടിയെടുത്തത് വളരെ നിസ്സാരമായ കുറ്റത്തിനാണ് എന്നതില്‍ സംശയമില്ല. മോഡിയുടെ രാഷ്ട്രീയതത്വസംഹിതയില്‍ ജനാധിപത്യത്തിന് സ്ഥാനമൊന്നുമില്ല. വര്‍ഗീയാധിപത്യത്തിന്റെയും ധനാധിപത്യത്തിന്റെയും മോഡലുകളേ തന്റെ കൈയിലുള്ളൂ എന്ന് മോഡി തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം, മതനിരപേക്ഷത, പൗരന്മാരുടെ സംരക്ഷണം, നാടിന്റെ വികസനം എന്നിവയ്ക്കൊക്കെ ആവശ്യത്തിലേറെയുണ്ട് "മോഡിമാതൃക"കള്‍. ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി ഭ്രൂണം ത്രിശൂലത്തില്‍ കോര്‍ത്താണ് മോഡിയുടെ കാവിപ്പട ലോകത്തിന് മതനിരപേക്ഷതയുടെ "മാതൃക" കാണിച്ചുകൊടുത്തത്. വികസനം, സദ്ഭരണം എന്നിവയെക്കുറിച്ച് മോഡി നടത്തുന്ന പ്രഖ്യാപനങ്ങള്‍ കണ്ണില്‍പൊടിയിടല്‍ മാത്രമാണെന്ന് ഔദ്യോഗിക രേഖകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്.

ഹിന്ദുത്വ സങ്കുചിതവാദവും വര്‍ഗീയസ്വഭാവവുമാണ് അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉള്ളടക്കം. തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ മോഡിയുടെ അനുയായികള്‍ രാജ്യത്ത് വിദ്വേഷത്തിന്റെ തീകൊളുത്തിക്കൊണ്ടേയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്കും നടപടിയുമൊക്കെ മുറയ്ക്കുണ്ടാകുന്നുണ്ടെങ്കിലും മോഡിസംഘത്തിന് തെല്ലും കൂസലില്ല. ബിജെപി നേതാവും ബിഹാര്‍ നവാഡയിലെ സ്ഥാനാര്‍ഥിയുമായ ഗിരിരാജ് സിങ് നരേന്ദ്രമോഡിയെ തടയാന്‍ ശ്രമിക്കുന്നവരെ "പിന്തുണയ്ക്കായി പാകിസ്ഥാനിലേക്ക് നോക്കുന്നവരായാണ"് വിശേഷിപ്പിച്ചത്. ഒരു പടികൂടി കടന്ന് അത്തരക്കാരുടെ സ്ഥാനം പാകിസ്ഥാനിലായിരിക്കുമെന്ന ഭീഷണിയും മുഴക്കി ഗിരിരാജ് സിങ്. മോഡിയുടെ വലംകൈയായ അമിത്ഷാ മുസഫര്‍നഗറില്‍ ആഹ്വാനം ചെയ്തത് മാനം രക്ഷിക്കാന്‍ മുസ്ലിങ്ങളോട് പ്രതികാരംചെയ്യണമെന്നാണ്. വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയാകട്ടെ, ഗുജറാത്തിലെ ഭാവ്നഗറില്‍ വീട് വാങ്ങിയ മുസ്ലിം ബിസിനസുകാരനോട് 48 മണിക്കൂറിനുള്ളില്‍ അതുപേക്ഷിച്ച് പോകാന്‍ അന്ത്യശാസനം നല്‍കി. ഹിന്ദുമേഖലയില്‍ മുസ്ലിങ്ങള്‍ക്ക് വീടുവയ്ക്കാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ച തൊഗാഡിയ മുസ്ലിങ്ങള്‍ക്ക് വീടും ഭൂമിയും നല്‍കാന്‍ പാടില്ലെന്ന് ഭീഷണിയുമുയര്‍ത്തി. മുംബൈയിലെ റാലിയില്‍ ശിവസേനാനേതാവ് രാംദാംസ് കതം, മോശമായി പെരുമാറുന്ന മുസ്ലിങ്ങളെ നരേന്ദ്രമോഡി ഒരു പാഠംപഠിപ്പിക്കുമെന്ന് പറയുമ്പോള്‍ മോഡിയും തൊട്ടടുത്തുണ്ടായിരുന്നു. മോഡിയുടെയും ബിജെപിയുടെയും രാഷ്ട്രീയത്തിന്റെ തുറന്നുകാട്ടലാണിതെല്ലാം. ഇതൊക്കെ വ്യക്തിപരമായ അഭിപ്രായപ്രകടനമായി ലഘൂകരിക്കാനും ന്യായീകരിക്കാനും ബിജെപി പാടുപെടുന്നതിനിടയിലാണ് വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ ഇവരെ കയറൂരിവിട്ട മോഡിയും തനിനിറം പ്രകടിപ്പിക്കുന്നത്. പശ്ചിമബംഗാളിലെ സെറാംപുരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ മോഡി പ്രസംഗിച്ചത്, മെയ് 16നുശേഷം നാട്ടിലേക്ക് മടങ്ങാന്‍ ബംഗ്ലാദേശികള്‍ പെട്ടിയും കിടക്കയും എടുത്ത് ഒരുങ്ങിക്കൊള്ളണം എന്നാണ്്. മോഡിക്കും സംഘപരിവാറിനും കീഴിലായാല്‍ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും എന്നതിന്റെ മുന്നറിയിപ്പാണിതെല്ലാം. സ്വേഛാധിപത്യത്തിന്റെ നിഴലുകളാണ് മോഡിയും കൂട്ടരും രാജ്യത്തിനുമേല്‍ വിരിക്കുന്നത്. ജനാധിപത്യ-മതനിരപേക്ഷശക്തികളുടെ നിതാന്തജാഗ്രത എത്രമേല്‍ അനിവാര്യമാണെന്നതിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
*
deshabhimani editorial

No comments: