Saturday, May 10, 2014

തൃണമൂലിന്റെ തട്ടിപ്പിന് കോടതിയുടെ പ്രഹരം

പശ്ചിമ ബംഗാളിലെ ശാരദ ചിട്ടിഫണ്ട് കേസ് സിബിഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്, മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. നാല് സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് നിക്ഷേപകരെ ബാധിച്ചതാണ് തട്ടിപ്പ്. പക്ഷേ, മമത ബാനര്‍ജി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. പണംതിരിമറിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെട്ട കൂറ്റന്‍ ഇടപാടിനു പിന്നിലെ രാഷ്ട്രീയബന്ധങ്ങള്‍ പുറത്തുവന്നാല്‍ മമതയുടെ രാഷ്ട്രീയസിംഹാസനം തകരും എന്ന ഭീതിയാണതിന് കാരണം.

ശതകോടികള്‍ മുക്കിയ ശാരദ ചിട്ടി കുംഭകോണം ബംഗാളിലെ വലിയ രാഷ്ട്രീയ പ്രശ്നമാണിന്ന്. ഉന്നതരായ പല തൃണമൂല്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ചിട്ടിനടത്തിപ്പുമായും തിരിമറിയുമായും അടുത്ത ബന്ധമാണുണ്ടായത്. കേരളത്തിലെ സോളാര്‍ തട്ടിപ്പുകേസിലെന്നപോലെ, പശ്ചിമബംഗാള്‍ സംസ്ഥാന സ്പെഷ്യല്‍ പൊലീസ് കുറ്റകൃത്യം മറച്ചുവയ്ക്കാനും കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കാനുമാണ് ശ്രമിച്ചത്. കേന്ദ്ര എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴാണ് സ്ഥിതി മാറിയത്. ചിട്ടിഫണ്ട് ഉടമ സുദീപ്ത സെന്നിന്റെ ഭാര്യയെയും മകനെയും എന്‍ഫോഴ്സമെന്റ് അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോള്‍ നിര്‍ണായകമായ നിരവധി വിവരങ്ങളാണ് ലഭിച്ചത്. ഒരു മന്ത്രിയുള്‍പ്പെടെ ഉന്നത തൃണമൂല്‍ നേതാക്കളാണ് കുറ്റവാളികളെ സംരക്ഷിച്ചതെന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു തെളിവുകിട്ടി. ജനങ്ങളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സുദീപ്ത സെന്നിനെ അറസ്റ്റു ചെയ്തത്. എന്നാല്‍, തിരിമറി നടത്തി കുന്നുകൂട്ടിയ പണത്തെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ പൊലീസ് ശ്രമിച്ചില്ല. സെന്നിന്റെ ഭാര്യയും മകനും ചിട്ടിഫണ്ടിന്റെ പേരിലുള്ള വിവിധ കമ്പനികളുടെ ഡയറക്ടര്‍മാരായിരുന്നിട്ടും അവരെ തൊടാന്‍ മുതിര്‍ന്നില്ല. അങ്ങനെ ആസൂത്രിതമായി കുറ്റവാളികളെ സംരക്ഷിക്കാനും കബളിക്കപ്പെട്ട ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് എന്‍ഫോഴ്സ്മെന്റ് തടയിട്ടതെങ്കില്‍, സുപ്രീംകോടതി തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട്, കൂടുതല്‍ അന്വേഷണത്തിനാണ് വിധിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളായ പലര്‍ക്കും ചിട്ടിഫണ്ടുമായി ബന്ധമുണ്ടായിരുന്നു. ബാലൂര്‍ഹട്ട് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി അര്‍പ്പിത ഘോഷിനെ വോട്ടെടുപ്പ് കഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ടുതവണ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്തു. പ്രമുഖ നാടകനടിയും മമത ബാനര്‍ജിയുടെ ബുദ്ധിജീവി കലാസംഘത്തിന്റെ മുന്‍നിരക്കാരിയുമായ അര്‍പ്പിത, ശാരദ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ തുടങ്ങിയ വിനോദചാനലിന്റെ പ്രോഗ്രാം ഡയറക്ടറായിരുന്നു. ചിട്ടിഫണ്ട് പൊളിഞ്ഞശേഷം അര്‍പ്പിതയെ വാര്‍ത്താസാംസ്കാരിക വിഭാഗത്തില്‍ പ്രത്യേക ശിശു സിനിമാവിഭാഗം രൂപീകരിച്ച് അധ്യക്ഷയായി മമത നിയമിച്ചു. പിന്നെ സ്ഥാനാര്‍ഥിയുമാക്കി. നീതിപൂര്‍വകമായ അന്വേഷണം നടന്നാല്‍, അര്‍പ്പിത പോകാനുള്ളത് കാരാഗൃഹത്തിലേക്കാണ്. ചിട്ടി ഫണ്ടിന്റെ മീഡിയാ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചത് ജയിലില്‍ കഴിയുന്ന തൃണമൂല്‍ എംപി കുനാല്‍ ഘോഷാണ്. തന്നെ കരുവാക്കി യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുകൊള്ളുന്നത് മമത ബാനര്‍ജിയില്‍തന്നെയാണ്. ഗതാഗതമന്ത്രി മദന്‍ മിത്രയ്ക്ക് വെട്ടിപ്പില്‍ പങ്കുണ്ടെന്നും കുനാല്‍ വെളിപ്പെടുത്തി.

തൃണമൂലിന്റെ മറ്റൊരു എംപി സുജന്‍ ബോസ് ശാരദാ മീഡിയയുടെ ഡയറക്ടര്‍മാരിലൊളായിരുന്നു. ശാരദ ചാനലുകളെല്ലാം മമതയുടെ പ്രചാരണമാണ് നടത്തിയത്. മമത ബാനര്‍ജി വരച്ച ചിത്രങ്ങള്‍ കോടികള്‍ നല്‍കിയാണ് ചിട്ടിക്കമ്പനി വാങ്ങിക്കൂട്ടിയത്. മമതയുടെ കുടുംബത്തില്‍പ്പെട്ട പലരും രണ്ടുവര്‍ഷത്തിനുള്ളില്‍ കോടികളുടെ സ്വത്തു സമ്പാദിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. തൃണമൂലും ചിട്ടിക്കമ്പനിയും തമ്മിലുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവന്നത് ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ തൃണമൂലിനെ വലിയ പ്രതിരോധത്തിലാക്കി. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യത്തെ മമത തള്ളിക്കളയുന്നതും തൃണമൂലിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗത്തിനിടയില്‍ സംശയം സൃഷ്ടിച്ചു. രാഷ്ട്രീയപ്രേരിതമായി കേന്ദ്ര ഏജന്‍സികളെ തനിക്കെതിരെ ഉപയോഗിക്കുന്നുവെന്നാണ് മമത പ്രതികരിച്ചത്. ഇപ്പോള്‍ സിബിഐ അന്വേഷണ പ്രഖ്യാപനത്തോടെ തൃണമൂലിന്റെ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ചിട്ടിതട്ടിപ്പില്‍ എല്ലാം നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ 67 പേര്‍ ഇതിനകം ജീവനൊടുക്കി. ലക്ഷക്കണക്കിനാളുകള്‍ സമ്പാദ്യമാകെ നഷ്ടപ്പെട്ട് തെരുവാധാരമായി. ഈ ജനരോഷത്തെയും നിയമത്തിന്റെ കരങ്ങളെയും മറികടക്കാന്‍ അധികാരത്തിന്റെ അഹന്തയും വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളനയുമാണ് മമതയ്ക്ക് തുണയായത്. അത് ഇനി എളുപ്പമാകില്ല എന്നാണ് സുപ്രീം കോടതി വിധി നല്‍കുന്ന സൂചന.

അക്രമത്തിലൂടെയും അധികാര ദുര്‍വിനിയോഗത്തിലൂടെയും ബൂത്തുപിടിത്തത്തിലൂടെയും രക്ഷപ്പെടാമെന്ന വ്യാമോഹത്തിന് നീതിപീഠവും തിരിച്ചടി നല്‍കിയിരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം മമതയുടെ രാഷ്ട്രീയ ചായ്വുകള്‍ തീരുമാനിക്കുന്നതിനുള്ള ആയുധമായി ഈ സിബിഐ അന്വേഷണം ഒരുപക്ഷേ മാറിയേക്കാം. എന്നാല്‍, അവരുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തിയും ഗൗരവവും എത്രയെന്ന് ഈ വിധിയിലൂടെ വ്യക്തമായി എന്ന് നിസ്സംശയം പറയാം.
*
ദേശാഭിമാനി മുഖപ്രസംഗം

No comments: