Saturday, May 10, 2014

അമ്മ; സ്നേഹവും സാന്ത്വനവും

അറിയുമോ ഈ അമ്മയെ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍നിന്നു തുടങ്ങട്ടെ. വനിതാ സെല്‍ ഉദ്യോഗസ്ഥര്‍ വൃദ്ധസദനത്തിലാക്കിയ ഈ അമ്മയ്ക്ക് മക്കളും കുടുംബവുമുണ്ട്. എന്നിട്ടും ഇവര്‍ ബസ്സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ടു. വീട്ടമ്മയെ നടുറോഡില്‍ കൊലപ്പെടുത്തി, അമ്മൂമ്മയെയും കൊച്ചുമകളെയും വെട്ടിക്കൊന്നു, വൃദ്ധമാതാവിനെ പീഡിപ്പിച്ചു എന്നിങ്ങനെ പോകുന്നു വാര്‍ത്തകള്‍. ഇന്ന് ലോകം മാതൃദിനം ആചരിക്കുകയാണ്. സ്നേഹവാത്സ്യങ്ങള്‍കൊണ്ട് ആര്‍ദ്രമായ അമ്മമാര്‍ക്കുവേണ്ടി ലോകം പ്രാര്‍ഥിക്കുമ്പോഴും നമ്മുടെ ദിനങ്ങള്‍ അമ്മമാര്‍ അനുഭവിക്കുന്ന പീഡനവാര്‍ത്തകളുമായി ഉണരുന്നു.

അമ്മ മനുഷ്യചേതനയെ പ്രപഞ്ച യാഥാര്‍ഥ്യവുമായി ബന്ധിപ്പിക്കുന്ന മഹോന്നത ശക്തിയാണ്. അമ്മയും കുഞ്ഞും എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠമായ സങ്കല്‍പ്പമാണ്. അമ്മിഞ്ഞപ്പാല് നല്‍കി പിച്ചവച്ച് നടത്തിച്ച് താരാട്ടുപാടി ഉറക്കിയ മാതാക്കളോട് മക്കളുടെ സമീപനം വെറുക്കപ്പെട്ട രീതിയിലാകരുത്. പത്രപംക്തികള്‍ അമ്മമാരുടെ കണ്ണീരുകൊണ്ട് നനയരുത്.

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി കൊണ്ടാടുന്നത്. അമ്മമാരുടെ പ്രസക്തി തിരിച്ചറിയുകയും കുടുംബത്തിലും സമൂഹത്തിലും അവര്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുകയുമാണ് ദിനാചരണത്തിന്റെ ഉദ്ദേശ്യം. ആദ്യമായി മാതൃദിനം ആചരിച്ചത് ഗ്രീസിലത്രേ. ഇംഗ്ലണ്ടിലും "മദറിങ് സണ്‍ഡേ"കള്‍ ആചരിച്ചിരുന്നു. അക്കാലത്ത് വീടുവിട്ട് വിദൂരങ്ങളില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഞായറാഴ്ചകളില്‍ അമ്മമാരെ കാണാന്‍ അവധി അനുവദിച്ചിരുന്നു. അന്ന് തൊഴിലാളികള്‍ ആഹ്ലാദത്തോടെ വീട്ടിലെത്തുകയും അമ്മയുടെ സ്നേഹവാത്സ്യങ്ങള്‍ നുകരുകയുംചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്യാനുള്ള ആത്മബലം മാതൃസാന്നിധ്യം പകര്‍ന്നുതരുമെന്നാണ് വിശ്വസിച്ചിരുന്നത്.

മഹാന്മാരുടെ ജീവിതത്തിലെല്ലാം അമ്മ ശക്തിയും ചൈതന്യവുമായി നിലകൊണ്ടിരുന്നു. ഗോര്‍ക്കിയുടെ പ്രസിദ്ധമായ നോവലിന്റെ പേരുതന്നെ "അമ്മ" എന്നാണ്. നാടിനുവേണ്ടി ഒളിപ്രവര്‍ത്തനം നടത്തുന്ന മകനെ അമ്മ അഭിമാനത്തോടെ ആശ്ലേഷിക്കുന്നു. മകന്റെ പ്രസംഗമടങ്ങിയ ലഘുലേഖ ജനങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുന്നു. ചാരന്മാരുടെ അടിയേറ്റ് മറിഞ്ഞുവീഴുമ്പോഴും അമ്മ ഉറക്കെ വിളിച്ചുപറഞ്ഞത്- നാട്ടുകാരേ, മുഴുവന്‍ ശക്തിയും സംഭരിച്ച് ഒറ്റക്കെട്ടായി നില്‍ക്കുക എന്നാണ്. ഗാന്ധിയുടെയും എബ്രഹാം ലിങ്കന്റെയും ജീവിതത്തിലും മാതൃഭാവം തുടിച്ചുനിന്നു. എ കെ ജിക്കും ഇ എം എസിനും അമ്മയുടെ സ്നേഹം ഉണര്‍വും ഉത്സാഹവും പകര്‍ന്നിരുന്നു. അമ്മയാണ് രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചതെന്ന് എ കെ ജി എഴുതി. എ കെ ജി ജയിലിലായപ്പോള്‍ മകന്റെ വിവരം അറിയാന്‍ അമ്മ പതിവായി പത്രം വായിച്ചു. അമ്മയുടെ ഏറ്റവും വലിയ രാഷ്ട്രീയം സ്നേഹമാണെന്നും എ കെ ജി എഴുതുന്നു.

വിഷ്ണുദത്ത അന്തര്‍ജനത്തിന്റെ നാലാമത്തെ പുത്രനാണ് ഇ എം എസ്. മകന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്ന ഘട്ടമെത്തിയപ്പോള്‍ ആ അമ്മ മൂകയായി കരഞ്ഞുതീര്‍ക്കുകയായിരുന്നു. ജയിലില്‍ പോകുന്നതിനേക്കാള്‍ ആ അമ്മയെ ഭയപ്പെടുത്തിയത് പൊലീസിന്റെ തല്ലുകൊള്ളുമെന്ന ചിന്തയാണ്. നമ്മുടെ ഇതിഹാസപുരാണങ്ങളിലും മാതൃഭാവത്തിന് സുപ്രധാന സ്ഥാനമുണ്ട്. കൈകേയിയും കൗസല്യയും സീതയും ഗാന്ധാരിയും മറ്റും മാതൃഭാവത്തിന്റെ മൂര്‍ത്തീകരണങ്ങളാണ്. മഹാഭാരതത്തില്‍ ഖാണ്ഡവ വനത്തിന് തീപിടിച്ചപ്പോള്‍ ജരിത എന്ന അമ്മപ്പക്ഷി നാലു മക്കളെയുംകൊണ്ട് കാട്ടുതീയില്‍ വെന്തുമരിക്കാന്‍ തീരുമാനിക്കുന്ന കഥയുണ്ട്. അമ്മയും മക്കളും തമ്മില്‍ ഉദാത്ത ഭാവത്തിന് എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. കഥാകൃത്ത് ടി പത്മനാഭന്റെ ജീവിതത്തില്‍ അമ്മ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അമ്മ ജീവിതത്തിലും സാഹിത്യത്തിലും നന്മയുടെ തൂവല്‍സ്പര്‍ശമായി ആശ്വാസം പകര്‍ന്നു എന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് കര്‍ഷക പോരാട്ടങ്ങളിലും അമ്മമാരുടെ സജീവസാന്നിധ്യമുണ്ട്. ഒളിവിലും തെളിവിലും പ്രവര്‍ത്തിച്ച നേതാക്കളെ അമ്മമാര്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. ഉറക്കംകെടുത്തിയ പൊലീസിന്റെയും ഗുണ്ടകളുടെയും ഭീഷണി അവഗണിച്ചും പ്രസ്ഥാനത്തെ പാലൂട്ടിയ അമ്മമാരുടെ കഥകളുണ്ട്.

അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നതാണ് ഏറ്റവും ചിന്തിപ്പിക്കുന്ന കാര്യം. കര്‍മപഥത്തിലെ കരുത്തായി മക്കള്‍ വളര്‍ന്നുവരണമെന്നാണ് അമ്മമാരെല്ലാവരും ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള അമ്മമാര്‍ ബസ് സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കപ്പെടുന്നവരാകരുത്. അടുക്കളയില്‍ പുകഞ്ഞുതീരേണ്ടതല്ല അമ്മമാരുടെ ചൈതന്യമെന്ന് പുതുതലമുറ തിരിച്ചറിയണം.

*
പയ്യന്നൂര്‍ കുഞ്ഞിരാമന്‍

No comments: