Friday, August 17, 2012

ഭൂമാഫിയയുടെ വിളയാട്ടം

കേരളത്തില്‍ ഭൂപരിഷ്കരണനിയമം നിലവില്‍വന്നതോടെ ഒരു കുടുംബത്തിന്റെ കൈവശഭൂമിയുടെ പരിധി 15 ഏക്കറായി ക്ലിപ്തപ്പെടുത്തി. തോട്ടംമേഖലയെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കിയതിനാല്‍ തോട്ടം ഉടമകള്‍ എന്ന ധനികവര്‍ഗം മലയോരങ്ങളില്‍ ഏക്കര്‍കണക്കിന് തേയില, റബര്‍, ഏലം തുടങ്ങിയ തോട്ടങ്ങള്‍ സ്വന്തം വകയായി നിലനിര്‍ത്തി. തോട്ടങ്ങള്‍ വ്യവസായം എന്ന നിലയില്‍ തൊഴിലും വരുമാനവും നല്‍കുന്നതിനാല്‍ അതിനെ തുണ്ടുതുണ്ടാക്കുന്നത് ദോഷകരമായി തീരുമെന്നായിരുന്നു വിലയിരുത്തല്‍. ഈ ആനുകൂല്യപ്രകാരമാണ് തേയിലത്തോട്ടങ്ങള്‍ക്കുപുറമെ മൂന്നാര്‍ പട്ടണവും റോഡുകളും കെട്ടിടങ്ങളും നദീതടങ്ങളും മൈതാനവുമെല്ലാം ടാറ്റാ ടീ എന്ന കുത്തക സ്ഥാപനം കൈവശപ്പെടുത്തിയത്.

1971ല്‍ സ്വകാര്യവനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല. 1977ലെ വനിയമത്തിലുണ്ടായ ചില പഴുതുകളാണ് വനം കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയത്. ക്രമേണ വനഭൂമിയില്‍ പഴയ ജന്മിമാരോ പുതിയ തോട്ടമുടമകളോ ആധിപത്യം സ്ഥാപിച്ചു. വനങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ കുടിയിറക്കപ്പെട്ടു. ഭൂനിയമം വന്നശേഷം പല ഘട്ടങ്ങളിലായി വനം കൈയേറിയവരും വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ചവരും തോട്ടമുടമകളായി തുടരുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സര്‍ക്കാരില്‍നിന്ന് 99 വര്‍ഷത്തേക്ക് പാട്ടത്തിന് വനഭൂമി വാങ്ങി തോട്ടമാക്കി മാറ്റിയവരും തോട്ടമുടമകളായി പരിഗണിക്കപ്പെടുന്നു. പാട്ട കാലാവധി കഴിഞ്ഞിട്ടും വനഭൂമിയിലെ തോട്ടങ്ങള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ ഇവര്‍ മടിക്കുന്നു.

പറമ്പിക്കുളം ടൈഗര്‍ റിസര്‍വിനോടനുബന്ധിച്ച നെല്ലിയാമ്പതി വനഭൂമിയിലെ തോട്ടങ്ങള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. നെല്ലിയാമ്പതിയിലെ 27 എസ്റ്റേറ്റുകള്‍ക്ക് കാലാവധി കഴിഞ്ഞതായി വനംവകുപ്പ് കണ്ടെത്തി. ചില തോട്ടമുടമകള്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയുംചെയ്തു. സര്‍ക്കാര്‍ അഭിഭാഷകന്‍ തോട്ടമുടമകളുമായി ചേര്‍ന്ന് ഒത്തുകളിച്ചതിനാലാണ് ചെറുനെല്ലി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടി കോടതി സ്റ്റേ ചെയ്തത്. നെല്ലിയാമ്പതി എസ്റ്റേറ്റ് കേസുകളില്‍ കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സാവകാശം തേടിയത് ഒളിച്ചുകളിയുടെ ഭാഗമാണ്. സര്‍ക്കാരിന്റെ ബോധപൂര്‍വമായ അലംഭാവംമൂലമാണ് ഹൈക്കോടതിയില്‍ കേസ് തോറ്റത്. നെല്ലിയാമ്പതി കേസില്‍ തോട്ടഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ പ്രമുഖ അഭിഭാഷകരെ അണിനിരത്തിയപ്പോള്‍ കേരളസര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ചില്ല.

കായല്‍ രാജാക്കന്മാരുടെയും തോട്ടമുടമകളുടെയും പാര്‍ടിയായ കേരളകോണ്‍ഗ്രസ്, രൂപീകരണംമുതല്‍തന്നെ ഭൂപരിഷ്കരണനിയമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസിലെ ഒരു ലോബിയും ഇതിന് കൂട്ടുനിന്നു. 1978 മുതല്‍ ഭൂമി കേസുകളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി തോറ്റുകൊടുക്കുന്ന പ്രവണത ഉണ്ടായത് റവന്യൂ- നിയമവകുപ്പുകളുടെ നേതൃത്വം മിക്കപ്പോഴും കേരളകോണ്‍ഗ്രസ് വഹിച്ചതുകൊണ്ടാണ്. കേരള കോണ്‍ഗ്രസിന്റെ വര്‍ഗ- വര്‍ഗീയതാല്‍പ്പര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങിക്കൊണ്ടിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍പെടാത്ത തോട്ടങ്ങളുടെ ഭൂമിയുടെ അഞ്ചുശതമാനംവരെ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്ന നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുകയാണ്.

2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ അന്നത്തെ പ്രതിപക്ഷത്തിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാതെ പാസാക്കിയ ഭേദഗതി നിയമം ആറുവര്‍ഷത്തോളമായി കേന്ദ്രസര്‍ക്കാരിന്റെ സന്നിധിയിലായിരുന്നു. കോണ്‍ഗ്രസിന്റെ സമ്മര്‍ദഫലമായി ഇക്കഴിഞ്ഞ ജൂലൈ അവസാനമാണ് പ്രതിഭാപാട്ടീല്‍ രാഷ്ട്രപതിയെന്ന നിലയില്‍ ഒപ്പിട്ട് നിയമഭേദഗതിക്ക് അനുമതി നല്‍കിയത്. തോട്ടഭൂമിയുടെ അഞ്ചുശതമാനം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നുവരുന്നതോടെ തോട്ടമേഖലയാകെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ വിഹാരകേന്ദ്രമാകും. പതിനായിരക്കണക്കിന് തോട്ടഭൂമിയുള്ള വന്‍കിട ഉടമകള്‍ അഞ്ചുശതമാനം ഭൂമി തരം മാറ്റാനും മുറിച്ചുവില്‍ക്കാനും തയ്യാറാകും. പച്ചപ്പുനിറഞ്ഞ മൂന്നാര്‍, വയനാടന്‍ മലനിരകള്‍ ടൂറിസത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകളാകും. കശുമാവ് വച്ചുപിടിപ്പിക്കുന്ന തോട്ടങ്ങളെ ഭൂപരിഷ്കരണനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഒരു ഹെക്ടറില്‍ 150 കശുമാവിന്‍തൈ നട്ടാല്‍ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കപ്പെടും. കശുമാവുതോട്ടം സ്ഥാപിച്ചാല്‍ ക്രമേണ അതിന്റെ അഞ്ചുശതമാനം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാം. കര്‍ഷകസ്നേഹത്തിന്റെ പേരില്‍ ഒരു കള്ളക്കളി. ജന്മിമാരുടെ കബളിപ്പിക്കലിന് ഇരയായി മിച്ചഭൂമി വിലയ്ക്ക് വാങ്ങിയ കര്‍ഷകര്‍ക്ക് സ്ഥിരാവകാശം നല്‍കുമെന്നായിരുന്നു യുഡിഎഫിന്റെ നയപ്രഖ്യാപനം. 1997വരെയുള്ള ഭൂമി കൈമാറ്റങ്ങള്‍ക്കുമാത്രം സാധുത നല്‍കിയാല്‍ മതിയെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമിയുടെ പരിധി അഞ്ചേക്കറായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍, പരിധിയില്ലാതെ 2005വരെയുള്ള അനധികൃത ഇടപാടുകള്‍ക്ക് സ്ഥിരാവകാശം നല്‍കാനാണ് പുറപ്പാട്. വനഭൂമിയുടെയും റവന്യൂ ഭൂമിയുടെയും വിസ്തൃതി കണക്കാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്രമായ സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നു. ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങള്‍ക്കും ടൂറിസം ആവശ്യങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്ക് ലേലംചെയ്തു കൊടുക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സുതാര്യമായ ഈ സംരംഭത്തെ അട്ടിമറിക്കുന്നതാണ് തോട്ടഭൂമി മുറിച്ചുവില്‍ക്കാനുള്ള നീക്കം. 2005ന് മുമ്പ് നികത്തിയ നെല്‍വയലുകളും നീര്‍ത്തടങ്ങളും കരഭൂമിയായി അംഗീകരിക്കാമെന്ന മന്ത്രിസഭാ തീരുമാനം ഭൂമാഫിയയെ സഹായിക്കാനാണ്. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍- തണ്ണീര്‍ത്തട നിയമത്തെ കശാപ്പുചെയ്യാനാണ് യുഡിഎഫ് തീരുമാനം. 2005 ജനുവരി ഒന്നിന് മുമ്പ് നികത്തിയതാണെന്ന് വ്യാജരേഖ ചമച്ചാല്‍ നെല്‍പ്പാടങ്ങളും ചതുപ്പുനിലങ്ങളും കുളങ്ങളും തോടുകളും നികത്താം. കൃഷി നഷ്ടമായതിനാല്‍ നികത്തപ്പെടുന്ന ഭൂമിയില്‍ വ്യവസായങ്ങള്‍ തുടങ്ങാമെന്നാണ് തലതിരിഞ്ഞ ചിന്ത. ഭൂമാഫിയകള്‍ക്ക് തടിച്ചുകൊഴുക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കുറഞ്ഞവിലയ്ക്ക് വയല്‍ വാങ്ങി നികത്തി കരഭൂമിയാക്കിയും കെട്ടിടങ്ങള്‍ വച്ചും നൂറിരട്ടി വിലയ്ക്ക് വില്‍ക്കാം. സെപ്തംബറില്‍ നടക്കുന്ന "എമര്‍ജിങ് കേരള" എന്ന നിക്ഷേപകസംഗമത്തിന് മുന്നോടിയായി വയല്‍നികത്തലിന് നിയമസാധുത നല്‍കുന്നതിനുപിന്നില്‍ വ്യവസായവകുപ്പിന്റെ സമ്മര്‍ദമുണ്ട്. എമര്‍ജിങ് കേരളയില്‍ അവതരിപ്പിക്കപ്പെടുന്ന പദ്ധതികളിലേറെയും റിയല്‍ എസ്റ്റേറ്റ്- ഫ്ളാറ്റ് മേഖലയില്‍നിന്നുള്ളവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന കോടികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കേരളത്തിലിപ്പോള്‍ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഭൂമിയാണ്. ഭൂമിയിലുള്ള അവകാശവും ആധിപത്യവുമാണ് യഥാര്‍ഥ അധികാരം.

കേരളത്തിലുടനീളം തോട്ടങ്ങളില്‍ ആയിരക്കണക്കിന് ഭൂമിയാണ് ചിലര്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. വിവിധ നഗരങ്ങളില്‍ ഭൂപരിധി ലംഘിച്ച് പുത്തന്‍പണക്കാര്‍ ഉടമകളായുള്ള ഭൂമികളെപ്പറ്റി സര്‍ക്കാരിന് ഒരു കണക്കുമില്ല. ഭൂനിയമം പലപ്പോഴായി അട്ടിമറിക്കപ്പെട്ടതിനാല്‍ കേരളത്തില്‍ ജന്മിത്വം ഇനിയും അവസാനിച്ചിട്ടില്ല. ഭൂമിയിലെ സാമ്പത്തിക കേന്ദ്രീകരണവും ആധിപത്യവും കേരളത്തില്‍ ഒരു പുത്തന്‍ജന്മിത്വം വളര്‍ത്തിയിരിക്കുകയാണ്. അനുദിനം തഴച്ചുവളരുന്ന ഭൂമാഫിയകളെ നിയന്ത്രിക്കണമെങ്കില്‍ ഭൂനിയമത്തിലെ ഊഹക്കച്ചവടവും കള്ളപ്പണനിക്ഷേപവും നികുതിവെട്ടിപ്പും തടയാന്‍ കര്‍ശനമായ നിയമനടപടികള്‍ ആവശ്യമാണ്.

ഭൂവിനിയോഗത്തിലെ വിവേചനം അവസാനിപ്പിക്കാന്‍ നഗര- തോട്ട ഭൂമികള്‍ക്ക് പരിധി നിശ്ചയിക്കണം. ഭീമമായ പാട്ടക്കുടിശ്ശികയുള്ള സര്‍ക്കാര്‍ വക പാട്ടഭൂമികള്‍ സ്വകാര്യവ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും തിരിച്ചെടുക്കണം. ഭൂമിയിലുള്ള അവകാശത്തര്‍ക്കമാണ് നമ്മുടെ കോടതികളിലെ മുഖ്യവ്യവഹാരവിഷയം. കൈയേറ്റവും അതിരുമാന്തലും അതിക്രമങ്ങളും നിത്യസംഭവമാണ്. സര്‍ക്കാര്‍ഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ സ്വകാര്യ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് അറിഞ്ഞുകൊണ്ട് തോറ്റുകൊടുക്കുന്നു. ഭൂമി കച്ചവടക്കാരും ഭൂമി ദല്ലാളന്മാരും അഴിഞ്ഞാടുന്ന കേരളത്തില്‍ ഭൂമി രാഷ്ട്രീയവും കൊഴുക്കുകയാണ്. ഭൂമാഫിയകള്‍ക്ക് അടിയറവ് പറഞ്ഞ കേരളസര്‍ക്കാര്‍ ഭൂനിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് ഭൂമിയുടെ ചരമഗീതം ആലപിക്കുകയാണ്.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി 17 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തില്‍ ഭൂപരിഷ്കരണനിയമം നിലവില്‍വന്നതോടെ ഒരു കുടുംബത്തിന്റെ കൈവശഭൂമിയുടെ പരിധി 15 ഏക്കറായി ക്ലിപ്തപ്പെടുത്തി. തോട്ടംമേഖലയെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കിയതിനാല്‍ തോട്ടം ഉടമകള്‍ എന്ന ധനികവര്‍ഗം മലയോരങ്ങളില്‍ ഏക്കര്‍കണക്കിന് തേയില, റബര്‍, ഏലം തുടങ്ങിയ തോട്ടങ്ങള്‍ സ്വന്തം വകയായി നിലനിര്‍ത്തി. തോട്ടങ്ങള്‍ വ്യവസായം എന്ന നിലയില്‍ തൊഴിലും വരുമാനവും നല്‍കുന്നതിനാല്‍ അതിനെ തുണ്ടുതുണ്ടാക്കുന്നത് ദോഷകരമായി തീരുമെന്നായിരുന്നു വിലയിരുത്തല്‍. ഈ ആനുകൂല്യപ്രകാരമാണ് തേയിലത്തോട്ടങ്ങള്‍ക്കുപുറമെ മൂന്നാര്‍ പട്ടണവും റോഡുകളും കെട്ടിടങ്ങളും നദീതടങ്ങളും മൈതാനവുമെല്ലാം ടാറ്റാ ടീ എന്ന കുത്തക സ്ഥാപനം കൈവശപ്പെടുത്തിയത്.