Monday, April 23, 2012

വിദ്യാഭ്യാസാവകാശവും സുപ്രീംകോടതിയുടെ സമീപനവും

ഭരണഘടനയുടെ 21എ അനുച്ഛേദം 6 മുതല്‍ 14 വരെ പ്രായമായ കുട്ടികള്‍ക്കെല്ലാം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നു. അത് പ്രയോഗത്തില്‍ വരുത്തുന്നതിനായി പാര്‍ലമെന്‍റ് പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യം നല്‍കേണ്ട ചുമതല സര്‍ക്കാരിനാണ്. പല സംസ്ഥാനങ്ങളിലും കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സൗജന്യ വിദ്യാലയങ്ങള്‍ ഇല്ലാത്തതാണ് പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാകാതിരിക്കാന്‍ ഒരു പ്രധാന കാരണം. ഈ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് അണ്‍എയ്ഡഡ് സ്കൂളുകളിലെ 25 ശതമാനം സീറ്റുകളില്‍ പിന്നോക്ക വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് വിദ്യാഭ്യാസാവകാശനിയമം വ്യവസ്ഥ ചെയ്തത്. എന്നാല്‍ ആ വ്യവസ്ഥ ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ബാധകമാക്കരുതെന്ന് വിദ്യാഭ്യാസ അവകാശനിയമം സാധുവാണെന്ന് വിധിച്ചതോടൊപ്പം സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 25 ശതമാനം സീറ്റ് പിന്നോക്ക വിഭാഗം കുട്ടികള്‍ക്കായി നീക്കിവെക്കണമെന്ന വിദ്യാഭ്യാസാവകാശനിയമത്തിലെ വ്യവസ്ഥ തങ്ങളുടെ മൗലികാവകാശ ധ്വംസനമാണെന്ന് അണ്‍എയ്ഡഡ് മാനേജ്മെന്‍റുകള്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ഇങ്ങനെ വാദിക്കുന്നവര്‍ വിദ്യാഭ്യാസാവകാശനിയമം പൂര്‍ണമായി നടപ്പാക്കപ്പെട്ടാല്‍ രാജ്യത്ത് ഒന്നോ രണ്ടോ പതിറ്റാണ്ടിനുള്ളില്‍ ഉണ്ടാകാന്‍ പോകുന്ന നാനാദിശകളിലുള്ള പുരോഗതിയെക്കുറിച്ച് ചിന്തിച്ചില്ല. ആ പുരോഗതിയില്‍ തങ്ങള്‍ പങ്കാളികള്‍ ആയാലത്തെ ഗുണവും ആകേണ്ടതിന്റെ പ്രാധാന്യവും അവര്‍ ആലോചിച്ചില്ല. അവരുടെ ഏകചിന്ത 25 ശതമാനം സീറ്റില്‍ പാവപ്പെട്ടവരെ പ്രവേശിപ്പിച്ചാല്‍ അത് സമ്പന്നരും ആഢ്യരുമായ മാതാപിതാക്കളുടെ മക്കള്‍ ആ സ്കൂളുകളില്‍ ചേരുന്നതിനെ നിരുല്‍സാഹപ്പെടുത്തും എന്നും തങ്ങള്‍ക്ക് ഫീസ് വഴി ലഭിക്കേണ്ട വരുമാനത്തില്‍ വലിയ ഇടിവ് വരുമെന്നുമാണ്.

സ്വകാര്യ മാനേജ്മെന്‍റുകള്‍ - വ്യക്തികളായാലും സ്ഥാപനങ്ങളായാലും സംഘടനകളായാലും - സ്കൂള്‍ നടത്താനുള്ള തങ്ങളുടെ അവകാശത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. പഠിക്കാനുള്ള ഏത് പൗരെന്‍റയും - കുട്ടിയുടെയും - അവകാശത്തെയും ആവശ്യത്തെയും കുറിച്ച് ചിന്തിക്കുന്നതേയില്ല. വിദ്യാഭ്യാസം ഒരു തലമുറയുടെ സൃഷ്ടിയില്‍ വഹിക്കുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ചും അവര്‍ ആലോചിക്കുന്നില്ല. കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഞെക്കിപ്പിഴിഞ്ഞ് തങ്ങളുടെ പണപ്പെട്ടിയില്‍ ശേഖരിക്കുന്ന വന്‍തുകയെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്ത. സ്വാതന്ത്ര്യത്തിനു മുമ്പും തൊട്ടുപിന്നാലെയും ഇതായിരുന്നില്ല സ്വകാര്യമാനേജര്‍മാരുടെ മനോഭാവം. അവരുടെ സ്കൂളുകളായിരുന്നു അക്കാലത്ത് പാവപ്പെട്ടവരും പിന്നോക്ക വിഭാഗക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യാശ്രയം. എന്നാല്‍ കഴിഞ്ഞ 30 ലേറെ വര്‍ഷങ്ങളില്‍ ആ സ്ഥിതി മാറി. സ്വകാര്യ സ്കൂളുകള്‍ മുഖ്യമായി പണക്കാരുടെയും മധ്യവര്‍ഗങ്ങളുടെയും കുട്ടികള്‍ പഠിക്കുന്നവയായിമാറി. കേരളത്തിലും മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സ്കൂളില്‍ ചേര്‍ന്ന കുട്ടികളുടെ ശതമാനം വളരെ വലുതാണ്. ഇപ്പോള്‍ ഹിന്ദി സംസ്ഥാനങ്ങളടക്കം മറ്റുള്ളവയിലും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ മൊത്തം 6-14 പ്രായക്കാരായ കുട്ടികളില്‍ 75-80 ശതമാനം സ്കൂളില്‍ ചേര്‍ന്നു പഠിക്കുന്നതായാണ് സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ സ്കൂളുകള്‍ വേണ്ടത്രയില്ലാത്ത പ്രദേശങ്ങളിലാണ് സ്വകാര്യസ്കൂളുകളിലെ 25 ശതമാനം സീറ്റ് പ്രവേശനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായിത്തീരുക. സ്വകാര്യ സ്കൂളുകളില്‍ പിന്നോക്കവിഭാഗം കുട്ടികളെ ചേര്‍ക്കുന്നതിനു മറ്റൊരു പ്രാധാന്യമുണ്ട്. രണ്ട് വിഭാഗങ്ങളില്‍പെട്ട ചെറുപ്രായക്കാരായ കുട്ടികള്‍ ഒന്നിച്ചുചേര്‍ന്ന് പഠിക്കുന്നത് അവരില്‍ അഭിലഷണീയമായ സാമൂഹ്യബോധം അങ്കുരിക്കാന്‍ സഹായിക്കും. അത് അവര്‍ക്കു മാത്രമല്ല, അതത് പ്രദേശത്തിനും രാജ്യത്തിനാകെയും ഭാവിയില്‍ പ്രയോജനകരമാകും. പക്ഷേ, ദീര്‍ഘവീക്ഷണമില്ലാത്ത സമ്പന്നരക്ഷിതാക്കളും സ്കൂള്‍ മാനേജര്‍മാരും അതിനെ എതിര്‍ക്കുന്നു.

സുപ്രീംകോടതി മുമ്പാകെ ഇക്കാര്യത്തില്‍ സ്വകാര്യമാനേജ്മെന്‍റുകള്‍ കേസ് കൊടുക്കാന്‍ കാരണം അതാണ്. വിദ്യാഭ്യാസാവകാശനിയമത്തെ ഭരണഘടനാപരമായി സുപ്രീംകോടതി സാധൂകരിച്ചത് നല്ല കാര്യം. അതുപറയേണ്ടിവരുന്നത് പലപ്പോഴും ആ കോടതിയും കീഴ്ക്കോടതികളും വിദ്യാഭ്യാസ വിഷയത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പൊതുതാല്‍പര്യത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം സ്വകാര്യ മാനേജ്മെന്‍റുകളുടെ താല്‍പര്യങ്ങള്‍ക്ക് നല്‍കാറുള്ളതുകൊണ്ടാണ്. ഇത് വാസ്തവത്തില്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യത്തിനു - മിടുക്കരായ യുവതീയുവാക്കളെ നല്ല രീതിയില്‍ അഭ്യസ്തവിദ്യരായി ലഭിക്കുക എന്ന താല്‍പര്യത്തിന് - ഹാനികരമാണ് എന്നു പറയാതെ തരമില്ല. ഈ കേസില്‍ ന്യൂനപക്ഷമല്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകള്‍ 25 ശതമാനം സീറ്റുകള്‍ പിന്നോക്ക വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്കായി നീക്കിവെക്കണം എന്ന് സുപ്രീംകോടതി ഭൂരിപക്ഷവിധിയിലൂടെ സ്ഥാപിക്കുന്നു. എന്നാല്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അത് ബാധകമാക്കുന്നില്ല. ഭരണഘടനയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം എന്നത് മത (ഭാഷാ) ന്യൂനപക്ഷത്തിന്റെ സംസ്കാരം നിലനിര്‍ത്തുന്നതിനുവേണ്ടി ആ വിഭാഗം സ്ഥാപിച്ചു നടത്തുന്നതാണ്.

ഇവിടെ ആ വിഭാഗത്തിന്റെ പേരില്‍ ഏത് വ്യക്തിയോ സ്ഥാപനമോ നടത്തുന്ന വിദ്യാലയത്തെയും ന്യൂനപക്ഷ വിദ്യാലയം എന്നാണ് നിര്‍വചിക്കുന്നത്. പക്ഷേ, മിക്ക ന്യൂനപക്ഷ വിദ്യാലയങ്ങളിലും ഗണ്യമായ എണ്ണം വിദ്യാര്‍ഥികള്‍ ഭൂരിപക്ഷ വിഭാഗത്തില്‍പെടുന്നവരാണ്. ആ വിദ്യാലയം നടത്തപ്പെടുന്നത് ന്യൂനപക്ഷ സംസ്കാര സംരക്ഷണത്തിനല്ല, ആ സ്ഥാപനം നടത്തുന്ന വ്യക്തിയുടെ/സംഘത്തിന്റെ ലാഭം പരമാവധി വര്‍ധിപ്പിക്കുന്നതിനാണ്. അത്തരം "ന്യൂനപക്ഷ" വിദ്യാലയങ്ങളെ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ടോ എന്ന് പരിഗണിക്കേണ്ടതാണ്. ന്യൂനപക്ഷ സ്ഥാപനത്തില്‍ 25 ശതമാനം പിന്നോക്ക വിഭാഗങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികളെ ചേര്‍ക്കുന്നത് ആ സ്ഥാപനത്തിനും പ്രയോജനകരമായിരിക്കും എന്നു കാണേണ്ടതാണ്. വിദ്യാഭ്യാസാവകാശനിയമത്തിന്റെ നടത്തിപ്പിന്റെ വിജയം കുടികൊള്ളുന്നത് സര്‍ക്കാരിെന്‍റ മുന്‍കയ്യോടെ നല്ല വിദ്യാലയങ്ങള്‍ സുശിക്ഷിതരായ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തപ്പെടുമ്പോഴാണ്. നല്ല വിദ്യാലയങ്ങള്‍ എല്ലായിടത്തും നിര്‍മിക്കുന്നതിനും അധ്യാപകരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്ല പരിശീലനം നല്‍കുന്നതിനും വലിയ ചെലവുണ്ട്. ഇതിന് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഏതാണ്ട് 4.5 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. അത് സര്‍ക്കാര്‍ കണ്ടെത്തണം. സ്വകാര്യമേഖലക്ക് മാതൃകയാകുന്ന തരത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളെ മാറ്റണം. വിദ്യാഭ്യാസാവകാശനിയമത്തിന്റെ വിജയം എങ്കില്‍ മാത്രമേ ഉറപ്പുവരുത്താന്‍ കഴിയൂ.

*
സി പി നാരായണന്‍ ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭരണഘടനയുടെ 21എ അനുച്ഛേദം 6 മുതല്‍ 14 വരെ പ്രായമായ കുട്ടികള്‍ക്കെല്ലാം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനല്‍കുന്നു. അത് പ്രയോഗത്തില്‍ വരുത്തുന്നതിനായി പാര്‍ലമെന്‍റ് പാസാക്കിയ വിദ്യാഭ്യാസാവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും പഠനസൗകര്യം നല്‍കേണ്ട ചുമതല സര്‍ക്കാരിനാണ്. പല സംസ്ഥാനങ്ങളിലും കുട്ടികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സൗജന്യ വിദ്യാലയങ്ങള്‍ ഇല്ലാത്തതാണ് പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികമാകാതിരിക്കാന്‍ ഒരു പ്രധാന കാരണം. ഈ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് അണ്‍എയ്ഡഡ് സ്കൂളുകളിലെ 25 ശതമാനം സീറ്റുകളില്‍ പിന്നോക്ക വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന് വിദ്യാഭ്യാസാവകാശനിയമം വ്യവസ്ഥ ചെയ്തത്. എന്നാല്‍ ആ വ്യവസ്ഥ ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ബാധകമാക്കരുതെന്ന് വിദ്യാഭ്യാസ അവകാശനിയമം സാധുവാണെന്ന് വിധിച്ചതോടൊപ്പം സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.