Friday, November 2, 2012

അഴിമതിക്ക് വഴിതുറക്കുന്ന ദേവസ്വം ഓര്‍ഡിനന്‍സ്

ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭായോഗം തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള ആലോചന നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു റിലീജിയസ് ആക്ടും മദ്രാസ് റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ടും ഭേദഗതിചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് തീരുമാനിച്ചു. ഈ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ വരാന്‍പോവുകയാണ്. അതിന്‍പ്രകാരം, ദൈവവിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്ന ഹിന്ദു എംഎല്‍എയ്ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകൂ. ബോര്‍ഡില്‍ നിലവിലുള്ള വനിതാസംവരണം എടുത്തുമാറ്റും.

ദേവസ്വം നിയമനങ്ങള്‍ പിഎസ്സിയിലൂടെ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനം കൊണ്ടുവരുമെന്ന് പറയുന്നത്. മാത്രമല്ല, ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കാനുള്ള നിര്‍ദേശവുമുണ്ട്. ഇത്തരമൊരു മാറ്റംവരുത്തുന്നതിനുപിന്നിലുള്ള താല്‍പ്പര്യം വളരെ വ്യക്തമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ, ദേവസ്വം ബോര്‍ഡിലേക്ക് തങ്ങളുടെ താല്‍പ്പര്യക്കാരെ തിരുകിക്കയറ്റുന്നതിനും വന്‍ അഴിമതിയുടെ വേദിയായി ബോര്‍ഡിനെ മാറ്റിയെടുക്കാനുമുള്ള തന്ത്രമാണ് ഇതിനുപിന്നില്‍. ദേവസ്വം ബോര്‍ഡ് നിയമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 1950ലാണ് ഇതുമായി ബന്ധപ്പെട്ട മൂലനിയമം ഉണ്ടാകുന്നത്: തിരു- കൊച്ചി ഹിന്ദുമത സ്ഥാപന ആക്ട്്. 40 വര്‍ഷത്തിലേറെക്കാലം ഈ ആക്ട് ഒരു ഭേദഗതിക്കും വിധേയമാകാതെ നിലനിന്നു. പട്ടം താണുപിള്ളയെയും പനമ്പിള്ളിയെയും പോലെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തലപ്പത്തിരുന്നിട്ടും ഈ നിയമത്തിന് ഭേദഗതി വരുത്തുന്നതിന് തയ്യാറായില്ല. 1994ല്‍ കെ കരുണാകരന്റെ കാലത്താണ് ക്ഷേത്രവിശ്വാസിയായി നില്‍ക്കുന്നവര്‍ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ വോട്ടവകാശം നല്‍കൂ എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഇടതുപക്ഷം ഈ നിയമത്തെ അതിശക്തമായി എതിര്‍ത്തു. എങ്കിലും ഭൂരിപക്ഷം ഉപയോഗിച്ച് നിയമം പാസാക്കിയെടുക്കാനാണ് അവര്‍ തുനിഞ്ഞത്.

1950ലെ മൂലനിയമത്തില്‍ മാറ്റംവരുത്തി നടത്തിയ ഈ ഇടപെടലിലൂടെ നിയമത്തിലുണ്ടായ കറുത്തപുള്ളി മാറ്റുന്നതിനുള്ള പരിശ്രമം പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നടന്നു. 1999 ഫെബ്രുവരി 19ന് അതിനുതകുന്ന നിയമഭേദഗതി നിയമസഭയില്‍ കൊണ്ടുവന്നു. ഭരണഘടനയെ ലംഘിക്കുന്ന, യുഡിഎഫ് കൊണ്ടുവന്ന നിയമത്തെ തിരുത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്തത്. ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ത്തുവെങ്കിലും നിയമം പാസായി. എംഎല്‍എ എന്നത് നിയമസഭയിലേക്കുള്ള ജനങ്ങളുടെ പ്രതിനിധിയാണ്. എല്ലാവരും വോട്ടുചെയ്താണ് എംഎല്‍എയെ തെരഞ്ഞെടുക്കുന്നത്. അതിന് ജാതി- മത വ്യത്യാസങ്ങളില്ല. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഹിന്ദുക്കള്‍ വേണമെന്ന് നിഷ്കര്‍ഷിക്കുന്ന നിലയുണ്ടായത്. ഹിന്ദു ആരാണ് എന്നത് പ്രതിജ്ഞയുടെയോ മറ്റോ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടാവുന്നതാണോ എന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. 1936 നവംബര്‍ 12ന് പ്രസിദ്ധപ്പെടുത്തിയ ക്ഷേത്രപ്രവേശന വിളംബരത്തില്‍ "ജനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും";എന്നാണ് ഹിന്ദുവിനെപ്പറ്റി വ്യവസ്ഥചെയ്തിരിക്കുന്നത്.

വിവേകാനന്ദന്‍ പറഞ്ഞത് മുക്കോടിമുപ്പത് ദേവതകളില്‍ നിങ്ങള്‍ വിശ്വസിച്ചാലും സ്വയം വിശ്വാസമില്ലെങ്കില്‍ ഒരാള്‍ ഹിന്ദു ആകില്ലെന്നാണ്. ഹിന്ദുമതത്തില്‍ വിശ്വാസത്തിനൊപ്പം അവിശ്വാസത്തിന്റെ പാരമ്പര്യവും ഉണ്ടെന്ന കാര്യം നാം മറന്നുപോകരുത്. ഭൗതികവാദ ദര്‍ശനത്തിന്റെ വക്താവായ ചാര്‍വാകന്റെയും കണികാസിദ്ധാന്തം മുന്നോട്ടുവച്ച കണാദമഹര്‍ഷിയുടെയുമൊക്കെ ദര്‍ശനങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമായാണ് പൊതുവില്‍ പരിഗണിക്കപ്പെടുന്നത്. ഇങ്ങനെ വ്യത്യസ്ത ധാരകളുടെ കൂടിച്ചേരല്‍ എന്നനിലയിലാണ് പൊതുവില്‍ ഹിന്ദുമതത്തെ കണ്ടുവരുന്നത്. ആ ഒരു കാഴ്ചപ്പാടിനെ അട്ടിമറിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇത് വിശ്വാസത്തിന്റെയും മറ്റും പ്രശ്നമാണെന്ന് ധരിക്കേണ്ടതില്ല. മറിച്ച്, ദേവസ്വം ബോര്‍ഡിന്റെ അധികാരം കൈപ്പിടിയിലാക്കുന്നതിനുള്ള കുറുക്കുവഴിമാത്രമാണ്. മാത്രമല്ല, ഇത്തരമൊരു ഭേദഗതി ഭരണഘടനാപരമായ കാഴ്ചപ്പാടുകളുടെ ലംഘനംകൂടിയാണ്. ഭരണഘടനയുടെ 188-ാംവകുപ്പ് മുന്നോട്ടുവയ്ക്കുന്നത് നിയമസഭാംഗങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള സത്യപ്രതിജ്ഞയാണ്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞചെയ്തോ സത്യപ്രതിജ്ഞചെയ്യാവുന്നതാണ്. എങ്ങനെ സത്യപ്രതിജ്ഞചെയ്താലും എംഎല്‍എ എന്നനിലയില്‍ തുല്യമായ അവകാശമാണ് ഉണ്ടാവുക. അതിന്റെ പേരില്‍ ഒരു വിവേചനവും ഉണ്ടാകില്ലെന്ന കാര്യവും ഭരണഘടന എടുത്തുപറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹിന്ദു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമാത്രമേ പറയുന്നുള്ളൂ. അല്ലാതെ, ഈശ്വരവിശ്വാസമുള്ള ഹിന്ദു എംഎല്‍എമാര്‍ക്കുമാത്രമേ വോട്ടവകാശം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നില്ല. 1999ല്‍ ഹൈക്കോടതിയുടെ അഞ്ചംഗബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചിട്ടുള്ളതാണ്. ദേവസ്വം ബോര്‍ഡ് എങ്ങനെ രൂപപ്പെട്ടുവന്നു എന്നതുകൂടി പരിശോധിക്കുമ്പോള്‍മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ. പണ്ട് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം രാജാവിനായിരുന്നു. രാജഭരണത്തിനുപകരം ജനാധിപത്യ ഭരണസംവിധാനം നിലവില്‍വന്നപ്പോള്‍ രാജാവിന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് വന്നു. അത്തരത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ക്ഷേത്രങ്ങളുടെ ഭരണത്തിനാണ് ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടത് എന്ന കാര്യം നാം മറന്നുപോകരുത്. ഇങ്ങനെ ഭരണഘടനയെയും ഹിന്ദുമതത്തെക്കുറിച്ചുള്ള പൊതുവിലുള്ള ധാരണയെയും അട്ടിമറിച്ച് പുതിയ ഓര്‍ഡിനന്‍സ് എന്തിന് കൊണ്ടുവരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്.

അഴിമതി നടത്താനും സ്വന്തക്കാരെ തിരുകിക്കയറ്റാനും എന്നതാണ് ആ ഉത്തരം. എല്ലാ ഹിന്ദു എംഎല്‍എമാര്‍ക്കും വോട്ട് അനുവദിച്ചാല്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമസഭയുടെ പ്രതിനിധി എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നാകും. അങ്ങനെ വന്നാല്‍, തങ്ങളുടെ ഇംഗിതംപോലെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. അത് തടയുക എന്നതാണ് ഈ ഭേദഗതിക്കുപിന്നിലുള്ള ലക്ഷ്യം. ഇതോടൊപ്പം നടപ്പാക്കപ്പെടുന്ന മറ്റു കാര്യങ്ങള്‍കൂടി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ്സിക്കുപകരം പ്രത്യേക റിക്രൂട്ട്മെന്റ് ഏജന്‍സിയിലൂടെ നടത്തണമെന്നാണ് പറയുന്നത്. നിയമനത്തിന്റെ പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നതിനുള്ള വഴികള്‍ തേടുകയാണ് ഇതിലൂടെ എന്നത് വ്യക്തമാണ്.

അതോടൊപ്പം, വനിതാസംവരണം എടുത്തുമാറ്റാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏത് ക്ഷേത്രം പരിശോധിച്ചാലും അവിടെ വരുന്ന ഭക്തരില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്ന് കാണാം. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുന്നതിനും ഭരണമേഖലകളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ജനാധിപത്യനീക്കങ്ങള്‍ക്കും തടസ്സംനില്‍ക്കുന്ന ഒന്നായി ഈ ഭേദഗതി മാറുകയാണ്. ഇത്തരത്തില്‍ അഴിമതിയുടെ കേന്ദ്രമാക്കി ദേവസ്വം ബോര്‍ഡിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ഓര്‍ഡിനന്‍സ് എന്നു കാണണം. അതുകൊണ്ടുതന്നെ, ശരിയായ രീതിയിലുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഈ ഓര്‍ഡിനന്‍സിനെ ഇല്ലാതാക്കുക എന്നത് ഏറെ പ്രധാനമാണ്. അതുകൊണ്ട് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ അഴിമതിക്കെതിരായുള്ള ഈ പോരാട്ടത്തില്‍ അണിനിരക്കേണ്ടതുണ്ട്.


*****

ടി ശിവദാസ മേനോന്‍, കടപ്പാട് :ദേശാഭിമാനി


No comments: