Tuesday, November 6, 2012

ഓര്‍മകളിലെ ദാമോദരന്‍

കെ. ദാമോദരനുമായി ചെറിയ അടുപ്പമുണ്ടായിരുന്നവര്‍ക്കുപോലും അദ്ദേഹത്തെ മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമയായിട്ടേ കാണാനാവൂ. ദാമോദരന്റെ താത്വികലേഖനങ്ങള്‍ വായിച്ചു കമ്യൂണിസ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടവരും നിരവധിപേര്‍. ചിലരുടെ ഓര്‍മകളില്‍നിന്ന്, ലേഖനങ്ങളില്‍നിന്ന് പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

വിശ്വാസങ്ങളെ മുറുകെ പിടിച്ച പ്രക്ഷോഭകാരി

ഉന്നതനായ ഒരു ബുദ്ധിജീവിയുടെ ചിന്താപരതയും പ്രഗല്‍ഭനായ ഒരു പ്രക്ഷോഭകാരിയുടെ വൈകാരികതയും ഒത്തിണങ്ങിയ ഒരു അപൂര്‍വ വ്യക്തിയെയാണ് കെ. ദാമോദരനില്‍ ഞാന്‍ ദര്‍ശിക്കുന്നത്. പ്രായം ചെല്ലുംതോറും ബുദ്ധിപരത കൂടിയും പ്രക്ഷോഭകാരിത്വം കുറഞ്ഞും വന്നു. അതു സ്വാഭാവികവുമാണല്ലോ. എന്നാല്‍ ഒരിക്കലും ഈ രണ്ടു ഭാവങ്ങളും  ദാമോദരനില്‍ നിന്നു തീരെ വിട്ടുനിന്നിട്ടില്ല.

ഞാന്‍ ദാമോദരനെ ആദ്യം പരിചയപ്പെടുന്നത് ഒരു പ്രക്ഷോഭകാരിയായിട്ടാണ്. 1936-37 കാലത്തായിരിക്കണം അത്. അന്നു ഞാന്‍ മെല്ലെ രാഷ്ട്രീയത്തില്‍ പിച്ചവെച്ചു പ്രവേശിക്കുന്നതേയുള്ളൂ. ദാമോദരനാണെങ്കില്‍ കോണ്‍ഗ്രസിലെയും കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലെയും ഒരു പ്രമുഖ നേതാവായി കഴിഞ്ഞിരുന്നു. ദാമോദരന്‍ പ്രസംഗിച്ച യോഗങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അക്കാലത്തെ 'മാതൃഭൂമി'യില്‍ ദിനംപ്രതിയെന്നോണം വന്നുകൊണ്ടിരുന്നു. എങ്കിലും ഞാന്‍ അദ്ദേഹത്തെ കാണുകയോ പ്രസംഗം കേള്‍ക്കുകയോ ചെയ്തിരുന്നില്ല. 1937ല്‍ തൃശൂര്‍വച്ച് നടന്ന അഖിലകേരള തൊഴിലാളി സമ്മേളനത്തോട് അനുബന്ധിച്ച് തൃശൂര്‍ ലേബര്‍ കോര്‍ണറില്‍ കൂടിയ ഒരു യോഗത്തിലാണ് ദാമോദരന്‍ പ്രസംഗിക്കുന്നത് ഞാന്‍ ആദ്യമായി കേട്ടത്. വാസ്തവത്തില്‍ ദാമോദരന്റെ സ്വന്തം പ്രസംഗമായിരുന്നില്ല അന്ന് കേട്ടത്. പ്രസംഗതര്‍ജമയായിരുന്നു.

കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലെ ഒരു പ്രമുഖാംഗമായിരുന്ന എസ്.എസ്. ബാട്‌ലിവാലയുടെ പ്രസംഗം ദാമോദരന്‍ തര്‍ജമ ചെയ്തുകൊണ്ടിരുന്നു. ബാട്‌ലിവാലയുടെ ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഊര്‍ജസ്വലവും സ്വച്ഛവുമായ ഇംഗ്ളീഷ് ശൈലിയും പ്രസംഗത്തിലാകെ ഓളം വെട്ടിയിരുന്ന ഉഗ്രമായ സാമ്രാജ്യവിരോധവും ഒരു വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. ആ പ്രസംഗം അതേ ശക്തിയോടും ഓജസോടും വൈകാരികതീക്ഷ്ണതയോടുംകൂടി തന്നെ ദാമോദരന്‍ തര്‍ജമ ചെയ്തുകൊണ്ടിരുന്നതു വിസ്മയാദരപൂര്‍വം ഞാന്‍ കേട്ടുകൊണ്ടുനിന്നു. പ്രസംഗം കേള്‍ക്കാന്‍ എന്റെ കൂടെ നിന്നിരുന്ന എന്റെ ഒരു സ്നേഹിതന്‍ ബാട്‌ലിവാലയെ ഉദ്ദേശിച്ചു പറഞ്ഞു: "ഇവന്‍ തനി റെഡ് (ചുവപ്പന്‍) ആണ്. സോഷ്യലിസ്റൊന്നുമല്ല. അവന്റെ ശബ്ദത്തില്‍ കേള്‍ക്കുന്നത് റെഡ് ഗോള്‍ഡിന്റെ (ചുവന്ന സ്വര്‍ണത്തിന്റെ) കിലുക്കമാണ്.'' എനിക്കു ആ അഭിപ്രായ പ്രകടനം തീരെ രസിച്ചില്ല. എങ്കിലും ഒന്നും പറയാതെ ഞാന്‍ പ്രസംഗം മൌനമായി കേട്ടുനിന്നതേയുള്ളൂ. അന്നുതൊട്ട് ദാമോദരന്റെ പ്രസംഗവൈഭവത്തെക്കുറിച്ച് എനിക്ക് വളരെ മതിപ്പായിരുന്നു.

ദാമോദരന്റെ പ്രസംഗശൈലിയുടെ സവിശേഷതകള്‍ അതിന്റെ സാരള്യവും മൂര്‍ച്ചയുമാണ്. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ, മിക്കവാറും സംസാരഭാഷയിലൂടെ നിര്‍ഗളമായി ദാമോദരന്‍ പ്രസംഗിക്കും. അത് കേട്ടുകൊണ്ടുനില്‍ക്കുന്ന നമുക്ക് ആവേശം കയറും. അതാണാ പ്രസംഗത്തിന്റെ മട്ട്. പ്രസംഗകലയുടെ അടവുകളൊന്നും ദാമോദരന്റെ പ്രസംഗരീതിയില്‍ കാണുകയില്ല. കഥകളില്ല, ഉപമകളും അലങ്കാരങ്ങളുമില്ല, പ്രസംഗം ഫലിപ്പിക്കാനുള്ള മനഃപൂര്‍വമായ യത്നങ്ങളൊന്നും അദ്ദേഹം പ്രയോഗിക്കുന്നതായി നമുക്ക് ഒരിക്കലും തോന്നുകയില്ല. വാക്കുകളും ആശയങ്ങളും ഇടതടവില്ലാതെ, ശക്തിയായ ഒരു വെള്ളച്ചാട്ടം പോലെ കുത്തിയൊലിച്ചുവരും. മൂര്‍ച്ചയേറിയ ശൈലി. യാതൊരു വളച്ചുകെട്ടും കൂടാതെ നേരെ ചൊവ്വേയുള്ള ആശയാവതരണ രീതി.

തമ്പാനൂര്‍ മൈതാനത്തെ യൂത്ത് ലീഗ് സമ്മേളനത്തിലെ  ദാമോദരന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം അന്നത്തെ തലമുറയില്‍പ്പെട്ട ആളുകളുടെ ഓര്‍മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നുണ്ടാകും. സര്‍. സി.പി.യുടെ സ്വേച്ഛാധിപത്യത്തിനെതിരായി ഒരു സമരം അനിവാര്യമാണെന്നു പറഞ്ഞുകൊണ്ടിരുന്നെങ്കിലും സ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം ഒരു സമരം തുടങ്ങാന്‍ അറച്ചുനില്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. യുവജനങ്ങള്‍ അക്ഷമരായി. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഒരു സമരം പ്രഖ്യാപിച്ചു. തമ്പാനൂര്‍ മൈതാനത്തു നിലവിലിരുന്ന നിരോധനാജ്ഞ ലംഘിച്ച് ഓരോ ദിവസവും ഓരോ ആള്‍ പ്രസംഗിക്കുക എന്ന് പരിപാടിയിട്ടു. എന്‍.സി. ശേഖറാണ് പരിപാടി ഉല്‍ഘാടനം ചെയ്തതെന്നാണ് എന്റെ ഓര്‍മ. തുടര്‍ന്ന് ഒരു ദിവസം ദാമോദരന്‍ നിരോധനം ലംഘിച്ച് പ്രസംഗിച്ചു. ചടച്ച് പ്രായം കുറഞ്ഞ അജ്ഞാതനായ ഒരു യുവാവ് മൈതാനത്തില്‍ കയറി മലബാര്‍ ചുവയോടുകൂടിയ പ്രസംഗമാരംഭിച്ചപ്പോള്‍ അതാരെന്ന ജിജ്ഞാസയോടുകൂടി ആളുകള്‍ അടുത്തുകൂടി. പിന്നില്‍ നിന്നിരുന്നവര്‍ കഴുത്തുനീട്ടി നോക്കി. ക്ഷണനേരം കൊണ്ട് അന്തരീക്ഷമാകെ ചൂടുപിടിച്ചു. ആ യുവാവിന്റെ വക്ത്രത്തില്‍ നിന്നും ഒഴുകിവന്ന പ്രസംഗം ശരിക്കും തീ ചിതറുന്ന ഒന്നായിരുന്നു. ഭരണാധികാരികള്‍ അതു കേട്ടുതുടങ്ങി. ജനങ്ങള്‍ ആവേശംകൊണ്ട് മതിമറന്നു. സര്‍ സി.പി.യുടെ പോലീസ് ശരിക്കും അന്ന് ആ പ്രസംഗത്തിന്റെ പ്രതികാരം അറസ്റു ചെയ്യപ്പെട്ട ദാമോദരന്റെ ശരീരത്തില്‍ ത്തന്നെ നടത്തി.

ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ ദാമോദരന്റെ മറ്റൊരു പ്രസംഗം എന്റെ ഓര്‍മയില്‍ വരുന്നു. 1960ല്‍ ആണ് ആ പ്രസംഗം ചെയ്യപ്പെട്ടത്. തൃശൂര്‍ മലബാര്‍ കോര്‍ണറില്‍. കമ്യൂണിസ്റ് നേതൃത്വത്തിലുണ്ടായിരുന്ന കേരള മന്ത്രിസഭ 1959 ആഗസ്റില്‍ പിരിച്ചുവിടപ്പെട്ടുവല്ലോ. അതിനെ തുടര്‍ന്ന് 1960 ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടിക്ക് 1957ല്‍ കിട്ടിയതിനെക്കാള്‍ 12 ലക്ഷം വോട്ട് (4 ശതമാനത്തോളം കൂടുതല്‍) കൂടുതല്‍ ലഭിച്ചെങ്കിലും സീറ്റ് 65ല്‍ നിന്ന് 27 ആയി കുറഞ്ഞു. തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നു കഴിഞ്ഞ ഉടനെ നടത്താന്‍ വേണ്ടി യോഗം നേരത്തെ ഏര്‍പ്പാടു ചെയ്തിരുന്നതാണ്. ഇത്ര വലിയ പരാജയം പറ്റുമെന്ന് സഖാക്കള്‍ കരുതിയില്ല. എല്ലാവരുടെയും മുഖത്ത് ഒരു മ്ളാനത. ആര് പ്രസംഗിക്കും? സ: ദാമോദരനല്ലാതെ മറ്റാര്‍ക്കും ഈ സന്ദര്‍ഭത്തില്‍ പ്രസംഗിക്കാന്‍ പറ്റുകയില്ലെന്ന് ഞങ്ങള്‍ നിശ്ചയിച്ചു. ദാമോദരനും തോറ്റ സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഒരാളായിരുന്നെങ്കിലും ഒരു കൂസലും കൂടാതെ കയറി പ്രസംഗിച്ചു. അല്‍ഭുതമെന്നുപറയട്ടെ സ: ദാമോദരന്‍ പ്രസംഗിക്കുന്നത് കേട്ടവര്‍ക്ക് അന്നു തോന്നിയിരിക്കുക കമ്യൂണിസ്റ് പാര്‍ടിയല്ല ആ തിരഞ്ഞെടുപ്പില്‍ തോറ്റത് എന്നാണ്. അത്രമേല്‍ ആത്മവിശ്വാസം കോരിപ്പകരുന്നതും നിരാശതയുടെ നിഴല്‍ തട്ടാത്തതുമായ ഒരു പ്രസംഗമായിരുന്നു അത്. അഭിനന്ദനത്തിന്റെ പുഷ്പങ്ങള്‍കൊണ്ട് അന്നു സഖാക്കള്‍ ദാമോദരനെ മൂടി.

ആദ്യകാലങ്ങളില്‍ പ്രക്ഷോഭങ്ങളിലാണ് ദാമോദരന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് എന്ന് പറയുകയുണ്ടായല്ലോ. അദ്ദേഹത്തിന്റെ സാഹിത്യ പരിശ്രമങ്ങള്‍ പോലും പ്രക്ഷോഭണത്തിന്റെ ഒരു ഭാഗമായിരുന്നു. 'പാട്ടബാക്കി' 'രക്തപാനം' എന്ന രണ്ടു നാടകങ്ങളും 'കണ്ണുനീര്‍' എന്ന ഒരു ചെറുകഥാസമാഹാരവുമാണ് തനി സാഹിത്യമായി ദാമോദരന്റെ വകയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 'കണ്ണുനീര്‍' അധികമാരും കണ്ടിരിക്കയില്ല. അല്‍പാല്‍പം ചിതലെടുത്തുപോയതാണെങ്കിലും അതിന്റെ ഒരു പഴയ കോപ്പി കാണുവാനും വായിക്കുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പാണത്. അതുകൊണ്ട് ഒരു നേരിയ ഓര്‍മയേയുള്ളൂ. ചെറുകഥയുടെ ശില്‍പഭംഗിയൊന്നും ആ കഥകളില്‍ ഞാന്‍  കണ്ടില്ല. ഏതാനും സംഭവങ്ങളെ വിവരിച്ചുകൊണ്ട് അവയെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ നെടുനെടുങ്കന്‍ പ്രസംഗങ്ങളാണ് അവയിലധികവും എന്നാണ് എനിക്ക് തോന്നിയത്. 'പാട്ടബാക്കി'യാണ് ദാമോദരന്റെ ഏറ്റവും പ്രശസ്തമായ നാടകം. 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ അത് ബഹുജനശ്രദ്ധ ആകര്‍ഷിച്ചു. മലയാളനാടക പ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായിത്തന്നെ ആ നാടകം എന്നും നിലനില്‍ക്കും. സംസ്കൃത നാടകങ്ങളുടെ മലയാളതര്‍മജകളും തമിഴ്നാടകങ്ങളും അനുകരിച്ചുകൊണ്ടുള്ള സംഗീതനാടകങ്ങളും മാത്രമായിരുന്നു ഒരു കാലത്തു നമ്മുടെ നാടകസമ്പത്ത്. അതില്‍നിന്ന് ഒരു വ്യതിയാനം കുറിക്കുന്നത്, പാശ്ചാത്യനാടകങ്ങളെ അനുകരിച്ച്, സി.വിയെ തുടര്‍ന്ന് ഇ.വി. കൃഷ്ണപിള്ളയും ഏതാനും പ്രഹസനങ്ങളും ഒന്നു രണ്ടു ചരിത്രനാടകങ്ങളും എഴുതി. ഈ നാടകങ്ങളൊന്നും ഒരിക്കലും സമകാലീന ജീവിതത്തിന്റെ അടിത്തട്ടിലോളം ഇറങ്ങിയില്ല. ഇടത്തരക്കാരുടെ ജീവിതമാണ് സി.വിയുടെയും ഇ.വിയുടെയും പ്രഹസനങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിരുന്നത്. വേലക്കാരും വേലക്കാരികളും മറ്റും കടന്നുവരുന്നതുപോലും കേവലം പ്രാകൃത കഥാപാത്രങ്ങളായിട്ടാണ്; സ്വല്‍പം നേരമ്പോക്കുണ്ടാക്കാന്‍ വേണ്ടിമാത്രം. ഇതില്‍നിന്നു വിപ്ളവപരമായ ഒരു മാറ്റമാണ് നാട്ടിന്‍പുറത്തെ കര്‍ഷകരുടെയും കാര്‍ഷികത്തൊഴിലാളികളുടെയും ജീവിതം പച്ചയായി ചിത്രീകരിക്കുകയെന്നത്.
ജന്മിത്തത്തിനെതിരായി പോരാടുന്ന കര്‍ഷകന്റെ ചിത്രം മലയാളസാഹിത്യത്തില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഈ സാഹിത്യരചനയ്ക്കു വ്യക്തമായ ഒരു ഉദ്ദേശ്യവുമുണ്ടായിരുന്നു. കുടിയൊഴിപ്പിക്കല്‍ കേന്ദ്രപ്രശ്നമാക്കി രചിക്കപ്പെട്ട ഒരു നാടകം അന്ന് മലബാറില്‍ വ്യാപിക്കാന്‍ തുടങ്ങിയ കര്‍ഷകപ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ സഹായിക്കാന്‍ വേണ്ടി എഴുതപ്പെട്ടതാണ്. ആ ഉദ്ദേശം ശരിക്കും ഫലിച്ചു. മലബാറില്‍ ഗ്രാമഗ്രാമാന്തരം നൂറുകണക്കിന് അരങ്ങുകളില്‍ നാടകം അവതരിപ്പിക്കപ്പെടുകയും ജനങ്ങള്‍ അതിനെ ആവേശപൂര്‍വം കൊണ്ടാടുകയും ചെയ്തു. രാഷ്ട്രീയ പ്രക്ഷോഭകാരിയായ  ദാമോദരനില്‍ കുടികൊണ്ടിരുന്ന കലാകാരനെ അനാവരണം ചെയ്യാന്‍ ആ കൃതി സഹായിച്ചു. 'രക്തപാനം' പൊന്നാനിയിലെ ബീഡിത്തൊഴിലാളികളുടെ, അക്കാലത്തു നടന്ന സുപ്രസിദ്ധമായ പണിമുടക്കിന്റെ അവസരത്തില്‍ എഴുതിയതാണ്. 'പാട്ടബാക്കി'യെപ്പോലെയുള്ള സ്വീകരണം എന്തുകൊണ്ട് 'രക്തപാന'ത്തിനു ലഭിച്ചില്ല എന്നതു ചര്‍ച്ചചെയ്യാന്‍ രസമുള്ള ഒരു വിഷയമാണ്. ആ നാടകം വളരെ പ്രാവശ്യമൊന്നും അഭിനയിക്കപ്പെട്ടതായി അറിവില്ല.

1944ല്‍ ആണെന്നു തോന്നു ന്നു - കൃത്യവര്‍ഷം എനിക്കിപ്പോള്‍ ഓര്‍മയില്ല - ദാമോദരന്‍ വെല്ലൂര്‍ ജയിലില്‍നിന്നും മോചിതനായി കോഴിക്കോട്ടു വന്നിറങ്ങിയ ദിവസം, അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയവരില്‍ ഞാനുമുണ്ടായിരുന്നു. അന്ന് ഇന്നത്തെപ്പോലെയുള്ള ടെക്നിക്കുകളൊന്നുമില്ല. സ്വീകരണങ്ങള്‍ക്ക് കാറുകളുടെ ഘോഷയാത്ര; പൂമാലകളുടെയും, ബൊക്കെകളുടെയും കൂമ്പാരം ഇതൊന്നുമില്ല. ഏതാനും പാര്‍ടി പ്രവര്‍ത്തകര്‍ പ്ളാറ്റ്ഫോറത്തില്‍ അണിനിരന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. റെയില്‍വേ സ്റേഷനില്‍നിന്ന് മുതലക്കുളം മൈതാനംവരെ ഒരു ഘോഷയാത്രയായി അദ്ദേഹത്തെ ആനയിച്ചു. ഉദ്ദേശം ഒരു പത്തുമുന്നൂറോളം ആരാധകരുണ്ട്. കക്ഷത്തില്‍ കുറേ പുസ്തകങ്ങളും അടുക്കിപ്പിടിച്ച് ദാമോദരന്‍ അവരുടെ മധ്യത്തില്‍ നടന്നിരുന്നു. ഘോഷയാത്ര മുതലക്കുളം മൈതാനത്തു എത്തിച്ചേര്‍ന്ന ഉടനേ സ്വീകരണയോഗം ആരംഭിച്ചു. സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടു ദാമോദരന്‍ ചെയ്ത പ്രസംഗം വളരെ ഹ്രസ്വമായിരുന്നു. ഒരു പത്തോ പതിനഞ്ചോ മിനിറ്റുമാത്രം പ്രസംഗിക്കാന്‍ വയ്യാ, ശ്വാസം നില്‍ക്കുന്നില്ല എന്നു ദാമോദരന്‍തന്നെ പറഞ്ഞു. ആ പ്രസംഗത്തിലെ പരാമര്‍ശം ഞാന്‍ ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. യുദ്ധഗതിയില്‍ വന്നുകൊണ്ടിരുന്ന മാറ്റത്തെയും സോവിയറ്റ് യൂണിയന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിജയങ്ങളെയും കുറിച്ചു പ്രതിപാദിച്ചുകൊണ്ട് സോവിയറ്റു യൂണിയന്റെ വിജയത്തിലും ഫാഷിസത്തിന്റെ സമ്പൂര്‍ണപരാജയത്തിലും യുദ്ധമവസാനിക്കുമെന്നു ദാമോദരന്‍ ആത്മവിശ്വാസത്തോടെ പ്രവചിച്ചു.

ദാമോദരന്റെ സ്വഭാവത്തില്‍ ഒരു സവിശേഷത ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹം ഓരോ കാലത്ത് ഓരോ നിലപാട് എടുക്കുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ തന്റെ ബുദ്ധിയുടെ ആവനാഴിയിലുള്ള സകല അസ്ത്രശസ്ത്രങ്ങളും എടുത്തു പ്രയോഗിക്കും. ആ അഭിപ്രായഗതിയുടെ അങ്ങേതലയ്ക്കായിരിക്കും അദ്ദേഹം നില്‍ക്കുക. പക്ഷേ, ആ അഭിപ്രായം തെറ്റായി എന്നു ബോധ്യപ്പെട്ടാല്‍ പിന്നെ പോകുന്നതു പലപ്പോഴും വിരുദ്ധാഭിപ്രായത്തിന്റെ അങ്ങേ തലയ്ക്കായിരിക്കും. പഴയപോലെ വീറോടുകൂടി തന്റെ ആയുധങ്ങള്‍ മുഴുവന്‍ ഇങ്ങോട്ടു തിരിച്ചുവയ്ക്കുകയായി. ഒരു മധ്യമാര്‍ഗം അഥവാ സമനില എന്നുള്ളത് ഇല്ല. ദാമോദരന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തില്‍ അദ്ദേഹം അങ്ങേയറ്റത്തെ ഒരു ഗാന്ധിഭക്തനായിരുന്നു എന്ന വസ്തുത എത്രപേര്‍ അറിഞ്ഞിട്ടുണ്ട്? നൂല്‍ നൂല്‍പ്പും ചര്‍ക്കയും മാത്രമാണ് ഭാരതത്തിന്റെ ഒരേയൊരു മോചനമാര്‍ഗം എന്നു അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ആ വിശ്വാസം സമര്‍പിച്ചുകൊണ്ടുള്ള 'ഒരൊറ്റമാര്‍ഗം' എന്ന ഒരു ലഘുലേഖയും കൈയിലേന്തിയാണ്  ദാമോദരന്‍ പൊതുരംഗത്തിറങ്ങിയത്. പിന്നീടു കാശി വിദ്യാപീഠത്തില്‍ ഉപരിപഠനത്തിനായി പോകുകയും അവിടെ അന്നു ലഭിച്ചുകൊണ്ടിരുന്ന മാര്‍ക്സിസ്റ് സാഹിത്യങ്ങള്‍ വായിക്കുകയും ആചാര്യ നരേന്ദ്രദേവിനെപ്പോലെയുള്ള സോഷ്യലിസ്റു നേതാക്കന്മാരുമായി ഇടപെടുകയും ചെയ്തതിനുശേഷം നാട്ടിലേക്കു തിരിച്ചു വന്നപ്പോള്‍ ആളാകെ മാറിയിരുന്നു. അദ്ദേഹം അന്നു കേരളത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടിയില്‍ അംഗമായി. പിന്നീടുണ്ടായ പടിപടിയായ മാനസിക വികാസത്തിന്റെ ഒരു ചിത്രമാണ് ഞാന്‍ മുകളില്‍ വരച്ചു കാട്ടിയത്.


 *****

സി. അച്യുതമേനോന്‍

കര്‍ഷകപ്രസ്ഥാനത്തിന്റെ ശക്തിദുര്‍ഗം

പഠിത്തം കഴിഞ്ഞു 1935ല്‍ ഞാന്‍ നാട്ടിലെത്തിയപ്പോഴാണ് കോണ്‍ഗ്രസ് സോഷ്യലിസ്റു പാര്‍ടിയുടെ കേരളസമ്മേളനം കണ്ണൂരില്‍ ചേര്‍ന്നത്. സമ്മേളനത്തിലെ പ്രധാന പ്രാസംഗികന്‍ ബോംബെയിലെ  യൂസഫ് മെഹ്റാലിയായിരുന്നു. കാസര്‍കോട്ടുനിന്ന് ഒരു പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ കണ്ണൂരിലെത്തി.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ: കൃഷ്ണപിള്ളയും മറ്റും എത്തിയിരുന്നു. കൃഷ്ണപിള്ളയും മറ്റും കോമണ്‍വെല്‍ത്ത് തൊഴിലാളി യൂണിയന്‍ ഓഫീസില്‍ ഒരു മീറ്റിങ്ങിലാണെന്നു കേട്ടു ഞാന്‍ പുറപ്പെട്ടു. വഴിക്കുവെച്ചു സ: കൃഷ്ണപിള്ള, ഇ.എം.എസ്., പി. നാരായണന്‍നായര്‍ തുടങ്ങി കുറേ സഖാക്കള്‍ വരുന്നത് കണ്ടപ്പോള്‍ ഞാന്‍ വഴിക്കുനിന്നു.
കൃഷ്ണപിള്ള എന്നെക്കണ്ട ഉടനെ "ദാമോദരന്‍, ഇതാ, അറിയുമോ?'' എന്നു ചോദിച്ചുകൊണ്ട് പറഞ്ഞു "ഇവനാണ് കാഞ്ഞങ്ങാട്ട് മാധവന്‍''. അന്ന് കൃഷ്ണപിള്ള പരിചയപ്പെടുത്തിയ ആ സ്നേഹബന്ധം അദ്ദേഹം മരിക്കുന്നതുവരെ ഞാന്‍ തുടര്‍ന്നുപോന്നിരുന്നു. സമ്മേളനത്തിലെ ദാമോദരന്‍ ഗാന്ധിസത്തിനെതിരായി നടത്തിയ ഉജ്വലപ്രസംഗം ഇന്നും എന്റെ മനസ്സില്‍ ഓളംവെട്ടുകയാണ്.

മലബാര്‍ ഭാഗത്തു കര്‍ഷകപ്രസ്ഥാനം മൊട്ടിടാന്‍ തുടങ്ങിയ കാലമായിരുന്നു. ആ കാലഘട്ടത്തില്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സ: ദാമോദരന്റെ എഴുത്തും പ്രസംഗവും നല്‍കിയ ആവേശം ഒരിക്കലും മറക്കാന്‍ സാധ്യമല്ല.  ദാമോദരന്റെ 'പാട്ടബാക്കി' എന്ന നാടകവും, ആ നാടകത്തിലൂടെ അദ്ദേഹം കാഴ്ചവച്ച അഭിനയകുശലതയും, കേരളത്തിന് ഒരിക്കലും മറക്കാന്‍ സാധ്യമല്ല. കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ഒരു ശക്തിദുര്‍ഗമായിരുന്നു അക്കാലത്ത്  കെ. ദാമോദരന്‍.

കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ടി, കോണ്‍ഗ്രസിന്റെ നേതൃത്വം കേരളത്തില്‍ കൈക്കലാക്കുകയുണ്ടായി. ഗാന്ധിയന്‍ ആശയക്കാരായ കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമ്പോള്‍ അവരെ രക്ഷിക്കുന്നതിന് കേന്ദ്രനേതൃത്വം ഒരു ശ്രമം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടക്കാന്‍ കേന്ദ്ര കോണ്‍ഗ്രസ് കമ്മിറ്റി  പട്ടാഭി സീതാരാമയ്യയെ തിരഞ്ഞെടുപ്പുദ്യോഗസ്ഥനായി കേരളത്തിലേക്കയച്ചു. വാശിയേറിയ മല്‍സരത്തില്‍ കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസിഡന്റായും കെ. ദാമോദരന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

 ******

കെ. മാധവന്‍, കാഞ്ഞങ്ങാട്

ദാര്‍ശനികന്‍

കെ. ദാമോദരനെ ഞാന്‍ ആദ്യമായി കണ്ടത് തൃപ്പുണിത്തുറയില്‍വെച്ചാണ് - 1934ലോ 35ലോ. കാശി വിദ്യാപീഠത്തിലെ അദ്ദേഹത്തിന്റെ പഠിപ്പ് അവസാനിച്ചിരുന്നു. ആകൃതിയിലും പ്രകൃതിയിലും തികച്ചും 'ഗാന്ധിയന്‍' ആയിരുന്നു അന്ന് ദാമോദരന്‍. വലിയ ജുബ്ബായും ഷാളും കൈയിലൊരു തുണിസഞ്ചിയും അതില്‍ വില്‍പനയ്ക്കുള്ള ചില ചെറു പുസ്തകങ്ങളും. ദാമോദരന്റെ ഒരു ആദ്യകാല സത്യാഗ്രഹസഖാവ് ആയിരുന്ന താ. വി. പരമേശ്വരയ്യര്‍ അന്ന് തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ ഞങ്ങളോടൊപ്പം വിദ്യാര്‍ഥിയായിരുന്നു. പരമേശ്വരയ്യരുടെ ക്ഷണപ്രകാരമാണ് ദാമോദരന്‍ തൃപ്പൂണിത്തുറയില്‍ വന്നത്. മഹാത്മാഗാന്ധി അധ്യക്ഷനും രണ്ടു 'മുന്‍ഷി'മാര്‍ - മുന്‍ഷി പ്രേംചന്ദും കെ.എം. മുന്‍ഷിയും - സെക്രട്ടറിമാരും ആയുള്ള ഭാരതീയ സാഹിത്യസമ്മേളനം അന്നേക്കു രൂപവല്‍ക്കരിക്കപ്പെട്ടിരുന്നു. പ്രേംചന്ദിന്റെ മാസികയായിരുന്ന 'ഹംസ്' ആയിരുന്നു ഈ സമ്മേളനത്തിന്റെ മുഖപത്രം. ഇന്ത്യയില്‍ പുരോഗമന സാഹിത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ പഥപ്രദര്‍ശകസേവനം നിര്‍വഹിച്ചത് 'ഹംസ്' ആയിരുന്നു. കാശിയില്‍ നിന്നാണ് അത് പ്രസിദ്ധപ്പെടുത്തിയിരുന്നത്. പ്രേംചന്ദിന്റെ താമസവും കാശിയല്‍ ആയിരുന്നു. അതിനാല്‍ ദാമോദരന് പുരോഗമന സാഹിത്യപ്രസ്ഥാനവുമായി - ജീവല്‍സാഹിത്യമെന്ന പേരിലാണ് അക്കാലത്ത് മലയാളത്തില്‍ ഇത് അറിയപ്പെട്ടിരുന്നത് - അന്നുതന്നെ ബന്ധമുണ്ടായിരുന്നു. കേരളത്തില്‍ ജീവല്‍സാഹിത്യ സംഘടന ഉണ്ടായത് പിന്നീടാണ്. സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അതിയാഥാസ്ഥിതികങ്ങളായ സിദ്ധാന്തങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്ന സംസ്കൃത കോളെജില്‍ ദാമോദരന്‍ ജീവല്‍സാഹിത്യത്തെപ്പറ്റി രണ്ടോ മൂന്നോ പ്രസംഗങ്ങള്‍ നടത്തി. ഈ പ്രസംഗങ്ങളെപ്പോലെയോ, അതിലധികമോ പ്രഭാവം ദാമോദരന്റെ വേഷവും സംസാരവും പെരുമാറ്റവും ഞങ്ങളില്‍ അന്ന് ഉളവാക്കിയിരുന്നു.

ദാമോദരനുമായി കുറേക്കൂടി അടുത്ത് ഞാന്‍ ഇടപെട്ടത് 1943ല്‍ ആയിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അന്നേക്ക് ദാമോദരന്‍. 'പാട്ടബാക്കി' എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ നാടകം മലയാള നാടകവേദിയില്‍ ഒരു പരിവര്‍ത്തനം തന്നെ ഉളവാക്കിക്കഴിഞ്ഞുമിരുന്നു. ഞാന്‍ അന്ന് 'ക്വിറ്റ് ഇന്ത്യാ' പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടു താമസിക്കുകയായിരുന്നു. ഈ പ്രസ്ഥാനത്തിന് എതിരായിരുന്ന കമ്യൂണിസ്റുകാരില്‍നിന്ന്, സ്വാഭാവികമായും, കഴിയുന്നത്ര അകന്നുനില്‍ക്കുകയായിരുന്നു ഞാന്‍. ഒരു ദിവസം ഉച്ചയ്ക്ക് മിഠായിത്തെരുവിലൂടെ നടന്നു പോകുമ്പോള്‍, ദാമോദരനും മധ്യവയസുകഴിഞ്ഞ് മുഷിഞ്ഞ വേഷം ധരിച്ച ഒരാളുംകൂടെ എനിക്ക് എതിരേ വന്നു. മഹാപണ്ഡിതനായ രാഹുല്‍ സാംകൃത്യായന്‍ ആയിരുന്നു ദാമോദരന്റെകൂടെ ഉണ്ടായിരുന്നത്. ദാമോദരന്‍ രാഹുല്‍ജിക്ക് എന്നെ ഒരു 'സംസ്കൃതപണ്ഡിതന്‍' എന്നു പരിചയപ്പെടുത്തിക്കൊടുത്തു. ഉച്ചവെയിലില്‍, മിഠായിത്തെരുവിലെ തിരക്കില്‍നിന്ന് രാഹുല്‍ജി സംസ്കൃതത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പിന്നീട് അവരൊന്നിച്ച് ഞാന്‍ രാഹുല്‍ജി താമസിച്ചിരുന്ന ലോഡ്ജിലേക്കു പോയി. അവിടെ വെറുംനിലത്ത് തന്റെ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ രാഹുല്‍ജി ഇരുന്നു; ഞങ്ങളേയും ഇരുത്തി. 'ദര്‍ശന്‍ ദിഗ് ദര്‍ശന്‍' എന്ന ലോകത്തിലെ പ്രധാന തത്വദര്‍ശനങ്ങളുടെ രൂപരേഖയുള്‍ക്കൊള്ളുന്ന, പ്രശസ്തഗ്രന്ഥം അക്കാലത്ത് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍നിന്ന് പല ഭാഗങ്ങളും രാഹുല്‍ജി ഞങ്ങളെ വായിച്ചു കേള്‍പ്പിച്ചു. ഡോക്ടര്‍ രാധാകൃഷ്ണന്‍ യഥാര്‍ഥത്തില്‍ ദാര്‍ശനികനല്ല. 'തിയോളോജിയന്‍' മാത്രമാണ്; രാധാകൃഷ്ണന്റെ ദര്‍നം വാസ്തവത്തില്‍ ദര്‍ശനമല്ല, ദൈവശാസ്ത്രമാണ് - എന്നു സ്ഥാപിക്കുകയായിരുന്നു രാഹുല്‍ജി. ലോകപ്രശസ്തനായ ആ പണ്ഡിതനെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ബെഡ്ഷീറ്റിലിരുന്ന് സംസ്കൃതം സംസാരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രമാണ് എന്റെ മനസില്‍ വരിക. ചുരുങ്ങിയ ചെലവില്‍ ലോകപര്യടനം നടത്തേണ്ടതെങ്ങിനെ എന്നതു സംബന്ധിച്ച് ഒരു പുസ്തകം - 'ഘുമക്കഡ് ശാസ്ത്ര് - മഹാപര്യടകന്‍' കൂടിയായ രാഹുല്‍ജി എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിലെ ഓരോ വരിയും അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞവയാണ്.

ദാമോദരനുമായി അടുത്തിടപെടുന്നതിന് പിന്നീട് എനിക്ക് പല അവസരങ്ങളുമുണ്ടായിട്ടുണ്ട്. മദ്രാസില്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ഒരു യോഗം പെട്ടെന്ന് ഓര്‍മവരുന്നു. കുടുംബാസൂത്രണ നടപടികള്‍ ദൃഢതയോടെ നടപ്പില്‍ വരുത്തിയിരുന്നില്ലെങ്കിലും ജവാഹര്‍ലാല്‍ നെഹ്റു അന്ന് ഇടയ്ക്കിടെ ജനസംഖ്യാനിയന്ത്രണത്തിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. ജനസംഖ്യാനിയന്ത്രണം അനാവശ്യമാണെന്നും, സോഷ്യലിസ്റ് വിപ്ളവം നടന്നുകഴിഞ്ഞാല്‍, ഇന്ത്യയില്‍ എത്ര ജനങ്ങളുണ്ടായാലും അവര്‍ക്കെല്ലാം ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ആയിരുന്നു അന്ന് ദാമോദരന്റെയും കമ്യൂണിസ്റ് പാര്‍ടിയുടെയും നിലപാട്. കുട്ടികളോട് സ്നേഹമില്ലാത്തതുകൊണ്ടാണ് ജവാഹര്‍ലാല്‍ നെഹ്റു കുടുംബാസൂത്രണത്തിനുവേണ്ടിവാദിക്കുന്നതെന്നും നല്ലൊരു വീടും ധാരാളം സമ്പത്തും സഞ്ചരിക്കാന്‍ ഒരു കാറും എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്നപക്ഷം, പത്തോ പന്ത്ര ണ്ടോ കുട്ടികള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവുന്നതായിരിക്കും ജീവിതത്തെ ആഹ്ളാദപൂര്‍ണമാക്കുക എന്നും ദാമോദരന്‍ തന്റെ പ്രസംഗത്തില്‍ സമര്‍ഥിച്ചു. തുടര്‍ന്ന് പ്രസംഗിച്ച കാരൂര്‍ നീലകണ്ഠപിള്ള ദാമോദരന്റെ എല്ലാ വാദങ്ങളോടും യോജിച്ചു. "ഒരു കാര്യത്തില്‍ മാത്രം ദാമോദരനുമായി ഞാന്‍ വിയോജിക്കുന്നു'', കാരൂര്‍ പറഞ്ഞു. "അത്രയധികം കുട്ടികളുള്ള സ്ഥിതിക്ക് ഓരോ കുടുംബത്തിനും ഓരോ ബസുതന്നെയാണ് കൊടുക്കേണ്ടത്.'' കാരൂര്‍ സാര്‍ സഹജമായ പുഞ്ചിരിയോടെ തുടര്‍ന്നു.

സോഷ്യലിസ്റ് റിയലിസത്തെ സംബന്ധിച്ച് മുന്‍പ് തനിക്കുണ്ടായിരുന്ന ധാരണകള്‍ക്ക് വളരെയധികം മാറ്റം വന്നിട്ടുള്ളതായി ദാമോദരന്‍ ഒരിക്കല്‍ എന്നോട് പറയുകയുണ്ടായി. അദ്ദേഹം രാജ്യസഭാമെമ്പറായി ദല്‍ഹിയില്‍ താമസിച്ചിരുന്ന കാലത്താണത്. ഒരിക്കല്‍ ദല്‍ഹിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന എനിക്ക്, തന്റെ മകന്‍ വരച്ച 'അത്യാധുനിക' രീതിയിലുള്ള ഏതാനും ചിത്രങ്ങള്‍ അദ്ദേഹം കാണിച്ചുതന്നു. നാമെല്ലാം വിചാരിക്കുന്നതിലുമധികം സങ്കീര്‍ണമാണ് സൌന്ദര്യദര്‍ശനമെന്ന പ്രതിഭാസം എന്നാണ് ഏറെക്കുറെ അന്നദ്ദേഹം പറഞ്ഞത്.

*****

എന്‍.വി. കൃഷ്ണവാര്യര്‍

ഇങ്ങനെ ഒരാള്‍ വേറെയെവിടെ

ഓര്‍മകളുടെ ഓണങ്ങളിലൂടെ ഒരല്‍പം പുറകോട്ട് നീന്തിച്ചെല്ലട്ടെ. ഞാന്‍ ആദ്യമായി ദാമോദരനെ കണ്ട രംഗം. ഡയറി എഴുതുന്ന സല്‍സ്വഭാവം എനിക്കില്ലാത്തതുകൊണ്ട് തീയതികളും മറ്റും കിറുകൃത്യമായിക്കൊള്ളണമെന്നില്ല. മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളില്‍ നിന്നാണ് പകര്‍ത്തുന്നത്.

സ്ഥലം ഊട്ടിയാണ്. 1950 അവസാനമോ 51 ആദ്യമോ എന്നു തറപ്പിച്ചു പറയാന്‍ വയ്യ. കല്‍ക്കട്ടയില്‍നിന്ന് പുറംതള്ളപ്പെട്ട ഞാന്‍ ഊട്ടിയില്‍ ഒതുങ്ങിക്കഴിയുന്നു. പതുങ്ങിക്കഴിയുന്നു എന്നു വേണമെങ്കില്‍ പറയാം. എന്നോട് വളരെ മമത കാട്ടിയിരുന്ന ഒരു മലയാളി കുടുംബമുണ്ടവിടെ. ആ വീട്ടിലെ പെണ്‍കുട്ടിക്ക് അറവന്‍കാട് കോര്‍ഡൈറ്റ് ഫാക്ടറിയോടുബന്ധപ്പെട്ട വിദ്യാലയത്തില്‍ ഹിന്ദി പഠിപ്പിക്കലാണ് ജോലി. ഒരു നാള്‍ അവള്‍ വന്നെന്നോട് പറയുന്നു: "ചേട്ടനെ ഒരാള്‍ക്ക് കാണണമെന്നുണ്ട്. അറവന്‍കാടുവരെ എന്റെ കൂടെ വരണം.''

ആരെന്നു ഞാന്‍ ചോദിച്ചു. അവള്‍ക്കറിഞ്ഞുകൂടാ. കൂനൂരിലെ ഹിന്ദി കോളെജില്‍ പ്രധാനാധ്യാപകനായ നാരായണമേനോന്റെ ആരോ ആണ്. ഏതായാലും കണ്ടുകളയാമെന്നു ഞാനുറച്ചു. ആ യുവതിയുടെകൂടെ പിറ്റേന്നു ഞാന്‍ തീവണ്ടിയില്‍ അറവന്‍കാടു ചെന്നു. റെയില്‍വേ സ്റേഷനില്‍ ഇറങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു: "ചേട്ടന്‍ ഫാക്ടറി മതിലും കടന്ന് റോഡിലൂടെ നേരെ പോയാല്‍ മതി. കുറെ ദൂരം ചെല്ലുമ്പോള്‍ ഒരു പാറക്കൂട്ടം കാണും. അവിടെ ഞാന്‍ പറഞ്ഞ ആളുണ്ടാവും.'' സത്യം പറയട്ടെ, എനിക്കല്‍പം ഭയം തോന്നി. അന്നത്തെ ചുറ്റുപാടതാണല്ലോ. ഏതായാലും നടന്നു.

യൂക്കാലിപ്റ്റ്സ് മരങ്ങളും കാട്ടുപൂച്ചെടികളും സമൃദ്ധിയായുള്ള നിരത്തുവക്കില്‍, പാടിയൊഴുകുന്ന ഒരു കുളിര്‍ചോലയിലേക്ക് ഉന്തിനില്‍ക്കുന്ന വലിയൊരു പാറമേല്‍ ഒരു മനുഷ്യന്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. തടിയന്‍ ഇംഗ്ളീഷുപുസ്തകം. ഒരു തവിട്ടുനിറത്തിലുള്ള ഫ്ളാറല്‍ ഷര്‍ട്ടും കഴുത്തില്‍ മുറുക്കികെട്ടിയ മഫ്ളറും. തുളച്ചുകയറുന്ന നോട്ടം.

"അനിലനല്ലേ?'' - (അന്ന് ആ പേരില്‍ ഞാന്‍ കവിതകള്‍ എഴുതുമായിരുന്നു). ഹൃദ്യമായ ചിരിയോടുകൂടിയ ചോദ്യം.

അമ്മയെ കാണാന്‍ പരോളിലിറങ്ങി കൂനൂരിലുള്ള സഹോദരന്റെ വീട്ടില്‍ വന്നു താമസിക്കുകയാണ് താനെന്ന് ദാമോദരന്‍ പറഞ്ഞതായാണോര്‍മ.

ഞങ്ങള്‍ ഇളവെയിലേറ്റുകൊണ്ട് ഏറെനേരം സംസാരിച്ചിരുന്നു. പി. ഭാസ്കരനാണത്രെ ഞാന്‍ ഊട്ടിയിലുള്ള കാര്യം അദ്ദേഹത്തോട് പറഞ്ഞത്. ഞാന്‍ ഇന്ന് ഓര്‍ക്കുകയാണ്, എത്ര ചിരകാലപരിപചിതനെപ്പോലെയാണദ്ദേഹം എന്നോടു സംസാരിച്ചത്. തനിക്കു സമനായ വലിയൊരു മനുഷ്യനോട് സംസാരിക്കുന്ന മട്ടുണ്ടായിരുന്നു.

വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കേ പെട്ടെന്നദ്ദേഹം ചോദിച്ചു:

"വിപ്ളവത്തിന് ഇനി എത്രകാലം വേണ്ടിവരുമെന്നാണ് വിചാരം?''

ഞാന്‍ ഒന്നും പറഞ്ഞില്ല. ഒരു വിഢിച്ചിരി ചിരിച്ചു. എനിക്കതിന് ഉത്തരം അറിയാന്‍ പാടില്ലായിരുന്നു. ഏറെക്കാലം കഴിഞ്ഞശേഷം, ഇന്നും എനിക്കതിന് ഉത്തരം അറിഞ്ഞുകൂടാ എന്നു തുറന്നു സമ്മതിക്കട്ടെ.

ദാമോദരന്‍ പറഞ്ഞു: "വിപ്ളവം നേതാക്കള്‍ സര്‍ക്കുലറയയ്ക്കുന്നതിനനുസരിച്ചില്ല ഉണ്ടാവുന്നത്. അതു നടത്തേണ്ടതു ജനങ്ങളാണ്. ജനങ്ങളുടെ ബോധവും പ്രതിഭയും കൂട്ടായ പ്രവര്‍ത്തനവും കൊണ്ടേ വിപ്ളവമുണ്ടാവൂ. ജനങ്ങള്‍ എന്നത് ഒരുപിടി ആളുകളല്ല.''

അപ്പോഴും ചിന്തയില്‍ കല്‍ക്കട്ടക്കാരനായിരുന്ന ഒരു തുടക്കക്കാരന് പുതിയൊരു ചിന്താസരണി ബോധപൂര്‍വം തുറന്നു തരികയായിരുന്നു ആ വിപ്ളവാചാര്യനെന്ന് ഞാന്‍ വളരെക്കഴിഞ്ഞാണ് മനസ്സിലാക്കിയത്.

ജനങ്ങളുടെ ബോധവും പ്രതിഭയും കൂട്ടായ പ്രവര്‍ത്തനവും... മനോവാക് കര്‍മങ്ങളാല്‍ വിപ്ളവകാരിയാവുക... അതിന് ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലേക്ക് തൊഴിലാളികളെ ഉന്തിവിട്ടാല്‍ മാത്രം മതിയോ? പോരെന്ന്, വിപ്ളവമുണ്ടാക്കുന്നതിന്റെ ചുമതല സ്വയം ഏറ്റെടുത്തിട്ടുള്ള എല്ലാവരും പറയും. പക്ഷേ, അവര്‍ എന്തു ചെയ്യുന്നു?

ബോധമുയര്‍ത്തുക എന്ന കടമയിലാണ് ദാമോദരന്‍ ശ്രദ്ധിച്ചത്. വിപ്ളവബോധം മുദ്രാവാക്യം മുഴക്കുന്നതിലും സമരരംഗത്തേക്ക് എടുത്തുചാടുന്നതിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു; അക്കാര്യം പഠിപ്പിക്കാന്‍ ശ്രമിച്ചു. സാഹിത്യപരമായ തന്റെ കഴിവിനെ ഇത്ര ബോധപൂര്‍വം ഈ ഉദ്ദേശ്യസാധ്യത്തിനുവേണ്ടി ഉപയോഗിച്ച മറ്റൊരാള്‍ കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ വിപ്ളവപ്രസ്ഥാനത്തില്‍ ഉണ്ടായിട്ടുണ്ടോ?

*****
 

ടി.കെ.ജി. നായര്‍

സത്യസന്ധനായ ചിന്തകൻ

വാക്കിലും വിചാരത്തിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്തിയ ചിന്തകനായിരുന്നു കെ. ദാമോദരന്‍. ജീവിതത്തിലും എഴുത്തിലും ആര്‍ജവം ദീക്ഷിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം ആരെയും ആകര്‍ഷിക്കും. വായുവെപ്പോലെ സദാഗതിയും രാപ്പകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കര്‍ത്തവ്യനിരതനുമായ ദാമോദരന്‍ സുഹൃത്തുക്കളുടെ ആദരാഭിനന്ദനങ്ങള്‍ ആര്‍ജിച്ചതില്‍ അല്‍ഭുതപ്പെടേണ്ടതില്ല; നമ്മുടെ രാഷ്ട്രീയ സാഹിത്യരംഗങ്ങളില്‍ അത്തരക്കാര്‍ വിരളമാണ്. അതുകൊണ്ട് ദാമോദരന്റെ അസാന്നിധ്യത്തെ എന്നും നാമോര്‍ ക്കും.

രാഷ്ട്രമീമാംസകനായ ദാമോദരനെ വിലയിരുത്താനും അഭിനന്ദിക്കാനും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മറ്റു പലരുമുണ്ട്. ഞാനദ്ദേഹത്തെ കാണുന്നത് ഉല്‍പതിഷ്ണുവും സ്വതന്ത്രചിന്തകനും സഹൃദയനുമായ ഒരെഴുത്തുകാരനായിട്ടാണ്. അങ്ങനെയുള്ള ദാമോദരനുമായിട്ടായിരുന്നു എനിക്ക് കൂടുതല്‍ അടുപ്പം.

സൌന്ദര്യവും സാഹിത്യവും

സാഹിത്യരചനയിലും സാഹിത്യാസ്വാദനത്തിലും തല്‍പരനായിരുന്ന ദാമോദരന്റെ ദൃഷ്ടിയില്‍ സാഹിത്യമെന്നത് കേവലം ശുഷ്കമായ ആശയങ്ങളുടെ ആവിഷ്കാരമായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍:

"സാഹിത്യനിര്‍മാണത്തിലെ ഏറ്റവും മുഖ്യമായ ഘടകമാണ് സൌന്ദര്യം. ഏതു കാലഘട്ടത്തില്‍ രചിക്കപ്പെട്ടതായാലും വായനക്കാരുടെ ഹൃദയങ്ങളിലേയ്ക്കു സൌന്ദര്യം പകര്‍ന്നു കൊടുക്കാന്‍ കഴിവുള്ള കൃതികളെല്ലാം കാലദേശങ്ങളെ അതിജീവിച്ചുകൊണ്ട് നില്‍ക്കുന്നു.''

സാഹിത്യവും സാമൂഹ്യജീവിതവും


സൌന്ദര്യാധിഷ്ഠിതമായ സാഹിത്യം സാമൂഹ്യജീവിതത്തെ പരിഷ്കരിക്കാനും പരിവര്‍ത്തിപ്പിക്കാനും സമുദ്ധരിക്കാനും ഉതകുന്നതാകണമെന്നും ദാമോദരന്‍ വിശ്വസിച്ചിരുന്നു. സാഹിത്യകാരന്റെ വ്യക്തിത്വത്തെ തെറ്റായി വ്യാഖ്യാനിച്ച് സാമൂഹ്യബന്ധത്തില്‍നിന്ന് അതിനെ നിഷ്കാസനം ചെയ്യുന്നതില്‍ വ്യഗ്രരായ 'ശുദ്ധകലാവാദ'ക്കാരോട് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ ഉല്‍ബോധിപ്പിക്കുകയുണ്ടായി:

"വ്യക്തിഗതങ്ങളായ അനുഭവങ്ങള്‍ക്ക് കലാപരമായ ആവിഷ്കരണം നല്‍കാനാണ് സാഹിത്യകാരന്‍ പരിശ്രമിക്കുന്നത്. ഈ അര്‍ഥത്തില്‍ എല്ലാ സാഹിത്യസൃഷ്ടികളും വ്യക്തിനിഷ്ഠങ്ങളാണ്. അതേ സമയത്തുതന്നെ സാഹിത്യകാരന്‍ ഒരു സമൂഹജീവിയാണ്. അയാളുടെ കൃതികള്‍ സമൂഹത്തില്‍ ജീവിക്കുന്ന വായനക്കാരില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. അപ്പോള്‍ സാഹിത്യകാരന്റെ വ്യക്തിനിഷ്ഠത സാമൂഹ്യബന്ധങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്ന അമൂര്‍ത്തവും കേവലവുമായ ഒരു പ്രതിഭാസമല്ല. സര്‍ഗപ്രക്രിയുടെ വൈയക്തികസ്വഭാവം സാമൂഹ്യസത്തയുമായി കെട്ടിപ്പിണഞ്ഞു കിടക്കുന്നു. സാമൂഹ്യവും ചരിത്രപരവുമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് സാഹിത്യകാരന്‍ വ്യക്തിജീവിതത്തിന്റെ സങ്കീര്‍ണങ്ങളും സംഘര്‍ ഷാത്മകങ്ങളുമായ അന്തര്‍ധാരകള്‍ക്കു ഭാഷയിലൂടെ സമൂര്‍ത്തമായ രൂപം നല്‍കുന്നത്. പ്രകൃതിയുടെയും ചരിത്രത്തിന്റെയും സമൂഹത്തിന്റെയും മുദ്രകള്‍ പതിയാത്ത യാതൊരു സാഹിത്യകൃതിയുമില്ല.'' ('സാഹിത്യത്തിലെ മാര്‍ക്സിയന്‍ വീക്ഷണം' എന്ന ലേഖനത്തില്‍)

സാഹിത്യവും സാമൂഹ്യജീവിതവും തമ്മിലുള്ള ബന്ധം പല സന്ദര്‍ഭങ്ങളിലും ദാമോദരന്റെ നിഷ്കൃഷ്ടപഠനത്തിന് വിധേയമായിട്ടുണ്ട്. ആ ബന്ധത്തെപ്പറ്റി ഊന്നിപ്പറയാന്‍ തന്റെ സാഹിത്യജീവിതത്തിലെ നല്ലൊരു ഭാഗം അദ്ദേഹം വിനിയോഗിച്ചു.*****

എം.എസ്. മേനോന്‍
സകല കലാവല്ലഭന്‍

സകലകലാവല്ലഭനായ കെ. ദാമോദരന്‍ മികച്ച ഒരു മാര്‍ക്സിസ്റ് പണ്ഡിതനായിരുന്നു. പാര്‍ടി സ്ഥാപിച്ചുകഴിഞ്ഞ ആദ്യനാളുകളില്‍ മാര്‍ക്സിസത്തെക്കുറിച്ച് അണികളെ ഹരിശ്രീ പഠിപ്പിക്കുവാന്‍ നിയുക്തരായവര്‍ അതേക്കുറിച്ച് ഹരിശ്രീ അറിയാത്ത എന്നെപ്പോലുള്ളവരായിരുന്നു. എന്നാല്‍ ദാമോദരന്‍ എഴുതിയ മാര്‍ക്സിസത്തിന്റെ നാനാമുഖമായ പാഠങ്ങളെ ലളിതമായി പ്രതിപാദിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍, അദ്ദേഹം തന്നെ എഴുതിത്തയ്യാറാക്കിയ കൊച്ചുകൊച്ചു ഗ്രന്ഥങ്ങള്‍ എന്നിവയായിരുന്നു ക്ളാസെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സഹായകമായ ടെക്സ്റുകള്‍.
അക്കാലത്ത് ഞങ്ങളുടെ പാര്‍ടി കൌണ്‍സില്‍ യോഗമാകെത്തന്നെ പലപ്പോഴും അധ്യാപകരായ ഞങ്ങളെ പഠിപ്പിക്കുന്നതിനായുള്ള ക്ളാസുകളായിപ്പോലും മാറുക പതിവാകയാല്‍ അതിലുള്ള സഖാക്കള്‍ ദാമോദരന്‍, ഉണ്ണിരാജ, എം.എസ്. ദേവദാസ് എന്നിവരുടെ സാന്നിധ്യം എന്നപ്പോലുള്ളവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്തു സംശയവും ദാമോദരനോട് ചോദിച്ചാല്‍ 'റെഡിമെയ്ഡ്' ആയി ഉത്തരം കിട്ടും. മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രസംബന്ധമായ ചര്‍ച്ചകള്‍ക്കും ക്ളാസുകള്‍ക്കും ദാമോദരന്‍ കിടയറ്റ ഒരു അധ്യാപകനാണ്. ഇതില്‍  ദാമോദരനെ വ്യക്തിപരമായി എന്നുതന്നെ പറയട്ടെ, ഞാന്‍ പലപ്പോഴും ശല്യപ്പെടുത്തിയിരുന്നു. എന്തെല്ലാം തിരക്കുകള്‍ക്കിടയിലായാലും അദ്ദേഹം കാര്യമാത്രമായി സ്വീകരിച്ച് സംശയനിവൃത്തി ചെയ്തു സഹായിക്കും.

*****

കെ.എ. കേരളീയന്‍

ആള്‍കൂട്ടത്തില്‍ തനിയെ

എന്തൊരു ചാരുതയുള്ള ജീവിതാന്ത്യം! കേരളത്തില്‍ നാം കണ്ടത്, കാണുന്നത് കമ്യൂണിസ്റ് പാര്‍ടിയുടെ കര്‍മപരിപാടികളുടെ വക്താക്കളെയാണ്. പരിപാടികള്‍ക്കവര്‍ ഭാഷ്യം ചമച്ചു. ആ തിരക്കിനിടയില്‍ കമ്യൂണിസ്റ് വിചിന്തനം എന്നൊന്നുണ്ടെന്നവര്‍ കാര്യമായി നിനച്ചില്ല. ദാമോദരന്റെ ശ്രദ്ധ ചെന്നുവീണത് അവിടെയാണ്. കമ്യൂണിസ്റ് കര്‍മപരിപാടിയും കമ്യൂണിസ്റ്ചിന്തയും ഒന്നല്ലെന്ന് അദ്ദേഹം സ്വന്തം വ്യാഖ്യാനങ്ങള്‍ മുഖേന നമ്മെ പഠിപ്പിച്ചു. അദ്ദേഹം ചിന്തകനായിരുന്നു. ആള്‍ക്കൂട്ടത്തിലും തനിയെ ആയിരുന്നു. കുപ്പത്തൊട്ടി വൃത്തിയാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ദന്തഗോപുരത്തിലിരുന്ന് ചിന്തിച്ചു. ദാമോദരന്‍ പോയി. പോകാത്ത ദാമോദരനെക്കുറിച്ച്, നിശ്ചലചിത്രം പോലെയുള്ള ദാമോദരനെക്കുറിച്ച് എന്റെ മനസിലുണ്ട്.

കോഴിക്കോട് താലൂക്കാഫീസിലെ കോലായ. ഒരു കേസില്‍ സാക്ഷി പറയാന്‍ ഞാന്‍ പോയതായിരുന്നു. പെട്ടെന്നാണ് കോലായില്‍ മതിലും ചാരിയിരിക്കുന്ന ദാമോദരനെ കണ്ടത്. തെളിവുള്ള കണ്ണുകളില്‍ പരിചയം ആളിക്കത്തി. അപ്പോഴാണ് പിറകില്‍ നില്‍ക്കുന്ന രണ്ടു പോലീസുകാരെ കണ്ടത്.

എന്‍.പി., സിഗററ്റ് വേണം.

ഒരു കൂട് സിഗററ്റ് വാങ്ങിക്കൊടുത്തു. കണ്ണ് വിശ്രമിച്ചത് ദാമോദരന്റെ കൈകളിലാണ്. അവയെ കുരുക്കിയിട്ട കയ്യാമം, വികാരരഹിതമായ ഇരുമ്പുചങ്ങല. അതുകണ്ട് ഞാന്‍ വിവശനായി. ദാമോദരന്‍ പോലീസുകാരെ നോക്കി ചിരിച്ചു. പോലീസുകാരന്‍ കയ്യാമത്തിന്റെ ചാവി എടുക്കുന്നു.

ലോകം മോചിപ്പിക്കുവാന്‍ സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ഈ മനുഷ്യന്റെ കരങ്ങളുടെ മോചനം പോലീസുകാരന്റെ വിരല്‍ത്തുമ്പുകളില്‍ ഇരുമ്പുകഷണമായി കാണുന്നു.

ദാമോദരന്‍ ഉറക്കെ ചിരിച്ചില്ല. തലയാട്ടുകമാത്രം ചെയ്തു. അനുസരണം ശീലിക്കാത്ത ആ മുടിച്ചീളുകള്‍ ചിതറി നെറ്റിത്തടത്തിലേക്കുവീണു.


 *****

എന്‍.പി. മുഹമ്മദ്

ശൂലപാണി വാര്യരില്‍ നിന്ന് കിട്ടിയ ദാമോദരന്‍

എറണാകുളത്ത് എന്റെ വീട്ടിനടുത്ത് എതിര്‍വശത്തായി ഡര്‍ബാര്‍ ഹാള്‍ റോഡില്‍ തൈക്കാട്ടു മൂസിന്റെ ഒരു വൈദ്യശാലയുണ്ടായിരുന്നു. ഇ.ടി.എം. വൈദ്യശാല. വൈദ്യശാല നടത്തിയിരുന്നത് ശൂലപാണി വാര്യര്‍ ആയിരുന്നു. അദ്ദേഹം വൈദ്യരുമായിരുന്നതുകൊണ്ട് വീട്ടില്‍ ഏതു ചെറിയ അസുഖത്തിനും അവിടെ എത്തി മരുന്നുവാങ്ങുക പതിവായിരുന്നു. ശൂലപാണി വാര്യരോടൊപ്പം മഴുവന്നൂര്‍ വാര്യത്തെ കുട്ടികൃഷ്ണ വാര്യര്‍ താമസിച്ചിരുന്നു. തലമുടി വളര്‍ത്തി കുടുമകെട്ടി വരാറുള്ള കുട്ടികൃഷ്ണ വാര്യര്‍ ശ്രീരാമവര്‍മ ഹൈസ്കൂളില്‍ എന്റെ
സീനിയറായി പഠിച്ചിരുന്നു. കുട്ടികൃഷ്ണവാര്യരാണ് എന്നെ ശൂലപാണിവാര്യരുടെ അടുത്തേക്ക് കൊണ്ടുപോയത്.

ശൂലപാണിവാര്യര്‍ നല്ല ഒരു വായനക്കാരനായിരുന്നതോടൊപ്പം അവിടെ എത്തുന്ന കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണ് 'കണ്ണുനീര്‍' എന്ന കഥാസമാഹാരം, 'പാട്ടബാക്കി', 'രക്തപാനം' എന്നീ നാടകങ്ങള്‍ തുടങ്ങിയ കെ. ദാമോദരന്റെ കൃതികള്‍ വായിക്കാനിടയായത്. പുസ്തകങ്ങള്‍ എതിരെയുള്ള വാറുണ്ണിയുടെ വിറകുചാപ്പുരയുടെ ഒരു ഭാഗത്താണ് സൂക്ഷിച്ചിരുന്നത്. ആവശ്യാനുസരണം ശൂലപാണി വാര്യര്‍ ഓരോ പുസ്തകം വായിക്കാന്‍ തരും. കെ. ദാമോദരന്റെ പുസ്തകങ്ങള്‍ വായിച്ച് അധ്വാനവര്‍ഗത്തോടുള്ള സഹതാപം ഏറി വന്നു. ഇങ്ങനെ, കുറേശ്ശെയായി അനുഭാവം വളര്‍ത്തിയെടുക്കുന്ന തരത്തില്‍ അദ്ദേഹം കൂടുതല്‍ സ്റാന്റേര്‍ഡുള്ള പുസ്തകങ്ങള്‍ തന്നു തുടങ്ങി. ജയപ്രകാശ് നാരായണന്റെ ‘Why Socialism’ എന്ന പുസ്തകം, പി. നാരായണന്‍നായര്‍ 'സോഷ്യലിസം എന്തിന്?' എന്ന പേരില്‍ തര്‍ജമ ചെയ്തിരുന്നു. അത് മാതൃഭൂമിയാണ് പബ്ളിഷ് ചെയ്തിരുന്നത്. ആ പുസ്തകമാണ് അടുത്തപടിയായി എനിക്കു വായിക്കാന്‍ തന്നത്. അതോടെ ഗാന്ധിജിയുടെ ‘Trusteeship’ എന്ന പ്രയോഗത്തിനെതിരായി സോഷ്യലിസത്തോട് ഒരഭിവാഞ്ച കടന്നുകൂടി.


*****

വി. വിശ്വനാഥമേനോന്‍

(തയ്യാറാക്കിയത് : രവി കുറ്റിക്കാട്, കടപ്പാട് : ഗ്രന്ഥാലോകം)


അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

No comments: