Sunday, November 4, 2012

“ചെയ്ഞ്ച്" വരുന്ന വഴി

തന്റെ മുനിസിപ്പാലിറ്റിയിലെ 44 വാര്‍ഡുകളില്‍പ്പെട്ട വീടുകളില്‍ വിവാഹം, ചരടുകെട്ട്, വിവാഹ നിശ്ചയം, പേരിടല്‍, ചോറൂണ് തുടങ്ങി ഏത് ആഘോഷം നടക്കുന്നുണ്ടെങ്കിലും ചെയര്‍പേഴ്സണ്‍ കെ ശാന്ത നിര്‍ബന്ധമായും ഒരു ആശംസാകത്ത് അവര്‍ക്ക് മുന്‍കൂട്ടി നല്‍കും. ആശംസയ്ക്കൊപ്പം ഒരു നിര്‍ദേശവും; "പ്ലാസ്റ്റിക് മാലിന്യം പരമാവധി കുറയ്ക്കുക, പ്ലാസ്റ്റിക് ഇതര മാലിന്യം സംസ്കരിക്കാന്‍ നഗരസഭ ഏര്‍പ്പെടുത്തിയ സംവിധാനവുമായി സഹകരിക്കുക." കൊയിലാണ്ടി നഗരസഭാ അതിര്‍ത്തിയിലുള്ളവര്‍ ഈ സംവിധാനവുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇനി കത്ത് കിട്ടിയില്ലെങ്കിലും മാലിന്യത്തിന്റെ കാര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ അവര്‍ ശ്രമിക്കുന്നു. കാരണം, അതിനായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയുടെയും നഗരസഭയുടെയും ഇടപെടല്‍ അവഗണിക്കാനാവില്ല. പറയലല്ല പ്രവര്‍ത്തിക്കലാണ് ശാന്തയുടെ ശൈലി.

ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ ആരംഭിച്ച "ചെയ്ഞ്ച് കൊയിലാണ്ടി പദ്ധതി" വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ചെയ്ഞ്ചിന്റെ ചെയര്‍പേഴ്സണ്‍ എന്തു പറയുന്നു? ""പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുളെള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഞങ്ങള്‍ ഇത്തരത്തില്‍ ഒരു ആശംസാ കത്ത് വീട്ടുകാര്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. കത്ത് കിട്ടുന്നതോടെ ഇത്തരം ചടങ്ങുകളില്‍ പ്ലാസ്റ്റിക് കപ്പുകളും മറ്റുല്‍പ്പന്നങ്ങളും വീട്ടുകാര്‍ ഒഴിവാക്കിത്തുടങ്ങി. വലിയൊരു മാലിന്യപ്രശ്നം ഏറെക്കുറെ ഇല്ലാതാവുകയായിരുന്നു നഗരസഭയില്‍. ഇത്തരം ചടങ്ങുകള്‍ കഴിയുമ്പോള്‍ അവ കൂട്ടിയെടുത്ത് മുനിസിപ്പാലിറ്റിയുടെ ജനവാസകേന്ദ്രങ്ങളില്‍ അലസമായി നിക്ഷേപിക്കുന്ന പതിവും അതോടെ നിലച്ചു."" "നവഹരിത ഭൂമിക്ക് ജനജാഗ്രത" എന്ന മുദ്രാവാക്യമാണ് ചെയ്ഞ്ച്  പദ്ധതിയിലൂടെ വിഭാവനംചെയ്തത്. നഗരസഭയുടെ ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനും പുനരുപയോഗത്തിനുമുള്ള കര്‍മപദ്ധതിയാണിത്. രണ്ടുവര്‍ഷമാണ് പദ്ധതി നടത്തിപ്പ് കാലാവധി.

പ്ലാസ്റ്റിക്കിനെതിരെ ജനബോധവല്‍ക്കരണമാണ് പദ്ധതി ആത്യന്തികമായി ലക്ഷ്യമിട്ടത്. പ്രാദേശികപഠനത്തിനും ഗവേഷണത്തനുമായി പ്രവര്‍ത്തിക്കുന്ന "ക്ലിയര്‍" സംഘടനയാണ് ഇതിനായി മുനിസിപ്പാലിറ്റിക്ക് പദ്ധതി സമര്‍പ്പിച്ചത്. പദ്ധതി ആദ്യം മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന് സമര്‍പ്പിച്ചു. പിന്നീട് അദ്ദേഹത്തെ ഡല്‍ഹിയില്‍ പോയി കണ്ടു. പദ്ധതി അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. ചില നിര്‍ദേശങ്ങള്‍ അദ്ദേഹവും വച്ചു. അതും പദ്ധതിക്കായി പരിഗണിക്കപ്പെട്ടു. ഉദ്ഘാടനം താന്‍തന്നെ നിര്‍വഹിക്കാമെന്ന് അദ്ദേഹം വാക്ക് നല്‍കി. അങ്ങനെ 2010 ഫെബ്രുവരി 11ന് കൊയിലാണ്ടിയില്‍വച്ച് ജനസഹസ്രങ്ങളെ സാക്ഷിയാക്കി പദ്ധതി എ പി ജെ ഉദ്ഘാടനംചെയ്തു. എന്താണ് ചെയ്ഞ്ച്? പദ്ധതി നടത്തിപ്പിനു മുന്നോടിയായി കൃത്യമായ റൂട്ട്മാപ്പുണ്ടാക്കി. നഗരസഭയെ ആദ്യം കടലോരം, നഗരം, കിഴക്കന്‍ ഗ്രാമീണ മേഖല എന്നിങ്ങനെ മൂന്ന് ഭാഗമാക്കി തിരിച്ചു. പ്രചാരണം, ബോധവല്‍ക്കരണം, നിര്‍വഹണം എന്നിങ്ങനെ വ്യത്യസ്ത ഘട്ടങ്ങളുണ്ടാക്കി. ഓരോരുത്തരും ഉണ്ടാക്കുന്ന മാലിന്യം ഓരോരുത്തരും ഇല്ലാതാക്കുക. അതിന് വീടുകളില്‍ത്തന്നെ ആവശ്യമായ നടപടിയെടുക്കുക. പ്ലാസ്റ്റിക് ക്യാരിബാഗുകളുമായി സഞ്ചരിക്കുന്ന ആള്‍ ഭൂമിയുടെ അന്തകനാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് ആദ്യംതന്നെ എത്തിച്ചു. കടലോരമേഖലയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഖര-ദ്രവമാലിന്യങ്ങള്‍, നഗരത്തില്‍നിന്ന് ഒഴുകിയെത്തുന്ന അഴുക്കുജലം, നഗരത്തില്‍ വ്യാപാര സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, ആശുപത്രി, മത്സ്യമാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പുകള്‍, മദ്യശാലകള്‍ എന്നിവയില്‍നിന്ന് ഉണ്ടാകുന്ന മാലിന്യം, ഇ-വെയിസ്റ്റ്, ആഘോഷ-ഉത്സവ സ്ഥലങ്ങളില്‍നിന്നുണ്ടാകുന്ന വിവിധതരത്തിലുള്ള മാലിന്യങ്ങള്‍, നഗരസഭയ്ക്കു ചുറ്റുമുള്ള പഞ്ചായത്തുകളില്‍നിന്ന് ബോധപൂര്‍വവും അല്ലാതെയും നഗരസഭയില്‍ നിക്ഷേപിക്കുന്ന എല്ലാ മാലിന്യങ്ങളും ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. ആദ്യം പ്രാചരണം ഇതിനായി "ചെയ്ഞ്ചി"ന്റെ ലക്ഷ്യം ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണം സജീവമായി നടപ്പാക്കി. പോസ്റ്ററുകള്‍, നോട്ടീസുകള്‍, ലഘുലേഖകള്‍, ടെലിഫിലിം, തെരുവുനാടകങ്ങള്‍ തുടങ്ങി വിവിധതരത്തിലുള്ള പ്രചാരണ പരിപാടികള്‍. കൂടാതെ പ്രാദേശിക ചാനലുകള്‍, ഇതര ദൃശ്യ -ശ്രവ്യ മാധ്യമങ്ങള്‍ തുടങ്ങിയവുടെ സഹായം ഉപയോഗിച്ചു. ചുവരെഴുത്തുകള്‍, പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ തരത്തിലുള്ള പ്രചാരണ മത്സരങ്ങള്‍, വളന്റിയര്‍ പരേഡ് എന്നിവ നടത്തി. സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകമായി ബോധവല്‍ക്കരണം. കുടുബശ്രീ, അയല്‍ക്കൂട്ട ക്യാംപുകള്‍ പരിസ്ഥിതി സംഘടനകളുടെ സംഘാടനം, കൂടാതെ ഹോട്ടലുകള്‍, പച്ചക്കറി വില്‍പ്പനശാലകള്‍ മത്സ്യ-മാംസ വിപണനകേന്ദ്രങ്ങള്‍, തുടണിക്കടകള്‍, മറ്റു വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഉല്‍പ്പാദനകേന്ദ്രങ്ങളില്‍ത്തന്നെ ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനമൊരുക്കി. ഇത് വിപുലമാക്കാന്‍ പദ്ധതിയിട്ടു.

വിവാഹം, ഉത്സവം, സമ്മേളന കേന്ദ്രങ്ങളിലും മാലിന്യസംസ്കരണ സംവിധാനമൊരുക്കിക്കൊടുത്തു. ഇപ്പോഴും തുടരുന്നു. ആഘോഷകേന്ദ്രങ്ങളില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ടോയ്ലറ്റുകള്‍ നിര്‍മിച്ചുകൊടുത്തു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭഭീമന്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ബസ് സ്റ്റാന്‍ഡിലടക്കം ഇതില്‍ മൂന്നെണ്ണം സ്ഥാപിച്ചുകഴിഞ്ഞു. ശേഖരിക്കപ്പെടുന്ന മാലിന്യം പരമാവധി കുറയ്ക്കുക, ശേഖരിക്കുന്നവ സംസ്കരിക്കാന്‍ സംവിധാനമുണ്ടാക്കുക, ഇതാണ് നഗരസഭയുടെ ഊന്നല്‍. ആഘോഷങ്ങള്‍ക്കാവശ്യമായ പന്തല്‍, പാത്രം കഴുകല്‍, ഭക്ഷണവിതരണം എന്നിവ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍വഹിക്കുന്ന കുടുംബശ്രീകള്‍ക്ക് രൂപംകൊടുത്തു. നഗരസഭ ആഗ്രഹിക്കുന്നതുപോലെ മാലിന്യം കൈകാര്യം ചെയ്യാന്‍ ഈ സംവിധാനം സഹായിച്ചു. ഗ്രാമീണ ജലാശയങ്ങള്‍, നീര്‍ത്തടങ്ങള്‍, കാവുകള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കി.

വീടുകള്‍ക്ക് സബ്സിഡിയോടെ കമ്പോസ്റ്റ് കുഴി, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവ നിര്‍മിച്ച് ഉപയോഗിക്കാന്‍ അവസരമൊരുക്കി. വളം കര്‍ഷകര്‍ക്ക് സംസ്കരിക്കപ്പെട്ട മാലിന്യങ്ങളില്‍ നേരിട്ട് ജൈവവളമായി ഉപയോഗിക്കാന്‍ പറ്റുന്നവ കര്‍ഷകര്‍ക്ക് നിത്യേന നേരിട്ട് വിതരണംചെയ്യുന്നു. തെങ്ങ്, കമുക് തുടങ്ങിയവയ്ക്ക് തടമെടുത്തിട്ട കര്‍ഷകര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഈ വളം നഗരസഭയുടെ സ്വന്തം ചെലവില്‍ തടത്തിലിട്ട് മൂടികൊടുക്കുന്നു. ഇതിലൂടെ ഒരു ടണ്‍ വളമെങ്കിലും കര്‍ഷകര്‍ക്ക് നിത്യേന നല്‍കി വരുന്നതായാണ് കണക്ക്. ശേഖരിക്കേണ്ടി വരുന്ന ജൈവമാലിന്യം അങ്ങനെ തീരുന്നു. കുടുംബശ്രീ മുഖാന്തരം സംസ്കരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗം നടത്തുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വിലയ്ക്ക് വില്‍ക്കുന്നു. നഗരസഭയുടെ പ്ലാസ്റ്റിക് റീ സൈക്ലിങ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇവിടെത്തന്നെ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കാനാകും.

കരുതലോടെ സംഘാടനം പദ്ധതി ഏതായാലും, അത് വിജയിക്കണമെങ്കില്‍ കക്ഷിഭേദമെന്യേയുള്ള സഹകരണവും അംഗീകാരവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത് "ചെയ്ഞ്ചി"ന്റെ സുഗമമായ മുന്നോട്ടുപോകലിന് സഹായകരമായി. അതിനായി വിവിധ രാഷ്ട്രീയപാര്‍ടി, സന്നദ്ധ സംഘടനാ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്ന ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതില്‍നിന്ന് കോര്‍ കമ്മിറ്റിയും ഉണ്ടാക്കി. ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ മൂന്നുദിവസം മുഴുവന്‍ കൗണ്‍സിലര്‍മാരും നഗരസഭയില്‍ കാല്‍നട പ്രചാരണയാത്ര നടത്തി. കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ യാത്ര ഉപകരിച്ചു. പരിസ്ഥിതി ജാഥയും കര്‍ഷകകൂട്ടായ്മയും സംഘടിപ്പിച്ചത് മാലിന്യം കുന്നുകൂടുന്നതിന്റെ ആപത്ത് വിളിച്ചറിയിച്ചു- ശാന്ത പറഞ്ഞു. തിരുവങ്ങൂര്‍ ഹൈസ്കൂള്‍ അധ്യാപികയായ ശാന്ത അവധിയെടുത്താണ് നഗരസഭാ സാരഥ്യം ഏറ്റെടുത്തത്. കേരളമാകെ നേരിടുന്ന മാലിന്യപ്രശ്നം കൊയിലാണ്ടി നഗരസഭയിലെങ്കിലും മാതൃകാപരമായി പരിഹരിക്കപ്പെടുമ്പോള്‍ അതില്‍ ശാന്തയെന്ന അധ്യാപികയുടെ കൈയൊപ്പു കാണാം.


*****

രാധാകൃഷ്ണന്‍ ഒള്ളൂര്‍, കടപ്പാട് :ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: