Friday, November 23, 2012

അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതസന്ദേശം

1946 ആഗസ്ത് 20ന് മലബാര്‍ കലാപത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ""കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ലിംപ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിര്‍ത്തുകൊണ്ടും മാപ്പിളമാരുടെ വീരചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തിച്ച പരേതനായ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ആവേശകരമായ ജീവിതത്തെക്കുറിച്ചുകൂടി ഓര്‍ക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല. മലബാറിന്റെ മുഴുവന്‍ സ്വത്താണ് എന്ന ന്യായത്തിന്മേല്‍ മാപ്പിള ലഹള എന്ന പേരിനുപകരം മലബാര്‍ ലഹള എന്ന പേര് വിളിക്കണമെന്ന് വാദിച്ച പഴയ കെപിസിസി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാര്‍ടി ഒരിക്കല്‍ക്കൂടി ശരിവയ്ക്കുന്നു."" കേരളത്തിലെ ഇടതുപക്ഷത്തിനും മതനിരപേക്ഷതയ്ക്കും, ആധുനിക കേരളത്തിനുതന്നെയും ആരായിരുന്നു മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് എന്നതിന് ഇതില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

ഇന്ന് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ 67-ാം ചരമവാര്‍ഷികദിനമാണ്. വര്‍ഗീയതയ്ക്കും അതിന്റെ കൊടുംവിപത്തിനുമെതിരായ പോരാട്ടത്തിന് ആവേശവും ദിശാബോധവും പകരുന്നതാണ് ആ ജീവിതം. ഇ എം എസ് കെപിസിസി സെക്രട്ടറിയായിരുന്ന കാലത്ത് അബ്ദുള്‍ റഹ്മാന്‍ സാഹിബായിരുന്നു പ്രസിഡന്റ്. കെപിസിസിയില്‍പ്പെട്ട പലരും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് എത്തിച്ചേര്‍ന്നു. ആ വഴിയിലായിരുന്നില്ലെങ്കിലും കമ്യൂണിസ്റ്റുകാരുമായി അദ്ദേഹം തികഞ്ഞ സൗഹൃദം പുലര്‍ത്തി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അദ്ദേഹത്തിന്റെ അല്‍-അമീന്‍ പ്രസില്‍ അച്ചടിച്ചു. 1921 മുതല്‍ 1945 വരെ നീണ്ട രാഷ്ട്രീയജീവിതത്തില്‍ ഒന്‍പതു വര്‍ഷത്തോളം അബ്ദുള്‍ റഹ്മാന്‍ സാഹിബ് ജയിലിലായിരുന്നു. താനും തന്റെ പ്രസ്ഥാനവും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം "അല്‍-അമീന്‍" പത്രം ആരംഭിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്ന അന്തരീക്ഷത്തിലാണ് സാഹിബിന്റെ അവസാനകാലം. 1940 മുതല്‍ 1945 വരെ രാജ്യരക്ഷാ നിയമപ്രകാരം അദ്ദേഹം ജയിലിലായിരുന്നു. മടങ്ങിവരുമ്പോഴേക്കും രാഷ്ട്രീയാന്തരീക്ഷം മാറിക്കഴിഞ്ഞിരുന്നു. പാകിസ്ഥാന്‍ വാദം ഉയര്‍ത്തിയ മുസ്ലിം ലീഗ് നിലപാട് അക്കാലത്ത് സജീവ ചര്‍ച്ചയായിരുന്നു. ആ നയത്തിനെതിരായി ഇന്ത്യന്‍ ദേശീയ വികാരമുയര്‍ത്തിപ്പിടിച്ച് അബ്ദുള്‍ റഹ്മാന്‍ സാഹിബ് പോരാടി. ജയിലില്‍നിന്ന് പുറത്തുവന്നശേഷമുള്ള 77 ദിവസങ്ങളില്‍ നൂറ്റിയിരുപതോളം പൊതുയോഗങ്ങളിലാണ് അദ്ദേഹം പ്രസംഗിച്ചത്.

കടുത്ത എതിര്‍പ്പുകളെ വകവയ്ക്കാതെ മതേതരത്വത്തിനു വേണ്ടി നടത്തിയ ധീരോദാത്തപോരാട്ടമായിരുന്നു അത്. പ്രമാണികളുടെ പണപ്പെട്ടികളോടും പൗരോഹിത്യം കെട്ടഴിച്ചുവിട്ട അന്ധവിശ്വാസങ്ങളോടും പടവെട്ടി ദേശീയ പ്രസ്ഥാനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദേശാഭിമാനിയായാണ് അബ്ദുള്‍ റഹ്മാന്‍ സാഹിബിനെ ഇ എം എസ് വിലയിരുത്തിയത്. ഇന്ന്, കേരളത്തെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രതിലോമപരതയുടെയും പിന്‍വഴികളിലേക്ക് വലിച്ചിഴയ്ക്കാന്‍ സംഘടിത ശ്രമങ്ങള്‍ അരങ്ങേറുമ്പോള്‍ അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ സ്മരണയ്ക്ക് പ്രസക്തിയേറുന്നു. ഇ എം എസിന്റെ വാക്കുകള്‍ നോക്കുക: ""മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ ദേശീയ കേരളത്തിന്റെ സ്രഷ്ടാക്കളില്‍ വളരെ പ്രധാനമായ സ്ഥാനം വഹിക്കുന്ന ഒരു മഹാനായിരുന്നു; ടി കെ മാധവന്‍, കെ പി കേശവമേനോന്‍, കെ കേളപ്പന്‍ മുതലായ എത്രയോ ചുരുക്കം പേര്‍മാത്രമേ ദേശീയ പ്രസ്ഥാനത്തില്‍ മുഹമ്മദ് അബ്ദുള്‍ റഹ്മാനോളം തങ്ങളുടെ വ്യക്തിമുദ്ര കുത്തിയിട്ടുള്ളൂ. എന്നാല്‍, അവര്‍പോലും തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയതും നടത്തിയതും അദ്ദേഹത്തിനോളം കഠിനമായ പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ടല്ല. എന്തുകൊണ്ടെന്നാല്‍ 1921ലെ ലഹളയുടെ ഫലമായി ഏറ്റവുമധികം കഷ്ടപ്പാടും മര്‍ദനവും അനുഭവിച്ച മാപ്പിള സമുദായത്തിന്റെ നിരാശയെയാണ് അദ്ദേഹത്തിന് നീക്കാനുണ്ടായിരുന്നത്; ആ സമുദായത്തിലെ യുവാക്കന്മാരെയും ബഹുജനങ്ങളെയുമാണദ്ദേഹത്തിന് ദേശീയവാദികളാക്കാനുണ്ടായിരുന്നത്; ആ സമുദായത്തിലെ പ്രമാണികളുടെ പണപ്പെട്ടികളോടും പുരോഹിതന്മാര്‍ പരത്തിവിടുന്ന അന്ധവിശ്വാസങ്ങളോടുമാണ് അദ്ദേഹത്തിന് പടവെട്ടാനുണ്ടായിരുന്നത്; ആ സമുദായത്തിലെ ബഹുജനങ്ങള്‍ വിവരമില്ലാത്തവരും അന്ധവിശ്വാസികളുമാണെങ്കില്‍ അതിനുള്ള പരിഹാരം അവരെ ദേശീയസമരത്തില്‍നിന്ന് ഒഴിവാക്കുകയല്ല, ദേശീയസമരത്തില്‍ തികച്ചും പങ്കുകൊള്ളിക്കുകയും അവരുടെ വിദ്യാഭ്യാസത്തിലും സാംസ്കാരിക വളര്‍ച്ചയിലും കൂടുതല്‍ ശ്രദ്ധിക്കുകയുമാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന് തന്റെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകന്മാരെ ബോധ്യപ്പെടുത്താനുണ്ടായിരുന്നത്."" (കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍നിന്ന്) സംഭരിക്കാവുന്ന എല്ലാ ശക്തിയുമെടുത്ത് സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. വര്‍ഗീയതയുടെയും ഭീകരവാദത്തിന്റെയും വിഷംകലര്‍ന്ന ആശയങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച അവസ്ഥയിലേക്ക് കേരളത്തെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്നു. മുസ്ലിം ലീഗ് വിവിധ മുസ്ലിം സംഘടനകളെ ഒന്നിച്ചുനിര്‍ത്തി മുസ്ലിം ഏകീകരണത്തിനും അതിനു ബദലായി ഹൈന്ദവ വര്‍ഗീയ ശക്തികള്‍ ഹിന്ദു ഏകീകരണത്തിനും ശ്രമിക്കുന്നു.

ശക്തമായ സാമുദായിക ഏകീകരണവും അതിലൂടെ രാഷ്ട്രീയ നേട്ടവും ലക്ഷ്യംവച്ചുള്ള അപകടകരമായ പോക്ക് കേരളത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനുതന്നെ ഭീഷണി സൃഷ്ടിക്കുകയാണ്. ജാതി-മത വികാരം വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വ നീക്കങ്ങള്‍ പരസ്യമായിത്തന്നെ ഉണ്ടാകുന്നു. അരാഷ്ട്രീയതയുടെ വിത്തെറിഞ്ഞ്, കേരളസമൂഹത്തിന്റെ ഇടതുപക്ഷാഭിമുഖ്യം കെടുത്തിക്കളയുക എന്ന വ്യാമോഹമാണ് ഈദൃശനീക്കങ്ങളുടെ ഏകീകൃത സ്വഭാവം. ഏതെങ്കിലും വിഭാഗങ്ങള്‍ പ്രയാസങ്ങള്‍ നേരിടുമ്പോള്‍ അത് അവര്‍മാത്രമായി സംഘം ചേര്‍ന്ന് പരിഹരിക്കുക എന്ന തെറ്റായ നയമല്ല, എല്ലാവരും ചേര്‍ന്ന് മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുവച്ചത്. സാമ്രാജ്യത്വത്തിനും മത മൗലികവാദത്തിനുമെതിരെ സന്ധിയില്ലാതെ പോരാടിയ അദ്ദേഹത്തിന്റെ ജീവിതം അതുകൊണ്ടുതന്നെ സാമൂഹ്യവിപത്തുകള്‍ക്കെതിരായ ഇന്നത്തെ പോരാട്ടങ്ങള്‍ക്ക് കരുത്തേകും.

*
പിണറായി വിജയന്‍ ദേശാഭിമാനി

No comments: