Friday, November 23, 2012

കീറച്ചാക്കില്‍ സ്വര്‍ണ്ണം കൊണ്ടു നടന്നയാള്‍


പിജി ഇനി ഓര്‍മ്മ

ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റു വാങ്ങി ധിഷണയുടെ സൂര്യന്‍ അമരസ്മരണയായി. കഴിഞ്ഞ ദിവസം അന്തരിച്ച പി ഗോവിന്ദപിള്ളയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സിപിഐ എം നേതാക്കളും സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ സംസ്കാരചടങ്ങില്‍ സംബന്ധിച്ചു. വെള്ളിയാഴ്ച രാവിലെ സുഭാഷ് നഗറിലെ വീട്ടിലും പതിനൊന്നിന് എകെജി സെന്ററിലും പിന്നീട് വിജെടി ഹാളിലെയും പൊതുദര്‍ശനത്തിനും ശേഷം മൃതദേഹം വൈകിട്ട് നാലിന് ശാന്തികവാടത്തിലെത്തിച്ചു.
 
ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു പി ജി എന്ന പി ഗോവിന്ദപിള്ള വ്യാഴാഴ്ച രാത്രി 11.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ളവര്‍ പിജിയ്ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സംസ്ഥാന കമ്മറ്റിയംഗം എം വിജയകുമാര്‍, തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പിജിയുടെ മൃതദേഹത്തില്‍ രക്തപതാക പുതപ്പിച്ചു. പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധിപേര്‍ പിജിയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു.
 
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25 നായിരുന്നു ജനം. അച്ഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25 ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭഭചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമ പ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സയന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് െ്രതെമാസികയുടെ പത്രാധിപസമിതി അംഗം, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
 
വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

അക്ഷരങ്ങളെ പ്രണയിച്ച്

പിജിയുടെ പുസ്തകവേട്ട പ്രസിദ്ധമാണ്. ലോകത്തിന്റെ ഏത് ദിക്കിലെത്തിപ്പെട്ടാലും പിജി പുസ്തകങ്ങള്‍ തേടിയിറങ്ങും. കൊല്‍ക്കത്തയായാലും മുംബൈ ആയാലും ചെന്നൈ ആയാലും നഗരവട്ടങ്ങളില്‍ അദ്ദേഹംഅന്വേഷിക്കുന്നത് പുസ്തകത്തെരുവാണ്. അപൂര്‍വമായ പുസ്തകങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് എവിടെയെന്നറിയില്ലലോ. അടങ്ങാത്ത വിജ്ഞാനദാഹവുമായി ആ ചെറിയ വലിയ മനുഷ്യന്‍ റോഡരുകില്‍ ഉക്കിച്ചിരിക്കുന്ന ദൃശ്യം "വായന വായന ലഹരി പിടിക്കും വായ" എന്ന ലേഖനത്തില്‍ ഏഴാച്ചേരി രാമചന്ദ്രന്‍ ഓര്‍മിക്കുന്നുണ്ട്.

കല്‍ക്കത്തയില്‍ സിപിഐ എം ദേശീയ സമ്മേളനം. പ്രതിനിധിയായി പിജിയുമുണ്ട്. സമ്മേളനം കഴിഞ്ഞ് സഖാക്കള്‍ തിരിച്ചു തീവണ്ടി കയറാന്‍ നില്‍ക്കുമ്പോള്‍ പിജിയെ കാണാനില്ല. വണ്ടി പുറപ്പെടാന്‍ മിനിട്ടുകള്‍ മാത്രം. സുഹൃത്തുക്കള്‍ പലവഴിക്ക് കുതിച്ചു. ഒടുവില്‍ കണ്ടെത്തിയത് പഴയ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വില്‍ക്കുന്ന റോഡരുകിലെ മരച്ചുവട്ടില്‍ സര്‍വം മറന്നിരിക്കുന്ന പിജിയെ ആണ്. എന്നും പുസ്തകങ്ങളായിരുന്നു പിജിയുടെ സുഹൃത്തുക്കള്‍. ജീവിതയാത്രയില്‍ പുസ്തകങ്ങളെ സ്നേഹിച്ചപോലെ മറ്റെന്തിനെയെങ്കിലും അദ്ദേഹം സ്നേഹിച്ചുവോ എന്നും സംശയം.

നല്ല വായനക്കാരിയായ അമ്മയാണ് പുസ്തകങ്ങളുമായി അടുപ്പിച്ചത്. കളികളില്‍ അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ല. കളിച്ചാലോ തോല്‍ക്കുകയും ചെയ്യുമെന്ന് പി ജി. സ്കൂളിന്റെ തലവനും പിജിയുടെ അധ്യാപകനുമായിരുന്ന ഫാദര്‍ പി എ പൗലോസ് (ഡി ബാബു പോള്‍ ഐ എ എസ്സിെന്‍റ പിതാവ്) സമര്‍ഥനായ അധ്യാപകനും പ്രഭാഷകനുമായിരുന്നു. ബര്‍ണാഡ് ഷായുടെതുള്‍പ്പെടെയുള്ള നിരവധി ഗ്രന്ഥങ്ങള്‍ പരിചയപ്പെടുന്നത് അദ്ദേഹം വഴിയാണ്. ഏറ്റവും നല്ല വായനക്കാരന്‍ എന്ന് പ്രസിദ്ധനായ അന്തരിച്ച ജി നാരായണന്‍ നായരായിരുന്നു (ചരിത്രകാരന്‍ കെ എന്‍ ഗണേശിന്റെ പിതാവ്) പി ജിയുടെ ചിരകാല സുഹൃത്ത്. ആഗമാനന്ദാശ്രമത്തില്‍ തുടങ്ങിയ ആ ബന്ധം പിന്നീട് അനുസ്യൂതം തുടര്‍ന്നു. പുത്തന്‍ അറിവിന്റെ അത്ഭുതലോകമായിരുന്നു പിജിക്ക് എന്നും അദ്ദേഹം. മുംബൈയില്‍ പ്രിയസുഹൃത്തുമൊത്ത് നടത്തിയ പുസ്തകവേട്ടകള്‍ പിജി എന്നും ഓര്‍മിച്ചിരുന്നു. ന്യൂ ബുക്ക്ഹൗസ്, സെന്‍ട്രല്‍ ബുക്ക് ഹൗസ് തുടങ്ങിയ പുസ്തകക്കടകളിലും സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ വന്‍ശേഖരമുള്ള തെരുവുകളില്‍ ജിയോടൊത്ത് ചെലവഴിച്ച മണിക്കൂറുകള്‍ വിജ്ഞാനത്തിന്റെ പുതിയ തുറസുകളായിരുന്നു അദ്ദേഹത്തിന്.

പിജിക്ക് സ്പെഷ്യലൈസേഷന്‍ ഉണ്ടായിരുന്നില്ല. കൈയില്‍ കിട്ടിയതെല്ലാം വായിച്ചു. എന്തിനെക്കുറിച്ചും എഴുതി. വിദേശകാര്യവും നാട്ടുകാര്യവും ഒന്നുപോലെ വഴങ്ങി. സിദ്ധാന്തവും സാഹിത്യവും ശാസ്ത്രവും വേദേതിഹാസങ്ങളും ചിത്രകലയും സിനിമയും, ഒന്നും പിജിക്ക് അന്യമായിരുന്നില്ല. 2007ല്‍ മകള്‍ പാര്‍വതീദേവി നടത്തിയ അഭിമുഖത്തില്‍ പക്ഷെ പിജി പറഞ്ഞത് തനിക്ക് ആഴത്തിലുള്ള അറിവില്ല എന്നാണ്. ചിട്ടയായി ഒരു വിഷയം അഗാധമായി പഠിക്കുന്നവരാണ് പണ്ഡിതന്‍മാര്‍ എന്നും പിജി പറഞ്ഞുവച്ചു. അത് അദ്ദേഹത്തിന്റെ വിനയം. വായനപോലെ അദ്ദേഹം ലഹരി കണ്ടെത്തിയ മറ്റൊന്ന് ഗ്രന്ഥരചനയായിരുന്നു. ഒരു തപസ്വിയെപ്പോലെ വിഷയത്തില്‍ അടയിരുന്ന് പുസ്തകങ്ങള്‍ വിരിയിച്ചെടുത്തു. ഒക്കെയും മലയാളി എന്നുമോര്‍ക്കുന്ന ഈടുറ്റ രചനകള്‍. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം എന്ന പുസ്തകമാണ് ഒടുവില്‍ പ്രസിദ്ധീകരിച്ചത്. അവശതകള്‍ക്കിടയിലാണ് അദ്ദേഹം ഗ്രന്ഥം പൂര്‍ത്തിയാക്കിയത്. മാര്‍ക്സിസം-പഠന സഹായി, രാഷ്ട്രീയ ഭൂമിശാസ്ത്രത്തെക്കുറിച്ച് ഒരു പുസ്തകം എന്നിവ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളായിരുന്നു.

ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, കേരളം: ഒരു അധകൃത സംസ്ഥാനം, സാഹിത്യവും രാഷ്ട്രീയവും, മാര്‍ക്ലിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉല്‍ഭവവും വളര്‍ച്ചയും, വിപ്ലവങ്ങളുടെ ചരിത്രം, മാര്‍ക്സും മൂലധനവും, സാഹിത്യം: പുരോഗതിയും അധോഗതിയും, പൂന്താനംമുതല്‍ സൈമണ്‍വരെ, ഭഗവത്ഗീത-ബൈബിള്‍-മാര്‍ക്ലിസം, മഹാഭാരതം മുതല്‍ മാര്‍ക്ലിസംവരെ, മാര്‍ ഗ്രിഗോറിയോസിന്റെ മതവും മാര്‍ക്ലിസവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, ആഗോളവല്‍ക്കരണം-സംസ്കാരം-മാധ്യമം, കേരള നവോഥാനം: മതാചാര്യര്‍-മതനിഷേധികള്‍, ഫ്രഡറിക് എംഗല്‍സ്: സ്നിഗ്ധനായ സഹകാരി-വരിഷ്ഠനായ വിപ്ലവകാരി, ഇഎംഎസും മലയാള സാഹിത്യവും, ഇഎംഎസ്: എ ബഗോഗ്രഫി, ചരിത്രശാസ്ത്രം: പുതിയ മാനങ്ങള്‍, മുല്‍ക്രാജ് മുതല്‍ പവനന്‍വരെ എന്നീ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളെ സമ്പന്നമാക്കുന്നു. ഇഎംഎസും പിജിയും ചേര്‍ന്നെഴുതിയ ഗ്രന്ഥമാണ് ഗ്രാംഷിയന്‍ വിചാരവിപ്ലവം. വിവര്‍ത്തനങ്ങള്‍: കാട്ടുകടന്നല്‍ (എഥല്‍ വോയ്നിച്ച്)-1975, ഭൂതകാലവും മുന്‍വിധിയും (റോമിലാ ഥാപ്പര്‍)-1976, ഇന്ദിരാഗാന്ധി തളര്‍ച്ചയും തകര്‍ച്ചയും (ഡി ആര്‍ മങ്കേക്കര്‍, കമലാ മങ്കേക്കര്‍)-1978, ഇന്ത്യാ ചരിത്ര വ്യാഖ്യാനം: മാര്‍ക്സിസ്റ്റ് സമീപനം (ഇര്‍ഫാന്‍ ഹബീബ്)-1991.

കീറച്ചാക്കില്‍ സ്വര്‍ണ്ണം കൊണ്ടു നടന്നയാള്‍

കീറചാക്കില്‍ സ്വര്‍ണ്ണം കൊണ്ടു നടക്കുന്ന ആളായാണ് പിജിയെ അന്തരിച്ച പ്രശസ്ത പ്രഭാഷകന്‍ ഡോ. സുകുമാര്‍ അഴീക്കോട് നേരത്തെ വിശേഷിപ്പിച്ചത്. ആശയമില്ലെങ്കില്‍ വാക്ക് വെറും ശബ്ദമാണ്. കീറച്ചാക്ക് മാത്രമായ വാക്കിന് ഭാരവും മൂല്യവും ഉണ്ടാകുന്നത് അതില്‍ ആശയം ആവേശിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ഗോവിന്ദപ്പിള്ള കീറച്ചാക്കില്‍ സ്വര്‍ണ്ണം കൊണ്ടു നടക്കുന്നയാളാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലുള്ള ഒരേയൊരാവേശം ആശയാവേശം മാത്രമാണ്-പിജിക്ക് 70 വയസ്സ് തികഞ്ഞപ്പോള്‍ ഗ്രന്ഥാലോകം ഇറക്കിയ പ്രത്യേക പതിപ്പില്‍ വാക്കുകളുടെ സാഗരഗര്‍ജ്ജനമായിരുന്ന അഴീക്കോട് അനുസ്മരിച്ചു.

ആശയഗര്‍ഭമായ വാക്കിനെ അദ്ദേഹം ആയുധമായി ഉപയോഗിക്കുന്നു. അങ്ങനെ അദ്ദേഹത്തിന്റെ തൊഴില്‍ ആശയസമരമായി മാറി. വിശ്വസിക്കുന്ന തത്വചിന്തയില്‍ ഒരു നവസരണി ഉദ്ഘാടനംചെയ്തു. ആ വഴിയിലൂടെ തത്വസംഹിതയുടെ പാഥേയവുമായി നാടന്‍ വേഷത്തില്‍ നടന്നുപോകുകയാണ് പി ജി. വഴിവക്കില്‍ തുറന്നുകിടക്കുന്ന പാന ഭോജനശാലകളിലെ വിഭവങ്ങളില്‍ അദ്ദേഹത്തിന് നോട്ടമില്ല. ഇതാണ് അദ്ദേഹത്തിന്റെ സ്ഥാനം. ആശയലോകത്തിലെ നിത്യ സഞ്ചാരിയും നിത്യഭടനുമാണ് ഗോവിന്ദപ്പിള്ള.

അദ്ദേഹത്തിന് ഒരു തത്വസംഹിതയുണ്ടെങ്കിലും മറ്റു തത്വസംഹിതകള്‍ ഇല്ലെന്നും അദ്ദേഹം കരുതുന്നില്ല. മറ്റു സംഹിതകളുടെ വക്താക്കളേക്കാള്‍ അവ ഭംഗിയായി പഠിച്ച ആള്‍, ഒരുവേള ഈ ഏകാന്ത തത്വവിശ്വാസിയായിരിക്കും. ആശയലോകത്തിലെ സഞ്ചാരിയായതിനാല്‍ മനുഷ്യ ചിന്തയുടെയും ഭാവനയുടെയും എല്ലാ പ്രകാശങ്ങളും അദ്ദേഹത്തെ ആകര്‍ഷിക്കുന്നു. സാഹിത്യവും കലകളും വിദ്യാഭ്യാസവും തത്വചിന്തയും മതവിജ്ഞാനീയവും രാഷ്ട്രതന്ത്രവും ഭൗതിക ശാസ്ത്രങ്ങളുമെല്ലാം അദ്ദേഹം സൈ്വര്യവിഹാരം ചെയ്യുന്ന മനുഷ്യചിന്തയുടെ ഭാസുരവേദികളാണ്.

ചിരിച്ച് നടന്നുപോകുന്ന ഈ ചെറിയ മനുഷ്യന്‍ നമുക്ക് വിലപിടിച്ച ഒരുജീവിതത്തിന്റെ സന്ദേശം തന്നുകൊണ്ടിരിക്കുന്നു. പഠിക്കുക, ചിന്തിക്കുക, മനുഷ്യരെ ഉയര്‍ത്തുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, മനുഷ്യരെ നശിപ്പിക്കുന്ന ചിന്തകള്‍ക്കെതിരെ പോരാടുക. ഇതാണ് ആ സന്ദേശം-അഴീക്കോട് നിറഞ്ഞമനസ്സോടെയെഴുതി. തീര്‍ച്ചയായും മറഞ്ഞുപോയ ഈ മനുഷ്യന്റെ സന്ദേശവും അതുതന്നെയാണ്.

"പുല്ലുവഴി കമ്യൂണിസവും" കാപ്പിള്ളില്‍ തറവാടും

"പുല്ലുവഴി കമ്യൂണിസം" എന്നത് പെരുമ്പാവൂരില്‍ പുകള്‍പെറ്റ പ്രയോഗമാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ പുല്ലുവഴി അടങ്ങുന്ന കുന്നത്തുനാട്ടിലും അതിന്റെ അലയൊലികള്‍ ഉണ്ടായി. സിരകളില്‍ അഗ്നി പടര്‍ത്തുംവിധം അത് കൂടുതല്‍ സ്വാധീനിക്കപ്പെട്ടതും നേതൃനിര ഉയര്‍ന്നുവന്നതും പുല്ലുവഴിയില്‍നിന്നായിരുന്നു. പി ഗോവിന്ദപിള്ള, പി കെ വി, പി കെ ഗോപാലന്‍നായര്‍, പി ആര്‍ ശിവന്‍ തുടങ്ങിയ മഹാരഥന്മാരാണ് കമ്യൂണിസ്റ്റ് ആശയത്തിന്റെ തേര്‍ തെളിച്ചത്. ഈ രാഷ്ട്രീയവളര്‍ച്ചയുടെ മുനയൊടിക്കാന്‍ എതിരാളികള്‍ എയ്തുവിട്ട അമ്പാണ് "പുല്ലുവഴി കമ്യൂണിസം" എന്ന പ്രയോഗം. സങ്കുചിത പ്രാദേശിക-ജാതി വികാരം ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കുന്നത്തുനാട്ടിലും പെരുമ്പാവൂരിലും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് ശക്തിപകരുന്നതില്‍ പുല്ലുവഴിയിലെ കമ്യൂണിസ്റ്റ് നായകര്‍ വഹിച്ച പങ്ക് അനിഷേധ്യവുമാണ്. അതിന്റെ പ്രഭവകേന്ദ്രമായി പ്രവര്‍ത്തിച്ചതാകട്ടെ പി ജിയുടെ ജന്മവീടായ കാപ്പിള്ളില്‍ തറവാടും. ചരിത്രപ്രസിദ്ധമായ കേരള യാത്രയ്ക്കുശേഷം എ കെ ജി രണ്ടാഴ്ച വിശ്രമിക്കാന്‍ തെരഞ്ഞെടുത്തതും കാപ്പിള്ളില്‍ തറവാടാണ്. ഇ എം എസ് പല ദിവസങ്ങള്‍ ഇവിടെ ചെലവഴിച്ചിട്ടുണ്ട്. പുല്ലുവഴിയിലെ കരപ്രമാണിയും ജന്മിയുമായിരുന്ന മാളിക്കത്താഴത്ത് പരമേശ്വരപിള്ളയാണ് പി ജിയുടെ അച്ഛന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുല്ലുവഴി ജയകേരളം സ്കൂള്‍ സ്ഥാപിച്ചത്. പ്രഥമ മാനേജരും ഇദ്ദേഹംതന്നെ. ജില്ലയിലെ അറിയപ്പെടുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളായി തല ഉയര്‍ത്തിനില്‍ക്കുന്ന ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത് പി ജിയുടെ കുടുംബവക സ്ഥലത്താണ്. സ്കൂള്‍ കെട്ടിടം പണിയാന്‍ പണം തികയാതെ വന്നപ്പോള്‍ ഏക്കര്‍ കണക്കിന് കുടുംബസ്വത്ത് വിറ്റാണ് അതു പരിഹരിച്ചത്. ഐക്യകേരളത്തിനായുള്ള പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന കാലത്താണ് സ്കൂള്‍ സ്ഥാപിച്ചത്. സ്കൂളിന് "ജയകേരളം" എന്ന പേരുവരാനും ഇതിടയാക്കി.

പി ജിയുടെ അമ്മൂമ്മ കുഞ്ഞിക്കാവു അമ്മ മരിക്കുമ്പോള്‍ പിജി ചൈനീസ് ചാരനെന്ന് മുദ്രകുത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ അന്ന് പൊലീസ് കാവലില്‍ പി ജി എത്തിയത് പഴമക്കാരുടെ മനസ്സില്‍ മായാതെനില്‍ക്കുന്നു. അന്ന് പി ജിയെ വരവേല്‍ക്കാന്‍ വന്‍ ജനാവലി തടിച്ചുകൂടി. അര കിലോമീറ്ററോളം നെല്‍പ്പാടത്തിനു നടുവിലൂടെ സഞ്ചരിച്ചാണ് അന്ന് മരണവീട്ടിലെത്തിയത്. മുന്‍ മന്ത്രിയും സിപിഐ നേതാവുമായിരുന്ന എം എന്‍ ഗോവിന്ദന്‍നായരുടെ മരുമകളാണ് പി ജിയുടെ സഹധര്‍മിണി റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജമ്മ. പി ജിയുടെ മൂന്നു സഹോദരന്മാരില്‍ ഹോങ്കോങ്ങിലുള്ള എം പി ഗോപാലനാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന കെ പി ഗംഗാധരന്‍നായര്‍ (ഗംഗന്‍), കെ പി ബാലകൃഷ്ണപിള്ള (അനിയന്‍ ബാലന്‍ചേട്ടന്‍) എന്നിവരാണ് മണ്‍മറഞ്ഞ സഹോദരന്മാര്‍.

കേരളം സൃഷ്ടിച്ച മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരിലൊരാള്‍: കാരാട്ട്

ന്യൂഡല്‍ഹി: പിജിയുടെ നിര്യാണത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അനുശോചിച്ചു. കേരളം സൃഷ്ടിച്ച മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരിലൊരാളായിരുന്നു പിജി. മുംബൈയില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കെത്തിയ അദ്ദേഹം അതിനുശേഷം ഇതുവരെ കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.

എഴുത്ത്, പ്രസംഗം എന്നിവയിലൂടെ മാര്‍ക്സിസത്തെ ജനകീയവല്‍ക്കരിക്കാന്‍ പ്രവര്‍ത്തിച്ച അദ്ദേഹം തലമുറകളെ കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് ആകര്‍ഷിച്ചു. നിരവധി കഴിവുകള്‍ സംഗമിച്ച പ്രതിഭാശാലിയായിരുന്നു പിജി. അദ്ദേഹം മികച്ച പ്രസംഗകനായിരുന്നു. മികച്ച എഴുത്തുകാരനായിരുന്നു. രണ്ട് ദശാബ്ദത്തോളം ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്നു അദ്ദേഹം. ഇങ്ങനെ കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന് മികച്ച സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പിജിയുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.

കേരള പരിവര്‍ത്തനത്തില്‍ മൗലിക സംഭാവന നല്‍കിയ മാര്‍ക്സിസ്റ്റ് ചിന്തകന്‍

രണ്ടു നൂറ്റാണ്ടിലെ കേരളത്തെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ മൗലിക സംഭാവന നല്‍കിയ മാര്‍ക്സിസ്റ്റ് ചിന്തകനും കമ്മ്യൂണിസ്റ്റ് പോരാളിയുമായിരുന്നു പി ഗോവിന്ദപ്പിള്ളയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തന്നെ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രീയത്തിലും സജീവമായ പിജിയുടെ ആറു പതിറ്റാണ്ടിലധികം നീണ്ട പൊതു പ്രവര്‍ത്തനവും വൈജ്ഞാനിക ജീവിതവും എല്ലാ തലമുറകള്‍ക്കും എന്നും വഴികാട്ടിയാണ്. തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലെത്തിയ പിജി പിന്നീട് സമരപ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മദ്ധ്യേയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധം ആദ്യം സ്ഥാപിക്കുന്നത്.

പിന്നീട്, ഉപരിപഠനാര്‍ത്ഥം ബോംബെയിലെത്തിയശേഷമാണ് ആ ബന്ധം സുദൃഢമാകുന്നത്. അതിന് റെയില്‍വേ തൊഴിലാളി പണിമുടക്കിന് പിന്തുണ നല്‍കി ബോംബെയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് പിജിയെ പൊലീസ് അറസ്റ്റ് ചെയ്ത് യെര്‍വാദ ജയിലിലടച്ചു. ജയിലിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധത്തെത്തുടര്‍ന്ന് പിന്നീട് പാര്‍ടിയുടെ കേന്ദ്ര സെന്ററിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളിലും ഒരു ഘട്ടത്തില്‍ ഭാഗഭാക്കായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെയും തുടര്‍ന്ന് സിപിഐ എം ന്റെയും അചഞ്ചലനായ സൈദ്ധാന്തിക പോരാളിയും പ്രചാരകനുമായിരുന്നു പിജി. പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ആദ്യ കേരള നിയമസഭയില്‍ 26-ാം വയസ്സില്‍ അംഗമായിരുന്ന പിജി പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും ശോഭിച്ചു.

മാര്‍ക്സിസ്റ്റ് ചിന്തകന്‍, നിരൂപകന്‍, പത്രാധിപര്‍, പ്രഭാഷകന്‍, പരിഭാഷകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍ എന്നിങ്ങനെ വിശേഷണങ്ങളിലൊതുങ്ങാത്ത ബഹുമുഖ വ്യക്തിത്വമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ മാറ്റത്തിന് മഹത്തായ സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക അടിത്തറയുടെ കാവല്‍ക്കാരനും വ്യാഖ്യാതാവുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങളിലോ ചിന്തകളിലോ എവിടെയെങ്കിലും ഒരു പാളിച്ച സംഭവിച്ചാല്‍ അത് പിന്നീട് തിരിച്ചറിയാനും മാര്‍ക്സിസ്റ്റ് ചിന്തയും മൂല്യങ്ങളും മുറുകെപ്പിടിക്കാനും അദ്ദേഹം തയ്യാറായി. മാര്‍ക്സിസത്തിന്റെ വളര്‍ച്ച മാറുന്ന തലമുറകളുടെ ചിന്താപരമായ വളര്‍ച്ചയ്ക്കൊപ്പം ലളിതസുഭഗമായി അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത നല്ല മാര്‍ക്സിസ്റ്റ് അധ്യാപകനായിരുന്നു അദ്ദേഹം. കേരളത്തിലെ വൈജ്ഞാനിക സാഹിത്യശാഖയ്ക്ക് അനുപമമായ സംഭാവനയാണ് പിജി നല്‍കിയിട്ടുള്ളത്. ദേശാഭിമാനിയുടെ പത്രാധിപരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനത്തിലെ ഗുരുക്ക;ാരില്‍ പ്രമുഖനായിരുന്നു.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ആധുനികതയുടെ മുഖം നല്‍കുന്നതിന് പരിശ്രമിച്ച നല്ല ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും സി-ഡിറ്റിന്റെയും ചുമതല നിര്‍വ്വഹിച്ചുകൊണ്ട് ചലച്ചിത്ര മേഖലയ്ക്കും ഐടി രംഗത്തിനും വിലപ്പെട്ട മാറ്റത്തിന്റെ സംഭാവനകള്‍ അദ്ദേഹം നല്‍കി. തന്റെ ആഴത്തിലും പരപ്പിലുമുള്ള വായനയുടെ സര്‍ഗവൈഭവം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും വേണ്ടി സമര്‍പ്പിച്ചിരുന്ന പിജി വിവിധ സമരമുഖങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പിജിയുടെ വേര്‍പാട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ പ്രസ്ഥാനത്തിന് വിശേഷിച്ചും അപരിഹാര്യമായ നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. പിജിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

വിടവാങ്ങിയത് ആത്മകഥ പൂര്‍ത്തിയാക്കാതെ

വൈജ്ഞാനിക കേരളത്തിന്റെ നിറദീപമായ പി ജി വിടവാങ്ങിയത് ആത്മകഥാരചന പൂര്‍ത്തിയാക്കാതെ. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായി കേരളത്തെ നയിച്ച, മലയാളത്തിന്റെ പുരോഗമനചിന്തയ്ക്ക് മഹാശക്തി പകര്‍ന്ന ആ അനശ്വരപ്രതിഭയുടെ ജീവിതത്തിന്റെ നാള്‍വഴികള്‍ സ്വാനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്ന ആത്മകഥയുടെ മൂന്ന് അധ്യായംമാത്രമാണ് പൂര്‍ത്തിയാക്കിയത്. ജന്മനാടായ പുല്ലുവഴിയിലെ ബാല്യവും മാര്‍ക്സിയന്‍ ദര്‍ശനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെയും അധ്യായങ്ങള്‍ എഴുതിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

വാര്‍ധക്യസഹജമായ ക്ഷീണം കാരണം പി ജി പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. മലയാളത്തിന്റെ മാര്‍ക്സിസ്റ്റ് വഴികാട്ടിയായി ആ ധന്യജീവിതം ഉയര്‍ത്തപ്പെടുന്നതിന്റെയും വായനയുടെ ലോകത്തില്‍ വിരാജിച്ചതിന്റെയും സംഭവബഹുലമായ ആ ജീവിതം അക്ഷരവെളിച്ചം കാണുന്നതിനായി കാത്തിരിക്കുകയായിരുന്നു പുരോഗമനകേരളം. വീട്ടിലെത്തുന്നവരോടെല്ലാം പി ജി ആത്മകഥാരചനയെക്കുറിച്ച് പറയുമായിരുന്നു. അവസാനാളുകളിലും വായന കുറയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ ഇഷ്ട പുസ്തകങ്ങള്‍ വായിച്ച് കേള്‍ക്കുമ്പോള്‍ അദ്ദേഹം ഉന്മേഷവാനായിരുന്നു. മലയാളത്തിന്റെ മഹാനായ ബഹുമുഖപ്രതിഭയുടെ ആത്മജീവിതാനുഭവങ്ങള്‍ മുഴുവന്‍ പകര്‍ന്നുകിട്ടിയിരുന്നെങ്കില്‍ അത് ആത്മകഥാചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലാകുമായിരുന്നു.

കേരള ലൈബ്രറീസ് ആക്ട് രൂപീകരിക്കുന്നതിന് മുന്‍നിരയില്‍ നില്‍ക്കുകയും പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം തുടങ്ങുകയും മാര്‍ക്സിസ്റ്റ് ആചാര്യനായ ഇ എം എസിനൊപ്പമുള്ള പ്രവര്‍ത്തനത്തെക്കുറിച്ചെല്ലാം വിശദമായി എഴുതാനുണ്ടെന്ന് പി ജി എപ്പോഴും പറയുമായിരുന്നു. ക്ഷീണവും കേള്‍വിക്കുറവും ഉണ്ടായിരുന്നെങ്കിലും അടുത്തുചെന്ന് ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും പി ജി ആ വിഷയത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുകയായി. സര്‍വവിജ്ഞാനകോശത്തിന്റെ താള്‍ വായിക്കുന്നതുപോലെ ആ വിജ്ഞാനവിസ്മയം സംസാരിച്ചുതുടങ്ങും.

മാര്‍പാപ്പയ്ക്കൊപ്പം സ്റ്റാലിന്‍ ചിത്രവും; ബിഎ ഓണേഴ്സിനു വിരാമം...

മുംബൈ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിഎ ഓണേഴ്സിനു പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ സ്റ്റാലിന്റെയും ക്രൂഷ്ചേവിന്റെയും ചിത്രം പ്രദര്‍ശിപ്പിച്ചതാണ് പി ഗോവിന്ദപിള്ളയുടെ അക്കാദമിക് പഠനം നിലയ്ക്കാന്‍ കാരണമെന്ന് പി ജിയുടെ സതീര്‍ഥ്യനും റിട്ടയേര്‍ഡ് അധ്യാപകനുമായ കുറുപ്പംപടി കല്ലുങ്ങല്‍ വീട്ടില്‍ വര്‍ഗീസ് പറഞ്ഞു. കോളേജ് അധികൃതര്‍ ഹോസ്റ്റലില്‍ സ്ഥാപിച്ച മാര്‍പാപ്പയുടെ ചിത്രത്തിനൊപ്പമാണ് പി ജി കമ്യൂണിസ്റ്റ് ആചാര്യന്‍മാരുടെ ചിത്രം സ്ഥാപിച്ചത്. ഞെട്ടലോടെയാണ് കോളേജ് അധികൃതര്‍ ഇതറിഞ്ഞത്. ഉടന്‍ അധികൃതര്‍ പി ജിയോട് വിശദീകരണം ആവശ്യപ്പെട്ടു. പി ജി ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു "നിങ്ങള്‍ ആരാധിക്കുന്നവരുടെ ചിത്രങ്ങള്‍ നിങ്ങള്‍ സ്ഥാപിച്ചു, ഞാന്‍ ആരാധിക്കുന്നവരുടെ ചിത്രങ്ങള്‍ ഞാനും സ്ഥാപിച്ചു. ഇതിലെന്താ ഇത്ര വലിയ തെറ്റ്?" പിന്നെ കാത്തുനില്‍ക്കേണ്ടിവന്നില്ല ഡിസ്മിസല്‍ ഓര്‍ഡര്‍ കയ്യില്‍കിട്ടാന്‍. കോളേജില്‍നിന്ന് പുറത്താക്കപ്പെട്ടെങ്കിലും പി ജി മുംബൈയില്‍തന്നെ പഠനം തടുര്‍ന്നു.

ഇതിനിടയിലാണ് 1951ലെ തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ടിയുടെ നിര്‍ദേശം ലഭിക്കുന്നത്. തീവണ്ടിപെട്ടി ചിഹ്നത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരം. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രിലെ ഇട്ടിക്കുര്യന്‍ വക്കീല്‍. ചിഹ്നം കാളപ്പെട്ടിയും. ആറുമാസമായിരുന്നു അന്നൊക്കെ പ്രചാരണപ്രവര്‍ത്തനം. തെരഞ്ഞെടുപ്പില്‍ പി ജി ഉജ്വല വിജയം നേടി. കോണ്‍ഗ്രസുകാരനായ താന്‍ ആ തെരഞ്ഞെടുപ്പില്‍ പി ജിയുടെ വിജയത്തിനായി രംഗത്തിറങ്ങിയത് വലിയ ഒച്ചപ്പാടിനിടയാക്കിയെന്ന് വര്‍ഗീസ് സാര്‍ പറഞ്ഞു. "നസ്രാണി പിഴച്ചു" എന്നായിരുന്നു ആക്ഷേപം. എന്നാല്‍, എന്റെ അപ്പന്‍ എനിക്ക് പിന്തുണ നല്‍കി. "നിന്റെ ആത്മസുഹൃത്തല്ലെ ഗോവിന്ദപിള്ള, നീ പ്രവര്‍ത്തിച്ചോളൂ" എന്നായിരുന്നു അപ്പന്‍ പറഞ്ഞത്.

പി ജി കീഴില്ലം സെന്റ് തോമസ് കോളേജില്‍ ഏഴാം ക്ലാസുവരെ പഠിച്ച് ഹൈസ്കൂള്‍ പഠനത്തിന് കുറുപ്പംപടി എംജിഎം സ്കൂളില്‍ വന്നപ്പോഴാണ് ഞങ്ങള്‍ പരിചയപ്പെടുന്നതും വേര്‍പിരിയാത്ത കൂട്ടുകാരാകുന്നതും. അന്നും മുടങ്ങാത്ത വായനയായിരുന്നു പി ജിയുടെ വിനോദം. ഞങ്ങള്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ പി ജി ഗ്രൗണ്ടിലിരുന്ന് പാഠ്യേതരപുസ്തകങ്ങള്‍ വായിക്കുന്നുണ്ടാകും. പലപ്പോഴും ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ വഴക്കിട്ടിട്ടുമുണ്ട്. ഹൈസ്കൂള്‍പഠനംകഴിഞ്ഞ് ആലുവ യുസി കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അന്ന് അവിടത്തെ അധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളസാര്‍ കമ്യൂണിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ രഹസ്യപഠനക്ലാസില്‍ പി ജി പോകുമായിരുന്നു. ചിലപ്പോള്‍ ഞാനും പോയിട്ടുണ്ട്. അധ്യാപകരുടെ ഇഷ്ടതോഴനായിരുന്നു സുമുഖനും സൗമ്യനുമായിരുന്ന പി ജി. 1978ല്‍ കുറുപ്പംപടി ടീച്ചേഴ്സ് ട്രെയ്നിങ് സ്കൂളില്‍ (ഇന്നത്തെ ഡയറ്റ്)നിന്ന് വിരമിച്ച വര്‍ഗീസ് സാര്‍ നവതി പിന്നിട്ടിട്ടും ഇവിടെ സൗജന്യ അധ്യാപനം നടത്തുന്നുണ്ട്. 1978ല്‍ ബംഗ്ലൂര്‍ റീജണല്‍ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏഴ് യൂറോപ്യന്‍ പ്രൊഫസര്‍മാര്‍ക്കു കീഴില്‍ പ്രത്യേക ഇംഗ്ലീഷ് പരിശീലനം നേടിയിട്ടുണ്ട് വര്‍ഗീസ് സാര്‍. അന്ന് സര്‍ക്കാര്‍ ഇതിനായി കേരളത്തില്‍നിന്ന് തെരഞ്ഞെടുത്ത 20 പേരില്‍ ഒരാളായിരുന്നു. രാഷ്ട്രീയ രംഗത്തെ പി ജിയുടെ നിസ്വാര്‍ഥ സേവനംപോലെ വിദ്യാഭ്യാസ രംഗത്ത് എനിക്കും നിസ്വാര്‍ഥസേവനം നടത്തണം. മരിക്കുവോളം- വര്‍ഗീസ് സാര്‍ പറഞ്ഞു.

*
ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കീറചാക്കില്‍ സ്വര്‍ണ്ണം കൊണ്ടു നടക്കുന്ന ആളായാണ് പിജിയെ അന്തരിച്ച പ്രശസ്ത പ്രഭാഷകന്‍ ഡോ. സുകുമാര്‍ അഴീക്കോട് നേരത്തെ വിശേഷിപ്പിച്ചത്. ആശയമില്ലെങ്കില്‍ വാക്ക് വെറും ശബ്ദമാണ്. കീറച്ചാക്ക് മാത്രമായ വാക്കിന് ഭാരവും മൂല്യവും ഉണ്ടാകുന്നത് അതില്‍ ആശയം ആവേശിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ഗോവിന്ദപ്പിള്ള കീറച്ചാക്കില്‍ സ്വര്‍ണ്ണം കൊണ്ടു നടക്കുന്നയാളാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലുള്ള ഒരേയൊരാവേശം ആശയാവേശം മാത്രമാണ്-പിജിക്ക് 70 വയസ്സ് തികഞ്ഞപ്പോള്‍ ഗ്രന്ഥാലോകം ഇറക്കിയ പ്രത്യേക പതിപ്പില്‍ വാക്കുകളുടെ സാഗരഗര്‍ജ്ജനമായിരുന്ന അഴീക്കോട് അനുസ്മരിച്ചു.