Tuesday, November 13, 2012

ശിവകാശി

ഒരു മാത്രയുടെ ദീപ്തമായ കാഴ്ചയേയുള്ളൂവെങ്കിലും ഒരു ജീവിതംമുഴുവന്‍ ആഹ്ലാദംനിറയ്ക്കുന്ന ഓര്‍മയാകുന്ന പൂത്തിരിയും പൂക്കുറ്റിയും മത്താപ്പും... വിസ്മയക്കാഴ്ചയായി ആകാശത്തേക്ക് കുതിക്കുന്ന അഗ്നിശരങ്ങളും വാനില്‍ ചിതറുന്ന പരശതം നക്ഷത്രങ്ങളെ ഗര്‍ഭത്തില്‍ ഒളിപ്പിച്ച അമിട്ടുകളും... വര്‍ണപ്പൊലിമയും ഉള്ളുകിടുക്കുന്ന ശബ്ദഘോഷവുമാണ് നമുക്ക് ശിവകാശി. ദീപാവലി, ദീപങ്ങളുടെ ഉത്സവം. വീടിനുചുറ്റും തിരിയിട്ടു തെളിക്കുന്ന ചെരാതുകള്‍ തീര്‍ക്കുന്ന മങ്ങിയ വെളിച്ചത്തേക്കാള്‍ നമുക്കിഷ്ടം കരിമരുന്നിന്റ നക്ഷത്രവെളിച്ചവും ദിഗന്തം നടുക്കുന്ന ശബ്ദവും.

മൂന്നു നാലു മാസംമുമ്പേ ശിവകാശി വിയര്‍പ്പൊഴുക്കി ത്തുടങ്ങും, രാജ്യത്തിന് ദീപാവലിയിലെ ആഹ്ലാദനിമിഷങ്ങള്‍ സമ്മാനിക്കാന്‍. ദീപാവലിക്കും വിഷുവിനും തെരഞ്ഞെടുപ്പുകാലത്തും ടണ്‍ കണക്കിനു പടക്കങ്ങള്‍ നിര്‍മിക്കുന്ന ചെറുകിടവ്യവസായ യൂണിറ്റുകളുടെ ആധിക്യവും അവയ്ക്ക് പ്രദാനംചെയ്യാന്‍ കഴിയുന്ന തൊഴിലവസരങ്ങളും കണക്കിലെടുത്ത് "കുട്ടി ജപ്പാന്‍" എന്ന് ശിവകാശിയെ വിശേഷിപ്പിച്ചത് പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു. തൊഴിലിനായി മലേഷ്യയിലേക്കും സിംഗപ്പുരിലേക്കും തമിഴന്‍ ചേക്കേറുന്നത് നിലയ്ക്കാത്ത കാലത്താണ് ശിവകാശിയെക്കുറിച്ച് നെഹ്റു ഇങ്ങനെ പറഞ്ഞത്. ഇന്ന് ലോകത്തെതന്നെ പടക്കനിര്‍മാണത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്ന്. രാജ്യത്തെ പടക്കനിര്‍മാണത്തിന്റെ 90 ശതമാനവും ഇവിടെയാണ്്. ഒന്നേകാല്‍ ലക്ഷം പേര്‍ നേരിട്ടും രണ്ടു ലക്ഷം പേര്‍ പരോക്ഷമായും ഈ വ്യവസായത്തെ ആശ്രയിച്ചുജീവിക്കുന്നു. ഈ നാട്ടില്‍ ഒട്ടും വിലയില്ലാത്തത് മനുഷ്യനാണെന്ന സത്യവും ശിവകാശി നമ്മോട് ഉറക്കെ പറയും.

അണഞ്ഞു തീര്‍ന്നാലും ചൂടുപോകാത്ത ഒരു വിറകടുപ്പുപോലെയാണ് ശിവകാശി. ഇവിടെ ഋതുഭേദങ്ങളില്ല. എല്ലാ കാലവും ചൂടുതന്നെ, ചൂടുമാത്രം. രാത്രിക്കും ഒരു കരുണയില്ല. മഴമേഘങ്ങള്‍ വഴിതെറ്റിയേ വരാറുള്ളൂ. പടക്കനിര്‍മാണത്തിനുവേണ്ട കരി ഉണ്ടാക്കാന്‍ നട്ടുപിടിപ്പിച്ച മരങ്ങളും കൊച്ചു നീര്‍ച്ചാലുകളുമില്ലെങ്കില്‍ ഒരു മരുഭൂമിയുടെ ഭാവപ്പകര്‍ച്ചയുണ്ടായേനെ ഈ നാടിന്. ഈ ചൂടില്‍ കണ്ണെറിഞ്ഞാണ് ബ്രിട്ടീഷുകാര്‍ 1923ല്‍ തീപ്പെട്ടി-പടക്ക നിര്‍മാണ വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഏറ്റവും ചൂടുള്ള ഈ പ്രദേശം തെരഞ്ഞെടുത്തത്. അന്ന് രണ്ടു ഫാക്ടറി തുടങ്ങി. സ്വാതന്ത്ര്യത്തിനുശേഷം പരദേശികളും നാടന്‍വ്യവസായികളും ഈ വ്യവസായത്തില്‍ കണ്ണുവച്ചത് സൗജന്യമായി കിട്ടുന്ന ഈ ചൂടും ഏറ്റവും കുറഞ്ഞ പ്രതിഫലംമാത്രം നല്‍കേണ്ട മനുഷ്യാധ്വാനവും ലക്ഷ്യമിട്ട്. വ്യവസായം പടര്‍ന്ന് പന്തലിച്ചിട്ടും തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ന്നിട്ടില്ലെന്നത് തൊഴിലുടമകളുടെ ചൂഷണം എത്രത്തോളമാണെന്നതിന്റെ സൂചകമാണ്. തൊഴിലാളികളെ കണ്ണില്‍ച്ചോരയില്ലാതെ ചൂഷണംചെയ്യുന്ന മുതലാളിമാരും തമിഴ്നാട് മാറിമാറി ഭരിക്കുന്ന രണ്ട് ദ്രാവിഡ പാര്‍ടികളുടെ നേതാക്കളും തമ്മിലുള്ള വഴിവിട്ടബന്ധവും തൊഴിലാളികളുടെ ദയനീയാവസ്ഥയില്‍നിന്ന് വായിച്ചെടുക്കാം.

ശിവകാശിയില്‍ നാല്‍പ്പതുപേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായ സെപ്തംബര്‍ അഞ്ചിന് വൈകിട്ട് സദാനന്ദപുരമെന്നറിയപ്പെടുന്ന മുതലപ്പട്ടി ഗ്രാമത്തില്‍ എത്തുമ്പോള്‍ അന്തരീക്ഷത്തില്‍ വെടിപ്പുക അടങ്ങിയിരുന്നില്ല. കാറിലേക്കടിച്ചു കയറിയ കാറ്റിന് വെടിമരുന്നിന്റെ മണത്തിനൊപ്പം കരിഞ്ഞ മനുഷ്യമാംസത്തിന്റെ ശ്മശാനഗന്ധവും. ശിവകാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇതെങ്കിലും പലപ്പോഴായി ആവര്‍ത്തിച്ച സ്ഫോടനങ്ങള്‍, ഏതു കൊടിയ ദുരന്തവും നിശ്ശബ്ദമായി ഏറ്റുവാങ്ങാനുള്ള മനക്കരുത്ത് ശിവകാശിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. പടക്കനിര്‍മാണം തുടങ്ങിയ കാലംതൊട്ട് ഒരാളെങ്കിലും മരിക്കാതെ ഒരുവര്‍ഷംപോലും കടന്നുപോയിട്ടില്ല. കഴിഞ്ഞ വര്‍ഷം 11 പേര്‍ മരിച്ചത് ആപല്‍സൂചനയായി കാണാന്‍ ആരും തയ്യാറാകാതിരുന്നതിന്റെ ഫലമാണ് 40 ജീവന്‍ അപഹരിച്ച സ്ഫോടനം. ലൈസന്‍സുള്ള ഫാക്ടറികള്‍ ശിവകാശിയില്‍മാത്രം 750. വലതും ചെറുതും ഇതില്‍പ്പെടും. ലൈസന്‍സില്ലാത്തവ വേറെ. വീടുകളിലെ ചെറുകിട യൂണിറ്റുകള്‍ ഒട്ടനവധി. എല്ലാംകൂടി ചേരുമ്പോള്‍ ആയിരത്തിലേറെ. ജില്ലാ ആസ്ഥാനമായ വിരുദുനഗറിലും സാത്തൂരിലും ഇത്രയോ ഇതിലേറെയോ ഉണ്ടാകും. എപ്പോഴും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതങ്ങളാണ് ഓരോ യൂണിറ്റും. പടക്ക നിര്‍മാണത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖകള്‍ ഒരിടത്തും പാലിക്കുന്നില്ല. കെട്ടിടത്തിന് നിര്‍ബന്ധമായ മിന്നല്‍രക്ഷാചാലകം (ഇടിതാങ്ങി എന്ന് തമിഴില്‍) സ്ഥാപിക്കുന്നതിലെ വീഴ്ചയില്‍ തുടങ്ങുന്നു മാര്‍ഗരേഖകളോടുള്ള അലസഭാവം. ഫാക്ടറികളില്‍ വെടിമരുന്നു സൂക്ഷിക്കുന്ന അറയാണ് പ്രധാനം, ഏറ്റവും അപകടകരവും. അനുവദനീയമായതിന്റെ പത്തിരട്ടിയെങ്കിലും വെടിമരുന്ന് സൂക്ഷിക്കാത്ത ഫാക്ടറികള്‍ വിരളം. ഒരാള്‍ക്കുപോലും സ്വതന്ത്രമായി പെരുമാറാന്‍ ഇടമില്ലാത്ത കുടുസുമുറികളിലാണ് രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതും അവ നിറയ്ക്കുന്നതും തിരിയിടുന്നതും. ഒരു തീപ്പൊരിയൊ, ഒരു നിമിഷത്തെ അശ്രദ്ധയൊ മതി ദുരന്തം കടന്നുവരാന്‍. ഓരോ മുറിയുടെ വാതിലിലും അവിടെ പണിയെടുക്കാവുന്ന തൊഴിലാളികളുടെ എണ്ണവും സൂക്ഷിക്കാവുന്ന രാസവസ്തുക്കളുടെ അളവും രേഖപ്പെടുത്തിയ പാവം അക്ഷരങ്ങള്‍. മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയുമുണ്ട്, ഇരുമ്പിന്റെ ഒരായുധവും പാടില്ല, ആയുധങ്ങള്‍ അലുമിനിയത്തില്‍ വേണം. നിലത്ത് റബ്ബര്‍ ഷീറ്റ് നിര്‍ബന്ധം(ഘര്‍ഷണം മൂലമുള്ള തീപ്പൊരി ഒഴിവാക്കാനാണിത്).