Tuesday, November 20, 2012

മൗനം കുറ്റകരം

ഗാസാചീന്തില്‍ നിസ്സഹായരായ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള പലസ്തീനിയന്‍ പൗരജനങ്ങളുടെ ചോരയൊഴുക്കുന്ന ഇസ്രയേലിന്റെ നീചവും നിഷ്ഠുരവുമായ കടന്നാക്രമണങ്ങളെ തുറന്നപലപിക്കാന്‍ കേന്ദ്ര യുപിഎ ഭരണം തയ്യാറാവാത്തത് ലജ്ജാകരമാണ്. ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തുയര്‍ന്നുനിന്ന ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ ശിരസ്സാണ് ലജ്ജാകരമായ ഈ സയണിസ്റ്റ് വിധേയത്വത്തിനുമുന്നില്‍ താഴ്ന്നുനില്‍ക്കുന്നത്. മനുഷ്യത്വപരമായ വിമോചനപോരാട്ടങ്ങളെ പിന്തുണച്ചുപോരുന്ന ജനാധിപത്യരാഷ്ട്രമെന്ന നിലയ്ക്കുള്ള ഇന്ത്യയുടെ യശസ്സാണ് ഇസ്രയേലിന്റെ കിരാതത്വത്തിനുമുമ്പില്‍ അപകീര്‍ത്തിപ്പെട്ട് നില്‍ക്കുന്നത്. ഇസ്രയേല്‍ പറയുന്ന ന്യായവാദങ്ങളെല്ലാം കള്ളക്കഥകളാണെന്നത് യുപിഎ സര്‍ക്കാരിനും ഡോ. മന്‍മോഹന്‍സിങ്ങിനും അറിയാത്തതല്ല.

ഭീകരകേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നത് എന്ന ന്യായവാദം പച്ചക്കള്ളമാണെന്ന്, തകര്‍ന്നടിഞ്ഞുകിടക്കുന്ന മാധ്യമസ്ഥാപനങ്ങളുടെയും കത്തിയെരിഞ്ഞുകിടക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെയും ചിത്രങ്ങള്‍ വ്യക്തമാക്കിത്തരുന്നു. ഹമാസ് പ്രകോപനം സൃഷ്ടിച്ചു എന്ന വാദം, നവംബര്‍ നാലിനുതന്നെ ഒരു പലസ്തീന്‍ പൗരനെയും പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിയെയും കൊന്നിരുന്നുവെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊളിഞ്ഞുവീഴുന്നു. പ്രതിരോധിക്കുകമാത്രമാണ് ചെയ്യുന്നത് എന്ന ഇസ്രയേലിന്റെ അഭിപ്രായം, ഇസ്രയേല്‍ ഭാഗത്ത് മരിച്ചത് മൂന്നുപേരും ഗാസാചീന്തില്‍ മരിച്ചത് അറുപതുപേരുമാണെന്ന വസ്തുതയുടെ മുന്നില്‍ തകര്‍ന്നടിയുന്നു. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയിരിക്കുന്നുവെന്ന വാദം, മിസൈല്‍ ആക്രമണങ്ങളില്‍ നശിച്ച ജനവാസ പ്രദേശങ്ങളെയും പൊളിഞ്ഞും കത്തിയെരിഞ്ഞുംവീണ വീടുകളുടെയും ദൃശ്യങ്ങള്‍ക്കുമുമ്പില്‍ നിലനില്‍ക്കാത്തതാവുന്നു. ഇതെല്ലാം ലോകമാകെ കാണുമ്പോഴും ഇന്ത്യന്‍ വിദേശവകുപ്പിന് പ്രതികരണമില്ല; അരുത് എന്നുപറയാന്‍ നാവില്ല; മനുഷ്യരാശിക്കെതിരായ കൊടുംപാതകങ്ങള്‍ കാണാന്‍ കണ്ണില്ല; കാതടപ്പിക്കുന്ന മരണാരവങ്ങള്‍ കേള്‍ക്കാന്‍ കാതുമില്ല. ഇത്തരമൊരു ആന്ധ്യത്തിലും ബാധിര്യത്തിലും യുപിഎ സര്‍ക്കാര്‍ പെട്ടത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു. അമേരിക്കന്‍- ഇസ്രയേല്‍ വിധേയത്വംകൊണ്ട്. ഈ വിധേയത്വം ഉപേക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ കര്‍മധൈര്യമോ യുപിഎ സര്‍ക്കാരിനില്ല. അഥവാ, അതു കണ്ടില്ലെന്ന് നടിക്കുന്നതാണ് ലാഭകരം എന്ന് അവര്‍ കണക്കാക്കുന്നു. പലസ്തീന്‍ ജനതയുടെ വിമോചന പോരാട്ടങ്ങളെ ഈ വിധത്തില്‍ ഇന്ത്യ കൈവിട്ടുകളഞ്ഞ മറ്റൊരു സന്ദര്‍ഭമില്ല. ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ ഇപ്പോള്‍ ഈ നീചകൃത്യത്തിന് പ്രേരിപ്പിച്ചത് ഹമാസിന്റെ ഭാഗത്തുനിന്നുള്ള എതെങ്കിലും വിധത്തിലുള്ള പ്രകോപനമല്ല എന്നത് അറിയാത്തവരില്ല.

2013 ജനുവരിയില്‍ ഇസ്രയേല്‍ തെരഞ്ഞെടുപ്പു നടക്കുകയാണ്. ആ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സഖ്യശക്തികള്‍ കൈവിട്ട നെതന്യാഹുവിന് കരുത്തില്ല. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ടി അതീവ ദുര്‍ബലമായി നില്‍ക്കുകയാണ്. എതിര്‍പക്ഷത്തുള്ള കാദിമാ പാര്‍ടിയാകട്ടെ നേരത്തെതന്നെ പ്രചാരണരംഗത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ച് മുന്നേറിക്കഴിഞ്ഞു. പ്രമുഖകക്ഷികള്‍ സഖ്യം വിട്ടുപോയതുകൊണ്ടാണ് നെതന്യാഹു ഗവണ്‍മെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനു പോയതുതന്നെ. തെരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ടിയുടെ നില പരുങ്ങലിലാവുന്നുവെന്ന് കണ്ടപ്പോള്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ നെതന്യാഹു കണ്ടെത്തിയ ഉപായമാണ് പലസ്തീന്‍കാര്‍ക്കെതിരായ ഗാസാചീന്തിലെ ആക്രമണം. ഇങ്ങനെയാരു ആക്രമണമുണ്ടായാല്‍ പ്രതിപക്ഷത്തിനു അതിരുവിട്ട് തന്നെ ആക്രമിക്കാന്‍ കഴിയില്ലെന്നും ദേശീയതയുടെ പേരില്‍ തനിക്ക് പിന്തുണ നല്‍കലല്ലാതെ (തെരഞ്ഞെടുപ്പിലല്ല) തരമില്ലെന്നും നെതന്യാഹു കണക്കാക്കി. പ്രതിപക്ഷ വിമര്‍ശനങ്ങളുടെ കാട്ടുതീ അണയ്ക്കാന്‍ ഗാസാചീന്തില്‍ ആക്രമണം നടത്തിയാല്‍ മതി എന്ന് മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം രക്ഷപ്പെടാന്‍ നെതന്യാഹു കണ്ടെത്തിയ മാര്‍ഗമാണ് ഈ ആക്രമണം. ദേശീയതാവികാരം ആളിപ്പടര്‍ത്തി ജനപിന്തുണയാര്‍ജിക്കുക എന്ന തന്ത്രമാണ് നെതന്യാഹു പ്രയോഗിക്കുന്നത്. തനിക്കെതിരെ ഈ ഘട്ടത്തില്‍ പ്രതിപക്ഷത്ത് ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അവരെ ദേശീയവിരുദ്ധരെന്ന് മുദ്രയടിച്ച് പ്രചാരണരംഗത്ത് മേല്‍ക്കൈ സ്ഥാപിക്കാം എന്നും അയാള്‍ കണക്ക് കൂട്ടുന്നു. ഇത് യുപിഎ സര്‍ക്കാരിനും മന്‍മോഹന്‍സിങ്ങിനും സോണിയ ഗാന്ധിക്കും അറിയാത്തതല്ല. എന്നിട്ടും ഈ അധാര്‍മികമായ വംശഹത്യയെ ഒരു വാക്കുകൊണ്ടുപോലും അപലപിക്കാന്‍ അവര്‍ തയ്യാറല്ല. അമേരിക്കന്‍ സാമ്രാജ്യത്വംവഴി ഇസ്രയേലുമായി സ്ഥാപിച്ചിട്ടുള്ള പല തലങ്ങളുള്ള ബന്ധങ്ങളാണിതിനു പിന്നിലുള്ളത്. ആ ബന്ധങ്ങളാണ് ഇസ്രയേലി പ്രതിരോധത്തലവന് കശ്മീരിലേക്കുള്ള വഴിയൊരുക്കിക്കൊടുത്തത്; ഇസ്രയേലി ചാരഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിക്കുന്നതിന് അവസരമുണ്ടാക്കിക്കൊടുത്തത്; ഇസ്രയേലുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസങ്ങള്‍ നടത്തുന്ന അവസ്ഥയുണ്ടാക്കിയത്; ഇസ്രയേലിന്റെ ഏറ്റവും വലിയ പടക്കോപ്പ് ഉപയോക്താവായി ഇന്ത്യയെ മാറ്റിത്തീര്‍ത്തത്. ഇതിനിടെ കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പ്രതിരോധകമ്പോളം കൂടുതലായി തുറന്നുകിട്ടാനായി ഒരു ഇസ്രയേല്‍ പടക്കോപ്പുനിര്‍മാണശാല കൈക്കൂലി കൊടുത്തത് വെളിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍, ആരുമറിയാതെ ആ വിലക്കു നീങ്ങി; ഇസ്രയേല്‍- ഇന്ത്യ പടക്കോപ്പ് കച്ചവടം തുടര്‍ന്നു. ഇന്ത്യ ഇസ്രയേലുമായുള്ള പുത്തന്‍ ചങ്ങാത്തമുപേക്ഷിക്കാന്‍ പുതിയ സാഹചര്യത്തിലെങ്കിലും തയ്യാറാവണം. പ്രതിരോധ കരാറുകള്‍ റദ്ദാക്കണം. ഇന്ത്യയില്‍ ഇസ്രയേല്‍ തുറന്നിട്ടുള്ള നയതന്ത്രകാര്യാലയം അടപ്പിക്കണം.

ഗാസാചീന്തില്‍ നടത്തുന്ന നരമേധത്തെ അതിശക്തമായ ഭാഷയില്‍ അപലപിക്കുകയുംവേണം. പടക്കോപ്പിന്റെ വിലയായി ഇന്ത്യ നല്‍കുന്ന പണം പലസ്തീന്‍ സഹോദരങ്ങളുടെ നെഞ്ചില്‍ചെന്ന് വെടിയുണ്ടകളായി തറയ്ക്കുമ്പോഴും അതിനെ ഒരു വാക്കുകൊണ്ടുപോലും വിമര്‍ശിക്കാന്‍ തയ്യാറാവാത്ത കൂട്ടരുമായി അധികാരം പങ്കിടുന്നതെങ്ങനെയെന്ന് മുസ്ലിംലീഗ് നേതൃത്വവും അതിന്റെ കേന്ദ്രമന്ത്രിയും അവരുടെ അനുയായികളോടെങ്കിലും വിശദീകരിക്കുകയും വേണം.

*****

ദേശാഭിമാനി മുഖപ്രസംഗം 20-11-12

No comments: