Tuesday, November 27, 2012

കത്തിക്കാളുന്ന വിലക്കയറ്റം

ആം ആദ്മിയുടെ ക്ഷേമമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വീമ്പിളക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ഏതാനും വര്‍ഷമായി ഉപഭോക്തൃ വിലസൂചികയിലുണ്ടായ അന്തരം ഭീമമാണ്. പണപ്പെരുപ്പംമൂലം സമ്പദ്ഘടന തകര്‍ന്നുകൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിട്ട മൂല്യത്തകര്‍ച്ചമൂലം നിരവധി ഉല്‍പ്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. വിലക്കയറ്റം തടയാന്‍ റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷത്തിനിടയില്‍ 12 തവണ പലിശനിരക്ക് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഭക്ഷ്യപ്പണപ്പെരുപ്പം ഇരട്ട അക്കത്തിലായതാണ് ഈ വര്‍ഷത്തെ സവിശേഷത.

ഭക്ഷ്യസബ്സിഡികള്‍ വെട്ടിക്കുറച്ചതും പൊതുവിതരണ സമ്പ്രദായം തകര്‍ത്തതുമാണ് കാരണം. ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ഇതൊരു ആകാശകുസുമമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ത്തന്നെ പരമദരിദ്രര്‍ക്കുമാത്രം ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന കരടുനിയമം ചതിക്കുഴികള്‍ നിറഞ്ഞതാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും ഭീമമായ വിലക്കയറ്റമാണ് ഇന്ത്യന്‍ സമ്പദ്ഘടനയെയും ജനജീവിതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ഇന്ധന സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പെട്രോളിന്റെ വില രണ്ടുവര്‍ഷത്തിനിടയില്‍ 44ല്‍നിന്ന് 70 രൂപയിലധികമായി വര്‍ധിച്ചു. ഡീസല്‍വിലയാകട്ടെ, 42ല്‍നിന്ന് 50 ലേക്ക് കുതിച്ചുചാടി. ചരക്കുഗതാഗതക്കൂലിയില്‍ ഉണ്ടായ ഭീമമായ വര്‍ധനമൂലം അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന അവശ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലയില്‍ അസഹനീയ വര്‍ധനയാണ് ഉണ്ടായത്. പാചകവാതകത്തിന്റെ വിലവര്‍ധനയും സിലിണ്ടറുകളുടെ എണ്ണം ചുരുക്കിയതും അടുപ്പില്‍ തീപുകയാത്ത അവസ്ഥയുണ്ടാക്കി. മാസങ്ങള്‍ കഴിഞ്ഞാലും പാചകവാതകം കിട്ടാത്ത അവസ്ഥയാണ്. വിറകും മണ്ണെണ്ണയും ആവശ്യാനുസരണം ലഭിക്കാത്തതിനാല്‍ പലയിടത്തും പാചകവാതകത്തിന് വൈദ്യുതിയെ ആശ്രയിക്കേണ്ടിവരുന്നു. നിലവിലുള്ള സ്ലാബില്‍നിന്ന് മുകളിലേക്ക് പ്രതിമാസ വൈദ്യുതിത്തോത് കൂടുമ്പോള്‍ ബില്‍ത്തുക ഭീമാകാരമാകുന്നു. താരിഫ് വര്‍ധനയ്ക്കു പുറമെ സര്‍ചാര്‍ജും ഈടാക്കുന്ന വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ രാക്ഷസരൂപം പൂണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടിയ വൈദ്യുതനിരക്ക് കേരളത്തിലാണ്.

ഇന്ധനവില വര്‍ധനമൂലം യാത്ര യാതനയായി. ബസുകളിലെ മിനിമം നിരക്ക് അഞ്ചുരൂപയില്‍നിന്ന് ആറു രൂപയായി വര്‍ധിപ്പിച്ചു. ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ കള്ളക്കളിമൂലം ചില പോയിന്റുകളില്‍ ചാര്‍ജ് വര്‍ധന 50 ശതമാനത്തിലധികമാണ്. ഓട്ടോ- ടാക്സി നിരക്കുവര്‍ധനയും ഇടത്തരക്കാരെയാണ് ബാധിച്ചത്. പൊതുവിതരണസമ്പ്രദായം തകര്‍ത്തതോടെ നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നു. ഊഹക്കച്ചവടം വ്യാപകമായി. പലവ്യഞ്ജനങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിലയാണ് നിയന്ത്രണാതീതമായത്. അരിക്കും ഗോതമ്പിനും പൊതുവിപണിയില്‍ 20 ശതമാനം വിലയേറി. ഭക്ഷ്യസാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ വിതരണംചെയ്തിരുന്ന സപ്ലൈകോയുടെ ശൃംഖലകളിലും മാവേലിസ്റ്റോറുകളിലും ത്രിവേണി സ്റ്റോറുകളിലും സാധനം ഇല്ലാത്ത അവസ്ഥയാണ്. ഒരു രൂപയ്ക്ക് ഒരുകിലോ അരി എന്ന സര്‍ക്കാര്‍ മുദ്രാവാക്യം പരസ്യപ്പലകകളില്‍ വ്യാപകമാണെങ്കിലും ഈ ആനുകൂല്യം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുപോലും ലഭിക്കുന്നില്ല. അരി കിലോയ്ക്ക് 25 മുതല്‍ 35 രൂപവരെയാണ് പൊതുകമ്പോളത്തിലെ വില. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് വേണ്ടത്ര അരി ലഭ്യമല്ലാത്തതിനാല്‍ പൂഴിത്തിവയ്പ് വ്യാപകമാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വിലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനം കൂടിയെങ്കിലും വില കുറയുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെക്കൂടുതലാണ് കമ്പോളവില. ഇടത്തട്ടുകരുടെ ചൂഷണം നിര്‍ബാധം തുടരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഭക്ഷ്യവസ്തുക്കള്‍ കൃഷിക്കാരില്‍നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും അത് സ്വകാര്യ കച്ചവടക്കാര്‍ക്ക് വില്‍ക്കാനാണ് താല്‍പ്പര്യം. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന വ്യജേനയാണ് കേരളത്തില്‍ മില്‍മപാലിന്റെ വില ഒരു വര്‍ഷത്തിനിടയില്‍ രണ്ടുതവണ ലിറ്ററിന് അഞ്ചുരൂപ വീതം വര്‍ധിപ്പിച്ചത്. സമാന്തരമായി കാലിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് 200 രൂപ വര്‍ധിപ്പിച്ചു. അതായത്, 650ല്‍നിന്ന് 850 രൂപയായി. കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതോടെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ച ആനുകൂല്യം ഇല്ലാതായി. മില്‍മയെ പിന്തുടര്‍ന്ന് സ്വകാര്യ കാലിത്തീറ്റ കമ്പനിക്കാരും വില വര്‍ധിപ്പിച്ചു.

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്മേല്‍ ഇതുവരെയും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അംഗീകൃത ഹോട്ടലുകളിലും വിലവിവരപ്പട്ടികയോ മെനുകാര്‍ഡോ കാണാനില്ല. ഹോട്ടലുകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ച് വില ഏകീകരിക്കുന്നതിന് സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ല. ഇടത്തരം ഹോട്ടലുകളിലെ ഭക്ഷണവിലയില്‍ സമീപകാലത്ത് വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയുടെ മറവില്‍ എല്ലാത്തരം ഹോട്ടലുകളിലും തീവെട്ടിക്കൊള്ളയാണ്. മരുന്നുവില വര്‍ധനയാണ് സ്ഫോടനാത്മകം. സ്വകാര്യ ഔഷധനിര്‍മാണ കമ്പനികള്‍ ഒരു വ്യവസ്ഥയുമില്ലാതെ പുതിയ പേരുകളില്‍ മരുന്നിറക്കി കൊള്ളലാഭം നേടുകയാണ്. ചെറിയ പനി വന്നാല്‍പ്പോലും മടിശ്ശീല കീറും. ജീവന്‍രക്ഷാ ഔഷധങ്ങള്‍ വാങ്ങണമെങ്കില്‍ സമ്പാദ്യം മുഴുവന്‍ വിനിയോഗിക്കേണ്ടിവരും. വേദനസംഹാരികള്‍ക്കും സ്റ്റിറോയ്ഡുകള്‍ക്കും ഊഹവിലയാണ്. ചില കമ്പനികളുടെ മരുന്നുപായ്ക്കറ്റില്‍ എംആര്‍പിപോലും രേഖപ്പെടുത്താറില്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുസംഭരണവും വിതരണവും കാര്യക്ഷമമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 620 ഇനം മരുന്നുകളില്‍ 183 ഇനം മരുന്നുകള്‍ക്ക് അമിത വില നല്‍കേണ്ടിവരുന്നു. മരുന്നുവില നിയന്ത്രിക്കാന്‍ കോര്‍പറേഷന്റെ പുതിയ ഔട്ട്ലറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്നുക്ഷാമം ഉണ്ടായതോടെ സ്വകാര്യമേഖലയുടെ ചൂഷണം വര്‍ധിച്ചു. കത്തിക്കാളുന്ന വിലക്കയറ്റം കുടുംബ ബജറ്റുകളെ തകര്‍ത്ത് തരിപ്പണമാക്കുന്നു. വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ സാമാന്യജനങ്ങള്‍ പെടാപ്പാട് പെടുകയാണ്. സാമ്പത്തിക കുത്തകകളെ തോളിലേറ്റി താലോലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് കമ്പോളത്തിലെ പകല്‍കൊള്ളയ്ക്കു കാരണം. ജനങ്ങളെ പിഴിയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വെള്ളപൂശുകയാണ് സംസ്ഥാനസര്‍ക്കാര്‍.

*****

ചെറിയാന്‍ ഫിലിപ്

No comments: