Saturday, November 3, 2012

പരല്‍മീനുകളെ പിടിച്ചാല്‍ പോരാ

മോന്തായം വളഞ്ഞാല്‍ ഒരു കഴുക്കോല്‍പോലും നേരെ നില്‍ക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ മോന്തായം വളഞ്ഞു തിരിഞ്ഞു കിടക്കുകയാണ്. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ ഓഫീസിന്റെ തൂണിനുപോലും കൈക്കൂലി വാങ്ങാന്‍ മടിയില്ല. സുതാര്യ ഭരണമെന്നാണ് ഉമ്മന്‍ചാണ്ടി ഇടയ്ക്കിടെ പറയുന്നത്. അത് തെളിയിക്കാന്‍ സ്വന്തം ഓഫീസില്‍ വെബ്ക്യാമറകള്‍ ഘടിപ്പിച്ച് നാട്ടുകാരുടെ കണ്ണില്‍ പൊടിയിട്ടു. കാശ് വാങ്ങാന്‍ ക്യാമറ തടസ്സമല്ല എന്ന് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍തന്നെ തെളിയിച്ചു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സെക്രട്ടറിയറ്റില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത്. കൈക്കൂലി വാങ്ങുന്നതിന്റെ തെളിവ് കൈയോടെ ലഭിച്ചപ്പോള്‍ രണ്ടുപേരെയും പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് സെക്രട്ടറിയറ്റില്‍ നേരത്തെ ജോലിചെയ്ത വകുപ്പുകളിലേക്ക് തിരിച്ചയക്കാനേ മുഖ്യമന്ത്രി തയ്യാറായുള്ളൂ. പൊലീസില്‍ കേസ് കൊടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരീക്ഷണ ക്യാമറ കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നില്ല. അതിന്റെ മറവില്‍ എന്തെല്ലാം നടക്കുന്നുവെന്ന് ആര്‍ക്കും അറിയുകയുമില്ല. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് ഏറെക്കാലമായി നിലനിര്‍ത്തുന്ന അഴിമതിവിമുക്തമെന്ന പേരാണ് ഉമ്മന്‍ചാണ്ടിഭരണം കളഞ്ഞുകുളിച്ചത്. പിടിക്കപ്പെട്ടത് താഴെക്കിടിയിലുള്ള രണ്ട് ജീവനക്കാരാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതേയുള്ളൂ. മാലിന്യം കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ലാര്‍വ തിമിര്‍ത്ത് വളരുക. അഴിമതിയുടെ ലാര്‍വ പെറ്റുപെരുകി വളരാനുള്ള മാലിന്യം ഉമ്മന്‍ചാണ്ടിഭരണത്തില്‍ സമൃദ്ധിയോടെ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രിതന്നെ അഴിമതി ആരോപണ വിധേയനാണ്. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയെന്ന് ഉദ്ഘോഷിക്കപ്പെട്ട കൊച്ചി മെട്രോപദ്ധതി കമീഷന്റെ കനം വര്‍ധിപ്പിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ അട്ടിമറിക്കാന്‍ മടിയില്ലാത്തിടത്തോളം വളര്‍ന്നിരിക്കുന്നു സര്‍ക്കാരിന്റെ ആര്‍ത്തി.

അഴിമതിയില്ലാത്ത വകുപ്പുകളില്ല; അവിശുദ്ധ ധനസമ്പാദനത്തിന് വഴി വെട്ടിക്കൊടുക്കാത്ത മന്ത്രിമാരില്ല; മാഫിയകള്‍ കടന്നുചെല്ലാത്ത ഇടനാഴികള്‍ ഭരണകേന്ദ്രത്തില്‍ അവശേഷിപ്പില്ല. അഴിമതി ഭരണനിര്‍വഹണത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഭക്ഷ്യമന്ത്രിയുടെ വസതിയില്‍ കൈക്കൂലി വാങ്ങാന്‍ മൂന്ന് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ പാര്‍ടിക്കാരന്‍ തന്നെയാണ്. മണല്‍കള്ളക്കടത്തുകാരനെ പിടികൂടിയ പൊലീസുകാരെ പരസ്യമായി അവഹേളിച്ചും ഭയപ്പെടുത്തിയും പരസ്യപ്രകടനം നടത്താന്‍ യുഡിഎഫിന്റെ പ്രമുഖ നേതാവിന് മടിയുണ്ടാകാത്തത് ഉമ്മന്‍ചാണ്ടി ഒരുക്കിയ സവിശേഷ സാഹചര്യത്തിന്റെ ഫലമായാണ്. അഴിമതിയും അതിക്രമവും പിടിക്കപ്പെട്ടാലും കുറ്റവാളികള്‍ക്ക് രക്ഷാകവചമൊരുക്കുന്നു. അന്വേഷണം അട്ടിമറിക്കാനും സാങ്കേതിക ന്യായങ്ങളില്‍ കുരുക്കി കേസുകളെ നിര്‍വീര്യമാക്കാനും ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. കോടതി മുമ്പാകെ എത്തുന്ന കേസിന്റെ വിചാരണപോലും ഇങ്ങനെ അട്ടിമറിക്കുകയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്ക് തെളിവുകള്‍ നീണ്ട അഞ്ഞൂറുകോടി രൂപയുടെ സൈന്‍ബോര്‍ഡ് അഴിമതി കേസ് അട്ടിമറിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന അമിതാവേശം ഇതിന്റെ ചൂണ്ടുപലകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ചത്, യുഡിഎഫ് ഘടകകക്ഷിയുടെ സമുന്നത നേതാവായിരുന്ന അന്തരിച്ച ടി എം ജേക്കബ്ബാണെന്നതും ഓര്‍ക്കണം. മന്ത്രിസഭയിലെ അഴിമതിക്കാരെ സംരക്ഷിക്കുന്നു; താനുള്‍പ്പെട്ട അഴിമതിക്കേസുകള്‍ മുഖ്യമന്ത്രിയുടെ സവിശേഷമായ അധികാരമുപയോഗിച്ച് ഇല്ലാതാക്കുന്നു. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി നേരിട്ട് കുടുങ്ങുമെന്നായപ്പോള്‍ അമ്പരപ്പിക്കുന്ന രാഷ്ട്രീയ ഇടപെടലിലൂടെ കേസ് തകര്‍ത്തു. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ 256 കോടി രൂപയുടെ മലിനീകരണ നിയന്ത്രണസംവിധാനം സ്ഥാപിക്കുന്നതിന്റെ പേരില്‍ അരങ്ങേറിയ തട്ടിപ്പിലും മുഖ്യമന്ത്രി ആരോപണവിധേയനാണ്. അഴിമതിയുടെ ഘോഷയാത്രയ്ക്കാണ് എമര്‍ജിങ് കേരളയിലൂടെ പച്ചക്കൊടി വീശിയത്. ഭൂമാഫിയയുടെ സംരക്ഷകരാണ് മന്ത്രിസഭയിലിരിക്കുന്നത്. നെല്ലിയാമ്പതിയടക്കമുള്ള കേരളത്തിന്റെ ഹരിതസമൃദ്ധിയെ വിഴുങ്ങാനുള്ള ഭൂമാഫിയയുടെ ശ്രമങ്ങള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തി യുഡിഎഫ് എംഎല്‍എമാര്‍തന്നെ രംഗത്തുവന്നു. എവിടെയാണ് അഴിമതി ഇല്ലാത്തത് എന്ന ചോദ്യത്തിനേ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ പ്രസക്തിയുള്ളൂ. സര്‍വകലാശാലയുടേതടക്കം ഭൂമി അടിച്ചുമാറ്റാനും കുടുംബശ്രീയില്‍ അണിനിരന്ന പാവപ്പെട്ട വനിതകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരാനും മടിക്കാത്തവര്‍ക്ക് മറ്റെന്താണ് ചെയ്യരുതാത്തത്. അത്തരമൊരവസ്ഥയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കൈക്കൂലി വാങ്ങിയതിലും അവര്‍ക്ക് ശിക്ഷ നല്‍കാതെ സംരക്ഷിക്കുന്നതിലും അതിശയമൊന്നുമില്ല. അഴിമതിക്കാരെ ശിക്ഷിക്കാനുള്ളതാണ് യുഡിഎഫിന്റെ നയമെങ്കില്‍, ആദ്യം ലോക്കപ്പിന്റെ പൂട്ട് തുറക്കപ്പെടുന്നത് മുഖ്യമന്ത്രിയടക്കമുള്ള സമുന്നത ഭരണാധികാരികള്‍ക്കു മുന്നില്‍തന്നെയാകും.

കൈക്കൂലി വാങ്ങുമ്പോള്‍ സെക്രട്ടറിയറ്റിലെ ക്യാമറയില്‍ പതിഞ്ഞവര്‍ വലിയൊരു മലയുടെ ചെറിയൊരറ്റമാണ്. അഴിമതിയുടെ കൂറ്റന്‍ പര്‍വതം വേറെ കിടപ്പുണ്ട്. അതിനെയാണ് നശിപ്പിക്കേണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും താഴ്ന്ന ജീവനക്കാര്‍ക്ക് സെക്രട്ടറിയറ്റിനകത്തുവച്ച് പണംവാങ്ങാന്‍ ധൈര്യം ലഭിച്ചത് തങ്ങളുടെ യജമാനന്മാര്‍ അഴിമതിയുടെ ആശാന്മാരാണ് എന്ന ബോധത്തില്‍നിന്നാണ്. ആ വമ്പന്‍ സ്രാവുകളെ പിടിക്കണം. അതിന് ഇന്നത്തെ സര്‍ക്കാര്‍ സ്വമേധയാ തയ്യാറാവില്ല. ശക്തമായ ജനകീയ പ്രക്ഷോഭമുയരണം. ജനജീവിതം ദുസ്സഹമാക്കുന്ന വികലനയങ്ങള്‍ക്കൊപ്പം കൊള്ളയും കൈമുതലാക്കിയവര്‍ക്കെതിരെ കേരളത്തിന്റെ രോഷം അലയടിച്ചുയരണം.

No comments: