Sunday, November 11, 2012

അമേരിക്കയുടെ അജണ്ട വ്യക്തമാണ്

 അമേരിക്കയുടെ നേര്‍ക്കു നടന്ന, 3000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ പതിനൊന്നാം വാര്‍ഷികദിനമായിരുന്നു സെപ്തംബര്‍ 11ന്. ഇറാക്കില്‍ നടന്ന, 58 പേര്‍ കൊല്ലപ്പെടുകയും 250ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത, 25 ആക്രമണപരമ്പരകളെ തുടര്‍ന്നാണ് അമേരിക്കയില്‍ ഈ ആക്രമണം ഉണ്ടായത്. "നമ്മുടെ അധിനിവേശത്തിനുമുമ്പ് ഇറാക്കില്‍ അല്‍ഖ്വയ്ദ ഉണ്ടായിരുന്നില്ല" എന്ന് പ്രസ്താവിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെയാണെന്നത് വിരോധാഭാസമായി തോന്നാം. റാന്‍ഡിന്റെ കണക്കനുസരിച്ച് 2002 - 2003ലെ ഇറാക്ക് യുദ്ധത്തിനുമുമ്പത്തെ വര്‍ഷത്തില്‍ ഇറാക്കില്‍ 13 ഭീകരാക്രമണങ്ങളും അതുമായി ബന്ധപ്പെട്ട 14 മരണങ്ങളും മാത്രമാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ അമേരിക്കന്‍ അധിനിവേശത്തിനുശേഷമുള്ള വര്‍ഷത്തില്‍ (2003 മാര്‍ച്ച് തൊട്ട് 2004 മാര്‍ച്ച്വരെ) ഇറാക്കില്‍ 225 ഭീകരാക്രമണങ്ങള്‍ നടന്നു;അതുമായി ബന്ധപ്പെട്ട് 1074 പേര്‍ കൊല്ലപ്പെട്ടു.


സെപ്തംബര്‍ 11നെ തുടര്‍ന്ന് ഭീകരവാദത്തിനെതിരായ ആഗോള യുദ്ധം അമേരിക്ക കെട്ടഴിച്ചുവിട്ടു. നിരവധി കിരാത നിയമങ്ങളോടൊപ്പം, ഭീകര പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ദേശീയ ഭീകരതാവിരുദ്ധ കേന്ദ്രവും (നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍) അവര്‍ സ്ഥാപിച്ചു. "ഭീകരവാദം ഉയര്‍ത്തുന്ന നിരന്തരഭീഷണി"യെ സംബന്ധിച്ച് 2011 ലെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരൊറ്റ അമേരിക്കന്‍ പൗരനും, നിരോധിക്കപ്പെട്ട ഒരു സംഘടനയുടെയും ആക്രമണത്തില്‍പെട്ട്, 2011 വര്‍ഷത്തില്‍ കൊല്ലപ്പെടുകയുണ്ടായിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് ഈ മുന്നറിയിപ്പ് വരുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍, പ്രത്യേകിച്ചും എണ്ണ സമ്പന്നമായ പശ്ചിമേഷ്യയില്‍, സൈനികമായി ഇടപെടുന്നതിനുള്ള ന്യായീകരണമെന്ന നിലയിലാണ്, ഭീകരാക്രമണമെന്ന ഭീഷണിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് വ്യക്തമാണ്. ജീവിക്കാന്‍ കൂടുതല്‍ ഉതകുന്ന ഒരു പ്രദേശമായി ലോകത്തെ മാറ്റുന്നതിനുപകരം, ഭീകരതയ്ക്കെതിരായ അമേരിക്കന്‍ യുദ്ധം ഭീകരാക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നതിനാണ് ഇടയാക്കിയിരിക്കുന്നത്.

അമേരിക്ക സ്പോണ്‍സര്‍ ചെയ്ത സ്റ്റേറ്റ് ഭീകരതയും വിവിധ മതമൗലിക വിഭാഗങ്ങളുടെ ഭീകരാക്രമണങ്ങളും നിരപരാധികളുടെ ചെലവില്‍ പരസ്പരം തിന്നുകൊഴുക്കുന്നുവെന്നാണ് ഇത് വീണ്ടും വീണ്ടും തെളിയിക്കുന്നത്. നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിന്റെ (എന്‍സിടിസി) കണക്കനുസരിച്ച് 2000നും 2006നും ഇടയില്‍ ഭീകരാക്രമണങ്ങളുടെ എണ്ണം 1151ല്‍നിന്ന് 6660 ആയിട്ടാണ് വര്‍ധിച്ചത്. വിരോധാഭാസമെന്നുപറയട്ടെ ഇറാക്കില്‍നിന്ന് സേനയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച ഒബാമ, 2008നും 2011നും ഇടയില്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ സംഖ്യ മൂന്നിരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. എന്‍സിടിസിയുടെ കണക്കനുസരിച്ച്, ഈ മൂന്നുവര്‍ഷക്കാലത്തിനുള്ളില്‍ ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ 130 ശതമാനം വര്‍ദ്ധനയുണ്ടായി. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക അധിനിവേശം നടത്തിയതിനു മുമ്പത്തെ വര്‍ഷത്തില്‍, അവിടെ മൂന്ന് ഭീകരാക്രമണങ്ങളേ ഉണ്ടായുള്ളുവെന്നും അവയില്‍പ്പെട്ട് 8 പേരേ മരിച്ചിട്ടുള്ളുവെന്നും റാന്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2008 -ഓടുകൂടി അവിടെ 450 ഭീകരാക്രമണങ്ങള്‍ നടന്നു; 1228 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാറ്റോ യുദ്ധം പാകിസ്ഥാനിലും അതിന്റെ ആഘാതം ഉണ്ടാക്കുന്നുണ്ട്. അവിടെ ആയിരക്കണക്കിന് പേര്‍ ഭീകരാക്രമണങ്ങള്‍ക്ക് ഇരകളായിത്തീരുന്നു. എല്ലാത്തരത്തിലുള്ള ഭീകരാക്രമണങ്ങളെയും കലവറയില്ലാതെ എതിര്‍ത്തുകൊണ്ട് അതിര്‍ത്തിക്കപ്പുറത്തുള്ള നമ്മുടെ സഹോദരങ്ങളുടെ കൊടിയ ദുഃഖത്തില്‍ നമുക്ക് പങ്കുചേരാം. പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളുടെ സംഖ്യയില്‍ ഈ കാലയളവില്‍ 650 ശതമാനം വര്‍ദ്ധനയുണ്ടായി എന്നാണ് റാന്‍ഡിന്റെ കണക്ക്. അതേപോലെതന്നെ, 2000നും 2006നും ഇടയില്‍, പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും ആകെയുണ്ടായ ഭീകരാക്രമണങ്ങളുടെ സംഖ്യ 404ല്‍നിന്ന് 5738 ആയി ഉയര്‍ന്നു. 2011ലെ ബ്രാസ് ക്രെസന്റ് സമ്മാനജേതാവായ ഡാനിയോസ്, ഭീകര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആഗോള കണക്കുകള്‍ വിശകലനംചെയ്തുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു. "ഭീകരതയ്ക്കെതിരായി അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധവും ആഗോളതലത്തില്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയും തമ്മിലുള്ള പരസ്പരബന്ധം നിഷേധിക്കുക വിഷമമാണ്. ഭീകരപ്രവര്‍ത്തനങ്ങളുടെ കുത്തനെയുള്ള വളര്‍ച്ചയെ-അമേരിക്കയുടെ ആക്രമണത്തിന്റെ ഒരു പ്രത്യക്ഷ ഫലമാണത്-വീണ്ടും അത്തരം നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ന്യായീകരണമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്."

2010ല്‍ ടൈംസ് സ്ക്വയറില്‍ ബോംബ് സ്ഫോടനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഫൈസല്‍ ഷഹ്സാദ്, വിചാരണയ്ക്കിടയില്‍ ഇക്കാര്യം ഇങ്ങനെ സമ്മതിക്കുകയുണ്ടായി. "അമേരിക്ക മുസ്ലീം രാജ്യങ്ങള്‍ക്കുനേരെ നടത്തുന്ന ആക്രമണവും മുസ്ലീങ്ങളെ കൊല്ലുന്നതും അവസാനിപ്പിക്കുന്ന സമയംവരെ, ഞങ്ങള്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കും. ആ കുറ്റം ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ ഏറ്റു പറയുന്നു." എന്‍സിടിസിയുടെ കണക്കനുസരിച്ച് ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് നടന്ന ആകെ മരണങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗവും ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. സാമ്പത്തിക മാന്ദ്യംകൊണ്ട് വിഷമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒബാമ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അമേരിക്കയുടെ സൈനിക ചെലവുകളില്‍ കുറവൊന്നും ഉണ്ടാകുന്നില്ല. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2012ലെ ഇയര്‍ബുക്കിലെ കണക്കനുസരിച്ച്, 2011 വര്‍ഷത്തിലെ അമേരിക്കന്‍ സൈനികച്ചെലവ് 71,100 കോടി ഡോളറായിരുന്നു. പ്രതിരോധത്തിനുവേണ്ടി ലോക രാജ്യങ്ങള്‍ ആകെ ചെലവാക്കിയ തുകയുടെ 41 ശതമാനം!

നോബല്‍ സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ളിറ്റ്സിന്റെ കണക്കനുസരിച്ച്, ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ യുദ്ധങ്ങള്‍ക്ക് ആകെ ചെലവ് വന്നത് 6 ലക്ഷം കോടിയില്‍പരം ഡോളറാണ്. 132 രാജ്യങ്ങളിലായി ഇന്ന് അമേരിക്കയുടെ 702 സൈനികത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 10,000ത്തോളം ആണവായുധങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി, സജീവമാക്കി വെച്ചിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക. അതില്‍ത്തന്നെ 2000 എണ്ണം ഞൊടിയിടകൊണ്ട് തൊടുത്തുവിടാന്‍ പാകത്തില്‍ സജ്ജീകരിക്കപ്പെട്ടവയാണ്. ആഗോള മേധാവിത്വം സ്ഥാപിക്കുന്നതിന് ലക്ഷ്യംവെച്ചുള്ള പുതിയ "അമേരിക്കന്‍ ശതാബ്ദ" പദ്ധതിയുടെ സുപ്രധാന ഭാഗമായി നോര്‍ത്ത് അത്ലാന്തിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ) വിപുലീകരണം മാറിക്കഴിഞ്ഞിരിക്കുന്നു. ആദ്യം കയറിയടിക്കുക എന്ന യുദ്ധതന്ത്രം സ്വീകരിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇങ്ങനെ പ്രഖ്യാപിച്ചു.

"വിദേശത്തുള്ള ശത്രുക്കള്‍ ഞങ്ങളുടെ രാജ്യത്തിലേക്ക് കടന്നുവരുന്നതിന് കാത്തുനില്‍ക്കുന്നതിനു പകരം, ഞങ്ങള്‍ അങ്ങോട്ടുചെന്ന് അവരോട് യുദ്ധംചെയ്യുന്നു. ഞങ്ങള്‍ ലോകത്തെ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നു; ലോകം ഞങ്ങളെ രൂപപ്പെടുത്താനല്ല." "ലോകത്തെ രൂപപ്പെടുത്തുക" എന്നതിനര്‍ത്ഥം, ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം സ്വന്തമാക്കുന്നതിനായി സൈനികമായ ഇടപെടലുകള്‍ നടത്തുക എന്നാണ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഇടപെടലിന്റെ മര്‍മ്മമതാണ്. കാസ്പിയന്‍ കടല്‍ത്തീരത്ത് വമ്പിച്ച എണ്ണശേഖരവും വാതകശേഖരവും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ ഇന്ധന ആവശ്യം 30 വര്‍ഷക്കാലത്തേക്ക് നിര്‍വഹിക്കുന്നതിന് ആവശ്യമായ എണ്ണശേഖരം. 4 ലക്ഷം കോടി ഡോളര്‍ വിലമതിക്കുന്ന എണ്ണശേഖരം. കോക്കസസില്‍നിന്നും മധ്യേഷ്യയില്‍നിന്നും ഉണ്ടാക്കിയിട്ടുള്ള പൈപ്പ് ലൈനുകള്‍ സംരക്ഷിക്കപ്പെടണം. അറബിക്കടലിലൂടെ ലോകമെങ്ങും എണ്ണയെത്തിക്കുന്നതിന് അത് ആവശ്യമാണ്. ശതകോടിക്കണക്കിന് ഡോളര്‍ അതുവഴി ലാഭമുണ്ടാക്കാം. "മധ്യേഷ്യയില്‍നിന്ന് അറബിക്കടലിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന മാര്‍ഗ്ഗത്തില്‍ ഒരു ഇടത്താവളമായി വര്‍ത്തിക്കാന്‍ അഫ്ഗാനിസ്ഥാനു കഴിയും എന്നതാണ്, അതിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് പരിഗണിക്കുമ്പോള്‍, ഇന്ധനത്തിന്റെ വീക്ഷണത്തില്‍നിന്ന് നോക്കുമ്പോള്‍ അഫ്ഗാനിസ്ഥാനുള്ള പ്രാധാന്യം" എന്ന് അമേരിക്ക അംഗീകരിക്കുന്നു. അറബ് ലോകത്തില്‍ നാറ്റോ സഖ്യകക്ഷികളോടൊപ്പം അമേരിക്ക വഹിക്കുന്ന വര്‍ധിച്ച ഇടപെടലിനുള്ള വിശദീകരണം ഇതില്‍നിന്ന് ലഭിക്കുന്നുണ്ട്.

 ലിബിയയില്‍ ഒരു ഭരണമാറ്റമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. അറബ് വസന്തത്തിനുശേഷം ഈ മേഖലയിലെ നിരവധി രാജ്യങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള പുതിയ ഭരണങ്ങളെ സ്വാധീനിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ മേഖലയേയും അതുവഴി അവിടത്തെ സമ്പന്നമായ വിഭവങ്ങളെയും നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള വലിയ തന്ത്രത്തിന്റെ ഭാഗംതന്നെയാണ് ഇന്നിപ്പോള്‍ സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, "സികേഷ്-പിക്കോ" കരാറിലൂടെ ഉണ്ടാക്കപ്പെട്ട സ്വാധീനമേഖലകള്‍, പുനര്‍വിഭജിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആഗോള മേധാവിത്വം സ്ഥാപിക്കുന്നതിന് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ഈ ശ്രമങ്ങളെയെല്ലാം ന്യായീകരിക്കുന്നതിനുവേണ്ടിയാണ് "ഭീകരതയ്ക്കെതിരായ യുദ്ധം" എന്ന മുദ്രാവാക്യത്തെ ഉപയോഗപ്പെടുത്തുന്നത് എന്നതാണ് വിരോധാഭാസം. അതിനായി നിരപരാധികളായ പൗരന്മാര്‍ക്ക് തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവരുന്നു.


****

സീതാറാം യെച്ചൂരി

1 comment:

Unknown said...

Nice....

www.neelakkuyil.com

Visit my website: its all about malayalam cinema