Wednesday, November 21, 2012

താക്കറെയ്ക്ക് എന്തുകൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല

ഭാരതമാതാവിന് 30 കോടി മുഖങ്ങളുണ്ട്
പക്ഷേ, ശരീരം ഒന്നേയുള്ളു
അവള്‍ 18 ഭാഷ സംസാരിക്കുന്നു
പക്ഷേ, ചിന്ത ഒന്നാണ് 
(തമിഴ് കവി സുബ്രഹ്മണ്യ ഭാരതി)

രാഷ്ട്രങ്ങള്‍ നശിക്കുന്നത് ജനങ്ങള്‍ തമ്മിലുള്ള ആഭ്യന്തരഭിന്നതകള്‍ കാരണമാണ്, അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഐക്യവും നല്ല ബന്ധവും സൃഷ്ടിക്കാന്‍ രാഷ്ട്രങ്ങള്‍സദാ യത്നിക്കണം

(മഹാഭാരതം, ശാന്തിപര്‍വം, 
അധ്യായം 108, ശ്ലോകം 14) 


അതുകൊണ്ട്, ശക്തി നേടാന്‍ ശ്രമിക്കുന്ന വിഘടനശക്തികളെ ബുദ്ധിയുള്ള ഭരണാധികാരികള്‍ അടിച്ചമര്‍ത്തണം.

 (മഹാഭാരതം, ശാന്തിപര്‍വം, 108:26) 

ബാല്‍ താക്കറെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയനേതാക്കള്‍, സിനിമാതാരങ്ങള്‍, ക്രിക്കറ്റ് താരങ്ങള്‍ എന്നിവര്‍ വരിയായി നിന്നു. ഉന്നതരും പ്രമുഖരും ലോഭമില്ലാതെ ഉപചാരവാക്കുകള്‍ ചൊരിഞ്ഞു. എന്നാല്‍, ഞാന്‍ വിനീതമായി എന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുന്നു. മരിച്ചവരെക്കുറിച്ച് നല്ലതേ പറയാവൂ എന്ന് എനിക്ക് അറിയാം; പക്ഷേ, രാജ്യതാല്‍പ്പര്യം മുഖ്യകാര്യമായി കരുതുന്നതിനാല്‍ എനിക്ക് അതിന് കഴിയില്ലെന്ന് ഖേദത്തോടെ പറയട്ടെ.

എന്താണ് ബാല്‍ താക്കറെയുടെ ഒസ്യത്ത്?

രാജ്യവിരുദ്ധമായ മണ്ണിന്റെ മക്കള്‍വാദം. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 1(1) പറയുന്നു: ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയന്‍ ആയിരിക്കുന്നതാണ്. അങ്ങനെ, ഇന്ത്യ ഒരു കോണ്‍ഫെഡറേഷന്‍ അല്ല, യൂണിയന്‍ ആണ്.

അനുച്ഛേദം 19(1)(ഇ) പറയുന്നു: എല്ലാ പൗരന്മാര്‍ക്കും ഇന്ത്യയുടെ ഭൂപ്രദേശത്ത് ഏതുഭാഗത്തും താമസിക്കാനും സ്ഥിരവാസമാക്കാനും അവകാശം ഉണ്ടായിരിക്കുന്നതാണ്. അങ്ങനെ, ഗുജറാത്തികളും ദക്ഷിണേന്ത്യക്കാരും ബിഹാറികളും യുപിക്കാരും അടക്കം രാജ്യത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും മഹാരാഷ്ട്രയിലേക്ക് കുടിയേറാനും അവിടെ സ്ഥിരവാസമാക്കാനും മൗലികാവകാശമുണ്ട്; മഹാരാഷ്ട്രക്കാര്‍ക്ക് രാജ്യത്തിന്റെ ഏതു ഭാഗത്തും സ്ഥിരവാസമാക്കാനുള്ള മൗലികാവകാശം ഉള്ളതുപോലെതന്നെ (ചരിത്രപരമായ കാരണങ്ങളാല്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും).

മണ്ണിന്റെ മക്കള്‍ വാദം അനുസരിച്ച് മഹാരാഷ്ട്ര മറാത്തി ജനതയുടേതുമാത്രമാണ്, ഗുജറാത്തികളും ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും വിദേശികളാണ്. ഇത് ഭരണഘടനയുടെ 1(1), 19(1)(ഇ) അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ്. ഇന്ത്യ ഒറ്റ രാഷ്ട്രമാണ്, അതുകൊണ്ട് മഹാരാഷ്ട്രയില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ വിദേശികളായി കാണാന്‍ കഴിയില്ല.

താക്കറെ രൂപീകരിച്ച ശിവസേന 1960കളിലും 70കളിലും ദക്ഷിണേന്ത്യക്കാരെ ആക്രമിക്കുകയും അവര്‍ നടത്തിവന്ന ഭക്ഷണശാലകളും അവരുടെ വീടുകളും കൊള്ളയടിക്കുകയും ചെയ്തു. 2008ല്‍, മുംബൈയിലെ ബിഹാറികളെയും യുപിക്കാരെയും (പാല്‍, പത്രം വില്‍പ്പനക്കാരായും ടാക്സി ഡ്രൈവര്‍മാരായും ഉപജീവനം കഴിച്ചുവരുന്നവരെ) നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച് ആക്രമിച്ചു; ഇവരുടെ ടാക്സികള്‍ തകര്‍ക്കുകയും പലരെയും മര്‍ദിക്കുകയും ചെയ്തു. മുസ്ലിങ്ങളെയും വെറുതെവിട്ടില്ല.

ഈ നടപടികള്‍ താക്കറെയ്ക്ക് വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള വോട്ട്ബാങ്ക് (ഹിറ്റ്ലര്‍ക്ക് ലഭിച്ചതുപോലെ, താക്കറെ ഹിറ്റ്ലറുടെ ആരാധകനുമായിരുന്നു) സൃഷ്ടിച്ചുകൊടുത്തു, രാജ്യത്ത് ഭിന്നത ഉടലെടുക്കുകയും അത് തുണ്ടുകളായി മാറുകയും ചെയ്താലെന്ത്?

മണ്ണിന്റെ മക്കള്‍വാദം ദേശവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണെന്നതിനേക്കാള്‍ അടിസ്ഥാനപരമായ മറ്റൊരു വിഷയമുണ്ട്, അത് താക്കറെയുടെ സ്വന്തം ജനതയ്ക്കുതന്നെ തിരിച്ചടിയാകുന്നതാണ്.

വിശാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യ മൊത്തത്തില്‍ കുടിയേറ്റക്കാരുടെ രാജ്യമാണ് (യുഎസ്എ പോലെ), ഇന്ത്യയില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ 92-93 ശതമാനംപേരും യഥാര്‍ഥത്തില്‍ തദ്ദേശീയരല്ല, മറിച്ച് ഉപഭൂഖണ്ഡത്തില്‍ സൗകര്യപ്രദമായ താമസസ്ഥലം തേടി പ്രധാനമായും വടക്കു- പടിഞ്ഞാറന്‍ നാടുകളില്‍നിന്ന് കുടിയേറിയവരുടെ പിന്‍ഗാമികളാണ് ( http://justicekatju.blogspot.in/ എന്ന എന്റെ ബ്ലോഗിലെ "എന്താണ് ഇന്ത്യ" എന്ന ലേഖനം കാണുക). ഇന്ത്യയിലെ യഥാര്‍ഥ തദ്ദേശവാസികള്‍ (മണ്ണിന്റെ മക്കള്‍) ദ്രാവിഡപൂര്‍വ ഗോത്രവംശജരായ ആദിവാസികളാണ് (സാന്താളുകള്‍, ഭില്ലകള്‍, ഗോണ്ടകള്‍, ടോഡകള്‍ എന്നിവര്‍). ഇവര്‍ ഇന്ന് രാജ്യത്തെ ജനസംഖ്യയുടെ 7-8 ശതമാനംമാത്രം.

അതുകൊണ്ട്, മണ്ണിന്റെ മക്കള്‍വാദം ഗൗരവപൂര്‍വം നടപ്പാക്കിയാല്‍ മഹാരാഷ്ട്രക്കാരില്‍ 92-93 ശതമാനത്തെ (ഒരുപക്ഷേ, താക്കറെ കുടുംബത്തെ ഉള്‍പ്പടെ) വിദേശികളായി കരുതേണ്ടിവരികയും അതനുസരിച്ച് കൈകാര്യം ചെയ്യേണ്ടിവരികയും ചെയ്യും. മഹാരാഷ്ട്രയിലെ യഥാര്‍ഥ മണ്ണിന്റെ മക്കള്‍ ഭില്ലകളും ഇതരവിഭാഗം ആദിവാസികളുമാണ്, ഇവര്‍ ഇപ്പോള്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ 7-8 ശതമാനമേയുള്ളു.

ഭിന്നതയും അന്തഃച്ഛിദ്രവും സൃഷ്ടിക്കാന്‍ ഒട്ടേറെ ശക്തികള്‍ ഇന്ന് രാജ്യത്ത് പ്രവര്‍ത്തിക്കുന്നു (മണ്ണിന്റെ മക്കള്‍ വാദക്കാര്‍ഉള്‍പ്പടെ). ദേശാഭിമാനികള്‍ ഇവര്‍ക്കെതിരെ അണിനിരക്കണം.

എന്തുകൊണ്ടാണ് നാം ഐക്യത്തോടെ നിലകൊള്ളേണ്ടത്? വിപുലമായ തോതില്‍ ആധുനിക വ്യവസായങ്ങള്‍ കെട്ടിപ്പടുക്കുന്നതിലൂടെ മാത്രമേ നമ്മുടെ ജനതയുടെ ക്ഷേമത്തിന് ആവശ്യമായ സ്വത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ- കൃഷിയിലൂടെമാത്രം ഇത് സാധിക്കില്ല- ആധുനിക വ്യവസായത്തിന് വലിയ കമ്പോളം വേണം. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇതര സാമൂഹികപ്രശ്നങ്ങളും നിര്‍മാര്‍ജനംചെയ്യാനും ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷയും ആധുനിക വിദ്യാഭ്യാസവും ഉറപ്പാക്കാനും അതുവഴി വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമെത്താനും ആവശ്യമായ വരുമാനം ഉണ്ടാക്കുന്ന ആധുനിക വ്യവസായങ്ങള്‍ ഉയര്‍ന്നുവരാന്‍ വേണ്ട തോതിലുള്ള വന്‍ കമ്പോളം ലഭ്യമാക്കാന്‍ ഒരൊറ്റ ഇന്ത്യക്ക് മാത്രമേ കഴിയൂ.

അതുകൊണ്ട് ബാല്‍ താക്കറെയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എനിക്ക് കഴിയില്ല.

(പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനാണ് ലേഖകന്‍) 

കടപ്പാട്: ദി ഹിന്ദു 
 
 
****
 
മാര്‍ക്കണ്ഡേയ കട്ജു

 

No comments: