Friday, November 2, 2012

കേരള ചരിത്രത്തിലൂടെ

കണ്ടോത്തെ കുറുവടിയും കേരളീയന്റെ മരണമൊഴിയും

റഷ്യന്‍ വിപ്ലവത്തിനുംമുമ്പേ മാര്‍ക്സിനെയും പുരോഗമന ആശയങ്ങളെയും കുറിച്ച് വേവലാതി പൂണ്ട നാടാണ് കേരളം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ജന്മി പ്രതിനിധി പ്രഭാകര തമ്പാന്‍ നടത്തിയ പ്രതികരണം അതിന് തെളിവ്. കുടിയാന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതിനെതിരെ സ്ട്രെച്ച് സായ്പിന് എഴുതിയ കുറിപ്പിലാണ് ആ ഭയപ്രകടനം. പ്രതിഫലം അനുവദിക്കുന്നത് കാള്‍ മാര്‍ക്സിന്റെ കമ്യൂണിസ്റ്റ് തത്വപ്രകാരമാണെന്നും അക്കാരണത്താല്‍ താന്‍ അതിനെ എതിര്‍ക്കുന്നുവെന്നും അയാള്‍ പ്രഖ്യാപിച്ചു. മന്നത്ത് കൃഷ്ണന്‍നായര്‍ അവതരിപ്പിച്ച കുടിയാന്‍ബില്ലിനെക്കുറിച്ച് ജന്മിയായ തമ്പാന്‍ പറഞ്ഞത്, അത് ബോള്‍ഷെവിക് തത്വം സ്ഥാപിക്കാനുള്ള തന്ത്രമാണെന്നാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍മുതല്‍ വര്‍ഗീയതയെ ചെറുക്കാനുള്ള നിശ്ചയദാര്‍ഢ്യംതൊട്ട് പുതിയ കേരളത്തെ നിര്‍വചിക്കാനുള്ള അന്വേഷണങ്ങള്‍വരെ ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സംഭാവനയാണ്.

നവോത്ഥാനത്തിന്റെ സന്ദേശങ്ങളും അത് ഏറ്റെടുക്കാനാകാത്ത കോണ്‍ഗ്രസിന്റെ ബലഹീനതയും തിരിച്ചറിഞ്ഞതും കമ്യൂണിസ്റ്റുകാരാണ്. താന്‍ ഒരു ഈഴവനൊപ്പം ചോറുണ്ടതില്‍ നായര്‍പ്രമാണിമാര്‍ നെറ്റിചുളിച്ച കഥ എന്‍ സി ശേഖര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. കള്ളുഷാപ്പിലുണ്ടാക്കുന്ന മീനും കപ്പയും തിന്നുന്നവര്‍ വീട്ടിലിരുന്ന് ഊണുകഴിക്കുമ്പോള്‍ ഞെട്ടുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. പയ്യന്നൂരിനടുത്ത കണ്ടോത്തെ പൊതുനിരത്തില്‍ സാധാരണക്കാര്‍ക്ക് നടക്കാന്‍ അവകാശമില്ലായിരുന്നു. അവിടത്തെ ക്ഷേത്രം അശുദ്ധമാകുമെന്ന് ഭയപ്പെട്ടായിരുന്നു വിലക്ക്.

എ കെ ജിയുടെയും കെ എ കേരളീയന്റെയും നേതൃത്വത്തില്‍ അവിടേക്ക് ഘോഷയാത്ര നടത്തി. ധാരാളം ഹരിജനങ്ങളും സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഘോഷയാത്രയെ യാഥാസ്ഥിതികര്‍ കടന്നാക്രമിച്ചു. വലിയ ഉലക്കയുമായി സവര്‍ണസ്ത്രീകളടക്കം അതില്‍ പങ്കെടുത്തു. അരമണിക്കൂറിലേറെ മര്‍ദനം തുടര്‍ന്നു. കണ്ടോത്തെ കുറുവടി എന്ന പ്രയോഗംപോലും പിന്നീടുണ്ടായി. എ കെ ജിയും കേരളീയനും ബോധമറ്റുവീണു. മരണം സുനിശ്ചിതമായെന്നു തോന്നിയതിനാല്‍ കേരളീയന്റെ മരണമൊഴിപോലും രേഖപ്പെടുത്തുകയുണ്ടായി. വൈക്കം- ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ പകര്‍ന്നുനല്‍കിയ ഉണര്‍വ് കേരളമാകെ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് വഴികാട്ടി. അതിന്റെ ഉള്ളടക്കം വിപുലമാക്കിയതാകട്ടെ കമ്യൂണിസ്റ്റുകാരും. എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പാലിയം സത്യഗ്രഹം മറ്റൊരു നാഴികക്കല്ല്. കടുത്ത അതിക്രമങ്ങളും അറസ്റ്റും ലാത്തിച്ചാര്‍ജും തുടര്‍ന്നുകൊണ്ടിരുന്ന അവസ്ഥയില്‍ അതിസാഹസികമായിട്ടാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സമരം നേരിടാന്‍ പട്ടാളത്തെ ഇറക്കിയെന്ന വാര്‍ത്ത കേട്ടിട്ടും വളന്റിയര്‍മാര്‍ പിന്‍വാങ്ങിയില്ല. പാലിയെത്തെ റോഡില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളില്‍ കുറെ അന്തര്‍ജനങ്ങളും പങ്കെടുത്തു. പൊലീസ് അവരെ അതിക്രൂരമായാണ് നേരിട്ടത്. പ്രിയദത്തയ്ക്കും സാവിത്രിക്കും ഗുരുതരമായ പരിക്കേറ്റു. പൊലീസ് നടപടിക്കെതിരെ നാടുണര്‍ന്നു. എങ്ങും പ്രക്ഷോഭം. ഏറ്റമുട്ടലില്‍ എ ജി വേലായുധന്‍ രക്തസാക്ഷിയായി. ജാതികാര്‍ക്കശ്യങ്ങള്‍ അലിച്ചുകളഞ്ഞ കമ്യൂണിസ്റ്റ് അനുഭവങ്ങളിലൊന്നായിരുന്നു കമ്യൂണ്‍.

1942ല്‍ ബോംബെ രാജ്ഭവനിലാണ് ആദ്യത്തേത്. പിന്നെ കേരളത്തില്‍ കോഴിക്കോടും. ഏറ്റവും ലളിതജീവിതം. ജീവന്‍ നിലനിര്‍ത്താന്‍മാത്രമുള്ള ഭക്ഷണം. മീററ്റ് ഗൂഢാലോചനക്കേസിനെത്തുടര്‍ന്നുള്ള ജയില്‍വാസകാലത്ത് നല്‍കിയിരുന്ന നീളംകുറഞ്ഞ വസ്ത്രങ്ങള്‍ അനുകരിച്ചായിരുന്നു യൂണിഫോം. പട്ടാളച്ചിട്ടയോടെയുള്ള കമ്യൂണ്‍ പ്രവര്‍ത്തനം പല സ്ത്രീപ്പോരാളികളെയും രൂപപ്പെടുത്തി. 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ നടത്തിയ പന്തിഭോജനം ചരിത്രപരമാണ്. അദ്ദേഹത്തെയും 23 കൂട്ടുകാരെയും ജാതിയില്‍നിന്ന് പുറത്താക്കിയാണ് സവര്‍ണ മനോഭാവക്കാര്‍ പ്രതികാരം തീര്‍ത്തത്. ഭക്ഷണമെന്നതിലുപരി സാമൂഹ്യവിലക്കുകള്‍ ലംഘിച്ച ആ പ്രതീകാത്മക പ്രതിഷേധത്തിന് അനുബന്ധമുണ്ടാക്കിയത് കമ്യൂണിസ്റ്റുകാരും കര്‍ഷകസംഘം പ്രവര്‍ത്തകരുമായിരുന്നു.

കൊടക്കാട്ടും പൊന്നാനിയിലും കാട്ടാമ്പള്ളിയിലും കളര്‍കോട്ടും കൊല്ലത്തും അന്തിക്കാട്ടുമെല്ലാം ധീരതയുടെ പുതിയ കൊടിയുയരുകയുമുണ്ടായി. കല്യാശേരി എലിമെന്ററി സ്കൂളില്‍ ഒരു ഹരിജന്‍ ബാലന്‍ പഠിക്കാനെത്തിയത് മേലാളര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. കുമാരന്‍ എന്ന വിദ്യാര്‍ഥിയെ നായര്‍പ്രമാണിമാര്‍ തല്ലിയോടിച്ചു. ഇതിനെതിരായ പ്രതിഷേധമാണ് കെ പി ആര്‍ ഗോപാലനെപ്പോലെയുള്ളവരെ ദേശീയമുന്നേറ്റത്തിനൊപ്പം ഉറപ്പിച്ചത്.

കുടിയാന്‍ പ്രക്ഷോഭവും കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റിയും

1921ലെ മലബാര്‍ കലാപത്തിന്റെ പ്രേരകശക്തികളില്‍ പ്രധാനം കുടിയാന്‍ പ്രക്ഷോഭമായിരുന്നു. 1920കളിലെ മുന്നേറ്റം കുടിയാന്മാരുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ടതായിരുന്നെങ്കിലും അത് അവരില്‍ ചെറുന്യൂനപക്ഷത്തെ മാത്രമേ പ്രതിനിധീകരിച്ചിരുന്നുള്ളൂ. വെറുംപാട്ടക്കാരായ ബഹുഭൂരിപക്ഷം കൃഷിക്കാരുടെയും പ്രശ്നങ്ങളുയര്‍ത്തിയത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയാണ്. പിന്നെ അതിന്റെ നേതൃത്വത്തില്‍ വന്ന കര്‍ഷകസംഘം. ആദ്യകാല ദേശീയവാദികളുടെ കുടിയാന്‍പ്രസ്ഥാനങ്ങള്‍ ജന്മിവിരുദ്ധമുന്നേറ്റങ്ങളെ സഹായിച്ചെങ്കിലും വെറുംപാട്ടക്കാരുടെ രക്ഷയ്ക്ക് അതൊന്നും ചെയ്തില്ല. 1931ലെ കുടിയാന്‍ നിയമ പരിഷ്കാരങ്ങള്‍ കാണക്കുടിയാന്മാര്‍ക്ക് രക്ഷയായിരുന്നു. എന്നാല്‍, വെറുംപാട്ടക്കാരുടെ അവകാശത്തെക്കുറിച്ച് നിയമം നിശബ്ദമായിരുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയുമായിരുന്നു. കര്‍ഷകസംഘം പ്രവര്‍ത്തകര്‍ സംഘടനാപരമായി കോണ്‍ഗ്രസിനകത്തുതന്നെയായിരുന്നതിനാല്‍, കുടിയാന്‍പ്രശ്നം സംബന്ധിക്കുന്ന പ്രചാരണങ്ങളുടെ അല കോണ്‍ഗ്രസിലും പ്രതിധ്വനിച്ചു. 1937ലെ മദിരാശി നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഉയര്‍ന്നുവരികയുംചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ മുന്നിലും പ്രശ്നം സജീവമായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരുടെ നേതൃത്വത്തിലായ കെപിസിസിയും കുടിയാന്‍ നിയമപരിഷ്കാരത്തിനായി ശബ്ദമുയര്‍ത്തി. ഇതൊക്കെയാണ് കുട്ടികൃഷ്ണമേനോന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

കെപിസിസി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ കണ്ണനും ഇ എം എസുമായിരുന്നു കമ്മിറ്റിയിലെ കര്‍ഷകസംഘം പ്രതിനിധികള്‍. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഏകകണ്ഠമായിരുന്നില്ല. ജന്മി പ്രതിനിധിയായ ആര്‍ എം പാലാട്ട് അടക്കം ഭൂരിപക്ഷം അംഗങ്ങള്‍ ഒരുവശത്തും ഇ എം എസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കോണ്‍ഗ്രസുകാര്‍ മറുഭാഗത്തുമായി രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അങ്ങനെ ഭൂരിപക്ഷ- ന്യൂനപക്ഷ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടാണ് കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മലബാറിലെ സമ്പദ്വ്യവസ്ഥയില്‍ ബ്രിട്ടീഷ് ഭരണം വരുത്തിയ ഫലങ്ങള്‍ പരിശോധിച്ച ഇ എം എസ് തയ്യാറാക്കിയ ന്യൂനപക്ഷ റിപ്പോര്‍ട്ട്, ജന്മി- കുടിയാന്‍ ബന്ധത്തിലെ സാമ്പത്തിക ചൂഷണമാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കാതലായ പ്രശ്നമെന്ന് തിരിച്ചറിഞ്ഞു. സമ്പദ് വ്യവസ്ഥയുടെ സ്വയംപരിഷ്കാരത്തിനും ആധുനികതയിലേക്കുള്ള വികാസത്തിനും ജന്മിത്വത്തിന്റെ നിലനില്‍പ്പ് തടസ്സമാണെന്നും നിരീക്ഷിച്ചു.

ഈ ബദല്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ ഉള്‍ക്കാഴ്ച മതവിശകലനത്തില്‍ പ്രയോഗിച്ചതിന്റെ ആദ്യ ഉദാഹരണമാണ് മലബാര്‍കലാപം. സെക്കുലര്‍ ഗവേഷണത്തിന്റെയും ശാസ്ത്രീയപഠനത്തിന്റെയും ദേശാഭിമാന വീക്ഷണത്തിന്റെയും വെളിച്ചത്തില്‍ അതിന്റെ പ്രാധാന്യം വിലയിരുത്തിയ ആദ്യശ്രമം ഇ എം എസിന്റേതായിരുന്നു. 1943ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ "മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം" എന്ന ലഘുകൃതി അതിനാലാണ് ശ്രദ്ധേയമായത്. 1921ലെ കലാപം തുടങ്ങിയ ആഗസ്ത് മാസത്തിന്റെ ഓര്‍മ പുതുക്കി 1946 ആഗസ്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ആഹ്വാനവും താക്കീതും എന്ന പ്രസ്താവന പുറത്തിറക്കി. മതനിരപേക്ഷയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ്- ഖിലാഫത്ത് പ്രസ്ഥാനം മലബാര്‍പ്രദേശത്ത് "മാപ്പിള ലഹള"യായി മാറിയതിനു തുല്യമായ സ്ഥിതിഗതികള്‍ 1946ല്‍ രാജ്യത്തിലാകെ വളരുകയാണെന്ന സൂചന നല്‍കുന്നതായി പ്രസ്താവന. സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ ഏകീകൃത സമരം നയിക്കുന്നതിനുപകരം ഒരു സമുദായം മറ്റൊന്നിനെതിരായി പോരാടി ഇരുകൂട്ടരും സാമാജ്യത്വ ഭക്തന്മാരായിത്തീരുകയെന്ന ആപത്ത് മുന്നറിയിപ്പായി സൂചിപ്പിക്കുകയും ചെയ്തു.

പെണ്‍ മുന്നേറ്റങ്ങളുടെ ഇന്നലെകള്‍

സ്ത്രീകളുടെ അവകാശബോധം ജ്വലിപ്പിച്ചുണര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു 1945 ജൂണില്‍ തലശേരിയില്‍ ചേര്‍ന്ന ദേശീയ മഹിളാ സംഘം ഒന്നാം വാര്‍ഷിക സമ്മേളനം. സാധാരണ മനുഷ്യരുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം കോണ്‍ഗ്രസ് പാര്‍ടി സംശയദൃഷ്ടിയോടെ കാണുന്ന കാലവുമായിരുന്നു അത്. ദരിദ്ര സ്ത്രീകള്‍ സംഘടനകളില്‍ കൂടുതല്‍ അണിചേരുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ മുന്‍കരുതലുകളെടുത്ത കഥയും അക്കാലത്തുണ്ടായി. പാപ്പിനിശേരിഭാഗത്ത് മഹിളാ സംഘടനയ്ക്ക് അംഗത്വഫീസ് ഏര്‍പ്പെടുത്തിയ ഗ്രേസി ആറോണിന്റെ തന്ത്രം അതിലൊന്ന്. ഈ തീരുമാനത്തെ പി യശോദയെപ്പോലുള്ള കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തതും പ്രധാനം. പുരാണപാരായണവും ശീലാവതിപോലുള്ള കൃതികളുടെ വായനയും മാത്രമായിരുന്നു അക്കാലത്ത് സ്ത്രീകളുടെ ലോകപരിചയം. ഈ സ്ഥിതിയിലേക്കാണ് സമൂഹവൈരുധ്യങ്ങള്‍ പാട്ടുകളായും ഗാനങ്ങളായും വന്നെത്തുന്നത്.

""അക്കൂട്ടരെങ്ങാനും നാട്ടി കണ്ടോ അക്കൂട്ടരെങ്ങാനും ഞാറ് തൊട്ട്വോ""

പോലുള്ള വരികള്‍ വ്യവസ്ഥയുടെ കരള്‍ പിളര്‍ക്കുന്നതായിരുന്നു.

ആലപ്പുഴയില്‍ ഈഴവ സാമൂഹ്യ പരിഷ്കരണത്തിന്റെ നിശ്വാസങ്ങളുമായി പുറത്തുവന്ന സംഘടനകളുടെ പരിമിതികളെ മറികടന്നത് ട്രേഡ് യൂണിയനുകളാണ്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ മേല്‍നോട്ടത്തില്‍ തൊഴിലാളി സാംസ്കാരികകേന്ദ്രവും നിലവില്‍ വന്നു. ലൈബ്രറി, നിശാപാഠശാല, വായനമുറി തുടങ്ങിയവയും കേന്ദ്രത്തിന്റെ അനുബന്ധം. ആര്‍ സുഗതന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട യുവജനസംഘം മറ്റൊരു ചുവടുവയ്പായി. മരണവീടുകളില്‍ അക്കാലത്ത് പുരാണപാരായണം ചടങ്ങുകളുടെ അനുബന്ധമായിരുന്നു. വീണപുവൂം പ്രരോദനവും പാരായണംചെയ്യുന്ന പതിവിലേക്ക് യുവജനസംഘം പ്രവര്‍ത്തകര്‍ അത് മാറ്റി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കയര്‍മേഖലയില്‍ പുരുഷന്മാരെ അപേക്ഷിച്ച് തുച്ഛമായ കൂലിയായിരുന്നു. ഈ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് 1934ല്‍ കയര്‍ത്തൊഴിലാളി പണിമുടക്കിനെത്തുടര്‍ന്ന് പ്രത്യേക സ്ത്രീ സംഘടനയുണ്ടാകുന്നത്.

കളര്‍കോട് യോഗം ചേര്‍ന്ന് കെ ദേവയാനി സെക്രട്ടറിയും സൈമണ്‍ ആശാന്‍ പ്രസിഡന്റുമായി അമ്പലപ്പുഴ താലൂക്ക് കയര്‍പിരി തൊഴിലാളി യൂണിയന്‍ സ്ഥാപിതമായി. പണിക്കെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും സംവിധാനമുണ്ടായിരുന്നില്ല. മുട്ടുനിറയുന്ന വെള്ളത്തില്‍നിന്നായിരുന്നു കളപറിക്കലും മറ്റും. ഈ വെള്ളത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ദാഹിക്കുമ്പോള്‍ ആ കെടുവെള്ളത്തില്‍നിന്ന് കൈകള്‍കൂട്ടി പായലും അഴുക്കും വകഞ്ഞുമാറ്റി വെള്ളം കുടിച്ചു. ചെറിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം പ്രസവകാലാനുകൂല്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസഹായം തുടങ്ങിയ അവകാശങ്ങളും യൂണിയന്‍ ഉന്നയിച്ചു. പുന്നപ്രയിലും മറ്റും ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങള്‍ കൊടുങ്കാറ്റായി. വിഗ്രഹാരാധനയ്ക്കും അതിനെ മറച്ചുപിടിച്ചിരുന്ന വിശ്വാസങ്ങളുടെ കരിമ്പടങ്ങള്‍ക്കും തുളവീഴാന്‍ തുടങ്ങി. യാഥാസ്ഥിതിക ഹിന്ദുനേതൃത്വം എതിര്‍ പ്രചാരണങ്ങള്‍ തുറന്നുവിട്ടു. സ്ത്രീകളുടെ പൊതുജീവിത പ്രവേശനത്തിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാനാവൂ എന്ന് ആത്മവിദ്യാസംഘം പഠിപ്പിച്ചു. പ്രാമാണിക സമൂഹത്തിനും യാഥാസ്ഥിതിക ഹിന്ദുമതത്തിനുമെതിരായ സാമൂഹ്യ പ്രതിഷേധത്തില്‍ നാരായണഗുരുവിന്റെ തത്വശാസ്ത്രം തീയരിലെയും ഈഴവരിലെയും മറ്റും പ്രമാണിവര്‍ഗം പുതിയൊരു ആയുധമായിട്ടാണ് കരുതിയത്. ഈഴവവരുടെയും തീയരുടെയും സംസ്കൃതവല്‍ക്കരണത്തിനുള്ള ഉപാധിയായാണ് എസ്എന്‍ഡിപി പ്രവര്‍ത്തിച്ചതും. ഇതിന് നേര്‍വിപരീതമായ ലോകവീക്ഷണമായിരുന്നു ആത്മവിദ്യാസംഘത്തിന്റേത്. അത് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റ് പാര്‍ടിയും.

കുതിപ്പേകിയത് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍

കേരളം മൂന്നാംലോകത്തിനും ഇന്ത്യക്കും വിസ്മയമാണ്. ജീവിത ഗുണമേന്മാ സൂചകങ്ങളുടെ അസൂയാവഹമായ പുരോഗതി സാമൂഹ്യ ശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമായി ഈ കൊച്ചു സംസ്ഥാനത്തെ മാറ്റുന്നു. ഉന്നത പുരോഗമന പാരമ്പര്യത്തിന്റെ ഉറവിടമായും കേരളം പരിഗണിക്കപ്പെട്ടു. ചരിത്രത്തിലേക്ക് വേരുള്ള ഈ മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകിയത് സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെ ആര്‍ജിച്ച രാഷ്ട്രീയാവബോധമാണ്. അതോടൊപ്പം കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനാത്മക നിയമനിര്‍മാണങ്ങളും. ഇരുപത്തെട്ട് മാസംമാത്രം നിലനിന്ന പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ചതും പിന്നീട് സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കാകമാനം ഊര്‍ജവുമായി വര്‍ത്തിച്ചത് കാര്‍ഷിക ബന്ധബില്ലാണ്. അത് അവതരിപ്പിക്കും മുമ്പ് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്ന ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ചൂഷണത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള നാമമാത്ര പരിഷ്കാരമെന്ന കോണ്‍ഗ്രസ് രീതിയില്‍നിന്ന് വ്യത്യസ്ത സാഹചര്യത്തിലേക്ക് ഇത് നയിച്ചു. ഫലപ്രദമായ നിലയില്‍ പരിഷ്കാരത്തിന് തുടക്കമിടണമെന്ന് കണ്ടാണ് ഒഴിപ്പിക്കലും കുടിയിറക്കലും തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ആദ്യം പുറപ്പെടുവിച്ചത്. നിയമത്തിന്റെ പഴുതും ഭരണത്തിന്റെ ശക്തിയും കൊണ്ട് ഒഴിപ്പിക്കലിന് വേറൊരു തരത്തില്‍ സാധുത നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ് വിഭാവനംചെയ്ത കാര്‍ഷിക പരിഷ്കരണം.

കേരളത്തിലെ പുതിയ ഓര്‍ഡിനന്‍സും കാര്‍ഷികബന്ധ ബില്ലും ഈയര്‍ഥത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കേന്ദ്രവും സംസ്ഥാന പ്രതിപക്ഷവും അതിലെ വ്യവസ്ഥകള്‍ക്ക് ജന്മിത്വത്തിന്റെ ചായ്വ് നല്‍കുന്നതിന് ആകുന്നതെല്ലാം ചെയ്തു. കാര്‍ഷികബന്ധം പരിഷ്കരിക്കുന്നതും അതിന്റെ മുന്നോടിയെന്ന നിലയ്ക്ക് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്നതും സ്വാഗതാര്‍ഹമാണ്. പക്ഷേ ചെറുകിടക്കാരും ഇടത്തരക്കാരുമായ ഭൂവുടമകളുടെ ജീവിതം നശിപ്പിക്കരുത് എന്ന വാദത്തിന്റെ രൂപത്തില്‍ കോണ്‍ഗ്രസിന്റെ ജന്മിപക്ഷപാതം ആവര്‍ത്തിച്ച് തലപൊക്കി. നിയമസഭയില്‍ ബില്‍ ചര്‍ച്ചക്കെടുത്തപ്പോഴും 1969ല്‍ ഭൂനിയമം പാസാക്കിയതിനുശേഷവും ഇത് തുടര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങളാണ് പിന്നീട് ജന്മിപീഡിത സംഘത്തിന്റെ രൂപീകരണത്തിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലെന്നപോലെ നിയമനിര്‍മാണ പ്രക്രിയ പൂര്‍ത്തിയായി വരുമ്പോഴേക്ക് അതിന്റെ ഫലം നുകരേണ്ടവര്‍ക്ക് അതിന് കഴിയാതാവുന്ന സ്ഥിതി കേരളത്തില്‍ ഒഴിവാക്കപ്പെട്ടു. പുതിയ നിയമവും അതിന്റെ പ്രേരകശക്തിയായ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷക പ്രസ്ഥാനവും പുതിയ മാനങ്ങളിലേക്കുയര്‍ന്നു. കോണ്‍ഗ്രസ് സര്‍ക്കാരും കമ്യൂണിസ്റ്റ് സര്‍ക്കാരും തമ്മില്‍ മൗലികമായി വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തിലെ ഓര്‍ഡിനന്‍സും നിയമനിര്‍മാണവും സഹായകമായി.
പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊപ്പിയില്‍ നേട്ടങ്ങളുടെ മറ്റൊരു തൂവലായത് വിദ്യാഭ്യാസ ബില്ലായിരുന്നു. സ്വകാര്യ താല്‍പ്പര്യങ്ങളുടെ കച്ചവടമനഃസ്ഥിതിക്ക് കടിഞ്ഞാണിട്ട നിയമം നമ്മുടെ സാമൂഹ്യ ചരിത്രത്തില്‍ നാഴികക്കല്ലായി. ബ്രിട്ടീഷ് നയങ്ങളുടെ തുടര്‍ച്ചയെന്നോണം വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഉത്തരവാദിത്തം ഇല്ലെന്ന അര്‍ഥത്തിലാണ് കൊച്ചി- തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പെരുമാറിയത്. വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാടിനോട് പുരോഗമനകാരികള്‍ക്ക് യോജിക്കാനായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയടക്കിവച്ച ജാതി- മത പ്രമാണിമാര്‍ വരേണ്യവും കച്ചവടാധിഷ്ഠിതവുമായ നയങ്ങളാണ് പിന്തുടര്‍ന്നത്. ഇതോടുള്ള പ്രതിഷേധങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ചു. 1930കള്‍ തൊട്ട് അധ്യാപക സംഘടന പ്രതികരിക്കാനും തുടങ്ങി സ്വകാര്യ മാനേജ്മെന്റിന്റെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും ജാതി - മത പരിഗണനകള്‍ക്കും കടിഞ്ഞാണിട്ട വിദ്യാഭ്യാസ ബില്ല് പിന്തിരിപ്പന്മാരുടെ അണിയറയില്‍ ഉല്‍ക്കണ്ഠയുണ്ടാക്കി. മതത്തിനെതിരായ കടന്നാക്രമണമാണിതെന്നും ന്യൂനപക്ഷാവകാശ ധ്വംസനമാണെന്നും പ്രചാരണം നടന്നു. സംഘടിത മതനേതൃത്വത്തിന്റെ സഖ്യശക്തികളായ പത്രങ്ങള്‍ ഈ മുറവിളി ഏറ്റെടുക്കുകയും ചെയ്തു.

ഭരണഘടനയുടെ പരിധിക്കുള്ളില്‍ വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി അന്ന് ശ്രമിച്ചത്. അധ്യാപക നിയമനം, ശമ്പള വ്യവസ്ഥ, പിരിച്ചുവിടാനും ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും മാനേജ്മെന്റിനുള്ള അവകാശം - മുതലായവയില്‍ പരിമിത നിയന്ത്രണം കൊണ്ടുവരിക മാത്രമായിരുന്നു കരട് ബില്‍. അത് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരും ജാതി - മത മേധാവികളും നടത്തിയ റാലി രണ്ടുവര്‍ഷത്തിനിടയ്ക്ക് തുടങ്ങാനിരുന്ന "വിമോചന സമര"ത്തിന്റെ കേളികൊട്ടും. ഈ സങ്കുചിത രാഷ്ട്രീയാഭാസത്തിന് എല്ലാ തരത്തിലും ഉത്തേജനമാവുകയായിരുന്നു കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും ഒരു പരിധിവരെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും. പഴയ "വിമോചന സമര"ത്തിന്റെ മാതൃകയിലാണ് ഇപ്പോഴും കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം കിതയ്ക്കുന്നതും.

*****

എ വി അനില്‍കുമാര്‍, കടപ്പാട് :ദേശാഭിമാനി

No comments: