Monday, November 26, 2012

പാര്‍ലമെന്റിനെ മാനിക്കണം

വളര്‍ന്നുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിച്ചത്. കൊട്ടിഘോഷിച്ച മന്ത്രിസഭ പുനഃസംഘടനകൊണ്ടൊന്നും പ്രധാന ജനകീയപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ കഴിയുംവിധം രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടില്ല. അടിക്കടി ഉയരുന്ന അഴിമതിയാരോപണങ്ങളും അപവാദങ്ങളും മുഖ്യഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി വിട്ടുപോവുകയും, മന്ത്രിസഭ പുനഃസംഘടനയില്‍ പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്താന്‍ ഡിഎംകെ വിസമ്മതിക്കുകയും ചെയ്തതോടെ യുപിഎതന്നെ ഭദ്രമല്ലാത്ത അവസ്ഥയിലാണ്. പുറത്തുനിന്ന് പിന്തുണയ്ക്കുന്ന എസ്പിയെയും ബിഎസ്പിയെയും ആശ്രയിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്.

മറുവശത്ത്, പാര്‍ടി അധ്യക്ഷന്‍തന്നെ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയതോടെ മുഖ്യപ്രതിപക്ഷകക്ഷിയായ ബിജെപിയുടെ സ്ഥിതിയും പരിതാപകരമാണ്. ഈ പ്രതിസന്ധികളുടെ സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് ക്ഷേമവും ആശ്വാസവും എത്തിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ പാര്‍ലമെന്റില്‍ ഏതുവിധത്തില്‍ പ്രതികൂട്ടിലാക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. പാര്‍ലമെന്റിന്റെ അലസിപ്പിരിഞ്ഞ വര്‍ഷകാലസമ്മേളനത്തിനുശേഷമുള്ള കാലയളവ്, ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധത്താല്‍ മുഖരിതമായിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തി അഭിപ്രായസമന്വയത്തില്‍ എത്തിയശേഷംമാത്രമേ എഫ്ഡിഐ അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കൂ എന്ന് ബജറ്റ് സമ്മേളനത്തില്‍ അന്നത്തെ ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ആ ഉറപ്പ് ലംഘിച്ച് എഫ്ഡിഐ അനുവദിച്ച തീരുമാനം നടപ്പാക്കുകയാണ്. ഇതിനെതിരെ വിവിധ രാഷ്ട്രീയപാര്‍ടികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ഇടതുപക്ഷ പാര്‍ടികള്‍ക്കൊപ്പം എസ്പി, തെലുങ്കുദേശം, ജനതാദള്‍ എസ്, ബിജു ജനതാദള്‍ പാര്‍ടികള്‍ ആഹ്വാനംചെയ്ത ദേശീയഹര്‍ത്താലിന് രാജ്യമെമ്പാടും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഡല്‍ഹിയില്‍ ഈ പാര്‍ടികളുടെ ദേശീയനേതാക്കള്‍ അറസ്റ്റ്വരിച്ചു. അന്നേദിവസംതന്നെ, സെപ്തംബര്‍ 20ന്, ചെറുകിട വ്യാപാരി സംഘടനകളുടെ ദേശീയ ഫെഡറേഷന്‍ ഭാരത് ബന്ദിന് ആഹ്വാനം നല്‍കി. യുപിഎയിലെ പ്രധാന ഘടകകക്ഷിയായ ഡിഎംകെയും സര്‍ക്കാര്‍ തീരുമാനത്തിന് എതിരാണ്. എഐഎഡിഎംകെയുടെ നിലപാടും വ്യത്യസ്തമല്ല. ഈ കക്ഷികളുടെയെല്ലാം അംഗബലം ചേര്‍ന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഭൂരിപക്ഷമാകും. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം തള്ളണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പോടെയുള്ള പ്രമേയചര്‍ച്ചയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭയിലും സിപിഐ എം നേതാക്കള്‍ നോട്ടീസ് നല്‍കിയത്. ഇത്തരമൊരു ചര്‍ച്ചയ്ക്കും പ്രമേയം വോട്ടിനിടുന്നതിനും നിര്‍ബന്ധിക്കുന്നതിലൂടെ, ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുംവിധം രാജ്യത്തെ ചില്ലറവിപണി വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാനാകും.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇപ്പോള്‍ ആഗ്രഹിക്കാത്ത എസ്പിക്കും ബിഎസ്പിക്കുംപോലും എഫ്ഡിഐ അനുവദിച്ച തീരുമാനത്തിനെതിരെ വോട്ടുചെയ്യേണ്ടിവരും. ഈ അടവുനയം വഴി രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിക്ക് ഫലപ്രദമായി തടയിടാന്‍ കഴിയും. എന്നാല്‍, യുപിഎയില്‍നിന്ന് അകന്നുപോയ തൃണമൂല്‍ കോണ്‍ഗ്രസ് ഈ അടവുനയത്തിനെതിരെ രംഗത്തുവന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് മറയിടുംവിധം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ചെയ്തത്.

അവിശ്വാസം പാസാക്കാനുള്ള അംഗബലം നിലവില്‍ ലഭിക്കില്ല. അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ സര്‍ക്കാരിന് അത് തങ്ങളുടെ നയസമീപനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി അവകാശപ്പെടാന്‍ കഴിയും. ആറ് മാസത്തേക്ക് അവിശ്വാസപ്രമേയം നേരിടുകയെന്ന ഭീഷണി ഒഴിവാക്കാനും കഴിയും. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് തൃണമൂല്‍. ഏതായാലും പിന്തുണയില്ലാത്തതുമൂലം തൃണമൂലിന്റെ അവിശ്വാസപ്രമേയ നോട്ടീസ് തള്ളി. അതേസമയം, ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പോടുകൂടിയ ചര്‍ച്ച ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ഭരണനിര്‍വഹണ അവകാശം ഉപയോഗിച്ച് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയ്ക്ക് വിധേയമാക്കിയ ചരിത്രമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ 2001 മാര്‍ച്ച് ഒന്നിന്, എന്‍ഡിഎ ഭരണകാലത്ത് ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് (ബാല്‍കോ) ഓഹരി വിറ്റഴിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ എം അംഗം രൂപ്ചന്ദ്പാല്‍ കൊണ്ടുവന്ന പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുകയും വോട്ടിനിടുകയുംചെയ്തു. അന്ന് ഈ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചു. ഈ ചരിത്രസത്യം മറച്ചുവച്ചാണ് പാര്‍ലമെന്ററികാര്യ മന്ത്രി ഇപ്പോള്‍ വിചിത്രവാദം ഉന്നയിക്കുന്നത്.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതാണ് ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടും നിഷേധിക്കുന്നത് ജനാധിപത്യത്തിനുനേരെയുള്ള കടുത്ത ആക്രമണമാണ്. കൂടാതെ, ചില്ലറവ്യാപാരമേഖലയില്‍ എഫ്ഡിഐ അനുവദിച്ച തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ട്. ഈ മേഖലയില്‍ എഫ്ഡിഐ അനുവദിക്കാന്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്ത് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറപ്പെടുവിച്ചത് കോടതി വിഷയത്തില്‍ ഇടപെട്ടശേഷമാണ്. ഒക്ടോബര്‍ 30നാണ് ഇതിന്റെ ഗസറ്റ് വിജ്ഞാപനം വന്നത്.

ഭേദഗതികള്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കുകയില്ലെന്ന് ഭയക്കേണ്ട ഒരു കാര്യവുമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ശീതകാലസമ്മേളനം തുടങ്ങാനിരിക്കെ, ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ തീരുമാനം അറിയാന്‍ അപ്പീലിന്മേല്‍ വിധി പറയുന്നത് കോടതി മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ശരിയായ അര്‍ഥത്തില്‍ ഇക്കാര്യം ഉള്‍ക്കൊണ്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും അനുവദിക്കണം. ഭരണഘടനപ്രകാരം രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണ്, ജനപ്രതിനിധികളിലൂടെയാണ് അവര്‍ അധികാരം കൈയാളുന്നത്. ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

No comments: