Wednesday, November 14, 2012

എംജിയിലെ അക്കാദമിക പരിഷ്കാരങ്ങള്‍

മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളും പ്രോ-വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗീസും നവംബര്‍ 14ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുകയാണ്. സര്‍വകലാശാലയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമാക്കിയ ഒട്ടേറെ അക്കാദമിക- ഭരണ പരിഷ്കാരങ്ങള്‍ വിജയകരമായി നടപ്പാക്കിയശേഷമാണ് ഇരുവരും സ്ഥാനമൊഴിയുന്നത്. ഗവേഷണവും വൈജ്ഞാനിക വികാസവും ലക്ഷ്യംവച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിയോടെ പ്രവര്‍ത്തനമാരംഭിച്ച ഏഴ് അന്തര്‍സര്‍വകലാശാല പഠനകേന്ദ്രങ്ങളും കേന്ദ്രസര്‍ക്കാരിന്റെയും യുജിസിയുടെയും ധനസഹായത്തോടെ ആരംഭിച്ച ആറ് സര്‍വകലാശാലാതല പഠനകേന്ദ്രങ്ങളും സര്‍വകലാശാലയുടെ പ്രതിച്ഛായ ഉച്ചസ്ഥായിയിലെത്തിച്ചുവെന്നത് അക്കാദമികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുപോലെ സമ്മതിക്കുന്ന വസ്തുതയാണ്.

പരിസ്ഥിതി പഠനം, വൈകല്യ പഠനം, സാമൂഹ്യപഠനം, ആരോഗ്യശാസ്ത്ര പഠനം, ശാസ്ത്രീയ ഉപകരണനിര്‍മാണ പഠനം, സംഗീതപഠനം, പദ്ധതി നടത്തിപ്പും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പഠനത്തിനുമുള്ള കെ എന്‍ രാജ് സെന്റര്‍, നാനോ സയന്‍സ് പഠനകേന്ദ്രം, അടിസ്ഥാനശാസ്ത്ര ഗവേഷണ കേന്ദ്രം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപഠനകേന്ദ്രം, അന്താരാഷ്ട്ര സഹകരണപഠനകേന്ദ്രം, ആനുകാലിക ചൈന പഠനകേന്ദ്രം എന്നിവ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം സര്‍വകലാശാലയില്‍ നിലവിലുണ്ടായിരുന്ന വിവിധ അക്കാദമിക വകുപ്പുകളിലെ ഗവേഷണ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തുന്നതിനും വിവിധ ഫണ്ടിങ് ഏജന്‍സികളില്‍നിന്ന് ധനസമാഹരണം നടത്തി പ്രവര്‍ത്തനം വിപുലപ്പെടുത്താനും ഇക്കാലയളവില്‍ കഴിഞ്ഞു. അക്കാദമിക രംഗത്ത് എംജി സര്‍വകലാശാല രൂപപ്പെടുത്തിയ പ്രവര്‍ത്തന വൈവിധ്യം സര്‍വകലാശാലയ്ക്ക് രാജ്യാന്തരതലത്തില്‍ വലിയ അംഗീകാരം നേടിക്കൊടുത്തു. ഒബാമ-സിങ് വിദ്യാഭ്യാസ പദ്ധതിയില്‍ രാജ്യത്തു നിന്ന് തെരഞ്ഞെടുത്ത നാലു സ്ഥാപനത്തില്‍ എംജി സര്‍വകലാശാലയും ഉള്‍പ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ടതില്‍ എംജി സര്‍വകലാശാല മാത്രമാണ് അഫിലിയേറ്റിങ് സര്‍വകലാശാല. നൊബേല്‍ ജേതാക്കളുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കിയ എറ്യൂഡേറ്റ് സ്കീം, തന്മ, അക്വയര്‍, ഇന്‍സ്പെയര്‍, സാധന, നര്‍ചര്‍, അസ്പയര്‍ തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍, പിഎച്ച്ഡിക്ക് നല്‍കുന്ന ഫെലോഷിപ് തുക വര്‍ധിപ്പിച്ചത് തുടങ്ങി നിരവധി വിദ്യാര്‍ഥി സൗഹൃദ നടപടികള്‍ ഇക്കാലയളവില്‍ നടപ്പില്‍ വരുത്തി.

ബിരുദതല ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം കേരളത്തില്‍ പൂര്‍ണമായി വിജയത്തില്‍ എത്തിച്ചതിന്റെ നേട്ടവും ഈ സര്‍വകലാശാലയ്ക്കു മാത്രമാണ്. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകളെ അതിജീവിച്ച് സമയബന്ധിതമായി കോഴ്സും പരീക്ഷകളും നടത്തുന്നതിനും ഫലം പ്രഖ്യാപിക്കുന്നതിനും എംജി സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. ബിരുദ, ബിരുദാനന്തര തലത്തില്‍ ഏകജാലക പ്രവേശനം നടപ്പാക്കി പ്രവേശനത്തിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ചരിത്രനേട്ടംതന്നെയാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഡല്‍ഹി സര്‍വകലാശാല മാത്രമാണ് ഈ രീതിയില്‍ പ്രവേശനം നടപ്പാക്കിയത്. ആ മാതൃകയാണ് എംജി നടപ്പില്‍ വരുത്തിയത്. ഒറ്റ അപേക്ഷയില്‍ നിരവധി കോളേജുകളും പഠനപ്രോഗ്രാമുകളും തെരഞ്ഞെടുക്കാന്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു. അപേക്ഷാ സമര്‍പ്പണം മുതല്‍ പ്രവേശനംവരെ ഓണ്‍ലൈന്‍ സമ്പ്രദായത്തിലാക്കി. മെറിറ്റും സംവരണതത്വങ്ങളും മാനദണ്ഡമാക്കി പ്രവേശനം നല്‍കി.

പട്ടികജാതി- വര്‍ഗ വിഭാഗത്തിന് ഭരണഘടനാപരമായി അര്‍ഹതപ്പെട്ട മുഴുവന്‍ സീറ്റിലേക്കും പ്രവേശനം ഉറപ്പാക്കാന്‍ ഈ പരിഷ്കാരങ്ങളിലൂടെ കഴിഞ്ഞു. 2012ല്‍ ഏകജാലക സംവിധാനം വഴി ബിരുദപ്രോഗ്രാമുകള്‍ക്ക് 34,284 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതില്‍ 5604 പേര്‍ എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. ബിരുദാനന്തര പ്രോഗ്രാമുകളില്‍ ആകെയുള്ള 3,515 സീറ്റുകളില്‍ 720 എണ്ണം എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് ലഭിച്ചു. ഏകജാലക പ്രവേശന സംവിധാനം ഏര്‍പ്പെടുത്തുന്നതിനു മുന്‍പ് എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ ഏഴ് ഇരട്ടിയിലധികം സീറ്റുകളാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നത്. ഇവര്‍ക്കായി സ്പെഷ്യല്‍ അലോട്ട്മെന്റും സ്പോട്ട് അഡ്മിഷനും നടത്തിയാണ് അര്‍ഹതപ്പെട്ട സീറ്റുകള്‍ ഉറപ്പാക്കിയത്. ഒഴിഞ്ഞുകിടന്ന അഞ്ഞൂറിലധികം തസ്തികകളില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനം സുതാര്യമായി നടത്തി.

വര്‍ധിച്ച ജോലിഭാരം സര്‍ക്കാരിനെ ബോധ്യപ്പെടുത്തി കൂടുതല്‍ തസ്തികകള്‍ക്ക് അംഗീകാരം നേടിയെടുത്തു. ജീവനക്കാര്‍ക്കായി 64 ക്വാര്‍ട്ടേഴ്സുകള്‍ പണികഴിപ്പിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് 10 കോടി രൂപ സ്ഥിരനിക്ഷേപം നടത്തി. രണ്ട് പുതിയ ഹോസ്റ്റലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഒരെണ്ണം പൂര്‍ത്തിയായി വരുന്നു. അധ്യാപകര്‍ക്ക് കൂടുതല്‍ ക്വാര്‍ട്ടേഴ്സുകള്‍, വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍ ക്വാര്‍ട്ടേഴ്സുകള്‍ എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. പാലാ, നെടുങ്കണ്ടം, മണിമലക്കുന്ന് എന്നിവിടങ്ങളില്‍ നേഴ്സിങ് കോളേജുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ചു. പുതുപ്പള്ളിയിലെ ബയോ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ നിര്‍മാണം നടക്കുന്നു. എംഎസ്സി നേഴ്സിങ്, എംഫാം തുടങ്ങിയ പുതിയ കോഴ്സുകള്‍ ആരംഭിച്ചു. പശ്ചാത്തല സൗകര്യ വികസനത്തില്‍ ഏതാണ്ട് 70 കോടി രൂപയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ നടത്തിയത്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കുന്നതിന് കംപ്യൂട്ടറൈസേഷനും ആധുനികവല്‍ക്കരണ നടപടികളും ത്വരിതപ്പെടുത്തി. കോഴ്സിനു അപേക്ഷ നല്‍കുന്നതു മുതല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു വരെയുള്ള നടപടിക്രമങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നടപടികള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചതിലൂടെ സങ്കീര്‍ണമായ പരീക്ഷാ നടത്തിപ്പ് സുതാര്യവും ലളിതവുമാക്കാന്‍ സഹായകമായി.

ഏകജാലക പ്രവേശനമടക്കമുള്ള ശ്രേഷ്ഠമായ പരിഷ്കാരങ്ങളിലൂടെ സ്വാശ്രയ കച്ചവടക്കാര്‍ക്ക് മൂക്കുകയറിടാന്‍ ശ്രമിച്ചതിന്റെ പേരില്‍ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ ഉയര്‍ത്തി ഡോ. രാജന്‍ ഗുരുക്കള്‍ക്കും മുന്‍ സിന്‍ഡിക്കറ്റിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന്് ഉത്തരവിട്ടതിലൂടെ സംസ്ഥാന സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കൊടുംപാതകമാണ് ചെയ്തത്. ഡോ. രാജന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ എംജി സര്‍വകലാശാല ആര്‍ജിച്ച അക്കാദമിക നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാലാ സമൂഹം.

*
കെ ഷറഫുദീന്‍ ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളും പ്രോ-വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ വര്‍ഗീസും നവംബര്‍ 14ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുകയാണ്. സര്‍വകലാശാലയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമാക്കിയ ഒട്ടേറെ അക്കാദമിക- ഭരണ പരിഷ്കാരങ്ങള്‍ വിജയകരമായി നടപ്പാക്കിയശേഷമാണ് ഇരുവരും സ്ഥാനമൊഴിയുന്നത്. ഗവേഷണവും വൈജ്ഞാനിക വികാസവും ലക്ഷ്യംവച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിയോടെ പ്രവര്‍ത്തനമാരംഭിച്ച ഏഴ് അന്തര്‍സര്‍വകലാശാല പഠനകേന്ദ്രങ്ങളും കേന്ദ്രസര്‍ക്കാരിന്റെയും യുജിസിയുടെയും ധനസഹായത്തോടെ ആരംഭിച്ച ആറ് സര്‍വകലാശാലാതല പഠനകേന്ദ്രങ്ങളും സര്‍വകലാശാലയുടെ പ്രതിച്ഛായ ഉച്ചസ്ഥായിയിലെത്തിച്ചുവെന്നത് അക്കാദമികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുപോലെ സമ്മതിക്കുന്ന വസ്തുതയാണ്.