Monday, November 12, 2012

സമുദായമുന്നണിയുടെ കാണാപ്പുറങ്ങള്‍

കേരളത്തിലെ രണ്ട് പ്രബല സമുദായസംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ച് പ്രവര്‍ത്തിക്കാനും മുന്നണിയാകാനുമെടുത്ത തീരുമാനവും അനന്തരനടപടികളും പ്രതികരണം അര്‍ഹിക്കുന്നു. ഇത് ചരിത്രപ്രാധാന്യമുള്ള ചുവടുവയ്പ്പാണെന്നാണ് ചില മാധ്യമ- രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. താല്‍ക്കാലിക പ്രതിഭാസമോ ഉപരിപ്ലവമായ സംഭവമോ എന്തിന്റെയെങ്കിലും പ്രതികരണമോ ആയി ഇതിനെ ആര്‍ക്കും തള്ളാനാകില്ലെന്ന് മാധ്യമപ്രവര്‍ത്തകനായ കെ ഗോപാലകൃഷ്ണന്റെ നിരീക്ഷണം.

എന്നാല്‍, ഇതിന് വിരുദ്ധമായ അഭിപ്രായമാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം എഡിറ്റ് പേജ് ലേഖനത്തിലൂടെ വ്യക്തമാക്കിയത്. "ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം നായര്‍, ഈഴവ സമുദായനേതാക്കള്‍ക്കിടയില്‍ എങ്ങനെയോ ഒരു ന്യൂനപക്ഷഭയം കടന്നുകൂടിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ഭരണസ്വാധീനം ഉപയോഗിച്ച് അവിഹിതമാര്‍ഗങ്ങളിലൂടെ ധനവും അധികാരവും കവരുന്നു എന്ന വിചാരം പ്രബലസമുദായ നേതാക്കളെ ഭരിക്കുന്നു. അഞ്ചാംമന്ത്രിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിംലീഗിന് കീഴടങ്ങിയ സാഹചര്യത്തില്‍ ഭരണം ഹിന്ദുവിരുദ്ധമാണെന്ന ബോധം നാട്ടില്‍ വളര്‍ത്തിയിരിക്കുന്നു. ഇത് ഹിന്ദുസമുദായഐക്യത്തിന് വഴിതെളിച്ചു"വെന്നുമാണ് വീക്ഷണത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോ ഇതുവരെ സമുദായ ഐക്യ വിഷയത്തില്‍ ഒരഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ഹിന്ദു സമുദായ ഐക്യപ്രസ്ഥാനത്തിന് പിന്നിലെ അപകടച്ചുഴികളെപ്പറ്റി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഭരണത്തിലെ ലീഗ് വല്‍ക്കരണത്തെ എതിര്‍ക്കാന്‍ "ഹിന്ദുലീഗ്" എന്ന ആശയം പകരംവയ്ക്കുന്നത് തലതിരിഞ്ഞ നടപടിയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. പക്ഷേ, പിണറായി വിജയന്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലെന്നും തങ്ങളുടെ സമുദായ ഐക്യത്തെപ്പറ്റി അദ്ദേഹത്തിന് തെറ്റിദ്ധാരണയാണെന്നുമാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. സമാനപ്രതികരണം എന്‍എസ്എസ് ജനറല്‍സെക്രട്ടറി ആര്‍ സുകുമാരന്‍നായരില്‍നിന്നും ഉണ്ടായി. പരോക്ഷമായി ഇവര്‍ സൂചിപ്പിക്കുന്നത് ഈ ഐക്യം ഭാവിയില്‍ ഇടതുപക്ഷത്തിന് ഗുണകരമാണെന്നും അത് പിണറായി തിരിച്ചറിയുന്നില്ലെന്നുമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വഴിപിഴച്ച നയത്തിനെതിരെ സമുദായസംഘടനകള്‍ രംഗത്തുവരുമ്പോള്‍, ആ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ച പ്രവര്‍ത്തകരില്‍ ഒരുപങ്കിന് ഭരണത്തോടുള്ള അതൃപ്തി വര്‍ധിക്കുമെന്നത് ശരി. അതിന്റെ നേട്ടം സര്‍ക്കാരിനെ എതിര്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കുമെന്നതും വസ്തുതയാണ്. പക്ഷേ, താല്‍ക്കാലികമായ ചില വോട്ടുനേട്ടങ്ങള്‍ക്കുവേണ്ടി കമ്യൂണിസ്റ്റുകാര്‍ക്ക്, അവര്‍ മുറുകെ പിടിക്കുന്ന നയസമീപനങ്ങളും മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള കടമയും ഉപേക്ഷിക്കാനാകില്ല. യുഡിഎഫ് ഭരണത്തിനെതിരാണെന്ന തോന്നല്‍ സൃഷ്ടിക്കുന്നതാണെങ്കിലും ഇടതുപക്ഷജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ഗുണകരമായി ശക്തിപ്പെടുത്തുന്നതല്ല ഹിന്ദുത്വവികാരവുമായി രംഗത്തുവരുന്ന "ഐക്യമുന്നണി".

കേന്ദ്രഭരണം ഇന്ന് ഏറ്റവും വലിയതോതില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രതിച്ഛായ തകര്‍ന്നു. ഈ സാഹചര്യം ഉപയോഗിച്ച് ഭാവിഭരണം തങ്ങള്‍ക്ക് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപി ദേശവ്യാപകമായ പരിശ്രമം നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഏശിയിട്ടില്ല. മുമ്പൊരുഘട്ടത്തില്‍ ഈ ലക്ഷ്യം നേടാന്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തു. അതുപോലെ, വര്‍ഗീയ അതിപ്രസരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ കൊണ്ടുപിടിച്ച് യത്നിക്കുന്നുണ്ട്. ജനങ്ങളില്‍നിന്ന് അടിക്കടി ഒറ്റപ്പെടുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരത്തെ വഴിതെറ്റിച്ച് ഹൈന്ദവ വര്‍ഗീയതയുമായി കൂട്ടിക്കെട്ടാനുള്ള കൗശലമാണ് ബിജെപി പ്രയോഗിക്കുന്നത്. ഇതിന് അറിഞ്ഞോ അറിയാതെയോ ഇന്ധനമാകുകയാണ് പുതിയ "ഹിന്ദുസമുദായ ഐക്യമുന്നണി".

ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരത്തെ ചാലുകീറി ഹിന്ദുസമുദായ മുന്നണിയുടെ കീശയില്‍ എത്തിച്ചശേഷം അതിന്റെ ബലത്തില്‍ നാളെ എസ്എന്‍ഡിപി- എന്‍എസ്എസ് നേതൃത്വങ്ങള്‍ വിലപേശി തന്‍കാര്യം നേടാനോ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായി സന്ധിചെയ്യാനോ അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാക്കി ഒത്തുതീര്‍പ്പുണ്ടാക്കാനോ മുതിരില്ലെന്നതിന് ഒരുറപ്പും ഇല്ല. മുമ്പൊരുകാലത്ത് എസ്ആര്‍പി- എന്‍ഡിപി എന്നീ കക്ഷികള്‍ രൂപീകരിച്ച് യുഡിഎഫില്‍ പങ്കാളികളാക്കിയതുപോലെയുള്ള വിലപേശല്‍ രാഷ്ട്രീയം ഇവര്‍ സ്വീകരിക്കില്ലായെന്നതിനും ഉറപ്പില്ല. അതുകൊണ്ട് "സമുദായ ഐക്യമുന്നണി" സ്ഥായിയായ പ്രതിഭാസമാണെന്ന അതിശയോക്തികലര്‍ന്ന കെ ഗോപാലകൃഷ്ണന്റെ അഭിപ്രായം അപക്വമാണ്; അബദ്ധജടിലമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധ രീതികള്‍ക്കെതിരെ ജാതിക്കും മതത്തിനും അപ്പുറമായി തൊഴിലാളി-കര്‍ഷക-കര്‍ഷകത്തൊഴിലാളി ബഹുജനങ്ങളെ അണിനിരത്തുന്ന മതനിരപേക്ഷ മുന്നേറ്റവും പ്രസ്ഥാനവുമാണ് വേണ്ടത്. സാമുദായികമായി ചേരിതിരിവുണ്ടാക്കിയാല്‍ അതിന്റെ നേട്ടം ആത്യന്തികമായി ലഭിക്കുന്നത് വര്‍ഗീയ-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ്. അതായത് ഭരണപക്ഷത്ത് മുസ്ലിംലീഗാദികള്‍ക്കും പ്രതിപക്ഷത്ത് ഹിന്ദുവര്‍ഗീയ സംഘടനകളായ ആര്‍എസ്എസ്- ബിജെപിക്കുമാണ്. ആ സത്യം സമുദായസംഘടനാനേതാക്കള്‍ കണ്ണുതുറന്ന് കാണേണ്ടതുണ്ട്. സാമുദായികമായ അവശതയും അവഗണനയും അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് വിട്ടുവീഴ്ചയില്ലാതെ ഇടപെടുമെന്ന് ഇടതുപക്ഷനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവശതകള്‍ പരിഹരിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഭരണത്തിന്റെ വിവിധതലങ്ങളില്‍ ലീഗ്വല്‍ക്കരണമാണെന്ന് ആ മുന്നണിയില്‍ നിന്നുതന്നെ ആക്ഷേപം ഉയര്‍ന്നു. അത് യുഡിഎഫ് സ്വഭാവപ്രകാരം അസ്വാഭാവികമല്ല. ഇത് നടക്കില്ലെന്നു കരുതിയാണോ ഈ സമുദായഐക്യമുന്നണി നേതാക്കള്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കൈമെയ് മറന്ന് യത്നിച്ചത്? ഇങ്ങനെ ചെയ്തതില്‍ സമുദായ ഐക്യനേതാക്കള്‍ക്ക് ഇപ്പോഴെങ്കിലും പശ്ചാത്താപമുണ്ടോ? യുഡിഎഫ് അധികാരത്തില്‍വന്നതുതന്നെ സമുദായിക ഏകീകരണം എന്ന വര്‍ഗീയ അജന്‍ഡയുടെ ബലത്തിലായിരുന്നല്ലോ. അത്തരം അജന്‍ഡ നടപ്പാക്കാന്‍ മുസ്ലിംലീഗിന് യുഡിഎഫ് കൂട്ടായിരുന്നു. അങ്ങനെയുള്ള ഒരു രാഷ്ട്രീയസംവിധാനത്തെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ്- എസ്എന്‍ഡിപി നേതൃത്വങ്ങള്‍ പിന്തുണച്ചത്. യുഡിഎഫ് ഭരണസംവിധാനത്തില്‍ സമുദായത്തിന്റെ പേരില്‍ നടക്കുന്ന ലീഗുവല്‍ക്കരണത്തിലെ സങ്കുചിതരാഷ്ട്രീയത്തെ (കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയ രീതിയില്‍) തുറന്നുകാട്ടാതെ സാമുദായികമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ് എന്‍എസ്എസ്-എസ്എന്‍ഡിപി നേതാക്കള്‍. ഇതിലൂടെ വര്‍ഗീയമായും സാമുദായികമായും മുതലെടുപ്പ് നടത്തി രാഷ്ട്രീയശക്തി വര്‍ധിപ്പിക്കാന്‍ ലീഗിന് സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്.

അഞ്ചാംമന്ത്രിയെന്നാല്‍ ലീഗിന്റെ കച്ചവടത്തിന് ഒരുമന്ത്രിയെക്കൂടി കിട്ടിയെന്നതാണ്. അല്ലാതെ മുസ്ലിംസമുദായത്തിന് ഒരുമന്ത്രികൂടി ആയി എന്നല്ല. സാധാരണ മുസല്‍മാന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ളതല്ല അഞ്ചാംമന്ത്രി. ലീഗിലെ കുഞ്ഞാലിക്കുട്ടി അനുയായികളും വിരോധികളും തമ്മിലുള്ള കലാപം ഉള്‍പ്പെടെയുള്ളവയിലെ പൊട്ടിത്തെറി ഒഴിവാക്കാനുള്ള രാഷ്ട്രീയ ഉപായമായിരുന്നു. അതുപോലെ 35 കേന്ദ്രാവിഷ്കൃത പദ്ധതിയിലെ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയതില്‍ സമുദായതാല്‍പ്പര്യമല്ല ലീഗിന്റെ കച്ചവടസാമ്പത്തികതാല്‍പ്പര്യമാണ്. ഇപ്രകാരമുള്ള ലീഗുവല്‍ക്കരണത്തെ സമ്പൂര്‍ണ സമുദായവല്‍ക്കരണമായി വിശേഷിപ്പിക്കുന്നതിലൂടെ മുസ്ലിം സമുദായത്തില്‍ വര്‍ഗീയത കുത്തിയിളക്കി നേട്ടമുണ്ടാക്കാന്‍ ലീഗിന് അവസരം ലഭിക്കുന്നു.

ദേശീയമായും സംസ്ഥാന അടിസ്ഥാനത്തിലും ഹിന്ദുമതം ഭൂരിപക്ഷമാണ്. എന്നാല്‍, കേരളത്തിന്റേത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥയാണ്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ജനസംഖ്യയില്‍ 42 ശതമാനമാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷംവരുന്നവര്‍ അവര്‍ണരോ പിന്നോക്കക്കാരോ പട്ടികജാതി-പട്ടികവര്‍ഗക്കാരോ ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ഒരുപ്രമുഖ മീഡിയാസ്ഥാപനം നടത്തിയ സര്‍വേ പ്രകാരം കേരളജനസംഖ്യയില്‍ നായര്‍- 14, ഈഴവ-25, മുസ്ലിം-25, ക്രിസ്ത്യന്‍-19 (14 ശതമാനം മുന്നോക്കക്കാര്‍, അഞ്ച് ശതമാനം അവര്‍ണര്‍), ദളിത്- 9, പട്ടികവര്‍ഗം- ഒരുശതമാനം. ബാക്കിയുള്ള ഹിന്ദുവിഭാഗം- ഏഴ് ശതമാനം. വളരെ ശക്തമായ മുന്നണിരാഷ്ട്രീയം നിലനില്‍ക്കുന്ന കേരളത്തില്‍ ഒരുശതമാനം വോട്ടിന്റെ മാറ്റം പോലും ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായകമാണ്.ഇത് വ്യക്തമാക്കുന്നത്, കേരളസമൂഹം വര്‍ഗീയമായും ജാതീയമായും വേര്‍തിരിഞ്ഞാല്‍ അതിന്റെ ഗുണമാര്‍ജിക്കുക വര്‍ഗീയരാഷ്ട്രീയപ്രസ്ഥാനങ്ങളായിരിക്കുമെന്നതാണ്.

ആഗോളമായി മുസ്ലിംജനസംഖ്യ 120 കോടിയോളമാണ്. ഇന്ത്യയില്‍ 14 കോടി. കേരളത്തില്‍ മുക്കാല്‍കോടിയിലേറെ. മുന്നോക്കക്കാരിലും പിന്നോക്കക്കാരിലും ഹിന്ദുക്കളിലും അല്ലാത്തവരിലും ഭൂരിപക്ഷത്തിലും ന്യൂനപക്ഷത്തിലുമുള്ള അധ്വാനിക്കുന്ന സാധാരണക്കാരുടെ, അവരുടെ ജീവിതപ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള യോജിപ്പാണ് അനിവാര്യത. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേര്‍തിരിവിന്റെ ഭാഗമായി കേരളത്തിലും ചൂഷക- ചൂഷിത വിരുദ്ധ ശക്തികള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. അതില്‍ ഒരുചേരിക്ക് കോണ്‍ഗ്രസും മറുചേരിക്ക് കമ്യൂണിസ്റ്റ്പ്രസ്ഥാനവും നേതൃത്വം നല്‍കുന്നു. എസ്എന്‍ഡിപിയും എന്‍എസ്എസും ഏറിയകൂറും ചൂഷകരുടെ ഭാഗത്താണ് നിലകൊണ്ടത്. പക്ഷേ, ഇതേ സംഘടനകളിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ചൂഷിതവര്‍ഗത്തിന്റെ പതാകയേന്തിയ ഇടതുപക്ഷത്തോടൊപ്പം അടിയുറച്ചുനിലകൊണ്ടു. അതിന്റെ ഭാഗമായി ഈ സമുദായസംഘടനകളുടെ നേതാക്കള്‍ ചിലപ്പോഴെങ്കിലും ഇടതുപക്ഷവുമായി സഹകരിക്കാന്‍ നിര്‍ബന്ധിതരായി.

മിക്കപ്പോഴും കോണ്‍ഗ്രസ് ചൂഷകനേതൃത്വത്തിന്റെ കൂടെയായിരുന്നു. അതുകൊണ്ടാണ് വിമോചനസമരകാലത്ത് സംവരണപ്രശ്നം ഉന്നയിച്ച് എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റ് വിരോധത്തിന്റെ വാളെടുത്തത്. അതിന്റെ തുടര്‍ച്ചയായി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എസ്ആര്‍പി രൂപീകരിച്ചു. എന്നാല്‍, എസ്എന്‍ഡിപിയുടെ അനുയായികളില്‍പ്പെട്ട ബഹുജനങ്ങള്‍ വിമോചനസമരകാലത്തുള്‍പ്പെടെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ കൂടെയായിരുന്നു. എന്‍എസ്എസിന്റെ നേതൃത്വവും അണികളും തമ്മില്‍ വൈരുധ്യം പല ഘട്ടത്തിലും പ്രകടമായി. ഈ പശ്ചാത്തലത്തില്‍വേണം "ഹിന്ദു- ലീഗ്" ആശയത്തെ വീക്ഷിക്കാന്‍. സംസ്ഥാനഭരണം ന്യൂനപക്ഷങ്ങള്‍ തട്ടിയെടുത്തതിനാല്‍ നമ്പൂതിരി മുതല്‍ നായാടി വരെയുള്ള ഹിന്ദുസമുദായങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരുക എന്ന പ്രഖ്യാപനമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍നായരും നടത്തിയത്. ഇതിലൂടെ ആര്‍എസ്എസും ബിജെപിയും പതിറ്റാണ്ടുകളായി ചവച്ചുതുപ്പിയ പ്രത്യയശാസ്ത്രമാണ് ഉയര്‍ന്നുവരുന്നത്.

എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റേയും ആദ്യകാലപ്രവര്‍ത്തനവും അതിന് പ്രചോദനമേകിയ മഹാന്മാരുടെ വാക്കും പ്രവൃത്തിയും ഇപ്പോഴത്തെ ഹിന്ദുലീഗ് ആശയവുമായി താരതമ്യം ചെയ്യാനാകുന്നതല്ല. ഇപ്പോഴത്തെ സമുദായ ഐക്യമുന്നണി കേരളത്തിന് ഗുണകരമായ ചരിത്രസംഭവമെന്ന് വിശേഷിപ്പിക്കുന്നവരുടെ വിലയിരുത്തല്‍ അബദ്ധമാണ്. "ഐക്യശ്രമ"ത്തെ നയിക്കുന്ന സമുദായങ്ങളുടെ മുന്‍കാല മഹാന്മാരായ ആചാര്യന്മാരും അവര്‍ നയിച്ച നവോത്ഥാനപ്രസ്ഥാനമൂല്യങ്ങളും ഇവിടെ വിസ്മരിക്കപ്പെടുകയാണ്.

ആചാര്യന്മാരെ മറന്ന മൗനവും വാചാലതയും

ഹിന്ദുസമുദായ ഐക്യമുന്നണി മുദ്രാവാക്യം ഒരുഭാഗത്ത് പൊടിപൊടിക്കുമ്പോള്‍, മറുഭാഗത്ത് ഗുരുവര്യന്മാരെപ്പറ്റി സമുദായത്തിന്റെ പേരില്‍ ചേരിതിരിഞ്ഞ് ചില ബുദ്ധിജീവികള്‍ വിഴുപ്പലക്കുന്നു. ശ്രീനാരായണഗുരുവിന്റെ ഗുരുവായിരുന്നു ചട്ടമ്പിസ്വാമികളെന്നും അല്ലെന്നുമുള്ളതാണ് തര്‍ക്കം. അതിനെ സാധൂകരിക്കുന്നതിനുള്ള തെളിവു നിരത്തലുകള്‍ ചരിത്രത്തിന്റെ ഇരുളിലും വെളിച്ചത്തിലുംനിന്ന് തേടി അവതരിപ്പിക്കുകയാണ്. നിരവധി ആനുകാലികങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരിക്കൊള്ളുന്നു. ഇതിന്റെ ഗതി എന്തായാലും ചരിത്രം പഠിച്ച ആരും സമ്മതിക്കുന്ന വസ്തുത ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും കേരളീയ നവോത്ഥാനത്തിനുവേണ്ടി യത്നിച്ച മഹാന്മാരായിരുന്നു എന്നതാണ്. രണ്ടുപേരും സമകാലീനരായിരുന്നു.

ശ്രീനാരായണഗുരുവിനെ ചട്ടമ്പിസ്വാമിയുടെ ശിഷ്യനാക്കിയേ അടങ്ങൂവെന്ന വാശി കാട്ടുന്നവര്‍ ഉദ്ദേശിക്കുന്നത് ഇപ്പോള്‍ ഐക്യപ്രഖ്യാപനം നടത്തിയിരിക്കുന്ന ഒരു സമുദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തങ്ങളുടെ സമുദായത്തിന് മേല്‍ക്കോയ്മയുണ്ടെന്ന് വരുത്താനാണ്. ഇതിന്റെതന്നെ മറുപുറമായി ആ സമുദായത്തിന്റെ മേല്‍ത്തട്ടിലാണ് ബൗദ്ധികമായി തങ്ങളെന്നു വരുത്താനാണ് ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ഗുരു-ശിഷ്യ ബന്ധവും ഇല്ലെന്നു സ്ഥാപിക്കാനുള്ള മറുചേരിയുടെ വാശി. ചട്ടമ്പിസ്വാമിയില്‍നിന്നാണ് ശ്രീനാരായണന്‍ യോഗ അഭ്യസിച്ചതെന്നത് ചരിത്രപരമായി സാധൂകരിച്ചിട്ടുള്ളതാണ്. അങ്ങനെ യോഗ അഭ്യസിച്ചത് ഒരു കുറവായി ശ്രീനാരായണന്‍ കണ്ടിരുന്നില്ല. ഇവര്‍ തമ്മില്‍ ഗുരുവോ ശിഷ്യനോ എന്ന തര്‍ക്കം ചിലകേന്ദ്രങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ കുമാരനാശാന്‍പോലും അക്കാര്യത്തില്‍ ഇടപെടുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. രണ്ടു മഹാന്മാരില്‍ ഒരാളെ ഗുരുവോ ശിഷ്യനോ ആക്കുന്നതിനെ ആശാന്‍ എതിര്‍ത്തു.

തിരുവിതാംകൂറിലെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളായിരുന്ന തൈക്കാട് അയ്യാ സ്വാമികളില്‍നിന്നാണ് ചട്ടമ്പിസ്വാമി യോഗ അഭ്യസിച്ചത്. യോഗപഠനത്തിന്റെ അടിസ്ഥാനത്തില്‍ നവോത്ഥാനായകരെ ഗുരുവും ശിഷ്യനുമാക്കി ചിത്രീകരിക്കുന്നത് പന്തിയല്ല. എന്നിട്ടും ഇപ്പോള്‍ ഇങ്ങനെയൊരു തര്‍ക്കം കുത്തിപ്പൊക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. തത്വചിന്തയില്‍ രണ്ടുപേര്‍ക്കും ഒരുപാട് സാമ്യതകളുണ്ടായിരുന്നു. പക്ഷേ, പ്രവര്‍ത്തനശൈലിയില്‍ വ്യത്യാസവും.താത്വികമേഖലയോടൊപ്പം പ്രായോഗിക പ്രവര്‍ത്തനങ്ങളിലും മുഴുകിയെന്നതാണ് ശ്രീനാരായണന്റെ വ്യത്യസ്തത. പക്ഷേ, ചട്ടമ്പിസ്വാമികള്‍ പ്രായോഗിക പ്രവര്‍ത്തനത്തില്‍ അത്രമാത്രം മുന്നോട്ടുപോയിരുന്നില്ല. 19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും കേരളത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും പൊയ്കയില്‍ യോഹന്നാനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദശിവയോഗിയെപ്പോലുള്ള സന്യാസിവര്യന്മാരും കുമാരനാശാനും വള്ളത്തോളും പോലെയുള്ള കവിശ്രേഷ്ഠന്മാരുമെല്ലാം വലിയ പങ്കാണ് വഹിച്ചത്.

തിരുവനന്തപുരത്തെ സെക്രട്ടറിയറ്റ് മന്ദിരത്തിന്റെ ആദ്യകാല പണി നടക്കുമ്പോള്‍ അതിനാവശ്യമായ കല്ല് ചുമന്നതടക്കമുള്ള കൂലിവേലയെടുത്ത ഒരമ്മ വളര്‍ത്തിയ മകനാണ് കുഞ്ഞന്‍പിള്ള. ആ കുഞ്ഞന്‍പിള്ളയാണ് യുവാവായി ചട്ടമ്പിസ്വാമിയായത്. അബ്രാഹ്മണനായ കുഞ്ഞന്‍പിള്ള അധഃസ്ഥിത ജാതിക്കാര്‍ക്കും വേദപാരായണത്തിന് അവകാശമുണ്ടെന്നു സ്ഥാപിച്ച മഹര്‍ഷിവര്യനായി വളര്‍ന്നത് സാമൂഹ്യപരിഷ്കരണ ആശയം പ്രചരിപ്പിച്ചുകൊണ്ടാണ്. മതത്തിന്റെ മറവില്‍ നടന്ന അനാചാരങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. യാഗങ്ങളുള്‍പ്പെടെയുള്ള അപരിഷ്കൃത ആചാരങ്ങള്‍ക്കെതിരെ രംഗത്തുവന്നു. "യജ്ഞപീഠത്തിനുമേല്‍ പശുവിനെ ബന്ധിച്ച് നവദ്വാരബന്ധനം ചെയ്തശേഷം മര്‍മസന്ധികളില്‍ മര്‍ദിച്ച് നിഷ്ഠുരമായി കൊല്ലുന്ന കര്‍മംകൊണ്ട് സ്വര്‍ഗവാതില്‍ തുറന്നുകിട്ടുന്നതിനേക്കാള്‍ നല്ലത്, നരകത്തില്‍ പോകുന്നതല്ലേ"എന്ന് ചോദിച്ച മഹാനായിരുന്നു ചട്ടമ്പിസ്വാമികള്‍.

ഇങ്ങനെ ആത്മീയതയുടെ ബാഹ്യാവരണം ഉള്ളതെങ്കിലും ആധുനിക ജനാധിപത്യപ്രസ്ഥാനത്തിന്റെ ഉള്ളടക്കം നല്‍കിയ നവോത്ഥാനപ്രസ്ഥാനം നയിച്ചവരായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും. ഇവരുയര്‍ത്തിയ ദീപശിഖ തല്ലിക്കെടുത്തുകയാണ് യഥാര്‍ഥത്തില്‍ ഹിന്ദുസമുദായ ഐക്യമുന്നണിയെന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് എന്‍എസ്എസ്- എസ്എന്‍ഡിപി നേതൃത്വങ്ങള്‍. ശ്രീനാരായണഗുരു തുടങ്ങിവച്ചത് ജാതിവിരുദ്ധ പ്രസ്ഥാനമായിരുന്നു. 1888ല്‍ അരുവിപ്പുറത്ത് ഔപചാരികമായി തുടങ്ങിയതായി കാണാവുന്ന ആ പ്രസ്ഥാനത്തിന്റെ പ്രത്യക്ഷ സംഘടനയായി 1903ല്‍ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെ (എസ്എന്‍ഡിപി) സ്ഥാപകനായിരുന്നു ഗുരു. ഇക്കാര്യത്തില്‍ ഡോ. പല്‍പ്പുവിന്റെ പങ്കും സ്മരണീയമാണ്. ഇതിന് തുടര്‍ച്ചയായി ദളിതരുടെ സംഘടനയായ സാധുജന പരിപാലനസംഘം 1905ല്‍ സ്ഥാപിച്ചു. അതിന് നേതൃത്വം നല്‍കിയത് അയ്യന്‍കാളിയാണ്. തിരുവിതാംകൂറിലെ കറകളഞ്ഞ വിപ്ലവകാരിയായിരുന്നു അയ്യന്‍കാളി. കൂലിക്കൂടുതലിനുവേണ്ടി കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പണിമുടക്ക് നടത്തിച്ച നേതാവാണ് അദ്ദേഹം. മാറുമറയ്ക്കാനും വഴിനടക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ചോര പൊടിഞ്ഞ സമരങ്ങളും നടത്തി.

1908ല്‍ നമ്പൂതിരി യോഗക്ഷേമസഭ നിലവില്‍വന്നു. നമ്പൂതിരിമാര്‍ക്കിടയിലെ അതിക്രമങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അറുതിവരുത്താനുള്ള സമരവേദിയായി അതുമാറി. ഇ എം എസ്, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയവരുടെ ആദ്യകാല പരിശീലനക്കളരിയായിരുന്ന് അത്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇന്റര്‍ മീഡിയറ്റിന് പഠിക്കുമ്പോള്‍ ഇ എം എസും ഒരു ഡസനോളം നമ്പൂതിരി വിദ്യാര്‍ഥികളും ഒന്നിച്ച് അവരവരുടെ പൂണൂലുകള്‍ പൊട്ടിച്ചെറിയുകയും തീയിടുകയും ചെയ്തു. പിന്നീട് അന്തര്‍ജനങ്ങളെ മറക്കുടയില്‍നിന്ന് അരങ്ങിലെത്തിക്കാനും വിധവാവിവാഹം നടത്തിക്കാനും മുന്നിട്ടുനിന്നു.

കേരളീയ ജീവിതത്തെ മുന്നോട്ടുനയിച്ച സുപ്രധാനമായ മറ്റൊരു ചുവടുവയ്പായി നായര്‍ സര്‍വീസ് സൊസൈറ്റിയുടെ (എന്‍എസ്എസ്) സ്ഥാപനം. "നായര്‍ സമുദായ ഭൃത്യജനസംഘം" എന്ന പേരില്‍ ചങ്ങനാശേരിയിലെ പെരുന്ന ആസ്ഥാനമായി രൂപംകൊണ്ടത് 1914ലാണ്. അതിനുമുമ്പ് സമുദായ ഉദ്ധാരകന്‍ സി കൃഷ്ണപിള്ളയുടെയും മറ്റും ഉത്സാഹത്തില്‍ കേരളീയ നായര്‍സമുദായമെന്ന ഒരു സംഘടനയും ഉണ്ടായിരുന്നു. പക്ഷേ, എന്‍എസ്എസാണ് വ്യാപ്തിയിലും സ്വാധീനത്തിലും മുന്നേറിയത്. എന്‍എസ്എസിന്റെ പ്രഥമാധ്യക്ഷന്‍ കെ കേളപ്പനായിരുന്നു. പൊതുകാര്യദര്‍ശി മന്നത്ത് പത്മനാഭപിള്ളയും. മന്നത്ത് ഭവനത്തിന്റെ പൂമുഖത്ത് മന്നത്തിന്റെ അമ്മ പാര്‍വതിയമ്മ കൊളുത്തിയ ഭദ്രദീപത്തിന് ചുറ്റുംനിന്ന് മന്നത്തും കേളപ്പനുമുള്‍പ്പെടെ 14 സ്ഥാപകാംഗങ്ങള്‍ സത്യപ്രതിജ്ഞചെയ്ത് രൂപം നല്‍കിയ സംഘടനയുടെ പേര് ഏതാനും മാസങ്ങള്‍ക്കുശേഷമാണ് നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കിയത്. 1878 ല്‍ ജനിച്ച് 1970ല്‍ വേര്‍പിരിഞ്ഞ മന്നത്താണ് എന്‍എസ്എസിന്റെ പരമോന്നത നേതാവായത്. വിമോചന സമരം അടക്കമുള്ള പില്‍ക്കാല നിലപാടുകള്‍ കാരണം ചില കറുത്തപുള്ളികള്‍ വീണെങ്കിലും മന്നത്ത് പത്മനാഭന്റെ ആദ്യകാലത്തെ തിളക്കമുള്ള സാമൂഹ്യപരിഷ്കരണ നിലപാടുകള്‍ സ്മരണീയമാണ്.

മന്നത്ത് സമുദായ സംഘടനാ പ്രവര്‍ത്തനത്തില്‍ ഉറച്ചുനിന്നപ്പോള്‍, കേളപ്പന്‍ മലബാറിലെത്തുകയും കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായി മാറുകയുംചെയ്തു. എന്നാല്‍, സമുദായ സംഘടനയിലൂടെ കേരളീയജീവിതത്തെ മുന്നോട്ടേക്ക് കൊണ്ടുപോകുന്നതിനുള്ള പല ഇടപെടലുകളും മന്നത്തിന്റെ നേതൃത്വത്തില്‍ നടന്നു. എന്‍എസ്എസിന്റെ പ്രഥമാധ്യക്ഷനായിരുന്ന കേളപ്പനും മന്നത്തും ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ (1931) പങ്കാളികളായി. 1924ലെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വക്കം സത്യഗ്രഹത്തിന്റെ നേതാക്കളിലൊരാളായിരുന്നു മന്നത്ത്; അവര്‍ണരുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തിയ സവര്‍ണജാഥയെ നയിച്ച നായര്‍ സമുദായാചാര്യന്‍. ഇവരുടെയെല്ലാം സമരങ്ങള്‍ക്ക് അടിസ്ഥാനമായത് ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ളവരുടെ നവോത്ഥാന ചിന്തകളായിരുന്നു.

ശ്രീനാരായണഗുരു നവോത്ഥാനായകനായത് ആദിശങ്കരനില്‍നിന്ന് വളര്‍ന്നതുകൊണ്ടാണ്. ആദിശങ്കരനായ ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും രണ്ടു കാലഘട്ടത്തില്‍ ജീവിച്ച മഹാന്മാരാണ്. ശ്രീശങ്കരന്‍ തന്റെ സിദ്ധാന്തം ബലപ്പെടുത്തിയത് എട്ടാം നൂറ്റാണ്ടിന്റെ അവസാനവും ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായിരുന്നു. എന്നാല്‍, 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ ആദ്യവുമാണ് ശ്രീനാരായണഗുരുവിന്റെ പ്രവര്‍ത്തനകാലം. രണ്ടുപേരും അദൈ്വതവേദാന്തികളും ആത്മീയദര്‍ശകരുമായിരുന്നു.

ജാതിസമൂഹത്തിന്റെയും അതിനെ ആസ്പദമാക്കി രൂപപ്പെടുത്തിയ ആശയപ്രപഞ്ചത്തിന്റെയും അടിത്തറ ഉറപ്പിക്കുകയാണ് ശ്രീശങ്കരന്‍ ചെയ്തത്. അതേസമയം, ജാതിസമൂഹത്തിന്റെയും അതില്‍നിന്നുളവായ ആശയപ്രപഞ്ചത്തിന്റെയും അടി തകര്‍ക്കുകയാണ് ശ്രീനാരായണഗുരു ചെയ്തത്. ജാതിസമൂഹത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ ബുദ്ധദര്‍ശനത്തെ താത്വികമായും പ്രായോഗികമായും തകര്‍ത്ത് ജാതിസമൂഹത്തെ ശ്രീശങ്കരന്‍ അരക്കിട്ടുറപ്പിച്ചപ്പോള്‍ ശ്രീബുദ്ധന്‍ ഉയര്‍ത്തിയതും ശ്രീശങ്കരന്‍ താഴ്ത്തിയതുമായ ജാതിവിരുദ്ധ കലാപക്കൊടി വീണ്ടുമുയര്‍ത്തുകയാണ് ശ്രീനാരായണഗുരു ചെയ്തത്. ഈ പ്രവൃത്തിയില്‍ ചട്ടമ്പിസ്വാമികളുള്‍പ്പെടെയുള്ളവര്‍ ശ്രീനാരായണഗുരുവിനൊപ്പം നിന്നു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ദര്‍ശനം ആത്മാര്‍ഥമായി ഉള്‍ക്കൊള്ളുന്നുവെങ്കില്‍ എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും നേതാക്കള്‍, തങ്ങള്‍ ഉയര്‍ത്തിയ ഹിന്ദുസമുദായ മുന്നണിയെന്ന മുദ്രാവാക്യം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. പകരം സര്‍വമതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുക്കന്മാരുടെ വചനമുള്‍ക്കൊണ്ട് മാനവ സാഹോദര്യത്തിനുവേണ്ടി പട പൊരുതണം.

മാനവ സാഹോദര്യത്തെ നശിപ്പിക്കുന്നതാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന യുഡിഎഫ് ഭരണം. അതില്‍ മുസ്ലിംലീഗിന്റെ അപ്രമാദിത്തവും അതിന്റെ ഭാഗമായി ഭരണത്തണലില്‍ അവര്‍ നടത്തുന്ന മുസ്ലിംസമുദായ ഏകീകരണ യജ്ഞവുമുണ്ട്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ ഉലയ്ക്കുന്നു. അതിനിടയാക്കിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന ദുര്‍ഭരണത്തെ അവസാനിപ്പിക്കാന്‍ തൊഴിലാളി- കര്‍ഷക ബഹുജനങ്ങളുടെ സമരമുന്നണിക്ക് പ്രോത്സാഹനം നല്‍കുകയും അതിന് ഇടതുപക്ഷജനാധിപത്യശക്തികള്‍ക്ക് കരുത്ത് പകരുകയുമാണ് ചെയ്യേണ്ടത്. അതിനുപകരം പ്രത്യക്ഷമായും പരോക്ഷമായും നിര്‍ണായകവേളകളില്‍ പ്രതിസന്ധിയില്‍പ്പെട്ട് യുഡിഎഫ് ഭരണത്തിന്റെ തേരില്‍നിന്ന് അച്ചാണി തെറിക്കുമ്പോള്‍ സ്വന്തം കൈവിരലുകള്‍ ഇട്ടുകൊടുക്കുന്ന സഹായപ്പണി സമുദായ സംഘടനാ നേതാക്കള്‍ ചെയ്യരുത്. നവോത്ഥാനായകരുടെ ചിന്തകള്‍ക്ക് വിരുദ്ധമായി ദേവസ്വം നിയമഭേദഗതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി കൊണ്ടുവന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ക്കാനുള്ള ആര്‍ജവം എസ്എന്‍ഡിപി- എന്‍എസ്എസ് നേതൃത്വങ്ങള്‍ കാണിച്ചില്ലെന്നത് നിസ്സാരമായി തള്ളാവുന്നതല്ല.

ദൈവവിശ്വാസത്തിന്റെ പേരില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന ഓര്‍ഡിനന്‍സിന് ഉമ്മന്‍ചാണ്ടിക്ക് പരോക്ഷ പിന്തുണയാണ് ഇരു സമുദായ സംഘടനാനേതാക്കളും നല്‍കിയതെന്നത് ഏറെ ലജ്ജാകരമാണ്. ചുണ്ടില്‍ ഭരണത്തിന്റെ മധുരം തേച്ചുകിട്ടിയാല്‍, ഇരു സമുദായനേതൃത്വവും ആചാര്യന്മാരെ മറന്ന് മൗനത്തിലാകുമെന്നു തെളിഞ്ഞു. പക്ഷേ, പ്രതിപക്ഷസമരവും ഭരണപക്ഷത്തെ എതിര്‍പ്പും ഉള്‍പ്പെടെ കേരള സമൂഹം ഉണര്‍ന്നപ്പോള്‍ ചുവടുമാറ്റി വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ യുഡിഎഫ് നിര്‍ബന്ധിതമായി. ഈ സംഭവം യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുറന്ന് എതിര്‍ക്കുകയെന്ന സന്ദേശമാണ് സമുദായ ഐക്യമുന്നണി നേതാക്കള്‍ക്ക് നല്‍കുന്നത്. ഇല്ലെങ്കില്‍ കേരളസമൂഹത്തിന്റെ പ്രയാണത്തില്‍ സമുദായ സംഘടനാ നേതാക്കളേ, നിങ്ങള്‍ വളരെ പിന്നിലാകും. സംവരണവിഷയത്തില്‍ സമവായം ഉണ്ടാക്കി സമുദായമുന്നണി ശക്തമാക്കാന്‍ സമുദായ സംഘടനാനേതാക്കള്‍ ഇറങ്ങുമ്പോള്‍ ചരിത്രത്തിനു മുന്നില്‍ സംവരണവുമായി ബന്ധപ്പെട്ട് സിപിഐ എം ഉയര്‍ത്തിയ നയപരമായ ശരിയുടെ ഒരു ചിരി തെളിയുന്നുണ്ട്.

കാലംതെളിയിച്ച സംവരണനയം

ഹിന്ദുസമുദായ ഐക്യപ്രഖ്യാപനം വാക്കില്‍ ഒതുങ്ങുന്നതല്ലെന്ന് നാടിനെ ബോധ്യപ്പെടുത്താനുള്ള ചുവടുവയ്പ് എസ്എന്‍ഡിപി, എന്‍എസ്എസ് നേതൃത്വങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ഐക്യസന്ദേശപത്രിക നല്‍കി. അതിന് തുടര്‍ച്ചയായി പിന്നോക്ക സംവരണത്തിലെ മേല്‍ത്തട്ടുമായി ബന്ധപ്പെട്ട സുപ്രീംകോടതി കേസുകളില്‍നിന്ന് പിന്മാറാന്‍ ഇരു സമുദായ സംഘടനകളും തീരുമാനിച്ചു. അങ്ങനെ പിന്നോക്കസമുദായ സംവരണം മേല്‍ത്തട്ടില്ലാതെ ലോകാവസാനംവരെ തുടരണമെന്ന നിലപാടില്‍നിന്ന് എസ്എന്‍ഡിപി യോഗനേതൃത്വം മാറി. അതുപോലെ പിന്നോക്കസമുദായ സംവരണത്തിലെ മേല്‍ത്തട്ടുവ്യവസ്ഥ കൂടുതല്‍ കര്‍ക്കശമാക്കണമെന്നും ചില വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള നിലപാടില്‍നിന്ന് എന്‍എസ്എസ് നേതൃത്വവും പിന്മാറി. സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് നിശ്ചിത ശതമാനം സംവരണാനുകൂല്യം നല്‍കുന്നതിന് എതിരല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഇങ്ങനെ സംവരണം സംബന്ധിച്ച് ഏറെക്കുറെ സമവായനിലപാടിലേക്ക്, പരസ്പരം പോരടിച്ചുനിന്ന ഇരുകൂട്ടരും എത്തി.

സംവരണം സാധാരണയായി പൊട്ടിത്തെറിക്കുന്ന വിഷയമാണ്. സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിനും വിദ്യാഭ്യാസപ്രവേശനത്തിനും അവസരം ലഭിക്കുന്നതിനുള്ള സംവരണം നിയമപരമായി നിലവില്‍വന്നത് വമ്പിച്ച ബഹുജനപ്രക്ഷോഭങ്ങളുടെയും അലയടിച്ചുയര്‍ന്ന പൊതുജനാഭിപ്രായങ്ങളുടെയും ഫലമായാണ്. സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് ഭരണം നിലവിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ സംവരണസംവിധാനങ്ങള്‍ വന്നതിനുശേഷമാണ് നാട്ടുരാജ്യങ്ങളില്‍ അതുണ്ടായത്. പക്ഷേ, ഈ സ്ഥലങ്ങളിലെല്ലാം സംവരണം വരുന്നതിന് പശ്ചാത്തലമായത് അതിനുവേണ്ടി നടത്തിയ പ്രക്ഷോഭമാണ്. കേരളം രൂപംകൊള്ളുന്നതിന് 65 വര്‍ഷംമുമ്പ് സംവരണത്തിനുവേണ്ടി മലയാളമണ്ണില്‍ സമരം നടന്നു. അതാണ് 121 വര്‍ഷംമുമ്പ്, പരദേശി ബ്രാഹ്മണന്മാര്‍ക്ക് പോരാ, സ്വദേശികളായ വിദ്യാസമ്പന്നര്‍ക്ക് ഉദ്യോഗം വേണം എന്ന ആവശ്യമുയര്‍ത്തി തിരുവിതാംകൂറില്‍ നടന്ന മലയാളി മെമ്മോറിയല്‍ അഥവാ തിരുവിതാംകൂര്‍ മെമ്മോറിയല്‍ (1891). നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ ഒന്നിച്ചുനിന്ന് നടത്തിയ പ്രക്ഷോഭമായിരുന്നു ഇത്. എസ്എന്‍ഡിപി യോഗം രൂപീകരിക്കുന്നതിനുമുമ്പായിരുന്നു ഇത്.

മലയാളി മെമ്മോറിയലിനുശേഷവും സര്‍ക്കാരില്‍നിന്ന് അനുകൂലനടപടി ഉണ്ടാകാത്തതിനെതുടര്‍ന്ന് ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ അവര്‍ണസമുദായക്കാര്‍ തിരുവനന്തപുരത്ത് കൂടി "ഈഴവ മഹാസഭ"യ്ക്ക് രൂപംനല്‍കുകയും 13,176 പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മഹാരാജാവിന് 1896 സെപ്തംബര്‍ മൂന്നിന് സമര്‍പ്പിക്കുകയും ചെയ്തു. വിദേശത്തുനിന്നടക്കം ഉന്നത മെഡിക്കല്‍ ബിരുദം നേടിയിട്ടും തിരുവിതാംകൂര്‍ സര്‍വീസില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. പല്‍പ്പുവിനുപുറമെ മഹാകവി കുമാരനാശാന്‍, ടി കെ മാധവന്‍, സി വി കുഞ്ഞിരാമന്‍, സഹോദരന്‍ അയ്യപ്പന്‍, സി കൃഷ്ണന്‍ എന്നിവരും ഇതിന് നേതൃത്വം നല്‍കി.

പുലയസമുദായത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണ്‍ പണിയെങ്കിലും കിട്ടണമെന്ന് ആവശ്യപ്പെട്ട് 1926 നവംബര്‍ 12ന് അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ പ്രസംഗിച്ചു. ഈ ആവശ്യങ്ങളെല്ലാം നിരാകരിച്ച പശ്ചാത്തലത്തിലാണ് 1932ലെ നിവര്‍ത്തനപ്രക്ഷോഭം. ഇതിന് നായര്‍ ഇതര സമുദായങ്ങളാണ് നേതൃത്വം നല്‍കിയത്. ജനസംഖ്യാനുപാതികമായി എല്ലാ സമുദായങ്ങള്‍ക്കും, പ്രത്യേകിച്ച് ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ഭരണത്തിലും ഉദ്യോഗത്തിലും പ്രാമുഖ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് 1933 ഡിസംബര്‍ ഏഴിന് മഹാരാജാവിന് നിവേദനവും നല്‍കി. 1935 മേയില്‍ കോഴഞ്ചേരിയില്‍ സി കേശവന്‍ നടത്തിയ പ്രസംഗവും അറസ്റ്റും പ്രക്ഷോഭത്തിന് കരുത്തുപകര്‍ന്നു. നിവര്‍ത്തനപ്രക്ഷോഭത്തെ പിന്തുണച്ച് ഇ എം എസിന്റെ നേതൃത്വത്തിലുള്ള "പ്രഭാതം" രംഗത്തെത്തി. അവസാനം നിവര്‍ത്തനപ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ രാജഭരണം നിര്‍ബന്ധിതമായി. മത, ജാതി പരിഗണനയില്ലാതെ മെറിറ്റ് നോക്കി സര്‍വീസില്‍ നിയമനം നടത്തുന്നതിനുള്ള പബ്ലിക് സര്‍വീസ് കമീഷണറെ നിയമിച്ച് ഉത്തരവായി. ജനസംഖ്യാടിസ്ഥാനത്തില്‍ സമുദായസംവരണ മാനദണ്ഡവും നിയമനത്തില്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലും ഇതിന് സമാനമായ സംവിധാനം വന്നു. എന്നാല്‍, മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറില്‍ പിന്നോക്കസമുദായ സംവരണം 1921ല്‍തന്നെ നടപ്പില്‍വന്നിരുന്നു.

ഇതൊക്കെയാണെങ്കിലും പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണവും യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനവും സുവ്യക്തമായി കേരളത്തിലാകെ നിയമപരമായി നടപ്പാക്കിയത് 1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. കേരളപ്പിറവിക്കുമുമ്പ് പിന്നോക്കവിഭാഗങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന 35 ശതമാനം സംവരണം 40 ശതമാനമായി ഉയര്‍ത്തുകയും പട്ടികജാതി- പട്ടികവര്‍ഗ സംവരണം 10 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തത് ഇ എം എസ് സര്‍ക്കാരാണ്. അങ്ങനെ രാജ്യത്താദ്യമായി നിയമനങ്ങളില്‍ 50 ശതമാനം സംവരണവും 50 ശതമാനം മെറിറ്റും എന്ന വ്യവസ്ഥ നിലവില്‍വന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെയടക്കം നിയമനങ്ങള്‍ പിഎസ്സി മുഖാന്തരമാക്കിയതും ഇ എം എസ് സര്‍ക്കാരാണ്.

ഈ ചരിത്രപശ്ചാത്തലത്തില്‍ വേണം പില്‍ക്കാല സംവരണനയത്തെയും വിഷയങ്ങളെയും സമീപിക്കാന്‍. കേരളപ്പിറവിക്കുമുമ്പും ശേഷവും സംവരണനയത്തില്‍ തെളിമയുള്ള കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിന്റെ പേരില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇ എം എസിനെയും എത്രമാത്രം ആക്രമിക്കുകയായിരുന്നു സംവരണസംരക്ഷണ നേതാക്കളെന്നത് ഈ ഘട്ടത്തില്‍ ഓര്‍മിക്കുന്നത് നല്ലതാണ്. ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് രൂപീകരിച്ച, ഇ എം എസ് അധ്യക്ഷനായ ഭരണപരിഷ്കാര കമീഷന്‍ സംവരണത്തില്‍ ഒരു പ്രധാന ഭേദഗതി നിര്‍ദേശിച്ചിരുന്നു. സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് സംവരണം തുടരുന്നതിനോടൊപ്പംതന്നെ പിന്നോക്കജാതിക്കാരിലെ ധനപരമായി മുന്നണിയിലുള്ള വിഭാഗങ്ങളെ സംവരണത്തില്‍നിന്ന് ഒഴിവാക്കണം എന്നതായിരുന്നു അത്. ഈ നിര്‍ദേശത്തിന് ഇ എം എസിനെ പ്രേരിപ്പിച്ചത് മലയാളത്തിന്റെ മഹാകവിയും എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ നിലപാടായിരുന്നു. പിന്നോക്കമെന്നോ അധഃകൃതരെന്നോ പറയപ്പെടുന്ന സമുദായങ്ങളില്‍ സര്‍ക്കാര്‍ സൗജന്യത്തിന്റെ ആവശ്യമോ അര്‍ഹതയോ ഇല്ലാത്ത കുട്ടികളുണ്ടെന്നും അവര്‍ക്ക് വിദ്യാഭ്യാസ സൗജന്യം നല്‍കുന്നത് പാഴ്ച്ചെലവാണെന്നും 1921 മാര്‍ച്ച് 10ന് ശ്രീമൂലം അസംബ്ലിയില്‍ കുമാരനാശാന്‍ ചൂണ്ടിക്കാണിച്ചു. പുലയര്‍, പറയര്‍ മുതലായ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യങ്ങള്‍ അനുസ്യൂതമായി തുടരണമെന്നും ആശാന്‍ നിര്‍ദേശിച്ചു. ആശാനെ ഇതിന് പ്രേരിപ്പിച്ചത് അന്ന് നിലവിലുണ്ടായിരുന്ന ജാതിഘടനയ്ക്കുള്ളിലെ ജാതിവൈരുധ്യമായിരുന്നു; ഒരേസമുദായത്തിലെ ധനസ്ഥിതിയുള്ള തറവാടികള്‍, അതില്ലാത്ത സാമാന്യ സമുദായ അംഗങ്ങളോട് കാണിച്ച ഗര്‍വും അസൂയയുമായിരുന്നു. ഈഴവരിലെ സാമ്പത്തികമായി പിന്നോക്കംനിന്ന കുടുംബത്തില്‍പ്പെട്ട കുമാരനാശാന് സമ്പന്നരായ ഈഴവരില്‍നിന്ന് മോശമായ പെരുമാറ്റം പലതവണയുണ്ടായി. ഇങ്ങനെ ആഭിജാത ഈഴവരും ദരിദ്ര ഈഴവരും ഒരു ജാതിയില്‍തന്നെ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ ഒരുപരിധിവരെ ഉപകരിക്കുന്നതാണ് സംവരണം ആ സമുദായത്തിലെ ദരിദ്രര്‍ക്ക് ആദ്യം കിട്ടണമെന്നത്. ഈ ആശയമാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്കാര കമീഷന്‍ ശുപാര്‍ശചെയ്തത്.

ഇതിന്റെ പേരില്‍ എന്തെല്ലാം പുകിലായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ ഇ എം എസ് പങ്കെടുത്ത കുളത്തൂരിലെ പൊതുയോഗത്തില്‍ കേരളകൗമുദി പത്രാധിപരായിരുന്ന കെ സുകുമാരന്‍ ഇ എം എസിനെതിരായി നടത്തിയ സംവരണസംരക്ഷണപ്രസംഗത്തെ കേരളകൗമുദിയും സംവരണസംരക്ഷണക്കാരും ഇന്നും കൊട്ടിഘോഷിക്കുന്നുണ്ടല്ലോ. പിന്നോക്കസമുദായ സംവരണത്തിന് മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്താന്‍ സമയമായില്ലെന്ന അഭിപ്രായം അന്ന് ഇ എം എസ്കൂടി പങ്കെടുത്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. പക്ഷേ, അന്നുയര്‍ത്തിയ ആശയം കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നീട് ഉപേക്ഷിച്ചില്ല. സുകുമാരന്റെ കുളത്തൂര്‍ പ്രസംഗത്തോടൊപ്പമല്ല, ഇ എം എസിന്റെ നിലപാടിനൊപ്പമായി ഇന്ന് എസ്എന്‍ഡിപി യോഗം. കമ്യൂണിസ്റ്റ് നിലപാടിനെ സാധൂകരിക്കുന്നതാണ്, പിന്നോക്കസമുദായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് വാര്‍ഷികവരുമാനം കണക്കാക്കണമെന്ന 1965ലെ കുമാരപിള്ള കമീഷന്‍ ശുപാര്‍ശയും ഉദ്യോഗസംവരണത്തിന് സംവരണാനുകൂല്യമുള്ള കുടുംബങ്ങളുടെ സാമ്പത്തികസ്ഥിതി കണക്കിലെടുക്കണമെന്ന 1970ലെ നെട്ടൂര്‍ പി ദാമോദരന്‍ ചെയര്‍മാനായ നെട്ടൂര്‍ കമീഷന്റെ ശുപാര്‍ശയും.

നെട്ടൂര്‍ കമീഷന്‍ ശുപാര്‍ശയെതുടര്‍ന്ന് എന്‍എസ്എസും എസ്എന്‍ഡിപിയും രണ്ടുചേരിയില്‍നിന്ന് തെരുവിലിറങ്ങി ഏറ്റുമുട്ടി. പിന്നീട് സംവരണത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്തി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെതുടര്‍ന്ന് അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കേരളത്തിനുമായില്ല. ഈ ഘട്ടത്തിലാണ് സിപിഐ എമ്മിനെ വലിയതോതില്‍ ഒറ്റപ്പെടുത്തി പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും കക്ഷികളടക്കം യോജിച്ച് കേരള നിയമസഭയില്‍ സംവരണസംരക്ഷണ നിയമം പാസാക്കിയത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. സംവരണസംരക്ഷണ ബില്ലിനെ കേരള നിയമസഭയില്‍ എതിര്‍ത്ത ഏക രാഷ്ട്രീയപ്രസ്ഥാനം സിപിഐ എമ്മാണ്. അന്ന് പാര്‍ടി മുന്നോട്ടുവച്ച സംവരണനയത്തില്‍ മൂന്നു നിര്‍ദേശങ്ങളുണ്ടായിരുന്നു.

1. പിന്നോക്കസമുദായ സംവരണത്തില്‍ മേല്‍ത്തട്ടുവ്യവസ്ഥ ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യപരിഗണന സംവരണാനുകൂല്യമുള്ള സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുക.
2. സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ള പാവപ്പെട്ടവര്‍ മതിയായത്ര എണ്ണം ഇല്ലെങ്കില്‍ ആ ഒഴിവില്‍ അതേസമുദായത്തിലെ മേല്‍ത്തട്ടുകാരെ പരിഗണിക്കുക.
3. മുന്നോക്കസമുദായത്തിലെ ദരിദ്രര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നല്‍കുക.

സിപിഐ എം അന്നുയര്‍ത്തിയ ഈ നയത്തിന്റെ പാതയിലേക്കാണ് സംവരണവിഷയത്തില്‍ സമവായമുണ്ടാക്കിയതിലൂടെ ഏറെക്കുറെ എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും നേതാക്കള്‍ എത്തിയിരിക്കുന്നത്. ഇതിലൂടെ സിപിഐ എം ഉയര്‍ത്തിപ്പിടിച്ച സംവരണനയത്തിന്റെ ശരി കാലം തെളിയിച്ചിരിക്കുകയാണ്.


*****

ആര്‍ എസ് ബാബു

No comments: