Saturday, November 24, 2012

വഴി തെറ്റുന്ന നിയമം

മണിയുടെ അറസ്റ്റ് അപ്രതീക്ഷിതമല്ല. പക്ഷേ, അടിയന്തരാവസ്ഥയെ ഭയാനകമായി ഓര്‍മിപ്പിക്കുംവിധം നേരം പുലരുംമുമ്പേ വീട് വളഞ്ഞുള്ള അറസ്റ്റ് ഒരുതരം രാഷ്ട്രീയ ചെറ്റത്തരമായി. ദീര്‍ഘകാലമായി പൊതുരംഗത്ത് അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയെ അപമാനിക്കുന്നതിനുവേണ്ടിയാണ് ഈ അറസ്റ്റ്. പിടികിട്ടാപ്പുള്ളിയെയോ ഭീകരപ്രവര്‍ത്തകനെയോ പിടികൂടുംവിധമുള്ള പൊലീസ് നടപടി നിയമവ്യവസ്ഥയ്ക്ക് നിരക്കാത്തതും രാഷ്ട്രീയ മര്യാദയുടെ ലംഘനവുമാണ്. മണക്കാട് പ്രസംഗത്തിന്റെ പേരിലാണ് മണി അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡിലായത്. പ്രസംഗത്തിനിടെ ഒരു പഴംകഥ പറഞ്ഞുവെന്നതാണ് കുറ്റം.

പ്രത്യാഘാതമില്ലാത്തതായിരുന്നു ആ പ്രസംഗം. അതിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ സൃഷ്ടിച്ച കോലാഹലമല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളാകട്ടെ വിചാരണ കഴിഞ്ഞ് അവസാനിപ്പിച്ചതുമാണ്. ഇനിയും അന്വേഷണവും വിചാരണയും ആവശ്യമെങ്കില്‍ നിയമം അനുവദിക്കുന്ന രീതിയിലാകാം. കെ സുധാകരനും പി കെ ബഷീറും കുറ്റകരമായി പ്രസംഗിച്ചവരാണ്. വെളിപ്പെടുത്തല്‍ മാത്രമല്ല, ഭീഷണിയും അവരുടെ പ്രസംഗത്തിലുണ്ട്. മണിയില്‍ ആരോപിക്കപ്പെട്ട വെളിപ്പെടുത്തലിനേക്കാള്‍ ഒട്ടും ലഘുവായതല്ല സുധാകരന്റെയും ബഷീറിന്റെയും വെളിപ്പെടുത്തലുകള്‍. എന്നാല്‍, മണിമാത്രമാണ് പ്രോസിക്യൂഷന് വിധേയനാകുന്നത്. രാഷ്ട്രീയമായ മുതലെടുപ്പിനുവേണ്ടി പൊലീസിനെയും നിയമസംവിധാനത്തെയും ദുരുപയോഗംചെയ്യുന്ന ഹീനമായ പ്രവൃത്തിയാണിത്. നാല്‍പ്പാടി വാസുവിന്റെ വധത്തെ വിസ്മരിച്ച് അഞ്ചേരി ബേബിയുടെ കേസില്‍ പുനരന്വേഷണത്തിന് ഇറങ്ങുന്നവര്‍ സദുദ്ദേശ്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നത്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് അറസ്റ്റുണ്ടായതെന്ന് ആഭ്യന്തരമന്ത്രി പറയുന്നു. നിവൃത്തികേട് എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

നുണപരിശോധനയ്ക്ക് വിധേയനാകാന്‍ മണി സമ്മതം നല്‍കിയില്ലെന്നതു മാത്രമാണ് പുതിയ സാഹചര്യം. ഇത്തരം പരിശോധനകള്‍ ഭരണഘടനയ്ക്കും പൗരസ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മൗനം പാലിക്കുന്നതിനുള്ള അവകാശവും ഭരണഘടന മണിക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ, അന്വേഷണസംഘത്തിനുമുന്നില്‍ മണി ഒരിക്കലും നിശബ്ദനായിരുന്നിട്ടില്ല. നാലഞ്ചു മാസമായി മണി അന്വേഷണത്തിനും ചോദ്യംചെയ്യലിനും വിധേയനായി കഴിയുന്നു. ഇനി കൂടുതലൊന്നും ചോദിച്ചറിയാനില്ല. അറസ്റ്റിലായ മണിയെ എന്നിട്ടും കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അത് മജിസ്ട്രേട്ടിന്റെ വിമര്‍ശത്തിനു കാരണമായി. ഒരു കേസില്‍ രണ്ടു വിചാരണ പാടില്ലെന്ന തത്വത്തിനു വിരുദ്ധമായി ഫയല്‍ചെയ്യപ്പെട്ട രണ്ടാം എഫ്ഐആര്‍ റദ്ദാക്കണമെന്ന മണിയുടെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹര്‍ജികള്‍ നിലവിലിരിക്കേ ഉണ്ടായ അറസ്റ്റ് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ താനെന്താണ് ചെയ്യേണ്ടതെന്ന് നെടുങ്കണ്ടം മജിസ്ട്രേട്ട് ചോദിച്ചത് വെറുതെയല്ല. ഒഞ്ചിയത്തെ ഓളങ്ങള്‍ അടങ്ങിയപ്പോള്‍ മറ്റൊരു ഓളം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. ആന്റണിയുടെ വിമര്‍ശം ഉള്‍പ്പെടെ നിരവധി ജാള്യതകള്‍ക്കിടയില്‍ മുഖം പൂഴ്ത്താന്‍ അല്‍പ്പം ഇടം ഉമ്മന്‍ചാണ്ടിക്കാവശ്യമുണ്ട്. അതാണിപ്പോള്‍ തിരുവഞ്ചൂര്‍ ഉണ്ടാക്കിക്കൊടുത്തത്. നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. നിയമത്തിന് സ്വന്തമായ വഴിയില്ല. നടപടിക്രമം നിര്‍ദേശിക്കുന്ന വഴിയേ ആണ് നിയമം സഞ്ചരിക്കേണ്ടത്.

മണിയുടെ അറസ്റ്റില്‍ നിയമത്തിനു വഴി തെറ്റി. അജ്മല്‍ കസബിനെ തൂക്കിലേറ്റിയത് "ഓപ്പറേഷന്‍ എക്സ്" എന്ന് പേരിട്ട നടപടികള്‍ പ്രകാരമായിരുന്നു. രഹസ്യമായി കാര്യങ്ങള്‍ നീക്കേണ്ടി വരുമ്പോഴാണ് ഇത്തരം പേരുകള്‍ ഉണ്ടാകുന്നത്. നാമകരണത്തില്‍ കേരള പൊലീസിന് കുറെക്കൂടി ഭാവനയുണ്ട്. ഇവിടെ വെറും എക്സല്ല; "ഓപ്പറേഷന്‍ റിങ്ടോണ്‍" ആണ്, മണിനാദം. ഒരു മാവോയിസ്റ്റ് തീവ്രവാദിയെ പിടിക്കാനുള്ള ഓപ്പറേഷന്‍ എന്നാണത്രേ പ്രചരിപ്പിക്കപ്പെട്ടത്. തീവ്രവാദിയോടെന്നപോലെയാണ് പൊലീസ് മണിയോട് പെരുമാറിയത്. നേരം പുലരും മുമ്പേയുള്ള നാടകീയമായ അറസ്റ്റും തുടര്‍നടപടികളും അതാണ് സൂചിപ്പിക്കുന്നത്. അറസ്റ്റിനൊപ്പം സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി പറഞ്ഞു.

നാടകം അസംബന്ധമായാല്‍ പിന്നെ ആദിമധ്യാന്തം യുക്തിയും ഔചിത്യവും പ്രതീക്ഷിക്കരുത്. കസബിനെ തൂക്കിലേറ്റിയത് ശരിയെങ്കിലും ആ ശരിയില്‍ ഒരു രാഷ്ട്രീയമുണ്ട്. ഉലയുന്ന യുപിഎക്ക് ധീരതയുടെ മുഖപടം ആവശ്യമുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസിലും രാജീവ് ഗാന്ധി വധക്കേസിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അനിശ്ചിതത്വത്തിന്റെ ആശങ്കയില്‍ കഴിയുമ്പോള്‍ കസബിന്റെ കാര്യത്തില്‍ അതിശീഘ്രം തീരുമാനമുണ്ടായത് രാഷ്ട്രീയമായ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ്. മണിയുടെ കാര്യത്തിലും ഇത് ശരിയാണ്. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കുകയെന്ന രാഷ്ട്രീയമായ ഉദ്ദേശ്യത്തോടെ കരുക്കള്‍ നീക്കുമ്പോള്‍ തങ്ങള്‍തന്നെയാണ് പ്രതിക്കൂട്ടിലാകുന്നതെന്ന കാര്യം തിരുവഞ്ചൂരും കൂട്ടരും അറിയുന്നില്ല.

*
ഡോ. സെബാസ്റ്റ്യന്‍പോള്‍ ദേശാഭിമാനി

No comments: