Tuesday, November 20, 2012

ഇരുട്ടില്‍ തപ്പുന്ന വൈദ്യുതിബോര്‍ഡ്

വൈദ്യുതിബോര്‍ഡ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. വൈദ്യുതിക്കമ്മിയും സാമ്പത്തികപ്രതിസന്ധിയും സ്ഥാപനത്തെ ബാധിക്കുന്നുണ്ട്. രാവിലെയും വൈകിട്ടുമായി അരമണിക്കൂര്‍വീതം ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ് കൊണ്ടുമാത്രം ഈ പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിച്ചും പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത ഉയര്‍ത്തിയും മാത്രമേ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകൂ. എന്നാല്‍, അതിനുള്ള ഇച്ഛാശക്തി വൈദ്യുതിബോര്‍ഡിനില്ല. പ്രവര്‍ത്തനസ്തംഭനവും കാര്യക്ഷമതാരാഹിത്യവും സ്ഥാപനത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു. ഉല്‍പ്പാദന- പ്രസരണ- വിതരണ മേഖലകളെല്ലാം സ്തംഭനാവസ്ഥയിലാണ്.

ഇഴയുന്ന പദ്ധതികള്‍

പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട, വിലങ്ങാട് എന്നിങ്ങനെ നാം നടപ്പാക്കിവന്ന ഒട്ടുമിക്ക പദ്ധതികളും മുടങ്ങിയ അവസ്ഥയിലോ ഇഴഞ്ഞുനീങ്ങുകയോ ആണ്. ജീവനക്കാരുടെയോ ഓഫീസര്‍മാരുടെയോ വീഴ്ചയല്ല ഇതിനു കാരണം. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ബോര്‍ഡ് തലത്തിലുണ്ടാകുന്ന കാലതാമസവും ചിലഘട്ടങ്ങളില്‍ ഒരു തീരുമാനവും എടുക്കാതിരിക്കലുമാണ് പദ്ധതികള്‍ മുടങ്ങാന്‍ കാരണം. പള്ളിവാസല്‍ എക്സ്റ്റന്‍ഷനിലെ ടണല്‍ നിര്‍മാണം മണ്ണിടിച്ചില്‍മൂലം മുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇത് പരിഹരിക്കാന്‍ ബോര്‍ഡിലേക്ക് സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ തീരുമാനമുണ്ടാകാത്തത് പദ്ധതിപ്രവര്‍ത്തനം നിശ്ചലമാക്കി. പുതിയ ഉല്‍പ്പാദനപദ്ധതികള്‍ കണ്ടെത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളും സ്തംഭനത്തിലാണ്. കുറെ പ്രകൃതിവാതകനിലയങ്ങളുടെ പേര് പറയുന്നതല്ലാതെ ജലവൈദ്യുതപദ്ധതികള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനോ ബൈഥരണി കല്‍ക്കരിപ്പാലം വികസിപ്പിക്കലടക്കം പുതിയ സാധ്യതകള്‍ തേടുന്നതിനോ ഒരു ശ്രമവും ബോര്‍ഡിന്റെ ഭാഗത്തുനിന്നില്ല.

പ്രസരണരംഗത്തും സ്തംഭനം

പ്രസരണ- വിതരണ മേഖലകളിലും ഇതേ അവസ്ഥയാണ്. പ്രസരണമേഖലയില്‍ 2012-13 സാമ്പത്തികവര്‍ഷത്തില്‍ ലക്ഷ്യമിട്ട ഒരു പദ്ധതിപോലും പൂര്‍ത്തിയാകില്ലെന്ന സ്ഥിതിയാണ്. 2011-12 കാലത്ത് പൂര്‍ത്തിയാകേണ്ട സബ്‌സ്റ്റേഷനുകളുടെ നിര്‍മാണംപോലും എങ്ങുമെത്തിയില്ല. ടാര്‍ജറ്റ് അനുസരിച്ച് പണി പൂര്‍ത്തിയാക്കുന്നതിന് ഒട്ടേറെ മാതൃക നാം സൃഷ്ടിച്ചിരുന്നു. എന്നാല്‍, ആ നേട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്ന സ്ഥിതിയാണ് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് സംജാതമായത്. ഒന്നരവര്‍ഷത്തിനിടയില്‍ പണിപൂര്‍ത്തിയായത് 13 സബ്‌സ്റ്റേഷനാണ്. ഇതാകട്ടെ, 2011 മാര്‍ച്ചില്‍ പൂര്‍ത്തിയായി തെരഞ്ഞൈടുപ്പായതിനാല്‍ ഉദ്ഘാടനം നടക്കാതിരുന്ന നാല് സബ്‌സ്റ്റേഷന്‍ ഉള്‍പ്പെടെയാണ്. ഇടതുമുന്നണി ഭരണകാലത്ത് പ്രതിവര്‍ഷം ശരാശരി 19 സബ്‌സ്റ്റേഷന്‍വീതം കമീഷന്‍ ചെയ്തിരുന്നു.

തകരുന്ന വിതരണരംഗം

ഉപഭോക്താക്കളുടെ സംതൃപ്തി കൈവരിക്കുന്നതിന് ഒട്ടേറെ നൂതന ആശയങ്ങള്‍ നടപ്പാക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞിരുന്നു. ബില്ലിങ് കംപ്യൂട്ടറൈസേഷന്‍, മോഡല്‍ സെക്ഷന്‍, വോള്‍ട്ടേജ് അദാലത്ത്, 24 മണിക്കൂറും വാഹനസൗകര്യത്തോടെയുള്ള ബ്രേക്ക്ഡൗണ്‍ ടീം... ഇങ്ങനെ നിരവധി പദ്ധതികളിലൂടെയാണ് പരാതിരഹിത വൈദ്യുതിബോര്‍ഡ് സങ്കല്‍പ്പത്തിലേക്ക് നാം എത്തിയത്. സമ്പൂര്‍ണ വൈദ്യുതീകരണം, സിഎഫ്എല്‍ വിതരണം, ഊര്‍ജ സംരക്ഷണക്യാമ്പയിനുകള്‍, ജനകീയ അദാലത്തുകള്‍ തുടങ്ങിയ ഒട്ടേറെ ഇടപെടലുകള്‍ക്ക് വൈദ്യുതിബോര്‍ഡ് നേതൃത്വം നല്‍കി. എന്നാല്‍, സൗജന്യ വൈദ്യുതി കണക്ഷന്‍ എടുത്തുകളഞ്ഞതടക്കം ഈയടുത്തകാലത്ത് വൈദ്യുതിബോര്‍ഡ് സ്വീകരിച്ച നടപടികളെല്ലാം ഉപയോക്താക്കളെ ബോര്‍ഡിന് എതിരാക്കുന്നവയാണ്. മോഡല്‍ സെക്ഷന്‍ സങ്കല്‍പ്പംപോലും ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. വാഹന ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉപഭോക്തൃസേവനം താറുമാറാക്കി. മാത്രമല്ല, സെക്ഷനുകളുടെ ചുമതല നിര്‍വഹിക്കേണ്ട അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തിക പലയിടത്തും ഒഴിഞ്ഞുകിടക്കുകയാണ്.

തൊഴിലവകാശങ്ങള്‍ നിഷേധിക്കുന്നു

ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. നീണ്ട കാത്തിരിപ്പിനുശേഷം ഡിഎ കുടിശ്ശിക അനുവദിക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതനുസരിച്ച് വൈദ്യുതിബോര്‍ഡിലും ഡിഎ കിട്ടും എന്നതിന് ഉറപ്പില്ലെന്ന് ബോധ്യപ്പെടുത്തുന്നതായി ഈ കാലതാമസം. സാധാരണനിലയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ട ജനറല്‍ ട്രാന്‍സ്ഫര്‍ പരമാവധി ജൂണ്‍വരെ നീണ്ടുപോയ ചരിത്രമാണുള്ളത്; അതും തെരഞ്ഞെടുപ്പുപോലുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍. എന്നാല്‍, ഇത്തവണ ഉത്തരവുകള്‍ വന്നുതുടങ്ങിയത് ജൂലൈ അവസാനത്തിലാണ്. അത് ഇനിയും പൂര്‍ത്തിയായിട്ടില്ല. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് ഇങ്കുബേറ്ററില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡങ്ങളുടെ ലംഘനം അനവധിയാണ്. അവ തിരുത്തുന്നതിന് നടപടിയുണ്ടാകുന്നില്ല. നികത്താത്ത ഒഴിവുകള്‍ ഒഴിവുകള്‍ നികത്തപ്പെടാതെ പ്രൊമോഷനുകള്‍ അനിശ്ചിതമായി നീളുകയാണ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാരിലേക്കുള്ള പ്രൊമോഷന് അഞ്ചു മാസത്തോളം കാലതാമസം വന്നെങ്കില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തസ്തികയിലേക്ക് വീണ്ടും നാലഞ്ച് മാസം കഴിഞ്ഞിട്ടും ഒരു നടപടിയുമായില്ല. നൂറില്‍പ്പരം സെക്ഷന്‍ ഓഫീസുകളില്‍ എഇഒമാരില്ല. സബ് എന്‍ജിനിയര്‍മാരില്‍നിന്നുള്ള പ്രൊമോഷന്‍ അനിശ്ചിതമായി നീളുന്നതാണ് കാരണം. സെക്ഷനുകളിലെ റവന്യൂ പ്രവര്‍ത്തനങ്ങളുടെ തലവന്‍ സീനിയര്‍ സൂപ്രണ്ടാണ്. ഈ തസ്തികയിലും നിരവധി ഒഴിവുകളാണ്.

സ്വകാര്യവല്‍ക്കരണ സമ്മര്‍ദം

രാജ്യമാകെ വൈദ്യുതി വിതരണമേഖല കടുത്ത പ്രതിസന്ധിയിലാണ്. മിക്കവാറും യൂട്ടിലിറ്റികള്‍ കടക്കെണിയിലാണ്. ഇത് പരിഹരിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക രക്ഷാപാക്കേജ് ഈ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധിതമാക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ബോര്‍ഡിന്റെ വിഭജനവും സ്വകാര്യവല്‍ക്കരണവും ലക്ഷ്യംവച്ചുള്ള ശക്തമായ സമ്മര്‍ദമാണ് കേന്ദ്രസര്‍ക്കാര്‍ ചെലുത്തുന്നത്. വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടന കാലതാമസമില്ലാതെ നടപ്പാക്കണമെന്ന നിലപാട് സംസ്ഥാനസര്‍ക്കാരും പ്രഖ്യാപിച്ചുകഴിഞ്ഞു. പൊതുമേഖലയില്‍ ഒറ്റസ്ഥാപനം എന്ന മുന്‍സര്‍ക്കാരിന്റെ സമീപനം തുടരുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്്. എന്നാല്‍, വിതരണമേഖലയില്‍ സ്വകാര്യവല്‍ക്കരണം നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയെടുത്ത തീരുമാനം കേരളത്തിന്റെ നിലപാടുകളെയും ഗുരുതരമായി ബാധിക്കുമെന്നത് കാണിക്കാതിരിക്കാനാകില്ല. ബോര്‍ഡിന്റെ കൂപ്പുകുത്തല്‍ വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടന അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദങ്ങളെ ഒരു ബദല്‍നയത്തിന്റെ അടിസ്ഥാനത്തില്‍ ചെറുത്തുനിന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ വൈദ്യുതിബോര്‍ഡിനെ രാജ്യത്തിനാകെ മാതൃകയാക്കി മാറ്റിയത്. ജീവനക്കാരെയും ഓഫീസര്‍മാരെയും വിശ്വാസത്തിലെടുത്ത് ഉല്‍പ്പാദന-വിതരണ-പ്രസരണ മേഖലകളിലെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാനും ഇക്കാലത്ത് ബോര്‍ഡിനായി.

കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിവിഹിതം കുറഞ്ഞതടക്കമുള്ള കടുത്ത പ്രതിസന്ധിയിലും ഊര്‍ജ സംരക്ഷണപ്രവര്‍ത്തനങ്ങളും ഫലപ്രദമായ ഊര്‍ജ മാനേജ്മെന്റ് മുഖാന്തരവും പ്രതിസന്ധികളെ അതിജീവിക്കുന്നതിന് നമുക്ക് കഴിഞ്ഞു. വൈദ്യുതി താരിഫ് വര്‍ധിപ്പിക്കാതെ ബോര്‍ഡിന്റെ കടബാധ്യത 4500 കോടി രൂപയില്‍നിന്ന് 1100 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇതേകാലത്തുതന്നെ 3400 കോടിയോളം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, ഈ സ്ഥിതിയാകെ മാറി. വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യം മറികടക്കുന്നതിനുപോലും ക്രിയാത്മകമായി ഇടപെടാന്‍ ബോര്‍ഡിന് കഴിയുന്നില്ല. ലോഡ് ഷെഡിങ്, പവര്‍കട്ട് എന്നിവയിലൂടെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുക, സാമ്പത്തികബാധ്യത താരിഫിലൂടെ ഈടാക്കുക എന്നീ മാര്‍ഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ബോര്‍ഡ് ആരായുന്നത്. ഊര്‍ജസംരക്ഷണ ക്യാമ്പയിനുകള്‍പോലും അനാവശ്യചെലവാണ് എന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സ്വകാര്യവല്‍ക്കരണ അജന്‍ഡയ്ക്ക് ന്യായം ഉണ്ടാക്കാനുള്ള ശ്രമമാണോ ഇന്നത്തെ വൈദ്യുതിബോര്‍ഡിന്റെ പോക്ക് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വൈദ്യുതിബോര്‍ഡിനെ രക്ഷിക്കാന്‍ ജനങ്ങളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

*****

എം ജി സുരേഷ്കുമാര്‍

No comments: