Wednesday, November 7, 2012

ഒക്ടോബര്‍വിപ്ലവത്തിന്റെ അനുഭവപാഠം

ആഗോള മുതലാളിത്തം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധികളിലൊന്ന് നേരിടുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി ഒക്ടോബര്‍ വിപ്ലവത്തിന്റെ വാര്‍ഷികം (95-ാം വാര്‍ഷികം) കടന്നുവരുന്നത്. ഒട്ടേറെ കാരണങ്ങളാല്‍ ഈ പ്രതിസന്ധി 1930കളിലെ മഹാമാന്ദ്യത്തേക്കാള്‍ വ്യാപ്തിയുള്ളതായി വരുന്നു. പ്രതിസന്ധി അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്, ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണം കാണുന്നുമില്ല.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള പ്രധാന സമ്പദ്ഘടനകള്‍ മാന്ദ്യത്തില്‍ത്തന്നെ തുടരുകയാണ്. യൂറോപ്പിലെ പത്ത് രാജ്യങ്ങള്‍ രണ്ടോ അതില്‍കൂടുതലോ തുടര്‍ച്ചയായ ത്രൈമാസങ്ങളില്‍ ഋണവളര്‍ച്ച രേഖപ്പെടുത്തിയതിനാല്‍ ഔദ്യോഗികമായി മാന്ദ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം, അയര്‍ലണ്ട്, ഗ്രീസ്, സ്ലോവേനിയ, നെതര്‍ലന്‍ഡ്സ് (11 യൂറോസോണ്‍ രാജ്യങ്ങളില്‍ ഏഴെണ്ണം) എന്നിവയും ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, ചെക്ക് റിപ്പബ്ലിക് എന്നിവയുമാണ് ഈ രാജ്യങ്ങള്‍. ഇതിന്റെ ഫലമായി തൊഴിലില്ലായ്മ ഭയപ്പെടുത്തുന്ന രീതിയില്‍ കുതിക്കുന്നു. ഗ്രീസിലും സ്പെയിനിലും 15നും 25നും മധ്യേ പ്രായമുള്ളവരില്‍ 51 ശതമാനം തൊഴില്‍രഹിതരാണ്, ഇറ്റലിയിലും പോര്‍ച്ചുഗലിലും ഇത് 36 ശതമാനവും അയര്‍ലണ്ടില്‍ 30 ശതമാനവും ഫ്രാന്‍സില്‍ 20 ശതമാനത്തില്‍ കൂടുതലുമാണ്. മറ്റ് രാജ്യങ്ങളിലെ സ്ഥിതിയും ഭിന്നമല്ല.

അസ്ഥിരസ്വഭാവമുള്ള രാജ്യാന്തര ധനമൂലധനം നയിക്കുന്ന സാമ്രാജ്യത്വ ആഗോളവല്‍ക്കരണം ആഗോളമുതലാളിത്തത്തെ ഗുരുതരമായ പ്രതിസന്ധികളിലേക്ക് ആവര്‍ത്തിച്ച് തള്ളിവിടുന്നു. ലാഭം പരമാവധി കൊയ്യുന്നതിനെയും ആക്രമണോത്സുകമായ മൂലധനം കുമിഞ്ഞുകൂടുന്നതിനെയും തുടര്‍ന്ന് ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ക്രയശേഷി ഇടിഞ്ഞതിന്റെ ഫലമായി രൂപംകൊണ്ട പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ വാഗ്ദാനംചെയ്ത് ചോദന (ഡിമാന്‍ഡ്) സൃഷ്ടിച്ചു. ഇത് താല്‍ക്കാലികമായി പരമാവധി ലാഭം നിലനിര്‍ത്താന്‍ സഹായിച്ചു. എന്നാല്‍, ക്രമേണ ഇത് സബ്പ്രൈം പ്രതിസന്ധിയിലേക്ക് നീങ്ങുകയും സര്‍വരംഗങ്ങളിലും സാമ്പത്തികത്തകര്‍ച്ച ഉണ്ടാവുകയുംചെയ്തു. ഈ പ്രതിസന്ധി മറികടക്കാന്‍, തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ കോര്‍പറേറ്റുകള്‍ക്കുതന്നെ ആദ്യം പ്രയോജനം ലഭിക്കുന്ന വിധത്തില്‍ രക്ഷാപദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. സര്‍ക്കാരുകള്‍ പണം കടമെടുത്ത് നടപ്പാക്കിയ ഈ രക്ഷാപദ്ധതികളുടെ ഫലമായി പല രാജ്യങ്ങളുടെയും ദേശീയകടം നിയന്ത്രണാതീതമായി. കോര്‍പറേറ്റുകള്‍ നേരിട്ട കടക്കെണി അങ്ങനെ സര്‍ക്കാരുകളുടെ കടക്കെണിയായി മാറി. പരമാധികാര രാജ്യങ്ങള്‍ ഇത്തരത്തില്‍ പാപ്പര്‍ ഭീഷണി നേരിട്ടപ്പോള്‍ അവയുടെ ചെലവ് കുറയ്ക്കേണ്ടത് അത്യാവശ്യമായി. സര്‍ക്കാരുകള്‍ സാമൂഹിക-ക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കുകയും വേതനം മരവിപ്പിക്കല്‍, തൊഴില്‍സമയം ദീര്‍ഘിപ്പിക്കല്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ചുരുക്കല്‍ എന്നീ നടപടികളിലൂടെ അധ്വാനിക്കുന്ന ജനങ്ങളുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയുംചെയ്താല്‍ മാത്രമേ "ചെലവ് ചുരുക്കല്‍" നടപ്പാക്കാന്‍ കഴിയൂ എന്ന സ്ഥിതിയായി. ജീവിതഭാരം വര്‍ധിപ്പിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരായ ജനരോഷമാണ് യൂറോപ്പില്‍ ഉടനീളം ഇപ്പോള്‍ അലയടിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ളത്. ഈ "ചെലവുചുരുക്കല്‍ നടപടികള്‍" ജനങ്ങളുടെ ക്രയശേഷി കൂടുതല്‍ ഇടിയുന്നതിന് കാരണമാകും, അത് വീണ്ടുമൊരു പ്രതിസന്ധി സൃഷ്ടിക്കുകയും ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ഗതിക്ക് ആക്കം കൂട്ടുകയുംചെയ്യും. ഇതേത്തുടര്‍ന്ന് സാമ്പത്തികവളര്‍ച്ച കുറയുന്നതിന്റെ ഫലമായി സര്‍ക്കാരിന്റെ വരുമാനത്തിലും കുറവുണ്ടാകും. ഇത്തരം രാജ്യങ്ങള്‍ രക്ഷാപദ്ധതികള്‍ നടപ്പാക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത 1.3 ലക്ഷം കോടി ഡോളറിന്റെ തിരിച്ചടവ് തുടങ്ങുന്ന 2014ല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. എന്നാല്‍, മാന്ദ്യം തുടരുന്നതിനാല്‍ ഇതില്‍ പല രാജ്യങ്ങള്‍ക്കും വായ്പ തിരിച്ചടവിന് ശേഷിയുണ്ടാകില്ലെന്ന് വ്യക്തമാണ്. അങ്ങനെ ഇത് മുതലാളിത്തത്തിന്റെ വ്യവസ്ഥാപിതമായ പ്രതിസന്ധിയാണ്; ഈ സംവിധാനത്തിനുള്ളില്‍ അതിന് ശാശ്വതമായ പരിഹാരം ഒന്നുമില്ല.

ലോകമെങ്ങും ഉയര്‍ന്നുവരുന്ന പിടിച്ചെടുക്കല്‍ പ്രസ്ഥാനങ്ങള്‍ മുതലാളിത്തസംവിധാനത്തെതന്നെ ചോദ്യംചെയ്യുകയാണ്. ബാനറുകളില്‍ പറയുന്നു- "ഇത് സംവിധാനത്തിനുള്ളിലെ കുഴപ്പങ്ങളല്ല, ഇതൊരു കുഴപ്പമുള്ള സംവിധാനമാണ്-മുതലാളിത്തം". വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ലാറ്റിനമേരിക്കയിലുടനീളം പുരോഗമന, നവഉദാരവല്‍ക്കരണവിരുദ്ധ ശക്തികള്‍ മുന്നേറ്റം തുടരുന്നതായി വ്യക്തമാക്കുന്നു. മുതലാളിത്തസംവിധാനത്തിനു പകരം സോഷ്യലിസം സ്ഥാപിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ രാഷ്ട്രീയശക്തിയാണ് വേണ്ടത്. ഈ സാഹചര്യത്തില്‍, ലോകചരിത്രത്തിലെ വിജയകരമായ ആദ്യ സോഷ്യലിസ്റ്റ് പരീക്ഷണം എന്ന നിലയില്‍ റഷ്യന്‍ വിപ്ലവത്തോടെ തുടക്കംകുറിച്ച കാലഘട്ടം നമ്മെ ഓര്‍മിപ്പിക്കുന്നത്, ഒരു വ്യവസ്ഥ എന്ന നിലയില്‍ സോഷ്യലിസത്തിന്റെ മേധാവിത്വം വീണ്ടെടുക്കാനായി സാമൂഹിക പരിവര്‍ത്തനം അടിയന്തരമായി നടപ്പാക്കേണ്ടതിന്റെ അനിവാര്യതയാണ്. മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും അതേത്തുടര്‍ന്ന് നിലവില്‍വന്ന സോവിയറ്റ് യൂണിയനും മാനവചരിത്രത്തില്‍ ഇദംപ്രഥമമായി വര്‍ഗചൂഷണത്തില്‍നിന്ന് മോചിതമായ സമൂഹത്തിന്റെ സൃഷ്ടിയാണ് വിളംബരം ചെയ്തത്. സോഷ്യലിസം സൃഷ്ടിച്ച അതിവേഗത്തിലുള്ള മുന്നേറ്റം, പിന്നോക്കംനിന്ന സമ്പദ്ഘടനയെ സാമ്രാജ്യത്വവുമായി പൊരുതിക്കൊണ്ട് വന്‍സാമ്പത്തിക-സൈനിക ശക്തിയായി വളര്‍ത്തുകയും സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ മേധാവിത്വം ഉറപ്പിക്കുകയുംചെയ്തു. സോവിയറ്റ് യൂണിയനില്‍ കെട്ടിപ്പടുത്ത സോഷ്യലിസം മനുഷ്യന്റെ യത്നങ്ങളിലെ ഒരു ഐതിഹാസിക അധ്യായമാണ്. സാമൂഹിക വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇത് ഇന്നും പ്രചോദനത്തിന്റെ ഉറവിടമാണ്.

ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ യുഎസ്എസ്ആര്‍ വഹിച്ച നിര്‍ണായകപങ്കും തുടര്‍ന്ന് രൂപംകൊണ്ട കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ചേരിയും ലോകസംഭവഗതിയില്‍ വന്‍തോതില്‍ സ്വാധീനം ചെലുത്തി. ഫാസിസത്തിനെതിരായ വിജയം കോളനിവാഴ്ചയുടെ അന്ത്യംകുറിച്ച പ്രക്രിയക്ക് തുടക്കമിടുകയും കൊളോണിയല്‍ ചൂഷണത്തില്‍നിന്ന് രാജ്യങ്ങള്‍ മോചിതമാവുകയും ചെയ്തു. ചൈനീസ് വിപ്ലവത്തിന്റെ ചരിത്രവിജയം, വിയത്നാം ജനതയുടെ വീരോചിതപോരാട്ടം, കൊറിയന്‍ജനതയുടെ പോരാട്ടം, ക്യൂബന്‍വിപ്ലവത്തിന്റെ ജയം എന്നിവ ലോകസംഭവഗതികളെ വിപുലമായ തോതില്‍ സ്വാധീനിച്ചു. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍-ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും നിര്‍മാര്‍ജനം, തൊഴിലില്ലായ്മ തുടച്ചുനീക്കല്‍, വിദ്യാഭ്യാസ-ആരോഗ്യ-പാര്‍പ്പിട മേഖലകളില്‍ ബൃഹത്തായ സാമൂഹിക സുരക്ഷാസംവിധാനം- ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ശക്തമായ പ്രചോദനമായി. സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കിയും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് മുമ്പൊരിക്കലും നല്‍കാത്ത രീതിയില്‍ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തുമാണ് ലോകമുതലാളിത്തം അവരുടെ വ്യവസ്ഥയില്‍ നിന്നുകൊണ്ട് ഈ വെല്ലുവിളിയെ ഒരളവുവരെ നേരിട്ടത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മുതലാളിത്ത രാജ്യങ്ങളില്‍ നടപ്പാക്കിയ ക്ഷേമരാഷ്ട്ര സങ്കല്‍പ്പവും സാമൂഹികസുരക്ഷാ ശൃംഖലയും (ഇന്ന് ഇതൊക്കെ ദയാരാഹിത്യത്തോടെ അവസാനിപ്പിച്ചു) സോഷ്യലിസത്തിന്റെ നേട്ടങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ രാജ്യങ്ങളിലെ അധ്വാനിക്കുന്ന ജനത നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ്. ഇന്ന് മാനവസംസ്കാരത്തിന്റെ അവിഭാജ്യഘടകമായി കരുതുന്ന ജനാധിപത്യ അവകാശങ്ങളും സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി നടന്ന ജനകീയപോരാട്ടങ്ങളുടെ ഉല്‍പ്പന്നമാണ്, ബൂര്‍ഷ്വാഭരണ വര്‍ഗത്തിന്റെ ദാനമായി ലഭിച്ചതല്ല. വിപ്ലവകരമായ ഇത്തരം പരിവര്‍ത്തനങ്ങള്‍ മാനവസംസ്കാരത്തിന്റെ ഗുണപരമായ കുതിച്ചുചാട്ടത്തിന് കാരണമാവുകയും ആധുനികസംസ്കാരത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.

സംസ്കാരം, സൗന്ദര്യശാസ്ത്രം, ശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം ഇതിന്റെ പ്രതിഫലനമുണ്ടായി. ഛായാഗ്രഹണകലയെ ഐസന്‍സ്റ്റീന്‍ മാറ്റിമറിച്ചപ്പോള്‍ സ്പുട്നിക് ആധുനികശാസ്ത്രത്തിന്റെ വാതായനങ്ങളെ ബഹിരാകാശത്തേക്ക് തുറന്നുകൊടുത്തു. തികച്ചും പ്രതികൂല സാഹചര്യങ്ങളിലും അസ്വാസ്ഥ്യം നിറഞ്ഞ ലോകാന്തരീക്ഷത്തിലും ഇത്രയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടും, അതിശക്തമായ യുഎസ്എസ്ആറിന് എന്തുകൊണ്ട് സോഷ്യലിസ്റ്റ് സംവിധാനത്തെ ഏകോപിപ്പിക്കാനും നിലനിര്‍ത്താനും കഴിഞ്ഞില്ല? പൊതുവെ പറഞ്ഞാല്‍, രണ്ട് മേഖലകളില്‍ തെറ്റായ ധാരണകളും പിശകുകളും ഉണ്ടായി. വര്‍ത്തമാനകാല ലോകയാഥാര്‍ഥ്യങ്ങളെയും സോഷ്യലിസമെന്ന ആശയത്തെത്തന്നെയും വിലയിരുത്തുന്നതിന്റെ സ്വഭാവത്തിലാണ് ഒന്നാമത്തെ പിശകുണ്ടായത്. സോഷ്യലിസം കെട്ടിപ്പടുക്കുന്ന കാലഘട്ടത്തിലുണ്ടായ പ്രയോഗികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തേത്.

സാമൂഹിക പരിവര്‍ത്തനത്തിനുവേണ്ടി ലോകസോഷ്യലിസ്റ്റ് ശക്തികള്‍ നടത്തുന്ന പോരാട്ടത്തിന്റെ ജയപരാജയങ്ങള്‍ ഏതുഘട്ടത്തിലും തീരുമാനിക്കപ്പെടുന്നത്, സോഷ്യലിസം കെട്ടിപ്പടുക്കുന്നതില്‍ കൈവരിക്കുന്ന വിജയങ്ങളുടെയും വര്‍ഗശക്തികളുടെ അന്താരാഷ്ട്ര, ആഭ്യന്തര ബന്ധങ്ങളുടെയും ഇവയുടെ കൃത്യമായ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ്. തെറ്റായ നിഗമനങ്ങള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ അകത്തും പുറത്തുമുള്ള എതിരാളികളുടെ ശക്തി കുറച്ചുകാണുന്നതിനും സോഷ്യലിസ്റ്റ് നിര്‍മാണത്തെക്കുറിച്ചുള്ള അതിരുകവിഞ്ഞ വിലയിരുത്തലുകള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവഗണിക്കുന്നതിനും ലോകമുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ഏകോപനത്തിനും വഴി തെളിക്കും. മൂര്‍ത്ത സാഹചര്യങ്ങളെ മൂര്‍ത്തമായി വിശകലനംചെയ്യുന്നതാണ് വൈരുധ്യാത്മകവാദത്തിന്റെ ജീവസത്തയെന്ന് ലെനിന്‍ നമ്മെ നിരന്തരം ഓര്‍മിപ്പിച്ചിട്ടുണ്ട്. വിശകലനത്തിലോ യഥാര്‍ഥസ്ഥിതി മനസിലാക്കുന്നതിലോ പിശക് സംഭവിച്ചാല്‍ അപ്പോള്‍ യുക്തിഹീനമായ ധാരണകളും വ്യതിയാനങ്ങളും രൂപംകൊള്ളും. സാമ്രാജ്യത്വം പുതിയ കടന്നാക്രമണം അഴിച്ചുവിട്ടിരിക്കുകയും സൈനിക, സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മുന്നണികളില്‍ പൂര്‍ണതോതിലുള്ള ആക്രമണം ഉയര്‍ന്നുവന്നിരിക്കുകയും ചെയ്തിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിനുണ്ടായ ഈ അനുഭവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് ചേരിയും തകര്‍ന്നതിനുശേഷമുള്ള രണ്ട് പതിറ്റാണ്ടുകളായി ഉന്മത്തമായ കമ്യൂണിസ്റ്റ്വിരുദ്ധപ്രചാരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനും അതിലെ അംഗരാജ്യങ്ങള്‍ പ്രത്യേകമായും കമ്യൂണിസം ഫാസിസത്തിന് സമമാണെന്ന പ്രമേയങ്ങള്‍ പാസാക്കി. ഫാസിസത്തിനെതിരായ മഹത്തായ കമ്യൂണിസ്റ്റ് ചെറുത്തുനില്‍പ്പിനെയും ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റ് യൂണിയന്‍ വഹിച്ച നിര്‍ണായക പങ്കിനെയും അവര്‍ ഇത്തരത്തില്‍ വികലമായി തിരുത്തി എഴുതാന്‍ ശ്രമിക്കുകയാണ്. ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ വിജയം ലോകത്തോട് പ്രഖ്യാപിച്ച റീഷ്സ്റ്റാഗില്‍ പാറിപ്പറന്നത് സോവിയറ്റ് പതാകയാണെന്ന വസ്തുത ജനങ്ങളുടെ സ്മരണയില്‍നിന്ന് മായ്ച്ചുകളയാന്‍ അവര്‍ ശ്രമിക്കുകയാണ്.

1930കളിലെ മഹാമാന്ദ്യത്തിന്റെ ഫലമായി വന്ന രാഷ്ട്രീയപ്രതികരണങ്ങളില്‍ പ്രധാനമായിരുന്നു ഫാസിസത്തിന്റെ വളര്‍ച്ചയെന്നതും ഈ ഘട്ടത്തില്‍ ഓര്‍ക്കണം. ആഗോളമുതലാളിത്തത്തെ പിന്തുടരുന്ന പ്രതിസന്ധിയും ഇത്തരത്തിലുള്ള കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണവും പെരുകുന്ന തൊഴിലില്ലായ്മയും ചേര്‍ന്ന് ഫാസിസ്റ്റ് ചിന്താഗതികള്‍ക്ക് പാലൂട്ടുകയാണ്, ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. അതുകൊണ്ട് അന്തിമവിശകലനത്തില്‍, ജനങ്ങളെ സാമ്പത്തികമായ കൂടുതല്‍ കടന്നാക്രമണങ്ങളില്‍നിന്നും ഫാസിസ്റ്റ് ഭീകരശക്തികളുടെ വളര്‍ച്ചയില്‍നിന്നും രക്ഷിക്കാന്‍ മുതലാളിത്തത്തിനെതിരായ ഒരേയൊരു രാഷ്ട്രീയബദല്‍ സോഷ്യലിസം മാത്രമാണ്. ഈ രാഷ്ട്രീയബദലിനെ ആഗോളതലത്തിലും ആഭ്യന്തരമായും ശക്തിപ്പെടുത്തുകയെന്നതാണ് മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വളര്‍ച്ചയുടെയും തകര്‍ച്ചയുടെയും അനുഭവങ്ങളില്‍നിന്നും ഇന്നത്തെ മൂര്‍ത്തമായ സാഹചര്യങ്ങളുടെ മൂര്‍ത്തമായ വിശകലനത്തില്‍നിന്നും നാം മനസിലാക്കേണ്ട പ്രധാന പാഠം.


*****

സീതാറാം യെച്ചൂരി

No comments: