Wednesday, November 14, 2012

സ. എം കെ സ്മരണ പുതുക്കുമ്പോള്‍

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സ. എം കെ കൃഷ്ണന്‍ അന്തരിച്ചിട്ട് 17 വര്‍ഷം തികയുന്നു. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, മന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച എം കെ എക്കാലവും പീഡിതരുടെയും അശരണരുടെയും അത്താണിയായിരുന്നു. നിസ്വവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, അവരെ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച സമരനായകനായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ എടവനക്കാട്ട് നിര്‍ധനകുടുംബത്തില്‍ പിറന്ന എം കെ ചെറുപ്പംമുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എടവനക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിക്കാനും അതുവഴി അവരുടെ സമരനേതാവായി മാറാനും സഖാവിനു കഴിഞ്ഞു. എടവനക്കാട്ടെ കാര്‍ഷികമേഖലയില്‍ ഭൂവുടമകള്‍ തുടര്‍ന്നുവന്ന കൂലിനിഷേധത്തിനെതിരായി എം കെയുടെ നേതൃത്വത്തില്‍ ഉജ്വലസമരം നടന്നു.

1970ല്‍ പാലക്കാട്ട് ചേര്‍ന്ന കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഒന്നാം സംസ്ഥാനസമ്മേളനത്തില്‍ എം കെയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലയളവ് ഒഴികെയുള്ള വര്‍ഷങ്ങള്‍ യൂണിയന്റെ പ്രസിഡന്റായും, സ. പി കെ കുഞ്ഞച്ചന്റെ നിര്യാണത്തിനുശേഷം 1991ല്‍ ബിഹാറിലെ സമസ്തിപുരില്‍ ചേര്‍ന്ന രണ്ടാം ദേശീയ സമ്മേളനം മുതല്‍ അഖിലേന്ത്യാ യൂണിയന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവന്ന എം കെ, 1994 നവംബര്‍ 14ന് തൃശൂരില്‍ നടന്ന കര്‍ഷകസംഘം സംസ്ഥാനസമ്മേളനത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയനുവേണ്ടി അഭിവാദ്യമര്‍പ്പിച്ച് പ്രസംഗിക്കവെ വേദിയില്‍ കുഴഞ്ഞുവീണ് അന്തരിക്കുകയായിരുന്നു. 1947ല്‍ പാര്‍ടി അംഗമായ എം കെ 1953 മുതല്‍ 1962 വരെ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1967ല്‍ കുന്നത്തൂരില്‍ നിന്ന് നിയമസഭയിലെത്തി ഇ എം എസ് സര്‍ക്കാരില്‍ മന്ത്രിയായി. 1980ല്‍ ഞാറയ്ക്കലില്‍നിന്ന് വിജയിച്ച് നായനാര്‍ മന്ത്രിസഭയിലും അംഗമായി. സംഘടനാരംഗത്തെന്നപോലെ ഭരണരംഗത്തും കഴിവ് തെളിയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹം. കര്‍ഷകത്തൊഴിലാളികളുടെ ജീവിതം പന്താടുന്ന തരത്തിലേക്ക് കാര്‍ഷികനയം എത്തിയിരിക്കുന്നു. കാര്‍ഷികസമ്പന്നമായ കേരളം വരുംനാളില്‍ കോണ്‍ക്രീറ്റ് വനമായി മാറും. അതിനായി നെല്‍വയല്‍- നീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നുവന്നിട്ടുണ്ട്. എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തിലെ നെല്‍വയലുകളാണ് നോട്ടമിടുന്നത്. മോഹവില നല്‍കി വന്‍കിട ബിസിനസുകാരും റിയല്‍ എസ്റ്റേറ്റുകാരും ബിനാമിപ്പേരില്‍ കൃഷിനിലങ്ങള്‍ വാങ്ങിക്കൂട്ടുന്നു. "80 കളില്‍ നെല്‍വയല്‍ സംരക്ഷണത്തിനായി കെഎസ്കെടിയു നടത്തിയ പോരാട്ടങ്ങളില്‍ കുട്ടനാട്ടില്‍ നെടുമുടിയിലെ അക്കരക്കളത്തിന്റെ ഭൂമിയിലെ സമരത്തിന് നേതൃത്വം നല്‍കിയത് എം കെ കൃഷ്ണനായിരുന്നു. യൂണിയന്‍ തുടര്‍ന്നുവരുന്ന ആ സമരം കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സന്ദര്‍ഭത്തില്‍ പ്രതിജ്ഞ പുതുക്കുകയാണ്. കേരളത്തില്‍ ഇനിയൊരിഞ്ചുഭൂമിപോലും നികത്താന്‍ അനുവദിക്കുകയില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. സമരം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനും ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് ഭവനവും ലഭിക്കുന്നതിനു വേണ്ടി യോജിച്ച പോരാട്ടം തുടരാനും കെഎസ്കെടിയു- കര്‍ഷകസംഘം- ആദിവാസിക്ഷേമസമിതി- കോളനി അസോസിയേഷന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാലക്കാട്ട് ചേര്‍ന്ന സംയുക്ത ഭൂപരിഷ്കരണ സംരക്ഷണ കണ്‍വന്‍ഷനില്‍ തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫിന്റെ ഭരണനാളുകള്‍ കേരള ജനതയ്ക്ക് നല്‍കിയത് രൂക്ഷമായ വിലക്കയറ്റവും ക്രമസമാധാനരംഗത്തെ അരക്ഷിതാവസ്ഥയുമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പടര്‍ന്നുകയറുന്ന വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. പിടിച്ചുപറിയും മോഷണ പരമ്പരകളുംമൂലം ഭയരഹിതരായി കഴിയാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുന്നില്ല. വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം തടയാന്‍ കമ്പോളത്തില്‍ ഇടപെടുകയും പൊതുവിതരണരംഗം ശക്തമാക്കുകയും ചെയ്തു. രണ്ടുരൂപയുടെ അരി സാര്‍വത്രികമാക്കുകവഴി പൊതുവിപണിയിലെ അരിവില താഴാന്‍ സാഹചര്യം ഒരുക്കി. എപിഎല്‍/ബിപിഎല്‍ വ്യത്യാസമില്ലാതെ 45 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ അരി നല്‍കി. ഇപ്പോള്‍ 8.90 രൂപയ്ക്കാണ് എപിഎല്ലുകാര്‍ക്ക് അരി നല്‍കുന്നത്. അതിനുള്ള സബ്സിഡി ബാങ്ക് വഴി വാങ്ങിക്കൊള്ളണമെന്നാണ് ഭരണക്കാരുടെ ഔദാര്യം. ഇത് ജനത്തെ കബളിപ്പിക്കാനാണ്, അല്ലാതെ ആനുകൂല്യം നല്‍കാനല്ല. മുന്‍ സര്‍ക്കാര്‍ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ ഫലപ്രദവും പ്രായോഗികവുമായ നടപടികള്‍ സ്വീകരിച്ചു. എന്നാല്‍, ഇന്ന് അത്തരം നടപടികള്‍ക്കൊന്നും മുതിരാതെ, വിലക്കയറ്റം അതിന്റെ പാരമ്യത്തില്‍ എത്തിയിട്ടും അനങ്ങാപ്പാറനയമാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്.

പൊതുവിതരണ സമ്പ്രദായം താറുമാറായി. സിവില്‍ സപ്ലൈസ് രംഗം കെടുകാര്യസ്ഥതയുടെ കേന്ദ്രമാണ്. ഹോട്ടലുകളില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയും ദിനംപ്രതി ഉയരുന്നു. ഇതിനൊക്കെ വിരാമമിടാന്‍ ശ്രമിക്കുന്നതിന് പകരം നെടുങ്കന്‍ പ്രഖ്യാപനങ്ങള്‍ നടത്തി തടിയൂരുകയാണ് ഭരണാധികാരികള്‍. എങ്ങനെയും അധികാരത്തില്‍ തുടരുക എന്ന ഏക അജന്‍ഡയാണ് മുഖ്യമന്ത്രിക്ക്. ഭരണം നിലനിര്‍ത്താന്‍ മുസ്ലിം ലീഗിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ലജ്ജയില്ലാതെ മുട്ടുമടക്കുന്നു. ഭരണത്തിലെ പ്രധാന പാര്‍ടിയുടെ ദയനീയാവസ്ഥ ഏറ്റവും കൂടുതല്‍ മുതലെടുക്കുന്നത് ലീഗ് ആണ്. മറ്റു ഘടക കക്ഷികളും ഒട്ടു പിന്നിലല്ല. വിദ്യാഭ്യാസരംഗം ആനകയറിയ കരിമ്പിന്‍ തോട്ടംപോലെയായി. കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെയും ശ്രീധരനെയും ഏല്‍പ്പിക്കുന്നതിനുള്ള താല്‍പ്പര്യമില്ലായ്മയ്ക്കുപിന്നില്‍ അഴിമതിയാണ് ലക്ഷ്യമെന്നത് വ്യക്തമാണ്.

ദേശീയതലത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. പാവപ്പെട്ടവര്‍ക്ക് അരിക്കും മറ്റും സബ്സിഡി നല്‍കാന്‍ പണംകായ്ക്കുന്ന മരമില്ലെന്ന് പറയുന്ന പ്രധാനമന്ത്രിക്ക് വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ ഉറവിടം എവിടെനിന്നെന്ന് പറയാന്‍ ബാധ്യതയുണ്ട്. ഈ രാജ്യത്ത് വികസന ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണമാണ് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാണ് കേന്ദ്രഭരണം. മന്ത്രിമാരെ തീരുമാനിക്കുന്നതുപോലും അവരാണ്. പാചകവാതകത്തിനും പെട്രോളിനും വില വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് മുപ്പതിനായിരം കോടി രൂപയുടെ സബ്സിഡിയാണ്. കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങളും അധികാര വടംവലിയും രൂക്ഷമായി. മണല്‍ മാഫിയക്കെതിരെ നടപടിയെടുത്ത എസ്ഐയെ സ്റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തുകയും പ്രതികളെ ബലമായി ഇറക്കിക്കൊണ്ട് പോകുകയും ചെയ്തത് ഒരു എംപിയാണ്. നിയമം സംരക്ഷിക്കുമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രിക്ക് എംപിയുടെ ഭീഷണിക്ക് വഴങ്ങി എസ്ഐയെ സ്ഥലംമാറ്റി തലകുനിക്കേണ്ടി വന്നു. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനംചെയ്ത സ്മാര്‍ട്ട്സിറ്റിയും വിഴിഞ്ഞം പദ്ധതിയും എവിടെ എത്തിനില്‍ക്കുന്നു എന്നു നോക്കണം.

ഭൂസംരക്ഷണനിയമത്തിന് ഭേദഗതി കൊണ്ടുവരികയും വനഭൂമിയിലെ ഒരുഭാഗം ടൂറിസത്തിന്റെ പേരില്‍ റിസോര്‍ട്ടുകളും മറ്റും നിര്‍മിക്കാനും കശുമാവിന്‍ തോട്ടങ്ങളെ ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമെടുത്തു. കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം കേരളത്തില്‍ നെല്‍കൃഷിയേ വേണ്ടെന്ന് മൊണ്ടേക്സിങ് അലുവാലിയയെക്കൊണ്ട് പറയിപ്പിച്ചവരാണ് ഇന്നത്തെ ഭരണാധികാരികള്‍. പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷന്റെ ഈ "പ്ലാനിങ്" കേരളത്തിലെ കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും പുച്ഛിച്ചു തള്ളുകതന്നെ ചെയ്യും. കേരളത്തിന്റെ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാനും ഭൂരഹിതര്‍ക്ക് ഭൂമിയും വീടും ലഭിക്കുന്നതിനും ശക്തമായ പ്രക്ഷോഭമാണ് എം കെ കൃഷ്ണന്റെ അനുസ്മരണദിനത്തില്‍ കെഎസ്കെടിയു ഏറ്റെടുക്കുന്നത്. ഈ ഉത്തരവാദിത്തം നിറവേറ്റാന്‍ സഖാവിന്റെ പോരാട്ടവീര്യം പ്രചോദനമാകും.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 15 നവംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സ. എം കെ കൃഷ്ണന്‍ അന്തരിച്ചിട്ട് 17 വര്‍ഷം തികയുന്നു. കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ്, മന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച എം കെ എക്കാലവും പീഡിതരുടെയും അശരണരുടെയും അത്താണിയായിരുന്നു. നിസ്വവര്‍ഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍, അവരെ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കാന്‍ ജീവിതം ഉഴിഞ്ഞുവച്ച സമരനായകനായിരുന്നു അദ്ദേഹം. എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ എടവനക്കാട്ട് നിര്‍ധനകുടുംബത്തില്‍ പിറന്ന എം കെ ചെറുപ്പംമുതല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എടവനക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും കര്‍ഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിത്തൊഴിലാളികളെയും സംഘടിപ്പിക്കാനും അതുവഴി അവരുടെ സമരനേതാവായി മാറാനും സഖാവിനു കഴിഞ്ഞു. എടവനക്കാട്ടെ കാര്‍ഷികമേഖലയില്‍ ഭൂവുടമകള്‍ തുടര്‍ന്നുവന്ന കൂലിനിഷേധത്തിനെതിരായി എം കെയുടെ നേതൃത്വത്തില്‍ ഉജ്വലസമരം നടന്നു.