Monday, November 19, 2012

അറിവിന്റെ അക്ഷരമുറ്റം

കേരളത്തിലെ പുതിയ തലമുറയ്ക്കായി സമര്‍പ്പിക്കപ്പെട്ട "അക്ഷരമുറ്റം" എന്ന വിദ്യാഭ്യാസ സാംസ്കാരിക സംരംഭം അത്യുജ്വല വിജയമാകുന്നു എന്നു കാണുന്നത് ദേശാഭിമാനിയെ മാത്രമല്ല, സാംസ്കാരിക കേരളത്തെയാകെ ആഹ്ലാദിപ്പിക്കുന്ന കാര്യമാണ്. കുട്ടികളെ ജാതി- മത വേര്‍തിരിവുകളുടെ കള്ളികളിലൊതുക്കാനും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധകാരം നിറഞ്ഞ ഇടനാഴികളിലൂടെ കാലത്തിനുപിന്നിലേക്ക് നടത്താനും സ്ഥാപിത താല്‍പ്പര്യങ്ങള്‍ ശ്രമിച്ചുപോരുന്ന ഒരു കാലത്ത് എല്ലാവിധ വേര്‍തിരിവുകള്‍ക്കുമതീതമായി അവരെ ഒരുമിപ്പിക്കാനും യുക്തിയുടെയും ശാസ്ത്രത്തിന്റെയും പ്രകാശം നിറഞ്ഞ വഴികളിലൂടെ നടത്താനുമുള്ള ഏത് ശ്രമവും ആദരണീയമാണ്. അതിന് ആ നിലയ്ക്കുള്ള അംഗീകാരം ലഭിക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് തൃശൂരില്‍ ഞായറാഴ്ച നടന്ന അക്ഷരമുറ്റം സമാപനവേളയില്‍ കണ്ട കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിപുലമായ പങ്കാളിത്തം.

"അക്ഷരമുറ്റം" കേവലമായ ഒരു ക്വിസ് പരിപാടിയല്ല. അത് അറിവും തിരിച്ചറിവും സംസ്കാരവുമുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ജനകീയവും അനൗപചാരികവുമായ സദ്സംരംഭമാണ്. അത് അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ കുഞ്ഞുങ്ങള്‍ക്കുമുന്നില്‍ തുറന്നിടുന്നു; നന്മയുടെയും മനുഷ്യത്വത്തിന്റെയും വെളിച്ചം അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നു. സമൂഹത്തെക്കുറിച്ച് കരുതലുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാനുള്ള വഴി ഇതുതന്നെയാണ്.

ഇരുപതാംനൂറ്റാണ്ട് പിന്നിട്ട് 21-ാംനൂറ്റാണ്ടില്‍ എത്തിനില്‍ക്കുകയാണിന്ന് ലോകം. രണ്ടാം സഹസ്രാബ്ദഘട്ടം പിന്നിട്ട് മൂന്നാം സഹസ്രാബ്ദഘട്ടത്തിലേക്ക് എത്തിനില്‍ക്കുന്നു. പുതിയ നൂറ്റാണ്ടിലും പുതിയ സഹസ്രാബ്ദത്തിലും തുടര്‍ന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന വിജ്ഞാനവിസ്ഫോടനങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണ്. ശാസ്ത്ര- സാങ്കേതിക- സാമൂഹ്യ രംഗങ്ങളിലുണ്ടാകുന്ന അറിവുകളുടെ ലോകം ചക്രവാളങ്ങളില്ലാത്തതാണ്. ആഗോള വിജ്ഞാനഘടനയില്‍ നമ്മുടെ വിജ്ഞാനഘടനയെ വിളക്കിച്ചേര്‍ക്കേണ്ട കാലം. ഈ കാലത്തിനൊത്തുയര്‍ന്ന് വിദ്യാഭ്യാസഘടനയില്‍ വരുത്തേണ്ട ശാസ്ത്രീയമാറ്റങ്ങളെക്കുറിച്ച് പല ലോകരാഷ്ട്രങ്ങളും വിശദമായി ചിന്തിക്കുകയും ആ ചിന്തകള്‍ മുന്‍നിര്‍ത്തിയുള്ള ആസൂത്രണത്തിന്റെ രൂപരേഖയെങ്കിലും തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അങ്ങനെയൊന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ലോകത്തിന്റെ ഏതുഭാഗത്തുനിന്ന് പഠിച്ച് പുറത്തിറങ്ങുന്ന കുട്ടിക്കും ഒപ്പംനില്‍ക്കാന്‍ അറിവുകൊണ്ടും കാഴ്ചപ്പാടുകൊണ്ടും നിര്‍വഹണശേഷികൊണ്ടും പ്രാപ്തമായ ഒരു തലമുറയെത്തന്നെ നമ്മളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഔദ്യോഗികവും ഔപചാരികവുമായ അത്തരം സംരംഭങ്ങള്‍ വേണ്ടത്ര ഊര്‍ജസ്വലമല്ലാതെയാകുന്ന വേളയില്‍ അനൗദ്യോഗികവും അനൗപചാരികവുമായ സമാന്തരവിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് പ്രസക്തിയേറും. ഈ പശ്ചാത്തലത്തില്‍തന്നെയാണ് അക്ഷരമുറ്റം കൂടുതല്‍ പ്രസക്തമാകുന്നതും.

ലോകത്തെവിടെയുണ്ടാകുന്ന ഏത് അറിവിന്റെയും പുതുവെളിച്ചം അക്ഷരമുറ്റം കുഞ്ഞുങ്ങളുടെ മനസ്സിലേക്കെത്തിക്കാന്‍ സവിശേഷ ശ്രദ്ധവയ്ക്കുന്നു. അറിവുമാത്രമല്ല, തിരിച്ചറിവുകൂടിയുള്ളവരായി വളരാന്‍ അവരെ അക്ഷരമുറ്റം പ്രാപ്തരാക്കുന്നു. സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായി വളരാന്‍വേണ്ട ജീവിതമൂല്യങ്ങള്‍ അവരില്‍ അക്ഷരമുറ്റം ഉള്‍ച്ചേര്‍ക്കുന്നു. ഇതുകൊണ്ടൊക്കെകൂടിയാകണം അക്ഷരമുറ്റത്തിന് ഇത്ര വിപുലമായ സ്വീകാര്യത പുതുതലമുറയില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഉണ്ടായത്. അത് ആ നിലയ്ക്കുതന്നെ മനസ്സിലാക്കപ്പെട്ടതുകൊണ്ടാകണം വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരംകൂടി ഇതിന് കൈവന്നത്. സിലബസിനും കരിക്കുലത്തിനുമപ്പുറത്തുള്ള വിജ്ഞാനത്തിന്റെ മഹാസാഗരങ്ങളിലേക്ക് അക്ഷരമുറ്റം കുഞ്ഞുമനസ്സുകളെ ആനയിക്കുന്നു. ശാസ്ത്രീയവീക്ഷണത്തിന്റെയും യുക്തിവിചാരത്തിന്റെയും വഴികളിലൂടെ ചെന്ന് "എന്തുകൊണ്ട് ഇങ്ങനെ" എന്ന ചോദ്യം ഓരോന്നിനോടും ചോദിക്കാന്‍വേണ്ട പൊതുവീക്ഷണവും ജീവിതവീക്ഷണവും ഈ പരിപാടി കുഞ്ഞുങ്ങളില്‍ നിറയ്ക്കുന്നു. സമഗ്ര വ്യക്തിത്വവികസനത്തിലേക്ക് അവരെ ഉയര്‍ത്തുകയും ചെയ്യുന്നു.

വടക്കന്‍ ജില്ലകളില്‍ ഏഴുവര്‍ഷമായി ദേശാഭിമാനി നടത്തിപ്പോന്നിരുന്നതാണ് അക്ഷരമുറ്റം പരിപാടി. അവിടങ്ങളിലുണ്ടായ വിപുലമായ സ്വീകാര്യതയാണ് സംസ്ഥാനതലത്തില്‍ ഇത് വ്യാപിപ്പിക്കാന്‍ ദേശാഭിമാനിക്ക് ആത്മവിശ്വാസം പകര്‍ന്നത്. വിവിധതലങ്ങളിലായി ഏതാണ്ട് 15 ലക്ഷം കുട്ടികള്‍ ഇതില്‍ പങ്കെടുത്തിട്ടുണ്ട്. ആ നിലയ്ക്ക് നോക്കുമ്പോള്‍ ഇത്ര വിപുലമായ പങ്കാളിത്തത്തോടുകൂടിയ മറ്റൊരു ബാലവിജ്ഞാനോത്സവം ഇന്ത്യയിലെന്നല്ല, ഏഷ്യയിലെവിടെയുമില്ല. ആകെയുള്ള 16 റവന്യൂ ജില്ലകളിലും 161 സബ് ജില്ലകളിലും പ്രഗത്ഭരായ അക്കാദമിക് പണ്ഡിതരുടെ സാന്നിധ്യത്തില്‍ ഈ പരിപാടി നടന്നു. ഓരോയിടത്തും നമ്മുടെ കല- സാംസ്കാരിക ചരിത്രം വെളിവാക്കിക്കൊടുക്കുന്ന തരത്തിലുള്ള പരിപാടികള്‍ അനുബന്ധമായി നടത്തി. നമ്മുടെ അക്കാദമിക്- സാംസ്കാരിക രംഗങ്ങളുടെ ഒരു പരിച്ഛേദം ഇതിലാകെ ഭാഗഭാക്കായി. അവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ പരിപാടിയുടെ കാമ്പും കഴമ്പും മെച്ചപ്പെടുത്തി.

മത്സരങ്ങളില്‍ എല്ലാവരും വിജയിച്ചില്ല. വിജയിക്കുക എന്നതിനപ്പുറം പങ്കെടുക്കുക എന്നതുതന്നെ അഭിമാനകരം എന്ന വീക്ഷണത്തോടെയാണ് കുട്ടികള്‍ വ്യാപകമായി ഇതില്‍ പങ്കെടുത്തത്. അത്തരമൊരു മനസ്സ് കുട്ടികളിലുണ്ടാക്കാന്‍ സംഘാടകരും അധ്യാപകരും രക്ഷാകര്‍ത്താക്കളും പ്രത്യേക ശ്രദ്ധവച്ചു. ക്വിസ് ഒരു ചോദ്യോത്തര പരിപാടിയാണ്. ഓരോ ചോദ്യവും കുഞ്ഞുമനസ്സുകളില്‍ ഒരായിരം ചോദ്യങ്ങളുയര്‍ത്തും. ആ ചോദ്യങ്ങളാണ് അവരെ ഈ ലോകത്തെ അറിയാന്‍ സഹായിക്കുന്നത്. ചോദ്യങ്ങളാണ് വലിയ വലിയ കണ്ടെത്തലുകളിലേക്ക് വഴിതുറക്കുന്നത്. ചോദ്യമില്ലെങ്കില്‍ ചിന്തയില്ല, ചിന്തയില്ലെങ്കില്‍ മനുഷ്യന്‍ മൃഗങ്ങള്‍ക്കുതുല്യമായി പോകും. ആ ആപത്തുണ്ടാകാതിരിക്കാനും മനുഷ്യനില്‍ മനുഷ്യത്വത്തിന്റെ തെളിച്ചം നിറയ്ക്കാനും ഇത് സഹായകമാകുന്നു. ക്ലേശകരമായ അന്വേഷണങ്ങളെവരെ ആനന്ദകരമായ അനുഭവങ്ങളാക്കി മാറ്റാനും അങ്ങനെ കുഞ്ഞുമനസ്സുകളുടെ വിശകലനശേഷി വര്‍ധിപ്പിച്ചെടുക്കാനും ഈ പരിപാടികൊണ്ട് കഴിയുന്നു. ഈ സമൂഹം എങ്ങനെ ഇങ്ങനെയായി എന്നും ഇനി എങ്ങനെ മാറണമെന്നും ഒക്കെയുള്ള ചിന്തകളിലേക്ക് ചോദ്യങ്ങള്‍ അവരെ എത്തിക്കുന്നു. വരുമ്പോഴത്തേതിനേക്കാള്‍ വിശാലവും ദീപ്തവുമായ മനസ്സുമായി ഓരോ കുട്ടിയും അക്ഷരമുറ്റത്തുനിന്ന് തിരിച്ചുപോകുന്നു. ഇതൊക്കെ ഈ പരിപാടിയുടെ ധന്യത!

ദേശാഭിമാനി എന്നും പുതിയ തലമുറയെക്കുറിച്ചുള്ള കരുതല്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. കായികരംഗത്തും മറ്റും മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കുള്ള അനുമോദനങ്ങള്‍, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ തിളക്കമുള്ള ജയം കരസ്ഥമാക്കുന്നവര്‍ക്കുള്ള അനുമോദനസമ്മേളനങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. കുട്ടികള്‍ക്ക് അറിയാന്‍ വേണ്ടതെല്ലാം ഉള്‍ച്ചേര്‍ത്ത് അക്ഷരമുറ്റം, കിളിവാതില്‍ തുടങ്ങിയ പ്രത്യേക പതിപ്പുകള്‍ ആഴ്ചതോറും ഇറക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇതെല്ലാം കുട്ടികള്‍ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു എന്നു കാണുന്നത് സന്തോഷകരമാണ്. കരിക്കുലത്തിന്റെ പരിമിതികള്‍ക്കപ്പുറത്തുള്ള വിജ്ഞാനത്തിന്റെ പുതുവെളിച്ചങ്ങള്‍ നമ്മുടെ ഇളംതലമുറയുടെ മനസ്സിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ദേശാഭിമാനി ഒരിക്കലും പിന്നിലാകില്ലെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കട്ടെ. 

19-11-2012

No comments: