Friday, November 30, 2012

രാഷ്ട്രീയക്കളി ഗവര്‍ണറിലൂടെ

കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിനും അക്കാദമിക് സ്വാതന്ത്ര്യത്തിനുംനേര്‍ക്ക് സര്‍ക്കാര്‍ നടത്തിവരുന്ന അമിതാധികാരപരവും ഭരണഘടനാബാഹ്യവുമായ കടന്നാക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് അഡ്വ. എസ് പി ദീപക്കിനെ കേരളസര്‍വകലാശാലയുടെ സെനറ്റില്‍നിന്ന് പുറത്താക്കിയ നടപടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടിയുണ്ടായത്. തെരഞ്ഞെടുക്കപ്പെട്ടതോ സംസ്ഥാനത്തെ ജനങ്ങളോട് ഏതെങ്കിലും വിധത്തില്‍ ഉത്തരവാദിത്തമുള്ളതോ ആയ സ്ഥാനമല്ല ഗവര്‍ണറുടേത്. അങ്ങനെയൊരു സ്ഥാനം ജനാധിപത്യത്തില്‍ ആശാസ്യമാണോ എന്ന പ്രസക്തമായ ചോദ്യമുണ്ട്. എങ്കിലും ഇപ്പോള്‍ അതിന്റെ വിവിധ വശങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. എങ്കിലും, സര്‍വകലാശാലയുടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യഭരണസമിതിയില്‍നിന്ന് ഏകാധിപത്യപരമായി ഒരാളെ പുറത്താക്കുന്നതിന്റെ അനൗചിത്യം ഭരണഘടനാപരമായ അധികാരത്തിന്റെ അധമമായ തലത്തിലുള്ള ദുര്‍വിനിയോഗമാണെന്ന വസ്തുത ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.

ഗവര്‍ണറുടെ നടപടിയില്‍ പ്രതിഫലിച്ചുനില്‍ക്കുന്നത് യുഡിഎഫ് സര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം അട്ടിമറിക്കാന്‍ ഗൂഢരാഷ്ട്രീയതാല്‍പ്പര്യത്തോടെ കാട്ടുന്ന വ്യഗ്രതയാണ്. ആ വ്യഗ്രതയുടെ ഉപകരണമായി സ്വയം തരംതാഴുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഗവര്‍ണര്‍സ്ഥാനത്തെ ഈ വിധത്തിലുപയോഗിക്കാനുള്ള പാവസ്ഥാനമാക്കി യുഡിഎഫ് മാറ്റിയതുതന്നെ അനാവശ്യവും അനുചിതവുമായ ഒരു ജനാധിപത്യവിരുദ്ധ നിയമനിര്‍മാണത്തിലൂടെയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ചില നാള്‍ കഴിഞ്ഞവേളയില്‍ത്തന്നെ ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഓര്‍ഡിനന്‍സ് പിന്നീട് യൂണിവേഴ്സിറ്റി ലോസ് അമന്റ്മെന്റ് ബില്‍ 2012 കൊണ്ട് പകരംവച്ചു, നിയമമാക്കി. അതില്‍ ഒരു പ്രത്യേകവകുപ്പ് എഴുതിച്ചേര്‍ത്തു. സര്‍വകലാശാല സെനറ്റംഗങ്ങള്‍ സര്‍ക്കാരിന്റെയും ചാന്‍സലറായ ഗവര്‍ണറുടെയും തൃപ്തിക്ക് പാത്രീഭവിക്കുന്നിടത്തോളം മാത്രമേ ആ സ്ഥാനത്ത് തുടരൂ എന്നതാണത്. സര്‍വകലാശാലാ സ്വയംഭരണത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍ ഇതനപ്പുറം വേറൊരു വ്യവസ്ഥവേണ്ട. സര്‍ക്കാരിന് സ്വീകാര്യമാകുംവിധം പെരുമാറിയാലേ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് സെനറ്റിലിരിക്കാനാകൂ എന്നുവന്നാല്‍ പിന്നെ എന്ത് സ്വയംഭരണം? ആ ഭരണം സര്‍ക്കാര്‍ഭരണമാണ്; സര്‍വകലാശാലയുടെ ജനാധിപത്യപരമോ അക്കാദമിക് സ്വഭാവമുള്ളതോ ആയ സ്വയംഭരണമല്ല. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന സര്‍ക്കാരും ഇത്ര നഗ്നമായി സര്‍വകലാശാലാ സ്വയംഭരണത്തിലേക്ക് നിയമമുണ്ടാക്കി കടന്നുകറിയിട്ടില്ല. 1974ലെ നിയമത്തിന്റെ പതിനെട്ടാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പില്‍ എഴുതിച്ചേര്‍ത്ത ഈ പുതിയ ജനാധിപത്യവിരുദ്ധ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് എസ് പി ദീപക്കിനെ ഇപ്പോള്‍ സെനറ്റില്‍നിന്ന് നീക്കം ചെയ്തത്. സര്‍വകലാശാലകളെ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ തങ്ങള്‍ക്ക് വിധേയമാക്കാനുള്ള യുഡിഎഫിന്റെ വ്യഗ്രതയാണ് നിത്യേനയെന്നോണം ഇപ്പോള്‍ കേരളം കാണുന്നത്. എസ് പി ദീപക് പുതിയ വൈസ്ചാന്‍സലറെ തെരഞ്ഞെടുക്കാനായി സെനറ്റില്‍നിന്ന് നിയുക്തമായ സര്‍വകലാശാലാ സമിതി അംഗമാണ്. ദീപക്കിനെ ഒഴിവാക്കിയാല്‍ പിന്നെ ആ സമിതിയില്‍ യുജിസി ചെയര്‍മാന്റെയും ചാന്‍സലറുടെയും നോമിനികളേയുള്ളൂ. വൈസ്ചാന്‍സലര്‍ സ്ഥാനത്ത് യോഗ്യത മാനദണ്ഡമാകാതെ തങ്ങളുടെ താല്‍പ്പര്യത്തിലുള്ളയാളെ കൊണ്ടുവരുന്നതിന് ദീപക്കിന്റെ സാന്നിധ്യം തടസ്സമാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ കണ്ടു. അധ്യാപക-അനധ്യാപക നിയമനങ്ങളിലെ അഴിമതി, സംവരണം അട്ടിമറിക്കല്‍ എന്നിവയ്ക്കെതിരെ ഉയരുന്ന ശബ്ദം ദുര്‍ബലപ്പെടുത്തണമെന്ന് സര്‍ക്കാര്‍ കണ്ടു. ഇതൊക്കെ മനസ്സില്‍വച്ചുള്ളതാണ് ദീപക്കിനെതിരായ നടപടി. ഒക്ടോബര്‍ 16ന് നടന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടാക്കി എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ മറവിലാണ് ഈ നടപടി എടുത്തത്. സെമസ്റ്റര്‍വല്‍ക്കരണം സംബന്ധിച്ച ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാനായി എല്ലാ സര്‍വകലാശാലകളിലെയും സിന്‍ഡിക്കറ്റ് അംഗങ്ങളെ വിളിച്ചുവരുത്തി നടത്തിയ യോഗമായിരുന്നു അത്. എന്നാല്‍, എന്ത് ചര്‍ച്ചചെയ്ത് അഭിപ്രായം രൂപീകരിക്കാനാണോ യോഗം, അതേ വിഷയത്തില്‍ അന്തിമതീര്‍പ്പുകല്‍പ്പിച്ചതിന്റെ ഉത്തരവ് യോഗത്തിനുമുമ്പുതന്നെ സര്‍ക്കാര്‍ ഇറക്കി. ആ നിലയ്ക്ക് യോഗം പ്രഹസനമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് ദീപക് അടക്കമുള്ള ചില സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ചെയ്തത്. അവര്‍ യോഗം തടസ്സപ്പെടുത്തിയില്ല. ജനാധിപത്യപരമായി പ്രതിഷേധിച്ചതേയുള്ളൂ. ആ പ്രതിഷേധത്തിന് ശേഷവും യോഗം തുടരുകയുണ്ടായിതാനും. എന്നിട്ടും ആ യോഗത്തിലെ പെരുമാറ്റത്തിന്റെപേരില്‍ നടപടി എടുക്കുക എന്നുപറഞ്ഞാല്‍ ജനാധിപത്യപരമായ പ്രതിഷേധപ്രകടനത്തിന് അനുവദിക്കില്ല എന്നാണര്‍ഥം. ഇങ്ങനെ ചെയ്യാന്‍ ഇവിടെ അടിയന്തരാവസ്ഥയൊന്നും നിലവിലില്ലല്ലോ. പ്രതിഷേധിച്ച സിന്‍ഡിക്കറ്റ് അംഗങ്ങള്‍ സത്യത്തില്‍ സര്‍വകലാശാലാതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചചെയ്ത് നടപ്പാക്കിയ സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിക്കപ്പെട്ടാല്‍ യുജിസിയുടെ ഫണ്ട് നിഷേധിക്കപ്പെടും. ആ അവസ്ഥയുണ്ടാകാതിരിക്കണമെങ്കില്‍ ഭാഗികമായി വാര്‍ഷികവും ഭാഗികമായി സെമസ്റ്ററും എന്ന സംവിധാനം നടപ്പാക്കരുത്. സര്‍ക്കാരാകട്ടെ, ഉത്തരവിലൂടെ ചെയ്തത് യുജിസി നിര്‍ദേശത്തിനെതിരായ സമ്പ്രദായം നടപ്പാക്കുകയാണ്. ഇതിനെതിരെയാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. പരമോന്നത ജനപ്രതിനിധിസഭയായ പാര്‍ലമെന്റില്‍ പോലും അനുവദിക്കപ്പെടുന്ന പ്രതിഷേധാവകാശത്തെയാണ് ഇവിടെ ഒരു സര്‍ക്കാരും ഗവര്‍ണറുംകൂടി ഇല്ലായ്മ ചെയ്യുന്നത്.

സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍പരമ്പരയാകുകയാണ്. കണ്ണൂര്‍, കോഴിക്കോട്, എംജി സര്‍വകലാശാലകളിലെ സിന്‍ഡിക്കറ്റുകള്‍ പിരിച്ചുവിട്ട് നോമിനേറ്റഡ് സമിതികളുണ്ടാക്കി. ചില സമിതികള്‍ക്ക് കാലാവധി നീട്ടിക്കൊടുത്തു. കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റില്‍നിന്ന് മൂന്നുപേരെ സര്‍ക്കാര്‍ പിന്‍വലിച്ചു. നേരത്തെ സിന്‍ഡിക്കറ്റിലുണ്ടായിരുന്ന നാല് ഐടി, ബിടി വിദഗ്ധരെ ഒഴിവാക്കി. പകരം വിദഗ്ധരല്ലാത്ത അഞ്ചുപേരെ നോമിനേറ്റ്ചെയ്ത് കൃത്രിമമായി യുഡിഎഫിന് ഭൂരിപക്ഷമുണ്ടാക്കിയെടുത്തു. ഇങ്ങനെ അധാര്‍മികവും ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ തുടരുകയാണ്. അതിലെ പുതിയ കണ്ണിയാണ് ദീപിക്കിനെതിരായ നടപടി. അക്കാദമിക് മികവിനെയും സര്‍വകലാശാലാ സ്വയംഭരണതത്വത്തെയും ആദരിക്കുന്ന എല്ലാ ജനാധിപത്യവാദികളും അതിശക്തമായ പ്രതിഷേധമുയര്‍ത്തേണ്ട ഘട്ടമാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം 30 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തിനും അക്കാദമിക് സ്വാതന്ത്ര്യത്തിനുംനേര്‍ക്ക് സര്‍ക്കാര്‍ നടത്തിവരുന്ന അമിതാധികാരപരവും ഭരണഘടനാബാഹ്യവുമായ കടന്നാക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് അഡ്വ. എസ് പി ദീപക്കിനെ കേരളസര്‍വകലാശാലയുടെ സെനറ്റില്‍നിന്ന് പുറത്താക്കിയ നടപടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടിയുണ്ടായത്. തെരഞ്ഞെടുക്കപ്പെട്ടതോ സംസ്ഥാനത്തെ ജനങ്ങളോട് ഏതെങ്കിലും വിധത്തില്‍ ഉത്തരവാദിത്തമുള്ളതോ ആയ സ്ഥാനമല്ല ഗവര്‍ണറുടേത്. അങ്ങനെയൊരു സ്ഥാനം ജനാധിപത്യത്തില്‍ ആശാസ്യമാണോ എന്ന പ്രസക്തമായ ചോദ്യമുണ്ട്. എങ്കിലും ഇപ്പോള്‍ അതിന്റെ വിവിധ വശങ്ങളിലേക്ക് ഞങ്ങള്‍ കടക്കുന്നില്ല. എങ്കിലും, സര്‍വകലാശാലയുടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യഭരണസമിതിയില്‍നിന്ന് ഏകാധിപത്യപരമായി ഒരാളെ പുറത്താക്കുന്നതിന്റെ അനൗചിത്യം ഭരണഘടനാപരമായ അധികാരത്തിന്റെ അധമമായ തലത്തിലുള്ള ദുര്‍വിനിയോഗമാണെന്ന വസ്തുത ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല.