Saturday, November 17, 2012

ചൈനീസ് പാര്‍ടി കോണ്‍ഗ്രസ്

ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തുകൊണ്ടും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ട് വളര്‍ച്ചയുടെ പാതയിലൂടെ മുമ്പോട്ടുപോകാനുള്ള കര്‍മപരിപാടികള്‍ ഭാവനാപൂര്‍ണമായി ആവിഷ്കരിച്ചുകൊണ്ടും അതിന്റെ ദേശീയ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിരിക്കുന്നു. പത്തുവര്‍ഷമായി ജനറല്‍സെക്രട്ടറി സ്ഥാനത്തിരുന്ന് നയിച്ച ഹുജിന്താവോയുടെ പിന്തുടര്‍ച്ചക്കാരനായി ഷീ ജിന്‍പിങ് കടന്നുവരികയാണ്. ചരിത്രപരമായി നോക്കിയാല്‍ ആറാംതലമുറ മാറ്റമാണിത്. ചൈനയില്‍ എന്തുസംഭവിക്കുന്നുവെന്നത് ചൈനീസ് ജനതയ്ക്ക് മാത്രമല്ല, ലോകജനതയ്ക്കാകെ പൊതുവിലും ലോകസോഷ്യലിസ്റ്റ് സമൂഹത്തിന് വിശേഷിച്ചും ഏറെ താല്‍പ്പര്യമുള്ള കാര്യമാണ്. ലോകചരിത്രഗതിയില്‍ നിര്‍ണായകമാംവിധം ഇടപെടാന്‍ കഴിയുന്ന ശക്തിയായി ജനകീയ ചൈന ഉയര്‍ന്നുനില്‍ക്കുന്നതുകൊണ്ടുകൂടിയാണിത് എന്നത് എടുത്തുപറയേണ്ടതില്ല.

അര്‍ധഫ്യൂഡല്‍-അര്‍ധകൊളോണിയല്‍ പിന്നോക്കാവസ്ഥയില്‍നിന്ന് ലോകമഹാസമ്പദ്ശക്തികളിലൊന്നായും ലോകരാഷ്ട്രീയഗതി വഴിതിരിച്ചുവിടാന്‍ കഴിയുന്ന രാഷ്ട്രമായും ചൈന മാറിയതിന്റെ ക്രെഡിറ്റ് അവിടത്തെ കമ്യൂണിസ്റ്റ്പാര്‍ടി നേതൃത്വത്തിനുള്ളതാണ്. മാറുന്ന കാലത്തിനുസൃതമായ മാറ്റങ്ങളിലൂടെ ചൈന കടന്നുവന്നപ്പോള്‍ അതിനെതിരായി പലഭാഗങ്ങളില്‍നിന്ന് പല രൂപത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. അതില്‍ പലതിനുമുള്ള മറുപടികൂടിയായിട്ടുണ്ട് ഇപ്പോള്‍ സമാപിച്ച പാര്‍ടി കോണ്‍ഗ്രസ്. പാശ്ചാത്യ രാഷ്ട്രീയ സമ്പ്രദായങ്ങളെ ചൈന ഒരിക്കലും പകര്‍ത്തുകില്ല എന്ന ഹുവിന്റെ പ്രഖ്യാപനം ചൈനയ്ക്ക് പഥഭ്രംശമുണ്ടാവുന്നു എന്നാക്ഷേപിച്ചവര്‍ക്കുള്ള കൃത്യമായ മറുപടിയാവുന്നുണ്ട്. മുതലാളിത്ത വികസന പാതയിലൂടെയാണ് ചൈനയുടെ യാത്രയെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള വ്യക്തമായ ഉത്തരം അതിലുണ്ട്. രഹസ്യബാലറ്റിലൂടെയാണ് പുതുനേതൃത്വത്തെ തെരഞ്ഞെടുത്തത് എന്നതാകട്ടെ, പാര്‍ടിയില്‍ ഒരുവിധ ജനാധിപത്യവുമില്ല എന്നും ഇരുമ്പുമറയ്ക്കുള്ളിലാണ് അവിടെ എല്ലാം നടക്കുന്നത് എന്നും ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാവുന്നുണ്ട്.

ഉല്‍പ്പാദനശക്തികളുടെ തലവും സോഷ്യലിസ്റ്റ് പരിവര്‍ത്തനപ്രക്രിയയിലെ ഉല്‍പ്പാദന ബന്ധങ്ങളും തമ്മിലുള്ള വിടവുനികത്താനായില്ലെങ്കില്‍ സോഷ്യലിസംതന്നെ അപകടത്തിലാവും എന്ന് നേരത്തെതന്നെ വിലയിരുത്തിയ പാര്‍ടിയാണ് ചൈനയിലുള്ളത്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക സോഷ്യലിസഘട്ടത്തിലാണ് തങ്ങള്‍ എന്നും അത് ആവശ്യപ്പെടുന്ന പരിവര്‍ത്തനങ്ങള്‍ മാര്‍ക്സിസം-ലെനിനിസത്തില്‍നിന്നുള്ള വ്യതിചലനമല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു. മുതലാളിത്തത്തിനും കമ്യൂണിസത്തിനുമിടയ്ക്കുള്ള സംക്രമണ ഘട്ടമാണ് സോഷ്യലിസത്തിന്റേത് എന്ന മാര്‍ക്സിന്റെയും ലെനിന്റെയും വിലയിരുത്തലിന് അനുസൃതംതന്നെയാണ് ഈ വിലയിരുത്തല്‍ എന്നതില്‍ തര്‍ക്കമില്ല. ചൈനീസ് സഹജ സ്വഭാവവിശേഷത്തോടെയുള്ള സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയ ഇങ്ങനെയാണ് അവിടെ ആവിഷ്കരിക്കപ്പെട്ടത്. അതിന്റെ ഭാഗമായാണ് "സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കോണമി" എന്ന ഒരു സങ്കല്‍പ്പം അവിടെ രൂപപ്പെട്ടുവന്നത്.

ചരക്കുകളുടെ ഉല്‍പ്പാദനം ഉള്ളിടത്തോളം അവ വിറ്റഴിക്കുന്ന കമ്പോളവും ഉണ്ടാവാതെ വയ്യ എന്ന ചിന്തയുടെ പിന്‍ബലമാണിതിനുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെ രൂപപ്പെട്ടുവന്നത് ഉല്‍പ്പാദന ഉപാധികള്‍ സോഷ്യലിസ്റ്റ് സ്റ്റേറ്റിന് കീഴില്‍തന്നെയായിരിക്കുന്ന ഒരു വ്യവസ്ഥയാണ്. രാഷ്ട്രമൂലധനത്തിന് നിയന്ത്രണാത്മകമായ മേല്‍ക്കൈയുള്ളതും സമ്പദ്ഘടനയെ രാഷ്ട്രത്തിന്റെ പൊതുമൂലധനംതന്നെ നിര്‍ണയിക്കുന്നതുമായ ഒരു സംവിധാനം. ഇത് പരീക്ഷിക്കപ്പെട്ടപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി വിമര്‍ശനങ്ങള്‍ വന്നു; ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളില്‍ വെള്ളം ചേരുന്നുവെന്ന നിലയ്ക്ക്. എന്നാല്‍, ചൈന തൊഴിലാളിവര്‍ഗത്തിന്റെ പൊതുതാല്‍പ്പര്യങ്ങളെ ഉജ്വലമായി മുമ്പോട്ടുകൊണ്ടുപോകുന്നതും അതേസമയംതന്നെ രാഷ്ട്രസമ്പദ്ഘടനയെ വിസ്മയകരമായ കുതിപ്പിലെത്തിക്കുന്നതുമാണ് ലോകം കണ്ടത്. സമ്പദ്ഘടന സുസ്ഥിരമായ 10 ശതമാനം വളര്‍ച്ചയിലുറച്ചുനിന്നു. 1981നും 2005നുമിടയ്ക്ക് പിന്നോക്കനില 80 ശതമാനം കുറച്ചു. പൊതുജീവിതനിലവാരം ഉയര്‍ത്തി. ചൈനയുടെ പ്രതിശീര്‍ഷ വരുമാനം 2005ല്‍ 24.9 ശതമാനമായിരുന്നത് 2010ല്‍ 46.8 ശതമാനമായി ഉയര്‍ന്നു. രണ്ടാംഘട്ടത്തില്‍ ഗ്രാമ-നഗര അന്തരം കാര്യമായി കുറച്ചു.

മുതലാളിത്തലോകത്ത് ഒരു രാഷ്ട്രത്തിനും നേടാനാവാത്തതാണ് മൂന്നു പതിറ്റാണ്ട് തുടര്‍ച്ചയായി 10 ശതമാനം കണ്ടുള്ള സാമ്പത്തിക വികസനം. ഈ വഴിക്കൊക്കെ ലോകമഹാസാമ്പത്തിക ശക്തികളില്‍ പ്രമുഖമായ ഒന്നായി ചൈന ഉയര്‍ന്ന ഘട്ടത്തിലാണ് ഇപ്പോഴത്തെ പാര്‍ടി കോണ്‍ഗ്രസ് നടന്നത്. അസഹിഷ്ണുതയോടെയാണെങ്കിലും മുതലാളിത്ത കോയ്മകള്‍ക്ക് അംഗീകരിക്കേണ്ടിവന്ന സാന്നിധ്യമായി സോഷ്യലിസ്റ്റ് ചൈന. ജനകീയ ചൈനയുടെ സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികം 2049ല്‍ നടക്കുമ്പോള്‍ രാഷ്ട്ര സമ്പദ്ഘടന എത്തേണ്ട ഉയര്‍ന്ന തലങ്ങളെ നിര്‍ണയിക്കുന്നതിനും അതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനും വലിയ പ്രാധാന്യമാണ് ഈ പാര്‍ടികോണ്‍ഗ്രസില്‍ കല്‍പ്പിക്കപ്പെട്ടിരുന്നത്. തൊണ്ണൂറുകളിലെ സോവിയറ്റ് തകര്‍ച്ചയ്ക്കും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പിന്നോട്ടടിക്കും ശേഷം ലോകസോഷ്യലിസ്റ്റ് സമൂഹം സവിശേഷ താല്‍പ്പര്യത്തോടെയാണ് തങ്ങളെ നോക്കിക്കാണുന്നത് എന്നതിന്റെ ഉത്തരവാദിത്തബോധത്തോടെയാണ് ചൈന പാര്‍ടികോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയത് എന്നുവേണം കരുതാന്‍.

അധാര്‍മികമായ പ്രവണതകള്‍ തലപൊക്കുമ്പോള്‍തന്നെ നുള്ളിക്കളയാനുള്ള നിശ്ചയദാര്‍ഢ്യം ഈ കോണ്‍ഗ്രസില്‍ പ്രകടമായി. ജനജീവിതവുമായി പാര്‍ടിനേതൃത്വത്തിനുള്ള ബന്ധം കൂടുതല്‍ നിബിഡവും ഗാഢതരവുമാക്കാനുള്ള തീരുമാനങ്ങള്‍ ഇവിടെയുണ്ടായി. അമ്പത്തൊമ്പതുകാരനായ ഷീ ജിന്‍പിങ് ചൈനയുടെ സവിശേഷ ചരിത്രഘട്ടത്തിലാണ് പാര്‍ടിയുടെ ജനറല്‍സെക്രട്ടറിയും കേന്ദ്ര മിലിറ്ററി കമീഷന്റെ മേധാവിയുമായി ചുമതലയേല്‍ക്കുന്നത്. പുതുനേതൃത്വത്തില്‍ പഴയ അനുഭവപാരമ്പര്യത്തിന്റെയും ആധുനിക കാഴ്ചപ്പാടിന്റെയും സമഞ്ജസമായ മിശ്രണം കാണാം. അത്പൊളിറ്റ്ബ്യൂറോയില്‍ കൃത്യമായി പ്രതിഫലിച്ചിരിക്കുന്നു. മാര്‍ച്ചില്‍ വെന്‍ ജിയാബാവോ പ്രധാനമന്ത്രിസ്ഥാനമൊഴിയുമ്പോള്‍ ലീ കെഖ്യാങ് എന്ന അമ്പത്തേഴുകാരനാണ് കടന്നുവരിക. മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പോരാളികളായിരിക്കും തങ്ങളെന്നാണ് പുതിയ പാര്‍ടി ജനറല്‍സെക്രട്ടറി ആദ്യപ്രസംഗത്തില്‍തന്നെ പറഞ്ഞത്. മെച്ചപ്പെട്ട വിദ്യാഭ്യാസം, കൂടുതല്‍ ഉയര്‍ന്ന വരുമാനം, ഉയര്‍ന്ന സാമൂഹ്യസുരക്ഷിതത്വം, കൂടുതല്‍ ഗുണനിലവാരമുള്ള ആരോഗ്യ ചികിത്സാസംവിധാനം എന്നിവയ്ക്കാവും ഊന്നലെന്ന് എടുത്തുപറഞ്ഞതില്‍നിന്നുതന്നെ പുതിയ നേതൃത്വത്തിന്റെ പ്രതിബദ്ധത വ്യക്തമാകുന്നുണ്ട്.

2013 മാര്‍ച്ചില്‍ ഷീ ചൈനീസ് പ്രസിഡന്റാകും. സൈനിക നേതൃത്വംകൂടി ഹു ജിന്താവോ ഒഴിയുന്നുവെന്നത് ശ്രദ്ധേയമാണ്. ഹു ആ സ്ഥാനമൊഴിയാന്‍ നിയമപരമായി ഈ ഘട്ടത്തില്‍ നിര്‍ബന്ധിതനല്ല. അധികാരത്തിന്റെ ഒരു കടിഞ്ഞാണെങ്കിലും തന്റെ കൈയിലിരിക്കട്ടെയെന്ന് ചിന്തിക്കുന്ന പല വലതുപക്ഷ രാഷ്ട്രീയക്കാരില്‍നിന്നും വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി ഹുവിനെ ഇതു മാറ്റുന്നു. വന്‍ സാമ്പത്തികശക്തിയായി ലോകമാന്ദ്യത്തിന്റെ കാലത്തുപോലും ചൈന തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനുള്ള അസഹിഷ്ണുത ചെറുതല്ല. ചൈനയിലേക്ക് പ്രകൃതിവാതകം വന്‍തോതില്‍ എത്തുന്നത് തടയാന്‍വേണ്ടിക്കൂടിയാണ് അമേരിക്ക, ഇന്ത്യ-ഇറാന്‍ പൈപ്പ് കരാര്‍ പൊളിച്ചത്.

ചൈനയ്ക്കും റഷ്യക്കുമെതിരെ മിസൈല്‍ സ്ഥാപിക്കാനുള്ള സൗകര്യത്തിനായിക്കൂടിയാണ് ഇന്ത്യന്‍ മണ്ണും സൈനികത്താവളമാക്കാന്‍ അമേരിക്ക തത്രപ്പെടുന്നത്. ഇതൊക്കെ മനസിലാക്കി പഴയ ഇന്തോ- ചീനാ ഭായി ഭായി ബന്ധത്തിന്റെ സൗഹൃദാന്തരീക്ഷം ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ പുനഃസ്ഥാപിക്കാനുള്ള ഒരവസരവും നാം പാഴാക്കിക്കൂടാ. ബീജിങ്ങിന്റെ പീപ്പിള്‍സ് ഗ്രേറ്റ് ഹാളില്‍ 2268 പ്രതിനിധികള്‍ വിജയകരമായ പരിസമാപ്തിയിലെത്തിച്ച പാര്‍ടികോണ്‍ഗ്രസിനെത്തുടര്‍ന്നുള്ള സാഹചര്യം ഇങ്ങനെ ആരോഗ്യകരമായ നിലയില്‍ പരസ്പരാനുകൂലമായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിയട്ടെ!

No comments: