Tuesday, October 2, 2012

പ്രധാനമന്ത്രിയുടെ 'ആം ആദ്മി' പ്രേമം

സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ തീവ്രവേഗത കണ്ട് ചിലപ്പോള്‍ ജനങ്ങള്‍ അമ്പരക്കുന്നുണ്ടാകും. വേഗതക്കുറവിന്റെ പേരില്‍ അമേരിക്കയുടെ പഴികേള്‍ക്കേണ്ടിവന്ന മന്‍മോഹന്‍സിംഗിനും ഇത്ര വേഗതയോ എന്ന് അവര്‍ ചിലപ്പോള്‍ ചോദിക്കുന്നുമുണ്ടാകും. ഉത്തേജക മരുന്നു കഴിച്ച ഓട്ടക്കാരനെപ്പോലെ കേന്ദ്ര ഗവണ്‍മെന്റ് പരിഷ്‌ക്കാരങ്ങളുടെ പാതയിലൂടെ ഓടുകയാണ്. ഈ ഓട്ടത്തിലുടനീളം പാവങ്ങളുടെ സ്വപ്‌നങ്ങള്‍ ചവിട്ടി അരയ്ക്കപ്പെടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും വേണ്ടുവോളം കിട്ടുന്നു. ഏറ്റവും ഒടുവില്‍ പരിഷ്‌ക്കരണത്തിന്റെ കടാക്ഷം ലഭിച്ചിരിക്കുന്നത് ഊര്‍ജ വിതരണ രംഗത്തെ സ്വകാര്യ കമ്പനികള്‍ക്കാണ്. 1.9 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ആ 'പാവങ്ങള്‍'ക്ക് ലഭിക്കുന്നത്. സെപ്തംബര്‍ 21 ന് രാഷ്ട്രത്തോട് ചെയ്ത പ്രസംഗത്തില്‍ 'ആം ആദ്മി' (പാവപ്പെട്ട മനുഷ്യര്‍) യെക്കുറിച്ച് പ്രധാനമന്ത്രി വികാരഭരിതനായി സംസാരിച്ചിരുന്നു. ഊര്‍ജരംഗത്തെ സര്‍ക്കാരിന്റെ പുതിയ തീരുമാനം സഹായിക്കുന്ന 'ആം ആദ്മി' ടാറ്റയും അംബാനിയുമാണ്! കോണ്‍ഗ്രസിന്റെ തൊലിക്കട്ടി അപാരമെന്നല്ലാതെ മറ്റെന്തു പറയാനാണ്?
ഊര്‍ജവിതരണ കമ്പനികള്‍ക്കുള്ള ചുരുക്കപ്പേര് 'ഡിസ്‌കോംസ്' എന്നാണ്. വിതരണ കമ്പനികള്‍ക്കുള്ള ഇംഗ്ലീഷ് പദങ്ങളുടെ ചുരുക്കെഴുത്താണത്. അവ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് ഗവണ്‍മെന്റ് കണ്ടെത്തി. അതിനാല്‍ അവര്‍ക്കുവേണ്ടി ഒരു രക്ഷാപദ്ധതിയും ഗവണ്‍മെന്റ് കരുപ്പിടിപ്പിച്ചു. കടത്തില്‍ മുങ്ങിയ കമ്പനികള്‍ക്കു വേണ്ടിയുള്ള രക്ഷാപദ്ധതി എന്നു തന്നെയാണ് സര്‍ക്കാര്‍ അതിനെ വാത്സല്യത്തോടെ വിളിച്ചത്. ഈ അത്യുദാരമായ പുനഃസംഘടനാ പദ്ധതിക്കു രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ കമ്പനികളുടെ 2012 മാര്‍ച്ച് 31 വരെയുള്ള കടബാധ്യതയുടെ പകുതി സംസ്ഥാന ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കും. സര്‍ക്കാരുകളുടെ ഗാരന്റിയോടെ അതു ബോണ്ടുകളാക്കി വിതരണം ചെയ്യപ്പെടും. രണ്ടാം ഘട്ടമായി കമ്പനികളുടെ അവശേഷിക്കുന്ന കടം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. രണ്ട് മുതല്‍ അഞ്ച് വരെ കൊല്ലങ്ങള്‍ക്കുള്ളില്‍ അതു പൂര്‍ത്തിയാകും. ഈ രക്ഷാപദ്ധതിക്കു സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ക്യാബിനറ്റ് കമ്മിറ്റി വായുവിനേക്കാള്‍ വേഗതയിലാണ് അംഗീകാരം നല്‍കിയത്. അംബാനിയുടെയും ടാറ്റയുടെയും 'രക്ഷ'യുടെ കാര്യമാകുമ്പോള്‍ വേഗത കുറയരുതെന്ന് മന്ത്രിമാര്‍ക്കറിയാം. ആ 'പാവങ്ങളു'ടെ കനിവിലും കരുണയിലുമാണ് യു പി എ ഭരണത്തിന്റെ വണ്ടി ഓടുന്നതെന്നും അവര്‍ക്കു തിട്ടമുണ്ടാകും.

കോര്‍പ്പറേറ്റ് ചങ്ങാതിമാരുടെ കടബാധ്യത ഏറ്റെടുത്തതുകൊണ്ടുമാത്രം ഈ സാമ്പത്തിക പരിഷ്‌ക്കരണ നടപടി പൂര്‍ത്തിയാകുമെന്നു കരുതേണ്ട. വര്‍ഷാവര്‍ഷം വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കണമെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകള്‍ സംസ്ഥാനങ്ങള്‍ തോറും അത് ഉറപ്പുവരുത്തും. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളും റെഗുലേറ്ററി കമ്മിഷന്‍ പരിഗണിക്കുമെന്നാണ്  വിവക്ഷയെങ്കിലും യാദൃശ്ചികമായിപ്പോലും അതു സംഭവിക്കാറില്ല. എല്ലാവര്‍ഷവും ഏപ്രില്‍ ഒന്നിന് പുതിയ വൈദ്യുതി നിരക്കായിരിക്കണം ഉണ്ടാകേണ്ടത്. ആരാരും ശ്രദ്ധിക്കാതെ സ്വാഭാവികമെന്നു തോന്നുംവിധം എല്ലാവര്‍ഷവും ജനങ്ങളെ കറണ്ടടിപ്പിക്കാനുള്ള പദ്ധതിയാണ് രൂപംകൊള്ളുന്നത്. സാമ്പത്തിക പരിഷ്‌ക്കരണത്തിന്റെ ഈ പുതിയമുഖം കേന്ദ്ര സര്‍ക്കാരിന്റെ കാപട്യത്തിന്റെയും ജനദ്രോഹത്തിന്റെയും സാക്ഷ്യപത്രമാണ്.

2013 മാര്‍ച്ച് 31 ആകുമ്പോള്‍ 1 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് മീറ്ററുകള്‍ നിര്‍ബന്ധിതമാക്കും. ക്രമേണ ചെറുകിട ഉപയോക്താക്കള്‍ക്കും അതു ബാധകമാകുമെന്നുറപ്പാണ്. അതിന്റെ ലാഭവും കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കുമെന്നുവേണം അനുമാനിക്കാന്‍. കാരണം ഊര്‍ജവിതരണ രംഗത്തെ സ്വകാര്യ കമ്പനികളുടെ കഷ്ടപ്പാടുകളെക്കുറിച്ച് അത്രയ്ക്ക് ഉല്‍ക്കണ്ഠയുള്ളവരാണ് ഭരണക്കാര്‍. 2012 മാര്‍ച്ചില്‍ ഈ കമ്പനികളുടെ നഷ്ടം 2,46,000 കോടിരൂപയാണെന്നു കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി വീരപ്പമൊയ്‌ലി സങ്കടപ്പെട്ടപ്പോള്‍ ആ ഉത്ക്കണ്ഠയാണു പ്രതിഫലിച്ചത്. നിത്യവൃത്തിക്ക് 20 രൂപ പോലും ഇല്ലാത്ത കോടിക്കണക്കിനു ഇന്ത്യക്കാരെക്കുറിച്ച് ഈ ഭരണപുംഗവന്മാര്‍ക്ക് ഉത്കണ്ഠയില്ല. പണമില്ലാത്തതുകൊണ്ട് നടപ്പിലാക്കാതിരിക്കുന്ന ഭക്ഷ്യസുരക്ഷയെപ്പറ്റി അവര്‍ക്ക് വേവലാതിയില്ല. അവരുടെ ഗവണ്‍മെന്റാണ് 'ആം ആദ്മി'യെപ്പറ്റി പുരമുകളില്‍ കയറി വര്‍ത്തമാനം പറയുന്നത്. ജനങ്ങള്‍ക്കുമേല്‍ ഭാരം കയറ്റിവയ്ക്കാന്‍ ഒരു ഗവണ്‍മെന്റും ഇഷ്ടപ്പെടുകയില്ലെന്ന മന്‍മോഹന്‍ വചനം പൊള്ളയാണെന്ന് ആര്‍ക്കാണറിയാത്തത്?

സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടേ തേരോട്ടം ആരംഭിച്ചപ്പോള്‍ അതിന്റെ പ്രണേതാക്കള്‍ 'ലൈസന്‍സ് രാജി'നെ മുച്ചൂടും വിമര്‍ശിക്കുകയായിരുന്നു. ഇപ്പോള്‍ ലൈസന്‍സ് രാജില്ല. ആ സ്ഥാനത്ത് 'പകല്‍ക്കൊള്ള രാജാ'ണ് ഇപ്പോള്‍ നടക്കുന്നത്. ''പരിഷ്‌ക്കാരങ്ങളുടെ കാര്യത്തില്‍ എന്നെ വിശ്വസിക്കുക - ഞാന്‍ ഫലങ്ങള്‍ ഉണ്ടാക്കി കാണിക്കാം'' എന്നാണ് മന്‍മോഹന്‍സിംഗ് സെപ്തംബര്‍ 21 ന് പ്രസംഗിച്ചത്. ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകളോടും അമേരിക്കയിലെ യജമാനന്മാരോടും നടത്തിയ പ്രധാനമന്ത്രിയുടെ സത്യവാങ്മൂലമാണ് ആ വാക്കുകള്‍. ആ 'ഫല' മെന്താണെണ് ജനങ്ങള്‍ അറിയുകയാണ്. പ്രധാനമന്ത്രിയുടെ വാക്ക് എന്തായാലും പ്രവൃത്തികള്‍ 'ആം ആദ്മി'യുടെ നട്ടെല്ലൊടിക്കുമ്പോള്‍ അവര്‍ നെല്ലും പതിരും തിരിച്ചറിയാതിരിക്കില്ല.

*
ജനയുഗം മുഖപ്രസംഗം 01 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ തീവ്രവേഗത കണ്ട് ചിലപ്പോള്‍ ജനങ്ങള്‍ അമ്പരക്കുന്നുണ്ടാകും. വേഗതക്കുറവിന്റെ പേരില്‍ അമേരിക്കയുടെ പഴികേള്‍ക്കേണ്ടിവന്ന മന്‍മോഹന്‍സിംഗിനും ഇത്ര വേഗതയോ എന്ന് അവര്‍ ചിലപ്പോള്‍ ചോദിക്കുന്നുമുണ്ടാകും. ഉത്തേജക മരുന്നു കഴിച്ച ഓട്ടക്കാരനെപ്പോലെ കേന്ദ്ര ഗവണ്‍മെന്റ് പരിഷ്‌ക്കാരങ്ങളുടെ പാതയിലൂടെ ഓടുകയാണ്. ഈ ഓട്ടത്തിലുടനീളം പാവങ്ങളുടെ സ്വപ്‌നങ്ങള്‍ ചവിട്ടി അരയ്ക്കപ്പെടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങളും ഇളവുകളും വേണ്ടുവോളം കിട്ടുന്നു. ഏറ്റവും ഒടുവില്‍ പരിഷ്‌ക്കരണത്തിന്റെ കടാക്ഷം ലഭിച്ചിരിക്കുന്നത് ഊര്‍ജ വിതരണ രംഗത്തെ സ്വകാര്യ കമ്പനികള്‍ക്കാണ്. 1.9 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ആ 'പാവങ്ങള്‍'ക്ക് ലഭിക്കുന്നത്.