Sunday, December 30, 2012

പ്രതീക്ഷയുടെ ലോകം

നീറുന്ന നോവായി പലസ്തീന്‍

ആറര പതിറ്റാണ്ടായി ലോകത്തിന്റെ നെഞ്ചിലെ മുറിവായി അവശേഷിക്കുന്ന പലസ്തീന് ഐക്യരാഷ്ട്ര പൊതുസഭയില്‍ നിരീക്ഷക രാഷ്ട്രപദവി ലഭിച്ചതാകും ഒരുപക്ഷേ ഈ വര്‍ഷത്തെ ഏറ്റവും പ്രധാന സംഭവമായി ഭാവിയില്‍ വിലയിരുത്തപ്പെടുക. പൂര്‍ണ പരമാധികാര രാഷ്ട്രപദവിക്ക് എന്തുകൊണ്ടും അര്‍ഹതയുള്ള പലസ്തീന്റെ ആ അഭിലാഷം നടക്കാത്തത് യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്ക എതിര്‍ക്കുന്നതുകൊണ്ടുമാത്രമാണ്. നവംബര്‍ 29ന് യുഎന്‍ പൊതുസഭ പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി നല്‍കാനുള്ള പ്രമേയം വോട്ടിനിട്ടപ്പോള്‍ 193 അംഗങ്ങളില്‍ 138 രാജ്യങ്ങളും പിന്തുണച്ചു. അമേരിക്കയും ഇസ്രയേലും കനഡയും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. ഗാസയില്‍ ഒരാഴ്ചയിലേറെ നീണ്ട ആക്രമണത്തിലൂടെ ഇസ്രയേലി സേന പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കം 180ല്‍പരം പലസ്തീന്‍കാരെ കൊന്നൊടുക്കിയത് നവംബര്‍ മധ്യത്തിലായിരുന്നു. ഒരാഴ്ചകഴിഞ്ഞാണ് ലോകരാഷ്ട്രങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ ഇസ്രയേലി നയങ്ങളെ അപലപിക്കുകയും പലസ്തീന്‍ സ്വാതന്ത്ര്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാല്‍, ഇതംഗീകരിക്കാതെ യുഎന്‍ വോട്ടിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ശിക്ഷിക്കുകയാണ് ഇസ്രയേല്‍. പലസ്തീന് അര്‍ഹമായ നികുതിപ്പണം കൈമാറാതെയും പലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും ജൂതകുടിയേറ്റം വ്യാപിപ്പിച്ചും ഇസ്രയേല്‍ നടത്തുന്ന ഈ തീക്കളിതന്നെയാണ് ലോകത്തെ, വിശേഷിച്ച് പശ്ചിമേഷ്യയെ ഭാവിയിലും ഏറ്റവും അശാന്തമാക്കാന്‍ പോകുന്നത്. വരുന്ന ജനുവരിയില്‍ ഇസ്രയേലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷവും സമാധാന ചര്‍ച്ച പുനരാരംഭിക്കാന്‍ ഇസ്രയേല്‍ വിസമ്മതിക്കുകയാണെങ്കില്‍ വെസ്റ്റ്ബാങ്ക് കേന്ദ്രമായുള്ള പലസ്തീന്‍ ഭരണകൂടം പിരിച്ചുവിടുമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധിനിവേശ ശക്തിയെന്ന നിലയില്‍ പിന്നെ പലസ്തീന്‍ ഭരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേലിന് ആയിരിക്കുമെന്നും അബ്ബാസ് വ്യക്തമാക്കുന്നു. വര്‍ഷാന്ത്യദിനങ്ങളിലും ഇസ്രയേലിസേന വെസ്റ്റ്ബാങ്കിലും ജറുസലേമിലുംനിന്ന് പലസ്തീന്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയാണ്. ഗാസയില്‍ നിരന്തര ആക്രമണം നടത്തുകയായിരുന്ന ഇസ്രയേലി സേനാ സംഘത്തില്‍നിന്ന് ഹമാസുകാര്‍ പിടികൂടി അഞ്ചുവര്‍ഷത്തോളം ബന്ദിയാക്കിയ ഗിലാദ് ഷാലിതിനെ 2011ലാണ് വിട്ടുകൊടുത്തത്. പകരം ആയിരത്തില്‍പ്പരം പലസ്തീന്‍കാരെ തടവറയില്‍നിന്ന് വിട്ടുകൊടുക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമായി. അതിന്റെ അപമാനം മായ്ക്കാന്‍കൂടിയാണ് ഇസ്രയേല്‍ നിയമവിരുദ്ധമായി കൂടുതല്‍ പലസ്തീന്‍കാരെ തടവിലാക്കുന്നത്. പലസ്തീന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ മൂന്നിലൊന്നും ഇസ്രയേലി ജയിലുകളിലാണ്.

സിറിയയെ ചോരപ്പുഴയാക്കുന്നു

ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അന്നം നല്‍കുന്ന പശ്ചിമേഷ്യ അശാന്തിയുടെ വിളനിലമായി തുടരുകയാണ്. അവിടെ അവശേഷിക്കുന്ന ഏക മതേതര സര്‍ക്കാരുള്ള സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള കലാപം ആഭ്യന്തര യുദ്ധത്തിന്റെ ഭാവമാര്‍ജിച്ചിട്ടുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളുടെയും സുന്നി അറബ് രാജവാഴ്ചകളുടെയും തുര്‍ക്കിയുടെയും മറ്റും പരസ്യ പിന്തുണയോടെ സര്‍ക്കാരിനെതിരെ കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ അല്‍ ഖായ്ദ ബന്ധമുള്ള ഭീകരസംഘങ്ങളും സജീവമാണ്. എന്നാല്‍ അവരെ പിന്തുണയ്ക്കുന്ന അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളെയും ഇക്കാര്യം അത്ര അലോസരപ്പെടുത്തുന്നില്ല എന്നത് അവരുടെ യാഥാര്‍ത്ഥ താല്‍പര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മുഅമ്മര്‍ ഗദ്ദാഫിയെ നാറ്റോ വീഴ്ത്തിയതിനെ തുടര്‍ന്ന് ലിബിയയില്‍ യഥാര്‍ത്ഥത്തില്‍ അരാജകത്വമാണ് നടമാടുന്നത് എന്ന യാഥാര്‍ത്ഥ്യം പോലും സിറിയയിലെ ദുസാഹസങ്ങളില്‍ നിന്ന് പാശ്ചാത്യ രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നില്ല. പുതിയ ഭരണത്തില്‍ ലിബിയയില്‍ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെട്ടതും അമേരിക്കന്‍ സ്ഥാനപതി തന്നെ വധിക്കപ്പെട്ടതും ഈ വര്‍ഷമാണ്. അതില്‍ നിന്ന് പാഠമുള്‍കൊള്ളാതെ സിറിയയിലും മതതീവ്രവാദികളെ അധികാരത്തിലേറ്റാന്‍ ശ്രമിക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ ക്രൈസ്തവരടക്കം സിറിയയിലുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ഭാവി കൂടിയാണ് അരക്ഷിതമാക്കുന്നത്. വിമതരുടെ ദേശീയ സഖ്യത്തെ സിറിയന്‍ ജനതയുടെ പ്രതിനിധികളായി അംഗീകരിച്ചിരിക്കുകയാണ് അമേരിക്കയും കൂട്ടാളികളും.

ആദികണത്തിന്റെ അടയാളം

"ഹിഗ്സ് ബോസോണ്‍" എന്ന പേരില്‍ അറിയപ്പെടുന്ന "ആദികണ"ത്തിന്റെ നിര്‍ണായകതെളിവുകള്‍ കണ്ടെത്തിയതായി ജൂലൈയില്‍ ശാസ്ത്രലോകം അവകാശപ്പെട്ടു. നാല് പതിറ്റാണ്ടിലധികം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആദികണത്തെക്കുറിച്ചുള്ള പ്രധാന തെളിവ് ലഭിച്ചത്. "2012ലെ സുപ്രധാന കണ്ടുപിടിത്തമെന്നാണ്" ജേണല്‍സയന്‍സ് ഇതിനെ വിശേഷിപ്പിച്ചത്. ഹിഗ്സ് ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ഥങ്ങള്‍ക്കും പിണ്ഡം നല്‍കുന്നത് എന്നതാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. പ്രാഥമിക നിഗമനം എന്ന രീതിയിലാണ് ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നതെങ്കിലും ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായ കാല്‍വയ്പാണ്. എന്നാല്‍, ഹിഗ്സ് ബോസോണിന്റെ അസ്തിത്വത്തെ സംബന്ധിച്ച് കൂടുതല്‍ പരീക്ഷണം വേണ്ടിവരുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

തിരിഞ്ഞുകുത്തുന്ന തോക്കു സംസ്കാരം

അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ പിഞ്ചുകുട്ടികളടക്കം 28 പേര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. കണക്ടിക്കട്ടില്‍ ന്യൂ ടൗണിലെ സാന്‍ഡി ഹൂക്ക് എലിമെന്ററി സ്കൂളില്‍ ഡിസംബര്‍ 14നായിരുന്നു സംഭവം. സൈനിക വേഷത്തില്‍ ഇരുകൈയിലും തോക്കുമായി ക്ലാസ്മുറികളില്‍ കടന്നുകയറിയ ആദം ലാന്‍സ എന്ന അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ സ്കൂളിലെ അധ്യാപികയായ അമ്മ നാന്‍സിയെ കൊന്നശേഷമാണ് ലാന്‍സ സ്കൂളിലെത്തി കുട്ടികള്‍ക്ക് നേര വെടിയുതിര്‍ത്തത്. അമേരിക്കയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവയ്പുകള്‍ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയാണ്. സ്കൂളുകളിലും കോളേജുകളിലുമടക്കം നിരവധി വെടിവയ്പ്പുകള്‍ ഈ വര്‍ഷംതന്നെ നടന്നു. പോര്‍ട്ട്ലാന്‍ഡിലെ തിരക്കേറിയ മാളില്‍ ജേക്കബ് റോബര്‍ട്ട്സ് എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത് ഡിസംബറില്‍ തന്നെയായിരുന്നു. ജൂലൈ 20 ന് കൊളറാഡോയിലെ അറോറയിലെ സിനിമാ തിയറ്ററില്‍ നടന്ന വെടിവയ്പില്‍ രണ്ടുപേരും ആഗസ്ത് അഞ്ചിന് സിഖ് ക്ഷേത്രത്തില്‍ നടന്ന വെടിവയ്പില്‍ ആറുപേരും കൊല്ലപ്പെട്ടിരുന്നു. സെപ്തംബര്‍ 27ന് ആന്‍ഡ്രൂ ഏഞ്ചല്‍ദിനള്‍ എന്നയാള്‍ ആറുപേരെയും ഒക്ടോബര്‍ 21ന് റാഡ്ക്ലിഫ് ഹോട്ടന്‍ എന്നയാള്‍ മൂന്നുപേരെയും വെടിവച്ചുകൊന്നു.

കാലാവസ്ഥയുടെ കളികള്‍

പ്രവചിക്കാനാവാത്ത കാലാവസ്ഥാവ്യതിയാനങ്ങളും ആഗോള താപവും ലോകാവസാനത്തിലേക്ക് നയിക്കുമോ എന്ന സംശയമുനയിലാണ് ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. അമേരിക്കയില്‍ വന്‍ നാശം വിതച്ച സാന്‍ഡി ചുഴലിക്കാറ്റുള്‍പ്പടെയുള്ള പ്രകൃതിക്ഷോഭങ്ങളെ കാലാവാസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെടുത്തി പഠനം നടക്കുന്നു. വര്‍ധിക്കുന്ന താപം പ്രകൃതിക്ഷോഭം വിളിച്ചുവരുത്തുകയാണെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ലോകരാഷ്ട്രങ്ങള്‍ ഗ്രീന്‍ഹൗസ് വാതകം പുറത്തുവിടുന്നതിന്റെ നിരക്ക് കുറച്ചില്ലെങ്കില്‍ വന്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ശാസ്ത്രലോകം നല്‍കുന്നു. ആര്‍ടിക്ക് സമുദ്രത്തിലെ ഐസ് കട്ടകള്‍ റെക്കോഡ് വേഗത്തിലാണ് അലിയുന്നത്. ഗ്രീന്‍ലാന്റ്, അന്റാര്‍ട്ടിക്ക, ആര്‍ട്ടിക്ക് സമുദ്രങ്ങളിലെ മഞ്ഞുരുകല്‍ ആഗോളതാപനത്തിന്റെ വലിയ ഉദാഹരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. ശക്തമായ ഭൂചലനങ്ങള്‍ ലോകത്ത് പലയിടങ്ങളിലും തുടര്‍ക്കഥയാവുകയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യുഎന്‍ ആഭിമുഖ്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ ദോഹയില്‍ നടത്തിയ സമ്മേളനം കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തല്‍. ക്യോട്ടോ കരാറിന്റെ കാലാവധി 2020 വരെ നീട്ടാന്‍ മാത്രമാണ് സമ്മേളനത്തിലെ തീരുമാനം.

പെണ്‍പോരിന്റെ പ്രതീകം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് നവമാധ്യമങ്ങളിലൂടെ പോരാടിയതിന് പാകിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ കൗമാരക്കാരി മലാല യൂസഫ്സായ് പോയ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു. ഒക്ടോബര്‍ ഒമ്പതിന് സ്കൂളില്‍നിന്ന് മടങ്ങുംവഴി മലാല എന്ന പതിനഞ്ചുകാരിയെ താലിബാന്‍കാര്‍ വെടിവച്ചു. ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ എത്തിച്ച മലാല പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. പെണ്‍കുട്ടികള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ ചെറുക്കുന്നതിന് പ്രചോദനവും ഭീകരതയ്ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകവുമാണ് മലാല. നവംബര്‍ 10 മലാലദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. രണ്ടായിരത്തി പതിനഞ്ചോടെ ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ഐക്യരാഷ്ട്രസഭയുടെ പ്രചാരണത്തിന് ആധാരവും മലാലതന്നെ. ഇതിനായി അവര്‍ കണ്ടെത്തിയ മുദ്രാവാക്യമാണ് "ഞാന്‍ മലാല".

ക്രെംലിനില്‍ പുടിന് മൂന്നാമൂഴം

നാലുവര്‍ഷം പ്രധാനമന്ത്രിപദത്തിലിരുന്ന വ്ളാദിമിര്‍ പുടിന്‍ വീണ്ടും പ്രസിഡന്റായി ക്രെംലിന്‍ കൊട്ടാരത്തിലെത്തി. മാര്‍ച്ച് നാലിനു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ട് നേടിയാണ് അമ്പത്തൊമ്പതുകാരനായ പുടിന്‍ മൂന്നാംവട്ടവും റഷ്യയുടെ പ്രസിഡന്റായത്. പ്രധാന എതിര്‍സ്ഥാനാര്‍ഥി കമ്യൂണിസ്റ്റ് നേതാവ് ഗെന്നഡി സ്യുഗാനോവ് 17.17 ശതമാനം വോട്ട് നേടി. മെദ്വദേവ് വീണ്ടും പ്രധാനമന്ത്രിയായി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെത്തുടര്‍ന്ന് ശക്തമായ പ്രതിഷേധം രാജ്യത്താകെ അലയടിക്കുന്നതിനിടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം പുടിന്റെ രാഷ്ട്രീയഭാവി തകരാതെ കാത്തു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള പുടിന്റെ ശ്രമത്തിനെതിരെ മുമ്പെങ്ങുമില്ലാത്തവിധം ജനം തെരുവിലിറങ്ങി. തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ചൂണ്ടിക്കാട്ടി. 2000 മുതല്‍ 2008 വരെ പ്രസിഡന്റായിരുന്ന പുടിന്‍ തുടര്‍ന്ന് നാലുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു. തുടര്‍ച്ചയായി മൂന്നുവട്ടം പ്രസിഡന്റാകാന്‍ ഭരണഘടന അനുവദിക്കാത്ത സാഹചര്യത്തില്‍് 2008ല്‍ തന്റെ വിശ്വസ്തനായ ദിമിത്രി മെദ്വദേവിനെ പ്രസിഡന്റാക്കുകയായിരുന്നു.

അസാഞ്ചെ വീണ്ടും താരം

വിക്കിലീക്സ് വെളിപ്പെടുത്തലുകളിലൂടെ സാമ്രാജ്യത്വത്തിന്റെ ശത്രുവായ ജൂലിയന്‍ പോള്‍ അസാഞ്ചെയ്ക്ക് ഇക്വഡോര്‍ അഭയം നല്‍കിയത് ഇക്കൊല്ലമാണ്. ലോകത്തിനുമുന്നില്‍ അമേരിക്കയുടെ തനിനിറം തുറന്നുകാട്ടി നയതന്ത്രജ്ഞരുടെയും വിദേശവകുപ്പിന്റെയും രഹസ്യസന്ദേശങ്ങള്‍ വിക്കിലീക്സ് പരസ്യപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ അമേരിക്കയുടെ നോട്ടപ്പുള്ളിയായ അസാഞ്ചെയ്ക്കെതിരെ സ്വീഡനില്‍ പഴയ കൂട്ടുകാരികളുടെ പരാതി ഉയര്‍ന്നത് ദുരൂഹം. കുറ്റം അസാഞ്ചെ നിഷേധിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ടു സര്‍ക്കാരുകള്‍ അസാഞ്ചെയുടെ രക്തത്തിനായി ദാഹിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അമ്മ ക്രിസ്റ്റീന്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ചെയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ ഇക്വഡോര്‍ തീരുമാനിച്ചു. അതിനിടെ, അസാഞ്ചെയ്ക്ക് ഗുരുതര ശ്വാസകോശ അണുബാധയേറ്റു. അടുത്ത വര്‍ഷം ലോകത്തെ ഞെട്ടിക്കുന്ന ദശലക്ഷക്കണക്കിനു രേഖകളുമായി എത്തുമെന്നും അസാഞ്ചെയുടെ മുന്നറിയിപ്പുണ്ട്.

സൂമ വീണ്ടും എഎന്‍സി നായകന്‍

ദക്ഷിണാഫ്രിക്കയുടെ വര്‍ണവിവേചനവിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ (എഎന്‍സി) ശതാബ്ദിവര്‍ഷത്തില്‍ സാരഥിയായി പ്രസിഡന്റ് ജേക്കബ് സൂമ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി പ്രസിഡന്റ് ഗലിമ മോട്ലാന്തേയെ പരാജയപ്പെടുത്തിയാണ് സൂമ നേതൃസ്ഥാനം നിലനിര്‍ത്തിയത്. 2009ല്‍ അധികാരത്തിലെത്തിയ സൂമയുടെ ആദ്യടേം 2014ലാണ് അവസാനിക്കുക. പാര്‍ടിമേധാവിയായതിനാല്‍ തുടര്‍ന്നും അഞ്ചുവര്‍ഷത്തേക്കുകൂടി അദ്ദേഹത്തിന് രാജ്യത്തെ നയിക്കാനാകും. ഡിസംബറില്‍ ബ്ലൂംഫൊണ്ടെയ്നില്‍ ചേര്‍ന്ന എഎന്‍സി സമ്മേളനം ഉപനേതാവായി സിറിള്‍ റമഫോസെയെയും തെരഞ്ഞെടുത്തു.

ഈജിപ്ത് ഇസ്ലാമിക വാഴ്ചയിലേക്ക്

കഴിഞ്ഞ വര്‍ഷം അറബ് വസന്തത്തില്‍ ഈജിപ്തിലെ സ്വേഛാധിപതി ഹൊസ്നി മുബാറക്ക് പുറത്തായശേഷം അവിടെയുള്ള മതേതര ഭൂരിപക്ഷവും ജനസംഖ്യയില്‍ 10 ശതമാനത്തിലധികമുള്ള ക്രൈസ്തവരും മറ്റും യാഥാസ്ഥിതി ഇസ്ലാമിക ഭരണത്തിന്റെ ഭീഷണി നേരിടുകയാണ്. ഇസ്ലാമിക വാദികള്‍ക്ക് ഭൂരിപക്ഷമുള്ള ഭരണഘടനാ സമിതി തിടുക്കത്തില്‍ തട്ടിക്കൂട്ടിയ കരട് ഭരണഘടനയെ, പ്രഹസനമായി മാറിയ ഹിതപരിശോധനയുടെ മറവില്‍ ജനങ്ങള്‍ക്കുമേല്‍ അടിചേല്‍പിക്കുകയാണ് മുസ്ലീം ബ്രദര്‍ഹുഡിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍. യഥാര്‍ത്ഥത്തില്‍ പുതിയ ഭരണഘടനയെ ജനങ്ങളില്‍ ഭൂരിപക്ഷവും എതിര്‍ക്കുന്നതായാണ് കാണുന്നത്. ജനങ്ങളില്‍ 30 ശതമാനം മാത്രമാണ് ഡിസംബറില്‍ രണ്ടുഘട്ടമായി നടന്ന ഹിതപരിശോധനയില്‍ വോട്ട് ചെയ്തത്. ഇതില്‍ 65 ശതമാനത്തോളമാളുകള്‍ കരട് ഭരണഘടന അംഗീകരിച്ചു എന്ന വാദമുയര്‍ത്തിയാണ് പ്രസിഡന്റ് മുഹമ്മദ് മുര്‍സി അത് അംഗീകരിച്ചത്. പഴയ ഭരണസംവിധാനത്തിന്റെ അവശിഷ്ടങ്ങളുടെ എതിര്‍പ്പുകളെ അതിജീവിച്ച് തെരഞ്ഞെടുപ്പിലൂടെയാണ് മുര്‍സി ജൂണില്‍ അധികാരമേറ്റത്. എന്നാല്‍, ഭരണഘടനയിലൂടെ ഇസ്ലാമികനിയമങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തെയാണ് മുബാറക്കിനെ പുറത്താക്കാന്‍ മുന്നില്‍നിന്ന ജനാധിപത്യ പ്രക്ഷോഭകരില്‍ ഭൂരിപക്ഷവും എതിര്‍ക്കുന്നത്. ഈജിപ്തിന്റെ മതേതര പാരമ്പര്യം തകര്‍ത്ത് മതനിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധം തീക്ഷ്ണമാവും എന്നാണ് സൂചന.

പാക് രാഷ്ട്രീയം സംഘര്‍ഷഭരിതം

സര്‍ക്കാരും നീതിപീഠവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാടകീയ വഴിത്തിരിവ് സൃഷ്ടിച്ച് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയെ സുപ്രീംകോടതി സ്ഥാനഭ്രഷ്ടനാക്കിയതാണ് പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ 2012ലെ ഏറ്റവും വലിയ വാര്‍ത്ത. കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്റ് അംഗത്വത്തിനും അതുവഴി പ്രധാനമന്ത്രിസ്ഥാനത്തിനും അയോഗ്യനായതായി ജൂണ്‍ 19ന് ചീഫ് ജസ്റ്റിസ് ഇഫ്തിഖര്‍ ചൗധരിയുടെ ബെഞ്ച് വിധിച്ചു. ഇതാദ്യമായാണ് പാകിസ്ഥാനില്‍ പ്രധാനമന്ത്രിയെ കോടതി പുറത്താക്കിയത്. കോടതി ശിക്ഷിച്ച ആദ്യ പ്രധാനമന്ത്രിയും ഗീലാനിയാണ്. ഗീലാനിയുടെ പിന്‍ഗാമിയായി പിപിപി പ്രതിനിധി രാജ പര്‍വേസ് അഷ്റഫ് സ്ഥാനമേറ്റു. പ്രസിഡന്റ് സര്‍ദാരിക്കെതിരെ സ്വിസ് കോടതിയിലുണ്ടായിരുന്ന അഴിമതിക്കേസ് പുനരന്വേഷിക്കുന്നതിന് ആവശ്യപ്പെടണമെന്ന് കോടതി ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കിയിട്ടും പാക് സര്‍ക്കാര്‍ അനുസരിക്കാഞ്ഞതിനാണ് ഏപ്രില്‍ 26ന് ഗീലാനിയെ സുപ്രീം കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് പൊതുസ്ഥാനങ്ങള്‍ വഹിക്കുന്നതിന് അയോഗ്യത. 2013 ആദ്യം പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നായകന്‍ പുറത്താവുന്നത്. സര്‍ദാരിയെയും കൊല്ലപ്പെട്ട ഭാര്യ ബേനസീര്‍ ഭൂട്ടോയെയും അഴിമതിക്കേസില്‍ സ്വിസ് കോടതി 2003ല്‍ അവരുടെ അഭാവത്തില്‍ ശിക്ഷിച്ചിരുന്നു. 2007ല്‍ അന്നത്തെ പാക് ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫ് ബേനസീറുമായുണ്ടാക്കിയ അനുരഞ്ജനത്തിന്റെ തുടര്‍ച്ചയില്‍ ഇവരടക്കം എണ്ണായിരത്തില്‍പരമാളുകള്‍ക്കെതിരായ കേസുകള്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍, ഇതിന് മുഷറഫ് ഭരണകൂടം ഇറക്കിയ ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ് 2009ല്‍ അസാധുവാക്കിയ സുപ്രീംകോടതി സര്‍ദാരിക്കെതിരെ കേസ് അന്വേഷിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. ഒസാമ ബിന്‍ദാന്റെ വധത്തെ തുടര്‍ന്ന് പട്ടാള അട്ടിമറി ഭയന്ന ആസിഫ് അലി സര്‍ദാരി അമേരിക്കയുടെ സഹായം തേടി കത്ത് അയച്ചെന്ന വെളിപ്പെടുത്തല്‍ മെമോഗേറ്റെന്ന പേരില്‍ പാകിസ്ഥാന്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചു.

സുനിതയുടെ ബഹിരാകാശ നടത്തം

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നടന്ന വനിതയെന്ന ബഹുമതിയുമായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ സുനിത വില്യംസ് ഭൂമിയില്‍ പറന്നിറങ്ങിയത് നവംബര്‍ 19ന്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ പദവി വഹിക്കുന്ന രണ്ടാമത്തെ വനിതയെന്ന പദവിയില്‍ സെപ്തംബര്‍ 17ന് ചുമതലയേറ്റ അവര്‍ നവംബര്‍ 17ന് ഭൂമിയിലേക്കു തിരിക്കുംവരെ പദവി വഹിച്ചു. "എക്സ്പെഡിഷന്‍ 33" ദൗത്യത്തിനുവേണ്ടി ഏഴുതവണയായി 50 മണിക്കൂറും 40 മിനിറ്റും സുനിത ബഹിരാകാശത്ത് നടന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം (195) ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന ബഹുമതിയും സുനിതയ്ക്കാണ്. ബഹിരാകാശ നിലയത്തിലിരുന്ന് ഒളിമ്പിക്സ് കണ്ട സുനിത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തതും ബഹിരാകാശത്തുവച്ചാണ്.

എ കെ ജിക്ക് ബംഗ്ലാദേശിന്റെ ആദരം

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമര നായകന്‍ എ കെ ജിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ മരണാനന്തരബഹുമതിയായി വിമോചന പുരസ്കാരം നല്‍കി ആദരിച്ചു. ബംഗ്ലാദേശ് വിമോചനത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു ബഹുമതി. ധാക്കയിലെ ബംഗബന്ധു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ കെ ജിയുടെ ജാമാതാവും സിപിഐ എം ലോക്സഭാ ഉപനേതാവുമായ പി കരുണാകരനാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാനും പ്രധാനമന്ത്രി ഷേഖ് ഹസീനയും ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു. 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് സിപിഐ എം നേതാവെന്ന നിലയില്‍ അദ്ദേഹം നല്‍കിയ പിന്തുണ പരിഗണിച്ചാണ് രാജ്യത്തെ ഉന്നത പുരസ്കാരം നല്‍കിയത്. ബംഗ്ലാദേശ് വിമോചനത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്.

അറഫാത്തിന്റെ കബറിടം എന്തുപറയും

പലസ്തീന്‍ വിമോചനായകന്‍ യാസര്‍ അറഫാത്തിന്റെ മരണത്തിനു പിന്നില്‍ ഇസ്രയേലിന്റെ കരങ്ങളുണ്ടെന്ന സംശയം ബലപ്പെടവേ സത്യമറിയാന്‍ അദ്ദേഹത്തിന്റെ കബറിടം തുറന്നു. പൊളോണിയം വിഷപ്രയോഗത്തിലാണ് അറഫാത്ത് കൊല്ലപ്പെട്ടതെന്ന സംശയം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ പരിശോധിച്ചതോടെയാണ് ശക്തമായത്. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ക്ക് സാമ്പിള്‍ ശേഖരിക്കാനാണ് എട്ടുവര്‍ഷത്തിനുശേഷം മൃതദേഹാവശിഷ്ടം പുറത്തെടുത്തത്. വെസ്റ്റ്്ബാങ്കിലെ റമള്ളയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപമുള്ള കബറിടം നവംബര്‍ 27നാണ് തുറന്നത്. എഴുപത്തഞ്ചാം വയസ്സില്‍ നിഗൂഢമായ അസുഖം ബാധിച്ച് പാരീസില്‍ ആശുപത്രിയിലായ അറഫാത്ത് 2004 നവംബര്‍ 11നാണ് അന്തരിച്ചത്. മരണത്തിനു പിന്നില്‍ ഇസ്രയേലിന്റെ കരങ്ങളുണ്ടെന്ന് അന്നുതന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അല്‍ ജസീറ ചാനല്‍ ഒരു ഡോക്യുമെന്ററിക്കായി നടത്തിയ അന്വേഷണമാണ് ഈ സംശയം ബലപ്പെടുത്തിയത്.

മ്യാന്‍മര്‍ ജനാധിപത്യ പാതയില്‍

പട്ടാള ഭരണകൂടത്തിന് കീഴില്‍ രണ്ട് പതിറ്റാണ്ടോളം വീട്ടുതടങ്കലില്‍ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സൂ ചി പാര്‍ലമെന്റില്‍ എത്തിയതോടെ മ്യാന്‍മറിലെ ജനാധിപത്യ പരിവര്‍ത്തനം ഊര്‍ുതമായി. ഏപ്രില്‍ ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടന്ന 45 സീറ്റില്‍ 43ഉം സൂ ചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി(എന്‍എല്‍ഡി) നേടി. അറുപത്തേഴുകാരിയായ സൂ ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ജനാധിപത്യ പുനഃസ്ഥാപനത്തിലേക്ക് നീങ്ങുന്ന മ്യാന്‍മറിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തല്‍. 664 അംഗ പാര്‍ലമെന്റില്‍ സൂ ചിയുടെ വിജയം അധികാരമാറ്റമുണ്ടാക്കാന്‍ പര്യാപ്തമല്ല. എന്നാല്‍, ജനാധിപത്യം സ്ഥാപിക്കാനുള്ള തുടര്‍നടപടികളില്‍ സൂ ചിയുടെ സാന്നിധ്യം നിര്‍ണായകമാകും. 2010 നവംബറില്‍ സൂ ചിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ച പട്ടാളഭരണകൂടം 2011ലാണ് സിവിലിയന്‍ ഭരണത്തിന് വഴിമാറിയത്. എന്നാല്‍, വിരമിച്ച സൈനിക ഓഫീസര്‍മാരും ബന്ധുക്കളും മറ്റുമടങ്ങുന്ന പട്ടാള അനുകൂല സര്‍ക്കാരാണ് ഇപ്പോഴും നിലവിലുള്ളത്. രാജ്യത്ത് ഘട്ടംഘട്ടമായി പൂര്‍ണ ജനാധിപത്യം സ്ഥാപിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. സൂ ചിയുടെ വിജയത്തെ തുടര്‍ന്ന്, മ്യാന്‍റിന് ഏര്‍പ്പെടുത്തിയിരുന്ന പല ഉപരോധവും അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ നീക്കി. 1988നുശേഷം ആദ്യമായി സൂ ചി വിദേശപര്യടനം നടത്തി. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ അവര്‍ക്ക് വന്‍ സ്വീകരണം ലഭിച്ചു. തുടര്‍ന്ന് അവര്‍ ഇന്ത്യയിലുമെത്തി.

യൂറോപ്പിന് തിരിച്ചറിവായി ഫ്രാന്‍സ്

യൂറോപ്പിന്റെ ഹൃദയഭൂമിയായ ഫ്രാന്‍സില്‍ രണ്ടുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം സോഷ്യലിസ്റ്റ് പ്രസിഡന്റ്. മെയ് ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴം തേടിയ വലതുപക്ഷ പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയുടെ അധികാരഗര്‍വിനെ തറപറ്റിച്ചാണ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഫ്രാന്‍സ്വാ ഓളന്ദ് മിന്നുന്ന വിജയം നേടിയത്. ഓളന്ദിന് 51.6 ശതമാനം വോട്ട് ലഭിച്ചു. സര്‍കോസിക്ക് 48.4 ശതമാനം. 1981ല്‍ വലതുപക്ഷ പ്രസിഡന്റ് വലേറി ഷിസ്കാദ് ദെസ്താങ്ങിനുശേഷം ഫ്രാന്‍സില്‍ രണ്ടാമൂഴത്തിനുള്ള മത്സരത്തില്‍ തോല്‍ക്കുന്ന ആദ്യപ്രസിഡന്റാണ് സര്‍കോസി. 1995ല്‍ ഫ്രാന്‍സ്വാ മിത്തറാങ് അധികാരമൊഴിഞ്ഞശേഷം ഫ്രഞ്ച് പ്രസിഡന്റാകുന്ന ആദ്യ സോഷ്യലിസ്റ്റ് നേതാവാണ് ഓളന്ദ്. യൂറോപ്യന്‍ രാജ്യങ്ങളിലെ വായ്പാപ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്ന കടുത്ത ചെലവുചുരുക്കലിനെ എതിര്‍ക്കുന്നയാളാണ് ഓളന്ദ്. അദ്ദേഹത്തിന്റെ വിജയം യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തെ വലതുചായ്വിന് വെല്ലുവിളിയായി. ഗ്രീസിലും ചെലവുചുരുക്കലിന് വാദിക്കുന്ന രണ്ട് പ്രധാന കക്ഷികള്‍ക്കും തെരഞ്ഞെടുപ്പില്‍ കനത്ത നഷ്ടമുണ്ടായപ്പോള്‍ ഇടതുപക്ഷ സൈറസ പാര്‍ടി മൂന്നിരട്ടി ശക്തി വര്‍ധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞതവണ 44 ശതമാനം വോട്ട് നേടി ഭരണകക്ഷിയായ പസോക്ക് ഇത്തവണ 14-17 ശതമാനം വോട്ടുമായി മൂന്നാംസ്ഥാനത്തായി.

*
കടപ്പാട്: ദേശാഭിമാനി 30 ഡിസംബര്‍ 2012

No comments: