Monday, December 24, 2012

സ്മരണകളിലെ സമരമുഖങ്ങള്‍

ഓര്‍മകള്‍ ചരിത്രവും രാഷ്ട്രീയവുമായുള്ള മാനുഷികമായ മുഖാമുഖങ്ങളാണെന്ന് വാള്‍ട്ടര്‍ ബന്യമിനും മിലാന്‍ കുന്ദേരയും പറയുന്നുണ്ട്. ഓര്‍മകളെക്കുറിച്ചുള്ള അവരുടെ പ്രസ്താവനകള്‍, വ്യത്യസ്തരീതികളിലാണെങ്കിലും പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നതും ഇക്കാര്യമാണ്. "ആപത്തിന്റെ നിമിഷങ്ങളില്‍ മനസ്സിലൂടെ മിന്നിമായുന്ന ഓര്‍മകളെ കൈയെത്തിപ്പിടിക്കലാണ് ചരിത്രം" എന്നാണ് വാള്‍ട്ടര്‍ ബന്യാമിന്‍ ഓര്‍മയും ചരിത്രവും വര്‍ത്തമാനവും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ട് പറഞ്ഞത്. പോയകാലങ്ങളില്‍നിന്ന് ചിലതിനെയെല്ലാം വീണ്ടെടുക്കുന്ന നിസ്സംഗമായ പ്രവൃത്തിയല്ല ഓര്‍മ. എല്ലാ ഓര്‍മകള്‍ക്ക്പിന്നിലും വര്‍ത്തമാനത്തിന്റെ പ്രബലമായ പ്രേരണകള്‍ എപ്പോഴുമുണ്ടാവും. ചില പിടിവള്ളികള്‍, ചില പ്രതിരോധങ്ങള്‍, മുന്നോട്ടുള്ള കുതിപ്പിനുവേണ്ടി പുറകോട്ടു വയ്ക്കുന്ന ഒരു ചുവട്... സ്മരണാ സംഭവങ്ങള്‍ എപ്പോഴും പ്രചോദിതവും പ്രേരിതവുമായിരിക്കും എന്നര്‍ഥം. വര്‍ത്തമാനത്തിന്റെ അലകടലിനു നടുവിലിരുന്നാണ് നാം ഓര്‍മിക്കുന്നത്; അതിന്റെ ആവശ്യങ്ങളുടെ നിര്‍വഹണത്തിനായി.

"ദുരധികാരത്തിനെതിരായ മനുഷ്യവംശത്തിന്റെ സമരം മറവികള്‍ക്കെതിരെയുള്ള ഓര്‍മകളുടെ സമരമാണ് എന്ന് മിലാന്‍ കുന്ദേര എഴുതി. "ഓര്‍മകളുണ്ടായിരിക്കണം" എന്നത് ചരിത്രത്തിലെ മുഴക്കം നിറഞ്ഞ ആഹ്വാനമായിത്തീരുന്നത് അങ്ങനെയാണ്. നീതിയുടെയും അനീതിയുടെയും ഗതിഭേദങ്ങളെ ഓര്‍ത്തുകൊണ്ടേയിരിക്കുക; വര്‍ത്തമാനത്തിന്റെ തിളക്കങ്ങള്‍ക്കിടയിലും ഭൂതകാലത്തിന്റെ ഇരുട്ടിനെയും യാതനകളെയും മറക്കാതിരിക്കുക; ദുരധികാരത്തിന്റെ വലിയ പടയോട്ടങ്ങള്‍ക്കു നടുവിലും പൊരുതി നിന്നവരുടെ ഇച്ഛാശക്തിയെക്കുറിച്ചോര്‍ക്കുക... ഓര്‍മകള്‍ അതോടെ ചരിത്രത്തിലെ സമരമുഖങ്ങളായിത്തീരുന്നു. സ്മരണകള്‍ അതില്‍ത്തന്നെ രണസ്മാരകങ്ങളാവുന്നു.

മലയാള ജീവിതത്തിന്റെ ധൈഷണികതയേയും അനുഭൂതി പ്രപഞ്ചത്തേയും കൂടുതല്‍ സമ്പന്നമാക്കിയ രണ്ട് മഹാപ്രതിഭകളുടെ ഓര്‍മകള്‍മനസില്‍ നിറയുന്നു - എറിക് ഹോബ്സ്ബോമും തിലകനും. ലോകമെമ്പാടുമുള്ള ചരിത്ര പഠിതാക്കളുടെയെന്നപോലെ മലയാളികളായ ചരിത്രാന്വേഷകരുടെ കാഴ്ചയുടെ ചക്രവാളങ്ങളെയും ഹോബ്സ്ബോം വികസിപ്പിച്ചു. സുരേന്ദ്രനാഥ തിലകന്‍ അവരുടെ അനുഭൂതികളുടെ ചക്രവാളത്തേയും. (ഇതു രണ്ടും അന്യോന്യം ഒഴിച്ചുനിര്‍ത്തുന്ന എതിര്‍ലോകങ്ങളാണെന്ന് കരുതിക്കൊണ്ടല്ല ഇങ്ങനെയെഴുതുന്നത്).

നമ്മുടെ ഭാവി ജീവിതത്തിന്റെ ആഹ്ലാദങ്ങള്‍ക്ക് നാം ഇവരോട് കടപ്പെട്ടിരിക്കും. ഹോബ്സ്ബോം: പ്രതിബദ്ധതയുടെ വിമര്‍ശനമൂല്യം മലയാളത്തിലെ എല്ലാ പ്രധാന മാധ്യമങ്ങളും ഹോബ്സ് ബാമിനെ അനുസ്മരിക്കുകയുണ്ടായി. ഏതെങ്കിലുമൊരു മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ തന്റെ ജീവിതകാലത്ത് ഇത്രയും സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിട്ടില്ലെന്ന് ഹോബ്സ്ബോമിന്റെ മരണത്തിനുശേഷം പല പാശ്ചാത്യ മാധ്യമങ്ങളും എഴുതിയിരുന്നു. പല കാരണങ്ങളുണ്ടാവാം അതിന് പിന്നില്‍. ഹോബ്സ്ബോം പ്രധാന പങ്ക് വഹിച്ച ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി ഹിസ്റ്റോറിയന്‍സ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളേക്കാള്‍ സാര്‍വത്രിക സ്വഭാവം ഹോബ്സ് ബാമിന്റെ രചനകള്‍ക്കുണ്ടായിരുന്നതാവാം ഒരു കാരണം. (ബ്രിട്ടീഷ് കമ്യൂണിസത്തിന്റെ ഏറ്റവും വലിയ സംഭാവന ഹിസ്റ്റോറിയന്‍സ് ഗ്രൂപ്പ് ആണെന്ന് പകുതി കളിയായും പകുതി കാര്യമായും പലരും പലപ്പോഴും പറഞ്ഞുവരാറുണ്ട്). ക്രിസ്റ്റഫര്‍ ഗില്‍, ഇ പി തോംസണ്‍, എ എല്‍ മോര്‍ട്ടണ്‍, റാഫേല്‍ സാമുവല്‍ എന്നിങ്ങനെ ഹിസ്റ്റോറിയന്‍സ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ ചരിത്രരചനാ ശ്രമങ്ങള്‍ ഇംഗ്ലണ്ടിനെയും പരമാവധി യൂറോപ്പിനെയും മുന്‍നിര്‍ത്തിയാണ് മിക്കവാറും നടന്നത്. ഹോബ്സ്ബാമും

അദ്ദേഹത്തിന്റെ അതിപ്രസിദ്ധമായ ചരിത്ര ചതുഷ്ടയത്തിന്റെ ആദ്യ വാല്യം  യൂറോപ്പിനെ കേന്ദ്രീകരിച്ചാണ് എഴുതിത്തുടങ്ങുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ഈ പരിമിത വൃത്തത്തെ മുറിച്ചുകടക്കാനും മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വ വളര്‍ച്ചയുടേയും ചരിത്രമായി തന്റെ രചനകളെ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ നിലയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ചരിത്രം തന്നെയാണ് ഹോബ്സ്ബാം രചിച്ചത്. ഇംഗ്ലണ്ടിലെ തൊഴിലാളി വര്‍ഗത്തിന്റെ രൂപീകരണം (Making of English Working Class) എന്ന മഹത്തായ ഗ്രന്ഥത്തിലൂടെ ഇ പി തോംസണ്‍ ഉദ്ഘാടനംചെയ്ത ചരിത്രവിചിന്തനത്തിന്റെ പല നിലകളിലുള്ള തുടര്‍ച്ചകളും ഹോബ്സ് ബാമില്‍ നമുക്ക് കാണാം. ഗ്രാംഷിയില്‍നിന്ന് വലിയതോതില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് ഇ പി തോംസണ്‍ തന്റെ ഗ്രന്ഥം രചിച്ചത്. തൊഴിലാളിവര്‍ഗത്തേയും വര്‍ഗരൂപീകരണത്തേയും സംബന്ധിച്ചുള്ള മുഖ്യധാരാ മാര്‍ക്സിസ്റ്റ് ധാരണകളെ കാര്യമായി പരിഗണിക്കാത്ത ഒന്നായിരുന്നു ഇ പി തോംസന്റെ സമീപനം. ഉല്പാദനവ്യവസ്ഥയിലെ സ്ഥാനവും പങ്കാളിത്തവും വഴി കൈവരുന്നത് എന്നതിനപ്പുറം സാംസ്കാരിക ഘടകങ്ങളാല്‍ കൂടി നിര്‍ണയിക്കപ്പെടുന്ന ഒന്നായി വര്‍ഗത്തെയും വര്‍ഗപരമായ സമൂഹരൂപീകരണത്തെയും ഇ പി തോംസണ്‍ പരിഗണിച്ചിരുന്നു. കീഴാളവര്‍ഗം (subaltern class) എന്ന ഗ്രാംഷിയന്‍ പരികല്പന അദ്ദേഹം അവതരിപ്പിച്ചതും ഈ അര്‍ഥത്തിലാണ്.

ഇ പി തോംസന്റെ സമീപനത്തെ ഹോബ്സ്ബോം അതേപടി പിന്‍തുടരുകയുണ്ടായില്ല. ഒരര്‍ഥത്തില്‍ തോംസന്റെ നിലപാടിനേക്കാളധികം ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് രീതികളോട് അടുത്തുനിന്ന ആളാണ് ഹോബ്സ് ബാം എന്നുപറയാം. എങ്കിലും ഉല്‍പാദനവ്യവസ്ഥയുടെ ചരിത്രം എന്ന നിലയില്‍ മാത്രമല്ല മുതലാളിത്ത മൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ചരിത്രം അദ്ദേഹം രചിച്ചത്. ആശയങ്ങളും ഉല്‍പാദനബന്ധങ്ങളും രാഷ്ട്രീയ സ്ഥാപനങ്ങളും എല്ലാം പങ്കുചേര്‍ന്ന് നിര്‍മിക്കുന്ന അതിവിപുലവും സങ്കീര്‍ണവുമായ ചരിത്രയാഥാര്‍ഥ്യങ്ങളെ വിശദാംശങ്ങളിലേക്ക് കടന്നുകയറിക്കൊണ്ട്, അയത്നലളിതമായി വിശദീകരിക്കുന്ന ഒരു രചനാരീതിയാണ് ഹോബ്സ് ബാം പിന്‍പറ്റിയത്. (ലൂയി ബോണപ്പാര്‍ട്ടിന്റെ 18-ാം ബ്രൂമെയര്‍, ഫ്രാന്‍സിലെ വര്‍ഗസമരം തുടങ്ങിയ കൃതികളില്‍ സവിശേഷമായ ചരിത്രസന്ദര്‍ഭങ്ങളെയും അവയുടെ ബലതന്ത്രങ്ങളെയും വിശകലനംചെയ്യുമ്പോള്‍ ആശയങ്ങള്‍ ഭൗതികശക്തികളായി പ്രവര്‍ത്തിക്കുന്നതിന്റെ ശ്രമം മാര്‍ക്സും ഗൗരവപൂര്‍വം പരിഗണിക്കുന്നുണ്ട്). അതുകൊണ്ട് ചരിത്രപണ്ഡിതന്മാര്‍ മുതല്‍ സാധാരണ വായനക്കാര്‍ വരെയുള്ളവര്‍ അദ്ദേഹത്തിന്റെ രചനകളുടെ ആസ്വാദകവൃന്ദത്തിലുള്‍പ്പെട്ടിരുന്നു. ഹോബ്സ്ബോമിന്റെ ചരിത്രഗ്രന്ഥങ്ങള്‍ പോപ്പുലര്‍ ക്ലാസിക്കുകള്‍ എന്നപോലെ വിറ്റഴിക്കപ്പെടുന്നതിന് ഇത് കാരണമാവുകയുംചെയ്തു. (1962ല്‍ പുറത്തുവന്ന Age of Revolution ന്റെ 32-ാം പതിപ്പാണ് എന്റെ പക്കലുള്ളത്. 2009-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ് അത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മിക്കവാറും എല്ലാ വര്‍ഷവും ഈ ഗ്രന്ഥത്തിന്റെ പുതിയ പതിപ്പുകള്‍ പുറത്തുവരുന്നുണ്ടെന്ന് പ്രസാധന വിവരങ്ങള്‍ നോക്കിയാല്‍ കാണാം; ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ പതിപ്പുകളും. 2002-ല്‍ പുറത്തുവന്ന ഹോബ്സ് ബാമിന്റെ ആത്മകഥ (Interesting Times) പോലും 2009 -നകം ആറ് പതിപ്പുകള്‍ പിന്നിട്ടുകഴിഞ്ഞിരിക്കുന്നു!)

ഹോബ്സ്ബോമിന്റെ ചരിത്രരചനയെ നിര്‍ണയിച്ചുപോന്ന സൈദ്ധാന്തിക സമീക്ഷ സംശയരഹിതമായും മാര്‍ക്സിസമായിരുന്നു. ഇതോടൊപ്പം മാര്‍ക്സിസത്തിന്റെ ചരിത്രകാരനുമായിരുന്നു അദ്ദേഹം. പത്തൊമ്പതാം ശതകത്തിന്റെ മധ്യഘട്ടം മുതലാരംഭിക്കുന്ന മാര്‍ക്സിസ്റ്റ് ചിന്തയുടെയും പ്രസ്ഥാനങ്ങളുടെയും ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം ഏറ്റവും സമഗ്രമായി രേഖപ്പെടുത്തിയത് ഹോബ്സ്ബോമാണെന്ന് പറയാം. മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുടെ ലോകസഞ്ചാരത്തിന്റെ കഥപറയുമ്പോള്‍ ഇന്ത്യന്‍ ഭാഷകളില്‍ അവ എത്തിപ്പെട്ടതിന്റെ വിശദാംശങ്ങള്‍ വരെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ മാര്‍ക്സിസ്റ്റ് ചരിത്രകാരനും മാര്‍ക്സിസത്തിന്റെ ചരിത്രകാരനുമായാണ് ഒരേസമയം ഹോബ്സ്ബോം ജീവിച്ചത്.

മാര്‍ക്സിസവുമായി ഹോബ്സ്ബോം പുലര്‍ത്തിയ ബന്ധം ധൈഷണികം മാത്രമായിരുന്നുമില്ല. 1917ല്‍ അലക്സാഡ്രിയയില്‍ ജനിച്ച് 1930 കളില്‍ പാര്‍ടി അംഗമായ അദ്ദേഹം മരണംവരെ പാര്‍ടിയുമായുള്ള ബന്ധം തുടര്‍ന്നു. സോവിയറ്റ് പതനത്തിനുശേഷം ബ്രിട്ടീഷ് പാര്‍ടി ശിഥിലമായി എങ്കിലും ഹോബ്സ് ബാം പ്രസ്ഥാനത്തെയോ പ്രസ്ഥാനത്തിന്റെ ചരിത്രത്തെയോ നിഷേധിക്കുകയുണ്ടായില്ല. 1956ലെ ഹംഗേറിയന്‍ പ്രശ്നത്തില്‍ ഇ പി തോംസണും ക്രിസ്റ്റഫര്‍ ഹില്ലും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ പാര്‍ടി വിട്ടപ്പോഴും ഹോബ്സ് ബാം പാര്‍ടിയില്‍ തുടരുകയാണ് ചെയ്തത്. (ഹംഗേറിയന്‍ പ്രശ്നമാണ് ബ്രിട്ടണിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വന്‍തോതില്‍ ദുര്‍ബലപ്പെടുത്തിയ സംഭവങ്ങളിലൊന്ന്. പ്രമുഖരായ ബുദ്ധിജീവികള്‍ ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ അന്ന് പാര്‍ടി വിട്ടു എന്നാണ് ഹോബ്സ് ബാം തന്നെ അതേക്കുറിച്ച് ഓര്‍മിക്കുന്നത്. വിവിധ പത്രങ്ങളുടെയും ടി വി ചാനലുകളുടെയും മറ്റും അഭിമുഖങ്ങളില്‍ താന്‍ ഏറ്റവുമധികം നേരിട്ട ചോദ്യം ഇത്തരം പ്രശ്നങ്ങള്‍ക്ക് ശേഷവും എന്തുകൊണ്ട് പാര്‍ടിയില്‍ തുടര്‍ന്നു എന്നതായിരുന്നുവെന്ന് ഹോബ്സ്ബാം അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. പാര്‍ടി വിട്ടുപോയവരില്‍നിന്ന് വ്യത്യസ്തമായി താന്‍ പ്രസ്ഥാനത്തിലേക്ക് വന്ന കാലത്തിന്റെയും ദേശത്തിന്റെയും സവിശേഷതയാണ് ഇതിന്റെ കാരണങ്ങളിലൊന്നായി ഹോബ്സ് ബാം എടുത്തുപറയുന്നത്. 1930 കളിലെ ജര്‍മനിയില്‍നിന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുള്ള വരവ് തന്നെപ്പോലുള്ളവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികവും അനിവാര്യവുമായ ഒരു പരിണാമമായിരുന്നുവെന്ന് ഹോബ്സ് ബാം എഴുതിയിട്ടുണ്ട്. ധൈഷണികമായ പ്രേരണകളാല്‍ പ്രസ്ഥാനത്തിലേക്ക് വരുകയും അഭിപ്രായ ഭിന്നതകളുടെ പേരില്‍ പ്രസ്ഥാനത്തില്‍നിന്ന് അകന്നുപോവുകയും ചെയ്ത ബുദ്ധിജീവികളില്‍നിന്നും താന്‍ വ്യത്യസ്തനായിത്തീര്‍ന്നത് ഇത്തരത്തിലുള്ള വൈകാരിക പ്രതിബദ്ധതകളാലാണെന്ന് ഹോബ്സ് ബാം പറയുന്നു. സോവിയറ്റ് യൂണിയന്‍ തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വികാരവും വിമോചന സ്വപ്നവുമായിരുന്നു. സോവിയറ്റ് പതനത്തിനുശേഷവും തന്നില്‍നിന്ന് ആ വൈകാരികദീപ്തി കെട്ടുപോയിട്ടില്ലെന്നും ഹോബ്സ് ബാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ പറയുന്നതിനര്‍ഥം വിമര്‍ശനങ്ങള്‍ ഒന്നുമേ ഉന്നയിക്കാതെ, ഏതു ഘട്ടത്തിലും മൗനം പാലിച്ച ഒരാളായിരുന്നു ഹോബ്സ് ബാം എന്നല്ല. പാര്‍ടി അംഗം എന്ന നിലയില്‍ താന്‍ പലപ്പോഴും പുലര്‍ത്തിയ മൗനം എത്രത്തോളം യുക്തിസഹമായിരുന്നു എന്ന് അദ്ദേഹം തന്നെ പില്‍ക്കാലത്ത് സംശയം പ്രകടിപ്പിച്ചിട്ടുണ്ട് (``I was a loyal party member for two decades before 1956 and therefore silent about a number of things about which it is reasonable not to be silent"").

മറ്റ് ചില സന്ദര്‍ഭങ്ങളിലാകട്ടെ തന്റെ എതിര്‍നിലപാടുകളും വിമര്‍ശനങ്ങളും ഹോബ്സ് ബാം പരസ്യമായി പ്രകടിപ്പിക്കുകതന്നെ ചെയ്തു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ വലിയ കോളിളക്കങ്ങള്‍ക്ക് കാരണമായ സോവിയറ്റ് യൂണിയന്റെ ഹംഗറിയിലേക്കുള്ള കടന്നുകയറ്റമായിരുന്നു. ഇത്തരത്തിലുള്ള പ്രധാന സന്ദര്‍ഭങ്ങളിലൊന്ന്. ഹംഗറിയില്‍നിന്നും സോവിയറ്റ് സൈന്യം പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1956 നവംബര്‍ 7-ന് പാര്‍ടി പത്രമായ "ഡെയ്ലി വര്‍ക്കര്‍" -ല്‍ തന്നെ അദ്ദേഹം ഒരു കത്ത് പ്രസിദ്ധപ്പെടുത്തി. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി ഹിസ്റ്റോറിയന്‍സ് ഗ്രൂപ്പിന്റെ പേരില്‍ (ഹോബ്സ് ബാം ആയിരുന്നു അപ്പോള്‍ അതിന്റെ ചെയര്‍മാന്‍) സോവിയറ്റ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഹോബ്സ്ബോമും ഗ്രൂപ്പിലെ അംഗങ്ങളായ ചരിത്രകാരന്മാരും ഒപ്പിട്ട കത്തും പ്രസിദ്ധീകരിക്കുകയുണ്ടായി. പാര്‍ടി പത്രമായ "ഡെയ്ലി വര്‍ക്കര്‍" അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 1956 ഡിസംബര്‍ ഒന്നിന് "ന്യൂ സ്റ്റേറ്റ്സ്മാന്‍ ട്രിബ്യൂണി"ല്‍ ആണ് ആ കത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. സോവിയറ്റ് നടപടിയെ പിന്തുണച്ച ബ്രിട്ടീഷ് പാര്‍ടിയുടെ നിലപാട് വസ്തുതകളെ വളച്ചൊടിക്കുന്നതിന്റെയും സ്വന്തമായി ചിന്തിക്കാനുള്ള ശേഷിയില്ലായ്മയുടെയും ഫലമാണെന്ന് ഹോബ്സ്ബോം ആ കത്തില്‍ കുറ്റപ്പെടുത്തി. സൈദ്ധാന്തികമായി മാര്‍ക്സിസം ഏറ്റവും ഭദ്രമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, ഹംഗറിയിലെ പ്രശ്നത്തില്‍ ബ്രിട്ടീഷ് പാര്‍ടി കൈക്കൊണ്ട നിലപാട് വസ്തുതകളെ വളച്ചൊടിച്ചു കൊണ്ടുള്ളതാണെന്ന് ഹോബ്സ്ബോമും സുഹൃത്തുക്കളും വിമര്‍ശനമുന്നയിച്ചു. വസ്തുതകളോട് സത്യസന്ധമാവാതെയും ഭൂതകാലത്തിലെ പിഴവുകള്‍ തിരുത്താതെയും ബ്രിട്ടീഷ് ഇടതുപക്ഷത്തിന് മുന്നേറാനാവില്ലെന്ന മുന്നറിയിപ്പും ഹോബ്സ്ബോമും സുഹൃത്തുക്കളും ആ കത്തില്‍ നല്‍കുന്നുണ്ട് (ഹോബ്സ് ബാമിന്റെ ആത്മകഥയുടെ അടിക്കുറിപ്പുകളിലൊന്നില്‍ ആ കത്തിന്റെ പ്രധാന ഭാഗങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പുറം 425. 2009 പതിപ്പ്).

ഇങ്ങനെ, പശ്ചാത്താപരഹിതനായ മാര്‍ക്സിസ്റ്റും കമ്യൂണിസ്റ്റുമാണ് താനെന്ന് ജീവിതാന്ത്യംവരെ ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതിബദ്ധതയാണ് എറിക് ഹോബ്സ്ബോം പ്രസ്ഥാനത്തോട് പുലര്‍ത്തിപ്പോന്നത്. ചില സന്ദര്‍ഭങ്ങളില്‍ താന്‍ പുലര്‍ത്തിയ മൗനംപോലെ മറ്റ്ചില സന്ദര്‍ഭങ്ങളില്‍ താന്‍ പരസ്യമായി ഉന്നയിച്ച വിമര്‍ശനങ്ങളും പ്രതിബദ്ധതയുടെ ആവിഷ്കാരങ്ങളാണ് എന്നദ്ദേഹം പറയുന്നുണ്ട്. പ്രാഥമിക വസ്തുതകളോട് സത്യസന്ധമായിരിക്കുക എന്ന, ഏതൊരു ചരിത്രരചയിതാവിന്റെയും അടിസ്ഥാന നിലപാടിനെ, അദ്ദേഹം ഒരിക്കലും കൈവിട്ടില്ല. ചരിത്രകാരന്‍ എന്ന നിലയിലുള്ള തന്റെ വിശ്വാസ്യതയേയും പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതയേയും ഈ വിമര്‍ശനാത്മക പരിപ്രേക്ഷ്യത്തില്‍ യോജിപ്പിച്ചുനിര്‍ത്താന്‍ ഹോബ്സ്ബോമിന് കഴിഞ്ഞു. അതിനുള്ള ഇടം പ്രസ്ഥാനംനല്‍കിയെന്നും ആത്മകഥയില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. സോവിയറ്റ് മാതൃകയിലുള്ള ഭരണകൂടങ്ങളും ഘടനകളുമാണ് കമ്യൂണിസമെങ്കില്‍ കമ്യൂണിസം മരിച്ചുകഴിഞ്ഞു എന്ന് പ്രസ്താവിച്ചുകൊണ്ടാണ് പശ്ചാത്താപ രഹിതനായ മാര്‍ക്സിസ്റ്റും കമ്യൂണിസ്റ്റുമായി അദ്ദേഹം തുടര്‍ന്നത്. ഇത്തരമൊരു വിമര്‍ശനാത്മക നിലപാട് ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് ലോക കമ്യൂണിസ്റ്റ്ചരിത്രത്തിലെ അപഭ്രംശങ്ങളായിത്തീര്‍ന്ന പല സംഭവങ്ങളെയും മുന്‍വിധികളില്ലാതെ വിശകലനംചെയ്യാന്‍ ഹോബ്സ് ബാമിനു കഴിഞ്ഞു. കമ്യൂണിസ്റ്റായി തുടര്‍ന്നതിന്റെ പേരില്‍ വലതുപക്ഷ മാധ്യമങ്ങളുടേയും ചരിത്രകാരന്മാരുടെയും അധിക്ഷേപങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ, സ്റ്റാലിന്റെ നിശിത വിമര്‍ശകനായും ഹോബ്സ് ബാം നിലകൊണ്ടു. ആത്മകഥയിലെ ഒരധ്യായംതന്നെ (Stalinism and After) ഇത്തരം വിമര്‍ശനാത്മക പരിശോധനയ്ക്കായി അദ്ദേഹം മാറ്റിവച്ചു. ഈ നിലയില്‍ ചരിത്രകാരന്റെ ധൈഷണികമായ സത്യസന്ധതയേയും മാര്‍ക്സിസ്റ്റ് എന്ന നിലയിലുള്ള പ്രതിബദ്ധതയേയും വിമര്‍ശനാത്മകമായ പരിപ്രേക്ഷ്യത്തില്‍ ഇണക്കിനിര്‍ത്താനായതുകൊണ്ടാണ് എറിക് ഹോബ്സ് ബാം ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരില്‍ ഏറ്റവുമുയര്‍ന്ന ഒരാളായത്. പ്രതിബദ്ധതയുടെ ഈ വിമര്‍ശനാത്മക മൂല്യം പ്രസ്ഥാനം അംഗീകരിക്കുകയുംചെയ്തു. (`Party sensibly chose not to expel me" എന്ന് ഹോബ്സ് ബാം) ഇതഃപര്യന്തമുള്ള മാര്‍ക്സിസ്റ്റ് ധൈഷണികചരിത്രത്തിലെ ഏറ്റവും അഭിമാനാര്‍ഹമായ നീക്കിയിരുപ്പുകളിലൊന്നായി എറിക് ഹോബ്സ് ബാം മാറിത്തീര്‍ന്നത് അങ്ങനെയാണ്. അതിന് നാം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയോടും കൃതജ്ഞതയുള്ളവരായിരിക്കണം; ധൈഷണികതയുടെ ഈ വന്‍മരത്തെ കൈയൊഴിയാതിരുന്നതിന്.

കലയിലെ കലാപങ്ങള്‍; ജീവിതത്തിലെയും

മലയാളത്തിലെ എക്കാലത്തെയും വലിയ അഭിനേതാക്കളിലൊരാളായിരുന്നു തിലകന്‍ എന്ന് നമ്മുടെ മാധ്യമങ്ങളെല്ലാം തിരിച്ചറിയുകയും വിളിച്ചുപറയുകയുംചെയ്തിരുന്നു. തിലകന്റെ മരണത്തിന് ശേഷം പുറത്തുവന്ന എല്ലാ പ്രധാന വാരികകളും മാസികകളും അത് എടുത്തുപറയാന്‍ ശ്രമിച്ചിരുന്നു.

ദേശീയപുരസ്കാരം നേടിയ പല നടന്മാരും നമുക്കിടയിലുള്ളപ്പോള്‍ തന്നെ, ദേശീയപുരസ്കാരത്തിന്റെ പിന്തുണയില്ലാതെ അവര്‍ക്കൊപ്പമോ അവരേക്കാള്‍ മുന്നിലോ കടന്നുനില്‍ക്കാന്‍ കഴിഞ്ഞ അഭിനയപ്രതാപം തിലകനുണ്ടായിരുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാനെപ്പോലെ ദേശീയപുരസ്കാരത്തിന്റെ പിന്‍ബലമില്ലാതെതന്നെ അദ്ദേഹം പല ദേശീയ പുരസ്കാര ജേതാക്കള്‍ക്കുമപ്പുറത്തേക്ക് തന്റെ അഭിനയപ്രതിഭയെ ഉയര്‍ത്തിനിര്‍ത്തി. നാടകം എക്കാലവും തിലകനോടൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിലും ശരീരഭാഷയിലും മുഖഭാവങ്ങളിലുമെല്ലാം നാടകം നിഴലിട്ടു നിന്നിരുന്നു. സാധാരണ നിലയില്‍ സിനിമയിലെ ഒരഭിനേതാവിനെ സംബന്ധിച്ച് ഇത് അത്യന്തം ആപല്‍ക്കരമായ പരാധീനതയാവേണ്ടതാണ്. മറ്റൊരു മാധ്യമത്തിന്റെ ആവിഷ്കാരയുക്തികളും അവതരണ ക്രമങ്ങളുമായി സിനിമപോലൊരു മാധ്യമത്തിലൂടെ കടന്നുപോവുക ദുഷ്കരമാണ്. രംഗവേദിയിലെ പല മഹാപ്രതിഭകളും വെള്ളിത്തിരയില്‍ ഫലിക്കാതെപോയതും അതുകൊണ്ടാണ്. ഫലിച്ചവര്‍ സിനിമയ്ക്കിണങ്ങുന്ന മറ്റൊരു ഭാഷ വികസിപ്പിച്ചെടുക്കുന്നതില്‍ വിജയം കൈവരിച്ചിരുന്നു. സ്വന്തം ശരീരത്തിന്റെ അടയാളങ്ങളേയും ഒപ്പം നാടകത്തിന്റെ അടയാളങ്ങളേയും ഒരുപോലെ മായ്ച്ചുകളഞ്ഞിട്ടാണ് ഭരത് ഗോപി മലയാള സിനിമയിലെ ഏറ്റവും വലിയ നടനായിത്തീര്‍ന്നതെന്ന് നാം പൊതുവെ മനസ്സിലാക്കിയിട്ടുമുണ്ട്. ഇങ്ങനെയൊരു പൂര്‍ണമായ മായ്ചുകളയല്‍ തിലകനില്‍ സംഭവിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹം മലയാള സിനിമയുടെ ഉയര്‍ന്ന ശിരസ്സുകളിലൊന്നായി. നാടകത്തിന്റെ തീവ്രഭാവങ്ങളെ സിനിമയുടെ സാങ്കേതിക സ്വരൂപവുമായി സവിശേഷമായ നിലയില്‍ കൂട്ടിയിണക്കുന്നതില്‍ കൈവരിച്ച വിജയമായിരുന്നു തിലകനെ മലയാളസിനിമയിലെ അന്യമായ സാന്നിധ്യങ്ങളിലൊന്നാക്കി മാറ്റിയത്. ചരിത്രപരമായിത്തന്നെ ഇനി അത്തരമൊരു സന്ദര്‍ഭം നമ്മുടെ സിനിമയില്‍ ആവര്‍ത്തിക്കാനിടയില്ല.

അപാരമായ ആത്മബലം തിലകന്‍ എന്ന നടനിലെന്നപോലെ തിലകന്‍ എന്ന മനുഷ്യനിലുമുണ്ടായിരുന്നു. ഒറ്റയ്ക്ക് നില്‍ക്കുന്നവനാണ് ഏറ്റവും ശക്തനായ മനുഷ്യന്‍ എന്ന് ഇബ്സണ്‍ പറഞ്ഞതിനെ തിലകന്‍ ഏതൊക്കെയോ നിലകളില്‍ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. താരചക്രവര്‍ത്തിമാരോടും അവരുടെ ചൊല്‍പ്പടിയില്‍പ്പെട്ടുപോയ മാതൃസംഘടനയോടും തിലകന്‍ ഒറ്റയ്ക്കുനിന്നാണ് പൊരുതിയത്. നീതിയുടെ മാത്രം പിന്‍ബലമേ അദ്ദേഹത്തിന് കൂട്ടിനുണ്ടായിരുന്നുള്ളൂ. ദുഃശാഠ്യങ്ങളിലേക്കും താന്‍പോരിമയിലേക്കും കടന്നുനില്‍ക്കുന്ന ആത്മബോധത്തിന്റെ തീവ്രതകൊണ്ടുമാത്രമേ ഒരാള്‍ക്ക് ഇത്തരത്തില്‍ പടയ്ക്കിറങ്ങാനാവൂ. ഒറ്റയ്ക്കൊരു "പെരുങ്കൈ നോക്കാന്‍" പുറപ്പെട്ടവരുടെ വിധി തിലകനെയും കാത്തുനിന്നിരുന്നു. എങ്കിലും വലിയൊരളവോളം തിലകന്‍ അതിനേയും മറികടന്നുവെന്ന് തന്നെ പറയണം.

ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ തന്റെ ആവശ്യകതയും അനിവാര്യതയും മലയാള ചലച്ചിത്രവേദിയെ വീണ്ടും ബോധ്യപ്പെടുത്തിക്കൊണ്ടാണ് തിലകന്‍ വിട വാങ്ങിയത്. തിലകന്റെ അഭിനയത്തെയെന്നപോലെ അദ്ദേഹത്തിന്റെ കലഹങ്ങളെയും മലയാളസിനിമ ഭാവിയില്‍ ഓര്‍മിക്കാതെ പോവില്ല. അഭിനയത്തിന്റെയും ജീവിതത്തിന്റെയും വ്യവസ്ഥാപിത ക്രമങ്ങളോടുള്ള സമരമായിരുന്നു തിലകന്റെ കലാജീവിതം. ആ നിലയില്‍ അതിനൊരു പരസ്പര പൂരകത്വമുണ്ട്; അന്യതയും.

കലാചരിത്രവും മാര്‍ക്സിസവും

"കലാചരിത്രവും മാര്‍ക്സിസവും" എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ആ പരമ്പരയുടെ പത്രാധിപന്മാരായ എസ്തര്‍ ലെസ്ലിയും മൈക്ക് വെയ്നും ഇത്തരം ശീര്‍ഷകങ്ങളുടെ ചരിത്രം ഓര്‍മിക്കുന്നുണ്ട്..

1960 കളിലും 70 കളിലുമായി പുറത്തുവന്ന ആ കൃതികള്‍ സമകാലിക വിജ്ഞാനമേഖലകളില്‍ മാര്‍ക്സിസം ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുകളായിരുന്നു. മാര്‍ക്സിസ്റ്റ് ചിന്തയുടെ ചരിത്രത്തിലെ നിര്‍ണായക സ്ഥാനങ്ങള്‍ എന്നതിനപ്പുറം അതതുവിഷയമേഖലകളെ പുതുക്കിപ്പണിത രചനകളായും അവ മാറിത്തീര്‍ന്നു. ആ ഗ്രന്ഥങ്ങളുടെ രചയിതാക്കളുടെ ബൗദ്ധികമഹത്വത്തിന്റെ എന്നതുപോലെ, മാര്‍ക്സിസത്തിന്റെ വൈജ്ഞാനികവും വിമര്‍ശനാത്മകവുമായ ഗഗനതയുടെ അടയാളങ്ങളുമായിരുന്നു മേല്‍പറഞ്ഞ ഗ്രന്ഥങ്ങളോരോന്നും. 1990 കളില്‍ സോവിയറ്റ് പതനവും ഉത്തരാധുനികതയുടെ ആഘോഷത്തിമിര്‍പ്പും മാര്‍ക്സിസ്റ്റ് ചിന്താമണ്ഡലത്തെ അല്പമൊന്ന് പുറന്തള്ളി. പുതിയ പ്രവാചകന്മാര്‍ അവതരിച്ച് സ്വത്വരാഷ്ട്രീയം മുതല്‍ ബഹുസാംസ്കാരികത വരെയുള്ളവയെ മാര്‍ക്സിസത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ പണിപ്പെട്ടു. എന്നാല്‍ സഹസ്രാബ്ദ പരിണാമത്തോടൊപ്പം പൊട്ടിപ്പുറപ്പെടുകയും വൈകാതെ രൂക്ഷസ്വഭാവം കൈവരിക്കുകയുംചെയ്ത മുതലാളിത്ത പ്രതിസന്ധി മാര്‍ക്സിസത്തെ വീണ്ടും ലോക സാമൂഹിക ചിന്തയുടെ കേന്ദ്രത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. പുതിയ നൂറ്റാണ്ടിലെ ആദ്യദശകം പിന്നിടുമ്പോഴേക്കും മാര്‍ക്സിസ്റ്റ് ചിന്തയുടെ തെളിച്ചങ്ങള്‍ വീണ്ടും ചിന്താലോകത്തെ നയിക്കാന്‍ തുടങ്ങി. പ്രമുഖ ഇടതുപക്ഷ പ്രസാധകര്‍ കൂടിയായ ലണ്ടനിലെ പ്ലൂട്ടോ പ്രസ്സ് "മാര്‍ക്സിസവും സംസ്കാരവും" (Marxism and Culture)എന്ന പേരില്‍ ഒരു ഗ്രന്ഥപരമ്പര പുറത്തിറക്കാന്‍ തീരുമാനിച്ചത് ഈ സന്ദര്‍ഭത്തിലാണ്. ഈ ഗ്രന്ഥപരമ്പരയുടെ ഭാഗമായാണ് താരതമ്യേന കുറഞ്ഞ നിലയില്‍ മാത്രം ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള "കലാചരിത്രം"  എന്ന വിജ്ഞാനശാഖയും മാര്‍ക്സിവും തമ്മിലുള്ള വിനിമയങ്ങള്‍ വിശകലനംചെയ്യുന്ന മാര്‍ക്സിസവും കലാചരിത്രവും" എന്ന ഗ്രന്ഥം 2006ല്‍ പുറത്തുവന്നത്. ആന്‍ഡ്രു ഹെമിങ്വെ  എഡിറ്റ് ചെയ്തിട്ടുള്ള ഈ ഗ്രന്ഥം പത്തൊമ്പതാം ശതകത്തിന്റെ മധ്യഘട്ടം മുതലുള്ള ഒന്നര നൂറ്റാണ്ടുകാലത്തെ കലാചരിത്രരചനയെ മാര്‍ക്സിസം ഏതെല്ലാം നിലകളില്‍ സ്വാധീനിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തു എന്ന് ചര്‍ച്ച ചെയ്യുന്ന പന്ത്രണ്ട് പ്രബന്ധങ്ങളുടെ സമാഹാരമാണ്.

കലാചരിത്ര മേഖലയിലെ മാര്‍ക്സിസ്റ്റ് സാന്നിധ്യമായി പൊതുവെ പരിഗണിക്കപ്പെട്ടു വരാറുള്ളത് ആര്‍നോള്‍ഡ് ഹൗസറുടെ കലയുടെ സാമൂഹ്യചരിത്രം എന്ന ബൃഹദ്ഗ്രന്ഥമാണ്. 1951-ല്‍ പുറത്തുവന്ന ഈ കൃതി അഡോണോ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസക്ക് വിഷയമായെങ്കിലും കലയും സമൂഹചരിത്രവും തമ്മിലുള്ള യാന്ത്രിക സമീകരണമാണ് അതില്‍ മുന്നിട്ടുനില്‍ക്കുന്നത് എന്ന വിമര്‍ശനം പില്‍ക്കാലത്ത് പ്രബലമായി ഉന്നയിക്കപ്പെടുകയുണ്ടായി. മാര്‍ക്സിസ്റ്റ് കലാചരിത്രം ഒട്ടൊക്കെ യാന്ത്രികമാണെന്ന വാദത്തിന്റെ സാധൂകരണമായും ഹൗസറിന്റെ ഗ്രന്ഥം പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടു.

ഈ സാമാന്യ ധാരണയെ അടിമുടി തിരുത്താന്‍ പര്യാപ്തമായ ഒന്നാണ് ആന്‍ഡ്രൂ ഹെമിങ്ങ്വെ എഡിറ്റ് ചെയ്ത ഗ്രന്ഥം. പത്തൊമ്പതാം ശതകത്തിന്റെ മധ്യദശകങ്ങളില്‍ വില്യം മോറിസ് നടത്തിയ ഇടപെടലുകളില്‍ ആരംഭിച്ച് പുത്തന്‍ ഇടതുപക്ഷം കലാചരിത്ര വിചാരങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ വരെ സമഗ്രമായി ചര്‍ച്ച ചെയ്യുന്ന പ്രബന്ധങ്ങളാണ് ഇതിലുള്ളത്. ഇതിന്റെ ഭാഗമായി ഫ്രെഡറിക് അന്‍ടാള്‍, ഹെന്റിലെഫെവ്റെ, വാള്‍ട്ടര്‍ ബന്യമിന്‍, ആര്‍നോള്‍ഡ് ഹൗസര്‍ തുടങ്ങിയവര്‍ മുതല്‍ മിഖായേല്‍ ലിഫ്ഷിഫ്റ്റ്സ്, ഫ്രാന്‍സിസ് ക്ലിന്‍ജെന്‍ഡര്‍, മാക്സ് റാഫേല്‍, മെയര്‍ ഷാപിരോ എന്നിവര്‍ വരെയുള്ളവരുടെ കലാചരിത്രവിചാരങ്ങള്‍ ഈ ഗ്രന്ഥത്തിലെ പ്രബന്ധങ്ങളില്‍ വിലയിരുത്തപ്പെടുന്നു. മാര്‍ക്സിസ്റ്റ് കലാവിമര്‍ശവും കലാചരിത്ര വിചാരവും എത്രമേല്‍ സമ്പന്നവും വൈവിധ്യപൂര്‍ണവും (അതുകൊണ്ടുതന്നെ വൈരുധ്യ ഭരിതവും) ആണെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ ഈ കൃതിക്ക് കഴിയും. കലാനിര്‍മിതികളിലെ പ്രമേയപ്രത്യക്ഷങ്ങളില്‍നിന്ന് പൊട്ടും പൊടിയും കണ്ടെടുത്ത് കുറ്റവിചാരണ നടത്തുന്ന ഏര്‍പ്പാടല്ല കലാവിമര്‍ശനം എന്ന് ബോധ്യപ്പെടാനും അത് സഹായിക്കും.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

No comments: