Saturday, October 16, 2010

ബാബറി മസ്‌ജിദ് തര്‍ക്കവും കോടതികളുടെ നീതിബോധവും

'അയോദ്ധ്യാ കേസ്' എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ച, യുപിയിലെ ഫെയിസാബാദില്‍ സ്ഥിതി ചെയ്യുന്ന ബാബറി മസ്‌ജിദിനെ സംബന്ധിച്ച അവകാശ തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇതിനകം വ്യത്യസ്‌ത പ്രതികരണങ്ങളുയര്‍ത്തിക്കഴിഞ്ഞു. ബാബറി മസ്‌ജിദും തൊട്ടടുത്തുള്ള രാംഛബൂത്രയും സീതാറസോയിയുമടക്കമുള്ള ഭാഗം മൂന്നു വിഭാഗങ്ങളായി പകുത്തു നല്‍കാനാണ് വിധി. അതില്‍ 1949ല്‍ ഏതാനും ഹിന്ദുക്കള്‍ കയറി സ്ഥാപിച്ച രാമവിഗ്രഹത്തിന്റെ ഭാഗം ഹിന്ദുക്കള്‍ക്കും രാംഛബൂത്രയും സീതാറസോയിയും നിര്‍മോഹി അഖാഡ എന്നറിയപ്പെടുന്ന ബൈരാഗി സന്ന്യാസിമാര്‍ക്കും ബാബറിമസ്‌ജിദിന്റെ മറ്റുഭാഗങ്ങള്‍ സുന്നി വഖഫ് ബോര്‍ഡിനും നല്‍കാനാണ് വിധിന്യായത്തില്‍ പറയുന്നത്. വിധിന്യായം നടപ്പിലാക്കുന്നതു സംബന്ധിച്ച തര്‍ക്ക പരിഹാരത്തിനായി മൂന്നു മാസത്തേക്ക് എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവെച്ചിട്ടുണ്ട്.

പ്രകടമായും ഇത് രാഷ്‌ട്രീയ സ്വഭാവമുള്ള വിധിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മസ്‌ജിദ് വസ്‌തുക്കള്‍ എല്ലാ അവകാശികള്‍ക്കും തുല്യമായി വീതിച്ച് പ്രശ്‌നം പരിഹരിക്കുക എന്ന സ്വാഭാവികനീതിയാണ് നടപ്പിലാക്കിയതെന്നാണ് കോടതിയും ഭരണാധികാരികളും അഭിപ്രായപ്പെടുന്നത്. അമ്പലവും പള്ളിയും കൂടാതെ ഒരു ക്രിസ്‌ത്യന്‍ പള്ളിയും കൂടി പണിതാല്‍ സര്‍വമത സമദ്ഭാവത്തിന്റെ ചിഹ്നമായി തര്‍ക്കസ്ഥലം മാറുമെന്നു വരെ അഭിപ്രായമുണ്ട്. വിധിന്യായം കൊണ്ട് ഒരു വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കിയെന്ന് സംതൃപ്‌തിയടയുന്നവരാണ് പലരും. മൂന്നില്‍ രണ്ടു ഭാഗം ഹിന്ദുവിഭാഗങ്ങള്‍ക്കും ഒരു വിഭാഗം മുസ്ളീങ്ങള്‍ക്കും നല്‍കിയതില്‍ ഹിന്ദുപക്ഷപാതമില്ലേ എന്നു സംശയിക്കുന്നവരുണ്ട്. ജഡ്‌ജിമാരില്‍ ഒരാള്‍ തര്‍ക്കഭൂമി "ഭഗവാന്‍ രാമ''ന്റെ ജന്മഭൂമിയാണെന്ന് വിധിന്യായത്തില്‍ തന്നെ പരാമര്‍ശിച്ചത് പലരും ചൂണ്ടിക്കാണിക്കുന്നു. അതൊരു ന്യൂനപക്ഷ അഭിപ്രായമാണെന്നും മറ്റു രണ്ടു ജഡ്‌ജിമാര്‍ ഇതിനോട് യോജിക്കുന്നില്ലെന്നും മറ്റു ചിലര്‍ വിലയിരുത്തുന്നു. ബാബറി മസ്‌ജിദ് കയ്യേറ്റത്തെ കോടതി ന്യായീകരിച്ചിട്ടില്ലെന്ന അഭിപ്രായവുമായി കോണ്‍ഗ്രസും വന്നിട്ടുണ്ട്. വിധിന്യായത്തിനെതിരായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു വിഭാഗങ്ങള്‍ക്കും പൂര്‍ണമായ സംതൃപ്‌തിയില്ല. കഴിഞ്ഞ രണ്ടു ദശകക്കാലത്തിലേറെയായി നടക്കുന്ന തര്‍ക്കത്തിന് താല്‍ക്കാലികമായ തീര്‍പ്പുണ്ടായി എന്നതല്ലാതെ പൂര്‍ണമായ പരിഹാരമുണ്ടായതായി സൂചനയില്ല.

ബാബറി മസ്‌ജിദ് തര്‍ക്കം കേവലമായ ഒരു വസ്‌തു തര്‍ക്കമോ ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലുള്ള സമവായത്തിന്റെ പ്രശ്‌നമോ മാത്രമല്ല. റോമിലാ ഥാപ്പര്‍ സൂചിപ്പിച്ചതുപോലെ തര്‍ക്കത്തിനാധാരമായ ചരിത്ര വസ്‌തുതകള്‍ മുഴുവന്‍ കോടതി വിസ്‌മരിക്കുകയോ, ഇത്തരത്തിലുള്ള വിധിന്യായത്തിനാവശ്യമുള്ളതു മാത്രം എടുത്തുപയോഗിക്കുകയോ ചെയ്‌തിരിക്കുകയാണ്. മുമ്പു നിലവിലിരുന്ന ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്‌ജിദ് നിര്‍മ്മിച്ചതെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. മസ്‌ജിദിനടുത്തു കണ്ടെത്തിയതായി പറയുന്ന ചില ക്ഷേത്രാവശിഷ്‌ടങ്ങള്‍ മതിയായ തെളിവല്ലെന്നും പറയുന്നുണ്ട്. ഇത് ശരിയാണ്. പക്ഷേ, അത്തരത്തിലുള്ള ക്ഷേത്രം കണ്ടെത്തിയാല്‍ പോലും അതുകൊണ്ട് മാത്രം രാമന്റെ ജന്മസ്ഥാനമാണതെന്ന് തെളിയിക്കാന്‍ കഴിയില്ല. ഫെയിസാബാദ് പ്രദേശം രാമന്റെ ജന്മഭൂമിയാണോ അല്ലയോ എന്നതിനെപ്പറ്റി വളരെ വിശദമായ വിവാദം നടക്കുകയും നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും ഇതിനെപ്പറ്റി എഴുതുകയും ചെയ്‌തതാണ്. അയോദ്ധ്യയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തിയ ഉല്‍ഖനന റിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഇവയിലേതെങ്കിലും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതായി കാണുന്നില്ല. അതുപോലെ, ബാബറി മസ്‌ജിദ് ബാബറിന്റെ സേവകരില്‍ ഒരാളായ മീര്‍ബാഖി നിര്‍മ്മിച്ചെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തുന്നു. ബാബര്‍ ഫെയിസാബാദില്‍ വന്നതല്ലാതെ അവിടെ എന്തു നടന്നു എന്നു പറയുന്ന ഭാഗം ബാബര്‍നാമയുടെ കയ്യെഴുത്തു പ്രതിയില്‍ കാണുന്നില്ലെന്ന് വിവര്‍ത്തകയായ മാര്‍ഗരറ്റ് ബെവരിഡ്‌ജ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മിര്‍ബാഖിയാണ് ബാബറി മസ്‌ജിദ് പണിതതെന്നു പറയുന്ന ലിഖിതത്തെക്കുറിച്ചും അവര്‍ സൂചിപ്പിക്കുന്നു. ഇത്തരം ലിഖിതങ്ങളെയും മറ്റു ഉപദാനങ്ങളെയും ആശ്രയിച്ചാണ് ചരിത്രകാരന്മാര്‍ ചരിത്രം രചിക്കുന്നത്. മീര്‍ബാഖിയുടെ ലിഖിതം ഇപ്പോള്‍ കാണുന്നില്ലെന്നു പറയുന്നു. അങ്ങിനെയെങ്കില്‍ മാര്‍ഗരറ്റ് ബെവരിഡ്‌ജിന്റെ സൂചന എങ്ങനെ പ്രത്യക്ഷപ്പെട്ടു? അതിനെക്കുറിച്ച് എന്തന്വേഷണമാണ് കോടതി നടത്തിയത് ?

അതിനേക്കാള്‍ ഗൌരവമേറിയ കാര്യം രാമന്റെ ജന്മഭൂമിയാണ് ഈ പ്രദേശം എന്ന് കോടതി വിലയിരുത്തുന്നത് വിശ്വാസത്തെ ആധാരമാക്കിയാണ്. അയോദ്ധ്യയെ സംബന്ധിച്ച് നടത്തിയ പുരാവസ്‌തു ഗവേഷണത്തെ തെളിവുകളായി അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല. അവയനുസരിച്ച് അയോദ്ധ്യ എന്ന നഗരത്തെ സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നത് ബി സി 500 മുതല്‍ക്കാണ്. അതിനുമുമ്പ് കുഴച്ചമണ്ണുകൊണ്ട് തേച്ചുണ്ടാക്കിയ കുടിലുകളുടെ അവശിഷ്‌ടങ്ങള്‍ മാത്രമാണ് നമുക്ക് ലഭിച്ചത്. ബിസി 500നുശേഷം രാമന്‍ എന്ന രാജാവിന്റെയോ അവതാര പുരുഷന്റെയോ സൂചനകളൊന്നും നിലവിലില്ല. അതിനുമുമ്പും രാമന്റെ ജന്മത്തെക്കുറിച്ചു തെളിവുകളില്ല. അതായത്, രാമായണത്തിലെ പരാമര്‍ശവും വിശ്വാസവും ഒഴികെ രാമന്റെ ജന്മസ്ഥലമാണ് അയോദ്ധ്യ എന്നതിനെക്കുറിച്ച് വേറെ യുക്തിസഹമായ തെളിവുകള്‍ ലഭ്യമല്ല. തര്‍ക്ക സ്ഥലത്താണ് രാമന്‍ ജനിച്ചത് എന്നതിന് അത്രയുംപോലും സൂചനകളില്ല. ഇതൊന്നും കണക്കിലെടുക്കാതെ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെ ആധാരമാക്കി നിഗമനത്തിലെത്തുകയാണ് കോടതി ചെയ്‌തത്. ഇതെത്രമാത്രം ശാസ്‌ത്രീയമാണ് ? വിശ്വാസമാണ് നീതിയുടെ അടിത്തറയെങ്കില്‍ വിശ്വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങളെല്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടിവരില്ലേ? പിന്നെ ശാസ്‌ത്രീയമായ തെളിവുകള്‍ക്കെന്തു പ്രസക്തി?

വിശ്വാസികളുടെ വാദങ്ങള്‍ കോടതി ഉപയോഗിച്ച വിധവും പരിശോധിക്കേണ്ടതാണ്. 1734 മുതലെങ്കിലും നിര്‍മോഹി അഖാഡയിലെ ബൈരാഗികള്‍ രാംഛബൂത്രയും സീതാറസോയിയും കൈവശം വെച്ചിരുന്നതായി കോടതി കണ്ടെത്തുന്നു. വടക്കേ ഇന്ത്യയിലെ വൈഷ്‌ണവ ക്ഷേത്ര പരിസരങ്ങളില്‍ ബൈരാഗികളെ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഫെയിസാബാദില്‍ തന്നെ ബൈരാഗികളുടെ കലാപം നടക്കുന്നുണ്ട്. ബൈരാഗികള്‍ സന്യാസികളാണ്. സ്വത്തുടമകളല്ല. അവരുടെ അഖാഡകളില്‍ അവര്‍ മതാധ്യയനവും കായിക പരിശീലനവും ഒന്നിച്ചു നടത്താറുമുണ്ട്. ഇതിന്റെ പേരില്‍ ബൈരാഗി സന്യാസികള്‍ക്ക് ക്ഷേത്രങ്ങളുടെ ഉടമാവകാശം നല്‍കുകയാണ് കോടതി ചെയ്‌തത്. നിര്‍മോഹി അഖാഡ സംഘ്പരിവാറിനെതിരാണ് എന്നത് ശരിയായിരിക്കാം. എന്നാല്‍, ക്ഷേത്ര പരിസരത്ത് ഭജനയും അധ്യാപനവും മറ്റുമായി കഴിഞ്ഞുകൂടിയ സന്യാസിമാര്‍ക്ക് ക്ഷേത്രഭരണമേല്‍പിക്കുന്ന ഏര്‍പ്പാട് എത്രമാത്രം ശരിയാണ് ? ഇതുപോലെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു കഴിയുന്ന ഇത്തരം വിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങള്‍ നിയന്ത്രിക്കാനുള്ള സാധ്യത അതോടെ തെളിയുകയാണ്. "വിശ്വാസി''കളാണ് ദേവാലയങ്ങള്‍ നിയന്ത്രിക്കേണ്ടത് എന്ന നമ്മുടെ ഇടയില്‍ സ്ഥിരമായി കേള്‍ക്കുന്ന വാദത്തിന് നിയമപരമായ സാധുത ലഭിക്കുന്നു.

ഇതിനേക്കാള്‍ വിചിത്രമാണ് മസ്‌ജിദ് പങ്കുവെക്കുന്നതിന് കോടതി കണ്ടെത്തിയ മറ്റു നീതീകരണങ്ങള്‍. മസ്‌ജിദില്‍ അവസാനം നമാസ് നടന്നത് 1949ലാണ് എന്ന് കോടതി കണ്ടെത്തുന്നു. 1949 ഡിസംബറിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കയറി രാമവിഗ്രഹം സ്ഥാപിക്കുന്നത്. പിന്നീട് മസ്‌ജിദില്‍ ആരാധന നടക്കാത്തതിന്റെ കാരണം അതോടെ വ്യക്തമാണ്. എന്നാല്‍ കോടതിയുടെ കണ്ണില്‍ അറുപതുകൊല്ലത്തിലേറെയായി ആരാധന നടക്കാത്ത സ്ഥലം ആരാധനാലയമല്ലാതാകുന്നു. വഖഫ് ബോര്‍ഡിനെ ഏല്‍പിക്കേണ്ട ഒരു വസ്‌തു മാത്രമാകുന്നു. അതേകാരണം കൊണ്ടു തന്നെ ആരാധന നടത്താന്‍ കയ്യേറിയ സ്ഥലം ആരാധനാലയമാകുന്ന തര്‍ക്കസ്ഥലം രാമന്റെ ജന്മസ്ഥലമാണെന്നു നിരീക്ഷണത്തിന്റെ ഏക വസ്‌തുതാപരമായ അടിത്തറ അറുപതുവര്‍ഷമായി സ്ഥലം കയ്യേറി ആരാധന നടത്തി എന്നതാണ് ! ഈ കയ്യേറ്റത്തെ വിശ്വാസത്തിന്റെ പേരില്‍ കോടതി തന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.

ആരാധനയ്‌ക്കുവേണ്ടി നിര്‍മ്മിച്ച സ്ഥലത്ത് ആരാധന നടക്കുന്നില്ലെങ്കില്‍ പിന്നെ അതൊരു കെട്ടിടം മാത്രമാണ്. അതിനുള്ള അവകാശം വഖഫ് ബോര്‍ഡിനല്ല, 16-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച കെട്ടിടമെന്ന നിലയില്‍ അത് പുരാവസ്‌തു വകുപ്പിന്റെ സംരക്ഷണത്തിന്‍കീഴില്‍ വരേണ്ടതാണ്. അങ്ങനെ സംരക്ഷിക്കപ്പെടുന്ന കെട്ടിടങ്ങള്‍ എത്ര വേണമെങ്കിലും ഇന്ത്യയിലുണ്ട്. വഖഫ് ബോര്‍ഡിനെ ഏല്‍പിക്കുക വഴി ആരാധനാലയം എന്ന അതിന്റെ സ്ഥാനം വീണ്ടെടുക്കാനുള്ള അവകാശം കോടതി നല്‍കിയിരിക്കുന്നു. കയ്യേറ്റ സ്ഥലത്തിനും അതേ അവകാശംതന്നെ നല്‍കിയിരിക്കുന്നു. നിലവിലുള്ള സ്വത്തവകാശ നിയമങ്ങളനുസരിച്ച് പഴയ കെട്ടിടം പൊളിച്ച് പുതിയ അമ്പലവും പള്ളിയും ഉണ്ടാക്കുന്നതിനും തടസ്സമില്ല. അതായത് 1992ല്‍ സംഘപരിവാര്‍ ചെയ്‌തത് "നിയമപരമായി നടത്താനുള്ള'' സൌകര്യം ഇപ്പോള്‍ ലഭിക്കുന്നു. ഇവിടെയും കോടതി തര്‍ക്കമുണ്ടായ ചരിത്രപരമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ വിധി പ്രസ്‌താവിക്കുകയാണ് ചെയ്‌തിരിക്കുന്നത്.

ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗൌരവമുള്ളതാണ്. ഇന്ന് വിശ്വാസത്തിന്റെപേരില്‍ തര്‍ക്കം നടക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. മഥുരയിലെ കേശവ് കാഖായി ക്ഷേത്രം, ബനാറസിലെ ഗ്യാന്‍വാപിപള്ളി തുടങ്ങിയവ ഉദാഹരണങ്ങളാണ്. പൊളിച്ചുകളഞ്ഞ 3000 ക്ഷേത്രങ്ങളുടെ പട്ടികതന്നെ വിശ്വഹിന്ദു പരിഷത്തുകാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയില്‍ ചിലത് പള്ളികളുമായിട്ടുണ്ട്. ഇവയില്‍ ചിലത് കയ്യേറി ക്ഷേത്രങ്ങള്‍ പണിയുകയും അവയുടെമേല്‍ ഉടമാവകാശം ഉന്നയിക്കുകയും ചെയ്‌താല്‍ വിശ്വാസത്തിന്റെപേരില്‍ കോടതിക്ക് കയ്യേറ്റത്തെ ന്യായീകരിക്കേണ്ടിവരും. ഏതു പൊതുസ്ഥലവും കയ്യേറി ദേവാലയങ്ങള്‍ പണിയുന്ന പ്രവണത ഇപ്പോള്‍തന്നെ വ്യാപകമാണ്. അത്തരം ദേവാലയങ്ങളെല്ലാം വിശ്വാസത്തിന്റെപേരില്‍ കയ്യേറ്റക്കാര്‍ക്ക് പതിച്ചുകൊടുക്കേണ്ടിവരും. കാലങ്ങളായി ആരാധന നടക്കാത്ത ഇടിഞ്ഞുപൊളിഞ്ഞ ദേവാലയങ്ങള്‍ ധാരാളമാണ്. അവയില്‍ മിക്കവയും പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചിലതെങ്കിലും ചരിത്ര സ്‌മാരകങ്ങളായി സംരക്ഷിക്കേണ്ടവയുമാണ്. ഇവയെല്ലാം പുനര്‍നിര്‍മ്മിച്ച് ആരാധന തുടങ്ങിയാല്‍ വിശ്വാസത്തിന്റെപേരില്‍ അവയെല്ലാം സ്വത്തായി പതിച്ചുകൊടുക്കേണ്ടിവരും. നാം ഇതുവരെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചിഹ്നങ്ങളായി കണക്കാക്കിയ വാസ്‌തുരൂപങ്ങളും ശില്‍പകലയും കൊത്തുപണികളുമെല്ലാം അപ്രത്യക്ഷമാവുകയും ചെയ്‌തു.

ഇത്തരം ഇടപെടലുകളുടെ ഏറ്റവും വലിയ ഇര ചരിത്രപഠനമാണ്. രാജരാജചോളന്‍ മരിച്ച സ്ഥലം എവിടെയാണെന്ന് നാം കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും രാമന്റെ ജന്മസ്ഥലം അയോദ്ധ്യയാണെന്ന് ജഡ്‌ജിമാര്‍ കണ്ടെത്തിയതായി ആക്ഷേപഹാസ്യത്തിന്റെ സ്വരത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി നടത്തിയ പ്രസ്‌താവന ഇവിടെ ഓര്‍ക്കേണ്ടതാണ്. ഏറ്റവുമധികം വസ്‌തുനിഷ്‌ഠതയോടെ വിലയിരുത്തേണ്ട നീതിന്യായ കോടതികള്‍, ചരിത്രത്തെ വളച്ചൊടിക്കുകയും മിത്തുകളെ ചരിത്രവല്‍ക്കരിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ് നാമിപ്പോള്‍ കാണുന്നത്. മീര്‍ബാഖി പണിതാലും ഇല്ലെങ്കിലും, മുഗള്‍ കാലഘട്ടത്തു പണിത ഒരു ചരിത്രസ്‌മാരകം ഫെയിസാബാദില്‍ നിലനിന്നുവെന്നും അടുത്തകാലംവരെ ഒരു മസ്‌ജിദ് ആയി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതും വസ്‌തുതയാണ്. ഈ വസ്‌തുതയെ ഒരു മിത്തിന്റെ പേരില്‍ തകര്‍ക്കുകയാണ് കയ്യേറ്റക്കാര്‍ ചെയ്‌തത്. ഇപ്പോള്‍ കയ്യേറ്റക്കാരുടെ പ്രവര്‍ത്തനത്തിന് കോടതിയുടെ പിന്‍ബലവും കിട്ടിയിരിക്കുന്നു. അതായത് ചരിത്രസ്‌മാരകമായ ഒരു മസ്‌ജിദ് ഇല്ലാതാകുകയും രണ്ടു ഹിന്ദു വിഭാഗങ്ങളും ഒരു മുസ്ളിം വിഭാഗവും കൂടി പങ്കിട്ട ഒരു വസ്‌തുവായി അതു മാറുകയും ചെയ്‌തിരിക്കുന്നു. അതോടെ ചരിത്രം ഈ സ്‌മാരകത്തില്‍നിന്ന് പിന്‍വാങ്ങുകയാണ്.

ഇതൊരു രാഷ്‌ട്രീയ വിധിന്യായമാണെന്ന് മുമ്പ് സൂചിപ്പിച്ചു. ഇതിന്റെ രാഷ്‌ട്രീയമെന്താണ് ? ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മത നിരപേക്ഷതയല്ല ഇതിന്റെ അടിത്തറ. മതനിരപേക്ഷതയുടെപേരില്‍ ഇന്ദിരാഗാന്ധിയുടെ കാലംമുതല്‍ ഉയര്‍ത്തിപ്പിടിച്ച സര്‍വമതസമദ്ഭാവനയാണെന്നാണ് ഭരണാധികാരികള്‍ അവകാശപ്പെടുന്നത്. പക്ഷേ, എന്തു തരത്തിലുള്ള സമദ്ഭാവന? കയ്യേറ്റക്കാരനെയും സന്യാസിയെയും കെട്ടിടമുടമയെയും ഒരേ തട്ടില്‍ കാണുന്ന സമദ്ഭാവനയോ? അത്തരം സമദ്ഭാവന ഇതുവരെ സമൂഹത്തിന്റെ വര്‍ഗീയവല്‍ക്കരണം ശക്തിപ്പെടുത്തുക മാത്രമേ ചെയ്‌തിട്ടുള്ളു. ബാബറിമസ്‌ജിദില്‍ നമാസ് നടക്കാത്തത് അവിടെ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. മുസ്ളീങ്ങള്‍ക്ക് മറ്റു നിരവധി ദേവാലയങ്ങള്‍ ഉള്ളത് അതിനു കാരണമാകാം. അതേസമയം കയ്യേറ്റക്കാരുടെ ആരാധന തടഞ്ഞത് അവിടെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. ഇനിമുതല്‍ ബാബറിമസ്‌ജിദിന്റെ വിവിധ ഭാഗങ്ങള്‍ ദേവാലയങ്ങളും പള്ളിയുമാകും. മുമ്പുതന്നെ സൃഷ്‌ടിക്കപ്പെട്ട വര്‍ഗീയ ധ്രുവീകരണം ഇനിയും ശക്തിപ്പെട്ടുവന്നുകൂടായ്‌കയില്ല. ഇപ്പോഴത്തെ വിധിയനുസരിച്ച് ഒരു ഹിന്ദു ക്ഷേത്രസമുച്ചയത്തിന്റെ ഇടയില്‍ കോടതി വിധിപ്രകാരം ലഭിച്ച ഭൂമിയുമായാകും ബാബറിമസ്‌ജിദ് തുടരുക. ഇതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് മതനിരപേക്ഷത വളര്‍ത്തുക? വര്‍ഗീയ ധ്രുവീകരണം സംഭവിച്ചുകഴിഞ്ഞ ഭൂമിയില്‍ കോടതി വിധികള്‍ സമദ്ഭാവന വളര്‍ത്തുമെന്ന് കരുതുന്നത് അസംബന്ധമാണ്. ധ്രുവീകരണം കൂടുതല്‍ ശക്തിപ്പെടാനുള്ള പഴുതുകള്‍ നല്‍കാതിരിക്കാനെങ്കിലും വിധി ന്യായങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

വിധിന്യായം സൃഷ്‌ടിച്ച ഭയത്തിന്റേതായ അന്തരീക്ഷം നമ്മുടെ മാനസികാവസ്ഥയുടെ ദൃഷ്‌ടാന്തമാണ്. ആരും ഒന്നും പ്രസ്‌താവിച്ചില്ലെങ്കിലും, വിധികാരണം ഒരു ഹര്‍ത്താലുണ്ടാകുമെന്ന ധാരണ നാടുമുഴുവന്‍ പരന്നു. സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തനം നിര്‍ത്തി. പലയിടങ്ങളിലും കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതെല്ലാം കാണിക്കുന്നത് വിശ്വാസത്തിന്റെപേരില്‍ സൃഷ്‌ടിച്ച ഭീകരാന്തരീക്ഷം ഇന്ന് സമൂഹബന്ധങ്ങളെയും സൌഹൃദങ്ങളെയുംപോലും നിഷേധാത്മകമായി സ്വാധീനിക്കുന്നു എന്നാണ്.

വിധിന്യായത്തെ സംബന്ധിച്ച ആശങ്കകളും അവ വളര്‍ത്തുന്ന വിധത്തിലുള്ള മാധ്യമ പ്രകടനങ്ങളും ഒരുതരം മാസ് ഹിസ്റ്റീരിയ സൃഷ്‌ടിക്കുകയാണ് ഇവിടെ ചെയ്‌തത്. തൊട്ടടുത്തു താമസിക്കുന്ന അന്യമതസ്ഥരെ ഈ അന്തരീക്ഷത്തില്‍പോലും സംശയത്തോടെ കാണുന്ന അവസ്ഥ. കയ്യേറ്റഭൂമിയും പൈതൃകഭൂമിയും ഒരുപോലെ കാണുന്ന വിധിന്യായരീതി ചെയ്യുന്നത് ഇത്തരം സാമൂഹ്യമായ അന്തരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. വിധിന്യായംകൊണ്ട് കലാപങ്ങളുണ്ടായില്ല എന്നാശ്വസിക്കുന്നവര്‍ക്കുപോലും നാളെ സംഘര്‍ഘങ്ങളുണ്ടാകില്ല എന്നുറുപ്പു പറയാനാവില്ല.

ബാബറിമസ്‌ജിദ് തര്‍ക്കത്തെ സംബന്ധിച്ച വിധി യഥാര്‍ത്ഥ തര്‍ക്കപരിഹാരത്തെ മാറ്റിവെയ്‌ക്കുന്ന ജനപ്രിയ രാഷ്‌ട്രീയത്തിന്റെ കൈകടത്തലാണ്. വിശ്വാസത്തെയും മിത്തുകളെയും സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഇത്തരം മേഖലകളില്‍ ശാസ്‌ത്രീയമായ തര്‍ക്കപരിഹാരം സാധ്യമാകുന്നത് വസ്‌തുനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെയാണ്. അത്തരം ഒരു അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്‌തുതകള്‍ കണ്ടെത്തുകയും അവയെ മുന്‍നിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള ഫോര്‍മുല നിര്‍ദ്ദേശിക്കുകയുമായിരുന്നു കോടതി ചെയ്യേണ്ടയിരുന്നത്.

അതനുസരിച്ച് ബാബറിമസ്‌ജിദിനെ സംബന്ധിച്ച വാദങ്ങളുടെ തെറ്റും ശരിയും പരിശോധിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. വൈരാഗികളുടെ കാര്യത്തില്‍ മാത്രമാണ് ഇത് കുറച്ചെങ്കിലും നടന്നത്. മറ്റുള്ളവരുടെ പരാതികളില്‍ ചരിത്ര വസ്‌തുതകള്‍ സമഗ്രമായി പരിശോധിക്കാനുള്ള വിമുഖത വിധിന്യായത്തില്‍തന്നെ കാണാം. വിധിന്യായം രൂപപ്പെടുത്തുന്നതിന് സ്വീകരിച്ച അശാസ്‌ത്രീയമായ രീതികള്‍ കോടതികളുടെ വസ്‌തുനിഷ്‌ഠതയെയും നീതിബോധത്തെയും ചോദ്യംചെയ്യുന്നു. മറ്റെല്ലാ സ്ഥാപനങ്ങളെയുംപോലെ, ഭരണാധികാരികളുടെയും അധീശത്വം പുലര്‍ത്തുന്ന ആശയ സംഹിതകളുടെയും വക്താക്കളായാണ് കോടതികള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന ധാരണ കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.


*****

പ്രൊഫ. കെ എന്‍ ഗണേശ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബാബറിമസ്‌ജിദ് തര്‍ക്കത്തെ സംബന്ധിച്ച വിധി യഥാര്‍ത്ഥ തര്‍ക്കപരിഹാരത്തെ മാറ്റിവെയ്‌ക്കുന്ന ജനപ്രിയ രാഷ്‌ട്രീയത്തിന്റെ കൈകടത്തലാണ്. വിശ്വാസത്തെയും മിത്തുകളെയും സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഇത്തരം മേഖലകളില്‍ ശാസ്‌ത്രീയമായ തര്‍ക്കപരിഹാരം സാധ്യമാകുന്നത് വസ്‌തുനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെയാണ്. അത്തരം ഒരു അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്‌തുതകള്‍ കണ്ടെത്തുകയും അവയെ മുന്‍നിര്‍ത്തി തര്‍ക്ക പരിഹാരത്തിനുള്ള ഫോര്‍മുല നിര്‍ദ്ദേശിക്കുകയുമായിരുന്നു കോടതി ചെയ്യേണ്ടയിരുന്നത്.

അതനുസരിച്ച് ബാബറിമസ്‌ജിദിനെ സംബന്ധിച്ച വാദങ്ങളുടെ തെറ്റും ശരിയും പരിശോധിച്ച് തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. വൈരാഗികളുടെ കാര്യത്തില്‍ മാത്രമാണ് ഇത് കുറച്ചെങ്കിലും നടന്നത്. മറ്റുള്ളവരുടെ പരാതികളില്‍ ചരിത്ര വസ്‌തുതകള്‍ സമഗ്രമായി പരിശോധിക്കാനുള്ള വിമുഖത വിധിന്യായത്തില്‍തന്നെ കാണാം. വിധിന്യായം രൂപപ്പെടുത്തുന്നതിന് സ്വീകരിച്ച അശാസ്‌ത്രീയമായ രീതികള്‍ കോടതികളുടെ വസ്‌തുനിഷ്‌ഠതയെയും നീതിബോധത്തെയും ചോദ്യംചെയ്യുന്നു. മറ്റെല്ലാ സ്ഥാപനങ്ങളെയുംപോലെ, ഭരണാധികാരികളുടെയും അധീശത്വം പുലര്‍ത്തുന്ന ആശയ സംഹിതകളുടെയും വക്താക്കളായാണ് കോടതികള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന ധാരണ കൂടുതല്‍ ശക്തമാവുകയും ചെയ്യുന്നു.

chithrakaran:ചിത്രകാരന്‍ said...

കേവലം ഒരു കക്ഷി രാഷ്ട്രീയ നിരീക്ഷണനുപരി മാനവികമായ കാഴ്ച്ചപ്പാടുകളൊന്നും ഈ ലേഖനം ഉള്‍ക്കൊള്ളുന്നില്ല. ഒരു സംഘര്‍ഷ സാധ്യത ഇല്ലാതായതിന്റെ ഗ്ഗ്ലാനി ലേഖനത്തില്‍ നിഴലിച്ചു കിടക്കുന്നു :)

സ്വയം മന്ദബുദ്ധികളായ വിശ്വാസികളുടെ അടിസ്ഥാന രഹിതമായ വിശ്വസങ്ങളുടെ അപഗ്രഥനത്തിലും തീര്‍പ്പിലും വസ്തുതകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത് പ്രഫസറേ ??? തൊടലു പൊട്ടിച്ച് തെരുവിലിറങ്ങുന്ന മതാനുയായികളെ ഉറക്കഗുളിക നല്‍കി മയക്കി സുരക്ഷിതമായി അവരുടേ മാളങ്ങളില്‍ കൊണ്ടുപോയി കിടത്തുക,ഒരു കൊതുകുതിരി കത്തിച്ച് സുഖമായ ഉറക്കം ഉറപ്പുവരുത്തുക, അവരുടെ ഇഷ്ട ദൈവത്തിനു മുന്നില്‍ ആദരവ് പ്രകടിപ്പിക്കുക എന്നീ ഉത്തരവദിത്വത്തിലും വലിയ ന്യായബോധമൊന്നും ബാബറി മസ്ജിദ് തര്‍ക്ക പരിഹാരത്തില്‍ പ്രായോഗികമായി കാണാനാകില്ല. രണ്ടു കൂട്ടരും മനുഷ്യരായതിനാലും, നമ്മുടെ പൌരന്മാരായതിനാലും, മുട്ടനാടുകളുടെ ചോര കുടിക്കാന്‍ കാത്തു നില്‍ക്കുന്നവരുടെ സൌകര്യാര്‍ത്ഥം തന്നെ വിധി ഉണ്ടായിരിക്കണം എന്ന് ദയവായി പ്രഫസര്‍ നിര്‍ബന്ധം പിടിക്കരുത്... പ്ലീസ് :)

അല്ലെങ്കില്‍ രാജ്യം അത്രക്ക് സെക്കുലറായിരിക്കണം. പൊളിറ്റ് ബ്യൂറോയിലടക്കം ബ്രാഹ്മണ-നായര്‍ സവര്‍ണ്ണ ഹൈന്ദവ മേധാവിത്വം നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ, അവരുടെ വടക്കോര്‍ത്ത് ഓച്ഛാനിച്ചു നില്‍ക്കുന്ന ആശ്രിതര്‍ക്കോ ജുഡീഷ്യറിയില്‍ പോലും പ്രകടമായി ബഹുമാനിക്കപ്പെടുന്ന ഈശ്വര വിശ്വാസത്തേയോ,സവര്‍ണ്ണ നിലപാടുകളേയോ
വിമര്‍ശിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളത് ?
വെറുതെ മനുഷ്യരെ ചിരിപ്പിച്ച് കൊല്ലരുത് ... ഹഹഹഹ.....

മലമൂട്ടില്‍ മത്തായി said...

This article has pity in plenty, mostly self pity for the courts going along without hearing the self righteous loony left.

The court has very clearly told that this is a property dispute. And none of the parties involved in the dispute could prove the ownership of the land rests with them. This article does not provide any further information regarding this.

Who should be taken into account when taking on the issue of faith? Certainly this article does not take in to account the fact that the so-called mosque was constructed by a victorious conqueror. Sometimes the resentment does not die off. Just ask the Soviets who imprisoned and raped countless German women as retribution for the German aggression. In this case, not much blood was spilled. That sounds to be issue for the author - he expected to see a bloodbath and saw none on the ground. Wake up, Communism died in 1990.

As for the courts opinion about the folks who provided "expert" testimony in the Ayodhya case, see this article:
http://timesofindia.indiatimes.com/india/How-Allahabad-HC-exposed-experts-espousing-Masjid-cause/articleshow/6716643.cms