Monday, October 4, 2010

എന്റെ കണ്ണിലെ ഉത്തമപുരുഷന്‍

സുബ്രഹ്മണ്യ ഷേണായിയുടെ മകള്‍ ജ്യോതി അച്‌ഛനെ സ്‌മരിക്കുന്നു.ജ്യോതി, പയ്യന്നൂര്‍ കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ മഹാദേവഗ്രാമം ബ്രാഞ്ച് മാനേജരാണ്. നേരത്തെ രണ്ടു തവണ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്‌സണായിരുന്നു.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം കൂട്ടരേ
ഓര്‍ക്കുവാനെന്തു കൂട്ടമുണ്ടോര്‍ക്കണം.

കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയിലെ വരികളാണ്. ഓര്‍ക്കുവാന്‍ ഒരുപാട് കാര്യങ്ങള്‍ പക്ഷെ.... അത് പറയാന്‍ സാധിക്കുന്നില്ല. ഞാനൊന്നു ശ്രമിക്കാം.

എല്ലാവരും സ്‌നേഹിക്കുന്ന, ആദരിക്കുന്ന എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കുന്ന അച്‌ഛന് എന്നും എന്റെ മനസ്സില്‍ വലിയ സ്ഥാനമാണ്. എന്റെ അച്‌ഛനാണ് ഈ ലോകത്തില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യന്‍ എന്നായിരുന്നു കുട്ടിക്കാലത്ത് എന്റെ വിചാരം. അച്‌ഛനെ വളരെ അത്ഭുതത്തോടെയായിരുന്നു ഞാന്‍ നോക്കിക്കണ്ടത്. എന്റെ കണ്ണില്‍ അദ്ദേഹം ഒരു ഉത്തമപുരുഷനായിരുന്നു.

1965ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തെ കാര്യമാണ് ആദ്യം മനസ്സിലോടിയെത്തുന്നത്. അച്‌ഛന്‍ സ്ഥാനാര്‍ത്ഥിയാണ്. പയ്യന്നൂര്‍ പഞ്ചായത്തില്‍. ഞാന്‍ പയ്യന്നൂര്‍ ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനി. തെരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരം. അതിന്റെ അലയൊലികള്‍ ക്ളാസ്സിനകത്തും എത്തി.

"54ല്‍ ഷേണായ് വന്നു ഷേണായിക്കും ക്ഷീണായി'' സഹപാഠികള്‍ മുദ്രാവാക്യം വിളിച്ച് എന്നെ പരിഹസിച്ചപ്പോള്‍ ഉച്ചത്തില്‍ കരയുക മാത്രമേ എനിക്ക് പോം വഴിയുണ്ടായിരുന്നുളളൂ. എന്റെ അച്‌ഛനെ അങ്ങനെ ആരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. എ.കെ.ജി മാത്രമാ ണ് "എടാ ഷേണായി'' എന്നും 'നീ' എന്നും വിളിക്കുന്ന ത്. എല്ലാവരും ബഹുമാനിക്കുന്ന എന്റെ അച്‌ഛന് 'ക്ഷീ ണായി' എന്ന് പറഞ്ഞത് എനിക്ക് സഹിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ക്ളാസദ്ധ്യാപകന്‍ പത്മനാഭന്‍ മാസ്‌റ്റര്‍ "അത് നിന്റെ അച്‌ഛനെക്കുറിച്ചല്ല. നീലേശ്വരത്ത് മത്സരിച്ചു തോറ്റ മറ്റൊരു ഷേണായിയെക്കുറിച്ചാണ് '' എന്ന് പറഞ്ഞ് എന്നെ സമാധാനിപ്പിക്കുമായിരുന്നു.

ആ തെരഞ്ഞെടുപ്പ് ഫലം ഞാന്‍ കാത്തിരിക്കുകയായിരുന്നു. വോട്ടെണ്ണിക്കഴിഞ്ഞ് അച്‌ഛന്‍ വീട്ടിലെത്തിയപ്പോള്‍ ഞാനുറങ്ങിപ്പോയിരുന്നു. രാവിലെ ചുമരിലെ ആണിയില്‍ അച്‌ഛനെ അണിയിച്ച മാല മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. അച്‌ഛന്‍ പോയിക്കഴിഞ്ഞിരുന്നു.

ഏറ്റവും നല്ല വായനക്കാരനായിരുന്നു അച്‌ഛന്‍. എന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയായിരുന്നു. വലുപ്പച്ചെറുപ്പമന്യെ എല്ലാവരേയും ഒരു പോലെ കാണാനുള്ള അദ്ദേഹത്തിന്റെ രീതി എന്നെ ആകര്‍ഷിച്ചു.

പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി വ്യത്യസ്ഥമായിരുന്നു. വിധവാ പെന്‍ഷന്‍ ആദ്യമായി നടപ്പിലായ സമയം. നാട്ടിലെ സ്‌ത്രീകളെ മുഴുവനും വിളിച്ചു ചേര്‍ത്ത് അവരുടെ അപേക്ഷകള്‍ ഒരുമിച്ചു തയ്യാറാക്കി നല്‍കി. ഭൂരിപക്ഷം പേരും നിരക്ഷരരായിരുന്നു. ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ച് രേഖപ്പെടുത്താനും, ചുണ്ടൊപ്പ് വെപ്പിക്കാനും, പ്രത്യേകം സ്‌ത്രീകളെ നിയോഗിച്ച് അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷനുള്ള അപേക്ഷ തയ്യാറാക്കി നല്‍കിയതും, പെന്‍ഷന്‍ ലഭ്യമാക്കിയതും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.

അക്കാലത്ത് വീടുകളില്‍ സാനിട്ടറി കക്കൂസുകള്‍ ഉണ്ടായിരുന്നില്ല. വീടുകളിലെ കക്കൂസുകളില്‍ നിന്നും പഞ്ചായത്ത് നിയോഗിക്കുന്ന വ്യക്തികള്‍ മലം ബക്കറ്റുകളില്‍ തലയില്‍ ചുമന്നു കൊണ്ടു പോവുകയായിരുന്നു. അതിനുപകരം ഉന്തു വണ്ടി ഉണ്ടാക്കി ബക്കറ്റുകള്‍ അതില്‍ വെച്ച് ഉന്തി കൊണ്ടു പോകാനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കുകയല്ല, ചെലവു കുറഞ്ഞ, വെളളം ഉപയോഗിക്കുന്ന കക്കൂസുകള്‍ ഉണ്ടാക്കുന്നതിനായി ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്‌തു. സുപ്രധാനമായ ഒരു ചുവടുവെപ്പായിട്ടാണ് അത് എനിക്ക് തോന്നിയിട്ടുള്ളത്. ക്രമേണ മനുഷ്യന്റെ മലം മനുഷ്യന്‍ ചുമക്കുന്ന രീതിക്ക് മാറ്റം വന്നു.

ജാതി വ്യവസ്ഥക്കും, അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് തന്നെയാണ് അച്‌ഛന്‍ സ്വീകരിച്ചിരുന്നത്. ഞങ്ങള്‍ സ്‌കൂളിലെ വ്യത്യസ്ഥ മത വിഭാഗങ്ങളില്‍ പെടുന്ന സഹപാഠികളുടെ വീടുകളില്‍ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക പതിവായിരുന്നു. ജാതി വ്യവസ്ഥ ശക്തമായി നിലനിന്നിരുന്ന കാലമായിരുന്നു. വീട്ടില്‍ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരോട് അക്കാര്യം എന്തോ വലിയ കാര്യം എന്ന പോലെ അച്‌ഛന്‍ പറയും. അതു കാരണം വ്യത്യസ്ഥ ജാതി മതസ്ഥരുമായി ഇടപഴകുന്നതും, അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നതും നല്ല കാര്യമാണ് എന്ന ബോധം ഞങ്ങള്‍ കുട്ടികളില്‍ വേരൂന്നി. പിന്നീട് വിവാഹ കാര്യമെത്തിയപ്പോഴും അച്‌ഛന്റെ നിലപാടുകളില്‍ മാറ്റം ഉണ്ടായില്ല. ഞങ്ങള്‍ പലരും മിശ്രവിവാഹിതരായി.

എന്റെ വിവാഹ സമയത്ത് അച്‌ഛന്‍ എടുത്ത തീരുമാനങ്ങള്‍ മാതൃകാപരമായിരുന്നു. അച്‌ഛന്‍ എന്നോടു പറഞ്ഞു. 'എനിക്ക് എല്ലാവരും ഒരുപോലെയാണ്. ആരെയും ഒഴിവാക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ ജീപ്പില്‍ മൈക്ക് കെട്ടി അനൌണ്‍സ്‌മെന്റും, നോട്ടീസ് വിതരണവും ചെയ്യാം എല്ലാവരും വിവാഹത്തില്‍ പങ്കെടുക്കട്ടെ. വിവാഹ സദ്യ ഇല്ല. സഖാവ് സുശീലാ ഗോപാലന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. ശോഭാ ടാക്കീസില്‍ വെച്ച്. താലിയും മോതിരവും ഒന്നും വേണ്ടതില്ല. പൂമാല മാത്രം കൈമാറിയാല്‍ മതി എന്ന് വരന്റെ വീട്ടുകാരോട് അച്‌ഛന്‍ പറഞ്ഞു.

കുട്ടിക്കാലം മുതല്‍ക്കു തന്നെ ഞങ്ങള്‍ക്ക് ആഭരണഭ്രമം ഇല്ലാതാക്കാന്‍ അച്‌ഛന്‍ ശ്രമിച്ചിരുന്നു. പത്തു വയസ്സു വരെ ഞങ്ങളുടെ കാത് കുത്തിയിരുന്നില്ല. വളരെ യാഥാസ്ഥിതികയായ അമ്മമ്മ അച്‌ഛനെ വഴക്കു പറയും. "നിന്റെ പെണ്‍മക്കളെ ആരും വിവാഹം കഴിക്കുകയില്ല'' എന്നായിരുന്നു അവരുടെ വാദം. അമ്മമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി എനിക്ക് 12 വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികളെ ഒന്നിച്ച് കാത് കുത്തിച്ചു.

ഇന്നും എന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന, നിര്‍ഭയനായ, സ്‌നേഹസമ്പന്നനായ അച്‌ഛനെക്കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍പുണ്ട്....

എന്റെ ഭര്‍ത്താവിന് ഗുരുതരമായ രോഗം ബാധിച്ചപ്പോള്‍ പ്രായാധിക്യത്തിലും ആശുപത്രിയില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ അദ്ദേഹമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം 38 ദിവസവും രണ്ടര വയസ്സുമുളള രണ്ട് മക്കളെയും കൊണ്ട് പകച്ചു നിന്നപ്പോള്‍ ഒരു വന്‍മതില്‍ പോലെ എനിക്കുതാങ്ങായി അച്‌ഛനുണ്ടായിരുന്നു. ഒരു ജനപ്രതിനിധിയായിരുന്നപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും നിഘണ്ടുവെന്ന പോലെ എന്നെ അദ്ദേഹം സഹായിച്ചു.

******

കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം

പിന്‍‌കുറിപ്പ്

പ്രശസ്‌തരായ മാതാപിതാക്കളെ ബാങ്ക് ജീവനക്കാരായ മക്കള്‍ അനുസ്‌മരിക്കുമ്പോള്‍ തീര്‍ച്ചയായും അത് നമ്മുടെ കാലത്തെയും സമൂഹത്തെയും നേരിട്ട് സ്‌പര്‍ശിക്കുന്ന ഒന്നായിമാറുന്നു.

ഇടശ്ശേരി, പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍, കൂത്താട്ടുകുളം മേരി, സുബ്രഹ്മണ്യ ഷേണായി, കഥകളി ആചാര്യന്‍ പത്മനാഭന്‍ നായര്‍, ആദ്യകാല കമ്മ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഐ.സി.പി, എ.കെ.ബി.ഇ.എഫ് മുന്‍ പ്രസിഡണ്ട് ജി.രാമചന്ദ്രന്‍ പിള്ള എന്നിവരുടെ മക്കള്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ 300 -ആം ലക്കത്തില്‍ പങ്ക് വച്ചത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

No comments: