Friday, October 15, 2010

കേന്ദ്ര ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഐ എം എഫ്, ലോക ബാങ്ക് എന്നീ സംഘടനകള്‍ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടുകള്‍ പതിവായി പുറത്തിറക്കാറുണ്ട്. അവയിലൊക്കെ ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു കാര്യം ഇന്ത്യ ഒരു വന്‍കിട സാമ്പത്തിക ശക്തിയായി ഉയരുന്നുവെന്നാണ്. എന്നാല്‍ നമുക്കല്ലേ അറിയൂ ഈ സാമ്പത്തിക ശക്തിയുടെ തനിസ്വഭാവം. വളര്‍ച്ചാനിരക്ക് ഉയര്‍ത്തുമ്പോള്‍ പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കുന്ന അനുഭവമാണ് ഇന്ത്യയിലുള്ളത്. ബി പി എല്‍കാരുടെ സംഖ്യ വര്‍ധിക്കുന്നു. ഭക്ഷ്യസുരക്ഷ അപകടത്തില്‍. സാമൂഹ്യസുരക്ഷാവലയം ഭൂരിഭാഗം ജനത്തിനുമില്ല. തൊഴിലില്ലായ്‌മ വര്‍ധിക്കുന്നു. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രണത്തിന് അതീതമായി നില്‍ക്കുന്നു. സമ്പന്നരുടെയും മില്യണേഴ്‌സിന്റെയും എണ്ണം അമിത വര്‍ധനവ് കാണിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തമാക്കിയ പൊതുമേഖലയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ പലതാണ്. വിദേശപ്പണം കൊണ്ട് ഇന്ത്യയെ രക്ഷപ്പെടുത്താമെന്നുള്ള ചിന്ത ഭരണകൂടത്തിനുണ്ട്. എന്നാല്‍ അതുണ്ടാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. ഈ അവസരത്തില്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഈയിടയ്‌ക്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് സത്യസന്ധമായ ഒരു അവലോകനമാണ് തരുന്നത്.

റിപ്പോര്‍ട്ടിന്റെ പ്രസക്ത അഭിപ്രായങ്ങളാണ് താഴെക്കൊടുക്കുന്നത്.

1. വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെ മാനേജ് ചെയ്യുന്നതില്‍ നാം വിജയിച്ചിട്ടില്ല. ഭക്ഷ്യ ചരക്കുകളുടെ കാര്യത്തില്‍ വിലകളിലെ (മൊത്തം വിലകളിലെ) വാര്‍ഷിക വര്‍ധനനിരക്ക് പത്ത് ശതമാനത്തിലധികമാണ്. ഇത് താഴ്ന്ന വരുമാനക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.“Inflation Management is Difficult’ എന്ന് പറയുന്ന റിസര്‍വ് ബാങ്ക് അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്നില്ല. ബാങ്കിന് തന്നെ അതില്‍ ഒരു പങ്കില്ലേ? കാരണം പണനയം രൂപീകരിക്കുന്നത് അവരല്ലേ? യഥാര്‍ഥത്തില്‍ ഇതിനുള്ള സ്വാതന്ത്ര്യം ബാങ്കിനില്ല എന്നതാണ് സത്യം.

ഒരു വശത്ത് കേന്ദ്ര ഭരണകൂടം ഫിസ്‌ക്കല്‍ കമ്മി ഉയര്‍ത്തുന്നു. പിരിക്കാവുന്ന നികുതി പിരിക്കാതെയും ഉയര്‍ന്ന നികുതിദായകര്‍ക്ക് നിര്‍ലോഭം ഇളവുകള്‍ നല്‍കിയും, അതേസമയത്ത് നിയന്ത്രണമില്ലാതെ പദ്ധതിയിതര ചെലവുകള്‍ ഉയര്‍ത്തിയും ഫിസ്‌ക്കൽ കമ്മി ഉയരുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ / സഹായം ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, ബോണ്ടുകള്‍ എന്നിവ ഇറക്കി അവയെ ബാങ്കിനെ അടിച്ചേല്‍പ്പിക്കുന്നു. തുടര്‍ന്ന് പുതിയ പണം അടിച്ചിറക്കാന്‍ ബാങ്ക് നിര്‍ബന്ധിക്കപ്പെടുന്നു. കേന്ദ്രഭരണകൂടത്തിന്റെ, ചുരുക്കിപ്പറഞ്ഞാല്‍ ധനമന്ത്രാലയത്തിന്റെ ആവശ്യമനുസരിച്ചാണ് ഇന്ന് റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇന്നതിന് സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടിരിക്കുന്നു. ഇത് വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത വാര്‍ഷിക റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിന് മുന്‍കൈയെടുക്കേണ്ടത് കേന്ദ്ര ധനമന്ത്രാലയം തന്നെയാണ്.

2. എത്ര ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്ക് കൈവരിച്ചാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സപ്ലൈ സൈഡ് പരിമിതികളും തടസ്സങ്ങളുമുണ്ട്. ഉദാഹരണത്തിന് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദകരുടെ ആവശ്യം കഴിഞ്ഞ് എന്തുകൊണ്ട് മുഴുവനായി വിപണിയിലെത്തുന്നില്ല? പൂഴ്ത്തിവെയ്‌പ്പ് വ്യാപകമല്ലേ? കുത്തനെ വില ഉയര്‍ത്താനും ക്ഷാമമുണ്ടാക്കാനുമാണ് ചില കക്ഷികളുടെ / വ്യക്തികളുടെ പ്രവര്‍ത്തനം. ഇതിന് ഒരു പരിധിവരെ പരിഹാരമായി കാണുന്നത് പൊതുവിതരണ ശൃംഖലയാണ്. പക്ഷെ അതിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ ഭരണകൂടം കൈക്കൊള്ളുന്നത്. വ്യവസായ ഉല്‍പ്പാദനത്തിലും സപ്ലൈ സൈഡ് പരിമിതികളുണ്ട്. അസംസ്‌കൃത പദാര്‍ഥങ്ങള്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവ വേണ്ടത്ര ലഭ്യമല്ല. ഇവ ഉപയോഗപ്പെടുത്താനാവശ്യമായ ഇന്ധനം, വിദ്യുച്ഛക്തി, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ വേണ്ടത്ര ലഭ്യമല്ല. ഈ പരിമിതികള്‍ സാമ്പത്തിക മുന്നേറ്റത്തിന് തടസമായി വര്‍ത്തിക്കുന്നു. ഇതിന് മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഹാരം കാണണം.

3. അനിയന്ത്രിതമായ മൂലധന ഒഴുക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും വിദേശത്ത് നിന്നുള്ളത്. എഫ് ഡി ഐ (വിദേശ നിക്ഷേപ മൂലധനം) അവശ്യം തന്നെ. എന്നാല്‍ ആ വഴിയുള്ള ഒഴുക്കിനേക്കാള്‍ എത്രയോ മടങ്ങാണ് ഇന്ത്യയിലെ ഓഹരിക്കമ്പോളത്തെ ലഭ്യമാക്കിയെത്തുന്ന എഫ് ഐ ഐ ഫണ്ടുകള്‍. ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍ ശരിക്കും സമ്പദ്‌വ്യവസ്ഥയുടെ വ്യതിയാനങ്ങള്‍ക്കനുസൃതമായല്ല നടക്കുന്നത്. ഇന്ത്യയിലെ പണക്കമ്പോളം ആഗോള പണക്കമ്പോളവുമായി വിളക്കി ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതുണ്ടായാല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്‌ടപ്പെടും. എസ് ഇ ബി ഐ മുതലായ ഏജന്‍സികള്‍ക്കും ശരിയായ നിയന്ത്രണശക്തി ഇന്നില്ല. ഇന്‍ഷുറന്‍സ് മുതലായ മേഖലകളിലേയ്‌ക്കും വിദേശ നിക്ഷേപം വരികയാണ്. ഇതൊക്കെ റിസര്‍വ് ബാങ്കിന് തലവേദന സൃഷ്‌ടിക്കുന്നുണ്ട്. എന്നാല്‍ അങ്ങിനെ ഒരു സൂചന വാര്‍ഷിക റിപ്പോര്‍ട്ടിലില്ല.

4. സമ്പദ്ഘടനയിലും പണഘടനയിലും ഘടനാപരമായ ചില പരിമിതികള്‍ കാരണം മധ്യകാല പണനയം നടപ്പാക്കുന്നതില്‍ ബാങ്ക് വീഴ്‌ചവരുത്തിയിട്ടുണ്ട്. ദീര്‍ഘകാല പണനയം ശരിക്കും പ്രവര്‍ത്തിച്ച് ദീര്‍ഘകാല ലക്ഷ്യം നേടണമെങ്കില്‍, മധ്യകാല പണനയവും ലക്ഷ്യത്തിലെത്തണം. ഉദാഹരണത്തിന് മൂന്നു മാസക്കാലത്തേയ്‌ക്ക് വായ്‌പാനിരക്കില്‍ അര ശതമാനം വര്‍ധന വരുത്താന്‍ തീരുമാനിക്കുന്നത് അടുത്ത മൂന്നു മാസം പ്രതീക്ഷിക്കുന്നത് എന്ത് എന്നതിനെ ആശ്രയിച്ചായിരിക്കും. അത് തന്നെ അടുത്ത ഒരു വര്‍ഷത്തെ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും. എന്നാല്‍ പലപ്പോഴും മധ്യകാല പണനയം ലക്ഷ്യം തെറ്റുക പതിവാണ്. ഇതിന് ബാങ്കിനെ പഴിചാരുന്നത് ശരിയല്ല.

5. അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടത്ര പണമില്ലായെന്നുള്ള സത്യം വിസ്‌മരിക്കാന്‍ വയ്യ. അത്രയ്‌ക്കുണ്ട് അതിനുള്ള ഡിമാന്‍ഡ്. എന്തുകൊണ്ടോ ഇന്ത്യയുടെ ഈ മേഖലയിലെ നയത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ഭരണകൂടത്തിന്റെ കൈയ്യില്‍ ആവശ്യത്തിന് പണമില്ല, അതുകൊണ്ട് സ്വകാര്യമേഖലയ്‌ക്കും വിദേശമൂലധനത്തിനും അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളികളാകാം എന്ന് വിളിച്ചുപറയുന്നു. എന്നാല്‍ ഇന്ന് അമേരിക്കയിലും ചൈനയിലും അടിസ്ഥാന സൗകര്യവികസനത്തിന് സ്റ്റേറ്റിന്റെ മൂലധനമാണ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയേയും വിദേശമൂലധനത്തേയും മാറ്റിനിര്‍ത്തുന്നില്ലായെന്ന് മാത്രം. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നു സൂചനയുണ്ട്.

ചുരുക്കത്തില്‍ പിന്നിട്ട വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളേക്കാള്‍ യാഥാര്‍ഥ്യബോധം പ്രകടിപ്പിക്കുന്ന ഒന്നാണ് റിസര്‍വ് ബാങ്ക് ഇത്തവണ ഇറക്കിയിരിക്കുന്നത്. പരിമിതികള്‍ക്കും തടസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പതിനൊന്നാം പദ്ധതിയില്‍ കൊട്ടിഘോഷിക്കുന്ന “Inclusive growth” എന്ന ആശയവും ലക്ഷ്യവും പിടിവിട്ടുപോകാനിടയുണ്ട്. ഫൈനാന്‍ഷ്യല്‍ മേഖലയില്‍പോലും inclusion ഉണ്ടായിട്ടില്ല. പിന്നെയെങ്ങിനെ സമ്പദ്‌വ്യവസ്ഥയിലാകെ അതുണ്ടാകും?


*****

പ്രഫ. കെ രാമചന്ദ്രന്‍ നായര്‍, കടപ്പാട് : ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിന്നിട്ട വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളേക്കാള്‍ യാഥാര്‍ഥ്യബോധം പ്രകടിപ്പിക്കുന്ന ഒന്നാണ് റിസര്‍വ് ബാങ്ക് ഇത്തവണ ഇറക്കിയിരിക്കുന്നത്. പരിമിതികള്‍ക്കും തടസങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പതിനൊന്നാം പദ്ധതിയില്‍ കൊട്ടിഘോഷിക്കുന്ന “Inclusive growth” എന്ന ആശയവും ലക്ഷ്യവും പിടിവിട്ടുപോകാനിടയുണ്ട്. ഫൈനാന്‍ഷ്യല്‍ മേഖലയില്‍പോലും inclusion ഉണ്ടായിട്ടില്ല. പിന്നെയെങ്ങിനെ സമ്പദ്‌വ്യവസ്ഥയിലാകെ അതുണ്ടാകും?