Wednesday, October 13, 2010

മതമില്ലാത്ത ജീവനും ജീവനു ഭീഷണി നേരിടുന്ന ജോസഫും

2008-2009 അദ്ധ്യയനവര്‍ഷം ഏഴാംക്ളാസിലെ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തില്‍ 'മതമില്ലാത്ത ജീവന്‍' എന്ന പാഠം ചേര്‍ത്തതിന്റെപേരില്‍ നടന്ന കോലാഹലങ്ങള്‍ അഖിലേന്ത്യാ ശ്രദ്ധയാകര്‍ഷിച്ച ഒരു പ്രശ്‌നമായിരുന്നു. ഉള്ളടക്കത്തിന്റെ കാര്യത്തിലും ബോധനരീതിയുടെ കാര്യത്തിലും മെച്ചപ്പെട്ട നിലവാരമുള്ളതാണ് പുസ്‌തകമെന്നായിരുന്നു അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.സി.ഇ.ആര്‍.ടി പോലുള്ള വിദ്യാഭ്യാസ സമിതികളിലേയും സര്‍വ്വകലാശാലകളിലേയും വിദഗ്‌ദ്‌ധര്‍ അഭിപ്രായപ്പെട്ടത്. എന്നാലവര്‍ അത്ഭുതംകൂറിയതും ഞെട്ടലുളവാക്കുന്നുവെന്ന് പറഞ്ഞതുമായ കാര്യം കേരളത്തില്‍ മതതീവ്രവാദവും ജാതിബോധവും ആധിപത്യമുറപ്പിക്കുന്നുവെന്നാണ്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തില്‍ ബംഗാളിനൊപ്പം തുടക്കംകുറിച്ച പ്രദേശമായിരുന്നു കേരളം. പരസ്‌പരം അറിയില്ലെങ്കിലും റാംമോഹൻ‌റായിയും വൈകുണ്‌ഠസ്വാമിയും സമകാലീകരായിരുന്നു. വൈകുണ്‌ഠസ്വാമിയുടെ പരോക്ഷശിഷ്യന്മാരായിരുന്നു ചട്ടമ്പിസ്വാമികളും ശ്രീനാരായണനും. അവരുഴുതുമറിച്ച മണ്ണിലാണ് ആധുനികകേരളം പിറവിയെടുത്തത്. അതു കണ്ടിട്ടാണ് 'തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളില്‍' എന്ന് കവി പാടിയത്. എന്നാല്‍ പാഠപുസ്‌തകവിവാദം കേരളത്തിന് അപമാനകരമാണെന്നാണ് അഖിലേന്ത്യാ വിദഗ്‌ദ്‌ധര്‍ പറഞ്ഞത്.

ഒരു പതിറ്റാണ്ടിനു മുമ്പ് തുടങ്ങിയതും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടര്‍ന്നുപോന്നിരുന്നതുമായ പാഠ്യപദ്ധതി പരിഷ്‌കരണത്തെ സൈദ്ധാന്തികമായി എതിര്‍ത്തുതോല്‍പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു വിവാദപാഠപുസ്‌തകം. പഠിക്കുന്ന കുട്ടിക്കും പഠിപ്പിക്കുന്ന അദ്ധ്യാപകനും കുട്ടി പഠിക്കുന്നത് ആഹ്ളാദത്തോടെ നോക്കി കാണുന്ന രക്ഷിതാക്കള്‍ക്കും 'മതമില്ലാത്ത ജീവന്‍' ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല. ഇതുകേട്ട് ഹാലിളകിയത് ഒരുകൂട്ടം ഇസ്ളാംമത തീവ്രവാദികള്‍ക്കായിരുന്നു. അവരുടെ തെരുവോര ഗുണ്ടായിസത്തിന് ഇരയായത് അഗസ്‌റ്റിന്‍ എന്ന അദ്ധ്യാപകനും. നാഭിക്ക് തൊഴിയേറ്റ് അദ്ദേഹം പിടഞ്ഞുമരിച്ചു. യൂത്ത്‌ലീഗ് നടത്തിയ പ്രകടനത്തില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളാണ് അത് ചെയ്‌തത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവരെ തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും മുഖ്യധാരാ പ്രസ്ഥാനക്കാര്‍ തയ്യാറാവുന്നില്ല. പ്രബുദ്ധ കേരളത്തിലെ പുതിയ തലമുറ അന്ധമായ മതതീവ്രവാദത്തിലേക്കു നീങ്ങുകയാണ് എന്ന് സാമൂഹ്യശാസ്‌ത്രജ്ഞര്‍ പറയാനിടയായത് ഇതുകൊണ്ടാണ്.

രണ്ടുവര്‍ഷത്തിനുശേഷമാണ് കോളേജദ്ധ്യാപകനായ ടി ജെ ജോസഫ് ഇതേ ജനുസ്സില്‍പ്പെട്ട തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. മതനിന്ദയുളവാക്കുന്ന ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കി എന്നാരോപിച്ച് ആ ചോദ്യമെഴുതിയ വലതു കൈപ്പത്തി ഛേദിച്ചുകളയുകയായിരുന്നു അവര്‍ ചെയ്‌തത്. മത ഗ്രന്ഥങ്ങള്‍ പാപകര്‍മ്മം എന്ന് നിര്‍വചിച്ചിട്ടുള്ള പ്രവൃത്തികള്‍ ചെയ്യുന്ന ശരീരാവയവങ്ങളെ ഛേദിച്ചുകളയാന്‍ തുടങ്ങിയാല്‍ കേരളത്തിലെ മതവിശ്വാസികളില്‍ അംഗഭംഗംവന്നവരുടെ എണ്ണമായിരിക്കും കൂടുതല്‍.

മേല്‍പ്പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും ആക്രമിച്ചവരും ആക്രമണത്തിനിരയായവരും രണ്ടു പ്രത്യേക മത വിഭാഗത്തില്‍പ്പെടുന്നവരാണ്. അഗസ്‌റ്റിന്‍ പുസ്‌തകമെഴുതിയ കൂട്ടത്തിലുള്ളയാളല്ല. അദ്ദേഹം അദ്ധ്യാപക പരിശീലനത്തിനുപോകുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. ജോസഫിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹമെഴുതിയ ചോദ്യപേപ്പറാണ് ജീവന് ഭീഷണിയായത്.

വാസ്‌തവത്തില്‍ ഈ ചോദ്യപേപ്പറിനുനേരെ ഉയര്‍ന്ന ആരോപണം ഉന്നയിക്കേണ്ടിയിരുന്നത് തിരക്കഥാകൃത്തായ പി ടി കുഞ്ഞുമുഹമ്മദിനുനേരെയായിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥയിലെ ഒരു ഭാഗം ഉദ്ധരിക്കുക മാത്രമാണ് ജോസഫ് ചെയ്‌തത്.

ഇവിടെയും ചോദ്യം വായിച്ച് ഉത്തരമെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരപകടവും തോന്നിയില്ല. ചോദ്യപേപ്പര്‍ കൈമറിഞ്ഞ് തീവ്രവാദികളുടെ കയ്യിലെത്തിയപ്പോഴാണ് അത് ആക്രമണ ഹേതുവായത്. ഉടന്‍തന്നെ തീവ്രവാദികള്‍ പ്രകടനം നടത്തുന്നു; അദ്ധ്യാപകന്‍ പ്രാണരക്ഷാർത്ഥം ഒളിവില്‍ പോകുന്നു; ഒരു ഭീകരനെയെന്നവണ്ണം പൊലീസദ്ദേഹത്തെ തിരയുന്നു; കുടുംബാംഗങ്ങള്‍ പീഡിപ്പിക്കപ്പെടുമെന്നതിനാല്‍ അദ്ദേഹം പൊലീസിനുകീഴടങ്ങുന്നു. കോളേജധികൃതര്‍ സസ്‌പെന്‍ഡുചെയ്‌താലും, സര്‍വ്വകലാശാല ശിക്ഷാ നടപടികള്‍ സ്വീകരിച്ചാലും തങ്ങള്‍ക്കത് മതിയാവില്ലെന്നും തങ്ങള്‍ നിശ്ചയിച്ച ശിക്ഷതന്നെ നല്‍കണമെന്നുമാണ് തീവ്രവാദികള്‍ തീരുമാനിച്ചത്. അതായത് ഭരണകൂടവ്യവസ്ഥയെ തങ്ങള്‍ അംഗീകരിക്കുന്നില്ല; മത കോടതി വ്യവസ്ഥയാണ് നിലനില്‍ക്കേണ്ടത് എന്നതാണ് അവരുടെ നിലപാട്. അതാണവര്‍ നടപ്പാക്കിയത്. അതുകൊണ്ടാണ് മതവിശ്വാസിയായ ജോസഫിനെ ആരാധനകഴിഞ്ഞ് മടങ്ങിവരുന്ന വഴിയില്‍വച്ച് കരഛേദത്തിനിരയാക്കിയത്.

ഈ മത തീവ്രവാദികളുടെ നിലപാടില്‍നിന്ന് ഒട്ടും ഭിന്നമല്ല ജോസഫിന്റെ നിയമനാധികാരിയായ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട്. അവര്‍ ജോസഫിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന സര്‍ക്കാരില്‍നിന്നും ശമ്പളംപറ്റുന്ന ഒരു ജീവനക്കാരനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെങ്കില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കണമെന്നുണ്ട്. അതൊന്നും പാലിക്കാതെ സര്‍വ്വകലാശാലയേയും സര്‍ക്കാരിനേയും വെല്ലുവിളിക്കുകയാണിവിടെ ചെയ്‌തിട്ടുള്ളത്. മാനേജ്‌മെന്റിന്റെ ഈ പ്രവൃത്തിക്കടിസ്ഥാനം മത കോടതിയുടെ തീരുമാനംതന്നെ. അവരും ഇസ്ളാമിക തീവ്രവാദികളുടെ മനോഭാവംകൊണ്ടു നടക്കുന്നവരാണ്.

സ്വതന്ത്ര ചിന്തയേയും വിമര്‍ശനബുദ്ധിയേയും എന്നും മതാന്ധര്‍ എതിര്‍ത്തിട്ടുണ്ട്. കോപ്പര്‍നിക്കസിന് മര്‍ദ്ദനമേറ്റതും, ഗലീലിയോയെ ശിക്ഷിച്ചതും, ബ്രൂണോയുടെ കണ്ണുകുത്തിപ്പൊട്ടിച്ചതും, ജോണ്‍ഹസ്സിനെ ചുട്ടുകൊന്നതും മതാന്ധരായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും യുക്തിചിന്തയ്‌ക്കും ശാസ്‌ത്രീയവീക്ഷണത്തിനും ശാസ്‌ത്രപുരോഗതിക്കും തടസ്സമുണ്ടായില്ല. പക്ഷേ മതാന്ധര്‍ക്ക് എന്നും പുതുവിജ്ഞാനത്തെ ഭയമാണ്. തങ്ങളുടെ വിശ്വാസത്തിന്റെ അടിത്തറ തകര്‍ന്നുപോകുമോ എന്ന ഭയം. വിശ്വാസമാകുന്ന പാറമേലാണ് പ്രസ്ഥാനങ്ങള്‍ ഉയരുന്നത്. ആ വിശ്വാസത്തിന് വിള്ളലേറ്റാല്‍ പ്രസ്ഥാനം തകര്‍ന്നുവീഴും. പ്രസ്ഥാനം പ്രദാനംചെയ്യുന്ന ഭൌതിക സൌകര്യങ്ങളും സമ്പത്തും നഷ്‌ടമാകും. അതു നഷ്‌ടപ്പെടുത്താന്‍ ഒരു പ്രസ്ഥാനക്കാരനും തയ്യാറല്ല.

അദ്ധ്യാപകന്റെ ആശയാവിഷ്‌കാര സ്വാതന്ത്ര്യമാണ് കരഛേദക്രിയയിലൂടെ ഗളഛേദം ചെയ്യപ്പെട്ടത്. ശിക്ഷയുടെ മന:ശാസ്‌ത്രം ഭയമാണ്. ശിക്ഷ പരസ്യമായി നല്‍കണമെന്നുപറയുന്നത് അതുകൊണ്ടാണ്. കണ്ടുനില്‍ക്കുന്നവര്‍ക്കും അതേപ്പറ്റി കേള്‍ക്കുന്നവര്‍ക്കും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഭയമുണ്ടാകണം. ഒരു സമൂഹത്തെ ഭയപ്പെടുത്തി നിറുത്തുകയെന്നതാണ് ലക്ഷ്യം. ഇനി ഒരദ്ധ്യാപകനും ഇത്തരത്തില്‍ ചോദ്യപേപ്പര്‍ ഉണ്ടാക്കരുത്. ചോദ്യമെഴുതുമ്പോള്‍ കൈപ്പത്തിയെക്കുറിച്ച് ഓര്‍മ്മവരും. ഒരദ്ധ്യാപകനും ക്ളാസുമുറിയില്‍ വിദ്യാര്‍ത്ഥികളെ സ്വതന്ത്രമായി ചിന്തിക്കാനും ചോദ്യംചെയ്യാനും പ്രേരിപ്പിക്കരുത്. ആ പ്രവൃത്തി നാക്കുകൊണ്ടാണ് ചെയ്യുന്നതെങ്കില്‍ അയാളുടെ നാക്ക് ഛേദിച്ചുകളയും. നാക്കിനെ സ്നേഹിക്കുന്നവര്‍ നിശ്ശബ്‌ദരാവുകയും നാക്കിതിനെ ഭയക്കുന്നവര്‍ അത് ഛേദിച്ചുകളയുകയും ചെയ്യും. ഭയപ്പെടുത്തി നിശ്ശബ്‌ദരാക്കുക എന്ന ഫാസിസ്‌റ്റ് തന്ത്രംതന്നെയാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്.

ഇവിടെയാണ് കേരളം ലജ്ജിക്കേണ്ടത്. 'ഭയകൌടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്നുപറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള ഇന്നായിരുന്നെങ്കില്‍ ഇതു പറയുമായിരുന്നോ? 'ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട മനുഷ്യന് ' എന്നുപറഞ്ഞ സഹോദരന്‍ അയ്യപ്പന്റെ എന്തവയവമായിരുന്നു ഛേദിക്കപ്പെടുമായിരുന്നത് ? നിര്‍മാല്യമെന്ന ചലച്ചിത്രത്തിനു തിരക്കഥയെഴുതിയ എംടിയുടെ വലതുകയ്യും വെളിച്ചപ്പാടിന്റെ വാളുകൊണ്ട് വെട്ടിക്കീറിയ തലയില്‍നിന്ന് ഒലിച്ച് വായിലിറങ്ങിയ ചോര വിഗ്രഹത്തിനുമേല്‍ നീട്ടിത്തുപ്പുന്ന നടന്‍ പി ജെ ആന്റണിയുടെ തലയും ഇന്നായിരുന്നെങ്കില്‍ കൊയ്‌തെടുക്കുമായിരുന്നു. അമ്പലങ്ങള്‍ക്കു തീകൊടുക്കാന്‍ വി ടിയും മനുസ്‌മൃതി കത്തിക്കാന്‍ ഗൌരിയമ്മയും പറയുമായിരുന്നില്ല.

നിലവിലിരുന്ന വ്യവസ്ഥയെ വെല്ലുവിളിച്ച് ക്രൂശിതനായതാണ് യേശു. മൃഗതുല്യമായ ജീവിതം നയിച്ചിരുന്ന ഗോത്രവര്‍ഗക്കാരുടെ ആരാധനാ വിഗ്രഹങ്ങളെ തച്ചുടയ്‌ക്കാന്‍ നേതൃത്വം കൊടുത്തയാളാണ് പ്രവാചകനായ മുഹമ്മദ്. പ്രാണ ഭയംകൊണ്ട് അദ്ദേഹത്തിന് നാടുവിട്ടോടേണ്ടതായി വന്നു. എല്ലാവര്‍ഷവും അതിന്റെ ഓര്‍മ്മപുതുക്കുന്നവര്‍ ചരിത്രം മറന്നുപോകുന്നു. നിര്‍ഭയരായിരിക്കാന്‍ അനുയായികളെ ഉപദേശിച്ച ഈ രണ്ടുപേരുടെയും അനുയായികള്‍ വിശ്വാസികളിലും അവിശ്വാസികളിലും ഒരുപോലെ ഭയംവിതയ്‌ക്കുകയാണ്. കേരളം ഈ ഭയത്തിനുകീഴ്പ്പെടുന്നു എന്നതാണ് ആകുലതയുണ്ടാക്കുന്നത്.

കേരളത്തില്‍ ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ആധിപത്യമുറപ്പിച്ചിട്ടുള്ള മദ്ധ്യവര്‍ഗ്ഗമാണ് ഈ ഭയത്തിന് കീഴ്പ്പെടുന്നത്. ഭരണത്തിലും മാധ്യമങ്ങളിലും രാഷ്‌ട്രീയപാര്‍ട്ടികളിലും ഉദ്യോഗസ്ഥരിലും കച്ചവടക്കാരിലുമെല്ലാമായി നിറഞ്ഞുനില്‍ക്കുന്നതാണ് ഈ വര്‍ഗ്ഗം. കര്‍ഷകര്‍, തൊഴിലാളികള്‍, മറ്റ് നിസ്വവര്‍ഗം എന്നിവരില്‍നിന്നും ഉയര്‍ന്നുവരികയും ഭൂതകാലത്തിന്റെ വേരറുത്തുകളയുകയും ചെയ്‌ത് അപ്പൂപ്പന്‍താടികളായിപ്പോയിട്ടുള്ള ഇക്കൂട്ടരുടെ ഭയവിഹ്വലതകളാണ് ഇന്ന് പൊലിപ്പിച്ച് കാണിക്കപ്പെടുന്നത്. ഇവരുടെ മനോവിഭ്രാന്തിയാണ് ആള്‍ദൈവങ്ങളിലഭയം പ്രാപിക്കുന്നത്. ഇവരാണ് കേരളത്തിനപമാനമുണ്ടാക്കുന്നത്.

ഈ അപമാനത്തിനറുതിവരുത്തേണ്ടത് ആവശ്യമാണ്. ഭയന്നുപോയവന് ധൈര്യംപകരാന്‍ പ്രയാസമാണ്. കാരണം ഭയം ഒരു മാനസികാവസ്ഥയാണ്. ഭയമില്ലാത്ത ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ് ഏക പോംവഴി. ദൈവവും ചെകുത്താനുമല്ല ശിക്ഷിക്കുന്നത്, അവരുടെ പേരില്‍ വെളിച്ചപ്പാടുകളാണ് ശിക്ഷ നടപ്പാക്കുന്നത് എന്ന തിരിച്ചറിവാണ് യുവാക്കളില്‍ ഉണ്ടാകേണ്ടത്. ഈ തിരിച്ചറിവ് പാകിമുളപ്പിച്ച് വളര്‍ത്തിയെടുക്കേണ്ട ഞാറ്റടികളാണ് വിദ്യാലയങ്ങള്‍. അവിടെ മതാധിപത്യം ജനാധിപത്യത്തിന് വഴിമാറണം.

വിദ്യാലയങ്ങളില്‍ മതബോധനം നടത്തിയിരുന്നതിനേയും പ്രാര്‍ത്ഥനയേയും പണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിലും അത് വേണ്ടതാണ്. വിശ്വാസം തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. അത് ഭരണത്തിലിടപെടാന്‍ പാടില്ല. എയിഡഡ് സ്‌കൂളുകളിലേയും കോളേജുകളിലേയും അദ്ധ്യാപകര്‍ക്ക് ശമ്പളംകൊടുക്കുന്നത് സര്‍ക്കാരാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും ഗ്രന്ഥശാലയില്‍ പുസ്‌തകംവാങ്ങാനും, പരീക്ഷണശാലയില്‍ രാസവസ്‌തുക്കള്‍ വാങ്ങാനും ധനസഹായം ചെയ്യുന്നുണ്ട്. കുട്ടികളുടെ എണ്ണംനോക്കിയാണ് ധനസഹായത്തിന്റെ തോത് നിര്‍ണയിക്കുന്നത്. അത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ മാനേജര്‍ക്കോ, മാനേജരെ നിയന്ത്രിക്കുന്ന മതസ്ഥാപനത്തിനോ അധികാരമില്ല. കാരണം അവരെല്ലാം ഇന്ത്യന്‍ ഭരണവ്യവസ്ഥയ്‌ക്കുതാഴെയാണ് നില്‍ക്കുന്നത്. ന്യൂനപക്ഷാവകാശമെന്നത് ഭരണകൂടത്തെ വെല്ലുവിളിക്കാനുള്ളതല്ല.

പ്രൊഫ. എം പി പോളിനേയും മറ്റു പലരേയും പണ്ട് മാനേജര്‍മാര്‍ പിരിച്ചുവിട്ടത് അവ അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആയിരുന്നു എന്നതുകൊണ്ടാണ്. ഗ്രാന്റ് ഇന്‍ എയിഡ് വ്യവസ്ഥയില്‍ അദ്ധ്യാപകരുടെ നിയമനരീതി അന്ന് വ്യവസ്ഥചെയ്‌തിരുന്നില്ല. ഇന്നതല്ല സ്ഥിതി. ഭയപ്പെടുത്തുന്നവരും ഭയക്കുന്നവരും അതു മറക്കരുത്. ഓര്‍മ്മപ്പെടുത്തേണ്ടവര്‍ അത് നിരന്തരം ചെയ്‌തുകൊണ്ടിരിക്കുകയും വേണം.


*****

പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട് : ചിന്ത വാരിക 15-10-2010

3 comments:

വര്‍ക്കേഴ്സ് ഫോറം said...

വിദ്യാലയങ്ങളില്‍ മതബോധനം നടത്തിയിരുന്നതിനേയും പ്രാര്‍ത്ഥനയേയും പണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിലും അത് വേണ്ടതാണ്. വിശ്വാസം തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. അത് ഭരണത്തിലിടപെടാന്‍ പാടില്ല. എയിഡഡ് സ്‌കൂളുകളിലേയും കോളേജുകളിലേയും അദ്ധ്യാപകര്‍ക്ക് ശമ്പളംകൊടുക്കുന്നത് സര്‍ക്കാരാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കും ഗ്രന്ഥശാലയില്‍ പുസ്‌തകംവാങ്ങാനും, പരീക്ഷണശാലയില്‍ രാസവസ്‌തുക്കള്‍ വാങ്ങാനും ധനസഹായം ചെയ്യുന്നുണ്ട്. കുട്ടികളുടെ എണ്ണംനോക്കിയാണ് ധനസഹായത്തിന്റെ തോത് നിര്‍ണയിക്കുന്നത്. അത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ മാനേജര്‍ക്കോ, മാനേജരെ നിയന്ത്രിക്കുന്ന മതസ്ഥാപനത്തിനോ അധികാരമില്ല. കാരണം അവരെല്ലാം ഇന്ത്യന്‍ ഭരണവ്യവസ്ഥയ്‌ക്കുതാഴെയാണ് നില്‍ക്കുന്നത്. ന്യൂനപക്ഷാവകാശമെന്നത് ഭരണകൂടത്തെ വെല്ലുവിളിക്കാനുള്ളതല്ല.

പ്രൊഫ. എം പി പോളിനേയും മറ്റു പലരേയും പണ്ട് മാനേജര്‍മാര്‍ പിരിച്ചുവിട്ടത് അവ അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആയിരുന്നു എന്നതുകൊണ്ടാണ്. ഗ്രാന്റ് ഇന്‍ എയിഡ് വ്യവസ്ഥയില്‍ അദ്ധ്യാപകരുടെ നിയമനരീതി അന്ന് വ്യവസ്ഥചെയ്‌തിരുന്നില്ല. ഇന്നതല്ല സ്ഥിതി. ഭയപ്പെടുത്തുന്നവരും ഭയക്കുന്നവരും അതു മറക്കരുത്. ഓര്‍മ്മപ്പെടുത്തേണ്ടവര്‍ അത് നിരന്തരം ചെയ്‌തുകൊണ്ടിരിക്കുകയും വേണം.

Nasiyansan said...

പ്രൊഫ. എം പി പോളിനേയും മറ്റു പലരേയും പണ്ട് മാനേജര്‍മാര്‍ പിരിച്ചുവിട്ടത് അവ അണ്‍ എയിഡഡ് സ്ഥാപനങ്ങള്‍ ആയിരുന്നു എന്നതുകൊണ്ടാണ്. ഗ്രാന്റ് ഇന്‍ എയിഡ് വ്യവസ്ഥയില്‍ അദ്ധ്യാപകരുടെ നിയമനരീതി അന്ന് വ്യവസ്ഥചെയ്‌തിരുന്നില്ല. ഇന്നതല്ല സ്ഥിതി.

ന്യനപക്ഷ സ്ഥാപങ്ങളില്‍ മാനേജുമെന്റിന് അന്വെഷണ വിധേയമായി അധ്യാപാകനെ പിരിച്ചു വിടാം ..അത് ഭരണഖ്ടന അനുസ്രിതമാണ് ...ആങ്ങനെയാണ് അച്ചടക്കം ഇല്ലാത്തതിന്റെ പേരില്‍ പോളിനെ പിരിച്ചു വിട്ടത് ....ഇപ്പോഴും ഈ നിയമത്തിനു മാറ്റമൊന്നുമില്ല

മത തീവ്രവാദികള്‍ അധ്യാപകന്റെ കൈ വെട്ടിയതും രാക്ഷ്ട്രീയ തീവ്രവാദികള്‍ അധ്യാപകനെ ക്ലാസ്സില്‍ കയറി വെട്ടിക്കൊന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല .... കാലിക്കറ്റ് സര്‍വകലാശാലയില്‍ പാര്‍ട്ടിക്ക് അനഭിമതരായ അധ്യാപകരെയെല്ലാം കൂട്ടത്തോടെ പിരിച്ചു വിട്ടപ്പോള്‍ മിണ്ടാതിരുന്നവര്‍ വര്‍ഗീയലഹലക്ക് വെടിമാരുന്നിടുന്ന മടയന്മാരെ ചുമന്നുകൊണ്ടു നടക്കുന്നത് കാണുമ്പോള്‍ കൌതുകം തോന്നുന്നു ...ഇവിടെയാണ് കേരളം ലജ്ജിക്കേണ്ടത്. 'ഭയകൌടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' ...

N.J Joju said...

"വിദ്യാലയങ്ങളില്‍ മതബോധനം നടത്തിയിരുന്നതിനേയും പ്രാര്‍ത്ഥനയേയും പണ്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മതനിരപേക്ഷ രാഷ്‌ട്രമായ ഇന്ത്യയിലും അത് വേണ്ടതാണ്."

ഇന്ത്യന്‍ ഭരണ ഘടന

വകുപ്പ് 28: വിദ്യാലയങ്ങളിലെ മതബോധനങ്ങളിലും മതപരമായ അനുഷ്ടാനങ്ങളിലും പങ്കെടുക്കുന്നതിനുള്ള അവകാശം
1) സംസ്ഥാന സര്ക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവര്ത്തിയ്ക്കുന്ന സ്ഥാപനങ്ങളില് മതബോധനം നടത്താന് പാടുള്ളതല്ല
2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തില്‍ പറഞ്ഞിട്ടൂള്ളതൊന്നും സംസ്ഥാനം നടത്തുന്നതും മതബോധം അവശ്യമായിട്ടൂള്ള ഏതെങ്കിലും സമതി സ്ഥാപിച്ചിട്ടൂള്ളതും ആയ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.