Sunday, October 17, 2010

പത്രപ്രവര്‍ത്തനം: കഥയും കാര്യവും

പത്രപ്രവര്‍ത്തകരുടെ സമ്പാദ്യമെന്താണ്? കുറേ വ്യത്യസ്ത അനുഭവങ്ങള്‍. മറ്റൊരു മേഖലയ്ക്കും അവകാശപ്പെടാനാവാത്തവ. സിനിമാനടന് പ്രധാനമന്ത്രിമുതല്‍ തെണ്ടിവരെയാകാം. പത്രപ്രവര്‍ത്തകന് പ്രധാനമന്ത്രിയുമായും തെണ്ടിയുമായും സംവദിക്കാം, എഴുതാം.

തൊഴില്‍സംഘര്‍ഷം എല്ലാ മേഖലയിലും ഉണ്ടെങ്കിലും പത്രപ്രവര്‍ത്തനത്തില്‍ വ്യത്യസ്തമാണ്. നന്ദിയില്ലാത്ത പണി, സര്‍ഗാത്മകതയുടെ ശവപ്പറമ്പ് എന്നെല്ലാമാണ് വിശേഷണം. ഇതിനിടയില്‍ 'വിറ്റുപോകുക' എന്നത് കൂടിക്കൂടി വരികയാണ്. അതിലും പഴി എഡിറ്റോറിയലിന്. വിതുര ബേബി എഴുതിയ 'കിന്നാരങ്ങളും പുന്നാരങ്ങളും' നിരൂപിക്കാന്‍ പ്രാപ്തനാണോ എന്ന ശങ്കയുണ്ട്. കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളില്‍ പ്രചാരണരംഗത്ത് വിപ്ളവം സൃഷ്ടിച്ച കാമ്പിശേരി കരുണാകരനെക്കുറിച്ചാണ് പുസ്തകത്തില്‍ കൂടുതലും എന്നതാണ് ശങ്കയുടെ കാരണം. 'നര്‍മരേണുക്കള്‍' എന്ന് പുസ്തകത്തലക്കെട്ടിന് ബ്രാക്കറ്റ് ചേര്‍ത്തിരിക്കുന്നു. നര്‍മമാണ്, കറുത്ത നര്‍മം. പത്രപ്രവര്‍ത്തകന്‍ അനുഭവിക്കുന്ന കറുത്ത ഹാസ്യം.

'കാലം പുളകമായി സ്വീകരിച്ച പ്രതിഭാശാലികളും സാഹസികരുമായ പത്രാധിപന്മാരുടെ നിര പറ്റെ പോയിക്കഴിഞ്ഞു. എങ്കിലും അവരുടെ പ്രതിഭാവിലാസങ്ങള്‍ ജനത സ്വാഭിമാനം ഓര്‍ക്കുന്നു. അക്കൂട്ടത്തില്‍ അഗ്രഗണ്യനായ പത്രാധിപശ്രേഷ്ഠനായിരുന്നു കാമ്പിശേരി. പന്തീരാണ്ടുകാലം ഒപ്പം പ്രവൃത്തിച്ച് ആ വൈഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സഹപ്രവര്‍ത്തകന്റെ മനസ്സില്‍ തിളങ്ങിനില്‍ക്കുന്ന ഓര്‍മകള്‍ ചുവടെ എന്ന ആമുഖത്തോടെയാണ് തുടക്കം.

'വിഡ്ഢികളും സ്വാര്‍ഥരും നിറഞ്ഞ ലോകത്ത് ജീവിക്കാന്‍ തരികിടയും തട്ടിപ്പും ആവശ്യമാണെന്ന് ആത്മാര്‍ഥമായി വിശ്വസിച്ച അളിയന്മാരാണ് കൂനന്തറ പരമുവും പൂനാ കേശവനും. കൊഞ്ചുമാതിരി ചുരുണ്ടുറങ്ങിയാല്‍ തങ്ങളെ ആരും അറിയില്ല. അല്‍പ്പസ്വല്‍പ്പം ഉറങ്ങിയാല്‍ കൂര്‍ക്കംവലികൊണ്ട് ശ്രദ്ധയാകര്‍ഷിച്ചുകൊള്ളണം. തള്ളയെ തല്ലിയിട്ടായാലും ചട്ടിയും കലവും പൊട്ടിച്ചായാലും പ്രസിദ്ധരാവണം. ആ ലക്ഷ്യം നിറവേറ്റാന്‍ സ്വീകരിച്ച മാര്‍ഗമായിരുന്നു പത്രത്തിലെ പരസ്യം. എന്റെ വകയും മുകള്‍ഭാഗത്ത് ഇംഗ്ളീഷില്‍ പേരെഴുതിയതും ചാരനിറത്തിലുമുള്ള മണിപ്പേഴ്സ് കുത്തിയതോടിനും കരുവാറ്റയ്ക്കും മധ്യേ കൈമോശം വന്നിരിക്കുന്നു. 3565 രൂപയും അമ്പതു പൈസയും 216 രൂപയുടെ കരംരസീതും ബസ് ടിക്കറ്റുമുണ്ട്. വിവരമറിയിച്ചാല്‍ പ്രതിഫലം നല്‍കും. ചുവടെ കൂനന്തറ പരമുവിന്റെ വിശദവിലാസവും. സ്വന്തം പഞ്ചായത്തിന്റെ നാലതിര്‍വിട്ട് കൂനന്തറ മറ്റെങ്ങും പോയിട്ടില്ല എന്നത് പരസ്യം വായിക്കുന്നവര്‍ ചിന്തിക്കേണ്ടല്ലോ. പോരെങ്കില്‍ നാല് നൂറിന്റെ നോട്ടുകള്‍ അയാള്‍ തികച്ച് കണ്ടിട്ടുപോലുമില്ല.

പത്രാധിപര്‍വശം കടന്നുപോകുന്ന വാര്‍ത്തയെയും കളിയാക്കിയിട്ടുണ്ട്. പൂനാ കേശവന്‍ രണ്ടുതവണ പട്ടാളത്തില്‍ ചേര്‍ന്നു. ആദ്യം ഒളിച്ചോടി. രണ്ടാംതവണ പേരും വിലാസവും മാറ്റിയാണ് സൈനികനായത്. അടിപിടിക്കേസിനെത്തുടര്‍ന്ന് വീണ്ടും പിരിച്ചുവിട്ടു. സൈനികമേധാവികളുടെ നടപടികളില്‍ പ്രതിഷേധിച്ച് രാജിവച്ചുവെന്നാണ് പറഞ്ഞുവന്നത്. അക്കാര്യം വാര്‍ത്തയാക്കി എല്ലാ പത്രങ്ങള്‍ക്കും എഴുതിയയച്ചു. ഒന്നിലും വന്നില്ല. പകരംവീട്ടാന്‍ പൂന പണിപറ്റിച്ചു. കോളേജ് വിദ്യാര്‍ഥിയായ ബാലചന്ദ്രനെക്കൊണ്ട് വാര്‍ത്ത എഴുതിച്ചു. അക്ഷരവടിവിലെഴുതിയ അതിന്റെ കാര്‍ബണ്‍കോപ്പി പത്രങ്ങള്‍ക്ക് പോസ്റ്റ്ചെയ്തു. മൂന്നാംദിവസം അത് ഒന്നാം പേജില്‍. ചിലര്‍ മൂന്നുകോളം തലക്കെട്ടില്‍. ചിലര്‍ ബോക്സിലിട്ടു. തലക്കെട്ടും വാര്‍ത്തയും ഇങ്ങനെ:

"രണ്ടു മൂര്‍ഖന്‍ പാമ്പുകളും ഒരു മനുഷ്യനും തമ്മില്‍ ഒരുമണിക്കൂര്‍ യുദ്ധം''

പുത്തന്‍തെരുവ്, ആഗ: 15

സ്ഥലത്തെ പുരാതന കുടുംബാംഗവും ഇന്ത്യന്‍സേനയില്‍നിന്ന് പിരിഞ്ഞുപോന്ന് സ്വദേശത്ത് വിശ്രമിക്കുന്ന പൊതുകാര്യ പ്രസക്തനുമായ കൊട്ടാട്ടുകുഴിയില്‍ കെ എം കേശവന്‍ ഇന്നലെ രാവിലെ സ്വവസതിക്കു പുറകിലെ കുറ്റിക്കാട്ടില്‍ ഇണചേര്‍ന്ന് കിടക്കുന്ന നാലരയടി നീളവും ഒത്തവണ്ണവുമുള്ള മൂര്‍ഖന്‍ പാമ്പുകളുമായി ഏറ്റുമുട്ടുകയുണ്ടായി. നിരായുധനായി പാമ്പുകളുടെ വാലില്‍ കടന്നുപിടിച്ചും നിലത്തടിച്ചും ഒരുമണിക്കൂറോളം ഉഗ്രസമരം. കൊന്നിട്ട സര്‍പ്പങ്ങളെ കാണാന്‍ നാട്ടുകാര്‍ അഹമഹമികയാ വന്നുകൊണ്ടിരുന്നു. അവിവാഹിതനും 40 വയസ്സുകാരനുമായ പൂനാ കേശവന്‍ (നാട്ടുകാരുടെ വിളി) നിരപായം സുഖമായി ഇരിക്കുന്നു.

മാധ്യമ സിന്‍ഡിക്കറ്റിന്റെ ആദ്യ രൂപമാണ് കാമ്പിശേരിവഴി വിതുര ബേബി അവതരിപ്പിക്കുന്നത്. അത് എങ്ങനെ കബളിപ്പിക്കുന്നു എന്ന് ഇതില്‍ വ്യക്തം. നിരവധി പത്രങ്ങള്‍ ഒരേ രീതിയില്‍ കൊടുക്കുന്ന വാര്‍ത്തകളില്‍ ഒരു 'സിന്‍ഡിക്കറ്റ് ചതി' ഉണ്ടാവാം. അന്നങ്ങനെ ഇന്നിങ്ങനെ.

കാമ്പിശേരിയാണ് മുഖംമൂടിയണിഞ്ഞ് കൂനന്തറ പരമുവായി കലാശം ചവിട്ടുന്നതെന്ന് തോപ്പില്‍ഭാസി ഒരിക്കല്‍ പറഞ്ഞു. ഭാസിയാണ് പൂനാ കേശവനെന്ന് തറപ്പിച്ചുപറയാന്‍ കാമ്പിശേരിയും മടികാട്ടിയില്ല.

കാമ്പിശേരിയെ കൂടാതെ തോപ്പില്‍ഭാസി, തെങ്ങമം, വൈക്കം ചന്ദ്രശേഖരന്‍നായര്‍, പത്മരാജന്‍, പ്രേംനസീര്‍, വി കെ എന്‍ തുടങ്ങി വലിയനിര ഈ പുസ്തകത്തില്‍ കയറിയിറങ്ങുന്നുണ്ട്.

എഴുത്തുകാരനും പത്രാധിപരും തമ്മിലുള്ള വൈരുധ്യം എടുത്തുകാട്ടുന്ന ഭാഗം ഇങ്ങനെ: ഒരുദിവസം ഉച്ച. കൂനമ്പായിക്കുളങ്ങരനിന്ന് എസ് ബി കൂവപ്ളാങ്ങര എന്ന നോവലിസ്റ്റ് വന്നു പരാതിയുമായി. ഗേറ്റില്‍വച്ചേ കറുത്ത കണ്ണടയൂരി വാച്ചറോട് ഗര്‍ജിച്ചു. "കാമ്പിശേരി കരുണാകരന്‍ ഉണ്ടോ? നിങ്ങളുടെ ചീഫ് എഡിറ്റര്‍, അയാളെ കാണണം.''

കാമ്പിശേരി ധൃതിപിടിച്ചെഴുതുന്നു. കൂവപ്ളാങ്ങരയുടെ പരാക്രമം ശ്രദ്ധിച്ചില്ല. നോവലിസ്റ്റ് തെല്ലു നിന്നിട്ടും ചീഫ് എഡിറ്റര്‍ അനങ്ങുന്നില്ല. 'സഹ'നായ ബേബിയോടായി ഗര്‍ജനം. 'മിസ്റ്റര്‍, എന്തായിത്? അഞ്ചാറുമാസം മുമ്പ് ജനയുഗം വാരികയില്‍ ചേര്‍ക്കാന്‍ പരമരസികന്‍ നോവലയച്ചു. രജിസ്ട്രേഡ് പോസ്റ്റില്‍. പ്രസിദ്ധീകരണവിവരം ആരാഞ്ഞ് പതിനൊന്നു കത്തും. മറുപടി ഇല്ലെന്നതോ പോകട്ടെ. തിരിച്ചയക്കാന്‍വച്ച ഇരുപത്തഞ്ചുരൂപയുടെ സ്റ്റാമ്പും വിഴുങ്ങി. എന്ത് മര്യാദ.

കാമ്പിശേരി അനങ്ങുന്നില്ല. എഴുത്തുതന്നെ. കാമ്പിശേരിയോടുതന്നെയായി ഗര്‍ജനം. "നിങ്ങളല്ലേ കാമ്പിശേരി? മൈന്‍ഡ് ചെയ്യാത്തതെന്തേ? പാവപ്പെട്ടവരുടെ അഞ്ചും പത്തും രൂപ തെണ്ടിപ്പെറുക്കി ഉണ്ടാക്കിയ സ്ഥാപനമല്ലേ. ഞാനും തലച്ചുമടായി പത്രം കൊണ്ടുനടന്ന് വിറ്റവനാ.'' സ്വത്വത്തില്‍ തൊട്ടപ്പോള്‍ കാമ്പിശേരി എഴുത്തുനിര്‍ത്തി. ഭാവഭേദം കാട്ടാതെ പറഞ്ഞു:

അനിയന്‍ ഇരിക്ക്. പേരെന്തെന്നാ പറഞ്ഞത്?

എസ് ബി കൂവപ്ളാങ്ങര.

തന്തയും തള്ളയും ഇട്ട പേരെന്തെന്നാ?

ബാലകൃഷ്ണന്‍. എസ് ബാലകൃഷ്ണന്‍ കൂവപ്ളാങ്ങര എന്നത് ചുരുക്കി എസ് ബി കൂവപ്ളാങ്ങര ആക്കി.

'ശരി. കാര്യം'

"ഒന്നേ ഒമ്പതിന് 'പറങ്കിമലയില്‍ പാതിരാസൂര്യന്‍' എന്ന നോവല്‍ അയച്ചിരുന്നു. മുക്കം പാലമൂട് ലോക്കല്‍ സെക്രട്ടറി പി കെ പരശുരാമന്‍നായര്‍ വായിച്ചുനോക്കിയതാണ്. മാതൃഭൂമിക്ക് അയക്കാന്‍ പോയപ്പം സമ്മതിച്ചില്ല. പാര്‍ടി പ്രസിദ്ധീകരണത്തിന് കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. അഞ്ചര മാസമായില്ലേ. മറുപടി കിട്ടിയില്ലല്ലോ. വേദനയുണ്ട് സാര്‍''.

കാമ്പിശേരി ഓര്‍മയില്‍ പരതുന്നതുപോലെ. കൂവപ്ളാങ്ങര തുടരുന്നു. ഇപ്പോള്‍ ആ ശബ്ദത്തില്‍ പാരുഷ്യമില്ല.

"തൊഴിലാളിവര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരനാണ് ഞാന്‍. പാര്‍ടി പ്രോത്സാഹനം തരേണ്ടേ! ഒ ടി വണ്ടമ്മേടും കെ ടി ചങ്ങാലന്‍ പരണ്ടയും ഭൂതത്താന്‍കുഴി പാട്രിയാക്കീസും എഴുതിവിടുന്ന നോവലുകളേക്കാള്‍ എത്രയോ കേമമാ എന്റെ നോവല്‍''.

കാമ്പിശേരി: ശ്രദ്ധിക്കൂ. ഞങ്ങള്‍ ആരെയും അവഗണിക്കില്ല. കിട്ടുന്ന മാറ്റര്‍ പരിശോധിക്കാന്‍ തിരുവനന്തപുരത്ത് സമിതിയുണ്ട്. അവര്‍ തെരഞ്ഞെടുക്കും.

കൂവപ്ളാങ്ങര: പരിശോധിച്ചുകിട്ടുന്നവ എന്തുചെയ്യും?

കമ്പോസിറ്റേഴ്സ് പേജാക്കും.

എന്നിട്ട്?

പ്രിന്റര്‍മാര്‍ അച്ചടിക്കും.

അവരാണോ കെട്ടിഅയക്കുന്നതും?

അല്ല, ഡസ്പാച്ച് സെക്ഷന്‍.

കൂവപ്ളാങ്ങര ഒന്നുകൂടി നിവര്‍ന്നിരുന്നു. വിനീതനായി ചോദിച്ചു:

"സാര്‍. മറ്റൊന്നും വിചാരിക്കരുത്. അറിയാന്‍ ചോദിക്കുകയാ.''

ചോദിച്ചോളൂ.

"മാറ്റര്‍ പരിശോധന തിരുവനന്തപുരത്ത്. കമ്പോസ്ചെയ്യല്‍ ഇവിടെ. അച്ചടിക്കുന്നത് പ്രിന്റര്‍മാര്‍. കെട്ടി അയക്കാന്‍ വേറെ ജോലിക്കാരും. അപ്പഴേ ഈ കറങ്ങുന്ന ഫാനിന്റെ കീഴെ ഇരിക്കുന്ന നിങ്ങള്‍ക്കെന്താ പണി.''

കാമ്പിശേരിയുടെ മുഖത്ത് വളിപ്പന്‍ ചിരി. ബേബിയുടെ മുഖത്ത് മ്ളാനത. കൂവപ്ളാങ്ങരയ്ക്ക് വിജിഗീഷുവിന്റെ ജയഭാവം. വളിച്ച കുറേ നിമിഷം. കാമ്പിശേരി വിഷയം മാറ്റി. "നോവലിന്റെ പേരെന്താ?''

'പറങ്കിമലയിലെ പാതിരാസൂര്യന്‍'

'പരിശോധിച്ചു. വന്നുകാണും. നോക്കട്ടെ'

അലമാര പരതി. കടലാസ് കെട്ട് പുറത്തെടുത്ത് പറഞ്ഞു: നോവലാണ്. തെരഞ്ഞെടുത്തിട്ടില്ല'. കൂവപ്ളാങ്ങര നോവല്‍ ഏറ്റുവാങ്ങി. പേജുകള്‍ മറിച്ചു. മുഖത്ത് പരിഹാസച്ചിരി. നവരസങ്ങളും ചേര്‍ത്ത് പറഞ്ഞു:

'പരിശോധിച്ചുവെന്നല്ലേ പറഞ്ഞത്? ഇല്ല, പരിശോധിച്ചിട്ടില്ല.'

'നിങ്ങള്‍ക്കെങ്ങനെ അറിയാം?'

'നോക്കൂ സാര്‍, പത്തും പതിനൊന്നും മുപ്പത്തിനാലും മുപ്പത്തിഅഞ്ചും പേജുകള്‍ ഒട്ടിച്ചുവച്ചിരുന്നു. വായിക്കണമെങ്കില്‍ അവ വേര്‍പെടുത്തണ്ടേ? മറിച്ചുനോക്കുകപോലും ചെയ്തിട്ടില്ല.'

കാമ്പിശേരി വിളറിവെളുത്തു. അന്നുച്ചയ്ക്കുശേഷം ഓഫീസില്‍ വന്നതേയില്ല. കൂവപ്ളാങ്ങരയുടെ നോവല്‍ പിന്നീട് വെളിച്ചം കണ്ടോ എന്ന് ഗ്രന്ഥകാരന്‍ പറയുന്നില്ല.

എന്തായാലും 'കിന്നാരങ്ങളും പുന്നാരങ്ങളും' ചുരുങ്ങിയത് പത്രപ്രവര്‍ത്തകരെങ്കിലും വായിക്കണം. ഇത്തരം രസകരമായ കുറേ അനുഭവങ്ങളുണ്ട് അതില്‍.

ഗ്രന്ഥകാരന്‍ ജനയുഗം വിട്ട് കൊല്ലം നഗരത്തിലേക്കും വരുന്നുണ്ട്.

'എക്സ്പ്രസി'ലെ ഭാസ്കരപിള്ള പുതിയ എഡിറ്റര്‍ ശ്രീധരേട്ടന്‍ പിള്ളയ്ക്ക് ഉഗ്രശാസനം നല്‍കി. പണിയെടുത്തില്ലെങ്കില്‍ പണിപോകും. എക്സ്ക്ളൂസീവ് തന്നെയാകട്ടെ എന്ന് പിള്ളയും. രണ്ടുംകല്‍പ്പിച്ച് ഇറങ്ങി. തലേന്നുരാത്രി ഏറെ അഞ്ചുകല്ലുമ്മൂട് ഷാപ്പിലായിരുന്നു. എണീറ്റപ്പോള്‍ കെട്ട് വിട്ടിരുന്നില്ല. അതുകൊണ്ട് രാവിലെ കാക്കത്തുമുക്ക് ഷാപ്പില്‍. ഉശിരുകൂടി.

കേരളപുരം ബസില്‍ കച്ചേരിമുക്കിലിറങ്ങി. ചിന്നക്കടയ്ക്കു നടക്കാം. വിലാസിനിയുടെ ചെടി നേഴ്സറിക്ക് അടുത്തെത്തിയപ്പോള്‍ നിന്നു. ഒരുകൂട്ടം സ്ത്രീകളും കുട്ടികളും വൃദ്ധരും കൈയിലും കാലിലും തലയിലും മുറിവ് കെട്ടിവച്ചിരിക്കുന്നു. തമിഴ്നാട്ടില്‍നിന്ന് പുലര്‍ച്ച വണ്ടിക്ക് വന്ന യാചകര്‍. തൊട്ടടുത്ത പള്ളിയില്‍ വിശേഷപരിപാടി. പിള്ള ആലോചിച്ചു. തെണ്ടികളുടെ ദയനീയ കഥ ചോദിച്ചറിഞ്ഞ് ഫീച്ചര്‍ (ഫ്യൂച്ചര്‍) തയ്യാറാക്കാം. സുരേന്ദ്രനെ വിളിച്ച് ഫോട്ടോ എടുപ്പിക്കാം. രണ്ടുംകൂടി കിട്ടുമ്പോള്‍ ശ്രീധരേട്ടന്‍ ഞെട്ടും. പിള്ള അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി. ആലോചനയ്ക്കിടെ എഴുതാനുള്ള ആവേശം കിനിഞ്ഞുവന്നു. ചോദ്യത്തിനുള്ള തയ്യാറെടുപ്പോടെ ഒരു ബീഡിക്കുകൂടി തീകൊളുത്തി. അപ്പോള്‍ പച്ചപ്പെയിന്റടിച്ച മൂടിക്കെട്ടിയ വാന്‍ മുമ്പില്‍. മുനിസിപ്പാലിറ്റിയുടെ യാചകനിരോധന വാന്‍ ആണെന്ന് തിരിച്ചറിയാന്‍ ഒരുനിമിഷം വൈകി. വാന്‍ നിര്‍ത്തിയതും കാക്കിധാരികളായ നാലഞ്ചു മീശക്കൊമ്പന്മാര്‍ ചാടിയിറങ്ങിയതും ഒരുമിച്ച്. തെണ്ടിപ്പരിഷകളുടെ കൂട്ടത്തിലേക്ക് ഇരച്ചുകയറി. കൂട്ടനിലവിളിക്കിടയില്‍ രണ്ടും മൂന്നുപേരെ ഒരുമിച്ചു വലിച്ചുമുറുക്കി വാനിലുള്ളിലേക്ക്. പിള്ള പ്രതിഷേധിച്ചപ്പോള്‍ കൈയും കാലും കൂട്ടിപ്പിടിച്ചാണ് വലിച്ചെറിഞ്ഞത്...

രാത്രി എട്ടുമണിയോടെ ഈസ്റ്റ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കുമാരേശപിള്ള പ്രസ്ക്ളബ്ബില്‍ ഫോണ്‍ചെയ്ത് അറിയിച്ചു. "ഭാസ്കരപിള്ള മുണ്ടയ്ക്കല്‍ പൌണ്ട് കോളനിയിലെ യാചകനിരോധന ക്യാമ്പിലുണ്ട്. ആരെങ്കിലും വന്നാല്‍ എഴുതിവയ്പിച്ച് ജാമ്യത്തില്‍ വിടാം. ഇല്ലെങ്കില്‍ പുലര്‍ച്ചയ്ക്കുള്ള തീവണ്ടിയില്‍ നാടുകടത്തിയേക്കും....''

ഇത് കഥയല്ല, പച്ചയായ സത്യം. ഭാസ്കരപിള്ള മരിച്ചു. അദ്ദേഹത്തോടും വിതുര ബേബിയോടുമൊപ്പം പലേടത്തും ഈയുള്ളവന്‍ പോയിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്റെ അഖിലേന്ത്യാ സമ്മേളന യാത്രകളില്‍ പഞ്ചാബിലും കശ്മീരിലും ഗുജറാത്തിലും മറ്റും. മലയാള പത്രപ്രവര്‍ത്തനത്തിലെ (ഇന്ത്യയിലെയും) മഹാനിരകളെ കാണാന്‍കഴിഞ്ഞിട്ടുമുണ്ട്. പ്രധാനമന്ത്രിമാരോടും തെണ്ടികളോടും വാര്‍ത്ത ചോദിച്ചിട്ടുണ്ട്. എല്ലാം കിന്നാരങ്ങളും പുന്നാരങ്ങളും മാത്രം.

*
ടി കെ രമേഷ്‌ബാബു കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അക്കാര്യം വാര്‍ത്തയാക്കി എല്ലാ പത്രങ്ങള്‍ക്കും എഴുതിയയച്ചു. ഒന്നിലും വന്നില്ല. പകരംവീട്ടാന്‍ പൂന പണിപറ്റിച്ചു. കോളേജ് വിദ്യാര്‍ഥിയായ ബാലചന്ദ്രനെക്കൊണ്ട് വാര്‍ത്ത എഴുതിച്ചു. അക്ഷരവടിവിലെഴുതിയ അതിന്റെ കാര്‍ബണ്‍കോപ്പി പത്രങ്ങള്‍ക്ക് പോസ്റ്റ്ചെയ്തു. മൂന്നാംദിവസം അത് ഒന്നാം പേജില്‍. ചിലര്‍ മൂന്നുകോളം തലക്കെട്ടില്‍. ചിലര്‍ ബോക്സിലിട്ടു. തലക്കെട്ടും വാര്‍ത്തയും ഇങ്ങനെ:

"രണ്ടു മൂര്‍ഖന്‍ പാമ്പുകളും ഒരു മനുഷ്യനും തമ്മില്‍ ഒരുമണിക്കൂര്‍ യുദ്ധം''

പുത്തന്‍തെരുവ്, ആഗ: 15

സ്ഥലത്തെ പുരാതന കുടുംബാംഗവും ഇന്ത്യന്‍സേനയില്‍നിന്ന് പിരിഞ്ഞുപോന്ന് സ്വദേശത്ത് വിശ്രമിക്കുന്ന പൊതുകാര്യ പ്രസക്തനുമായ കൊട്ടാട്ടുകുഴിയില്‍ കെ എം കേശവന്‍ ഇന്നലെ രാവിലെ സ്വവസതിക്കു പുറകിലെ കുറ്റിക്കാട്ടില്‍ ഇണചേര്‍ന്ന് കിടക്കുന്ന നാലരയടി നീളവും ഒത്തവണ്ണവുമുള്ള മൂര്‍ഖന്‍ പാമ്പുകളുമായി ഏറ്റുമുട്ടുകയുണ്ടായി. നിരായുധനായി പാമ്പുകളുടെ വാലില്‍ കടന്നുപിടിച്ചും നിലത്തടിച്ചും ഒരുമണിക്കൂറോളം ഉഗ്രസമരം. കൊന്നിട്ട സര്‍പ്പങ്ങളെ കാണാന്‍ നാട്ടുകാര്‍ അഹമഹമികയാ വന്നുകൊണ്ടിരുന്നു. അവിവാഹിതനും 40 വയസ്സുകാരനുമായ പൂനാ കേശവന്‍ (നാട്ടുകാരുടെ വിളി) നിരപായം സുഖമായി ഇരിക്കുന്നു.

മാധ്യമ സിന്‍ഡിക്കറ്റിന്റെ ആദ്യ രൂപമാണ് കാമ്പിശേരിവഴി വിതുര ബേബി അവതരിപ്പിക്കുന്നത്. അത് എങ്ങനെ കബളിപ്പിക്കുന്നു എന്ന് ഇതില്‍ വ്യക്തം. നിരവധി പത്രങ്ങള്‍ ഒരേ രീതിയില്‍ കൊടുക്കുന്ന വാര്‍ത്തകളില്‍ ഒരു 'സിന്‍ഡിക്കറ്റ് ചതി' ഉണ്ടാവാം. അന്നങ്ങനെ ഇന്നിങ്ങനെ.